news-details
സഞ്ചാരിയുടെ നാൾ വഴി

പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലില്‍ തടഞ്ഞൊരു ശംഖ്.

"ഇതിലെ നീലച്ച രേഖകള്‍, നിന്‍റെ പിന്‍കഴുത്തിലെപ്പോലെ..."

ഒരു നിമിഷം നമ്മള്‍ നിശ്ശബ്ദരായി.

പിന്നെയവള്‍ പറഞ്ഞു.

'ശംഖിന്‍റെ പുറംകൗതുകങ്ങളില്‍ മനസ്സ് കുരുങ്ങരുത്...
അതിനുള്ളില്‍ ഓംകാരമുണ്ട് - ധ്യാനിക്കുക,'

അങ്ങനെ നാം വീണ്ടും നിര്‍മ്മലരായി.

മാര്‍ച്ച് എട്ട്. സ്ത്രീയെ ആദരിക്കാനായി ഒരു ദിനം. എനിക്കൊരു മാപ്പ് ചോദിക്കാനുണ്ട്. നിന്‍റെ പുറംകൗതുകങ്ങളില്‍ മുങ്ങി, ഉള്ളിലെ ഓംകാരത്തെ മറന്നതിന്, വ്യാകുലതയോടെ എന്‍റെ പിഴ, എന്‍റെ പിഴ, വലിയ പിഴയെന്നു ചൊല്ലി. ഒത്തിരിപ്പേരുടെ ഒടുങ്ങാത്ത ആസക്തികളുടെ കനലില്‍ നിന്‍റെ ഉടല്‍ പൊള്ളുന്നുവെന്ന് ഞാനറിയുന്നു. സഖീ, ശരീരം നിനക്ക് വല്ലാത്തൊരു പീഡനനിമിത്തമായി മാറുന്നു. അന്തിയില്‍ ബസിറങ്ങിയ പെണ്‍കുട്ടി ഇരുള്‍വീണ നാട്ടുപാതയിലൂടെ നടന്നുപോകുന്നുണ്ട്. ഇരുട്ടിന്‍റെ മറപറ്റി ആരെങ്കിലുമവളെ പിന്‍തുടരുന്നുണ്ടാവുമോ? കൗമാരത്തിലെത്തിയ രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി ഒരച്ഛന്‍ ഉത്സവപ്പറമ്പിലേക്കാണ്. കൃത്രിമമായി ഒരുക്കുന്ന തിരക്കില്‍ അച്ഛനോട് ഒരിക്കലും പറഞ്ഞുകൂടാത്ത ഒരു നൊമ്പരരഹസ്യം അവര്‍ക്കിനിയെന്നും ഒളിച്ചുവെക്കേണ്ടിവരുമോ? മേലധികാരിയുടെ ക്യാബിനിലേക്ക് വിളിക്കപ്പെട്ടയൊരുവള്‍ ഉലഞ്ഞമുടിയുമായി പുറത്തേക്ക് കുതിക്കുന്നതെന്തേ? എന്തിനായിരിക്കാം ഈ പാവപ്പെട്ട പെണ്‍കുട്ടിയോട് പൊങ്ങച്ചമുദ്രകള്‍ വെളിപ്പെടുത്തുന്ന മദ്ധ്യവയസ്കയായ സ്ത്രീ ഇത്ര  സൗമനസ്യം കാട്ടുന്നത്? കുറ്റപത്രംപോലെ മുഖത്തേക്കു വീഴുന്ന ദിനപത്രങ്ങള്‍. പ്രലോഭനങ്ങളുടെ, നിന്ദനങ്ങളുടെ, പീഡനങ്ങളുടെ ഒരായിരം വര്‍ത്തമാനങ്ങള്‍. ഇല്ല, ആരുടെയും നേരെ വിരലുകളുയര്‍ത്താന്‍ എനിക്ക് ധാര്‍മ്മികമായ കരുത്തില്ല. വിശുദ്ധമെന്നു പേരിട്ടു വിളിച്ച സൗഹൃദങ്ങള്‍ക്ക് പിന്നില്‍പോലും ഞാനൊളിപ്പിച്ചുവച്ച  തൃഷ്ണയുടെ കഴുകന്‍നഖങ്ങള്‍ നിന്നെ നടുക്കിയിട്ടില്ലേ?

ലോകം ഓരോ നിമിഷവും ഒരു പൂര്‍ണകമ്പോളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ കമ്പോളത്തിലെ ഏറ്റവും വാണിജ്യസാദ്ധ്യത നിന്‍റെ ഉടലിനാണ്. എല്ലാക്കാലത്തിലെയും പോലെ. ഞങ്ങളുടെ ആഹ്ലാദങ്ങള്‍ക്ക് വിരുന്നാവുക എന്നതാണ് നിന്‍റെ ശരീരത്തിന്‍റെ ധര്‍മ്മം. സ്നേഹാദരവുകളോടും പുണ്യവിസ്മയങ്ങളോടും നിന്നെക്കാണാന്‍  ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു. അപൂര്‍ണമായ കാഴ്ചകളിലൂടെ ഇടറിനടക്കുകയാണ് ഞങ്ങള്‍ പുരുഷന്മാര്‍. ഞങ്ങള്‍ വായിക്കുന്ന സ്യൂഡോ മനശ്ശാസ്ത്രപുസ്തകങ്ങള്‍ പറയുന്നത് കീഴ്പ്പെടുത്തപ്പെടുന്നവയില്‍പ്പോലും നീയൊരു ഗൂഢആഹ്ലാദമറിയുന്നുവെന്നാണ്. കണ്ണീരൊക്കെ വെറും മറയാണെന്ന്. ദര്‍ശനങ്ങളുടെ വിശുദ്ധിയിലേക്ക് ഞങ്ങള്‍ വീണ്ടെടുക്കപ്പെടേണ്ടിയിരിക്കുന്നു.

സുവിശേഷത്തില്‍ കാഴ്ചയുടെ വിശുദ്ധിയിലേക്ക് ക്രിസ്തു കൂട്ടിക്കൊണ്ടുവന്ന അന്ധന്‍റെ കഥ(മര്‍ക്കോ 8/22-26) ഒരുപമപോലെ വായിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് അവന് സൗഖ്യം  കിട്ടുക. ആദ്യം ക്രിസ്തു മിഴികളെ തൊട്ട്, നീയിപ്പോള്‍ എന്തു കാണുന്നുവെന്ന് ചോദിക്കുന്നു. അവന്‍ പറഞ്ഞു. ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ അവ മരങ്ങളെപ്പോലെയാണ്. ചലിക്കുന്ന മരങ്ങള്‍. കാഴ്ച കണ്ണിന്‍റെ പ്രശ്നമല്ല. മനസ്സിന്‍റേതാണ്. നമ്മുടെ കാഴ്ചകളും ഇത്തരമൊരു പരിമിതിയുടെ വൃത്തത്തിലാണ്. നമ്മള്‍ മനുഷ്യരെ മരങ്ങളായി തെറ്റിദ്ധരിക്കുകയാണ്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ വസ്തുവായി, വസ്തു ഉപയോഗിക്കപ്പെടാന്‍ വേണ്ടി മാത്രമുള്ളതാണ്, പിന്നെ വലിച്ചെറിയാനും. (ഡിസ്പോസിബിള്‍ സംസ്കാരം). കാഴ്ചയുടെ ഈ അപൂര്‍ണതയില്‍ നിന്ന് ഒരു രണ്ടാം സ്പര്‍ശത്തിലൂടെ ക്രിസ്തുവവനനെ മോചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ നീ എന്തു കാണുന്നു? "ഞാന്‍ മനുഷ്യരെ മനുഷ്യരായി കാണുന്നുണ്ട്..." കാഴ്ചകളുടെ തമ്പുരാനേ ഞങ്ങളുടെ മിഴികളെ തുറക്കുക. മരങ്ങളെന്നു തെറ്റിദ്ധരിപ്പിച്ചവര്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന മനുഷ്യനെ കാണാന്‍, പിന്നെ മനുഷ്യനുള്ളിലെ ദൈവാംശത്തെക്കാണാന്‍. അങ്ങനെയാണ് പെണ്‍കുട്ടി ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങേണ്ടത്.

സ്വന്തം ഉടലിലെ ഓംകാരത്തെ മറന്ന ഒരാള്‍ക്ക് അപരന്‍റെ ഉടലിലെ ബ്രഹ്മത്തെ എങ്ങനെയാണ് തിരിച്ചറിയാനാകുക? ഉടല്‍ ഒരു ക്ഷേത്രമാണെന്നുള്ള അവബോധത്തിലേക്കുണരുക. പൗലോസപ്പസ്തോലന്‍ ചോദിക്കുന്നതുപോലെ മറന്നുവോ, നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നത്. എന്നാല്‍ നമ്മുടെ കാലം നമ്മെ പഠിപ്പിക്കുന്നത് ഉടല്‍ ഒരു സത്രമാണെന്നാണ്. സത്രം വിരുന്നുണ്ണാനും അന്തിയുറങ്ങാനും മടുക്കുമ്പോള്‍ മറ്റൊന്നു തിരയാനുമുള്ളയിടമാണ്. ശരീരത്തിനെതിരെയുള്ള തിന്മകള്‍ ക്ഷേത്രവിശുദ്ധികളുടെ ലംഘനമാണെന്ന തേജസ്സിന്‍റെ പാഠം അഭ്യസിക്കുക. ഇതു രതിയുടെ നിരാസമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സോളമന്‍റെ പാട്ടുകളുടെ പാട്ടില്‍ തെളിയുന്നതുപോലെ സൗമ്യവും ദീപ്തവുമായ രതിസങ്കല്പങ്ങള്‍ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഒരു പൂവ് വിരിയുന്നതുപോലെ താനേ സംഭവിക്കേണ്ട സ്നേഹപ്രവാഹമായി അതിനെ മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ കവര്‍ന്നെടുക്കലുകള്‍ക്കും തല്ലിക്കൊഴിച്ചിലുകള്‍ക്കുമിടയില്ലാതാകുന്നു. ഉടലിന്‍റെ തരംഗവ്യതിയാനമല്ല രതി. എന്‍റെ ഹൃദയംകൊണ്ട് നിന്‍റെ ഹൃദയത്തെ തൊടാനാവുന്നില്ലല്ലോയെന്ന വ്യാകുലതയിലാവണം രതിയനുഷ്ടിക്കേണ്ടത്. ആത്മാവിന്‍റെ അര്‍ച്ചനപോലെ. നമ്മെ തമ്മില്‍ ഇനിയും അകറ്റുന്ന ഉടലെന്ന മാദ്ധ്യമത്തെ അതിജീവിക്കാനുള്ള പ്രാര്‍ത്ഥന പോലെ സ്നേഹാദരവുകളോടെ അതിനെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചുണ്ടുകളല്ല പൊള്ളുന്നത്...

ഇത്തരം ദര്‍ശനം ഉള്ളില്‍ കൊണ്ടുനടക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ പ്രകാശിക്കുന്നു. അതുകൊണ്ടാണ് കണ്ണുകളെക്കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ പാഠം ക്രിസ്തുവിന്‍റെ അധരങ്ങളില്‍നിന്ന് തന്നെ ലഭിക്കുക. "കണ്ണ് ശരീരത്തിന്‍റെ വിളക്കാണ്." ഉള്ളില്‍ ഇത്തരം ഒരു ദര്‍ശനത്തിന്‍റെ വെളിച്ചം കൊണ്ടുനടന്നില്ലായെങ്കില്‍ എന്‍റെ മിഴികളെങ്ങനെയാണ് പ്രകാശിക്കുക. ക്രിസ്തുവിനെപ്പോലെ നോക്കാന്‍ പഠിക്കുകയാണെന്നതാണ് എന്‍റെ സ്വപ്നം. ഖലീല്‍ ജിബ്രാന്‍റെ മഗ്ദലനയിലെ മറിയം ക്രിസ്തുവിനെക്കുറിച്ച് പറയുന്നതുപോലെ ഋതുക്കള്‍ വയലേലകളെ നോക്കുന്നതുപോലെ എന്നെ നോക്കി മന്ദഹസിച്ചവന്‍ പറഞ്ഞു, എല്ലാവരും നിന്നെയവര്‍ക്കുവേണ്ടി സ്നേഹിക്കുമ്പോള്‍ ഞാന്‍ മാത്രം നിന്നെ നിനക്കുവേണ്ടി സ്നേഹിക്കുന്നു. എല്ലാവരും മുമ്പേ മങ്ങിപ്പോവുന്ന സൗന്ദര്യത്തെക്കാണുമ്പോള്‍ നിന്നിലെ കാണാനാവാത്ത നിന്നെ ഞാന്‍ മാത്രം സ്നേഹിക്കുന്നു.

മലമുകളിലൊരു സന്ന്യാസിയുണ്ടായിരുന്നു. ഒത്തിരി ബ്രഹ്മചര്യശാഠ്യങ്ങള്‍ ഉള്ളയൊരാള്‍. താഴ്വരയിലേക്കിറങ്ങുമ്പോള്‍ വെള്ളം കോരിയെതിരെയെത്തുന്ന ഗ്രാമീണസ്ത്രീകള്‍. അവര്‍ക്ക് മുഖം നല്കാതെ വഴിമാറി നടന്നു തുടങ്ങുമ്പോള്‍ കൂട്ടത്തിലേറ്റവും വൃദ്ധയായവള്‍ പറഞ്ഞു; "ഹേ, താപസശ്രേഷ്ഠ. അങ്ങ് ഞങ്ങളെ മാറിപ്പോകുകയല്ല വേണ്ടത്, മറിച്ച് ഞങ്ങളുടെ മിഴികളില്‍ നോക്കുക, പ്രകാശം പരത്തുന്ന വിധത്തില്‍, ഞങ്ങള്‍ സ്ത്രീകളാണെന്നത് ഞങ്ങളെ ഓര്‍മ്മിപ്പിക്കാത്ത വിധത്തില്‍..."

ലാവണ്യശാസ്ത്രത്തില്‍ സൗന്ദര്യാത്മകദൂരം എന്നൊരു ചിന്തയുണ്ട്. കാഴ്ച നിറവുള്ളതാവണമെങ്കില്‍ സൂക്ഷിക്കേണ്ട ഒരു ദൂരമെന്നര്‍ത്ഥം. ഒരു പൂവ് ഒത്തിരി ദൂരത്തെത്തുമ്പോള്‍ അതു നിങ്ങളുടെ ദര്‍ശനപരിധിക്ക് പുറത്താവുന്നു. കണ്ണോടു ചേര്‍ത്ത് പിടിക്കുമ്പോള്‍ വര്‍ണങ്ങള്‍ ചിതറുന്നു. വ്യക്തികള്‍ക്കിടയിലുണ്ടാവണം ഇത്തരം ഒരു വിശുദ്ധ ദൂരം. ഒത്തിരി ദൂരത്താവരുത്. സ്വന്തമാക്കാന്‍ ശ്രമിക്കുകയുമരുത്.

ഒരിക്കല്‍കൂടി, മാപ്പ് നന്മനിറഞ്ഞവരേ
നിന്‍റെ ഉള്ളിലെ ഓംകാരങ്ങളും ധ്യാനിക്കാത്തതിന്
ഉടലിനെ സത്രമായി തെറ്റിദ്ധരിച്ചതിന്. മിഴികളിലെ തിരിനാളങ്ങള്‍ കെട്ടുപോയതിന്...
എന്‍റെ പിഴ. ഞങ്ങളുടെ വലിയ പിഴ.

You can share this post!

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts