എഡ്വേര്‍ഡ് ഒരു അടിമപ്പെണ്ണിന്‍റെ മകനാണ്. വെള്ളക്കാരനായ മാസ്റ്ററുടെ അടിമയായി തോട്ടത്തില്‍ പണിയെടുക്കുന്ന അയാള്‍ സ്വതന്ത്രനായി ലൈബീരിയയിലേക്കു പോകാന്‍ ആഗ്രഹിക്കുന്നു. തന്‍റെ പ്രണയിനിയായ ഷാര്‍ലെറ്റിനെ അനുഗമിക്കണമെന്നതായിരുന്നു എഡ്വേര്‍ഡിന്‍റെ ആഗ്രഹം. പതിനഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അയാള്‍ക്കു സ്വാതന്ത്ര്യം ലഭിക്കുന്നത്. സുവിശേഷ പ്രവര്‍ത്തകനായി ലൈബീരിയായിലെത്തിയ എഡ്വേര്‍ഡിലൂടെ കാലത്തിന്‍റെയും ദേശത്തിന്‍റെയും ചരിത്രം അനാവൃതമാകുന്നു. സ്വന്തം അനുഭവത്തിന്‍റെ തീവ്രമായ ആവിഷ്കാരം കൂടിയായി നോവല്‍ മാറുന്നു. അമേരിക്കയില്‍നിന്ന് സ്വതന്ത്രരായെത്തിയ അടിമകളും തദ്ദേശവാസികളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കഥയും ഇതോടൊപ്പം കടന്നുവരുന്നു.
"ജീവിതത്തിലുടനീളം സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നെങ്കിലും എന്‍റെ പൂര്‍വ്വീകരുടെ മണ്ണായ ആഫ്രിക്കയിലേക്കു തിരിക്കുന്നതിനുള്ള കാരണം എഡ്വേര്‍ഡ് വ്യക്തമാക്കുന്നുണ്ട്. സ്വന്തം വേരുകള്‍ അന്വേഷിച്ചാണ് അയാള്‍ യാത്ര തിരിക്കുന്നത്. സ്വന്തം അസ്തിത്വത്തിന്‍റെ അര്‍ത്ഥമാണ് അയാള്‍ അന്വേഷിക്കുന്നത്. 'നമ്മുടെ നിലനില്പിന്‍റെ അടിസ്ഥാനം നമ്മുടെ നാടിനെ അറിയുക എന്നതാണ്' എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍റെ ദേശത്തേക്കുള്ള യാത്ര സ്വന്തം ജീവിതത്തിന് അര്‍ത്ഥം പകരുന്നുവെന്ന് നാം മനസ്സിലാക്കുന്നു. 'നിന്‍റെ ഹൃദയം നയിക്കുന്ന വഴിയിലൂടെ അതിനെ അനുഗമിക്കുക' എന്ന് അമ്മ പറഞ്ഞത് എഡ്വേര്‍ഡ് അനുഭവിക്കുന്നു. 'പക്ഷേ എനിക്കെങ്ങനെയാണീ ജീവിതം മനസ്സിലാകുന്നത്?' എന്ന ചോദ്യം അയാളെ അലട്ടുന്നുണ്ട്.
സ്വന്തം നാട്ടിലെത്തിയ എഡ്വേര്‍ഡിന് പ്രതീക്ഷിച്ചരീതിയിലുള്ള അനുഭവങ്ങളല്ല നേരിടേണ്ടി വന്നത്. വലിയ സംഘര്‍ഷങ്ങളിലേക്കാണ് അയാള്‍ വലിച്ചെറിയപ്പെടുന്നത്. 'നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അടിമകളായി വില്ക്കപ്പെട്ടവര്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത് തങ്ങള്‍ക്കര്‍ഹമായതിന്‍റെ ചെറിയ അംശം മാത്രം കൈപ്പറ്റുന്നതിനാണ്.' എന്നാല്‍ പലപ്പോഴും അത് നിഷേധിക്കപ്പെടുകയാണ്. മണ്‍റോവിയ എഡ്വേര്‍ഡിന്‍റെ സ്വപ്നഭൂമിയാണ്. 'മനുഷ്യന്‍റെ ജന്മസിദ്ധമായ സ്വാതന്ത്ര്യാവകാശത്തിന്‍റെ ദൃഷ്ടാന്തമായിരുന്നു മണ്‍റോവിയ. ജീവിതത്തിനു സ്വന്തമായ വഴി കണ്ടെത്തുന്നതിനുളള അവന്‍റെ അനിഷേധ്യമായ ആഗ്രഹത്തിന്‍റെ പ്രതീകം. സ്വതന്ത്രനാക്കപ്പെട്ട മനുഷ്യന്‍റെ സ്വപ്നങ്ങള്‍ക്കുള്ള മറുപടി. ഈ സ്വപ്നം ശിഥിലമാകുമ്പോള്‍ പുതിയ വെല്ലുവിളികളാണ് എഡ്വേര്‍ഡിന് നേരിടേണ്ടിവരുന്നത്.
യുദ്ധം വരുത്തിവയ്ക്കുന്ന നഷ്ടങ്ങള്‍ നോവലിസ്റ്റ് കാണുന്നുണ്ട്. സമാധാനത്തിനായുള്ള ആഗ്രഹം നോവലില്‍ നിറയുന്നു. "യുദ്ധം എന്‍റെ അമ്മയുടെ മരണത്തിലും എന്‍റെ ഭാഷയുടെ നഷ്ടത്തിലും കലാശിച്ചു" എന്നു പറയുമ്പോള്‍ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വ്യക്തമാകുന്നു. 'ജീവിക്കാന്‍ യുദ്ധമല്ലാതെ വേറെയും വഴികളുണ്ട്' എന്ന് പറയുന്നത് ശ്രദ്ധേയമാണ്. "യുദ്ധം എല്ലാം മാറ്റിമറിക്കുന്നു. അത് ആളുകളെ അനാഥരാക്കുന്നു" എന്നാണ് ഹലായുടെ അമ്മ പറയുന്നത്. ഈ ചിന്ത നോവലിന്‍റെ അടിസ്ഥാന വികാരമാണ്.
വിദൂരമായ ഒരു നാശത്തിന്‍റെ, ഒരു സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ നാം ഈ നോവലില്‍ കണ്ടെത്തുന്നു. ലോകം എങ്ങനെയാണോ അങ്ങനെതന്നെ കാണാനാണ് നോവലിസ്റ്റ് നമ്മെ പ്രേരിപ്പിക്കുന്നത്. ജാഗ്രതയോടെ ചരിത്രത്തെ, കാലഘട്ടത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. പലായനം ചെയ്യപ്പെടുന്ന മനുഷ്യസമൂഹത്തിന്‍റെ യാതനകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. വന്നുകയറിയ രാജ്യത്ത് അഭയാര്‍ത്ഥികള്‍ അവരുടേതായ ലോകം പടുത്തുയര്‍ത്തുന്നത് നാം കാണുന്നു.
"എന്തുകൊണ്ടാണ് ആള്‍ക്കാര്‍ പരസ്പരം കൊന്നൊടുക്കുന്നത്? സ്വന്തമല്ലാത്ത വീടുകള്‍ അവരെന്തിനാണ് തകര്‍ക്കുന്നത്? ആരാണീ വിനാശകരമായ ശക്തികള്‍ക്കു പിന്നില്‍?" എന്നീ ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്. ആഫ്രിക്കന്‍ നാടുകളില്‍ ആദ്യന്തം കലാപങ്ങളും യുദ്ധങ്ങളും വര്‍ഗീയലഹളകളും കടപുഴക്കിയെറിഞ്ഞ ജീവിതങ്ങളുടെ ചിത്രം ഒരിക്കലും വിസ്മരിക്കാവുന്നതല്ല. എങ്കിലും "എല്ലാം നഷ്ടമായിട്ടില്ല" എന്ന വിശ്വാസത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് സമൂഹം. 'മനുഷ്യരാശിക്കെതിരെ ചെയ്യുന്ന ഏറ്റവും ഭീകരമായ അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട' എമ്പ്രുസിന് വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. തലമുറകളിലൂടെ തുടരുന്ന വെല്ലുവിളികളുടെ ചിത്രം നോവലിസ്റ്റ് ആലേഖനം ചെയ്യുന്നു. 'ഞങ്ങളിപ്പോള്‍ യുദ്ധത്തിന്‍റെ തടവുകാരാണ്. രക്ഷപെടാനാകാതെ ഒരിടത്ത് അകപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ചിന്തകളിലില്ലാത്ത ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമയമായിരുന്നു അത്' എന്ന് ആഖ്യാതാവ് പ്രസ്താവിക്കുന്നു.
'സ്നേഹവുമായി താരതമ്യപ്പെടുത്തി മാത്രമേ എനിക്ക് യുദ്ധത്തെ വരയ്ക്കാന്‍ കഴിയൂ. യുദ്ധത്തോട് വെറുപ്പ് തോന്നണമെങ്കില്‍ മറ്റുള്ള മനുഷ്യജീവികളോട് സ്നേഹമുണ്ടായിരിക്കണം' ഇതാണ് നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്ന ദര്‍ശനം. 'ഇത് ഞങ്ങളുടെ വിധിയാണ്. ഭാവിയെ രൂപപ്പെടുത്തുന്ന തരത്തിലുള്ള ചരിത്രവും വര്‍ത്തമാനകാലവുമുളള ഒരു ജനതയുടെ ജീവിതവുമാണിത്' എന്നെഴുതുമ്പോള്‍ നോവലിന് ചരിത്രവുമായുള്ള ബന്ധം വ്യക്തമാകുന്നു. 'പൂര്‍വികരുടെ നാട്' എന്ന നോവല്‍ ലൈബീരിയയുടെ മാത്രമല്ല ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ, സംസ്കാരത്തിന്‍റെ വിശാലലോകത്തേക്കുള്ള ക്ഷണമാണ്. (പൂര്‍വ്വികരുടെ നാട് - വാംബ ഷെരീഫ്, വിവ: സ്മിത മീനാക്ഷി, രശ്മി കിട്ടപ്പ - സൈകതം ബുക്സ്)
കല്പിത ഭവനങ്ങള്‍
കാലത്തെ കൃത്യമായി നിരീക്ഷിക്കുകയും സൂക്ഷ്മമായി ആവിഷ്കരിക്കുകയും ചെയ്യുന്ന ചിന്തകനായ എഴുത്തുകാരനാണ് ആനന്ദ്. വര്‍ത്തമാനകാലം നേരിടുന്ന പ്രതിസന്ധികളെ അദ്ദേഹം എപ്പോഴും തിരിച്ചറിയുന്നു. ആനന്ദിന്‍റെ 'കല്പിതഭവനങ്ങളും കല്പിതഭൂപടങ്ങളും' എന്ന ലേഖനസമാഹാരം ആഴത്തിലുള്ള ദര്‍ശനങ്ങളാണ് അവതരിപ്പിക്കുന്നത്.
ഭാവന പണിയുന്ന നാല് ഭവനങ്ങളെക്കുറിച്ചാണ് ആദ്യപ്രബന്ധത്തില്‍ ആനന്ദ് എഴുതുന്നത്. കലയുടെ അലയുന്ന ഭവനം, വിശ്വാസങ്ങളുടെ അടഞ്ഞ ഭവനം, മൂല്യങ്ങളുടെ ചലിക്കുന്ന ഭവനം, അന്വേഷണത്തിന്‍റെ തുറന്ന ഭവനം എന്നിങ്ങനെയുള്ള നാലു ഭവനങ്ങളാണ് ഭാവനക്കുള്ളത്. ഇല്ലാത്ത സംഗതികള്‍ മനസ്സില്‍ സങ്കല്പിക്കുക എന്നത് മനുഷ്യനു മാത്രം സാധിക്കുന്ന സിദ്ധിയാണെന്ന് അദ്ദേഹം കുറിക്കുന്നു. ഇഷ്ടമുള്ള വസതികള്‍ മനസ്സില്‍ പണിതുയര്‍ത്തുന്ന മനുഷ്യന്‍ അവയില്‍ കയറി വസിക്കുന്നു.
മനുഷ്യന്‍റെ വ്യക്തിത്വം ഒരിടത്ത് ഉറച്ചുപോകുന്ന പ്രതിഭാസമല്ല. ഭാവനയാണ് നമ്മെ സ്വയം നിര്‍മ്മിക്കുന്ന ജീവിയാക്കുന്നത്. ആശയവിനിമയത്തിനു മനുഷ്യന്‍ ഭാഷ കണ്ടുപിടിച്ചു. അത് അനേകം വാതിലുകള്‍ തുറന്നിട്ടു. ഭാഷയും ഭാവനയും കലയുടെ സൃഷ്ടിയിലേക്കു നയിച്ചു. കലയുടെ സ്വാധീനം ജീവിതത്തില്‍ വ്യാപകവും സര്‍വസാധാരണവുമാണ്.
വിശ്വാസങ്ങളുടേത് അടഞ്ഞ ഭവനമാണെന്ന് നാമിപ്പോള്‍ കൂടുതല്‍ മനസ്സിലാക്കുന്നു. വിശ്വാസിയുടെ ഇടങ്ങള്‍ ചുരുങ്ങിവരികയാണ്. 'മതം പ്രദാനം ചെയ്യുന്നുവെന്ന് പറയുന്ന ആശ്രയവും ആശ്വാസവും ആവിയായിപ്പോകുന്നത് വിശ്വാസി അറിഞ്ഞെന്നു വരില്ല' എന്നാണ് ആനന്ദ് നിരീക്ഷിക്കുന്നത്. വ്യക്തികളെ ഊരിപ്പോരാന്‍ സാധിക്കാത്തവിധം ബന്ധിച്ച് തടവിലിടുന്നു അവര്‍തന്നെ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്ന് ആനന്ദ് തുടര്‍ന്നു പറയുന്നു. 'ഇമാജിനേഷന്‍ വിശ്വാസത്തിലേക്ക് ഒഴുകിയൊടുങ്ങി വരണ്ടുകഴിയുമ്പോള്‍, വിശ്വാസങ്ങള്‍ തണുത്തുറഞ്ഞ ചില ഇമേജുകളെ ഉല്‍പാദിപ്പിക്കുന്നു'. ഈ ഇമേജുകളുടെ ഘോഷയാത്രയാണ് നാമിപ്പോള്‍ കാണുന്നത്. ഇമേജുകള്‍ ഒരിക്കല്‍ ഉറച്ചുകഴിഞ്ഞാല്‍ മാറ്റുവാന്‍ ആരും സമ്മതിക്കില്ല. അങ്ങനെ വരുമ്പോള്‍ ദൈവസങ്കല്പത്തിലെ ആര്‍ദ്രവും ആത്മീയവുമെന്ന് പറയുന്നതുമായ വശങ്ങള്‍ മങ്ങിപ്പോകുന്നു. ഒരേ ഭാവന തന്നെയാണ് മനുഷ്യനെ കലയുടെയും വിശ്വാസത്തിന്‍റെയും ഭവനത്തില്‍ എത്തിക്കുന്നതെന്ന് ആനന്ദ് തിരിച്ചറിയുന്നു.
'മൂല്യങ്ങളുടെ ചലിക്കുന്ന ഭവന'ത്തിലാണ് നാം ജീവിക്കേണ്ടത്. സംസ്കാരത്തിന്‍റെ അന്തര്‍ധാര മൂല്യങ്ങളാണ്. നിരന്തരം പരിണമിക്കുന്നതാണ് മൂല്യവിചാരങ്ങള്‍. സാംസ്കാരികമൂല്യങ്ങളുടെ നിര്‍മ്മിതി ചലനാത്മകമായ പ്രക്രിയയാണ്. മൂല്യങ്ങള്‍ നിരന്തരമായി വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്നു. സംഭവങ്ങളും അനുഭവങ്ങളും സാഹചര്യങ്ങളും അതിന് പുതിയ മാനങ്ങള്‍ കൊടുക്കുന്നു. തളംകെട്ടിനില്‍ക്കുന്ന സമൂഹത്തില്‍ മൂല്യങ്ങള്‍ ജീര്‍ണ്ണിക്കുന്ന മതവും രാഷ്ട്രീയവുമെല്ലാം ഇന്നെത്തിനില്‍ക്കുന്നത് ഇത്തരത്തിലൊരു ജീര്‍ണ്ണാവസ്ഥയിലാണ്. അതിന്‍റെ പ്രതിഫലനങ്ങളാണ് നാം ഓരോ ദിവസവും കാണുന്നത്. അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് ചുറ്റും അരങ്ങേറുന്നത്.
അന്വേഷണങ്ങളുടേത് തുറന്ന ഭവനമാണ് ഭാവനയുടെയും യുക്തിയുടെയും വിവാഹമാണ് അന്വേഷണം; ശാസ്ത്രം. അന്വേഷണം അവസാനിച്ച്, ചോദ്യങ്ങള്‍ നിലച്ചാല്‍ ജീവിതം അവസാനിച്ചു എന്നാണര്‍ത്ഥം. ജീവിതത്തെ അന്വേഷണമാക്കി മാറ്റുകയാണ് പ്രധാനം. ആത്യന്തികമായ ഉത്തരങ്ങള്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുക. മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ചലനാത്മകമായി നിലനില്‍ക്കാന്‍ അന്വേഷകനാകുകയാണ് വേണ്ടത്.
ഭൂപടം നിര്‍മ്മിക്കുന്നവരും തകര്‍ക്കുന്നവരും, വിളക്കുകാലുകളും നാഴികക്കല്ലുകളും എന്നീ പ്രബന്ധങ്ങളിലും ആനന്ദ് നാം ജീവിക്കുന്ന കാലത്തെ ശരിയായവിധത്തില്‍ നോക്കിക്കാണുകയാണ്. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷകനാണ് ഈ എഴുത്തുകാരന്‍. നമ്മുടെ ചിന്തയെ, ബോധത്തെ നവീകരിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രബന്ധങ്ങള്‍ സഹായിക്കുന്നു. (കല്പിതഭവനങ്ങളും കല്പിതഭൂപടങ്ങളും - ആനന്ദ് - കറന്‍റ് ബുക്സ്, തൃശൂര്‍).
അപൂര്‍ണ്ണത്തിന്‍റെ ഭംഗി
അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകനാണ് ടി. എന്‍. ജോയി. സംസ്കാരത്തിന്‍റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്‍റെ ചിന്തയും പ്രവൃത്തിയും വ്യാപിച്ചു. ടി.എന്‍. ജോയിയുടെ ലേഖനങ്ങളുടെ സമാഹാരമാണ് 'അപൂര്‍ണ്ണത്തിന്‍റെ ഭംഗി'. ഇതിലെ ഒരു ലേഖനവും പൂര്‍ണ്ണമല്ല. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തില്‍ അത് നിര്‍ത്തുന്നു. ബാക്കി വായനക്കാരന്‍ പൂരിപ്പിക്കാനുള്ളതാണ് എന്നാവാം സൂചന. അല്ലെങ്കില്‍ ജീവിതത്തില്‍ എന്താണ് പൂര്‍ണ്ണമായിട്ടുള്ളത് എന്ന ചിന്തയാകാം. തന്‍റെ വായനയുടെയും ചിന്തയുടെയും അനുഭവങ്ങളുടെയും ഇടിമിന്നലുകള്‍ ഈ ഗ്രന്ഥത്തില്‍ ടി.എന്‍. ജോയി വാരിവിതറിയിരിക്കുന്നു. നമുക്ക് അന്വേഷിക്കാനുള്ള അനേകം വഴികള്‍ അദ്ദേഹം തുറന്നിട്ടിരിക്കുന്നു. കൃത്യമായ നിലപാടുകളുടെ ഭംഗികൂടി നാം ഈ പുസ്തകത്തില്‍ നിന്ന് തിരിച്ചറിയുന്നു.
"ഒന്നും എഴുതിത്തീരുന്നില്ല. ചിന്തിച്ച് തീരുകയാണെന്ന് വേണമെങ്കില്‍ പറയാം. ഒരു പേരിടല്‍ ...., ഒരു ചൊല്ലിവിളി... തത്ത്വചിന്തയുടെ സഞ്ചാരവഴികളില്‍ പൊരുളെവിടെ, ഉള്‍ക്കാഴ്ചയുടെ പുറംതോടിനും തനതുഭാഷയുണ്ടോ? ഇതെല്ലാം ഗ്രന്ഥകാരന്‍റെ അന്വേഷണങ്ങളാണ്. 'പേജുകള്‍ കുറഞ്ഞ് കുറുകിയ, ഒരദ്ധ്യായം മാത്രമുള്ള സമഗ്രശില്പമാകണം പുസ്തകവും ജീവിതവും, എന്‍റെ സ്വപ്നമാണ്' എന്നു ജോയി കുറിച്ചിട്ടുണ്ട്. ഓരോ കുറിപ്പും ഈ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണ്. കുറച്ചുപറഞ്ഞ് കൂടുതല്‍ സൂചിപ്പിക്കുന്ന കവിയായി ഈ വിപ്ലവകാരി വളരുന്നു. 'അവനവനായിരിക്കലിന്‍റെ ഗുപ്തസൗന്ദര്യ'മാണ് അദ്ദേഹം ആവിഷ്ക്കരിച്ചത്. അവസാനംവരെ അപകടകരമായി ജീവിച്ച മനുഷ്യസ്നേഹി.
നിങ്ങള്‍ ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണ് ജീവിക്കേണ്ടത് എന്ന് ജോയി പറയുന്നു. ആത്മവഞ്ചന അദ്ദേഹത്തിന് പൊറുപ്പിക്കാനാവില്ല. റൊമാന്‍റിക്കുകള്‍ കൈയടിക്കുന്നത് എന്നും സാഹസികഭംഗിക്കുമാത്രം എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു. 'ബൃഹത്തായ ചരിത്രവഴികള്‍ നമുക്കുവേണ്ടി കാത്തുവെച്ചിട്ടുള്ള വരുംവരായ്കകളില്‍ തീര്‍പ്പുകല്പിക്കാന്‍ നമ്മളാര്?' എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മാറ്റം എന്നും അനിവാര്യമാണ്. "മണല്‍ത്തിട്ടയില്‍ ഉറച്ചുപോയ കപ്പലിന് 'ഞാനൊട്ടും മാറിയിട്ടില്ല' എന്ന അഭിമാനം ഒരപകടമാണ്" എന്ന നിരീക്ഷണം എടുത്തുപറയേണ്ടതാണ്. നമ്മളില്‍ പലരും ഇങ്ങനെയാണെന്നറിയുമ്പോള്‍ ഞെട്ടലുണ്ടാകുന്നു. അന്വേഷണം വ്യര്‍ത്ഥമാകുന്നില്ല എന്നതാണ് ജോയിയുടെ വിശ്വാസം. വ്യര്‍ത്ഥതാബോധമില്ലാത്ത അന്വേഷണം, സംവാദക്ഷമമായ ശ്രുതിഭേദങ്ങളോടെ, നല്ല സാഹിത്യവും നല്ല ദര്‍ശനവും ഇടകലര്‍ന്ന് സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പഠനമില്ലാത്ത ഉത്സവത്തിനും ഉത്സവമില്ലാത്ത പഠനത്തിനും ഭാവിയില്ല എന്നതാണ് ജോയിയുടെ കാഴ്ചപ്പാട്: "വീക്ഷണത്തിന്‍റെ, കാഴ്ചയുടെ വൈവിധ്യമാണ് വ്യവഹാരനൈതികതയുടെ വെളിച്ചം" എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദര്‍ശനം. ജാഗ്രത്തായ ഒരു മനസ്സായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് 'അപൂര്‍ണ്ണത്തിന്‍റെ ഭംഗി' തെളിയിക്കുന്നു. (അപൂര്‍ണ്ണത്തിന്‍റെ ഭംഗി - ടി. എന്‍. ജോയി - പുസ്തകപ്രസാധകസംഘം)