ഇറ്റാലോ കാല്‍വിനോയുടെ അഭിപ്രായത്തില്‍, പറയാനുള്ളത് മുഴുവന്‍ ഒരിക്കലും പറഞ്ഞുതീരാത്ത കൃതികളാണ് ക്ലാസിക്കുകള്‍. നിത്യഹരിതമായ ക്ലാസിക്കുകള്‍ ഒരിക്കലും കാലഹരണപ്പെടാതെ പ്രസക്തമായ സന്ദേശങ്ങള്‍ തലമുറതലമുറയായി പ്രക്ഷേപിച്ചുകൊണ്ടിരിക്കും. പണവും പദവിയും തേടിയുള്ള ഓട്ടത്തിനിടയില്‍ മറക്കരുതാത്ത പലതും മറന്നുപോകുന്നവരാണ് നമ്മളെന്ന ക്രൂരസത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ക്ലാസിക് കൃതിയാണ് ചാള്‍സ് ഡിക്കന്‍സിന്‍റെ എ ക്രിസ്മസ് കാരള്‍ (1842).
പണം പണം പണം എന്ന അദൈവത്രിത്വത്തില്‍ വിശ്വസിക്കുന്ന എബനേസര്‍ സ്ക്രൂജിന്‍റെ കഥ പറയുന്ന ഈ ചെറുനോവലിനൊപ്പം ദ ഹോണ്ടഡ് മാന്‍ ആന്‍ഡ് ദ ഗോസ്റ്റ്സ് ബാര്‍ഗെയ്ന്‍ (1842)എന്ന മറ്റൊരു ഡിക്കന്‍സ് കഥ ചേര്‍ത്തുവായിക്കുന്നത് പ്രയോജനകരമാണ്. സാത്താന് ആത്മാവ് അടിയറവച്ച് ആനന്ദം പകരം വാങ്ങിയ ഫോസ്റ്റിനെ/ഡോക്ടര്‍ ഫോസ്റ്റസിനെ അനുസ്മരിപ്പിക്കുന്ന ഈ കഥയിലെ ചിന്താശീലനും വിദ്യാസമ്പന്നനുമായ റെഡ്ലോ എന്ന കഥാപാത്രത്തിന്‍റെ അനുഭവം എബനേസര്‍ സ്ക്രൂജിനെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. അസുഖകരമായ ഓര്‍മ്മകള്‍ ഒരു ശാപമായി നമുക്ക് തോന്നുക സ്വാഭാവികമാണ്. കുത്തിനോവിക്കുന്ന ഓര്‍മ്മകളുടെ വേട്ടയാടലില്‍നിന്ന് രക്ഷ നേടാന്‍ റെഡ്ലോ എന്ന രസതന്ത്രജ്ഞന്‍ ഒരിക്കല്‍ തന്നെ സന്ദര്‍ശിച്ച ഒരു ദുര്‍ഭൂതവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. ഉടമ്പടിപ്രകാരം റെഡ്ലോയുടെ ഓര്‍മ്മയില്‍നിന്ന് സങ്കടങ്ങളുടെയും ഉപദ്രവങ്ങളുടെയും പ്രയാസങ്ങളുടെയും അനുഭവങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളയാമെന്ന് ദുര്‍ഭൂതം വാക്ക് കൊടുത്തു, റെഡ്ലോ ആരോടൊക്കെ ബന്ധപ്പെടുന്നുവോ അവരിലേക്കെല്ലാം ഈ മറവിയുടെ രോഗാണുക്കള്‍ പകര്‍ന്നുനല്‍കണമെന്ന ഉപാധിയോടെ.
മറവിയുടെ (അ)സുഖം നമ്മളെ പിടികൂടുന്നതോടെ നമ്മുടെ ഭൂതകാലം നമ്മില്‍നിന്ന് മാഞ്ഞുപോകുന്നു. നമ്മുടെ മാതാപിതാക്കള്‍ വിസ്മരിക്കപ്പെടുന്നു. സഹോദരങ്ങള്‍ അന്യരാകുന്നു. അയല്‍ക്കാരെയും ബന്ധുമിത്രാദികളെയും നാം തിരിച്ചറിയാതെ പോകുന്നു. നമ്മള്‍ മൂട് മറന്നവരും നന്ദികെട്ട നായ്ക്കളും ആയിത്തീരുന്നു. റെഡ്ലോയും അയാളുമായി ബന്ധപ്പെട്ടവരും ഇതേ ദുര്‍ഗ്ഗതിയിലാണ് വന്നുചേരുന്നത്. ഭൂതകാലത്തോടൊപ്പം അവരില്‍നിന്ന് നന്ദിയും അനുതാപവും ദയയും ക്ഷമയുമൊക്കെ മാഞ്ഞുപോയി. പണ്ടുണ്ടായിരുന്ന അവരുടെ ഉത്തമവ്യക്തിത്വങ്ങള്‍ അവര്‍ക്ക് നഷ്ടമായി. അവരുടെ ബന്ധങ്ങള്‍ ശിഥിലമായി. അവര്‍ സമൂഹത്തില്‍ തീര്‍ത്തും വെറുക്കപ്പെട്ടവരായി മാറി. ഒടുവില്‍ റെഡ്ലോയുടെ സര്‍ക്കിളിലെ ഒരംഗമായ വില്യം സ്വിഡ്ജറുടെ ഭാര്യ മിലി അവളുടെ വിശുദ്ധിയും നന്മയും സൗമ്യതയും നിറഞ്ഞ ഇടപെടലിലൂടെ, ദുര്‍ഭൂതവുമായുണ്ടാക്കിയ നാശകരമായ ഉടമ്പടി അവസാനിപ്പിച്ച് റെഡ്ലോയെയും കൂട്ടുകാരെയും അവര്‍ക്ക് നഷ്ടപ്പെട്ട അവരുടെ ഉത്തമവ്യക്തിത്വങ്ങളെയും വീണ്ടെടുത്തു. ധനത്തിന്‍റെ നാഥനായ മാമോനുമായി ഉടമ്പടിയിലേര്‍പ്പെട്ട് മനുഷ്യത്വവും ആത്മീയതയും നഷ്ടപ്പെടുത്തിയ എബനേസര്‍ സ്ക്രൂജിന്‍റെ വീണ്ടെടുപ്പാണ് എ ക്രിസ്മസ് കാരോളിന്‍റെ ഇതിവൃത്തം.
സ്ക്രൂജ് ആന്‍ഡ് മാര്‍ലി എന്ന സാമ്പത്തിക സ്ഥാപനത്തിന്‍റെ അവശേഷിക്കുന്ന പാര്‍ട്ണറാണ് എബനേസര്‍ സ്ക്രൂജ്. സ്ക്രൂജിന്‍റെ ഏകപങ്കാളിയും സ്നേഹിതനുമായ ജേക്കബ് മാര്‍ലി അന്തരിച്ചിട്ട് വര്‍ഷം ഏഴു കഴിഞ്ഞു. ക്രിസ്മസ് തലേന്ന് മാര്‍ലിയുടെ പ്രേതം സ്ക്രൂജിനുമുന്നില്‍ പ്രത്യക്ഷപ്പെട്ട് മരണാനന്തരലോകത്ത് , പ്രത്യേകിച്ച് ക്രിസ്മസ്കാലത്ത് , താന്‍ അനുഭവിക്കുന്ന അശാന്തിയും അന്തര്‍സംഘര്‍ഷവും വിവരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ബിസിനസ്സില്‍ മാത്രമായിരുന്നു ശ്രദ്ധ. തന്‍കാര്യം മാത്രം നോക്കി നടന്നു. മറ്റുള്ളവരെ അവഗണിച്ചു. സ്നേഹവും കരുണയും ക്ഷമയും നന്മയും മറന്നു. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും തന്‍റെ സഹജീവികളുമായി ഇടപഴകിവേണം ജീവിക്കാന്‍. അല്ലെങ്കില്‍ മരിച്ചുകഴിയുമ്പോള്‍ ആത്മാവ് ഗതി കിട്ടാതെ അലയും. ജീവിച്ചിരുന്നപ്പോള്‍ കാണാതിരുന്ന അസഹ്യമായ കാഴ്ചകള്‍ കണ്ടുകൊണ്ടങ്ങനെ അലഞ്ഞുതിരിയേണ്ടിവരും. ഒരിക്കലും സ്വസ്ഥത ലഭിക്കുകയില്ല. മാര്‍ലിയുടെ ആത്മാവ് കഴിഞ്ഞ ഏഴുവര്‍ഷമായി നിരവധി സന്ദര്‍ഭങ്ങളില്‍ സ്ക്രൂജിന്‍റെ അരികിലെത്തി ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്ക്രൂജ് ശ്രദ്ധിച്ചില്ല. ഈ സാഹചര്യത്തിലാണ് മാര്‍ലിയുടെ ആത്മാവ് ഒരു പ്രേതരൂപത്തില്‍ ഉച്ചത്തില്‍ അലറിയും ശരീരത്തില്‍ ചുറ്റിക്കെട്ടിയ ചങ്ങല കുലുക്കിയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സ്ക്രൂജിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
പണപ്പെട്ടികള്‍, താഴുകള്‍, താക്കോലുകള്‍, ലെഡ്ജറുകള്‍, ആധാരങ്ങള്‍, ഇരുമ്പുചെല്ലങ്ങള്‍ എന്നിവ കോര്‍ത്തുണ്ടാക്കിയ ദീര്‍ഘവും ഭാരമേറിയതുമായ ബ്ലേഡുകാരന്‍റെ ജീവിതച്ചങ്ങലയാണ് മാര്‍ലിയുടെ പ്രേതം ധരിച്ചിരുന്നത്. തന്‍റെ ജീവിതംകൊണ്ട് താന്‍തന്നെ തീര്‍ത്ത ചങ്ങലയാണിതെന്ന് മാര്‍ലി സാക്ഷ്യപ്പെടുത്തുന്നു. ഇതേ ചങ്ങലയുടെ പണിയിലാണ് സ്ക്രൂജും ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. څമനസ്സ് രൂപപ്പെടുത്തിയ ചങ്ങലകള്‍چ(ലണ്ടന്‍) എന്ന വില്യം ബ്ലേക്കിന്‍റെ പ്രയോഗം ഇവിടെ സ്മരണീയമാണ്. മരണാനന്തരബന്ധനത്തിന്‍റെ കഷ്ടതകളില്‍നിന്ന് സ്ക്രൂജിനെ വിടുവിക്കാനുതകുന്ന അനുതാപത്തിന്‍റെ പാഠങ്ങളുമായി മൂന്ന് മായാരൂപങ്ങള്‍ തൊട്ടടുത്ത രാത്രികളില്‍ സ്ക്രൂജിനെ സന്ദര്‍ശിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷം മാര്‍ലിയുടെ പ്രേതം അപ്രത്യക്ഷമാകുന്നു.
കഥപറച്ചിലിന്‍റെ ചാലുകളില്‍ ശ്രദ്ധാപൂര്‍വം വിന്യസിച്ച മിസ്റ്റിക് സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ക്രിസ്മസ് പുരാണത്തിന്‍റെ നിഗൂഢതയും വിസ്മയവും, വര്‍ത്തമാനകാലത്തിന്‍റെ യാഥാര്‍ത്ഥ്യവും വിമര്‍ശനവും ചേര്‍ത്ത് സ്ക്രൂജിന്‍റെ മാനസാന്തരകഥ ഡിക്കന്‍സ് വാര്‍ത്തെടുക്കുന്നത്. അതിപ്രധാനമായ ഒരു ബൈബിള്‍പ്രമേയം സമകാലിക ലണ്ടന്‍ നഗരത്തിലെ ദരിദ്രരുടെ ജീവിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് എ ക്രിസ്മസ് കാരള്‍. സാമൂഹ്യനീതിയുടെയും ആര്‍ദ്രകരുണയുടെയും മൂല്യങ്ങള്‍ വിലമതിക്കുന്ന മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുകയെന്ന ഡിക്കന്‍സ് കൃതികളുടെ പൊതുവായ ലക്ഷ്യം കൂടുതല്‍ ഉജ്വലമായ ശോഭയോടെ ഇതില്‍ പ്രകാശിക്കുന്നുണ്ട്.
ക്രിസ്മസ് പുരാണത്തില്‍ ഗൂഢാര്‍ത്ഥസൂചകമായ ത്രയങ്ങള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. തിരുപ്പിറവിയെ സൂചിപ്പിക്കുന്ന ദിവ്യനക്ഷത്രത്തെ പിന്‍തുടര്‍ന്ന് ബേതലഹേമിലെത്തുന്നത് കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികളാണ്. അവര്‍ കാഴ്ചയര്‍പ്പിക്കുന്നത് മൂന്ന് വസ്തുക്കളാണ്. ദൈവത്രിത്വത്തിന്‍റെ സംഗമമാണ് തിരുജനനം. ഔസേഫും മറിയയും യേശുവും അടങ്ങുന്ന തിരുക്കുടുംബത്തിന്‍റെ ആയിത്തീരലാണ് ക്രിസ്മസ്. നോവലിന്‍റെ ഒന്നാം പടവില്‍ ജേക്കബ് മാര്‍ലിയുടെ പ്രേതം പ്രത്യക്ഷപ്പെടുംമുന്‍പ് സ്ക്രൂജ് അഭിമുഖീകരിക്കുന്നത് മൂന്ന് സന്ദര്‍ശനങ്ങളാണ്. ഒന്നാമതായി ക്രിസ്മസ് ആശംസകള്‍ നേരാനും ക്രിസ്മസ്വിരുന്നിന് അമ്മാവനെ ക്ഷണിക്കാനും അനന്തരവന്‍ ഫ്രെഡ് എത്തുന്നു. രണ്ടാമതെത്തുന്നത് ഒരു ധര്‍മ്മസ്ഥാപനത്തിന്‍റെ പ്രതിനിധികളാണ്. പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് സംഭാവന തേടി വന്നതാണ്. വിശപ്പടക്കാന്‍വേണ്ടി ക്രിസ്മസ് ഗാനം പാടി അലയുന്ന ഒരു പയ്യനാണ് മൂന്നാമത്തെ സന്ദര്‍ശകന്‍. മൂന്ന് കൂട്ടരേയും സ്ക്രൂജ് ആട്ടിയോടിക്കുന്നു.
ആഹ്ലാദകരമായ ദാനങ്ങളുടെയും ആത്മാര്‍ത്ഥമായ ബന്ധങ്ങളുടെയും വിനിമയം സാധ്യമാക്കുന്ന സഹവര്‍ത്തിത്വത്തിന്‍റെ ആഘോഷമാണ് ക്രിസ്മസ്. ആദാനപ്രദാനങ്ങളില്ലാതെ ആഘോഷമുണ്ടോ? അനുരഞ്ജനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും ആഘോഷമായ ക്രിസ്മസിനെ നികൃഷ്ടമായി നിരാകരിച്ച സ്ക്രൂജിനു മുന്നിലാണ് ആര്‍ദ്രതയുടെ സന്ദേശവുമായി മാര്‍ലിയുടെ പ്രേതം പ്രത്യക്ഷപ്പെടുന്നത്. ദ ജയന്‍റ്സ് ഗാര്‍ഡന്‍ എന്ന കഥയിലെ കൈകളില്‍ ആണിപ്പഴുതുകളുള്ള ഉണ്ണിയെപ്പോലെ, ഹാപ്പി പ്രിന്‍സിലെ മീവല്‍പ്പക്ഷിയെപ്പോലെ.
സ്ക്രൂജിന്‍റെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ മാര്‍ലിയുടെ പ്രേതം മൂന്നു വട്ടം അലറിവിളിക്കുന്നുണ്ട്. ദീനാനുകമ്പയുടെ പ്രാധാന്യം വെളിപ്പെടുത്താന്‍ മൂന്ന് രാജാക്കന്‍മാരെ അനുസ്മരിക്കുന്നുണ്ട്. തിരുപ്പിറവിയുടെ അടയാളമായ ദിവ്യനക്ഷത്രം ജ്ഞാനികളായ അവരെ നയിച്ചത് ഭൂമിയിലെ ഏറ്റവും എളിയ ഒരു പാര്‍പ്പിടത്തിലേക്കാണ് - കാലിത്തൊഴുത്തിലേക്ക്. പ്രശസ്ത ചലച്ചിത്രകാരി അപര്‍ണാ സെന്‍ 36 ചൗരംഗീ ലെയ്ന്‍ എന്ന സിനിമയില്‍ സമ്പന്നരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ തെരുവോരങ്ങളില്‍ തണുപ്പും വിശപ്പും സഹിച്ചു കിടന്നുറങ്ങുന്ന നിരാലംബരിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നുണ്ട്; കൂട്ടത്തില്‍ ഒരമ്മയും കുഞ്ഞും. ജ്ഞാനികളായ മൂന്ന് രാജാക്കന്‍മാര്‍ ചെയ്തതുപോലെ, ദിവ്യനക്ഷത്രത്തെ പിന്‍തുടരാനോ എളിയവരായ തന്‍റെ സഹജീവികളുടെ ദയനീയമായ പാര്‍പ്പിടങ്ങളിലേക്ക് തന്‍റെ കാലടികളെ നയിക്കാനോ കഴിയാതെ പോയതില്‍ മാര്‍ലിയുടെ പ്രേതം പരിതപിക്കുന്നുണ്ട്. തന്‍റെ ദുര്‍വിധി സ്ക്രൂജിനുണ്ടാവരുതെന്ന ആഗ്രഹം കൊണ്ടാണ് മൂന്ന് കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്മസിന്‍റെ മൂന്ന് മായാരൂപങ്ങളെ - ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് പാസ്റ്റ്, ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് പ്രസന്‍റ്, ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് യെറ്റ് റ്റു കം - സ്ക്രൂജിന്‍റെ അടുക്കലേക്ക് നിയോഗിച്ചയക്കുന്നത്.
ഡിക്കന്‍സിന്‍റെ ആദ്യസമാഹാരം ബോസിന്‍റെ സ്കെച്ചുകള്‍ (1836) എന്ന പേരിലാണിറങ്ങിയത്. സ്കെച്ചുകള്‍ എന്നാല്‍ പ്രാഥമികമായി ചിത്രകലയുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങളാണ്. ഡിക്കന്‍സിന്‍റെ രചനകള്‍ ഏറെ ദൃശ്യപരമാണ്. ക്രിസ്മസ് പാസ്റ്റിന്‍റെ ആത്മാവ് സ്ക്രൂജിന്‍റെ ബാല്യത്തിലെയും യൗവനത്തിലെയും മൂന്ന് രംഗങ്ങള്‍ സ്ക്രൂജിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. സ്കൂളില്‍ ഏകനായിരുന്ന് അലി ബാബയുടെയും റോബിന്‍സണ്‍ ക്രൂസോയുടെയും കഥകള്‍ വായിക്കുന്ന സ്ക്രൂജ്. പിതാവിന്‍റെ അനുമതി കിട്ടാത്തതിനാല്‍ ഒത്തിരി നാളായി വീട്ടില്‍ പോകാന്‍ കഴിയാതെ ദുഃഖിതനായ സ്ക്രൂജിനെ ഫാന്‍ എന്ന കൊച്ചനിയത്തി പിതാവിന്‍റെ സമ്മതം വാങ്ങി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഫാന്‍ ഇന്നു ജീവിച്ചിരിപ്പില്ല. അവള്‍ക്കൊരു മകനുണ്ട്, ഫ്രെഡ്. അല്പം മുന്‍പ് സ്ക്രൂജ് ആട്ടിയോടിച്ച ഫ്രെഡ്. രണ്ടാമതായി ഡിക് എന്ന ഉറ്റ ചങ്ങാതിയുമൊത്ത് ഫെസ്സിവിഗ്ഗിന്‍റെ പാണ്ടികശാലയില്‍ സ്ക്രൂജ് അപ്രന്‍റീസായിക്കഴിഞ്ഞ കാലമാണ് കാണിക്കുന്നത്. നല്ലവനായ ഫെസ്സിവിഗ്ഗിനെയും ചങ്ങാതിയായ ഡിക്കിനെയും സ്ക്രൂജ് മറന്നുപോയി. യുവാവായ സ്ക്രൂജ് തനിക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ തന്‍റെ കഷ്ടകാലത്തിലെ പ്രണയിനിയായ ബെല്‍ എന്ന യുവതിയെ ഉപേക്ഷിക്കുന്ന രംഗമാണ് മൂന്നാമത് കാണുന്നത്. സ്ക്രൂജിന് താങ്ങാവുന്നതിലും അധികമായിരുന്നു അതൊക്കെ. തന്നെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ അയാള്‍ ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് പാസ്റ്റിനോട് അഭ്യര്‍ത്ഥിച്ചു.
ദരിദ്രരോടും അനാഥരോടും നിരാലംബരോടും ചായ്വുള്ള എഴുത്തുകാരനാണ് ചാള്‍സ് ഡിക്കന്‍സ്. ദുരിതപൂര്‍ണമായ ബാല്യമാവാം ഡിക്കന്‍സിന്‍റെ ഈ ദീനാനുകമ്പക്കു പിന്നില്‍. കടം വീട്ടാനാവാതെ പിതാവ് ജയിലിലായി. താമസിയാതെ മറ്റു കുടുംബാംഗങ്ങളും ജയിലില്‍ പിതാവിനൊപ്പം ചേര്‍ന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ഷൂപോളിഷുണ്ടാക്കുന്ന ഒരു ഫാക്ടറിയില്‍ ഡിക്കന്‍സ് ജോലി ചെയ്യാനാരംഭിച്ചു. പശുത്തൊഴുത്തില്‍ പിറക്കുകയും ജീവന്‍ നിലനിര്‍ത്താന്‍ ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്ത യേശുവിന്‍റെ ക്രിസ്മസിന് ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്ന നിസ്വരോടാണ ്കൂടുതല്‍ അടുപ്പം എന്ന് ഡിക്കന്‍സ് കരുതുന്നതില്‍ തെറ്റുണ്ടോ?
ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് പ്രസന്‍റ് സ്ക്രൂജിനെ കൂട്ടിക്കൊണ്ടുപോയത് ക്രിസ്മസ് ദിനത്തിലെ ലണ്ടന്‍ നഗരത്തിന്‍റെ തെരുവുകളിലേക്കാണ്. നല്ലവരായ മനുഷ്യര്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ക്രിസ്മസ് ഡിന്നറുകളില്‍ ക്രിസ്മസ് പ്രസന്‍റിന്‍റെ ആത്മാവ് സുഗന്ധം തൂവി. സന്മനസ്സോടെ പാവങ്ങള്‍ക്കു നല്‍കുന്ന ഡിന്നറുകളായതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്ന് ആത്മാവ് സ്ക്രൂജിനെ അറിയിച്ചു. തന്‍റെ ക്ലാര്‍ക്കായ ബോബ് ക്രാച്ചിറ്റിന്‍റെയും അനന്തരവനായ ഫ്രെഡ്ഡിന്‍റെയും വീടുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ട സ്ക്രൂജിന് കുറ്റബോധമുണ്ടായി. ഒരിക്കല്‍പോലും ഇറ്റു ദയ കാണിക്കാതിരുന്നിട്ടും യജമാനനായ സ്ക്രൂജിന് ടോസ്റ്റ് പറഞ്ഞുകൊണ്ടാണ് ക്രാച്ചിറ്റ് ഡിന്നര്‍ ആരംഭിച്ചത്. തന്‍റെ അമ്മാവന്‍ ഏതു തരക്കാരനായാലും, അദ്ദേഹത്തിന് സന്തോഷകരമായ ക്രിസ്മസും നവവത്സരവും നേരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഫ്രെഡ് പാര്‍ട്ടിക്കു തുടക്കം കുറിച്ചത്. ക്രാച്ചിറ്റും ഫ്രെഡ്ഡിയും കാണിച്ച നന്ദിയുടെയും ആദരവിന്‍റെയും പ്രകടനങ്ങള്‍ സ്ക്രൂജിനെ കൂടുതല്‍ നിരായുധനാക്കി. കൂടാതെ, സ്ക്രൂജിന്‍റെ പേരു കേട്ട മാത്രയില്‍ ക്രാച്ചിറ്റിന്‍റെ ഭാര്യക്കുണ്ടായ ക്ഷോഭവും ഫ്രെഡ്ഡിന്‍റെ സുഹൃത്തുക്കളുടെ പരിഹാസവും സ്ക്രൂജിന്‍റെ അഹന്തക്ക് കനത്ത പ്രഹരമേല്പിച്ചു.
സ്ക്രൂജിന്‍റെ മരണമാണ് ദ ഗോസ്റ്റ് ഓഫ് ക്രിസ്മസ് യെറ്റ് റ്റു കം സ്ക്രൂജിനെ കാണിച്ചുകൊടുക്കുന്നത്. സ്ക്രൂജിന്‍റെ മരണവാര്‍ത്ത ആരെയും ഞെട്ടിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല. ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍ക്കും താല്പര്യമില്ല. സ്ക്രൂജിനോട് കടം മേടിച്ചവര്‍ മരണവാര്‍ത്തയറിഞ്ഞ് സന്തോഷിക്കുകയാണ്. സ്വന്തം ശവക്കുഴിക്കരികില്‍ എത്തുമ്പോഴാണ് മരിച്ചുകിടക്കുന്നത് താനാണെന്ന സത്യം സ്ക്രൂജ് തിരിച്ചറിയുന്നത്. ക്രിസ്മസ് ഗോസ്റ്റിന്‍റെ കൈയില്‍ പിടിച്ച് സ്ക്രൂജ് ആണയിട്ടു, താന്‍ ജീവിതകാലം മുഴുവന്‍ ക്രിസ്മസിനെ ആദരിക്കുമെന്ന്. ഇതോടെ മായാരൂപം അപ്രത്യക്ഷമായി.
ഇനി യാഥാര്‍ത്ഥ്യത്തിന്‍റെ കാലം. സ്ക്രൂജ് ഒരു പുതിയ മനുഷ്യനായി. ക്രിസ്മസ് ദിനമാണ്. കണ്ണില്‍ കണ്ടവരെയെല്ലാം സ്ക്രൂജ് അഭിവാദ്യം ചെയ്തു. ആശംസകള്‍ നേര്‍ന്നു. ഏറ്റവും വലിയ ഒരു ടര്‍ക്കിക്കോഴി വാങ്ങി ക്രാച്ചിറ്റിന്‍റെ വീട്ടിലേക്ക് അജ്ഞാതനാമാവായി കൊടുത്തയച്ചു. തലേന്ന് തിരിച്ചയച്ച ധര്‍മ്മസ്ഥാപനത്തിന്‍റെ പ്രവര്‍ത്തകരെ വിളിച്ച് വലിയൊരു തുക സംഭാവന നല്‍കി. ഫ്രെഡ്ഡിന്‍റെ വീട്ടിലെത്തി വിരുന്നില്‍ പങ്കുകൊണ്ടു. ക്രാച്ചിറ്റിന്‍റെ ശമ്പളം വര്‍ദ്ധിപ്പിച്ചു. കുടുംബത്തെ സഹായിക്കാമെന്നേറ്റു. അയാളുടെ വൈകല്യമുള്ള പുത്രന്‍ ടൈനി ടിമ്മിന് സ്ക്രൂജ് നല്ലൊരു സ്നേഹിതനായി. സ്ക്രൂജില്‍ വന്ന മാറ്റം അതിശയകരമായിരുന്നു. അയഞ്ഞയഞ്ഞ് ശിഥിലമാകുന്ന ബന്ധങ്ങളുടെ ഇഴകള്‍ കൂട്ടിച്ചേര്‍ക്കുന്ന മനോഭാവമാണ് ക്രിസ്മസിന്‍റെ ജീവാത്മാവ്.
ജീവിക്കുന്ന യാതൊന്നും ഒറ്റക്കു ജീവിക്കുന്നില്ലെന്നും തനിക്കായിമാത്രം ആരും ജീവിക്കുന്നില്ലെന്നും ഉള്ള വില്യം ബ്ലേക്കിന്‍റെ വാക്കുകളെ (ദ ബുക്ക് ഓഫ് തേല്‍, പ്ലേറ്റ് 3, ലൈന്‍ 26) അനുസ്മരിപ്പിക്കുന്നതാണ് ഡിക്കന്‍സിന്‍റെ ക്രിസ്മസ് കഥകള്‍. എ ക്രിസ്മസ് കാരോള്‍ ആണ് അതില്‍ ഏറ്റവും പ്രശസ്തം. ദൈവത്തിന്‍റെ സ്ഥാനത്ത് ധനം/മാമോന്‍ വന്നതോടെ ക്രിസ്മസിന്‍റെ അര്‍ത്ഥം ലോപിച്ചുപോയി. ആചാരവും അനുഷ്ഠാനവും വ്യാപാരവുമായി ചുരുങ്ങിപ്പോയ ക്രിസ്മസിന്‍റെ അര്‍ത്ഥം അളവില്ലാത്ത ആര്‍ദ്രതയും കരുണയും ചെലവഴിച്ചുകൊണ്ടേ വീണ്ടെടുക്കാന്‍ പറ്റൂ. എബനേസര്‍ സ്ക്രൂജിന്‍റെ കഥ ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. څമറ്റൊരുത്തന്‍റെ ദുരിതം കണ്ടാല്‍ വ്യസനം കൂടാതെ പറ്റുമോ? മറ്റൊരുത്തന്‍റെ ദുഃഖം കണ്ടാല്‍ ഉപശാന്തി തേടാതെ പറ്റുമോ?چ(വില്യം ബ്ലേക്ക്, ഓണ്‍ അനതേഴ്സ് സോറോ).