ഒരു വെളിപാടായി കടന്നുവന്നു വെളിച്ചമേകി വിശുദ്ധിയുടെ ദൈവഗിരിയിലേക്കു നടന്നുകയറിയ എളിയ സന്ന്യാസവൈദികന്‍. ഋഷിതുല്യനായ ആ വന്ദ്യവൈദികനോടൊത്തു ചെലവഴിച്ച ചില നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ആദരാഞ്ജലികളായി കോറിയിടട്ടെ.
ഹൃദയകവാടത്തിനുള്ളില്‍ വിശുദ്ധിയുടെ നിറവ് കനലായി കാത്തുസൂക്ഷിക്കുന്ന മനുഷ്യരുടെ സാമീപ്യം ഒരു അനിര്‍വചനീയമായ അനുഭവമാണ്.
സമയകാലങ്ങളെ മറക്കുന്ന ചലനാത്മകഹേതുവായ ഒരു ജീവിതാവസ്ഥയാണത്.
കറതീര്‍ന്ന നിഷ്ക്കന്മഷരുമായുള്ള കണ്ടുമുട്ടലുകള്‍. അറിയാതെ ആദ്ധ്യാത്മികതയുടെ ഉന്നത ഗിരിശൃംഗങ്ങളിലേക്കുള്ള പടവുകളിലേക്ക് പാദങ്ങളെ നയിക്കും. അവരുടെ സാമീപ്യം കുറവുകളുടെ മനുഷ്യരെ നിറവിന്‍റെ വറ്റാത്ത ഉറവകളാക്കുന്നു. ആ സാമീപ്യത്തില്‍ ഹൃദയം യുക്തിയുടെ മാനദണ്ഡങ്ങള്‍ക്കതീതമായ ഒരു തലത്തിലേക്കുയരുന്നു. വിശുദ്ധിയുടെ സ്നേഹപരിമളം അകതാരിലേക്ക് ഒരു ഉണര്‍വായി പടര്‍ന്നിറങ്ങാന്‍ ഇത്തരം സംസര്‍ഗ്ഗങ്ങള്‍ കാരണമാകുന്നു. അവിടെ തേച്ചുമിനുക്കിയ ഔപചാരിക വാക്കുകളുടെ നിരന്തരമായ മേളനമില്ല. ലാഭനഷ്ടക്കണക്കുകളുടെ സങ്കീര്‍ണമായ കൂട്ടിക്കിഴിക്കലുകളും അന്യം. സൂര്യാസ്തമയത്തിനുശേഷം അന്ധകാരത്തെ വകഞ്ഞുമാറ്റിക്കൊണ്ട് ഉദിച്ചുയരുന്ന ചന്ദ്രക്കലപോലുള്ള മാനവരാശിയുടെ പുണ്യങ്ങളായി വിരുന്നു വരുന്ന കറയറ്റ മനുഷ്യര്‍ എന്നും ചരിത്രത്തിന്‍റെ ഘടകമാണ്.
ഇത്തരം ജന്മങ്ങള്‍ ജീവിതകാലത്ത് തികഞ്ഞ പരാജയങ്ങളായി എഴുതിത്തള്ളപ്പെടുന്നു. മൃത്യുരഥത്തിലേറി നിത്യതയിലേക്ക് അവര്‍ യാത്രയാകുമ്പോള്‍ ആ അമൂല്യരത്നങ്ങളുടെ പ്രഭ തിരിച്ചറിയപ്പെടുന്നു. ഇത്തരം സുകൃതജന്മങ്ങളുമായുള്ള മിഴിവുറ്റ അടുപ്പങ്ങള്‍ നിറവിനായി തുടിക്കുന്ന തുറവിയുടെ മനുഷ്യരെ ആഴമായ ആത്മവിമര്‍ശനത്തിനു പ്രേരിപ്പിക്കും.
ആര്‍മണ്ടച്ചന്‍ - നന്മ ചെയ്തു കടന്നുപോയ ഒരു സുകൃതജന്മം.
ആകാരസൗകുമാര്യങ്ങളുടെയോ സൗന്ദര്യസങ്കല്പങ്ങളുടെയോ അളവുകോലില്‍ താഴെത്തലങ്ങളിലെവിടെയോ മാത്രം സ്ഥാനം ലഭ്യമാകാവുന്ന ഒരു വിനീത പുരോഹിതന്‍. കേരളത്തില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ആരംഭകാലത്തെ സജീവസാന്നിധ്യം 2001 ജനുവരി 12 ന് തമ്പുരാന്‍റെ സ്നേഹസവിധത്തിലേക്ക് യാത്രയായി. കുറവുകളെ നിറവുകളാക്കി, ഉള്ളിലാവഹിച്ച വചനത്തെ ജീവിതവും വാക്കും വഴി സഹോദരങ്ങള്‍ക്കു പകര്‍ന്നു കൊടുത്ത് ആരവങ്ങളില്ലാതെ... ശാന്തമായി... എരിഞ്ഞു തീര്‍ന്ന ജന്മം.
സ്വയം അനുഭവിച്ചറിഞ്ഞ വചനത്തിന്‍റെ സംരക്ഷണവും സൗഖ്യവും വിതുമ്പുന്നവന്‍റെ ഹൃദയനൊമ്പരങ്ങള്‍ ഒപ്പാനായി പ്രഘോഷിച്ചു നടന്ന തീര്‍ത്ഥാടകന്‍.
കോരിത്തരിപ്പിക്കുന്ന ശൈലിയോ, കടഞ്ഞെടുത്ത വാക്കുകള്‍ കൊണ്ടുള്ള മായാജാലത്തിന്‍റെ പിന്‍ബലമോ ആ വചനവിളമ്പലുകള്‍ക്ക് അന്യമായിരുന്നു.
ലഭിച്ച താലന്തുകളെ -കുറവെന്ന് കണ്ട് നിരാശനാകാതെ - ഇരട്ടിയാക്കി, ആവലാതികളുടെയും പരാതികളുടെയും ഭാണ്ഡക്കെട്ടുകളഴിക്കാതെ സകലതിലും നന്മ ദര്‍ശിച്ച എളിയ സഹോദരന്‍.
അടുത്തവരെയും അകലങ്ങളിലുള്ളവരെയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി പരിധികളുടെയും പരിമിതികളുടെയും അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ സകലരെയും വിശ്വസിച്ച ജീവിതം.
സ്വന്തമായൊന്നും സ്വരുക്കൂട്ടാതെ കുരുവികളെയും കാക്കകളെയും പോറ്റുന്ന തമ്പുരാന്‍റെ പരിപാലനയ്ക്കായി നാളെകളെ വിട്ടുകൊടുത്തുകൊണ്ട് മധുരതരമായി പെയ്തുതീര്‍ന്നു ആ ജീവിതം. ആകര്‍ഷകമല്ലാത്ത, ഘനഗാംഭീര്യങ്ങളില്ലാത്ത രൂപവുമായി, ഇളംകാറ്റുപോലെ തെന്നിനീങ്ങിയ ആ സന്ന്യാസശ്രേഷ്ഠന്‍ ആയിരങ്ങളുടെ മനസ്സില്‍ ജ്വലിക്കുന്ന ഒരു വിശുദ്ധരൂപമായി അവരോധിക്കപ്പെടുന്നത് അനുഭവത്തില്‍ നിന്നനുഭവിച്ചു.
നിശ്ചലമായ ആ ശരീരത്തില്‍ ഒന്നു തൊടുവാനും കൊന്തകള്‍ തൊടുവിക്കുന്നതിനുമായി തിക്കും തിരക്കും കൂട്ടിയ ആയിരങ്ങള്‍ ആ ജീവിതവിശുദ്ധിയുടെ മിഴിവുറ്റ സാക്ഷ്യമല്ലായിരുന്നോ! കാരണങ്ങളന്വേഷിച്ച മനസ്സിലേക്ക് മിഴിവുറ്റ ചില ചിത്രങ്ങള്‍ ഒന്നൊന്നായി മറനീക്കി കടന്നുവരുന്നു.
കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമെന്ന് ഗ്രഹിച്ച് പിതാവിന്‍റെ ഹിതം ആരായാനായി ആള്‍ക്കൂട്ടത്തിന്‍റെ ബഹളങ്ങളില്‍നിന്ന് മലമുകളിലെ ഏകാന്തതകള്‍ തേടിയവനെപ്പോലെ, വിശ്രമരഹിതമായ ദിനാരംഭത്തിലും ദിനാന്ത്യത്തിലും... അവധിദിനങ്ങളില്ലാതെ... ദിവ്യനാഥന്‍റെ തിരുസന്നിധിയില്‍ ദീപ്തമായ ദൈവാനുഭവത്തില്‍ ലയിച്ചിരുന്നു ആര്‍മണ്ടച്ചന്‍.
പ്രാര്‍ത്ഥന പിതാവിന്‍റെ ഹിതം സ്വഹിതമാക്കി ഹൃദയത്തില്‍ ഏറ്റുവാങ്ങാനുള്ള, അകതാരില്‍ ദൈവത്തെ അനുഭവിച്ചറിയാനുള്ള വേദി. ഉള്ളോടുചേര്‍ത്തവരെ ദൈവംതമ്പുരാന്‍റെ മുമ്പില്‍ കൊണ്ടുവരാനും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഹൃദയത്തില്‍ ഏറ്റുവാങ്ങാനുമുള്ള അതുല്യനിമിഷം. അത് ജീവിതഗന്ധിയായ ഒരു പ്രാര്‍ത്ഥനയായിരുന്നു. മിഴികളില്‍ ആര്‍ദ്രതയുടെ വറ്റാത്ത മഹാസാഗരം കാത്ത ജീവിതം. പിടിക്കപ്പെട്ടവളോട് 'മകളേ ഇനിയും വഴിതെറ്റരുത്' എന്ന് ഓതിയവന്‍റെ കരുണ കണ്ണില്‍ കാത്ത്, തകര്‍ന്നവരുടെ ഹൃദയഭാരങ്ങളെ വചനത്തിന്‍റെ തോരാധാരയില്‍ കഴുകിയൊഴുക്കിയ യഥാര്‍ത്ഥ വചനപ്രഘോഷകന്‍. ചെറിയൊരു ക്ഷതം ഏറ്റുവെന്നറിഞ്ഞപ്പോള്‍ കാതങ്ങള്‍ താണ്ടിവന്ന് ചാരത്തു ചേര്‍ത്തു നിര്‍ത്തി വാത്സല്യത്തോടെ നയനങ്ങളില്‍ നോക്കി 'സുഖമാകും' എന്നു സാന്ത്വനമോതി. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്ന ഊഷ്മളമായ സ്നേഹത്തിന്‍റെ നിശ്ശബ്ദതടാകം പൊട്ടിയൊഴുകുകയായിരുന്നു.
പരിധികളില്ലാത്ത, പ്രായഭേദങ്ങളില്ലാത്ത സൗഹൃദവലയത്തിന്‍റെ വിസ്തൃതി അച്ചനോടടുത്തവര്‍ക്ക് എന്നും വിസ്മയമായിരുന്നു.
അപരരില്‍ അര്‍പ്പിച്ച വിശ്വാസം കഴിവുകേടായി ചിത്രീകരിക്കപ്പെട്ടപ്പോള്‍, വാഗ്വാദങ്ങള്‍ക്കു മുതിരാതെ, കാറ്റും കോളും നിറഞ്ഞ കടലില്‍ അമരങ്ങളെ തലയിണയാക്കി സുഖസുഷുപ്തിയിലായവന്‍റെ പാദാന്തികത്തില്‍ അഭയം തേടി പരിഭവം കൂടാതെ. നിഴല്‍പോലെ ശരീരത്തില്‍ മൃത്യുഗന്ധം പേറുന്നവന്‍ - മനുഷ്യന്‍ എന്ന് പണ്ഡിതമതം. പക്ഷേ, സ്വന്തം അസ്തിത്വത്തിന്‍റെ അന്തകനായി ജാരനെപ്പോലെ മരണം കടന്നുവരുമ്പോള്‍ അന്തിക്കുന്നവരാണധികവും. നിരാശരാകും തകരും. ആര്‍മണ്ടച്ചന്‍ ഈ കൂട്ടത്തിന് അന്യനാണ്. മരണദൂതനായി തന്‍റെ ജീവകോശങ്ങളില്‍ മരണം പിടിമുറുക്കിയപ്പോള്‍ 'തമ്പുരാന്‍റെ ഇഷ്ടം' എന്ന സൗമ്യസമീപനം. "ജീവന്‍റെ അവസാന കണികയും കാര്‍ന്നെടുത്തേ ഇവന്‍ മടങ്ങൂ" എന്ന് സന്ദര്‍ശകപ്രവാഹമൊഴിഞ്ഞ വേളയില്‍ ചെവിയിലോതിയവന്‍. പൊള്ളിക്കുന്ന സത്യം വാക്കുകളായപ്പോള്‍ ഹൃദയത്തിന്‍റെ ഉള്ളറകളില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയ വിങ്ങല്‍ കണ്ണീര്‍കണങ്ങളായി കവിളത്തു ചാലുകള്‍ തീര്‍ത്തുവെന്ന് ഞാനറിഞ്ഞു. രോഗം കാര്‍ന്നു തിന്നുമ്പോഴത്തെ രൂക്ഷമായ വേദനകള്‍ക്കിടയിലും സാന്ത്വനസ്പര്‍ശവുമായി വന്നവരോട് തമാശകള്‍ പറഞ്ഞവന്‍.
പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നില്‍ മറകെട്ടിവച്ചിരുന്ന വേദനയുടെ തീവ്രത, രാത്രിയുടെ യാമങ്ങളില്‍ ഇമപൂട്ടാതിരിക്കുന്നവരുടെ മുമ്പില്‍ വെളിവാക്കപ്പെടുമ്പോള്‍ 'സഹിക്കാവുന്നതേയുള്ളൂ' എന്ന് പരിചരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന അപൂര്‍വ്വത.
അവസാനനാളുകളില്‍ തീവ്രമായ വേദനയില്‍നിന്ന് ആശ്വാസലബ്ധിക്കായി ഉടലോട് ഉടല്‍ ചേര്‍ത്ത് ചാരിയിരുത്തിയപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ചൊല്ലി 'പിതാവിന്‍റെ അടുക്കലേക്കു പോകുവാന്‍ സമയമായി.'
രണ്ടുപേര്‍ മാത്രമായ നേരം രോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ 'എന്തു വെളിവാക്കപ്പെടുന്നു' എന്നു തിരക്കിയവനോട് "അമ്മ കുഞ്ഞിനെ കൈപിടിച്ചു കൊണ്ടുപോകുന്നു" എന്ന് ചരടു കൊന്തയുടെ ഉരുളന്‍ മണികള്‍ ഒന്നൊന്നായി ചൊല്ലിതീര്‍ത്തുകൊണ്ട് ഉത്തരം പറയുന്ന അമ്മയുടെ ഭക്തന്‍.
"എന്തുകൊണ്ട് ഈ സഹനം?" എന്ന ചോദ്യത്തിന് "വിളിക്കുന്നതിനുമുമ്പ് പൂര്‍ണമായും വിശുദ്ധീകരിക്കണമെന്ന് നിരന്തരം അമ്മയോട് പ്രാര്‍ത്ഥിച്ചിരുന്നു"വെന്നു മറുപടി.
വിശുദ്ധീകരണത്തിന്‍റെ തികവില്‍ അഞ്ച് രാപകലുകള്‍ തീര്‍ത്ത ഉഗ്രമായ ക്രൂശനുഭവത്തിനുശേഷം അമ്മ തന്‍റെ പ്രിയ പുത്രനെയും കൂട്ടി നിത്യതയിലേക്ക് യാത്രയായി.
ആ ആദ്ധ്യാത്മികാചാര്യന്‍റെ സജീവസ്മരണയ്ക്ക് ആദരാഞ്ജലികളോടെ അശ്രുപൂജ.