news-details
കവർ സ്റ്റോറി

പാരഡൈസ് ഇന്‍ ദ കേവ്

കര്‍ക്കശമായ പഴയനിയമങ്ങള്‍ തിരുത്തപ്പെട്ടു. സ്നേഹംകൊണ്ടും കരുണകൊണ്ടും എഴുതിച്ചേര്‍ത്ത പുതിയനിയമങ്ങള്‍ പ്രകാശിതമായി. ഇരുളിലും മരണത്തിന്‍റെ നിഴലിലും ഇരുന്ന ജനത വലിയൊരു പ്രകാശംകണ്ടു. തിരുപ്പിറവിയുടെ പരിസരങ്ങളെ പൂര്‍വദേശങ്ങളിലെ താപസന്മാര്‍ പരിചയപ്പെടുത്തുന്നത് 'പാരഡൈസ് ഇന്‍ ദ കേവ്' എന്ന ഐക്കണുകളിലൂടെയാണ്. ദൈവപുത്രന് പിറക്കാന്‍ പിതാവൊരുക്കിയ പാര്‍പ്പിടം. എന്തൊരു മായികപ്രപഞ്ചം!

വൃശ്ചികത്തിലെ ആകാശത്തിന് എന്തൊരു ഭംഗി!  വിസ്തൃതമായ നീലമേലാപ്പിന്മേല്‍ വൈഢൂര്യക്കല്ലുകള്‍ പതിപ്പിച്ചതുപോല്‍ മിന്നിനില്‍ക്കുന്ന കുഞ്ഞുനക്ഷത്രങ്ങള്‍. അവയ്ക്ക് മദ്ധ്യേ നക്ഷത്രരാജ്ഞി കണക്കേ ചന്ദ്രന്‍. ചന്ദ്രന്‍റെ പാല്‍പുഞ്ചിരികൊണ്ട് എങ്ങും പരന്നൊഴുകുന്ന വെള്ളിനിലാവ്. ഗുഹക്കുള്ളിലെ സ്വര്‍ലോകത്തെ പ്രകാശമണിയിക്കാന്‍ കല്ലുകള്‍ക്കിടയിലെ വിടവുകളിലൂടെ അവ സ്വര്‍ഗ്ഗീയപൈതലിന്‍റെ മൃദുമേനിയെ മെല്ലെ ആശ്ലേഷിക്കുന്നു. ഈ കാഴ്ചയുടെ അനുഭൂതിയില്‍ ലയിച്ചുനില്‍ക്കുന്ന യൗസേപ്പും മേരിയും. എന്തൊരു മായികപ്രപഞ്ചം.

പുലര്‍ച്ചെ മലഞ്ചെരുവില്‍ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞ്, കൊങ്ങിണിപ്പൊന്തകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കിളികള്‍. അവ ഉണരാന്‍ മടിച്ച്, ചിറകൊന്നു കുടഞ്ഞുനിവര്‍ത്തി വീണ്ടും കിനാക്കള്‍ നിറഞ്ഞ ഉറക്കത്തിലേക്ക് വഴുതിവീണു. മേടുകളുടെ നിദ്രാലസതയെ തട്ടിയുണര്‍ത്തിക്കൊണ്ട് അവിടെങ്ങും വീശിയടിക്കുന്ന വൃശ്ചികത്തിലെ കാറ്റ്. കാറ്റില്‍ താഴ്ന്ന് പറന്ന് മാലാഖമാര്‍. അവര്‍ പാടുന്ന സ്വര്‍ഗീയഗാനം. ഗാനനിര്‍ത്ധരിയില്‍ ഉറക്കമുണര്‍ന്ന കിളികള്‍ സ്വര്‍ഗീയഗാനം ഏറ്റുപാടിക്കൊണ്ട് ഗുഹയെ ലക്ഷ്യമാക്കി പറന്നുപോകുന്നു, സ്വര്‍ഗീയനാഥനെ താരാട്ട് പാടിയുറക്കാനായി. എന്തൊരു മായിക പ്രപഞ്ചം!

മഞ്ഞില്‍ക്കുളിച്ചു നില്‍ക്കുന്ന മുളകള്‍. മുത്തുവാരി വിതറിയപോലെ മഞ്ഞുതുള്ളികള്‍ വീണുകിടക്കുന്ന ഇടവഴികള്‍, മലമ്പാതകള്‍, കുന്നിന്‍ചെരുവുകള്‍. താഴ്വരയില്‍ മഞ്ഞിന്‍റെ മൂടുപടത്തിനിടയിലൂടെ കാണാവുന്ന, കരിങ്കല്‍ഭിത്തികളാല്‍ നിര്‍മ്മിതമായ അലങ്കരിക്കപ്പെട്ട പ്രാചീന ദേവാലയം. അവിടെ നിന്നും ദേശത്തിന്‍റെ നാലതിരുകളിലേക്കും രാവിന്‍റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പുറപ്പെടുന്ന കരോള്‍ സംഘങ്ങള്‍. വിണ്ണിറങ്ങി വന്ന് മാലാഖമാര്‍ ആശംസിച്ച അതേ ശാന്തിഗീതങ്ങള്‍ അവരും ഏറ്റുപാടുന്നു. "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ദൈവം പ്രസാദിച്ചിട്ടുള്ള ഭൂമിയില്‍ മനുഷ്യരുടെ മദ്ധ്യത്തില്‍ സമാധാനം. സര്‍വ്വ ജനത്തിനും സന്തോഷം വരുത്തുന്ന ഒരു സദ്വര്‍ത്തമാനം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കൊരു രക്ഷകന്‍ പിറന്നിരിക്കുന്നു. കര്‍ത്താവായ മശീഹാ" (ലൂക്കാ 2: 10-14). എന്തൊരു മായികപ്രപഞ്ചം.

കുന്നിന്‍പുറത്തെങ്ങും നേര്‍ത്തുമെല്ലിച്ച ഞാങ്ങണപ്പൂക്കള്‍ തലനീട്ടുമ്പോഴും, പകലിന്‍റെ നീളം കുറഞ്ഞ് വൈകുന്നേരം ആറുമണിയാകുമ്പോഴേക്കും ഇരുട്ടിത്തുടങ്ങുമ്പോഴും രാത്രികളില്‍ പുതപ്പ് പുതത്ത് ഉറങ്ങിത്തുടങ്ങുമ്പോഴുമാണ്  ക്രിസ്മസ് ഇങ്ങെത്തിയെന്ന് ഓര്‍മ്മവരുന്നത്. ക്രിസ്മസ് ദിനങ്ങളില്‍ ഹൃദയം ആഹ്ലാദത്താല്‍ ഉന്മത്തമാകും, പ്രത്യേകിച്ച് കുഞ്ഞുനാളുകളില്‍. മേലേമാനത്ത് ആകാശനക്ഷത്രങ്ങള്‍. വീടിന്‍റെ ഉമ്മറത്ത് ചൈനാപേപ്പര്‍കൊണ്ട് നിര്‍മ്മിതമായ കടലാസ് നക്ഷത്രങ്ങള്‍ മഞ്ഞുവീണ് ആര്‍ദ്രമായ അന്തരീക്ഷത്തില്‍ തിളങ്ങുന്ന മിന്നാമിന്നികള്‍. കരോള്‍ഗാനത്തിന്‍റെ ഈരടികള്‍. സാന്‍റാക്ലോസിന്‍റെ സമ്മാനപൊതികള്‍ക്കുള്ളിലെ കൗതുകം. അടുക്കളയില്‍ നിന്നുയരുന്ന നാനാതരം സുഖഗന്ധങ്ങള്‍. ഉല്ലാസഭരിതരായ വീട്ടുകാര്‍. നിലവറയില്‍ നിന്ന് ഖനനം ചെയ്തെടുത്ത സ്വര്‍ണവര്‍ണമാര്‍ന്ന മുന്തിരിവീഞ്ഞ്. എന്തൊരു മായികപ്രപഞ്ചം!

എന്നാല്‍ അവന്‍ പിറന്ന മണ്ണിലോ? യുദ്ധമാണ്. ചുറ്റിലും നിരപരാധികളായ പതിനായിരങ്ങളാണ് മരിച്ചുവീഴുന്നത്. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, പട്ടാളക്കാര്‍... യുദ്ധത്തിനിടയില്‍പ്പെട്ടുപോകുന്ന സാധാരണ മനുഷ്യര്‍. അവരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര മനുഷ്യത്വനിയമം എന്ന പേരില്‍ ചിട്ടവട്ടങ്ങള്‍ ലിഖിതരൂപത്തിലാക്കിയിട്ടുണ്ട്. അവനവന്‍റേതല്ലാത്ത ചെയ്തികളുടെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഈ നിയമാവലിയുടെ അടിസ്ഥാനതത്ത്വം. എന്നാല്‍, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതി അവിടെ നടപ്പാക്കുന്നു. യുദ്ധം എന്ന അസംബന്ധതയെ അസംബന്ധതയായി കാണാന്‍ നാമിനിയും വളര്‍ന്നിട്ടില്ല. യഥാര്‍ത്ഥ മാനവസംസ്കൃതി ഇനിയും രൂപപ്പെട്ടു വന്നിട്ടില്ല എന്ന് പറയാനേ പറ്റൂ. എന്തൊരു ഭീകരപ്രപഞ്ചം.

യുദ്ധത്തടവുകാരായി പിടികൂടിയ ജനത്തെ വലിയ ടണലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു. 'പാരഡൈസ് ഇന്‍ ദ കേവ്' എന്ന വിശുദ്ധനാമവും അതുള്‍ക്കൊള്ളുന്ന വിശുദ്ധനാടും എത്ര അശ്ലീലമായിട്ടാണ് യുദ്ധഭൂമിയില്‍ മാറ്റിവരയ്ക്കപ്പെടുന്നത്.  പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഷൂട്ട് ചെയ്ത ഒരു വീഡിയോ ന്യൂയോര്‍ക്ക് ടൈംസിന്‍റെ സൈറ്റില്‍ കാണാനിടയായി. ഭാവിയില്‍ ആരാകണം എന്ന ചോദ്യത്തിന് കുട്ടികള്‍ ഒരേസ്വരത്തില്‍ ഉത്തരം പറയുന്നു: ബില്‍ഡര്‍... ഡോക്ടര്‍... തകര്‍ന്നടിഞ്ഞ നാടിനെ വീണ്ടും കെട്ടിപ്പൊക്കണമെന്നും നാടിന്‍റെ മുറിവുണക്കണമെന്നും സ്വപ്നം കാണുന്ന കുട്ടികള്‍. എന്നാലിപ്പോള്‍, ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് അവിടെ പിടഞ്ഞുവീഴുന്നു. എന്തൊരു ഭീകര പ്രപഞ്ചം!

ഈ ഭീകരപ്രപഞ്ചത്തിലേക്കാണ് ശാന്തിദൂതുമായി ക്രിസ്മസ് അണയുന്നത്. "ദൈവം പ്രസാദിച്ചിട്ടുള്ള ഭൂമിയില്‍ മനുഷ്യരുടെ ഇടയില്‍ സമാധാനം" എന്നാണ് ആശംസിക്കുന്നത്. യുദ്ധം അവസാനിച്ച് ശാന്തിയും സമാധാനവും എന്നു കൈവരും? അറിഞ്ഞുകൂടാ. പക്ഷേ, യുദ്ധാവസാനം അതിന് നേതൃത്വം കൊടുത്തവരോട് കാലം ചോദിക്കാന്‍ കരുതിവെച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്. മഹാഭാരത യുദ്ധാവസാനം ഗാന്ധാരി ചോദിച്ചതുപോലെ "കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെ നീ, കൊല്ലിക്കയത്രേ നിനക്കു രസമെടോ!" ഈ യുദ്ധഭൂമിയിലെ കുഞ്ഞുങ്ങള്‍, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കരിഞ്ഞൊടുങ്ങിയ ഹിരോഷിമയുടെ മണ്ണില്‍ ആദ്യമായി കിളിര്‍ത്ത ഓലിയാന്‍ഡര്‍ പൂക്കളെപ്പോലെ അവരുടെ മനോഹരമായ പുഞ്ചിരിയുമായി നാളെ പ്രത്യക്ഷമാകുന്നതും സ്വപ്നംകണ്ട് നമുക്കു നില്‍ക്കാം. എത്ര നിസ്സഹായരാണ് ഹോമോസാപ്പിയന്‍ എന്ന് ശാസ്ത്രനാമമുള്ള മനുഷ്യന്‍! 'പാരഡൈസ് ഇന്‍ ദ കേവില്‍', ദൈവമേ, അങ്ങുപോലും എത്ര നിസ്സഹായനായിരുന്നു - 'പിള്ളക്കച്ചയില്‍ പൊതിഞ്ഞ ഒരു പൈതലായി.'

You can share this post!

പേപ്പസിയും അടിസ്ഥാനവസ്തുതകളും

ഫാ. ജോസ് റീഗന്‍ OCD
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts