അലങ്കരിച്ച ക്രിസ്തുമസ്സ് മരത്തിനു കീഴിലെ വൈയ്ക്കോല്‍ മണമുള്ള പുല്‍ക്കൂട് നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത അടയാളമാണ്. 1223-ല്‍ ഗ്രേച്ചിയോ മലമുകളില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ഒരുക്കിയ പുല്‍ക്കൂട്ടില്‍ നിന്നാണ് ക്രൈസ്തവ ലോകം ഈ ഭക്തിപാരമ്പര്യത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഫ്രാന്‍സിസിന്‍റെ പുല്‍ക്കൂടിന് അല്പം കുഴപ്പംപിടിച്ച സഭാചരിത്ര പശ്ചാത്തലമുണ്ട്.
ആരാധനക്രമത്തില്‍ രക്ഷാകരചരിത്രത്തിന്‍റെ നാടകാവതരണങ്ങളെയൊക്കെ നിരോധിച്ചുകൊണ്ടുള്ള ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പ്പാപ്പയുടെ 1207-ലെ ഉത്തരവ് നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഫ്രാന്‍സിസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണത്തോടുകൂടിയ ആദ്യത്തെ പുല്‍ക്കൂട് ഒരുക്കിയത്. ഫ്രാന്‍സിസിന്‍റെ ജീവചരിത്രമെഴുതിയ സെലാനോയിലെ തോമസ് സഹോദരന്‍ വളരെ വിശദമായ രീതിയില്‍തന്നെ ആദ്യത്തെ പുല്‍ക്കൂടിനെക്കുറിച്ച് എഴുതുമ്പോള്‍, സഭാചരിത്രത്തിലെ നൂലാമാലകളെക്കുറിച്ച് നല്ല അവബോധമുള്ള വിശുദ്ധ ബെനവെഞ്ചര്‍ വളരെ കരുതലോടെയാണ് ആദ്യത്തെ പുല്‍ക്കൂടിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഒരുപക്ഷേ സഭയില്‍നിന്ന് പുറത്താക്കപ്പെടുക എന്ന ശിഷാനടപിടി വരെപോലും എത്തിപ്പെട്ടേക്കാവുന്ന ഈ "അനുസരണക്കേടിന്" മുന്‍പില്‍ കത്തോലിക്കാസഭ ഇളവുകള്‍ ചെയ്തുകൊടുക്കുന്നത് ഫ്രാന്‍സിസ് എന്ന വ്യക്തിയുടെ സംശയാതീതമായ ജീവിതവിശുദ്ധിയിലുള്ള വിശ്വാസം കൊണ്ടുമാത്രമായിരിക്കണം എന്നാണ് ഫ്രാന്‍സിസ്കന്‍ സഭാ ചരിത്രപണ്ഡിതന്‍മാര്‍ ഇന്ന് അഭിപ്രായപ്പെടുന്നത്.
ഫ്രാന്‍സിസിന്‍റെ ആദ്യത്തെ പുല്‍ക്കൂടിന് അനേകം കലാകാരന്മാര്‍ വിവിധങ്ങളായ ചിത്രഭാഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ കലാസൃഷ്ടികളിലൊന്നാണ് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊന്നായ ചിലിയിലെ പ്രശസ്തമായ ചിത്രകാരനും പിന്നീട് ബനഡിക്റ്റൈന്‍ സഭയില്‍ ചേര്‍ന്ന് സന്ന്യാസജീവിതം നയിക്കുകയും ചെയ്ത സുബര്‍ക്കാസോ എറാസൂറിസ് (Suberchaseaux Errazuriz) (1880-1956) വരച്ച, ഉണ്ണിയേശുവിനെ ആരാധിക്കുന്ന ഫ്രാന്‍സിസിന്‍റെയും, ഉണ്ണിയെ ഒരു നോക്കു കാണാന്‍ തിക്കിതിരക്കി നില്‍ക്കുന്ന പുരുഷാരത്തിന്‍റെയും ചിത്രം. ഒറ്റനോട്ടത്തില്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നത് ജനക്കൂട്ടത്തിന്‍റെ പ്രകാശമാനമായ മുഖങ്ങളാണ്. ഫ്രാന്‍സിസിന്‍റെ ആദ്യജീവചരിത്രത്തില്‍ വിവരിക്കുന്നതുപോലെ പുല്‍ക്കൂടനുഭവം സമ്മാനിച്ച "പുതിയ സന്തോഷത്തെ" ചിത്രകാരന്‍ വളരെ മനോഹരമായ ദൃശ്യാനുഭവമാക്കി പകര്‍ത്തിയതുപോലെ തോന്നുന്നു. ക്രിസ്തുമസ് നല്‍കുന്ന പുതിയ സന്തോഷത്തെക്കുറിച്ചുള്ള ധ്യാനത്തിന് ഈ ചിത്രം വളരെ സഹായകരമാകുമെന്നതില്‍ സംശയമില്ല.
ഫ്രാന്‍സിസിന്‍റെ പുല്‍ക്കൂടനുഭവത്തെ ആസ്പദമാക്കി 2011-ല്‍ ജോണ്‍ ഹൗളി (John Howley) എന്ന അമേരിക്കന്‍ ചിത്രകാരന്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയ, ഉണ്ണിയേശുവിനെ വാരിയെടുക്കുവാനായി തുറന്ന കരങ്ങളുമായി ഓടിയെത്തുന്ന ഫ്രാന്‍സിസിന്‍റെ ചിത്രം, ഈ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ഫ്രാന്‍സിസ്കന്‍ കാലാനുഭവങ്ങളില്‍ ഒന്നാണ്. വെളുത്തപ്രതലത്തില്‍ ഫ്രാന്‍സിസ്കന്‍ വര്‍ണ്ണങ്ങള്‍കൊണ്ട് രൂപപ്പെടുത്തിയ ഈ ചിത്രം ഫ്രാന്‍സിസ്കന്‍ ആദ്ധ്യാത്മികതയുമായുള്ള അദ്ദേഹത്തിന്‍റെ പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള ആത്മബന്ധത്തിന്‍റെ അടയാളം കൂടിയാണ്.
ആദ്യത്തെ പുല്‍ക്കൂടൊരുക്കാന്‍ വിശുദ്ധ ഫ്രാന്‍സിസിനെ പ്രേരിപ്പിച്ച "വിശുദ്ധമായ ആഗ്രഹ"ത്തെക്കുറിച്ചുള്ള ധ്യാനം കൂടിയാണ് ഈ ചിത്രം. ഉണ്ണിയേശുവിനെ സ്വന്തമാക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം കൊണ്ടാണല്ലോ, ഗ്രേച്ചിയോയിലെ കനത്ത ഡിസംബര്‍ തണുപ്പിലേക്ക് ഫ്രാന്‍സിസ് ഇറങ്ങിയത്, ഒരുപക്ഷേ, നഗ്നപാദനായിതന്നെ!
ക്രിസ്തുമസ്സിന്‍റെ ക്രിസ്തുവെന്ന പുതിയ സന്തോഷത്തിലേക്കും, അവനായുള്ള അടങ്ങാത്ത ആഗ്രഹത്തിലേക്കുമാണ് ഫ്രാന്‍സിസിന്‍റെ പുല്‍ക്കൂട് നമ്മെ ക്ഷണിക്കുന്നത്.