news-details
കവർ സ്റ്റോറി

ഉയിര്‍ത്തെഴുന്നേല്‍പ്പ്

വിഷാദരോഗത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ എനിക്ക് സാധിക്കും. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന, സാമൂഹ്യകാര്യങ്ങളില്‍ ഇടപെടുന്ന SOLACE ന്‍  അമരക്കാരിയായ ഷീബാ അമീര്‍ എന്ന വ്യക്തിയായിരുന്നില്ല ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്. കൃത്യസമയത്ത് കണ്ടെത്തിയതുകൊണ്ട് മാത്രം ആത്മഹത്യാമുനമ്പില്‍ നിന്നു തിരിച്ചുവന്ന ഒരു വ്യക്തി. ഞാന്‍ ഒരു വിഷാദരോഗിയായിരുന്നു. അതിന്‍റെ ഭീകരതയെ പൂര്‍ണ്ണമായ വ്യാപ്തിയില്‍ അനുഭവിച്ചിട്ടുള്ള വ്യക്തിതന്നെയാണ് ഞാന്‍. നിസ്സാരകാര്യങ്ങള്‍ക്കുപോലും അകാരണമായി സങ്കടംവരിക, പൊട്ടിക്കരയുക, തന്‍റെ പിറകില്‍ ഒരു ഇരുണ്ടരൂപത്തെ കണ്ട് ഭയന്ന് നിസ്സഹായയായി ശ്വാസമടക്കി കിടക്കുക തുടങ്ങിയവയെല്ലാം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ നാനാവിധ അനുഭവങ്ങള്‍, കയ്പേറിയതോ, മധുരമുള്ളതോ ആകട്ടെ, അവയോടുള്ള നമ്മുടെ മനസ്സിന്‍റെ പ്രതികരണങ്ങളുടെയും പ്രതിപ്രവര്‍ത്തനങ്ങളുടെയും ഫലമായി നമ്മുടെ തന്നെ മനസ്സു രൂപപ്പെടുത്തിയെടുക്കുന്ന എല്ലാറ്റിന്‍റെയും ആകെത്തുകയാണിത്. വ്യക്തിയില്‍നിന്ന് വ്യക്തിയിലേക്ക് വ്യത്യസ്തമായിരിക്കും.  ഒരു വലിയ ഇടവേളതന്നെ ഈ രോഗാവസ്ഥയുടെ ഇടയിലുണ്ട്. ഈ ഇടവേളയെ കൃത്യമായി തിരിച്ചറിയുന്നതിലാണ് നമ്മുടെ വിജയം.
 
നമ്മള്‍ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നടന്നടുക്കുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത് നമുക്ക് തന്നെയാണ്. രോഗാവസ്ഥക്കും ആരോഗ്യമുള്ള അവസ്ഥക്കും ഇടയില്‍ ഒരു ചെറിയ ഇടവേള മാത്രമുള്ള ഒന്നാണ് ശാരീരികാരോഗ്യം എന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗനിര്‍ണ്ണയത്തിനായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഉപകരണങ്ങളുടേയും, പരിശോധനകളുടേയും, ടെസ്റ്റുകളുടേയും, സഹായത്തോടുകൂടി ഒരു വിദഗ്ദ്ധ ഭിഷഗ്വരന് ഒരു വ്യക്തിയെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നോ, രോഗിയെന്നോ കണ്ടെത്തുവാനും അതിനുവേണ്ട ചികിത്സ നല്‍കുവാനും സാധിക്കും.
 
എന്നാല്‍ മാനസികാരോഗ്യത്തിന്‍റെ കാര്യം തീര്‍ത്തും വിഭിന്നമാണ്. രോഗാവസ്ഥക്കും സാധാരണ മനോനിലക്കും ഇടയിലുള്ളത് കാലാന്തരങ്ങള്‍ തന്നെയാണ്. മാനസികാരോഗ്യം എന്നത് ഒറ്റടയിക്ക് താറുമാറാകുന്ന ഒന്നല്ല. കാലങ്ങളായുള്ള ജീവിതാനുഭവങ്ങള്‍, ഒരു വ്യക്തിയുടെ ജീവിതചര്യകള്‍, ശീലങ്ങള്‍ എന്നിവ ആ വ്യക്തിയുടെ സ്വന്തമാണ്, അപ്പോള്‍ അതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവുമധികം തിരിച്ചറിയാന്‍ സാധിക്കുന്നത് ആ വ്യക്തിക്കുതന്നെയാണ്. ഒരു പക്ഷേ ഇത് നമുക്ക് സ്വയം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുവരാം. എന്നാല്‍ ചുറ്റുമുള്ളവരുടെ പ്രതികരണങ്ങളിലൂടെയും അല്ലെങ്കില്‍ അവരുടെ നമ്മോടുള്ള പെരുമാറ്റത്തിലൂടെയോ നമുക്ക് വന്ന വ്യത്യാസങ്ങള്‍ നമുക്ക് തിരിച്ചറിയാം. ചില ഭാഗ്യശാലികള്‍ക്ക് ഇത് സമയത്ത് ചൂണ്ടിക്കാണിക്കുവാനും, ശരിയായ വഴി നടത്തുവാനും ആരെയെങ്കിലും ലഭിക്കാറുണ്ട്, ഒരു നല്ല സുഹൃത്തിന്‍റെ അല്ലെങ്കില്‍ ഒരു കുടുംബാംഗത്തിന്‍റെ രൂപത്തില്‍. പുറമേനിന്നുള്ള ആ ഒരു കൈതാങ്ങ്, ആ ഒരു സഹായം ഏറ്റുവാങ്ങാന്‍ നാം മടിക്കേണ്ടതില്ല. കൗണ്‍സിലിംഗ് അടക്കമുള്ള സമഗ്രമായ ചികിത്സാരീതികളിലൂടെ സാധാരണ ജീവിതത്തിലേക്ക് ഒരാള്‍ക്ക് എളുപ്പം തിരിച്ചുവരാന്‍ സാധിക്കും.

മാനസികാരോഗ്യം, മനോരോഗം, മനോവൈകല്യങ്ങള്‍, മനഃശാസ്ത്രജ്ഞന്‍, മനോരോഗചികിത്സാലയം എന്നീ പദങ്ങളെ ഇപ്പോഴും ഭയപ്പാടോടു കൂടിയാണ് സമൂഹം നോക്കിക്കാണുന്നത്. താന്‍ ഒരു മനോരോഗവിദഗ്ദ്ധന്‍റെ അടുത്തുപോയിരുന്നു                  എന്നു തുറന്നു പറയുന്ന എത്ര വ്യക്തികളെ നമുക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും? മാനസികരോഗം, അല്ലെങ്കില്‍ മാനസിക വൈകല്യം, എന്തിന് ഒരു ചെറിയ കൗണ്‍സിലിംഗിനു പോയാല്‍തന്നെ നമ്മുടെ സമൂഹത്തില്‍ ഇന്നും അത് "വട്ടാണ.്" വിഷാദരോഗത്തേയും ഉന്മാദാവസ്ഥയേയും സംശയരോഗത്തേയും ചിത്തഭ്രമം എന്ന ഭീകരമായ അവസ്ഥയില്‍നിന്നും വേര്‍തിരിച്ചുകാണാനുള്ള മാനസിക പക്വതയോ അറിവോ ഇന്നും മലയാളിക്കില്ല. ചിത്തഭ്രമം പോലും ഇന്ന് ചികിത്സിച്ചു മാറ്റാമെന്നിരിക്കേ എന്തിനീ ഭയം? പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ തനിക്കുണ്ടെന്നു പറയുന്ന അതേ ലാഘവത്തോടെ തനിക്ക് വിഷാദരോഗമുണ്ടെന്നോ, താന്‍ കൗണ്‍സിലിങ്ങുകള്‍ക്കു പോകാറുണ്ടെന്നോ പറയാന്‍ എന്താണ് മലയാളി മടിക്കുന്നത്? ഒരു നിസ്സാരമാനസിക പ്രശ്നത്തിനുവേണ്ടി, വൈദ്യസഹായം തേടിയ അല്ലെങ്കില്‍ കൗണ്‍സിലിംഗിനുപോയ ഒരു വ്യക്തിയെപ്പറ്റി അറിഞ്ഞാല്‍ സമൂഹം അയാളെ ഏതോ മാറാരോഗിയെപ്പോലെ എന്തിനാണ് അകറ്റിനിര്‍ത്തുന്നത്? ഇത് കുടുംബാംഗങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവയ്ക്കുന്നത്? ഒരു സാമൂഹിക അപമാനം തന്നെയാണോ അത്? ഇവര്‍ ഇങ്ങനെ അകറ്റിനിര്‍ത്തേണ്ടവരാണോ? നമ്മുടെ സഹായവും പരിചരണവും നല്‍കി നാം അവര്‍ക്ക് ശക്തി പകരുകയല്ലേ വേണ്ടത്?
 
ഒരു ചിത്തഭ്രമക്കാരിയോ, ഉന്മാദിയോ, വിഷാദരോഗിയോ എന്തുമായിക്കൊള്ളട്ടെ, ആ വ്യക്തിക്ക് ചികിത്സക്കും തെറാപ്പിക്കും, മരുന്നിനുമൊപ്പം വേണ്ടത് പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും സഹാനുഭൂതിയും കലര്‍ന്ന ക്ഷമയോടുകൂടിയ ഇടപെടലുകളാണ്. അവരും നമ്മെപ്പോലെ തന്നെയാണ്. അവര്‍ക്കും ഒരു ജീവിതമുണ്ട്.
 
ജീവിക്കാനര്‍ഹതയുണ്ട്. പനിയും ജലദോഷവുമൊക്കെപ്പോലെ ചികിത്സിച്ചാല്‍ എളുപ്പം ഭേദമാകുന്ന ഒരു രോഗം. ഇതെന്തേ ആരും മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കിയാലും അറിയില്ലെന്ന് നടിക്കുകയാണ്.
 
സാക്ഷരതയില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നവരെന്ന് നാം പലപ്പോഴും അഭിമാനത്തോടും അഹങ്കാരത്തോടും മേനി പറയാറുണ്ട്. അതോടൊപ്പംതന്നെ ആത്മഹത്യാനിരക്കില്‍ ഇന്ത്യയിലെ തന്നെ രണ്ടാം  സ്ഥാനവും നമുക്ക് തന്നെയാണ് എന്നുള്ളത് ചിന്തനീയമാണ്. വര്‍ദ്ധിച്ചുവരുന്ന ലൈംഗികാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും ലൈംഗികവിദ്യാഭ്യാസത്തിനുവേണ്ടി മുറവിളി കൂട്ടുന്ന നാമെന്തേ മാനസിക സാക്ഷരതക്കുവേണ്ടി ശ്രമിക്കുന്നില്ല? വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പിറകില്‍ ആരോഗ്യകരമല്ലാത്ത ഒരു സമൂഹമാനസിക വ്യവസ്ഥിതിയാണെന്ന് എന്തേ നാം തിരിച്ചറിയാതെ പോകുന്നു?  Mental Health Awareness programmes നും Mental Health Campus നും വേണ്ടി നമ്മുടെ ആരോഗ്യവകുപ്പു മുന്നോട്ടുവരാത്തതും ഇന്നും നിലനില്‍ക്കുന്ന സാമൂഹിക അപമാനഭയത്തിന്‍റെ പരിണതഫലം തന്നെയാണ്.

യാഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്ന മായക്കാഴ്ച്ചകള്‍ കാണുന്നതുവരെ എത്തിയ അവസ്ഥ. ആരും നമ്മെ മനസ്സിലാക്കാതെ, എല്ലാം തല്ലിന്‍റെ കുറവാണെന്ന് പറഞ്ഞ് അവഗണിക്കുന്ന അവസ്ഥ. അലസതയിലും മടുപ്പിലും തള്ളിനീക്കിയ ദിനങ്ങള്‍. ഒരു പക്ഷേ, ഒരു പത്രതാളില്‍ ഒരു ചരമകോളത്തില്‍ അവസാനിക്കേണ്ടിയിരുന്ന ഈ ജന്മം ചികിത്സയിലൂടെയും എന്‍റെ പ്രിയപ്പെട്ടവരുടെ കരുതലിലൂടെയുമാണ് ഇന്ന് കാണുന്ന ഈ അവസ്ഥയിലേക്ക് എത്തിയത്. ഒരു ദിവസം ആഹാരത്തേക്കാള്‍ മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍, ഏകദേശം മുപ്പതോളം ഗുളികകള്‍. ഇന്ന് അവയിലൊന്നുപോലും ഞാന്‍ ഉപയോഗിക്കുന്നില്ല. മാനസികരോഗ ചികിത്സയിലെ മരുന്നുകളെല്ലാം തന്നെ ജീവിതാന്ത്യംവരെയാണെന്ന ഒരു തെറ്റിദ്ധാരണ നമ്മുടെ ഇടയില്‍ ഉണ്ട്. എന്‍റെ അനുഭവത്തിലും അറിവിലും അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. അപൂര്‍വ്വം ചില കേസുകളില്‍ മാത്രമേ രോഗാവസ്ഥ പിന്നീട് വരികയുള്ളു. എന്നിരുന്നാല്‍തന്നെയും ശരിയായ ശ്രദ്ധയിലൂടെയും പരിചരണത്തിലൂടെയും അത് ചികിത്സിച്ചു ഭേദമാക്കാം.

ഇന്നും അര്‍ബുദത്തെക്കാളേറെ നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു നിശബ്ദ കൊലയാളിയാണ് വിഷാദരോഗം. ആധുനികസമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരി എന്നുതന്നെ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. പ്രതിഭാധനര്‍ മുതല്‍ സാധാരണക്കാര്‍ വരെ, ധനികനും ദരിദ്രനും ഒരുപോലെ  ബാധിക്കാവുന്ന ഒന്നാണ്. ഉന്മാദം, സംശയരോഗം, ആത്മഹത്യാപ്രവണത എന്നിങ്ങനെ ചിത്തഭ്രമത്തില്‍വരെ ഒരു വിഷാദരോഗി എത്തിപ്പെടാം. കൃത്യമായ തെറാപ്പികളിലൂടെയും ചികിത്സയിലൂടെയും ഇതിലൊന്നും എത്തിപ്പെടാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ ഒരു സാധാരണജീവിതം ജീവിക്കാന്‍ ഏത് വിഷാദരോഗിക്കും സാധിക്കും. 

ആരോഗ്യമുള്ള ഒരു മനസ്സിന്‍റെയുടമക്കേ ആരോഗ്യമുള്ള ശരീരത്തിനുടമയാകാന്‍ കഴിയൂ എന്ന് നാം മറക്കരുത്. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ ഈ അവസ്ഥയുണ്ടെങ്കില്‍ എന്‍റെ ഈ സാക്ഷ്യം നിങ്ങള്‍ക്ക് ഒരു വഴികാട്ടിയാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. ഞാന്‍ ഒരു Cancer survivor ആണെന്നു പറയുന്നതുപോലെ നാളെ ഞാന്‍ Depression ല്‍ നിന്നും വിജയം കൊയ്ത വ്യക്തിയാണെന്ന് പറയാന്‍ മടിക്കേണ്ടാത്ത ഒരു കാലത്തെ സ്വപ്നം കാണാം. വിഷാദത്തിന്‍റെ പടുചാരത്തില്‍നിന്നും ഈ സമൂഹം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ, ഒരു ജവലീിശഃ പക്ഷിയായി പറന്നുയരാന്‍.  
 
 
തയ്യാറാക്കിയത് : സൗമ്യ മരിയ സോജന്‍

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts