news-details
ഇടിയും മിന്നലും
"അതിരുവിട്ടു റിസ്ക്കെടുക്കുന്നതാണ് അച്ചന്മാരു ചെന്നുചാടുന്ന കുരുക്കിലധികത്തിന്‍റെയും കാരണം." പെട്രോളുമടിച്ച് വണ്ടിനീങ്ങിയ ഉടനെ വക്കീലു പറഞ്ഞുതുടങ്ങി. ഇനിയും വിഷയം മാറാതെ മിണ്ടാതിരുന്നു കേള്‍ക്കാന്‍തന്നെ ഞാനും തീരുമാനിച്ചു.
 
"നമ്മുടെ ഈ പോക്കുകൊണ്ടു എന്തെങ്കിലും ഫലമുണ്ടാകുമെന്ന് എനിക്കു കാര്യമായ പ്രതീക്ഷയില്ലച്ചാ. എന്നാലും എന്നെക്കൊണ്ടു പറ്റാവുന്നതെല്ലാം ചെയ്തു എന്നൊരു സമാധാനം കിട്ടുമല്ലോ എന്നുകരുതിയാണ് അച്ചനേയും ബുദ്ധിമുട്ടിക്കുന്നത്. തന്നെയല്ല, പ്രായമായെന്നു കൂട്ടാക്കണ്ട, അച്ചനും വല്ല ഏടാകൂടത്തിലുംചെന്നു ചാടാതിരിക്കാനും, ആര്‍ക്കെങ്കിലുമൊക്കെ ഇനീം വല്ലതും പറഞ്ഞുകൊടുക്കാനും ഒരു റീയല്‍ കേസുപഠനവുമാകും ഇത്."
 
"ഈ ചക്കപ്പുഴുക്കുപോലെ കുഴയുന്നതിനായിരിക്കും വക്കീല്‍സാറ് ഈ ഏടാകൂടമെന്നു പറഞ്ഞത്."
 
"യേസ് യുവര്‍ ഓണര്‍. വളിപ്പു നിര്‍ത്തിയിട്ട്, ഇനി കഥയുടെ ചുരുക്കം പറയാം. നല്ല ചുറുചുറുക്കുള്ള ഒരു കൊച്ചച്ചന്‍. പള്ളിഭരണത്തിന്‍റെകൂടെ ഇടയ്ക്കിടെ പലടത്തും ധ്യാനിപ്പിക്കുന്നതിനും പോകാറുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനും, ഉപദേശംതേടിയും അദ്ദേഹത്തിന്‍റെയടുത്തു ചെന്നവര്‍ക്കൊക്കെ സമാധാനം കിട്ടി. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ആളിനു നല്ലയൊരു ഇമേജായി. 
 
അനുകമ്പ നല്ലതാണെങ്കിലും അത് ഈ അച്ചന്‍റെ കാര്യത്തില്‍ ഒരു വീക്നസ്സ് ആയിരുന്നു. സ്വന്തം കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ട് നന്നായി അനുഭവിച്ചറിഞ്ഞിരുന്നതുകൊണ്ടായിരിക്കാം, വിഷമിക്കുന്നവരെ കാണുമ്പോള്‍ ആരോടെങ്കിലും കടംവാങ്ങിയിട്ടായാലും എല്ലാംമറന്ന് അവരെ സഹായിക്കും. അങ്ങനെ പലപ്പോഴും കടംവാങ്ങിയതു തിരിച്ചുകൊടുക്കാന്‍ പറ്റാതെ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോള്‍ വേറെചില അച്ചന്മാരുതന്നെ ഇടപെട്ടു സഹായിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ച് ഇദ്ദേഹത്തിന് താക്കീത് കൊടുത്തിട്ടുള്ളതുമായിരുന്നു. എന്നാലും പിന്നെയും സാഹചര്യം വരുമ്പോള്‍ അച്ചന്‍റെ കണ്ട്രോളുപോകും. അതിന്‍റെയൊക്കെപേരില്‍ ഒന്നുരണ്ടു സ്ഥലംമാറ്റങ്ങളും ഉണ്ടായതാണ്. അച്ചന്‍റെ നന്മകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു സമ്മതിച്ചാലും, വിവേകമില്ലെങ്കില്‍ ചെയ്യുന്നതു നല്ലകാര്യമാണെങ്കിലും എന്നെങ്കിലും കുടുക്കിലാകാതിരിക്കത്തില്ലല്ലോ. ഇതങ്ങനെ ഏടാകൂടത്തിലായ ഒരു കേസാണ്. 
 
അച്ചനു വളരെ അടുത്തുപരിചയമുണ്ടായിരുന്ന ഒരു സിസ്റ്റര്‍ അവരുടെ വീട്ടിലെ ഒരു ഗുരുതര പ്രശ്നവുമായി അച്ചന്‍റെ അടുത്തുചെന്നു. പാവപ്പെട്ട കുടുംബം. ഒരാങ്ങളയും അനുജത്തിയും സിസ്റ്ററിനുണ്ട്. അനുജത്തിയെ കെട്ടിച്ചയക്കാന്‍ നല്ലൊരുതുക ആങ്ങള ബാങ്കില്‍നിന്നും കടമെടുത്തു. കഷ്ടപ്പെട്ടു കടം വീട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ അപ്പനു പെട്ടെന്നു ഗുരുതരമായ അസുഖം പിടിപെട്ടു. ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ലക്ഷങ്ങളായി. ഇപ്പോളും ചികിത്സ തുടരുന്നു. കടംവീട്ടാന്‍ പറ്റാതെ ബാങ്കില്‍നിന്നും ജപ്തിനോട്ടീസുവന്നു. പെരുവഴിയിലിറങ്ങുകയല്ലാതെ മാര്‍ഗ്ഗമില്ലാതെ തകര്‍ന്നപ്പോള്‍ ആങ്ങളയുടെ ഭാര്യവീട്ടുകാര്, വല്യ സമ്പന്നരല്ലെങ്കിലും സന്മനസ്സുകാണിച്ച് അവരുടെ കുറച്ചു സ്ഥലംവിറ്റു പരിഹാരമുണ്ടാക്കാന്‍ സമ്മതിച്ചു. പക്ഷെ ന്യായമായവിലക്ക് അതു വാങ്ങാന്‍ ആളെ കിട്ടുന്നില്ല. അതൊന്നു വില്ക്കുന്നതുവരെ അവധിചോദിച്ച്, മൂന്നുപ്രാവശ്യം നീട്ടിക്കൊടുത്ത് അവസാനം ബാങ്കുകാര് നിശ്ചയിച്ച അവസാന തീയതിയാകാന്‍ മൂന്നുദിവസമേ ഇനിയുള്ളു. ബാങ്കുകാര്‍ എല്ലാ പരിഗണനയും കൊടുത്തിട്ടും ഇരുപത്തൊന്നു ലക്ഷംരൂപ അടയ്ക്കണം. സിസ്റ്ററിന്‍റെ കണ്ണുനീരും ആ വീട്ടുകാരുടെ ദയനീയാവസ്ഥയുമോര്‍ത്തപ്പോള്‍ അച്ചന്‍റെ നിയന്ത്രണംപോയി. 

അത്രയും വന്‍തുകയുണ്ടാക്കാന്‍ യാതൊരുവഴിയും ഇല്ലെന്ന് ഉറപ്പായിരുന്നെങ്കിലും ആങ്ങളയോട് ഉടനെവന്ന് അച്ചനെ കാണാന്‍ പറഞ്ഞ് സിസ്റ്ററിനെ ആശ്വസിപ്പിച്ചുവിട്ടു. അന്നുതന്നെ ആങ്ങളയെത്തി. സാമ്പത്തികമായി പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുകയായതുകൊണ്ട് ആരും സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നും, അച്ചനു പരിചയമുള്ള ആര്‍ക്കെങ്കിലും വില്‍ക്കാനുള്ളവസ്തു എഴുതിക്കൊടുക്കാം, കടം തീര്‍ക്കാനുള്ള തുകമാത്രം ഉടനെ കൊടുത്താല്‍മതി, അതിന്‍റെ ഇരട്ടിയോളം വിലവരുന്ന വസ്തുവാണ്, അയാള്‍ കരഞ്ഞുകൊണ്ടാണ് അതു പറഞ്ഞത്. അതല്ല ആരെങ്കിലും എങ്ങനെയെങ്കിലും കടംവീട്ടാനുള്ളപണം കൊടുത്താല്‍ ഒരുമാസത്തിനുള്ളില്‍ വസ്തുവിറ്റ് ഉറപ്പായിട്ടും തിരിച്ചുകൊടുക്കാം. ആരും ആശ്രയിക്കാനില്ലാത്ത അയാളുടെ കരച്ചില്‍ അച്ചനെ വല്ലാതെ വിഷമത്തിലാക്കി. എന്തെങ്കിലുംവഴി ആലോചിക്കട്ടെ, പോയിട്ട് പിറ്റെദിവസം രാവിലെ വരാന്‍പറഞ്ഞ് അയാളെ പറഞ്ഞുവിട്ടു. 
 
എന്തുചെയ്യും എന്ന് ഒരു രൂപവുമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് അച്ചന്‍റെ മനസ്സിലേക്ക് ഒരാശയമെത്തിയത്. അച്ചന്‍ നേരെ ട്രസ്റ്റിയുടെ വീട്ടിലേയ്ക്കാണ് ആ രാത്രിയില്‍ പോയത്. അയാളെയുംകൂട്ടി പള്ളിയിലെ കണക്കന്‍റെ അടുത്തേയ്ക്കുപോയി. രണ്ടുപേരും അച്ചനോട് നല്ല അടുപ്പമുള്ളവരാണ്. കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര് അച്ചനെ നിരുത്സാഹപ്പെടുത്തി. സഹായം അര്‍ഹിക്കുന്ന കേസാണെങ്കിലും വല്യ റിസ്ക്കായിരിക്കും അച്ചനെടുക്കുക. അച്ചന്‍റെ മനസ്സു നല്ലതാണെങ്കിലും എന്തെങ്കിലും പാളിച്ചപറ്റിയാല്‍ പിന്നെ പിടിച്ചുകയറാന്‍ പറ്റാതെവരും എന്നൊക്കെ അവരു തടസ്സം പറഞ്ഞെങ്കിലും, ഒരു കുടുംബം രക്ഷ പെടുന്ന കേസാണ്, അതുചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ഞാന്‍ അച്ചനായിട്ടിരിക്കുക, എന്നൊക്കെ അച്ചന്‍ മനപ്രയാസത്തോടെ പറയുന്നതുകേട്ടപ്പോള്‍, അവരും മനസ്സില്ലാമന സ്സോടെ സമ്മതം മൂളി.
 
ആരുകേട്ടാലും അവിവേകമാണെന്നു തോന്നുന്ന കാര്യമായിരുന്നു അച്ചന്‍ അവരോടു പറഞ്ഞ പദ്ധതി. ഉള്ളില്‍ തീരെ ഇടസൗകര്യ മില്ലാത്ത പള്ളി പുതുക്കിപ്പണിയാന്‍ നാലഞ്ചുവര്‍ഷ ങ്ങള്‍ക്കുമുമ്പ് ആലോചിച്ച് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വച്ചിരിക്കുന്നതാണ്. നാല്പതു ലക്ഷത്തോളം രൂപയാകുമെന്നുറപ്പായതുകൊണ്ട് സാവകാശം പറ്റാവുന്ന തരത്തിലൊക്കെ പണംസംഭരിച്ച് ഉറപ്പാക്കിയിട്ടു പണിതുടങ്ങിയാല്‍ മതിയെന്നായിരുന്നു വിവേകപൂര്‍വ്വമായ പൊതുയോഗ തീരുമാനം. മുന്‍ഗാമിയായിരുന്ന വികാരിയച്ചന്‍ തുടങ്ങിവച്ച പദ്ധതിയായിരുന്നു പള്ളിപണി. അങ്ങനെ നാലുവര്‍ഷംകൊണ്ടു സംഭരിച്ച ഇരുപത്താറുലക്ഷംരൂപാ സഹകരണ ബാങ്കില്‍ സ്ഥിരം നിക്ഷേപമായിട്ടുണ്ട്. കൂടാതെ ഇടവകയിലെ രണ്ടുമൂന്നുഭക്തസംഘടനകളും പള്ളിപണിക്കുവേണ്ടി അവരുടെവകയായി സംഭരിച്ചതും ഫിക്സഡായി ബാങ്കിലുണ്ട്. ഇതില്‍ നിന്നെല്ലാമെടുത്ത് ആളിന്‍റെ ഇപ്പോളത്തെ അത്യാവശ്യം നടത്തിക്കൊടുക്കുക. തിരിച്ചു കിട്ടുമെന്നുറപ്പാണ്. അതായിരുന്നു അച്ചന്‍ മുന്നോട്ടുവച്ച പദ്ധതി.
 
ആരറിഞ്ഞാലും എതിര്‍ക്കുമെന്നുറപ്പാണ്, അതുകൊണ്ട് കമ്മറ്റിക്കാരെയും പൊതുയോഗ ത്തിലും ഒന്നും അറിയിക്കണ്ട. പണം തിരിച്ചുകിട്ടിയാ ലുടനെ ആരുമറിയാതെ തിരിച്ചടച്ച് പ്രശ്നമില്ലാതെ കാര്യവും തീരും. ഒട്ടും മനസ്സില്ലായിരുന്നെങ്കിലും ട്രസ്റ്റിക്കും കണക്കനും അച്ചന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടിവന്നു. ബാങ്കുമായിട്ട് ആലോചിച്ചപ്പോള്‍ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതിന്‍റെ ഈടില്‍ കടം കൊടുക്കാം, തിരിച്ചടയ്ക്കുമ്പോള്‍ പലിശകൂടെ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റു തിരിച്ചുകിട്ടും, ആരുമറിയാനും പോകുന്നില്ല എന്നുറപ്പായി.
 
പിറ്റെദിവസംതന്നെ കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി ബാങ്കുകാരും സഹകരിച്ചതുകൊണ്ട് എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. ബാങ്കും ബാങ്കുമായി ഇടപെട്ടുതന്നെ പ്രശ്നം പരിഹരിച്ചു. എല്ലാവര്‍ക്കും ആശ്വാസമായി. സിസ്റ്ററും വീട്ടുകാരെല്ലാവരുംവന്ന് അച്ചനോട് നന്ദിയും പറഞ്ഞു. ഒരു മാസത്തിനുമുമ്പുതന്നെ പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിലും സാമാന്യം ന്യായമായവിലയ്ക്ക് വസ്തുവില്ക്കാന്‍ സാധിച്ചതുകൊണ്ട് അവരു കൃത്യമായി വാക്കും പാലിച്ചു. അവര് അച്ചനോടുള്ള നന്ദിയായി പള്ളിപണിക്ക് ഒരുലക്ഷം രൂപയുംചേര്‍ത്ത് ഇരുപത്തിരണ്ടു ലക്ഷം രൂപാ അച്ചനെ തിരിച്ച് ഏല്പിച്ചു. ആരുമറിയാതെ എല്ലാം സാധിച്ചതില്‍ അച്ചനും ട്രസ്റ്റിക്കും കണക്കനും സമാധാനവുമായി. 
 
പിന്നെയുണ്ടായ നീക്കങ്ങളാണ് സര്‍വ്വകണക്കുകളും തെറ്റിച്ചത്. കൃത്യം ആ സമയത്ത് ട്രസ്റ്റിക്കു വേണ്ടപ്പെട്ട മൂന്നുനാലുപേര്‍ക്ക് ബാങ്ക്ലോണ്‍ പുതുക്കാന്‍ സമയമായിരുന്നു. മൂന്നുംനാലും ലക്ഷംരൂപവീതം  ലോണെടുത്തിരുന്ന അവര്‍ക്ക് മൂന്നുനാലുദിവസത്തേയ്ക്കുമാത്രം അതടച്ച് ലോണ്‍പുതുക്കി തിരിച്ചെടുത്താല്‍ മതി. ഒരു തടസ്സവും പറയാതെ അച്ചന്‍ അതവര്‍ക്കു കൊടുത്തു. അവരും കൃത്യമായി കാര്യംസാധിച്ച് ഒരാഴചയ്ക്കുള്ളില്‍ തിരിച്ചുംകൊടുത്തു. നന്ദിയായി അവരും അച്ചന്‍ ചോദിക്കാതെതന്നെ അയ്യായിരം രൂപാവീതം പള്ളിപണിക്കു സംഭാവനയുംചെയ്തു. അങ്ങനെയുംകിട്ടി പത്തിരുപതിനായിരംരൂപാ. തൊട്ടടുത്തതു ശനിയും ഞായറുമായിരുന്നതു കൊണ്ട് ബാങ്കിലെ ഇടപാടുകള്‍ എല്ലാം ക്ലോസ് ചെയ്യാന്‍ അച്ചന്‍ രണ്ടുദിവസം വൈകി. 
 
അത്രയും തുക പ്രതീക്ഷിക്കാതെ കിട്ടിയെന്നറിഞ്ഞപ്പോള്‍ കൈക്കാരന്‍തന്നെയാണ് ആ ഞായറാഴ്ച വിശ്വസ്തനായ ഒരാളുടെകാര്യം അച്ചനോടു പറഞ്ഞത്. അയാള്‍ക്ക് ഇരുപതുലക്ഷംരൂപാ രണ്ടുമാസത്തേയ്ക്ക് കടംകൊടുത്താല്‍ ഇരുപത്തി യഞ്ചു ലക്ഷം തിരികെകിട്ടും. പക്ഷേ, കൈപ്പറ്റി എന്നരേഖയല്ലാതെ വേറെ ഈടൊന്നും കിട്ടത്തില്ല. ബാങ്കുവഴിയൊന്നും സാധിക്കില്ല, ക്യാഷായിട്ടുതന്നെ കൊടുക്കുകയുംവേണം. പക്ഷെ തിരിച്ചുകിട്ടും എന്നുറപ്പാണ്. കൈക്കാരന്‍ അശേഷംപോലും നിര്‍ബ്ബന്ധിച്ചില്ല. പൂര്‍ണ്ണമായും അച്ചന്‍റെ തീരുമാന ത്തിനു വിട്ടു. അച്ചന്‍ ആ പദ്ധതി അപ്പളേ തള്ളി.         പക്ഷേ അന്നുരാത്രി അച്ചനുറങ്ങാന്‍ പറ്റിയില്ല. അപ്രതീക്ഷിതമായി ഒരുലക്ഷത്തിലധികം രൂപാ ഒരു മാസംകൊണ്ടു കൈയ്യില്‍വന്നു. ഈ അഞ്ചുലക്ഷം കൂടി കിട്ടിയാല്‍ പള്ളിപണി തുടങ്ങാനുള്ള തുക എതാണ്ടു തികയും. വെറുതെ കിട്ടുന്നതാണ്. രണ്ടുമാസംമതി. ഇതുവരെ പ്രശ്നമൊന്നുമു ണ്ടായില്ലല്ലോ, അച്ചന്‍റെ മനസ്സില്‍ ചിന്തകളങ്ങനെ മാറിമാറിവന്നു കൊണ്ടിരുന്നു. 
 
പിറ്റെദിവസം രാവിലെ അച്ചന്‍ കൈക്കാരനെ വിളിച്ചുവരുത്തി വിശദവിവരങ്ങള്‍ അന്വേഷിച്ചു. തിരിച്ചുകിട്ടും എന്നുള്ളകാര്യത്തില്‍ ആള്‍ക്കു നല്ല ഉറപ്പാണ്. ആളുടെ അടുത്ത ബന്ധുവാണ് ആവശ്യക്കാരന്‍. വിഷയം രാഷ്ട്രീയം. തൊട്ടടുത്ത സംസ്ഥാനത്തില്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു വരികയാണ്.  ഒരു പ്രത്യേകരാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടത് പലകാരണങ്ങ ളാലും അവിടെ തോട്ടങ്ങളും മറ്റുപ്രസ്ഥാന ങ്ങളുമുള്ള ഈ ബന്ധുവിന്‍റെ ആവശ്യമാണ്. വിജയസാധ്യത ഏറെയുണ്ടുതാനും. അതിനുവേണ്ടി യാണു പണം. ഇലക്ഷന്‍ താമസിയാതെ പ്രഖ്യാ പിക്കും. പ്രചാരണം ചൂടാകുന്നതോടെ പണവും വരും, ഇലക്ഷനുമുമ്പുതന്നെ കടംകൊടുത്തതു തിരിച്ചുകിട്ടുകയും ചെയ്യും.
 
ഇലക്ഷനില്‍ പണമൊഴുകും എന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നതുകൊണ്ട് പോലീസിന്‍റെ റെയ്ഡും ചെക്കിങ്ങും എല്ലാം ശക്തമാക്കിയിരുന്നു അതുകൊണ്ട് രാഷ്ട്രീയബന്ധമില്ലാത്ത ആരെങ്കിലും വഴി പണം അവിടെ എത്തിച്ചുകൊടുക്കണം. എരണംകെട്ട പണിയാണെന്നു കേട്ടപ്പോളെ അച്ചനു തോന്നിയെങ്കിലും രണ്ടുമാസംകൊണ്ട് അഞ്ചുലക്ഷം രൂപകിട്ടുന്നതാണ്. അത് അച്ചന്‍റെ തലക്കുപിടിച്ചു, വിവേകം കെട്ടുപോയി. രണ്ടുസ്യൂട്കേസുകളില്‍ തുണിയുടെയിടയില്‍ അടുക്കി ഇരുപതുലക്ഷം രൂപയുമായി പോകാന്‍ രണ്ടുവിശ്വസതരെ കിട്ടി യാത്രയാക്കി. അതിര്‍ത്തിയിലെത്തിയപ്പോള്‍ ആ സംസ്ഥാനത്തിനു വെളിയില്‍നിന്നുള്ളവണ്ടിയുമായി തുടര്‍ന്നുള്ള യാത്ര സംശയം തോന്നിക്കാന്‍ ഇടയു ണ്ടായിരുന്നതുകൊണ്ട്, വണ്ടിയും ഡ്രൈവറെയും അവിടെയാക്കി, ആ സംസ്ഥാനത്തിന്‍റെ ഒരു ടാക്സിജീപ്പിലാണ് അവര്‍ യാത്രതുടര്‍ന്നത്. എത്തേണ്ട സ്ഥലത്തിനു പാതിദൂരമെത്തിയപ്പോള്‍ ഓവര്‍സ്പീഡില്‍ ആയിരുന്ന ജീപ്പ് പോലീസ് തടഞ്ഞു. ഡ്രൈവറെ താക്കീതുചെയ്ത് വിടാന്‍ തുടങ്ങിയപ്പോള്‍ അകത്തിരുന്നവരുടെ അങ്കലാപ്പു കണ്ടിട്ടാകണം പോലീസിനു സംശയംതോന്നി ചെക്കിങ് തുടങ്ങി. പെട്ടിതുറക്കേണ്ടിവന്നു. പിടിക്കപ്പെട്ടാല്‍ പറയാനുള്ള കള്ളമൊന്നും പറഞ്ഞുപഠിപ്പിച്ചു വിട്ടിട്ടില്ലാതിരുന്നതുകാരണം ചോദ്യം ചെയ്തപ്പോള്‍ അവരു രണ്ടുപേരും പറഞ്ഞതുതമ്മില്‍ പൊരുത്തപ്പെടാതെ പോയി. വണ്ടിസഹിതം സ്റ്റേഷനിലായി. പാവം, ടാക്സിക്കാ രനെ രക്ഷിക്കാനും അയാളുടെ വണ്ടി പുറത്തിറക്കാ നുംവേണ്ടി നാട്ടില്‍നിന്ന് ആളെത്തി നല്ലതുക ചെലവാക്കേണ്ടിവന്നു. പിടിച്ചെടുത്തപണം അന്വേഷണത്തിനായി കണ്ടുകെട്ടി. രണ്ടാഴ്ചയെ ടുത്തു രണ്ടു പേര്‍ക്കു ജാമ്യംകിട്ടാന്‍. അതിനും ചെലവായി വലിയതുക. 
 
പാവം അച്ചന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയാല്‍മതി. സ്വയം വരുത്തിവച്ച വിനയായതു കൊണ്ടും മുമ്പ് പല പ്രാവശ്യം താക്കീതുകള്‍ കൊടുത്തിട്ടുണ്ടായിരുന്നതുകൊണ്ടും ഓരോരു ത്തരായി എല്ലാവരും അച്ചനെ കൈയ്യൊഴിഞ്ഞു. ആ ഇലക്ഷനില്‍ കൈക്കാരന്‍റെ ബന്ധുവിന്‍റെ സ്ഥാനാര്‍ത്ഥി തോറ്റുംപോയി. അതോടെ പണം തിരിച്ചുപിടിക്കാനുള്ള എന്തെങ്കിലും സാധ്യതയു ണ്ടായിരുന്നതും അടഞ്ഞു. ആരുടെയൊക്കെയോ കാലുപിടിച്ചും കോഴകൊടുത്തും കേസ് ഒതുക്കാന്‍വേണ്ടി അച്ചന് ആകെയുണ്ടായിരുന്ന പിതൃസ്വത്ത് 25 സെന്‍റ്വില്‍ക്കേണ്ടിവന്നു. നാണ ക്കേടും കേസും ഒഴിവാക്കാനും അച്ചനെ രക്ഷി ക്കാനുംവേണ്ടി, അത്യാവശ്യം ജീവിക്കാന്‍മാത്രം മാര്‍ഗ്ഗമുണ്ടായിരുന്ന അച്ചന്‍റെ അനുജന്‍ അയാളുടെ വസ്തുവില്‍ പാതിവിറ്റ് പള്ളിയുടെ കാശുമുഴുവന്‍ കൊടുത്തു തീര്‍ത്തു. അതോടെ പള്ളിക്കാരുടെ പ്രശ്നംതീര്‍ന്നു. അതിനുശേഷം നാല് പൊതുതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. ആ ഇരുപതുലക്ഷം പോയവഴിയേ പോയി!!
 
പള്ളിയുടെ കടംവീട്ടിക്കഴിഞ്ഞ് അച്ചന്‍ സ്വമനസ്സാലെ അവധിയെടുത്ത് ഏതോ ആശ്രമത്തിലേയ്ക്കുപോയി. സംഭവങ്ങളെല്ലാം അറിഞ്ഞപ്പോള്‍ ഇതിന്‍റെയെല്ലാം തുടക്കം, താനാണല്ലോ എന്നോര്‍ത്ത് ആ സിസ്റ്റര്‍ അച്ചനെക്കാണാനും ആശ്വസിപ്പിക്കാനും ഒന്നിലധികം പ്രാവശ്യം ആശ്രമത്തില്‍ചെന്നു. അതിനെപ്പറ്റി ആരൊക്കെയോ നിറംപിടിപ്പിച്ച കഥകള്‍ മെനഞ്ഞു. അതോടെ അച്ചന് ആ ആശ്രമത്തില്‍നിന്നും പോകേണ്ടിവന്നു. ആ സിസ്റ്ററിനു അവരായിരുന്ന മഠത്തില്‍നിന്ന് പണീഷ്മെന്‍റ് ട്രാന്‍സ്ഫറും! 
 
സ്വന്തം പിതൃസ്വത്തും, അനുജന്‍റെ വസ്തുവും വിറ്റ സ്ഥിതിക്ക് വീട്ടിലേക്കു പോകാ നാകാത്ത അവസ്ഥ. വീണ്ടും സ്വന്തംനിലയില്‍ തീരുമാനമെടുത്ത് നാട്ടില്‍നിന്നു വിട്ടുനില്ക്കാന്‍വേണ്ടി വടക്കേഇന്‍ഡ്യയിലേയ്ക്കു പോയി. അവിടെ പത്തുപതിന്നാലുവര്‍ഷം പലയിടങ്ങ ളിലായി ചെലവഴിച്ചു. ഒരിടത്തും നിലയുറപ്പി ക്കാനായില്ല. കാരണമെന്താണെന്ന് ആള്‍ക്കും അറിയില്ല, ആരോടുമൊട്ടു പറയുകയുമില്ല. അനുജന്‍ ഇന്നുവരെയും ഒരിക്കലും പരാതിപറയുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവസാനം അനുജന്‍റെ നിര്‍ബ്ബന്ധംകൊണ്ട് നാട്ടിലേക്കു തിരിച്ചുപോന്നു, അയാളുടെ വീട്ടിലാണു താമസം. ആരോഗ്യം തീരെ ക്ഷയിച്ചു. അനുവാദത്തോടെ വീട്ടില്‍തന്നെ കുര്‍ബ്ബാനയുംചൊല്ലി ജീവിക്കുന്നു. പുറത്തുപോകില്ല, ആരോടും മിണ്ടില്ല. എല്ലാവരും തള്ളി, തഴഞ്ഞു എന്നുമാത്രം വല്ലപ്പോഴും പറയും. പിന്നെ കണ്ണീരോടെ ചിലപ്പോളൊക്കെ, നല്ല ഉദ്ദേശത്തോടുകൂടി എല്ലാം ചെയ്തിട്ടും, പണ്ടു നഷ്ടമായ വന്‍തുകയുടെ കാര്യവും പറയും.
 
കുറച്ചുകാലമായി ഞാനിങ്ങനെ പലര്‍ക്കും സൗജന്യമായി നിയമോപദേശം കൊടുക്കുന്നു ണ്ടെന്ന് ആരോപറഞ്ഞറിഞ്ഞ് അച്ചന്‍റെ അനുജന്‍, കുറെനാളുമുമ്പ് എന്‍റെയടുത്തുവന്ന് പറഞ്ഞ് ഞാനറിഞ്ഞ കാര്യങ്ങളാണിതെല്ലാം. ആ പഴയ പണത്തിന്‍റെ ഇടപാട് ഏതെങ്കിലും തരത്തില്‍ പൊക്കിയെടുത്ത് അതു തിരിച്ചുകിട്ടാന്‍ വല്ല സാധ്യതയുമുണ്ടോ എന്നറിയാനായിരുന്നു അനുജന്‍ ഇതെല്ലാം പറഞ്ഞത്. ആ കാശു കിട്ടാന്‍വേണ്ടിയല്ല, അതുകിട്ടിയാല്‍ എങ്ങനെയെങ്കിലും ചേട്ടനച്ചന് അത്രയുമെങ്കിലും ഒരാശ്വാസം കിട്ടുമല്ലോ എന്നോര്‍ത്തിട്ടാണ്, ആ കാശു കിട്ടിയാലും ഏതെങ്കിലും പാവങ്ങള്‍ക്കു കൊടുത്താല്‍മതി, എന്നൊക്കെ അനുജന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അച്ചനെ കാണാന്‍ പോയി. ഒന്നല്ല, മൂന്നു പ്രാവശ്യം. എത്രയും മാന്യമായും ശാന്തമായും മാത്രം ഇടപെടും, ചോദിക്കുന്നതിനു മാത്രം പിശുക്കി പിശുക്കി എങ്ങും തൊടാതെ മറുപടിയും പറയും. അല്ലാതെ യാതൊന്നും ഇങ്ങോട്ടു സംസാരിക്കില്ല. അവസാനം ഞാന്‍ ആ അനുജനുമായി ആലോചിച്ചിട്ടാണ് അച്ചനോടു ചോദിച്ചത് ഒന്നു കൂട്ടിനു വരാമോ എന്ന്. മാറ്റമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, കൂടെയുള്ളത് ഒരച്ചനാണെന്നറിയുമ്പോള്‍ അങ്ങേരെങ്ങാനും മിണ്ടാന്‍ തയ്യാറായാല്‍, ഇപ്പോളിരുന്നതുപോലെ ഒന്നും മിണ്ടാതിരുന്നു കേള്‍ക്കുന്ന ഈ ശീലം അച്ചനുള്ളതുകൊണ്ട്, വല്ല തുമ്പും കിട്ടുമോ എന്നൊരു പരീക്ഷണം; അത്രയുംമാത്രം അച്ചനും പ്രതീക്ഷിച്ചാല്‍മതി."
 
"ആ പണിക്കുപോണോ?"
 
"എന്നാലും ഒന്നു പോയി നോക്കാമച്ചാ?"
 
"ഞാന്‍ പറഞ്ഞതു അച്ചനെകാണാന്‍ പോകുന്നതിനെപ്പറ്റിയല്ല, അതു പോകാം. പക്ഷേ പഴയ കേസിന്‍റെ പുറകെ പോകണമോ എന്നാണു ചോദിച്ചത്. അതു കൂടുതല്‍ ഏടാകൂടമുണ്ടാക്ക ത്തല്ലെയുള്ളു?"
 
"വക്കീലെന്ന നിലയില്‍ ഞാനങ്ങനെ പറയില്ലച്ചാ. കാരണം എനിക്കുകിട്ടിയിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ മുഴുവന്‍ മൂന്നാമനില്‍ നിന്നാണ്. അതുമാത്രംവച്ച് ഒരു തീരുമാനം ശരിയാകണ മെന്നില്ല. അതുകൊണ്ടാണ് ഞാനീ രണ്ടുമൂന്നു പ്രാവശ്യം അങ്ങേരെക്കൊണ്ട് എന്തെങ്കിലും മിണ്ടിക്കാന്‍ ശ്രമിച്ചത്. ചിലപ്പോള്‍ സ്റ്റാര്‍ട്ടിംഗ് ട്രബിളേ കാണത്തുള്ളു. തുടങ്ങിക്കിട്ടിയാല്‍ മിക്കവാറും ഒരു പെരുമഴയായിരിക്കും."
 
"എങ്കില്‍ മഴപെയ്യട്ടെ എന്നാശിച്ചു പ്രാര്‍ത്ഥിക്കാം. പക്ഷേ ഈ കേട്ടതുവച്ച്, മഴപെയ്യാനും പെയ്യാതി രിക്കാനും ഉള്ള സാധ്യതയല്ല, പൂര്‍വ്വാധികം രൂക്ഷമായ ഒരു വരള്‍ച്ചയ്ക്കുള്ള സാധ്യതയാണു ഞാന്‍ കാണുന്നത്."
 
അരമണിക്കൂറുകൂടെയെടുത്തു ആ വീട്ടി ലെത്താന്‍. ഒരു ഇടത്തരം പഴയവീട്. വീട്ടുകാരുടെ ഉപചാരങ്ങള്‍ക്കു ശേഷം, ഞങ്ങള്‍ ഏറ്റവും വശത്തായി, അച്ചനുവേണ്ടി സജ്ജീകരിച്ചിരുന്ന ചെറിയ മുറിയിലെത്തി. ഞാന്‍ പ്രതീക്ഷിച്ച തുപോലെ അലങ്കോലപ്പെട്ട ഒരു മുറിയല്ലായിരുന്നു. തുച്ഛമായ സാധനങ്ങള്‍ മാത്രം. എല്ലാം ചിട്ടയിലുമടുക്കിലും. പരസ്പരം പരിചയപ്പെടുത്തി. വളരെ ആദരപൂര്‍വ്വകമായ സംസാരം. വക്കീലുമൊത്ത് കുറച്ചുസമയം ചെലവഴിച്ചിട്ടും ചോദിച്ചതിനുമാത്രം മറുപടി. ആദ്യം കാണുകയായിരുന്നിട്ടുപോലും എന്‍റെ പേര് അങ്ങോട്ടു പറഞ്ഞിട്ടും ഇങ്ങോട്ടു യാതൊന്നും ചോദിച്ചില്ല.
 
അവസാനം ഞാന്‍ വക്കീലിനോട്, ഞങ്ങളു തനിച്ച് കുറച്ചു സമയം സംസാരിക്കട്ടെ എന്നുപറഞ്ഞപ്പോള്‍തന്നെ അദ്ദേഹം മുറിക്കു പുറത്തിറങ്ങി. അച്ചന്‍ അതിന് എതിരു പറഞ്ഞില്ല എന്നല്ലാതെ സ്വാഗതംചെയ്തു എന്നു പറയത്തില്ല. കേട്ടറിഞ്ഞതുമുഴുവന്‍ ഓര്‍മ്മയിലൊന്നു ചിട്ടപ്പെടുത്തി. ചെറിയ ഒരു പ്രാര്‍ത്ഥനയും ചൊല്ലി, അതിന്‍റെ അവസാനം പിതാവിന്‍റെയും പുത്രന്‍റെയും ചൊല്ലിയപ്പോള്‍ അച്ചന്‍ മറുപടി ചൊല്ലിയതുകൊണ്ട് എനിക്കു പ്രതീക്ഷയായി. അറിഞ്ഞ ചരിത്രം തുടക്കംമുതല്‍ ഞാനങ്ങോട്ടങ്ങു പറയാന്‍തുടങ്ങി. പെട്ടെന്നു തോന്നിയ ഒരു തന്ത്രം പ്രയോഗിച്ചു. ചരിത്രം മനപ്പൂര്‍വ്വം ഞാനല്പം തെറ്റിച്ചു പറഞ്ഞു. ഉടന്‍ അദ്ദേഹം തിരുത്തി. എന്‍റെ പരിശ്രമം വിജയിച്ചു എന്നെനിക്കുറപ്പായി. പിന്നെ അദ്ദേഹമായി സംസാരം. ഇടയ്ക്കിടെ സംശയം തീര്‍ക്കാന്‍വേണ്ടി എനിക്കങ്ങോട്ടു ചിലതൊക്കെ ചോദിക്കേണ്ടിവന്നതെയുള്ളു. നാലുമണിക്കൂര്‍ നീണ്ട ആ സംസാരത്തിനിടയില്‍ ആദ്യം ലൈം ജ്യൂസൂമായി വന്ന അനുജന്‍ ഒരുമണിക്കൂര്‍കൂടി കഴിഞ്ഞ് ചായയും ബിസ്ക്കറ്റുമായി വന്നപ്പോള്‍ അവന്‍റെ മുഖത്തെ സന്തോഷം ശ്രദ്ധിക്കാതിരിക്കാന്‍ പറ്റിയില്ല. വക്കീലിനു പോകാന്‍ ഒരു തിരക്കുമില്ല എന്നു പറഞ്ഞേക്കാന്‍ അങ്ങേരു പറഞ്ഞു എന്നറിയിച്ച് അനുജന്‍ പോയിക്കഴിഞ്ഞും ഞങ്ങള്‍ സംസാരം തുടര്‍ന്നു. എല്ലാം കഴിഞ്ഞ് വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്ന് ഞങ്ങള്‍ ആഹാരവുംകഴിച്ചു. സന്തോഷത്തോടെ പിരിഞ്ഞു. 
 
തിരിച്ചുള്ള യാത്രയില്‍ എന്തൊക്കെയാണവിടെ സംഭവിച്ചതെന്ന് അറിയാന്‍ വക്കീലിനു തിടുക്കംകാണും എന്ന് എനിക്കറിയാമായിരുന്നതുകൊണ്ട്, എന്‍റെ പതിവു മൗനംവിട്ട് ഞാന്‍തന്നെ പറഞ്ഞുതുടങ്ങി.
 
"പെരുമഴതന്നെയായിരുന്നു വക്കീല്‍സാറേ. പക്ഷേ ഇടിയും കൊടുങ്കാറ്റുമൊന്നുമില്ലായിരുന്നു. വക്കീല്‍സാറിന് ഇനി ഈ കേസുവിടാം. പഴയതിനോടെല്ലാം വിട. അച്ചന്‍ അടുത്തമാസം വടക്കേ ഇന്‍ഡ്യയിലേയ്ക്കുപോകും. ആരോഗ്യമൊന്നും അത്ര മോശമല്ല."
 
"അച്ചനെന്നാ കൂടോത്രമാ ചെയ്തത്."
 
"വക്കീലെപ്പോഴും കളിയാക്കാറുള്ള എന്‍റെ മൗനംതന്നെയായിരുന്നു എന്‍റെ ആയുധം. പറഞ്ഞു തുടക്കമിട്ടിട്ടു മനപ്പൂര്‍വ്വം ഞാനൊരു തെറ്റുവരുത്തി. എന്നിട്ടു ഞാന്‍ മിണ്ടാതിരുന്നു. അങ്ങേരു തെറ്റുതിരുത്തി പൂരിപ്പിക്കേണ്ടിവന്നു. അതോടെ സ്റ്റാര്‍ട്ടിങ് ട്രബിളുതീര്‍ന്നു. പിന്നെ പെരുമഴപെയ്തു. ഞാന്‍ നനഞ്ഞങ്ങിരുന്നും കൊടുത്തു അത്രതന്നെ. അവസാനം ഞാനൊരു പഴയ കഥയും പറഞ്ഞപ്പോള്‍ അദ്ദേഹം കുളിച്ചുകയറി. ആ കഥകൂടെ പറയാം. മഴ തോരാതെപെയ്തു വെള്ളം പൊങ്ങിയപ്പോള്‍ ഒരാളുടെ പുരയ്ക്കകത്തു വെള്ളം കയറി, അപ്പോളയാള്‍ തട്ടുംപുറത്തുകയറി, അവിടേം വെള്ളംകേറിയപ്പോള്‍, അയാള്‍ പുരയുടെ മുകളില്‍ കയറി, അവിടെയും വെള്ളമെത്തിയപ്പോള്‍ നിലവിളിച്ചു പ്രാര്‍ത്ഥിച്ചു, കര്‍ത്താവേ രക്ഷിക്കണേന്ന്. ആ വഴിയേയൊരു വലിയ തടി ഒഴുകിവന്നു, അയാളതില്‍ പിടിച്ചുകയറിയില്ല. രക്ഷിക്കണേന്നു പിന്നേം പ്രാര്‍ത്ഥിച്ചു. അന്നേരം ഒരു വള്ളം ഒഴുകിവന്നു, അയാളതിലും കയറിയില്ല. വീണ്ടും നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. പിന്നെ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍നിന്നു കയറിട്ടുകൊടുത്തു, അയാളതിലും പിടിച്ചില്ല, പിന്നെയും പ്രാര്‍ത്ഥിച്ചു, രക്ഷിക്കണേ കര്‍ത്താവേന്ന്. അവസാനം മുങ്ങിച്ചത്ത് കര്‍ത്താവിന്‍റെയടുത്തു ചെന്നപ്പോള്‍ അയാള്‍ക്കു പെരുത്ത പരാതി. അയാളു കര്‍ത്താവിനോടുചോദിച്ചു, എന്നാ പണിയാകര്‍ത്താവേ കാണിച്ചതെന്ന്. എന്തുമാത്രം വിളിച്ചുകരഞ്ഞു, എന്നിട്ടും നീയെന്നെ തഴഞ്ഞല്ലോന്ന്. കര്‍ത്താവൊന്നു ചിരിച്ചു. തടിയും, വള്ളവും, വിമാനവുമായി ഞാന്‍ ആളെ വിട്ടു, നീയന്നേരം കയ്യും കെട്ടിനിന്നു നിലവിളിച്ചു. ഇറങ്ങിവന്ന് നിന്നെ എടുത്തോണ്ടു പോകാനൊന്നും എന്നെക്കിട്ടില്ലാ മോനെ, നിന്നെക്കൊണ്ടാവുന്നതു നീ ചെയ്യുമ്പോള്‍, നിനക്ക് ആകാത്തതെ ഞാന്‍ ചെയ്യൂ. അതുകൊണ്ടു നീ കുറെനാളുകൂടി ശുദ്ധീകരണസ്ഥലത്തിലെ കലക്കവെള്ളത്തില്‍ കിടക്ക്. അങ്ങനെ നീയൊരു പാഠം പഠിക്ക്. അതും പറഞ്ഞു കര്‍ത്താവു തിരിഞ്ഞു നടന്നു. അച്ചന്‍ ചിരിക്കാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, പറഞ്ഞതു കഥയാണെങ്കിലും അച്ചനും കുറെനാളായി, വെള്ളത്തിലല്ലെ കിടപ്പ്? ഇതുവരെ ശുദ്ധീകരിച്ചതു പോരെ? ഒന്നു കുളിച്ചു കേറണ്ടേ? ഇതൊക്കെ ഞാന്‍ ചോദിച്ചപ്പോളത്തേനും അച്ചന്‍ ചിരിതുടങ്ങിയിട്ടു നിര്‍ത്താന്‍ പറ്റിയില്ല. അതാണു ഞാന്‍ ചെയ്ത കൂടോത്രം."
 
വക്കീലും ചിരിനിര്‍ത്താന്‍ പാടുപെട്ടു. കഥാന്ത്യം: അച്ചനിപ്പോള്‍ മിടുക്കനായി വടക്കേ ഇന്ത്യയിലുണ്ട്.

You can share this post!

ഡെലിവറി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts