എത്ര തവണ ഞാനിതെന്നോടു തന്നെ പറഞ്ഞു
എത്ര തവണ ഞാനിതന്യരോടു പറഞ്ഞു.
എന്‍റെ അന്തരാത്മാവിന്‍റെ നിമന്ത്രണമാക്കി ഞാനീ 'ഏഴ് എഴുപത്.'
തിരിച്ചറിവ് സൗഖ്യമാണെന്ന മനശ്ശാസ്ത്രം.
കുമ്പസാരക്കൂടുകളില്‍ ഏഴ് എഴുപത് പാരതന്ത്ര്യമായി
പുരോഹിതര്‍ സംസാരിച്ചു.
നിബന്ധനകളുടെ ക്ഷമയും ശാസനയും
ദൈവമെനിക്ക് നിബന്ധനകളുടെ പുരോഹിതനായി
എന്‍റെ തെറ്റുകളില്‍ ഞാനെന്‍റെ സഹോദരങ്ങളോട്
ക്ഷമ ചോദിച്ചു. അവരെന്നെ ക്ഷമയുടെ അതിര്‍ത്തികളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഏഴ് എഴുപത് പരിമിതമാണെന്ന് ഞാനറിഞ്ഞു.
എന്‍റെ ഭൂതകാലത്തില്‍ ഞാനനുഭവിച്ച ക്ഷമ മുഴുവനും
നിബന്ധനകളുള്ളതായിരുന്നുവെന്നാണ് എന്‍റെ ഓര്‍മ്മ.
ദൈവം അനന്തക്ഷമയാണെന്ന് പലരും എന്നോടു പറഞ്ഞു
പലവുരു വായിച്ചു.
ക്ഷമയുടെ അര്‍ത്ഥമറിയാന്‍ വീണ്ടും കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു എനിക്ക് ചുളിവുകള്‍ വീണിട്ടും പ്രശാന്തത നിറഞ്ഞുനിന്ന മുഖത്തോടെ.
വിറയ്ക്കുന്ന കൈകളാല്‍ സ്നേഹത്തോടെ സ്പര്‍ശിച്ച്
കണ്ണുകളില്‍ തുളുമ്പുന്ന അശ്രുക്കളുമായി എന്നോട്
സംസാരിച്ച വൃദ്ധപുരോഹിതന്‍ എന്‍റെ പാപങ്ങളില്‍
ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ച് ഒരു നിബന്ധനയും വച്ചില്ല.
കാരണം, ദൈവത്തിന്‍റെ പാപപ്പൊറുതി ആ മനുഷ്യന്‍റെ ജീവിതത്തിലുണ്ടായിരുന്നു.
ഞാനും പുരോഹിതനും ദൈവവും ഒന്നാണെന്ന് അന്നാണെനിക്ക് തോന്നിയത്.
ക്ഷമ അപരിമിതമാണെന്നും ക്ഷമ സ്നേഹത്തിലാണെന്നും
ആ ശുഷ്കഗാത്രന്‍റെ സാന്നിധ്യം എന്നെ പഠിപ്പിച്ചു.
അപ്പോഴേ ഞാന്‍ ദൈവത്തെ സ്നേഹിക്കാന്‍ തുടങ്ങിയുള്ളൂ.