സാമാധാനം കെടുത്തുന്ന അന്വേഷണം എന്നാണ് ഈ തലക്കെട്ട് അര്‍ത്ഥമാക്കുന്നത്. അന്വേഷണം നടത്തുന്നത് എന്തെങ്കിലും കണ്ടെത്തുന്നതിനാണ്. അത് നഷ്ടമായതോ, പുതിയത് തേടലോ ആകാം. അന്വേഷിച്ചിറങ്ങുന്നത് അത്രമേല്‍ വിലപിടിപ്പുള്ളതും പ്രിയമുള്ളതുമായതുകൊണ്ടാണ് പൊറുതി അഥവാ സമാധാനം നഷ്ടമാകുന്നത്. വേദപുസ്തകം പുതിയനിയമം ആരംഭിക്കുമ്പോള്‍ ഇരിക്കപ്പൊറുതിയില്ലാത്ത ഒരു അന്വേഷണം നടത്തുന്നത് നാം വായിക്കുന്നു. "യേശുവിനെ തിരക്കി അവര്‍ ജറൂസലേമിലേക്കു തിരിച്ചുപോയി... മൂന്നുദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദൈവാലയത്തില്‍ കണ്ടെത്തി. അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോടു ചോദിക്കുകയും ചെയ്യുകയായിരുന്നു അവന്‍. അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അവര്‍ അത്ഭുതപ്പെട്ടു." (ലൂക്ക 2:45-46). യേശുവിനെ കാണാതായപ്പോള്‍ അവന്‍റെ അപ്പനുമമ്മയും ഇരിക്കപ്പൊറുതി നഷ്ടപ്പെട്ട് അന്വേഷിച്ചിറങ്ങുകയും ഒടുവില്‍ അവനെ കണ്ടെത്തുകയും ചെയ്ത യേശുവിന്‍റെ ഈ കൗമാരകാല കഥ വി. ലൂക്കാ മാത്രം നല്‍കുന്ന വിവരണമാണ്.
പെരുന്നാളിന് പോയവന്‍ ഒളിച്ചോടുന്നു. അത് ഒരു പ്രത്യേക സദസ്സിലേക്കായിരുന്നു. കേള്‍ക്കുകയും ചോദിക്കുകയും ചെയ്യുന്ന യോഗം. കേള്‍വിയാണ് ചോദ്യങ്ങള്‍ ജനിപ്പിക്കുന്നത്. കേള്‍വിയുടെ മനസ്സ് ചിന്തയും ചോദ്യവും ഉണര്‍ത്തുന്നു. അവന്‍ അവിടെ എന്തോ അന്വേഷിക്കുന്നു. മറുവശത്ത് മാതാപിതാക്കള്‍ അവനെ അന്വേഷിക്കുന്നു. മാതാപിതാക്കളുടെ അന്വേഷണത്തില്‍ വ്യഗ്രതയും വ്യസനവുമുണ്ട്. കാരണം അവന്‍ അപ്രത്യക്ഷനായി.
അപ്രത്യക്ഷനായവനെ അവര്‍ തേടി. കണ്ടെത്തിയതോ ദൈവാലയത്തില്‍. "നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്തേ?" - മാതാപിതാക്കളുടെ വ്യസനത്തെ ചോദ്യമാക്കുന്നത് അവന്‍റെ അമ്മയാണ്. അവന്‍റെ മറുപടി മറ്റൊരു ചോദ്യമായിരുന്നു: "നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടവനല്ലേ?"
അപ്പനും അമ്മയും കാണാതായവനെ അന്വേഷിക്കുന്നു. ആരെ? പുത്രനെ. പക്ഷേ പുത്രനും അന്വേഷണത്തിലാണ്, ആരെ? പിതാവിനെ. രണ്ടുകൂട്ടരും അന്വേഷിക്കുകയാണ്, കാണാതായവനെ. പക്ഷേ രണ്ടുതരം അന്വേഷണമാണ്. മാതാപിതാക്കള്‍ അന്വേഷിച്ചതല്ല പുത്രന്‍ അന്വേഷിക്കുന്നത്. പുത്രന്‍ അന്വേഷിക്കുന്നതല്ല മാതാപിതാക്കള്‍ അന്വേഷിച്ചത്. മാതാപിതാക്കള്‍ക്ക് പുത്രന്‍റെ അന്വേഷണത്തിന്‍റെ പൊരുള്‍ മനസ്സിലായില്ല. "പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല." "പക്ഷേ അവന്‍റെ അമ്മ ഇക്കാര്യങ്ങളൊക്കെയും ഹൃദയത്തില്‍ സൂക്ഷിച്ചു."
കാണാതായത് അന്വേഷിക്കുന്ന കാലമാണ് നോമ്പുകാലം. കാണാതായത് മനസ്സില്‍ നിറഞ്ഞിരുന്നാല്‍ മാത്രമേ കണ്ടുകിട്ടിക്കഴിയുമ്പോള്‍ കണ്ണുനിറയെ കാണാനാവൂ. അതിന് കാണാതായതിനെക്കുറിച്ച് നഷ്ടബോധം ആവശ്യമാണ്. കാണാതായി എന്ന മുറിവ് ഉള്ളില്‍ ഉണ്ടെങ്കിലേ വേദനയോടെ അന്വേഷിക്കൂ. "അവര്‍ വേദനയോടെ അവനെ അന്വേഷിച്ചു." ജീവിതത്തില്‍ നിന്നും കാണാതായ ദൈവികഛായയും ദൈവികതയും അന്വേഷിച്ചിറങ്ങേണ്ട ഒരു കാലം. "അന്വേഷിപ്പിന്‍ കണ്ടെത്തും." നഷ്ടപ്പെട്ടതിന്‍റെ വേദന ഇരിക്കപ്പൊറുതി നല്‍കാതിരിക്കട്ടെ. സ്വന്തം ജീവിതത്തോട് അനുതാപം ജപിക്കുന്ന ദിനങ്ങളിലേക്ക് കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടി പ്രവേശിക്കാം.
"ഒരു ജപമാല അനന്തത ജപിക്കുന്നു
കരുണാര്‍ദ്രമാം കണ്ടെത്തലിനായ്."