'സാന്‍മിഷേലിന്‍റെ കഥ' എന്ന ശ്രേഷ്ഠഗ്രന്ഥത്തിലൂടെ ഖ്യാതിനേടിയ മഹദ്വ്യക്തിയാണ് ആക്സെല്‍ മുന്‍തെ. അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്‍റെ 'കളിപ്പാട്ടങ്ങള്‍' എന്ന ലേഖനം വായിച്ച് ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ച ഒരു യുവതിയുടെ ചിത്രം ഏറെ ശ്രദ്ധേയമാണ്. യുവതി മുന്‍തേയോട് പറയുന്നു: "വളരെ സാന്ദര്‍ഭികമായിട്ടാണ് സര്‍, ഞാന്‍ താങ്കള്‍ ബ്ലാക്ക്വുഡ്സ് മാസികയില്‍ പണ്ടെങ്ങോ എഴുതിയ കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ആ ലേഖനം കണ്ടത്. അതെന്നെ വല്ലാതെ സ്വാധീനിച്ചു. അതു വായിച്ച നിമിഷം മുതല്‍ ഞാന്‍ പണിത്തിരക്കിലായിരുന്നു. രാത്രിയും പകലും ഒരുപോലെ അധ്വാനിച്ചിട്ടാണ് ഞാന്‍ ഈ പാവക്കുട്ടികളെ അണിയിച്ചൊരുക്കിയത്. എല്ലാം താങ്കള്‍ ലേഖനത്തില്‍ സൂചിപ്പിച്ച ആ പാവപ്പെട്ട കുട്ടികള്‍ക്കു നല്‍കാനായി. ഇതെല്ലാം ഞാന്‍ എന്‍റെ സ്വന്തം കൈകള്‍കൊണ്ട് ഉണ്ടാക്കിയതാണ്. ഇതുപോലെ ആനന്ദം അനുഭവിച്ചുകൊണ്ട് ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതുവരെ ഒന്നുംതന്നെ ചെയ്തിട്ടില്ല എന്നെനിക്ക് ഉറപ്പാണ്." കളിപ്പാട്ടങ്ങള്‍ ആ യുവതിക്ക് ജീവിതത്തിന്‍റെ മറ്റൊരു മുഖം കാണിച്ചുകൊടുത്തു. യുവതി കൊണ്ടുവന്നു കൊടുത്ത പാവകള്‍കൊണ്ട് ക്രിസ്തുമസ് മരം അലങ്കരിച്ച സന്ദര്‍ഭം മുന്‍തേ ഓര്‍ക്കുന്നു: "ക്രിസ്തുമസ് കാലമായിരുന്നു. ജാര്‍ഡിന്‍-ഡിസ്-പ്ലാന്‍റസ് ക്വാര്‍ട്ടറില്‍ വിപുലമായ ആഘോഷപരിപാടികളാണ്. ഇറ്റലിയിലെ ദരിദ്രരുടെ താവളമാണത്. ക്രിസ്തുമസ് മരം നിറച്ചും പാവകള്‍. പല വലുപ്പത്തിലും രൂപത്തിലും. എല്ലാം അവര്‍ പലപ്പോഴായിട്ട് എനിക്ക് എത്തിച്ചുതന്നവ." നല്‍കലിന്‍റെ ഈ സന്തോഷം ക്രിസ്തുമസിന്‍റെ ഒരു സഫലതയാണ്.
ക്രിസ്മസ് പിറവിയുടെ ഓര്‍മപ്പെടുത്തലാണ്. നന്മയുടെ, സന്തോഷത്തിന്‍റെ, സമഭാവനയുടെ, സന്മനസ്സിന്‍റെ, ആര്‍ദ്രതയുടെ, സമത്വത്തിന്‍റെ, ആദര്‍ശത്തിന്‍റെ, മൂല്യത്തിന്‍റെ, സ്വപ്നങ്ങളുടെ, സമാശ്വാസത്തിന്‍റെയെല്ലാം പിറവി. അത് നിലനിന്ന ഒരു സംസ്കാരത്തെ തിരുത്തുന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു. കാലത്തെ വിഭജിക്കുന്നതോടൊപ്പം മാനുഷ്യകത്തിന്‍റെ മൂല്യസങ്കല്പനങ്ങളില്‍, കാഴ്ചപ്പാടുകളില്‍ വലിയൊരു വിച്ഛേദനത്തിന്‍റെയും ജനനമായിരുന്നു. പഴയനിയമദര്‍ശനങ്ങളെ ഈ പിറവി തിരുത്തുകയും പൂരിപ്പിക്കുകയും സമഗ്രതയോടു കൂട്ടിയിണക്കുകയും ചെയ്തു. എല്ലാറ്റിനെയും ചേര്‍ത്തുനിര്‍ത്തുന്ന ഒരു സംസ്കൃതിയുടെ നാമ്പെടുക്കലായിരുന്നു അത്. അധികാരത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ക്കു പുറത്ത് സന്തോഷത്തിന്‍റെ, ലാളിത്യത്തിന്‍റെ പൊരുള്‍ കണ്ടെത്തുകയാണ് നാം. ചരിത്രത്തിന്‍റെ ആര്‍ഭാടമുഹൂര്‍ത്തങ്ങളെ കാലിത്തൊഴുത്തില്‍ പിറന്നവന്‍ അതിലംഘിക്കുന്നു. സന്മനസ്സുള്ളവര്‍ക്ക്, ലാളിത്യം കൈമുതലായവര്‍ക്ക് മണ്ണിനോടും പ്രകൃതിയോടും സംവദിക്കുന്നവര്‍ക്കു മാത്രമേ ഈ പിറവിയുടെ സമഗ്രലാവണ്യസാരം തിരിഞ്ഞുകിട്ടൂ. നമ്മെ നിരന്തരം മാറ്റിപ്പണിയുന്നതിനുള്ള ആഹ്വാനം കൂടിയാണ് ഈ സന്ദര്‍ഭം. പുതിയ വ്യക്തികളായി പിറന്നുകൊണ്ടിരിക്കുന്ന പ്രക്രിയ ചരിത്രത്തിന്‍റെ ചലനാത്മകതയുമായി കൂടിച്ചേരുന്നു. അങ്ങനെ കാലവും ചരിത്രവും വ്യക്തിയും സമൂഹവും സംസ്കാരവും മതവും ആത്മീയതയുമെല്ലാം നിരന്തരം നൂതനമായിക്കൊണ്ടിരിക്കുന്നു. ഇത് നിരന്തര യാനമാണ്. ഈ യാത്ര ആയിത്തീരലിന്‍റെ ദര്‍ശനമാണ് നമ്മില്‍ നിറയ്ക്കേണ്ടത്.
ഡിക്കന്‍സിന്‍റെ 'ക്രിസ്തുമസ് ട്രീ' എന്ന കഥ പല വിതാനങ്ങളില്‍ ചില്ലകള്‍ പടര്‍ത്തുന്നതാണ്. സ്നേഹത്തിന്‍റെ കൈവഴികള്‍ നിരവധിയാണ്. ക്രിസ്തുമസ് മരത്തില്‍ തൂങ്ങിയാടുന്ന അലങ്കാരങ്ങള്‍ നമ്മുടെ മനസ്സില്‍ പുത്തന്‍ വര്‍ണ്ണങ്ങള്‍ നിറയ്ക്കുന്നു. "എത്രയോ ക്രിസ്മസ് ട്രീകളുടെ ചില്ലകളില്‍ പിടിച്ചുകയറിയാണ് നാമൊക്കെ യാഥാര്‍ത്ഥ്യത്തിലേക്കു വളര്‍ന്നിട്ടുള്ളത്. കുട്ടിക്കാലത്തിന്‍റെ ആ ചില്ലകളിന്മേല്‍ എന്തൊക്കെയാണ് വ്യക്തമായി ഇപ്പോഴും ഓര്‍മിച്ചെടുക്കാനാവുന്നത്." ഈ ഓര്‍മകളാണ് നമ്മെ നാമാക്കുന്നത്. ക്രിസ്തുമസ് ഓര്‍മകളുടെ തിരിച്ചുപിടിക്കല്‍ കൂടിയാകുന്നതതുകൊണ്ടുകൂടിയാണ്. "എന്‍റെ ക്രിസ്തുമസ്മരത്തിന്‍റെ മേല്‍ച്ചില്ലകള്‍ക്കിടയില്‍ ഞാന്‍ തിരിച്ചറിയുന്ന ഓരോ വസ്തുവിന്മേലുമുണ്ട് ഇതേ മന്ത്രപ്രഭ" എന്നു പറയുമ്പോള്‍ ഡിക്കന്‍സ് നമ്മെ ആദ്യകാല ക്രിസ്തുമസ് സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. "ഇതാ കേട്ടുനോക്കൂ, കരോള്‍ സംഘങ്ങള്‍ പാടുന്നു. അവര്‍ എന്‍റെ ശൈശവത്തിലെ ഉറക്കം മുറിക്കുന്നു. കരോള്‍ഗീതങ്ങളോടു കോര്‍ക്കപ്പെട്ട് എത്രയധികം അനുബന്ധരൂപങ്ങള്‍ എന്‍റെ ക്രിസ്മസ് മരത്തിന്മേല്‍. ശേഷമെല്ലാത്തില്‍നിന്നും വിട്ടുമാറി അവന്‍ എന്‍റെ കൊച്ചുകട്ടിലിന്മേല്‍ ഒരുമിക്കുന്നു. വയലിലെ ഇടയസംഘത്തോട് സന്ദേശമറിയിക്കുന്ന മാലാഖ, കണ്ണുകളുയര്‍ത്തി നക്ഷത്രത്തെ പിന്‍ചെന്ന് സഞ്ചരിക്കുന്ന മൂന്നുയാത്രികര്‍, പുല്‍ത്തൊട്ടിക്കുള്ളിലെ ശിശു..." എല്ലാം ക്രിസ്തുമസ് സ്മരണകളാണ്. ഇങ്ങനെയുള്ള കാഴ്ചകളും ഓര്‍മ്മകളും തന്ന് ക്രിസ്തുമസ് മരം പരിലസിക്കുന്നു. "...ഇന്നോളം പോയിട്ടില്ലാത്തൊരിടത്തു പോകുന്നതുപോലെ എല്ലാം ക്രിസ്മസ് ട്രീയില്‍ നിന്നാരംഭിക്കുന്നു. ഭാവനയുടെ വഴിയേയുള്ള യാത്ര." ഈ യാത്രയും ക്രിസ്തുമസിന്‍റെ സദ്ഫലമാണ്. "ഈ ഋതുവേളയുടെ ആഹ്ലാദംനിറഞ്ഞ ഓരോ പ്രതിരൂപവും ഓരോ സൂചകവും അതിനെ സമസ്ത ക്രിസ്ത്യന്‍ ലോകത്തിന്‍റെയും നക്ഷത്രമാക്കി നിര്‍ത്തട്ടെ" എന്നാണ് ഡിക്കന്‍സ് കുറിക്കുന്നത്. അദ്ദേഹം ക്രിസ്തുമസ് ട്രീ എന്ന കഥ അവസാനിപ്പിക്കുന്നതിങ്ങനെ: "എന്‍റെ ക്രിസ്തുമസ് ട്രീ ഇതാ സംഗീതത്തിന്‍റെ, നൃത്തത്തിന്‍റെ, അകമ്പടിയോടെ ആഹ്ലാദത്തിമിര്‍പ്പില്‍ അലങ്കരിക്കപ്പെട്ട്... എല്ലാം ചേര്‍ന്ന് എന്നെ സന്തുഷ്ടനാക്കുന്നു. എല്ലാക്കാലവും അവ ഇതേവിധം സന്തോഷം പകരുന്നവയും നിഷ്കളങ്കവുമായി തുടരട്ടെ. ഒരിക്കലും ദുഃഖത്തിന്‍റെ നിഴല്‍വീഴാത്ത ശാഖകളുള്ള എന്‍റെ ക്രിസ്തുമസ് മരം. ഇതാ അത് നിലത്തേക്കു താഴ്ന്ന് മറയുംമുമ്പ് ഇലകള്‍ക്കിടയില്‍നിന്നും മര്‍മരം: "ഇത് സ്നേഹത്തിന്‍റെയും ദയവിന്‍റെയും കരുണയുടെയും കല്പനയുടെയും സ്മരണയ്ക്കായി. ഇത് എന്‍റെ ഓര്‍മ്മയ്ക്കായി!". ക്രിസ്തുമസ് മരത്തിന്‍റെ വേരുകളും ശാഖകളും ഇലകളും നമ്മെ എല്ലാറ്റിനെയും ഓര്‍മ്മിപ്പിക്കുകയും സമഗ്രതയുമായി ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. കരുതലിന്‍റെ സംസ്കാരത്തിലേക്കുള്ള ഉണര്‍വിലേക്ക് ദിശമാറുന്ന ജീവിതപ്പാതയാണിത്.
ഒ. ഹെന്‍റിയുടെ 'ക്രിസ്തുമസ് സമ്മാനം' (The Gift of the Magi) ഡെല്ലയുടെയും ജിമ്മിന്‍റെയും കരുതലിന്‍റെയും സ്നേഹത്തിന്‍റെയും കഥയാണ് പറയുന്നത്. ഭര്‍ത്താവിന്‍റെ വാച്ചിന് പുതിയ ചെയിന്‍ വാങ്ങാന്‍ തന്‍റെ മനോഹരമായ തലമുടി വില്‍ക്കുന്ന ഡെല്ലയും ഭാര്യയ്ക്ക് ഹെയര്‍പിന്നുകള്‍ വാങ്ങാന്‍ വാച്ച് വില്‍ക്കുന്ന ജിമ്മും നമ്മില്‍ ചിരിയുണര്‍ത്തുമെങ്കിലും പുതിയൊരവബോധത്തിലേക്കുണര്‍ത്തുകയും ചെയ്യും. ക്രിസ്തുമസിന്‍റെ അത്യഗാധവും വിശാലവുമായ സ്നേഹസന്ദേശമാണ് ഈ കഥ നിവര്‍ത്തിയിടുന്നത്. രണ്ടു വ്യക്തികളില്‍ ഒതുങ്ങുന്നതെങ്കിലും ഈ കഥ ചുറ്റുപാടുകളിലേക്കു വ്യാപിക്കുന്ന ചൈതന്യം പ്രസരിപ്പിക്കുന്നു. കണ്ണീരിനെയും പുഞ്ചിരിയേയും സ്നേഹസാക്ഷാല്‍ക്കാരത്തിലെത്തിക്കുന്ന കഥ കൂടിയാണിത്. ഭൂമിക്ക് പുതിയ സമ്മാനമായി, സ്നേഹമായി അവതരിക്കുന്ന ദൈവപുത്രനും ഈ സന്ദേശമാണ് നമ്മില്‍ നിറയ്ക്കുന്നത്. 'വലുതില്‍' സന്തോഷം കാണുന്ന നാം 'ചെറുതിലെ' ശ്രേഷ്ഠമായ സന്തോഷം കാണാതെ പോകുന്നു. "നമുക്കു നമ്മുടെ ക്രിസ്തുമസ് സമ്മാനം കുറേനേരത്തേക്ക് മാറ്റിവയ്ക്കാം. തത്ക്കാലം നമുക്ക് ഉപയോഗിക്കാന്‍ പറ്റാത്തത്ര നല്ലതാണവ" എന്നു പറഞ്ഞ് പുഞ്ചിരിക്കുന്ന ജിം പരസ്പരസ്നേഹത്തിന്‍റെ മൂല്യം തിരിച്ചറിയുന്നു. "പുല്‍ക്കൂട്ടിലെ ശിശുവിന് സമ്മാനങ്ങള്‍ കൊണ്ടുവന്ന ജ്ഞാനികള്‍ വിവേകമതികളായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. അവരാണ് ക്രിസ്തുമസ് സമ്മാനം നല്കല്‍ എന്ന കല കണ്ടുപിടിച്ചത്. വിവേകബുദ്ധികളായിരുന്നതിനാല്‍ അവരുടെ സമ്മാനങ്ങളും വിവേകബുദ്ധിയുടേതായിരുന്നു. ഒരേപോലെയുള്ളവ വന്നാല്‍ കൈമാറ്റം ചെയ്യാവുന്നവ. എന്നാല്‍ ഞാനിവിടെ നിങ്ങളോടുപറയുന്നത് ആ വീടിനുള്ളില്‍ തനിക്കേറ്റവും വിലപിടിച്ചത് മറ്റേയാളിനുവേണ്ടി ത്യജിച്ച രണ്ട് വിഡ്ഢിപ്പിള്ളേരുടെ കഥയാണ്. ഇക്കാലത്തെ വിവേകമതികളോടായി ഒന്നു പറഞ്ഞോട്ടെ, സമ്മാനം കൊടുക്കുന്നവരില്‍ വച്ചേറ്റവും വിവേകമതികളായിരുന്നു ഇവര്‍. വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവരില്‍ വച്ചേറ്റവും വിവേകമതികള്‍, ജ്ഞാനികള്‍." എന്നാണ് ഓ. ഹെന്‍റിയുടെ കഥ അവസാനിക്കുന്നത്. ജ്ഞാനികള്‍, വിവേകമതികള്‍ എന്നിവരെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തിരിച്ചിടുകയാണ് കഥാകൃത്ത്. ക്രിസ്തുമസിന്‍റെ യഥാര്‍ത്ഥ സന്ദേശം നമ്മുടെ ജ്ഞാനത്തിനും വിവേകത്തിനും അപ്പുറത്തുള്ള നിഷ്കളങ്കതകൊണ്ടും കരുതല്‍കൊണ്ടും സ്നേഹംകൊണ്ടും നന്മകൊണ്ടും സന്മനസ്സുകൊണ്ടും കണ്ടെത്താവുന്നതാണെന്നാണ് ഈ കഥയുടെ സൂചന.
ടോള്‍സ്റ്റോയിയുടെ അതീവഹൃദ്യമായ ക്രിസ്തുമസ് കഥയാണ് 'പപ്പാപനോവിന്‍റെ അവിസ്മരണീയമായ ക്രിസ്തുമസ്'. ഗ്രാമത്തിലെ ചെരുപ്പുകുത്തിയാണ് പപ്പാപനോവ്. ക്രിസ്തുമസിന്‍റെ തലേന്ന് "ആഹ്ലാദത്തിന്‍റെ ശബ്ദങ്ങളും, പ്രകാശദീപക്കാഴ്ചകളും, ക്രിസ്തുമസ് വിഭവം പാകം ചെയ്യുന്നതിന്‍റെ രുചിയൂറുന്ന നേര്‍ത്തഗന്ധവും ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് താന്‍ ആഘോഷിക്കാറുണ്ടായിരുന്ന ക്രിസ്തുമസ് വേളകളെക്കുറിച്ച് അയാളെ ഓര്‍മ്മിപ്പിച്ചു." ഭാര്യയും മക്കളും മരിച്ചുപോയതിന്‍റെ ദുഃഖം അനുഭവിക്കുന്നവനാണയാള്‍. ദുഃഖമെല്ലാം മാറ്റിവെച്ച് പപ്പാപനോവ് ക്രിസ്തുമസ് കഥ വര്‍ണിക്കുന്ന ബൈബിള്‍ഭാഗം വായിക്കാനിരുന്നു. ക്ഷീണിതയായ മറിയവും ജോസഫും താമസിക്കാന്‍ ഇടംകിട്ടാതെ അലയുന്ന ഭാഗം വായിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ ഓര്‍ത്തു: "അവരിങ്ങോട്ട് വന്നിരുന്നെങ്കില്‍ എന്‍റെ കട്ടിലും കിടക്കയും കൊടുക്കാമായിരുന്നു. കീറലുകള്‍ തുന്നിച്ചേര്‍ത്തതാണെങ്കിലും ഈ പുതപ്പുകൊണ്ട് കുഞ്ഞിനെ ഞാന്‍ പുതപ്പിക്കുമായിരുന്നു."
സമ്മാനങ്ങളുമായി പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയെ കാണാനെത്തിയ ജ്ഞാനികളെക്കുറിച്ച് വായിച്ചപ്പോള്‍ "കുഞ്ഞിന് കൊടുക്കാന്‍ എന്‍റെ കൈയില്‍ സമ്മാനങ്ങളൊന്നുമില്ലല്ലോ" എന്നോര്‍ത്ത് അയാള്‍ ദുഃഖിച്ചു. പൊടി പിടിച്ചൊരു ചെറിയ പെട്ടിയില്‍ നിന്ന് തുകല്‍കൊണ്ടുണ്ടാക്കിയ ഭംഗിയുള്ള ഷൂ അയാള്‍ കണ്ടെത്തി. അത് ഉണ്ണിയേശുവിന് നല്‍കാമെന്ന് അയാള്‍ വിചാരിച്ചു. അയാള്‍ മയക്കത്തില്‍ ഉണ്ണിയേശു തന്‍റെ വീട്ടില്‍ വരുമെന്നു പറഞ്ഞതായി സ്വപ്നത്തില്‍ കേട്ടു.
ക്രിസ്തുമസ് ദിവസം പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കത്തില്‍ പനോവ് മുഴുകിയിരിക്കുമ്പോള്‍ ഉണ്ണിമിശിഹായെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ നിറഞ്ഞു. പുറത്തേക്കു നോക്കിയപ്പോള്‍ തെരുവ് വൃത്തിയാക്കുന്ന മനുഷ്യന്‍റെ ദയനീയ രൂപം അയാള്‍ കണ്ടു. തണുത്തു മരവിച്ച പുലര്‍വേളയില്‍ ആ മനുഷ്യനെ വിളിച്ച് ചൂടുകാപ്പി നല്‍കാന്‍ പപ്പാപനോവ് തീരുമാനിച്ചു. തുടര്‍ന്ന് അയാള്‍ ദരിദ്രയായ അമ്മയെയും കുഞ്ഞിനെയും തെരുവില്‍ കണ്ടെത്തി. അയാള്‍ അവരെയും മുറിയിലേക്കു ക്ഷണിച്ചു. കുഞ്ഞിന് പാല്‍ ചൂടാക്കിക്കൊടുക്കുകയും തുകല്‍ഷൂ കുഞ്ഞിനെ അണിയിക്കുകയും ചെയ്തു. പിന്നീടു കടന്നുവന്ന ഭിക്ഷക്കാരനും പപ്പാപനോവ് ആഹാരം നല്‍കി. പിന്നെ ഉണ്ണിയേശുവിനെ കാത്ത് അയാളിരുന്നു. സന്ധ്യയായിട്ടും ഉണ്ണിയെത്തിയില്ല. തന്‍റെ മുറിയില്‍ ആരുടെയോ അദൃശ്യസാന്നിധ്യം അയാള്‍ തിരിച്ചറിഞ്ഞു. "വൃദ്ധനായ തൂപ്പുകാരനെയും പെണ്‍കുട്ടിയെയും അവളുടെ കുഞ്ഞിനെയും താന്‍ ആഹാരം നല്‍കിയ ഭിക്ഷക്കാരനെയും അയാള്‍ ഒരുവട്ടം കൂടി കണ്ടു." ആ സമയത്ത് ഉണ്ണിയേശുവിന്‍റെ ശബ്ദം അയാള്‍ കേട്ടു: "എനിക്കു വിശന്നപ്പോള്‍ നീ എനിക്ക് ആഹാരം തന്നു; ഞാന്‍ നഗ്നനായപ്പോള്‍ നീ എനിക്ക് വസ്ത്രം തന്നു. ഞാന്‍ തണുത്തുവിറച്ചപ്പോള്‍ നീയെനിക്കു ചൂടുപകര്‍ന്നുതന്നു. നീ സഹായിച്ച ആളുകളുടെ രൂപത്തില്‍ നിന്നെ ഞാന്‍ സന്ദര്‍ശിച്ചു." ആ സന്ദര്‍ഭത്തില്‍ മഹത്തായ സന്തോഷവും സമാധാനവും ആ മുറിക്കുള്ളില്‍ നിറഞ്ഞൊഴുകുന്നതുപോലെ പനോവിനു തോന്നി.
ഇനിയും ധാരാളം കലാസൃഷ്ടികള്‍, കഥകള്‍ ക്രിസ്തുമസിന്‍റെ സന്ദേശത്തെ കൂടുതല്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. ഈ കഥകളുടെയെല്ലാം പൊതുസ്വഭാവം പ്രാന്തവല്‍കൃത സമൂഹവുമായും വ്യക്തികളുമായുമുള്ള ഉണ്ണിയേശുവിന്‍റെയും ക്രിസ്തുമസിന്‍റെയും ബന്ധമാണ്. ആട്ടിടയന്മാരെപ്പോലെ ലാളിത്യമാര്‍ന്നവര്‍ക്കാണ് ഈ മംഗളവേളയുടെ സന്ദേശം കൂടുതല്‍ മനസ്സിലാകുക. ക്രിസ്തുമസ് അങ്ങനെ ദരിദ്രരുടെ, ഓരങ്ങളിലേക്കു മാറ്റിനിര്‍ത്തപ്പെട്ടവരുടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ, വൃദ്ധരുടെ, അവഗണിക്കപ്പെടുന്ന കുട്ടികളുടെയെല്ലാം പ്രത്യാശയുടെ മുഹൂര്‍ത്തമായി മാറുന്നത് നാം കാണുന്നു. ക്രിസ്തുമസിന്‍റെ യഥാര്‍ത്ഥ രാഷ്ട്രീയം ഇതള്‍ വിടരുന്നതിപ്രകാരമാണ്. ഉണ്ണിയേശുവിന്‍റെ കരുതല്‍ പുതിയ ബോദ്ധ്യത്തിലേക്കുള്ള കൈചൂണ്ടിയായി ഈ പാതയോരങ്ങളില്‍ നിലകൊള്ളുന്നത് കാണാന്‍ കഴിയുകയാണ് പ്രധാനം.
അലന്‍ ജോണ്‍സ് Alan Jones) ‘May Christmas Come’ എന്ന കവിതയില്‍ ആവിഷ്ക്കരിക്കുന്ന ക്രിസ്തുമസ് ദര്‍ശനം ഇതോടുചേര്‍ത്ത് വായിക്കാവുന്നതാണ്:
""The Choice is ours
to miss the point or
See Mary and her child
in every mother and her baby,
and adore, absorbing
the rage and terror
and with a loving heart
rebuild the world,
making peace our gift''
ലോകത്തെ ശാന്തികൊണ്ടും സമാധാനംകൊണ്ടും നിറയ്ക്കാനും പ്രപഞ്ചത്തെ പുനഃസൃഷ്ടിക്കാനും ക്രിസ്തുമസ് നമ്മോട് ആഹ്വാനം ചെയ്യുന്നു. നാം ജീവിക്കുന്ന ജീവിതം വിചാരണ ചെയ്യപ്പെടേണ്ടതാണ് എന്ന് ക്രിസ്തുമസ് ഓര്‍മ്മിപ്പിക്കുന്നു. പുതിയ പിറവികള്‍ അനേകം സാധ്യതകള്‍ നിവര്‍ത്തിയിടുന്നു. ഒരേയൊരു പിറവിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരു പ്രക്രിയായി ക്രിസ്തുമസിനെ കാണാനാവില്ല. നിരന്തരം പുനഃസൃഷ്ടിക്കായി പ്രേരിപ്പിക്കുന്ന ചൈതന്യമാണ് ക്രിസ്തുമസിനുള്ളത്. മുകളിലേക്കു നോക്കുന്നതല്ല അതിന്‍റെ ദൈവശാസ്ത്രതലം. താഴേക്ക്, ഓരങ്ങളിലേക്ക് കണ്ണയയ്ക്കുന്നതാണ്. നമ്മുടെ ആര്‍ഭാടങ്ങളില്‍നിന്ന് വഴുതിപ്പോകുന്നത് ഈ ആത്മചൈതന്യമാണ്. എങ്കിലും നമുക്കീ സന്ദര്‍ഭം പ്രധാനമാണ്. പുതിയ വെളിച്ചംതേടി വിദൂരചക്രവാളത്തിലേക്കു നോക്കാനുള്ള പ്രത്യാശയുടെ സുപ്രധാന മുഹൂര്‍ത്തമാണിത്.