"ആവശ്യപ്പെടാന്‍ അങ്ങേയറ്റം ധൈര്യം വേണ്ടിവന്ന കാര്യം എന്തായിരുന്നു?" എന്ന ചോദ്യം, 'ചുണ്ടെലിയും കുറുക്കനും കുതിരയും പിന്നെ കുട്ടിയും' (The Boy, the Mole, the Fox and the Horse) എന്ന കഥയിലെ കുട്ടിയുടേതാണ്. 'സഹായം' എന്ന് കുതിരയുടെ ഉത്തരം. പാടേ വിട്ടുകളയുന്നതിനു പകരം സഹായം തേടാന്‍ ധൈര്യം സംഭരിച്ചാല്‍ ജീവിതം സന്തോഷകരമാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരു നിമിഷത്തിന്‍റെ അവിവേകത്തില്‍ കൊച്ചുകുട്ടികള്‍ ജീവനൊടുക്കുന്നതും ഒരു തുറന്ന സംഭാഷണത്തില്‍ തീരുന്ന അത്രയൊന്നും ഗൗരവതരമല്ലാത്ത വിഷയങ്ങളില്‍ തട്ടി കുടുംബങ്ങളും കൂട്ടുകാരും തകരുന്നതും ഞെട്ടലുണ്ടാക്കുന്നു.
നമ്മുടെ കുടുംബങ്ങള്‍ ചെറുതായിക്കൊണ്ടിരിക്കുന്നു. നമുക്ക് ചിന്തിക്കാനുള്ള സമയവും കുറവായിരിക്കുന്നു. മുന്‍പത്തെക്കാളും നാം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുന്നു. ലോകം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമമായിരിക്കുന്നു. എല്ലാവരെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം ഇന്ന്. ജീവിതം അനിതരസാധാരണമാംവിധം അതിവേഗത ആര്‍ജിച്ചിരിക്കുന്നു. ഇതെല്ലാം ചേര്‍ന്ന് വലിയൊരളവോളം മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുന്നു.
കര്‍മോത്സുകരായ ജനങ്ങള്‍ നിവസിക്കുന്ന കേരളംപോലുള്ള സംസ്ഥാനത്ത്, അടുത്തിടെ, മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിംഗ് പോലുള്ള പരിഹാരം തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. സമ്മര്‍ദ്ദമേറ്റുന്ന ജീവിതശൈലിയും സാമൂഹിക ചുറ്റുപാടുകളും മാനസികാരോഗ്യം നേരിടുന്ന വര്‍ധിച്ച വെല്ലുവിളികളും വ്യക്തികളുടെ സമഗ്രമായ സൗഖ്യത്തിനും സ്വാസ്ഥ്യത്തിനും വ്യക്തിപരമായ കൗണ്‍സലിംഗ് അനിവാര്യമാക്കിയിരിക്കുന്നു. കേരളത്തിന്‍റെ സാമൂഹികചുറ്റുപാടില്‍ ജനങ്ങളുടെ മാനസികാരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് വ്യക്തിപരമായ കൗണ്‍സലിംഗിന്‍റെ വര്‍ധിച്ചുവരുന്ന ആവശ്യകതയെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
വര്‍ധിച്ചുവരുന്ന മാനസികാരോഗ്യപ്രശ്നങ്ങളാണ് കൗണ്‍സലിംഗിന്‍റെ ആവശ്യം വര്‍ധിക്കുന്നതിന് കാരണമാക്കുന്നത്. മാനസികസമ്മര്‍ദ്ദം, ഉല്‍കണ്ഠ, വിഷാദം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ കേരളത്തില്‍ വ്യാപിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തിനു കാരണമാകുന്ന വിദ്യാഭ്യാസ സമ്പ്രദായം, തൊഴില്‍വിപണിയിലെ കഴുത്തറപ്പന്‍ മത്സരം, കുടുംബങ്ങളിലെ പ്രശ്നങ്ങള്‍, സാമൂഹിക അന്തസ്സ് നിലനിര്‍ത്തേണ്ടതിന്‍റെ സമ്മര്‍ദ്ദം എന്നിവയൊക്കെ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. തങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാനും പിന്തുണ തേടാനും മാനസികാരോഗ്യം കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും വ്യക്തിപരമായ കൗണ്‍സലിംഗ് സുരക്ഷിതവും സ്വകാര്യവുമായ ഇടം ഒരുക്കുന്നു.
മാറുന്ന കുടുംബഘടനയാണ് കേരളത്തില്‍ വ്യക്തികള്‍ക്കുമേല്‍ ഭാരമേറ്റുന്ന മറ്റൊരു ഘടകം. കേരളത്തിലെ പരമ്പരാഗതകുടുംബ ഘടന, സാമൂഹികപരിഗണനകളാല്‍ വലിയ തോതില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അണുകുടുംബങ്ങളും ഏകരക്ഷാകര്‍തൃ(single parent)-കുടുംബങ്ങളും തലമുറകള്‍ക്കിടയിലെ വൈരുധ്യങ്ങളും കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പരധാരണക്കും വൈകാരിക പാരസ്പര്യത്തിനും സാരമായ ആഘാതമേല്‍പ്പിച്ചിരിക്കുന്നു. തുറന്ന ആശയവിനിമയത്തിനും പ്രതിസന്ധി പരിഹാരത്തിനും കുടുംബാംഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം കരുപ്പിടിപ്പിക്കുന്നതിനും കൗണ്‍സലിംഗ് സഹായകമാകുന്നു.
മത്സരപരീക്ഷകളുടെ സമ്മര്‍ദ്ദവും ജോലിസംബന്ധമായ പിരിമുറുക്കങ്ങളുമാണ് അഭിസംബോധന ചെയ്യപ്പെടേണ്ട മറ്റൊരു മേഖല. തൊഴില്‍വിപണിയിലെ മാത്സര്യവും തൊഴില്‍ വിജയത്തിനുള്ള അഭിനിവേശവും കടുത്ത സമ്മര്‍ദ്ദത്തിനും അസംതൃപ്തിക്കും കാരണമാകുന്നു. താല്‍പര്യങ്ങളും കഴിവുകളും കണ്ടെത്താനും ലക്ഷ്യം നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്ന തൊഴില്‍ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ വ്യക്തിപരമായ കൗണ്‍സലിംഗുകള്‍ക്ക് ആകും. വ്യക്തിഗതകഴിവുകള്‍ക്കൊത്ത തൊഴില്‍ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍പരമായ വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനും അത് സഹായകമാകുന്നു.
കുട്ടികളിലും യുവാക്കളിലും ഭാവനാതീതമായ പിരിമുറുക്കത്തിന് കാരണമാകുന്നത് വിദ്യാഭ്യാസപരമായ സമ്മര്‍ദ്ദങ്ങളാണ്. കര്‍ക്കശമായ പാഠ്യപദ്ധതിയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിതപ്രതീക്ഷയും കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ മുഖ്യപ്രശ്നങ്ങളാണ്. അത് കടുത്ത സമ്മര്‍ദ്ദത്തിലേക്കും പൊട്ടിത്തെറിയിലേക്കും മാനസികാരോഗ്യപ്രശ്നങ്ങളിലേക്കും കൗമാരത്തെയും യുവത്വത്തെയും നയിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വ്യക്തിപരമായ കൗണ്‍സലിംഗ് പരിപാടികള്‍ കുട്ടികള്‍ക്ക് പഠനസമ്മര്‍ദ്ദം അഭിമുഖീകരിക്കുന്നതിനും ഉത്കണ്ഠ ലഘൂകരിക്കുന്നതിനും സമയം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടുന്നതിനും സമഗ്രമായ സ്വാസ്ഥ്യം കൈവരിക്കുന്നതിനും അവസരം ഒരുക്കുന്നു.
വലിയൊരു പകര്‍ച്ചവ്യാധിക്കും രണ്ടു പ്രളയങ്ങള്‍ക്കും നാം സാക്ഷികളായി. അതിനും പുറമേ ആധിക്കും വ്യാധിക്കും വളരെയധികം കാരണങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. മാനസികവും ശാരീരികവുമായ പീഡനങ്ങളും അവയുടെ അനന്തരഫലങ്ങളും ദൗര്‍ഭാഗ്യകരമാംവിധം വര്‍ധിച്ചിരിക്കുന്നു. ഇരകള്‍ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാനും വൈകാരികസ്വാസ്ഥ്യം കൈവരിക്കാനും ജീവിതം തിരിച്ചുപിടിക്കാനുമുള്ള സുരക്ഷിത ഇടം വ്യക്തിപരമായ കൗണ്‍സലിംഗ് ഒരുക്കുന്നു. ദുരന്താനുഭവങ്ങളില്‍നിന്ന് സൗഖ്യം പ്രാപിക്കുന്നതിനും പുതുജീവിതത്തിലേക്ക് പാത വെട്ടിത്തുറക്കുന്നതിനും വ്യക്തികളെ പ്രാപ്തരാക്കുന്നതില്‍ അത് നിര്‍ണായക പങ്ക് വഹിക്കുന്നു.
അടിയന്തരമായി ശ്രദ്ധ പതിയേണ്ട, അല്‍പ്പവും വൈകാതെ സഹായഹസ്തങ്ങള്‍ എത്തേണ്ട മറ്റൊരു മേഖല മയക്കുമരുന്നുപയോഗമാണ്. വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു മാത്രമല്ല, സമൂഹത്തിന്‍റെ സമാധാനന്തരീക്ഷത്തിനും വലിയ വെല്ലുവിളിയായിരിക്കുന്നു കേരളത്തിലെ മയക്കുമരുന്നുപയോഗത്തിന്‍റെ വ്യാപനം. മദ്യത്തിന്‍റെയും പുകയിലയുടെയും ദുരുപയോഗവും മയക്കുമരുന്നുപയോഗവും വ്യക്തികളിലും കുടുംബങ്ങളിലും വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗത്തെ അഭിസംബോധന ചെയ്യുന്ന കൗണ്‍സലിംഗ് പ്രോഗ്രാമുകളുടെ ആവശ്യകത പതിന്മടങ്ങായിരിക്കുന്നു. ലഹരിയോടുള്ള അടിമത്തത്തിനു കാരണമായ അവനവനുള്ളിലെ ഘടകങ്ങളെ കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനും സൗഖ്യത്തിലേക്കും ആരോഗ്യപരമായ ജീവിതത്തിലേക്കും നയിക്കുന്നതിനും കൗണ്‍സലിംഗ് സഹായിക്കുന്നു. സമഗ്രമായ ബോധവത്ക്കരണപദ്ധതികളിലൂടെ മാത്രമേ ലഹരി ഉപയോഗത്തിന് തടയിടുന്നതിനും സൗഖ്യത്തിലേക്കും ജനതയുടെ സമഗ്രമായ ആരോഗ്യത്തിലേക്കും നയിക്കുന്നതിനും നമുക്ക് സാധിക്കൂ.
ഇതെല്ലാം സാധ്യമാക്കുന്നതിന് പക്ഷേ മാനസികാരോഗ്യം സംബന്ധിച്ച നമ്മുടെ മുന്‍വിധികളും മിഥ്യാധാരണകളും മാറേണ്ടതുണ്ട്. സമൂഹത്തിനുള്ള മുന്‍വിധികളും മിഥ്യാധാരണകളുമാണ് വ്യക്തിപരമായ കൗണ്‍സലിംഗ് തേടുന്നതിന് കേരളത്തില്‍ ഏറ്റവും തടസ്സമായിരിക്കുന്നത്. പുതിയൊരു അവബോധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള ബോധവത്കരണപ്രക്രിയയിലൂടെയും കൗണ്‍സലിംഗിന്‍റെ വിപുലമായ പ്രയോജനങ്ങളെക്കുറിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെയും മാനസികാരോഗ്യം സംബന്ധിച്ച മിഥ്യാധാരണകളെ നമുക്ക് പൊളിച്ചെഴുതാനാവും. വിദഗ്ദ്ധ സഹായം തേടുന്നതിന് കൂടുതല്‍ ആളുകള്‍ക്ക് അത് ധൈര്യം പകരും. ആത്യന്തികമായി ആരോഗ്യമുള്ള സമൂഹത്തിലേക്ക് അതു നയിക്കും.
അതിവേഗതയാര്‍ജിച്ച അതിസങ്കീര്‍ണമായ ഇന്നത്തെ ലോകത്ത് മാനസികാരോഗ്യപരിചരണം ആര്‍ഭാടമല്ല അത്യാവശ്യമാണ്. വ്യക്തികള്‍ അഭിമുഖീകരിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടത് പൊതുനന്മയ്ക്കും സമൂഹത്തിന്‍റെ സമഗ്രപുരോഗതിക്കും അത്യന്താപേക്ഷിതമാണ്. വ്യക്തിപരമായ കൗണ്‍സലിംഗിനുള്ള സാധ്യതകള്‍ വ്യാപകമാക്കുന്നതിലൂടെ വ്യക്തികള്‍ക്ക് വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശവും പരിഹാരമാര്‍ഗ്ഗങ്ങളും തേടാനുതകുന്ന, അതുവഴി സംതൃപ്തജീവിതം കരുപ്പിടിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന, 'പിന്തുണയ്ക്കുന്ന' സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്കു കഴിയും.
പരുക്കന്‍ പാതയിലൂടെ ഇടറിയും വീണും മുമ്പോട്ടുപോകുന്നവര്‍ക്ക്, ദുഃഖിതര്‍ക്ക്, വിഷാദികള്‍ക്ക്, സാഹചര്യങ്ങളോട് മല്ലിട്ട് ക്ഷീണിച്ചവര്‍ക്ക് - അവര്‍ക്കായുള്ള വിളിയാണിത്. നിങ്ങള്‍ക്ക് ധൈര്യമായി ചെയ്യാവുന്ന കാര്യം സഹായം ചോദിക്കുക എന്നതാണ.് സംശയിക്കാതെ അതു ചെയ്യുക. നിങ്ങളെ കേള്‍ക്കുന്നതിന് തയ്യാറായി, സഹായം ചെയ്യുന്നതിന് സന്നദ്ധമായി ഇവിടെ ആളുകളുണ്ട്.
"എല്ലാ ധൈര്യവും സംഭരിച്ച് നിങ്ങള്‍ ആവശ്യപ്പെട്ട ആ കാര്യം എന്തായിരുന്നു?" കുട്ടി ചോദിച്ചു.
'സഹായം,' കുതിര മറുപടി പറഞ്ഞു.
തേടാം സഹായം!