പരിചയമുള്ള ഒരു മിഷനറിഅച്ചന്‍റെ അപ്പന്‍ മരിച്ചതറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു. സംസ്ക്കാരശുശ്രൂഷ ഉച്ചകഴിഞ്ഞായിരുന്നതുകൊണ്ട് പ്രാര്‍ത്ഥിച്ചിട്ടു പോരാനുദ്ദേശിച്ചായിരുന്നു ഉച്ചയോടുകൂടി ചെന്നത്. ഒപ്പീസുകഴിഞ്ഞ് അനുശോചനമറിയിക്കാന്‍ അച്ചനെ അന്വേഷിച്ചപ്പോള്‍, മിഷനില്‍നിന്നും അടക്കിനുവരുന്ന ബിഷപ്പിനും അച്ചന്മാര്‍ക്കുമുള്ള ഉച്ചയൂണു പള്ളിമുറിയില്‍ ക്രമീകരിച്ചിരുന്നതിനാല്‍ അദ്ദേഹം അങ്ങോട്ടുപോയി എന്നറിഞ്ഞ് പള്ളിയിലെത്തി. അച്ചനെക്കണ്ട് യാത്രപറഞ്ഞപ്പോള്‍, ബിഷപ് മലയാളിയല്ലാത്തതുകൊണ്ട്, വീട്ടിലെ ചരമപ്രസംഗം എന്നോടു പറയാമോ എന്നു ചോദിച്ചതു സമ്മതിക്കേണ്ടിവന്നു. അഞ്ചാറച്ചന്മാര് അപ്പോളവിടെ ഊണുകഴിക്കുന്നുണ്ടായിരുന്നു. ഞാനും അക്കൂട്ടത്തില്‍കൂടി. ഉണ്ടുകഴിഞ്ഞു വിശ്രമമുറിയിലെത്തിയപ്പോള്‍ എല്ലാവരുടെയും സംസാരവിഷയം കുമ്പസാരക്കൂട്ടിലെയും, കോണ്‍വെന്‍റിലെയും പീഡനങ്ങളായിരുന്നു. അവരു സംസാരിച്ച പലകാര്യങ്ങളെപ്പറ്റിയും വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നെങ്കിലും, സന്യാസിയായിട്ടു ഞാന്‍ മാത്രമായിരുന്നതുകൊണ്ട് പ്രതികരിക്കാതെ കേട്ടിരുന്നതേയുള്ളു. എങ്കിലും, കുമ്പസാരം നിരോധിക്കണം എന്ന മനുഷ്യാവകാശകമ്മീഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശവും, അതുപോലെ അടുത്തകാലത്തുണ്ടായ പല സംഭവങ്ങളും ക്രിസ്ത്യാനികളെ താറടിക്കാന്‍വേണ്ടി കരുതിക്കൂട്ടിയുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും മറ്റും പറഞ്ഞ് അങ്ങുറപ്പിക്കുമെന്നായപ്പോള്‍ അതിനോടൊരു വിയോജിപ്പ് രേഖപ്പെടുത്തിയാലുണ്ടാകാവുന്ന അപകടം അറിയാമായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു:
"അറിവില്ലാത്ത ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അറിവുള്ളവര്‍ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നതല്ലേ വിവേകം? അതിനുപകരം, എല്ലാവരുംകൂടെ അതേറ്റുപിടിച്ചു വലിയവിഷയമാക്കിയതല്ലേ? അതുകൊണ്ടാണ് ഇതൊക്കെ ഇത്രയും വഷളായതെന്നാണ് എനിക്കു തോന്നുന്നത്."
ആരും ഒന്നും പ്രതികരിച്ചില്ല. അത്ര തൃപ്തിയില്ലാതെയുള്ള അവരുടെ നോട്ടത്തില്‍നിന്ന്, ഞാന്‍ പറഞ്ഞത് അറംപറ്റിയെന്ന് ഉറപ്പായി. അറിവില്ലാത്ത ഞാന്‍ പറഞ്ഞത്, അറിവുള്ള അവര്, അര്‍ഹിക്കുന്ന അവജ്ഞയോടെതന്നെ അവഗണിച്ചു എന്നു സാരം! ഏതായാലും അതോടെ ആ സംസാരം നിന്നു. രണ്ടുമൂന്നുപേര് ഉടനെതന്നെ മരണവീട്ടിലേയ്ക്കു പോകാനിറങ്ങി. ബാക്കി രണ്ടുപേരും വീട്ടില്‍പോയി പ്രാര്‍ത്ഥിച്ചു പോന്നതുകൊണ്ട് അടക്കിനു സമയമാകാന്‍ കാത്തിരിക്കുന്നവരായിരുന്നു. അതില്‍ ഒരച്ചനെ പരിചയമുണ്ടായിരുന്നു. അവരെല്ലാവരുംകൂടെ എന്നെ ആസാക്കിയതിന്‍റെ ചമ്മലുമാറ്റാന്‍വേണ്ടി അങ്ങേരോടു ഞാന്‍ പറഞ്ഞു:
"ഞാന്‍ അച്ചന്മാരുപറഞ്ഞതിനെ എതിര്‍ക്കാന്‍വേണ്ടി പറഞ്ഞതല്ലായിരുന്നു. അവരു പറഞ്ഞതിന് ഒരു മറുവശംകൂടി ഉണ്ടെന്നു സൂചിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു. നിന്‍റെ വാ വല്ലാതെ തുറന്നിരിക്കുന്നതുകൊണ്ട് നിന്നെക്കണ്ടാല്‍ മഹാ ബോറാണെന്നു മുറം കുട്ടയോടു പറഞ്ഞതുപോലെയാ നമ്മുടെ കാര്യം. കുമ്പസാരം നിരോധിക്കണമെന്നു പരാതിപ്പെട്ടത് ഒരു ഹൈന്ദവസ്ത്രീയല്ലേ? അവര്‍ക്കു ക്രിസ്ത്യാനീടെ കുമ്പസാരത്തെപ്പറ്റി എന്തറിയാം? കുമ്പസാരം മുഴുവന്‍ 'സെക്സ് ചാറ്റിംങ്' ആണെന്നാണല്ലോ, കത്തോലിക്കരും ചുരുക്കംചില ക്രൈസ്തവസഭകളുമൊഴികെ, മറ്റു ക്രിസ്ത്യാനികളടക്കമുള്ള കേരളത്തിലെ സാമാന്യജനം മുഴുവന്‍ ധരിച്ചുവച്ചിരിക്കുന്നത്. അതല്ലെ ആ സ്ത്രീക്കും അറിയാവൂ? കച്ചവടസിനിമകളിലും, കോമിക് ഷോകളിലും, ഒരുപാടുനാളായി കുമ്പസാരത്തെ വെറും 'സെക്സ് ചാറ്റിംങ്' ആയി ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുള്ളതു കണ്ടുരസിക്കാത്തവര്‍ കേരളക്കരയില്‍ ആരും ഉണ്ടാകില്ല. അതെല്ലാം അതുപടി ശരിവയ്ക്കുന്ന രീതിയില്‍ മനുഷ്യാവകാശകമ്മീഷന്‍ അദ്ധ്യക്ഷയോട്, കുമ്പസാരത്തെപ്പറ്റി ഒരുസ്ത്രീ പരാതിപ്പെട്ടപ്പോള്‍, അവരും ഒരു സ്ത്രീയല്ലെ, കേട്ടതില്‍ എത്രമാത്രം സത്യവും കലര്‍പ്പും ഉണ്ടെന്ന് അന്വേഷിച്ചറിയുന്നതിനുമുമ്പ് അവരു പ്രതികരിച്ചു; കുമ്പസാരം നിരോധിക്കണമെന്നു പറഞ്ഞു, അത്രതന്നെ."
"അവരങ്ങനെ പറയുന്നതു കേട്ടിട്ടും നമ്മളെല്ലാം മിണ്ടാതിരിക്കണമായിരുന്നു എന്നാണച്ചന്‍ പറഞ്ഞുവരുന്നതെങ്കില്‍ അതത്ര അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല."
"മിണ്ടാതിരിക്കണമെന്നു ഞാന്‍ പറയില്ല, മിണ്ടണം; പക്ഷേ, മിണ്ടേണ്ട സമയത്തു മിണ്ടണം. അവരൊരു പരാതി കൊടുത്താലുടനെയതങ്ങു നിരോധിക്കാന്‍ ഇവിടെ പട്ടാളഭരണമൊന്നുമല്ലല്ലോ. വിചാരണേം വിസ്താരോം ഒക്കെയില്ലെ? പറയാനുള്ളത് അപ്പോള്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ. ഒരു മതസമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായ ഒരാചാരത്തെ ഒരുകോടതിയും ചുമ്മാതങ്ങു നിരോധിക്കാനൊന്നും പോകുന്നില്ല, എന്നു സാമാന്യബോധമുള്ള ആര്‍ക്കും ഉറപ്പല്ലായിരുന്നോ? അതുതന്നെ തെളിഞ്ഞല്ലോ, കോടതി ആ പരാതിക്കു കടലാസിന്‍റെ വിലപോലും കൊടുത്തില്ല. അല്ല, ഇനി മറിച്ചു വല്ല വിധിയുമായിരുന്നു വന്നിരുന്നതെങ്കില്‍ അപ്പോള്‍ പ്രതികരിച്ചാല്‍ മതിയായിരുന്നല്ലോ? പുഴയെത്തുംമുമ്പേ തുണിപൊക്കുന്നത് ധിക്കാരത്തിന്‍റെ ലക്ഷണമാണ്, വിവരക്കേടുമാണ്. 'പട്ടികുരച്ചാല്‍ പടിതുറക്കരുത്' എന്നു കാരണവന്മാരു പണ്ടു പരിഹാസച്ചുവയോടെ പറഞ്ഞുവച്ചിരിക്കുന്നത് അവര്‍ക്ക് വിവരമുണ്ടായിരുന്നതുകൊണ്ടാണ്. ഇന്നിപ്പോള്‍ ആ പഴഞ്ചൊല്ലു പറഞ്ഞാല്‍ ചാവാലിപ്പട്ടിപോലും ചാടിക്കടിക്കും. കാരണം ചാനലുകാര് അതുങ്ങളുടെ കുരക്കലുപണി മൊത്തമായി ഏറ്റെടുത്തതുകൊണ്ട് നമ്മുടെയൊക്കെ പട്ടികളുപോലും ഇപ്പോള്‍ ചുമ്മാതെയുള്ള കുര നിര്‍ത്തി! പ്രതിയോഗികളുടെ ആയുധം തിരിച്ചറിയണം. എന്തെങ്കിലും ഒരു തുരുമ്പു വീണുകിട്ടാന്‍ നോക്കിയിരിക്കുന്നവരാണവര്‍. കിട്ടിയാലോ, ചാനല്‍ചര്‍ച്ചകളിലൂടെ അതിനെ കുട്ടിച്ചോറാക്കാന്‍വേണ്ടി അവര്‍ക്കിഷ്ടമുള്ളതു പറയിക്കാനുള്ള ആളുകളെ അവരു കണ്ടുപിടിച്ചിരിക്കും. സഭയുടെ പ്രതിനിധികളായി അവരു സെലക്റ്റുചെയ്യുന്നത് ഒന്നുകില്‍ സഭാവിരോധികളെ, അല്ലെങ്കില്‍, നല്ലവരെങ്കിലും വിവരക്കേടു പറയുന്ന അച്ചന്മാരെ ആയിരിക്കും. ഇതു നാമിന്നു കണ്ടുകൊണ്ടിരിക്കുന്നതല്ലേ? ഞാനീപറയുന്നത് മനസ്സിലാക്കാന്‍ വല്യ പിഎച്ച്ഡി ഒന്നും വേണ്ട, തലമണ്ടയ്ക്കകത്ത് താമസക്കാരുണ്ടായാല്‍ മതി.
കുറെനാളുമുമ്പ്, ഗുരുതരരോഗം ബാധിച്ച ഒരു നിരീശ്വരരാഷ്ട്രീയക്കാരന്‍ ക്രിസ്ത്യാനി എംഎല്‍എ, മരിക്കുന്നതിനുമുമ്പു കുമ്പസാരിച്ചു രോഗീലേപനംസ്വീകരിച്ചു എന്നുസഭയും, ഇല്ല, സ്വീകരിച്ചില്ല, വെറും 'നികൃഷ്ടജീവികളു' മാത്രമേ അങ്ങനെപറയൂ എന്നു രാഷ്ട്രീയക്കാരും വാദിച്ച് ഏതാണ്ട് ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നതുപോലെയുള്ള കോലാഹലമല്ലായിരുന്നോ? അത് ആ മനുഷ്യന്‍റെ തികച്ചും സ്വകാര്യമായ ആത്മീയവിഷയം മാത്രമായിരുന്നിട്ടും, ആ സ്വകാര്യത മാനിക്കാന്‍പോലും കൂട്ടാക്കാതെ അതിനെച്ചൊല്ലി വിവാദമുണ്ടാക്കിയതും നമ്മളായിരുന്നല്ലോ. വിവേകപൂര്‍വ്വം മിണ്ടാതിരിക്കാനും മിണ്ടേണ്ടിടത്തു ധീരമായി മിണ്ടാനും മാത്രമല്ല, നിലപാടെടുക്കേണ്ടിവരുമ്പോള്‍, അടുത്തകാലത്തു മദ്യനിരോധനത്തിന്‍റെ കാര്യത്തില്‍ കാണിച്ചതുപോലെയുള്ള അഴകൊഴമ്പന്‍ ഉരുണ്ടുകളി നടത്താതെ, ചങ്കുറപ്പോടെ നില്ക്കാനും മുമ്പന്തിയിലുണ്ടാകണം സഭയും അധികാരികളും. ചാനല്‍ചര്‍ച്ചകളും തെരുവുപ്രകടനവും അതിനു പകരമാവുകയില്ല. വിശ്വാസി പവിത്രമായി വിലമതിക്കുന്ന കുമ്പസാരത്തെ, വെറും ശപ്പന്മാര്‍ക്കു വാതോരാതെ വായില്‍തോന്നിയതു പുലമ്പാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് നമ്മളുതന്നെയാണ്. സിനിമകളില്‍ കുമ്പസാരത്തെ ചപ്പുചവറായി അവതരിപ്പിച്ചതുകണ്ട് ആസ്വദിച്ചതല്ലാതെ അതിനെതിരെ അണിവിരലനക്കാത്തവര്‍ക്ക്, ഇപ്പോളാണോ വെളിപാടുണ്ടായത് ഇതൊക്കെ ക്രിസ്ത്യാനീടെ വിശ്വാസത്തിനെതിരായ നീക്കമാണെന്ന്?"
"വല്യവിവരമുണ്ടെന്നു ചിന്തിക്കുന്ന അച്ചനെന്തു വിവരക്കേടാണീ ഈ പറയുന്നത്, സിനിമാക്കാരെല്ലാം നമ്മളെക്കാണിച്ച് സമ്മതം വാങ്ങിയിട്ടാണോ പടം റിലീസ് ചെയ്യുന്നത്? നമുക്കെന്താ സെന്‍സറിംങ് അധികാരമുണ്ടോ? തന്നെയല്ല, ഈ സിനിമയ്ക്കൊക്കെ വെറും എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യൂ അല്ലെയുള്ളു? അതിന് ആ വിലയല്ലേ ആരായാലും കൊടുക്കൂ?"
"അത് അച്ചനെപ്പോലെ വിവരമുള്ളവരുടെ കാര്യം. കുമ്പസാരമെന്താണെന്ന് അശേഷമറിയാത്ത പൊതുജനത്തിന്‍റെ കാര്യമോ? ഈയിടെ കുറെ ചാനല്‍ചര്‍ച്ചകള്‍ മനപ്പൂര്‍വ്വമിരുന്നു കേട്ടു. പങ്കെടുത്തവരില്‍ മിക്കവരും, പ്രത്യേകിച്ച് അക്രൈസ്തവര്‍, വാദിച്ചു സ്ഥാപിക്കാന്‍ ശ്രമിച്ചത് കുമ്പസാരത്തില്‍ മുഴുവന്‍ നടക്കുന്നത് ലൈംഗികസമ്മര്‍ദ്ദങ്ങളും, പ്രേരണകളും, പീഡനങ്ങളുമാണെന്നായിരുന്നു. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, കാരണം അവര്‍ക്കു കുമ്പസാരത്തെപ്പറ്റി കിട്ടിയിട്ടുള്ള അറിവുമുഴുവനും ഈ സിനിമകളില്‍ നിന്നൊക്കെയാണ്. അച്ചാ, ഞാന്‍ അച്ചനായിട്ട് നാല്‍പത്തൊന്നു വര്‍ഷംകഴിഞ്ഞു. ഇത്രയും കാലംകൊണ്ട്, വെറുമൊരു മനക്കണക്കെടുത്താല്‍പോലും ഒരുലക്ഷത്തിലേറെപ്പേരെ കുമ്പസാരിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരുപാടുപേര് ലൈംഗികവീഴ്ചകളെപ്പറ്റി ഏറ്റുപറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇന്നുവരെയും, ദൈവംതമ്പുരാനെ സാക്ഷിയാക്കി ഞാന്‍പറയട്ടെ, ഈ സിനിമയിലൊക്കെക്കാണുന്നതുപോലെ 'ഇക്കിളി'പ്പെടുത്തുന്ന ഒരൊറ്റക്കുമ്പസാരംപോലും കേട്ടിട്ടില്ല. അതു ഞാന്‍ നിര്‍വ്വികാരനായതുകൊണ്ടോ, കടുക്കാവെള്ളം കുടിച്ചതുകൊണ്ടോ അല്ല; പരിശുദ്ധനോ, അന്യഗ്രഹജീവിയോ ആയതുകൊണ്ടുമല്ല; പച്ചമനുഷ്യനാണ് ഞാനും. എന്നിട്ടും 'ഇക്കിളി'യില്ലെങ്കില്‍ കുമ്പസാരത്തിലങ്ങനെയല്ലാത്തതു കൊണ്ടുതന്നെയാണ്. അച്ചന് എന്‍റെ പ്രായമില്ലെങ്കിലും അച്ചനുമൊന്ന് ഓര്‍ത്തുനോക്കിക്കേ, അതുതന്നെയല്ലെ അച്ചന്‍റെയും അനുഭവം? ഈ സത്യം ആരറിയുന്നു? എന്നിട്ടാണ് ഈ ഊളന്മാരുടെയൊരു ചര്‍ച്ച. കഥയറിയാതെ ആടുന്ന കുറെ കോമരങ്ങളും അതു സത്യമെന്നു വിശ്വസിക്കാനിരിക്കുന്ന കൂശ്മാണ്ഡങ്ങളും!
ഞാന്‍ വേറൊരു ഉദാഹരണംകൂടെ പറയട്ടെ. അടുത്തനാളില്‍ മാര്‍ പാംപ്ളാനി പിതാവിന്‍റെ പേരില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഒരു കത്തു പ്രചരിച്ചു. പിതാവിനെ അറിയുന്നവര്‍ക്കൊക്കെയറിയാം അദ്ദേഹം വ്യക്തമായ നിലപാടുകളുള്ളയാളും, അതു മുഖംനോക്കാതെ പറയാന്‍ നട്ടെല്ലുള്ളയാളുമാണെന്ന്. അങ്ങനെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ള ചില അപ്രിയസത്യങ്ങള്‍ തന്ത്രപൂര്‍വ്വം അവതരിപ്പിച്ച്, അതേ ഭാഷയുമനുകരിച്ച്, ആരോ ഒരാള്‍ അയാളുടെ ചില സ്വകാര്യ വിവാദകാഴ്ചപ്പാടുകളെ അതിനിടയില്‍ തിരുകിക്കയറ്റി പിതാവിന്‍റെ പേരില്‍ പ്രചരിപ്പിച്ചു. ആരു വായിച്ചാലും, പാംപ്ലാനിപിതാവ് കാര്യങ്ങള്‍ തുറന്നുപറയുന്നയാളായതുകൊണ്ട് അതു പിതാവിന്‍റേതുതന്നെയാണ് എന്നു ധരിച്ചുപോകും. എന്നാല്‍, പിതാവ് വിവാദങ്ങള്‍ക്ക് നിവാരണമുണ്ടാക്കുകയല്ലാതെ ഒരിക്കലും വിവാദമുണ്ടാക്കുന്നയാളല്ല എന്നു ചിന്തിക്കാന്‍ അച്ചനുമെനിക്കും സാധിച്ചേക്കും. പക്ഷെ സാധാരണമനുഷ്യര്‍ അങ്ങനെയല്ലല്ലോ, അവര്‍ക്കു കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കാനാണെളുപ്പം.
ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന മറ്റൊരു സത്യംകൂടി. ഹൈന്ദവര്‍ അവരുടെ ദൈവങ്ങളോടോ, മുസ്ലീംവിശ്വാസികള്‍ അവരുടെ അനുഷ്ഠാനങ്ങളോടോ, ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ ആരെങ്കിലും അനാദരവുകാണിച്ചാല്‍ അവരും പ്രതിഷേധിക്കാറുണ്ട്. പക്ഷേ, ഏതെങ്കിലും ക്ഷേത്രമോ മോസ്ക്കോ എന്നെങ്കിലും എവിടെയെങ്കിലും സിനിമാഷൂട്ടിങ്ങിനു തുറന്നുകൊടുത്ത ചരിത്രമുണ്ടോ? നമ്മുടെയൊക്കെ പള്ളികളുടെ മദ്ബഹാപോലും സിനിമാഷൂട്ടിങ്ങിനു തുറന്നുകൊടുത്ത്, വി. കുര്‍ബ്ബാനയെയും, വിവാഹത്തെയും, കുമ്പസാരത്തെയുമൊക്കെ എത്ര വികലമായി അവതരിപ്പിക്കുന്നതു കണ്ടാലും, കൈയ്യുംകെട്ടിയിരുന്നിട്ട് അതിനൊക്കെ ഒരു 'എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യൂ' മാത്രമെ ഉള്ളു എന്നു വാദിച്ചാല്‍ മതിയെന്ന് എനിക്കു തോന്നുന്നില്ല."
"വാദത്തിനുവേണ്ടി നമുക്കിവിടിരുന്നിതൊക്കെ പറയാമെന്നല്ലാതെ പ്രായോഗികമായി നടപ്പുള്ള കാര്യമല്ലച്ചാ. അച്ചനിപ്പോള്‍ പറഞ്ഞതുപോലെ തൊട്ടതിനൊക്കെ പ്രതിഷേധവുമായി ഇറങ്ങാന്‍ തുടങ്ങിയാല്‍ അതിനേ നേരംകാണൂ. ഞങ്ങള്‍ക്കൊക്കെ ഇടവകയില്‍ ഇഷ്ടംപോലെ പണിയുണ്ട്. ഇപ്പറഞ്ഞതൊക്കെ അച്ചനെപ്പോലെയുള്ളവര്‍ക്കു പറ്റിയ പണിയാണ്. ഞാന്‍ അച്ചനെ കളിയാക്കാന്‍ പറഞ്ഞതല്ല, അച്ചന്‍റെ ഇടിയും മിന്നലിലുമൊക്കെ എഴുതാന്‍ പറ്റിയതാണെന്നാണു പറഞ്ഞത്."
അച്ചനെ കൂട്ടിക്കൊണ്ടുപോകാന്‍ കാറുകാരന്‍വന്നു വിളിച്ചതുകൊണ്ട് അതുംപറഞ്ഞ് അച്ചന്‍ പോയി. അടക്കിനു പിന്നെയും ഏറെ സമയമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ പള്ളിമുറ്റത്തേയ്ക്കിറങ്ങി. മരണവീടിന്‍റെ പരിസരത്തു വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യം കുറവായിരുന്നതുകൊണ്ട് വണ്ടി കൊണ്ടുപോകാതെ, ആരുടെയെങ്കിലും കൂടെപോകാന്‍ ആലോചിച്ച് നടക്കുമ്പോള്‍, സ്പീക്കര്‍ വച്ചുകെട്ടിയ ഒരു വാഹനത്തിനടുത്ത് മൂന്നാലുപേരെ കണ്ട് അവരുടെയടുത്തുചെന്നു. കണ്ടപ്പോളേ അവര്‍ക്കു പരിചയഭാവം. ഞാന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍, അവര് അവിടുത്തെ യുവദീപ്തിക്കാരാണ്, അവരാണു പാട്ടുകാര്, അവരു മുന്‍കൈയ്യടുത്ത് അവിടെ സംഘടിപ്പിച്ച ഒരു ധ്യാനത്തിനു കുമ്പസാരിപ്പിക്കാന്‍ ചെന്നപ്പോള്‍ ആരെയൊക്കെയോ ഞാന്‍ വഴക്കുപറഞ്ഞതു മറന്നിട്ടില്ലാത്തതുകൊണ്ട് എന്നെ അവര്‍ക്കറിയാമെന്നു പറഞ്ഞു. അടക്കിനു സമയമാകുമ്പോളേ വീട്ടിലേക്കവരു പോകുന്നുള്ളു, വണ്ടിയില്‍ ഇടയുണ്ട്, അവരുടെ കൂട്ടത്തില്‍പോകാം, തിരിച്ചും അവരുടെ കൂടെത്തന്നെപോരാമെന്നും അവരുടെ ഓഫര്‍. സമയമുണ്ടായിരുന്നതുകൊണ്ട് വര്‍ത്തമാനംപറഞ്ഞു നിന്നതിനിടയില്‍ അവരിലൊരാളുടെ ചോദ്യം:
"ഞങ്ങള്‍ക്കു പണിയാകുമോ അച്ചാ. ആണ്ടിലൊരിക്കലെങ്കിലും ഒന്നു കുളിച്ചുകയറുന്ന പതിവുണ്ടായിരുന്നതാണ്. മനുഷ്യാവകാശക്കാര് അതും നിരോധിക്കുമോ?"
"അതവന്‍ വെറുതെ പറഞ്ഞതാ അച്ചാ, ആണ്ടിലൊന്നല്ല, യുവദീപ്തിക്കാരു രണ്ടു മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് വികാരിയച്ചനു നിര്‍ബ്ബന്ധമാണ്."
"ഓ, അപ്പോള്‍ വികാരിയച്ചന്‍റെ നിര്‍ബ്ബന്ധംകൊണ്ടു നിങ്ങളു കുമ്പസാരിക്കുന്നെന്നേയുള്ളോ?"
"നിര്‍ബ്ബന്ധംകൊണ്ടാണോന്നു ചോദിച്ചാല്‍, അതേ. പിന്നെ ചെറുപ്പംമുതലേയുള്ള ശീലവുമതാണല്ലോ."
ആ സമയത്ത് ഒരുപെണ്‍കുട്ടിയുമെത്തി. അവരുടെ കൂടെയുള്ള പാട്ടുകാരിയാണെന്നു മറ്റുള്ളവരു പരിചയപ്പെടുത്തി. യുവദീപ്തിയിലെ അംഗവുമാണെന്നുപറഞ്ഞു സ്തുതി ചൊല്ലിക്കഴിഞ്ഞയുടനെ അവളുടെ ചോദ്യവും അതേ വിഷയംതന്നെയായിരുന്നു.
"അച്ചാ, യുവദീപ്തി മീറ്റിങ്ങില്‍ ഇന്നലെ ഒരു ചര്‍ച്ചയുണ്ടായി. കുമ്പസാരം നിരോധിക്കണമെന്നുള്ള നിര്‍ദ്ദേശത്തിനെതിരെ യുവദീപ്തിക്കാരു പ്രതിഷേധിക്കേണ്ടതല്ലേ എന്ന്. ഞങ്ങളു പെണ്‍കുട്ടികളെല്ലാം പ്രതിഷേധിക്കണമെന്നു പറഞ്ഞപ്പോള്‍, ഇവന്മാരെല്ലാം എതിര്‍ത്തു. ഇവരു പറഞ്ഞു, കുമ്പസാരം നിരോധിച്ചാല്‍ ഇവരെല്ലാരും കൈയ്യടിക്കുന്ന്. അച്ചന്‍റഭിപ്രായത്തില്‍ നമ്മളു പ്രതിഷേധിക്കേണ്ടതല്ലേ?"
"സത്യം പറഞ്ഞാല്‍, കുമ്പസാരം നിരോധിച്ചാല്‍ ഞാനും തുള്ളിച്ചാടി കൈയ്യടിക്കും."
ഞാനതു പറഞ്ഞുതീര്‍ന്നതേ അവന്മാരെല്ലാരുംകൂടെ കൂട്ടക്കയ്യടി, ആ പെണ്‍കൊച്ചാണെങ്കില്‍ അടികിട്ടിയതുപോലെ അന്തംവിട്ട് ഇപ്പോള്‍കരയുമെന്ന മട്ടിലായി. പള്ളിമുറ്റത്തുനിന്നവരെല്ലാം ബഹളംകേട്ടു ഞങ്ങളെ നോക്കുന്നതു കണ്ടപ്പോള്‍, അടക്കിനുവന്ന ഈ അച്ചന് തീരെ അടക്കമില്ലല്ലോന്നു ചിന്തിക്കുമല്ലോന്നോര്‍ത്തു ഞാന്‍ കൈ ഉയര്‍ത്തി, അവരു ബഹളം നിര്‍ത്തി.
"ഞാന്‍ പറഞ്ഞതു മനസ്സിലാക്കാതെയാണു നിങ്ങളു കൈയ്യടിച്ചത്. വീണ്ടും ഞാന്‍ പറയുന്നു, കുമ്പസാരം നിരോധിച്ചാല്‍ ഞാന്‍ കൈയ്യടിക്കും; കാരണം കുമ്പസാരം എന്നൊരു കൂദാശ സഭയിലില്ല."
എല്ലാവര്‍ക്കും ഒന്നു ഞെട്ടാന്‍ അവസരം കൊടുക്കാന്‍വേണ്ടി ഞാനൊന്നു നിര്‍ത്തി. തുരുതുരെ ചോദ്യങ്ങള്‍ ഉടന്‍ വരുമെന്നറിയാമായിരുന്നതുകൊണ്ട് അതിനുമുമ്പു ഞാന്‍ തുടര്‍ന്നു:
"തിരുസഭയില്‍ കുമ്പസാരം എന്നൊരു കൂദാശയില്ല. 'അനുരഞ്ജനകൂദാശ'യെ ഉള്ളു. അതു നിരോധിക്കാന്‍ ഭൂമിയിലൊരു ശക്തിക്കുമൊട്ടു സാധിക്കയുമില്ല. കാരണം അത് അവനവന്‍റെ ഉള്ളില്‍മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്. ബാഹ്യമായ ചില അടയാളങ്ങളുംകൂടെ അതിനോടുചേര്‍ത്ത് സഭ അതൊരു കൂദാശയായി സ്ഥാപിച്ചപ്പോള്‍ അതിന്‍റെയൊരു ചെറിയഭാഗം മാത്രമാണ് ഈ 'കുമ്പസാരം'. അതു കൂദാശയല്ല, അനുരഞ്ജനകൂദാശയിലെ ഏറ്റവും നിസ്സാരമായ ഒരുഭാഗം മാത്രമാണത്. പട്ടക്കാരനോടു പാപങ്ങള്‍ ഏറ്റുപറയുന്നതിനാണു 'കുമ്പസാരം' എന്നു പറയുന്നത്. ഈ ഏറ്റുപറച്ചിലാണു കൂദാശയെന്നും, ഇതുമതി പാപമോചനത്തിനെന്നും മറ്റുമുള്ള തെറ്റിധാരണകള്‍ വ്യാപകമായി പ്രചരിച്ചു. അച്ചന്‍റെ ചെവീലേയ്ക്കു പറഞ്ഞുകഴിയുമ്പോള്‍തന്നെ പാപങ്ങളെല്ലാം മാഞ്ഞുപോകുമെന്നും, പ്രായശ്ചിത്തം ചൊല്ലിയാലുടനെ പാപത്തിന്‍റെ സര്‍വ്വകടങ്ങളും തീരുമെന്നും, അച്ചനാണു പാപങ്ങള്‍ മോചിക്കുന്നതെന്നും മറ്റുമുള്ള അന്ധവിശ്വാസത്തിലാണ് ഇപ്പോഴും നിങ്ങളടക്കമുള്ള വിശ്വാസികളേറെയും. അതുകൊണ്ടല്ലേ അല്പംമുമ്പ് നിങ്ങളിലൊരാളു പറഞ്ഞത്, 'ആണ്ടിലൊന്നു കഴുകിയെടുക്കുന്ന' പതിവുണ്ടായിരുന്നെന്ന്. വികാരിയച്ചന്‍റെ നിര്‍ബ്ബന്ധംകാരണമാണു കുമ്പസാരിക്കുന്നതെന്നും, ചെറുപ്പം മുതലേ ശീലമായതുകൊണ്ടാണതെന്നും നിങ്ങളുതന്നെ സമ്മതിച്ചതിനുള്ള കാരണവും അതുതന്നെയല്ലേ?
എന്നാല്‍ ഇനിയെങ്കിലും സത്യം മനസ്സിലാക്കുക. കുമ്പസാരത്തില്‍ പാപമോചനമില്ല, അനുരഞ്ജനത്തില്‍മാത്രമേ പാപമോചനമുള്ളു. അവനവന്‍റെയുള്ളില്‍, തെറ്റുചെയ്തു എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍, അതു തിരുത്തിയേതീരൂ എന്ന ആവശ്യബോധവും ഉണരും; അതിനെയാണു പശ്ചാത്താപം എന്നു പറയുന്നത്. പശ്ചാത്താപത്തിന്‍റെ ഫലമാണ് അനുരഞ്ജനം; തെറ്റുതിരുത്തുന്ന ആ പ്രക്രിയ, അതാണ് അനുരഞ്ജനം. പാപം പൊറുക്കപ്പെടുന്നതിന് ആ ഒറ്റമാര്‍ഗ്ഗമേയുള്ളു, അത് അനുരഞ്ജനമാണ്, വേറെ ഓപ്ഷന്‍സ് ഒന്നുമില്ല, അനുരഞ്ജനംമാത്രം.
നിങ്ങളിലൊരാള്‍ ഇപ്പോളെന്നോടെതിര്‍ത്തു തര്‍ക്കിച്ചു, എനിക്കതിഷ്ടപ്പെടാതെ ഞാന്‍ പരസ്യമായിട്ടയാളെ അപമാനിച്ചു നാണംകെടുത്തി. എന്നിട്ടു ഞാനുടനെതന്നെ അച്ചന്‍റെയടുത്തുചെന്ന് അതേറ്റുപറഞ്ഞു 'കുമ്പസാരിച്ചു,' പ്രായശ്ചിത്തവും ചെയ്തു. അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്നോടു തര്‍ക്കിച്ചയാളതാ മുമ്പില്‍. ഉടനെ മുഖംതിരിച്ചു ഞാന്‍ പോയാലോ? ഒരുഫലവുമില്ലാത്ത ആ ഏറ്റുപറച്ചിലിനെയല്ലെ സാധാരണ നമ്മളീ 'കുമ്പസാരം' എന്നു പറയുന്നത്? അതു വെറും നാട്യമാണ്, കാപട്യമാണ്. എന്‍റെ തെറ്റുതിരിച്ചറിഞ്ഞ് 'സഹോദരാ തെറ്റിപ്പോയി, ക്ഷമിക്കണം' എന്ന് എന്‍റെയുള്ളില്‍ പറയാനായാല്‍ ആളെ നേരിട്ടുകാണുമ്പോഴും 'സോറി' എന്നെനിക്കു പറയാനാകും, അതാണ് അനുരഞ്ജനം. ഈ അനുരഞ്ജനം ഉണ്ടായാല്‍മാത്രമേ പാപമോചനമുള്ളു എന്നാണു കര്‍ത്താവു പഠിപ്പിച്ചത്. സഹോദരനു നിന്നോടു നീരസമുണ്ടെങ്കില്‍പോലും ബലിയര്‍പ്പിക്കണ്ടാ, പോയി രമ്യതപ്പെട്ടിട്ടുവന്നു ബലിയര്‍പ്പിച്ചാല്‍മതി എന്നവിടുന്നു പറഞ്ഞത് അതുകൊണ്ടാണ്. അനുരഞ്ജനമില്ലെങ്കില്‍ മാര്‍പ്പാപ്പാതന്നെ നേരിട്ടു പാപമോചനംതന്നാലും മോചനംകിട്ടില്ല, കാരണം പാപം മോചിക്കുന്നതു ദൈവംതമ്പുരാനാണ്. എത്രദിവസം ഉപവസിച്ചാലും, മുട്ടേല്‍നീന്തി മലയാറ്റൂര്‍മല കയറിയാലും, അതൊന്നും ആ ഒരു 'സോറി'ക്കു പകരമാവുകയില്ല. അനുരഞ്ജനത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.
പ്രവൃത്തി നോക്കിയല്ല ദൈവം പാപം വിധിക്കുന്നത്; പ്രവൃത്തികൊണ്ടല്ല നമ്മള്‍ പാപത്തിനു പ്രതിവിധി ചെയ്യേണ്ടതും. പ്രവൃത്തികള്‍നോക്കി പാപം വിധിച്ചിരുന്നതു പഴയനിയമത്തിലാണ്. സാബത്തു ലംഘിക്കുന്നതും, കൊല്ലുന്നതും, വ്യഭിചരിക്കുന്നതുംപോലെ കല്പനകള്‍ക്കെതിരെയുള്ള പ്രവൃത്തികളെയായിരുന്നു പഴയനിയമത്തില്‍ പാപങ്ങളായി കരുതിയിരുന്നത്. അങ്ങനെ ഏതെങ്കിലും പാപപ്രവൃത്തി ചെയ്തെങ്കില്‍ അതിനുള്ള പ്രതിവിധിയും, പകരമൊരു പുണ്യപ്രവൃത്തിയായിരുന്നു; കാളയെയോ ആടിനെയോ ബലിയര്‍പ്പിക്കുക, ഉപവസിക്കുക, ദാനധര്‍മ്മംചെയ്യുക, ചാക്കുടുക്കുക, ചാരത്തിലിരിക്കുക, തുടങ്ങിയവ. ഇവയൊക്കെ ചെയ്താല്‍ പാപത്തിനു മോചനമായി എന്നായിരുന്നു അവരുടെ വിശ്വാസപ്രമാണം. എന്നാല്‍ സുവിശേഷത്തിലെവിടെയെങ്കിലും ദാനംചെയ്തതുകൊണ്ടോ, ഏതെങ്കിലും സ്ഥലത്ത് കാഴ്ചസമര്‍പ്പിച്ചതുകൊണ്ടോ, എവിടെയെങ്കിലുംചെന്നു ബലിയര്‍പ്പിച്ചതുകൊണ്ടോ, ഉപവസിച്ചതുകൊണ്ടോ, കരിശുംചുമന്നു കുരിശുമല കയറിയതുകൊണ്ടോ, പെരുനാളു കഴിച്ചതുകൊണ്ടോ, നിങ്ങളിപ്പോള്‍ ചെയ്യാന്‍ പോകുന്നതുപോലെ ചരമഗാനം പാടിയതുകൊണ്ടോ പാപത്തിനു പ്രതിവിധിയാകുമെന്നു കര്‍ത്താവു പറഞ്ഞിട്ടുണ്ടോ? ഒരു പുണ്യപ്രവൃത്തികൊണ്ടും പാപത്തിനു പ്രതിവിധിയാവുകയില്ല.
നിയമങ്ങളേയും പ്രവാചകന്മാരേയും ഇല്ലാതാക്കാനല്ല, പൂര്‍ത്തീകരിക്കാന്‍വന്ന യേശു, പത്തുകല്പന നിങ്ങള്‍ക്കു ഞാന്‍ തരുന്നു എന്നല്ല, പുതിയ ഒരൊറ്റ കല്പന നിങ്ങള്‍ക്കു ഞാന്‍ തരുന്നു, ഞാന്‍ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുക എന്നാണു പറഞ്ഞുതന്നത്. അതുകൊണ്ട് പത്തുകല്പനകള്‍ യേശുവിന്‍റെ പ്രബോധനത്തിലില്ല; അവ പാലിക്കാന്‍ പഠിപ്പിച്ചുമില്ല. കാരണം പത്തുകല്പനകള്‍ പഴയനിയമത്തിന്‍റേതായിരുന്നു. അവ പ്രവൃത്തികളെ വിധിക്കാനായിരുന്നു. പുതിയനിയമത്തില്‍ കല്പനകളില്ല, കല്പനയേയുള്ളു; സ്നേഹിക്കുക എന്ന ഒറ്റക്കല്പനമാത്രം. ആ കല്പനവച്ചാണു തമ്പുരാന്‍ പാപം വിധിക്കുക. അങ്ങനെയെങ്കില്‍, പുതിയനിയമത്തില്‍ പാപം പ്രവൃത്തിയിലല്ല; പാപം മനസ്സിലാണ്, മനോഭാവത്തിലാണ്. കൊല്ലരുത് എന്നല്ല, അതായത് കൊലപാതകം എന്ന പ്രവൃത്തിചെയ്യരുത് എന്നല്ല, മറിച്ച് സഹോദരനെ ഭോഷാ എന്നു വിളിക്കുമ്പോള്‍തന്നെ സഹോദരഭാവം നിന്‍റെ മനസ്സില്‍ മരിച്ചു, മനസ്സില്‍ നീ സഹോദരനെ കൊന്നു; ആ മനോഭാവമാണു പാപമെന്നു കര്‍ത്താവു പഠിപ്പിച്ചത്. അതിനുള്ള പ്രതിവിധി പകരമേതെങ്കിലും പുണ്യകര്‍മ്മമല്ല, പട്ടക്കാരന്‍റെ ചെവീല്‍ പറയുകയുമല്ല; ആ മനോഭാവം മാറണം, മാറ്റിയേതീരൂ, ഇല്ലെങ്കില്‍ മോചനമില്ല. അതായത് മാനസാന്തരപ്പെടണം, അവന്‍ വീണ്ടും സഹോദരനാകണം. ഇതിനാണ് അനുരഞ്ജനം എന്നുപറയുന്നത്; ഇതില്‍ മാത്രമാണ് പാപമോചനം. വ്യക്തതവരുത്താന്‍വേണ്ടി യേശു തുടര്‍ന്നുപറഞ്ഞു: വ്യഭിചാമെന്ന പ്രവൃത്തി ചെയ്തുവോ എന്നല്ല, മനസ്സിലെ ദുരാശ, ദുര്‍മ്മനോഭാവം, അതുണ്ടോ, അതാണു പാപം.
ഈ പള്ളിയിലും ഒരു ധ്യാനത്തിനു കുമ്പസാരിപ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ വഴക്കുണ്ടാക്കിയ കാര്യം നിങ്ങളുമുമ്പേ പറഞ്ഞില്ലേ? കുറേപ്പേര് അന്ന് എഴുതിക്കൂട്ടിയ പാപത്തിന്‍റെ നീണ്ടലിസ്റ്റുമായി കുമ്പസാരിക്കാന്‍ വന്നതിനായിരുന്നു ഞാനന്നു വഴക്കുപറഞ്ഞത്. അതിനൊരു വിശദീകരണം തരാന്‍ ഇപ്പോള്‍ അവസരംകിട്ടി. നാലുവയസ്സില്‍ പത്താഴത്തിലിരുന്ന പലഹാരം കട്ടുതിന്നതുപോലും ഓര്‍ത്തെഴുതി പൂര്‍ത്തിയാക്കിയ പാപങ്ങളുടെ ലിസ്റ്റ് അച്ചന്‍റെ ചെവീലേയ്ക്കു ഛര്‍ദ്ദിച്ചവരൊക്കെ ചിന്തിക്കുന്നതെന്താണ്? അതുവരെ കാട്ടിക്കൂട്ടിയ എല്ലാ തിന്മപ്രവൃത്തികളുടെ കടങ്ങളും അതോടെ, മുമ്പേ ഇയാളു പറഞ്ഞതുപോലെ, കഴുകിപ്പോയെന്നല്ലേ? അസംബന്ധം. കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാല്‍ എല്ലാംതീരും എന്ന് ഈ ഞരമ്പുരോഗികളൊക്കെ പഠിപ്പിക്കുന്നതു തലയിലിരിക്കുന്നതുകൊണ്ടല്ലേ, ഇഷ്ടതാരത്തിന്‍റെ ഇടിപ്പടംകാണാനുള്ള തീയേറ്ററിലെ ഇടിപോലെ, വലിയ ആഴ്ചയിലുംമറ്റും കുമ്പസാരക്കൂട്ടിലെ ഇടി. ഈ 'ഇടികുമ്പസാരം' എന്ന നാടകം നിരോധിക്കുമ്പോള്‍ തുള്ളിച്ചാടി കൈകൊട്ടുമെന്നാണു ഞാന്‍ മുമ്പേ പറഞ്ഞത്. വേണ്ട, വേണ്ട, കൈയ്യടിക്കുവേണ്ടി പറഞ്ഞതല്ല."
മുഖം വല്ലാതെ പ്രസാദിച്ചു കൊട്ടാനായിട്ടു കൈതുറന്ന പെണ്‍കുട്ടിയെ ഞാന്‍ തടഞ്ഞു.
"സഭയുടെ വേദപാഠംപോലും അറിയില്ലാത്ത ഈ ആള്‍ദൈവങ്ങള്‍ ആദ്യം അതു പഠിക്കട്ടെ; മാരകമല്ലാത്ത പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അവ ഏറ്റുപറയണമെന്നുപോലുമില്ല എന്നാണു സഭ പഠിപ്പിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. സഭയുടെ പഠനംപോലും തിരുത്തി മാര്‍പ്പാപ്പായെ വേദപാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഈവക തലതിരിഞ്ഞ ധ്യാനഗുരുക്കന്മാര് ഞരമ്പുരോഗികളാണ്. ഈ മനോരോഗികളെയാണ് ആദ്യം നിരോധിക്കേണ്ടത്. തെറ്റിപ്പോയിയെന്ന് ഏറ്റുപറഞ്ഞ സക്കേവൂസിനോടു മാത്രമല്ല, ഒരക്ഷരംപോലുംമിണ്ടാതെ പാദം കണ്ണുനീരില്‍കഴുകിയ പെണ്ണിനോടും, തലകുനിച്ചിരുന്ന പാപത്തില്‍പിടിക്കപ്പെട്ട പെണ്ണിനോടും കര്‍ത്താവ് ഒരുപോലെ ക്ഷമിച്ചു. ഏറ്റു പറയുന്നതിലാണ് പാപമോചനമെങ്കില്‍ ഒറ്റഅച്ചന്മാരുപോലുമില്ലാത്ത അഫ്ഗാനിസ്ഥാനിലെയും മറ്റും കത്തോലിക്കര്‍ക്കു പാപമോചനം കിട്ടത്തില്ലല്ലോ. ഏറ്റുപറയുന്നതുകൊണ്ടല്ല, അനുരഞ്ജനപ്പെട്ട് തെറ്റുതിരുത്താനുള്ള അവനവന്‍റെ തീരുമാനത്തിലാണ് പാപം കഴുകിമാറ്റപ്പെടുന്നത്. വ്യഭിചരിച്ചെന്നു കുമ്പസാരിക്കുന്നവന്‍ അതിന്‍റെകൂടെത്തന്നെ, ബ്ലൂഫിലിം കാണുന്നതും, കഞ്ചാവുവലിക്കുന്നതും, കള്ളുകുടിക്കുന്നതും ഏറ്റുപറഞ്ഞു എന്നതുകൊണ്ട് എങ്ങനെ അവന്‍റെ പാപംതീരും? പുരുഷനു കാഴ്ചയാണ് ലൈംഗിക ഉത്തേജനത്തിനു മുഖ്യഹേതു; ബ്ലൂഫിലിമാണ് അതിനു വഴിവച്ചത്; കഞ്ചാവാണതു തീവ്രമാക്കിയത്, അതിനെ ഉജ്ജ്വലിപ്പിച്ചതു മദ്യവും. ഉത്തേജകമായ ബ്ലൂഫിലിമും, തീവ്രമാക്കുന്ന കഞ്ചാവും, ഉജ്ജ്വലിപ്പിക്കുന്ന മദ്യവും വിട്ടൊഴിയാനുള്ള അവന്‍റെ സന്നദ്ധതയാണു മാനസാന്തരം എന്നു പറയുന്നത്. ആ സന്നദ്ധതയാണ് തമ്പുരാന്‍ കണക്കിലെടുക്കുന്നത്. അതിലൂടെ മാത്രമെ അനുരഞ്ജനത്തിലെത്തൂ, പാപം മോചിക്കപ്പെടൂ; അല്ലാതെ ഏറ്റുപറഞ്ഞതുകൊണ്ടോ എഴുതിവായിച്ചതുകൊണ്ടോ അല്ല.
തമ്പുരാന്‍റെ കാര്യാലയത്തിലെ കണക്കുപുസ്തകത്തിലേക്ക് തെറ്റുകളുടെ ട്രൂകോപ്പികള്‍ അയച്ചു കൊടുക്കാനല്ല, തിരുത്തലുകളുടെ ശകലങ്ങള്‍പോലും തിരിച്ചറിയാനാണ് തമ്പുരാന്‍ പുരോഹിതരെ നിയോഗിച്ചിരിക്കുന്നത്. അവര്‍ക്കു മാതൃകയാകാനാണ്, തൊട്ടടുത്തു കുരിശില്‍കിടന്നവന്‍ തിന്മയുടെ ആള്‍രൂപമായിരുന്നിട്ടും, തിരിച്ചറിവുണ്ടായ നിമിഷം എന്നെക്കൂടി നീ ഓര്‍മ്മിക്കുമോ എന്നയാള്‍ ചോദിച്ചപ്പോള്‍ തന്നെ, നീയിന്ന് എന്നോടുകൂടെ സ്വര്‍ഗ്ഗത്തിലായിരിക്കും എന്നവനോട് യേശു പറഞ്ഞത്. അനുരഞ്ജനപ്പെടുന്നവനു തിരിച്ചറിവുണ്ടാകും; അപ്പോള്‍ കട്ടെടുത്തവന്‍ തിരിച്ചു കൊടുക്കും, കള്ളക്കണക്കെഴുതിയവന്‍ തിരുത്തിയെഴുതും, പൂഴ്ത്തിവച്ചവന്‍ പുറത്തുകൊണ്ടുവരും, കൈയ്യേറിയവന്‍ വിട്ടുകൊടുക്കുകയും ചെയ്യും, അതോടെ അവന്‍റെ പാപം മോചിക്കപ്പെടുന്നു. അങ്ങനെ അനുരഞ്ജനപ്പെട്ടവര്‍ക്കു മാത്രം അണയാനുള്ള കൂദാശയാണ് അനുരഞ്ജനകൂദാശ.
അനുരഞ്ജനത്തില്‍ പാപംതീരുമെങ്കില്‍ പിന്നെയെന്തിന് ഏറ്റുപറയണമെന്നു നിങ്ങളുചോദിക്കുമെന്നെനിക്കറിയാം. അതുകൂടെ പറയാം. പാപം മോചിക്കുന്നതു തമ്പുരാനാണ്, പട്ടക്കാരനല്ല. ദൈവത്തിന്‍റെ കൃപയുടെ, അതായത് പ്രസാദവരത്തിന്‍റെ, വാതിലും അടയാളവുമാണ് ഓരോ കൂദാശയും. അവനവന്‍റെ ബലഹീനതകളുടെ പഴുതുകളിലൂടെയാണല്ലോ വീഴ്ചകള്‍, പാപങ്ങള്‍ കടന്നുവരിക. അതിനെതിരെ ചെറുത്തുനില്ക്കാനുള്ള ശക്തിയാണ് പ്രസാദവരം, ദൈവകൃപ. എങ്കില്‍ അനുരഞ്ജനപ്പെട്ട അവസ്ഥയില്‍, സ്നേഹത്തില്‍, നിലനില്ക്കാനുള്ള പ്രസാദവരമാണ് അനുരഞ്ജനപ്പെട്ടവര്‍ക്ക്, അനുരഞ്ജനകൂദാശയിലൂടെ ലഭിക്കുക. അതു ദൈവത്തിന്‍റെ പ്രതിനിധി എന്നനിലയില്‍ പുരോഹിതന്‍വഴി അവനവനിലേയ്ക്കു ചൊരിയപ്പെടാന്‍ വേണ്ടിയാണ്, ഓരോരുത്തരും പുരോഹിതനോട് ഏറ്റുപറയേണ്ടത്.
അനുരഞ്ജനപ്പെട്ടിട്ടുണ്ടെങ്കില്‍ ദൈവം നിന്‍റെ പാപം മോചിച്ചിരിക്കുന്നു എന്നുപറഞ്ഞാണ് അച്ചന്‍ ആശീര്‍വ്വദിക്കുന്നത്. അങ്ങനെയെങ്കില്‍ മാനസാന്തരമെന്ന ഹോംവര്‍ക്കു ചെയ്യാതെ, ഏറ്റുപറയുന്നതും എഴുതിവായിക്കുന്നതും വെറും 'കുമ്പസാരമേ' ആകൂ. അതിനെ നിരോധിച്ചേ തീരൂ; നിരോധിക്കേണ്ടത് സഭയും സര്‍ക്കാരുമല്ല, മനുഷ്യാവകാശക്കമ്മീഷനും ഹൈക്കോടതിയുമല്ല, അവനവന്‍തന്നെയാണ്, അവനവന്‍റെ മനസ്സാക്ഷിയുടെ കോടതിയാണ്."
മൃതസംസ്കാരത്തിനുള്ള പള്ളിസാധനങ്ങളുമായി വണ്ടി നീങ്ങുന്നതുകണ്ടപ്പോള്‍ എല്ലാവരും ചാടി പാട്ടുവണ്ടിയില്‍ക്കയറി, കൂടെ ഞാനും.