ആഗോളതലത്തില്‍ ജനാധിപത്യത്തിന്‍റെ ഗതിയില്‍ ഒരു വഴിത്തിരിവാകുമെന്ന് പൊതുവേ കരുതപ്പെടുന്ന വര്‍ഷമാണ് 2024. നിരവധി രാജ്യങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകളും പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളും നടക്കാന്‍ പോകുന്ന വര്‍ഷമാണ് 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യയിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അവയില്‍ വളരെ പ്രധാനപ്പെട്ട രണ്ടെണ്ണം മാത്രം. ഈയൊരു സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധി രാഷ്ട്രീയ രംഗത്ത് എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. നിര്‍മ്മിതബുദ്ധിയുടെ (Artificial Intelligence _ AI) ധൃതഗതിയിലുള്ള വികാസം രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിതുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കുചേരുന്ന നിര്‍മ്മിതബുദ്ധി അവസരങ്ങളും ഒപ്പം വെല്ലുവിളികളും ഉയര്‍ത്തുന്ന, തിരഞ്ഞെടുപ്പു പ്രക്രിയയെ മാറ്റിത്തീര്‍ക്കാന്‍ പോന്ന ശക്തിയായിരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കായി വശ്യമായ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതില്‍ മുതല്‍ സൂക്ഷ്മതലത്തില്‍ വ്യക്തിപരമായി വോട്ടര്‍മാരെ സ്വാധീനിക്കുന്ന തന്ത്രങ്ങള്‍ മെനയുന്നതില്‍വരെ, പ്രചരണതന്ത്രങ്ങളില്‍ മുതല്‍ തിരഞ്ഞെടുപ്പു സുരക്ഷയില്‍ വരെ ഉപയോഗിക്കപ്പെടുമ്പോള്‍ നിര്‍മ്മിതബുദ്ധി ജനാധിപത്യപ്രക്രിയയെ സ്വാധീനിക്കാനും രൂപപ്പെടുത്താനും കഴിയുന്ന നിര്‍ണായക ഘടകമായി മാറും.
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍മ്മിതബുദ്ധി
2020ലെ യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍മ്മിതബുദ്ധി നിര്‍ണായക പങ്കു വഹിച്ചിരുന്നു. പ്രചരണതന്ത്രങ്ങളിലും സാമൂഹിക മാധ്യമ നിരീക്ഷണത്തിലും വോട്ടര്‍മാരുടെ രജിസ്ട്രേഷനിലും തിരഞ്ഞെടുപ്പു സുരക്ഷയിലും വ്യാജപ്രചരണങ്ങള്‍ പൊളിക്കുന്നതിലും നിര്‍മ്മിതബുദ്ധി പ്രത്യേക ചുമതല വഹിച്ചു. വോട്ടര്‍മാരെക്കുറിച്ചുള്ള കൂറ്റന്‍ വിവരശേഖരം അപഗ്രഥിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന ഘടകങ്ങള്‍ കണ്ടെത്തി അതനുസരിച്ച് തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍മ്മിതബുദ്ധിയുടെ പ്രവചനാത്മക അപഗ്രഥനശേഷി വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടു. നിര്‍മ്മിതബുദ്ധി തയ്യാറാക്കിയ മാതൃകകള്‍ ഉപയോഗിച്ചാണ് ട്രംപിനും ബൈഡനും വേണ്ടി നിര്‍ദ്ദിഷ്ട വോട്ടര്‍മാരെ ലക്ഷ്യംവച്ചുള്ള പ്രചരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സാമൂഹ്യമാധ്യങ്ങളിലെ തെറ്റായ വിവരങ്ങളെ കണ്ടെത്തി ശ്രദ്ധയില്‍പ്പെടുത്തുക വഴി സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളെ നിരീക്ഷിക്കാനും അതുവഴി അതിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും നിര്‍മ്മിതബുദ്ധി സഹായകമായി. വോട്ടര്‍മാര്‍ക്ക് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ചാറ്റ്ബോട്ടുകള്‍ (Chatbot) വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ പ്രക്രിയ സുഗമമാക്കാനും മെച്ചപ്പെടുത്താനും ഉപകരിച്ചു.
ഏറ്റം സൂക്ഷ്മതയുള്ള അല്‍ഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടപടിക്രമങ്ങളെ നിരീക്ഷിക്കുകയും അട്ടിമറിശ്രമങ്ങള്‍ തടയുകയും ചെയ്യുകവഴി തിരഞ്ഞെടുപ്പു സുരക്ഷയിലും സുതാര്യതയിലും നിര്‍മ്മിതബുദ്ധി സുപ്രധാന പങ്കുവഹിച്ചു. വോട്ടര്‍ മാരുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചേക്കാവുന്ന തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങളും കണ്ടെത്തി തിരുത്തുന്നതിനുള്ള നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡീപ് ഫേക്ക് ഡിറ്റക്ഷന്‍ സങ്കേതങ്ങള്‍(deep fake detection tools) വികസിപ്പിക്കപ്പെട്ടു. എല്ലാറ്റിനുമുപരിയായി വോട്ടര്‍മാരുടെ അപ്പപ്പോഴുള്ള ആഭിമുഖ്യങ്ങള്‍ നിര്‍മ്മിതബുദ്ധി വഴി വിശകലനം ചെയ്ത് തിരഞ്ഞെടുപ്പു പ്രചരണത്തിന്‍റെ തന്ത്രങ്ങളും ആശയങ്ങളും അടിക്കടി പുതുക്കാനും സാധ്യമായി.
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും
വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന ഘടകം എന്നതിനപ്പുറം നിലവിലുള്ള സാമൂഹികഘടനയെ ആകെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന ചാലകശക്തിയായി നിര്‍മ്മിതബുദ്ധിയെ മനസ്സിലാക്കേണ്ടതുണ്ട്. കാര്യക്ഷമതയും സുരക്ഷയും നയപരമായ ഉള്‍ക്കാഴ്ചയും വര്‍ധിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധിക്ക് കഴിയും. അതേസമയം ധാര്‍മ്മികപ്രതിസന്ധികളും സ്വകാര്യത സംബന്ധിച്ച ഉല്‍ക്കണ്ഠകളും സാമൂഹിക അവിശ്വാസവും സൃഷ്ടിക്കാനും അതിനു കഴിയും. രാഷ്ട്രീയലക്ഷ്യത്തോടെ ഏതെങ്കിലും പ്രത്യേകജനവിഭാഗങ്ങളുടെ പക്ഷപാതപരമായ പ്രൊഫൈലുകള്‍ തയ്യാറാക്കാന്‍ നിര്‍മ്മിതബുദ്ധിയെ ഉപയോഗപ്പെടുത്താമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം തെളിയിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന നിര്‍മ്മിതബുദ്ധി വോട്ടര്‍മാരുടെ സ്വകാര്യത സംബന്ധിച്ച ആശങ്ക ഉണര്‍ത്തുന്നു. ദുരുപയോഗം ചെയ്യപ്പെടാനും ഹാക്ക് ചെയ്യപ്പെടാനുമുള്ള സാധ്യതകളും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍മ്മിതബുദ്ധിയുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ധാരണാശക്തിയില്ലായ്മയും അതിന്‍റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും പൊതുജനങ്ങളില്‍ അവിശ്വാസത്തിന് ഇടയാക്കുകയും അതു തിരഞ്ഞെടുപ്പു പ്രക്രിയയിലുള്ള അവിശ്വാസമായി പ്രതിഫലിക്കുകയും ചെയ്തേക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് എ ഐ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗി ക്കുമ്പോള്‍ ഉണ്ടാകുന്ന ധാര്‍മിക പ്രതിസന്ധികള്‍ പ്രധാനമായി രണ്ടെണ്ണമാണ്. ഒന്നാമതായി ; തിര ഞ്ഞെടുപ്പില്‍ പ്രചരിക്കുന്ന കാര്യങ്ങളുടെ ആധികാ രികതയില്‍ പൊതുസമൂഹത്തിന് ഉണ്ടാകുന്ന അവിശ്വാസം. മനുഷ്യനിര്‍മ്മിതമായതിനെയും എ ഐ നിര്‍മ്മിതമായവയെയും വേര്‍തിരിച്ചറിയാന്‍ സാധാരണക്കാരന് പ്രയാസമാണ്. അതുകൊണ്ടു തന്നെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ സൃഷ്ടിയാണോ തന്‍റെ മുന്നിലുള്ള ഈ പ്രചാരണ വസ്തുക്കള്‍ എന്ന നിരന്തരമായ സംശയം പൊതു ജനത്തിന് സ്വാഭാവികമായും ഉണ്ടാകും. രണ്ടാമത്തെ ധാര്‍മിക പ്രതിസന്ധി സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. ആധാര്‍ കാര്‍ഡിലെ 16 അക്കങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക്സ് മുഴുവന്‍ അനാവരണം ചെയ്യാന്‍ കഴിയും. ഇത്തരം സ്വകാര്യ വിവരങ്ങള്‍ എ ഐ സാങ്കേതിവിദ്യയ്ക്ക് ലഭ്യമാക്കുമ്പോള്‍ ഉണ്ടാകുന്ന ദൂരവ്യാപകമായ പരി ണിതഫലങ്ങള്‍ സങ്കല്‍പ്പിക്കാവുന്നതിലും ഉപരിയാണ്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലുള്ള സ്വകാര്യ വിവരങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും എത്രത്തോളം ളൃമഴശഹല ആണെന്ന് നമുക്കെല്ലാവര്‍ക്കും ഉത്തമ ബോധ്യമുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്നും ക്രിയാത്മകമായി കൈകാര്യം ചെയ്യാമെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
നിര്‍മ്മിതബുദ്ധിയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും ഡീപ്ഫേക്ക് സാങ്കേതികതയും
നിര്‍മ്മിതബുദ്ധിയാല്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന, യാന്ത്രിക രചനകളും ഡീപ്ഫേക്ക് ചലച്ചിത്രങ്ങളും (deep fake films) ഇന്ന് വ്യാപകമായിട്ടുണ്ട്. ഒരാള്‍ ഒരിക്കലും പറയുകയോ ചെയ്യുകയോ ചെയ്യാത്ത കാര്യങ്ങള്‍ പറയുന്നതായും ചെയ്യുന്നതായും പൂര്‍ണമായി വിശ്വസനീയമായ രീതിയില്‍ ദൃശ്യവല്‍ക്കരിച്ച വീഡിയോകള്‍ AI സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കാന്‍ ഇന്ന് ഒരു ബുദ്ധിമുട്ടുമില്ല. അടുത്ത തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യു. എസ്. പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചയുടന്‍ അദ്ദേഹം രണ്ടാം വട്ടം വിജയിച്ചാല്‍ എങ്ങനെയാവുമെന്ന രീതിയില്‍ ചിത്രീകരിച്ച വീഡിയോ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ദേശീയസമിതി പുറത്തുവിടുകയുണ്ടായി. പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും ഒരു തിരഞ്ഞെടുപ്പു ദിന ഒത്തുചേരല്‍ ആഘോഷിക്കുന്ന നിര്‍മ്മിതബുദ്ധിയാല്‍ വ്യാജമായി തയ്യാറാക്കിയ ദൃശ്യങ്ങള്‍ ആ വീഡിയോയിലുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ജയിച്ചതിനുശേഷം സംഭവിക്കുന്നത് എന്ന വ്യാജേന ആഭ്യന്തരവും അന്താരാഷ്ട്രവുമായ പ്രതിസന്ധികളുടെ ഒരു നീണ്ട നിരയും വീഡിയോയില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. നിര്‍മ്മിതബുദ്ധിയെ രാഷ്ട്രീയരംഗത്ത് എത്രമാത്രം വക്രീകരിച്ച് ഉപയോഗിക്കാന്‍ കഴിയുമെന്നതിന്‍റെ ഞെട്ടിക്കുന്ന ദൃഷ്ടാന്തമാണിത്. നിര്‍മ്മിതബുദ്ധി രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടിയന്തിരമായി രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ സംഭവം വിളിച്ചോതുന്നത്.
നിര്‍മ്മിതബുദ്ധി-എഴുത്തിലും രാഷ്ട്രീയത്തിലും
മനുഷ്യ ഭാഷയ്ക്ക് സദൃശ്യമായ രീതിയില്‍ രചന നിര്‍വഹിക്കാന്‍ നിര്‍ബന്ധബുദ്ധി സംവിധാനങ്ങ ള്‍ക്ക് കഴിയും. മനുഷ്യര്‍ എഴുതുന്ന ആധികാരികമായ ഉള്ളടക്കങ്ങള്‍ക്ക് സദൃശ്യമായവ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കാവുന്ന സാഹചര്യത്തില്‍ നമ്മുടെ മുമ്പിലുള്ള ഒരു വസ്തുത സത്യമോ മിഥ്യയോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ പ്രയാസമാണ്. യഥാതഥവും വശ്യവുമായി പ്രഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള എഐ സാങ്കേതിക വിദ്യയുടെ രാഷ്ട്രീയ രംഗത്തെ പ്രവേശനം ഉണ്ടാക്കാന്‍ പോകുന്ന വെല്ലുവിളികള്‍ പ്രവചനാതീതമാണ്. ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കാനും അത് അധികമധികം പേരിലേക്ക് എത്തിക്കാനും കഴിയുന്നതുകൊണ്ട് സത്യവും മിഥ്യയും വേര്‍തിരിക്കുന്നതില്‍ അതു വലിയ പ്രതിസന്ധി സൃഷ്ടിക്കും. വര്‍ധിച്ചുവരുന്ന സങ്കീര്‍ണമായ വിവരപ്രളയത്തില്‍ ശരിയായ വഴി കണ്ടെത്തുന്നതിന് വോട്ടര്‍മാര്‍ക്ക് വിമര്‍ശനാത്മക ബുദ്ധിയും മാധ്യമ സാക്ഷരതയും കൂടിയേ കഴിയൂ.
ധാര്‍മ്മിക പരിഗണനകളും നിര്‍മ്മിതബുദ്ധി ഉപയോഗത്തിലെ ഉത്തരവാദിത്തവും
വിവരവിതരണത്തിലെ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഉയര്‍ത്തുന്നു. ആളുകളുടെ രുചിക്കും പക്ഷപാതങ്ങള്‍ക്കും ഇണങ്ങുന്ന വിധത്തില്‍ നിര്‍മ്മിതബുദ്ധിയാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ യാഥാസ്ഥിതിക അഭിപ്രായങ്ങളെ ശക്തിപ്പെടുത്തുന്ന ഇടുങ്ങിയ സാമൂഹിക ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്. അത് ജനാധിപത്യസംവാദത്തിന് ഏറെ അത്യാവശ്യമായ വ്യത്യസ്ത ആശയങ്ങളുടെയും വീക്ഷണങ്ങളുടെയും സ്വതന്ത്രമായ വിനിമയത്തിന് വിഘാതമാകുകയും ചെയ്യാം. നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധികള്‍ പലപ്പോഴും അതിന്‍റെ രാഷ്ട്രീയ രംഗത്തെ സാധ്യതകളെ മറച്ചുകളയുന്നു. ദുരുപയോഗിക്കപ്പെടാനും തെററിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഴി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നിര്‍മ്മിതബുദ്ധിയുടെ കഴിവു വഴി, ദുസ്വാധീനം ചെലുത്തപ്പെടാനുമുള്ള സാധ്യത ആശങ്ക ഉണര്‍ത്തുന്നു. പ്രഭാഷണങ്ങളുടെയും പെരുമാറ്റങ്ങളുടെയും തികച്ചും യഥാതഥമെന്ന് തോന്നുന്ന അനുകരണങ്ങള്‍ സൃഷ്ടിക്കാനുള്ള ഡീപ്ഫേക്ക് സാങ്കേതിക വിദ്യയുടെ കഴിവ് രാഷ്ട്രീയസംവാദങ്ങളുടെ ആധികാരികതയ്ക്കും ആര്‍ജ്ജവത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. രാഷ്ട്രീയ പ്രചരണങ്ങളിലെ നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം നിലവിലുള്ള സാമൂഹിക അസമത്വങ്ങളെയും വിഭജനങ്ങളെയും കൂടുതല്‍ ആഴത്തിലാക്കിയെന്നും വരാം. അതു വോട്ടര്‍മാരിലും അനാശാസ്യമായ വേര്‍തിരിവുകള്‍ക്കിടയാക്കും. രാഷ്ട്രീയമേഖലയില്‍ നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന ധാര്‍മ്മിക വെല്ലുവിളികള്‍ ശ്രദ്ധാപൂര്‍വ്വമായ പരിഗണനയും കാലേക്കൂട്ടിയുള്ള കര്‍മ്മപദ്ധതിയും ആവശ്യപ്പെടുന്നു. നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും നൈതികതയും ഉറപ്പുവരുത്തണം. ശ്രദ്ധാപൂര്‍വ്വം വേണ്ടത്ര മുന്നൊരുക്കങ്ങളോടെ മാത്രമേ നിര്‍മ്മിതബുദ്ധിയെ രാഷ്ട്രീയരംഗത്ത് ഇടപെടുവിക്കാനാവൂ. യൂറോപ്യന്‍ യൂണിയന്‍ ഈ വെല്ലുവിളിയെ നിയമനിര്‍മ്മാണത്തിലൂടെ അഭിസംബോധന ചെയ്തിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍റെ 2018 ലെ നിര്‍മ്മിതബുദ്ധി നിയമം (AI Act 2018) നിര്‍മ്മിതബുദ്ധി വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും നൈയാമിക ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നു. നിര്‍മ്മിതബുദ്ധി സംവിധാനത്തില്‍ സുതാര്യത വേണമെന്നും നിര്‍മ്മിതബുദ്ധിയുടെ സാന്നിധ്യവും ഇടപെടലുകളും ബന്ധപ്പെട്ട വ്യക്തികളെ അറിയിച്ചിരിക്കണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. AI യുടെ ഉത്തരവാദിത്വപൂര്‍ണമായ നിര്‍മ്മാണവും ഉപയോഗവും ഉറപ്പുവരുത്തുന്നതിനാവശ്യമായ ചട്ടക്കൂടുകളാണ് ഈ നിയമം പ്രദാനം ചെയ്യുന്നത്. രാഷ്ട്രീയരംഗത്ത് AI ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രചരണങ്ങളിലും നയരൂപീകരണങ്ങളിലും കൃത്രിമത്വവും പക്ഷപാതവും ഇല്ലായെന്ന് ഉറപ്പുവരുത്തുന്ന കര്‍ശനപരിശോധനകള്‍ (Scrutiny)ആവശ്യമാണെന്ന് നിയമം അനുശാസിക്കുന്നു.
2018 ലെ നിയമത്തിന്‍റെ അടിത്തറയില്‍ രൂപപ്പെടുത്തിയ 2023ലെ നിര്‍മ്മിതബുദ്ധി ഭേഗഗതി നിയമം (AI Act 2023) നിര്‍മ്മിത സാങ്കേതികവിദ്യയുടെ മാറിയ ഭൂമികയ്ക്ക് അനുയോജ്യമാം വിധം പരിഷ്ക്കരണങ്ങളും പൊളിച്ചെഴുത്തുകളും ഉള്‍ക്കൊള്ളിക്കുന്നു. നിര്‍മ്മിതബുദ്ധിയുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ദ്രോഹങ്ങള്‍ കഴിവതും ഒഴിവാക്കാനും ഉദ്ദേശിച്ചുള്ള സന്തുലിത സമീപനമാണ് നിയമരൂപീകരണത്തില്‍ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിലെ സമാനമായ ധാര്‍മ്മികപ്രശ്നം കൈകാര്യം ചെയ്യുന്ന മറ്റ് അധികാരകേന്ദ്രങ്ങള്‍ക്ക് ഈ നിയമം മാതൃകയാകുകയും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് വഴികാട്ടിയായി വര്‍ത്തിക്കുകയും ചെയ്യുന്നു. നിയമം നിര്‍മ്മിക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്ത യൂറോപ്യന്‍ യൂണിയന്‍റെ സമീപനം രാഷ്ട്രീയരംഗത്ത് നിര്‍മ്മിതബുദ്ധിയുടെ ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു.
നിര്‍മ്മിതബുദ്ധിയുടെ കാലത്ത് ജനാധിപത്യത്തിന്‍റെ ഭാവിയെക്കുറിച്ച് താത്വികമായ ഒരന്വേഷണം
നിര്‍മ്മിതബുദ്ധിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം, മാനവിക ഭാഗധേയത്തില്‍ ആ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ച്, പ്രത്യേകിച്ച് ജനാധിപത്യ പ്രക്രിയയില്‍ അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച്, ആഴത്തിലുള്ള സൈദ്ധാന്തികവിശകലനത്തെ അനിവാര്യമാക്കിയിരിക്കുന്നു. മനുഷ്യസമൂഹം പങ്കുവയ്ക്കുന്ന മാനവികതയില്‍നിന്ന് നമ്മെ അകറ്റുന്ന, സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ ഇല്ലാതാക്കുന്ന സാങ്കേതികവിദ്യയുടെ അപകടഭീഷണിയെക്കുറിച്ച് ജര്‍മ്മന്‍ രാഷ്ട്രീയ സൈദ്ധാന്തികയും തത്വചിന്തകയുമായ ഹന്നാ ആരെന്‍റ് മുന്നറിയിപ്പ് നല്‍കി നമ്മുടെ മനുഷ്യന്‍റെ പുരോഗതിക്കുള്ള ഉപകരണമെന്ന നിലയില്‍ മുന്നോട്ടുള്ള കാലത്ത് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളെ നമുക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ധാര്‍മ്മികതയെ ക്ഷയിപ്പിക്കാതെയും ജനാധിപത്യത്തിന്‍റെ അന്തസ്സത്തെയ ഹനിക്കാതെയും വേണം അതു സാധ്യമാക്കാന്‍.
നമ്മുടെ ചരിത്രത്തിലെ നിര്‍ണായക സന്ധികളിലൊന്നാണ് 2024ലെ തിരഞ്ഞെടുപ്പുകള്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളെയും വെല്ലുവിളികളെയും അഭിസംബോധന ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലുകളായ സുതാര്യത, ഉത്തരവാദിത്വം വ്യക്തിയുടെ അന്തസിനോടുള്ള ബഹുമാനം എന്നീ മൂല്യങ്ങളെ നാം മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. സംവാദങ്ങളില്‍ സജീവമായി പങ്കെടുത്തും വിമര്‍ശനബുദ്ധി വളര്‍ത്തിയും പക്വമായ ധാര്‍മ്മിക ചട്ടക്കൂട് രൂപപ്പെടുത്തിയും നിര്‍മ്മിതബുദ്ധി നല്ലതിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നുവെന്നും അത് നമ്മുടെ ജനാധിപത്യത്തിന് കൂടുതല്‍ ഇഴയടുപ്പം നല്‍കുന്നുവെന്നും നമുക്ക് ഉറപ്പാക്കാം. സോഷ്യല്‍ കോണ്‍ട്രാക്ട് സിദ്ധാന്ത(Theory of Social Contract)ത്തിന് രൂപം നല്‍കിയ റൂസോ മുതല്‍ നൈതികസിദ്ധാന്ത (Theory of Justice) ത്തിനു രൂപം നല്‍കിയ ജോണ്‍ റൗള്‍ വരെ ഏറെ പണ്ഡിതര്‍ അധികാരം, ജനപ്രാതിനിധ്യം, സമൂഹത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ ആശയങ്ങളെക്കുറിച്ച് വ്യാപകമായ അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പുതിയ കാലത്തിന്‍റെ സാങ്കേതിക ഭൂമികയില്‍ വഴിതെറ്റാതിരിക്കാനും അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പൊതുനന്മയ്ക്ക് ഉപകരിക്കപ്പെടുന്ന വിധത്തില്‍ നിര്‍മ്മിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്ന ഭാവിയിലേക്ക് മുന്നേറാനും ഈ പഠനങ്ങള്‍ നമുക്ക് മാര്‍ഗദര്‍ശകമാകും. നാം ഇന്നെടുക്കുന്ന തീരുമാനം നമ്മുടെ സമൂഹത്തിന്‍റെ ഭാവിയിലും വരാനിരിക്കുന്ന തലമുറകള്‍ക്കായി നാം കാത്തുവയ്ക്കുന്ന ലോകത്തിലും വലിയ ആഴത്തിലുള്ള പ്രതിഫലനമുണ്ടാക്കുമെന്ന് മറക്കാതിരിക്കുക.