news-details
കവർ സ്റ്റോറി
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി Simone de Beauvoir യുടെ "The nature of second sex" എന്ന പുസ്തകം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്, What is women?  അവര്‍ തന്നെ ഉത്തരവും തരുന്നു.  "Women is a womb' 
 
സ്ത്രീ ഒരു ഗര്‍ഭപാത്രം ആണെങ്കില്‍ അത് ഫലദായകമാക്കാനുള്ള ഉത്തരവാദിത്വം പുരുഷനാണ്.  അങ്ങനെ എങ്കില്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്ന ഓരോ പുരുഷനും  പീഡകന്‍ എന്ന് മുദ്ര കുത്തേണ്ടി വരില്ലേ?
 
ഇല്ല.  കാരണം രതി ഒരിക്കലും തെറ്റല്ല. വിശപ്പും ദാഹവും പോലെതന്നെ രതിയും ഒരു ശാരീരികാവശ്യമാണ്. ലോകത്തില്‍ രണ്ടേ രണ്ട് ജാതിയേ ഉള്ളൂ.  സ്ത്രീയും പുരുഷനും.  ഇവരെ സര്‍വ്വേശ്വരന്‍  സൃഷ്ടിച്ചത് തന്നെ പരസ്പരം ആകര്‍ഷിക്കാനും അത് വഴി വംശവര്‍ദ്ധനവിനുമാണ്. നരനും നരിക്കും പൂവിനും പുഴുവിനും ഒന്നുപോലെ ബാധകമാണീ പ്രകൃതി നിയമം.  പരസ്പ്പര സ്നേഹത്തോടും ബഹുമാനത്തോടും കരുതലോടും രതിയില്‍ ഏര്‍പ്പെടുമ്പോള്‍ അത് ദൈവികമാകുന്നു. കാരണം പ്രകൃതിയുടെ നിലനില്‍പ്പിനാവശ്യമായ ജീവന്‍റെ തുടിപ്പാണ് ഇതിലൂടെ സംഭവിക്കുന്നത്.  എന്നാല്‍ ആണധികാരം എന്ന ആ പഴയ വ്യാജ ഗര്‍വ്വ് ഇപ്പോഴും പലരും കൊണ്ടുനടക്കുന്നു. അതുകൊണ്ടാണ് പുരുഷന്‍ എന്ന വൃത്തത്തിന് പുറത്ത് വരുന്നവരെ ലൈംഗിക ഉപകരണം എന്ന ലേബലില്‍ കാണുന്നത്. അങ്ങനെ സ്ത്രീയെ വെറും ഉപകരണമായി കാണുകയും, അവളുടെ സകലതും നിര്‍ബന്ധമായി പിടിച്ചടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് "Me Too'വിന്‍റെ പ്രസക്തി. 
 
ചരിത്രം
 
തരണ ബുര്‍ക്കേ എന്ന ആഫ്രിക്കന്‍ വംശജയായ ആക്ടിവിസ്റ്റാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെയുള്ള "Me Too' പ്രക്ഷോഭം ആരംഭിച്ചത്, 2007 ല്‍.  ഇന്ത്യയില്‍ ഇതിന് തുടക്കമിട്ടത് 2017ല്‍ രായ സര്‍ക്കാര്‍ എന്ന ദളിത് സ്ത്രീയാണ്. അവരുടെ തൊഴിലിടത്തെ ലൈംഗികാതിക്രമം പരസ്യപ്പെടുത്തിയായിരുന്നു അത്.  എന്നിട്ടും ഇത് ശക്തി പ്രാപിച്ചത് ഈ അടുത്ത കാലത്താണ്.  കലാ രാഷ്ട്രീയ മാധ്യമ മേഖലകളിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 
 
"Me Too' വിലെ  സ്ത്രീപക്ഷം
 
ഇത്തരം ഒരു തുറന്നുപറച്ചിലിനെ  ഭയന്നിരുന്ന സ്ത്രീകള്‍ വേറിട്ടൊരു കാഴ്ചപ്പാടിലേക്കെത്തിയത്, അവരുടെ ചിന്തയിലുണ്ടായ മാറ്റം കൊണ്ട് തന്നെയാണ്. അത് ആശാവഹവുമാണ്. സമൂഹവും കുടുംബവും തന്‍റെ കൂടെ കാണുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.  "Me Too'വെളിപ്പെടുത്തലുകളുടെ പ്രധാന സ്വഭാവവിശേഷവും ഈ വിശ്വാസം  തന്നെ.  തന്നെ ഉപദ്രവിച്ചവനെക്കാള്‍ വളരെ കുറഞ്ഞ അധികാരം ഉള്ളവളും ഉയര്‍ത്തിക്കാട്ടാന്‍ ഒരു രേഖപോലും ഇല്ലാത്തവളും ആയ സ്ത്രീ, തന്‍റെ അനുഭവം ജനങ്ങള്‍ വിശ്വസിക്കും എന്ന പ്രതീക്ഷയോടെ അത് പറയുമ്പോള്‍, അങ്ങനെ വിശ്വസിച്ചില്ലെങ്കില്‍,  വ്യക്തിപരമായും തൊഴില്‍ പരമായും കനത്ത തിരിച്ചടിയായിരിക്കും അവള്‍ക്ക് ലഭിക്കുന്നത്.
 
തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ പറയുന്ന സ്ത്രീക്ക് ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരും. പലപ്പോഴും  ആ ആക്രമണത്തിന് ഒരിക്കല്‍ കൂടി വിധേയയായ അനുഭവമായിരിക്കും അവള്‍ക്ക്.   സോഷ്യല്‍ മീഡിയകളിലും നമുക്ക് ചുറ്റിനും ഉള്ളവരില്‍ നിന്നും എന്തിന് സ്വന്തം വീട്ടില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ വന്നേക്കാം.  മനസ്സിനെ നല്ല പോലെ പാകപ്പെടുത്തി മാത്രമേ ഇതിനൊരുമ്പെടാവൂ എന്ന് ഏതൊരു സ്ത്രീക്കും അറിയാം.  അങ്ങനെ ചിന്തിക്കുമ്പോള്‍ പല അതിക്രമങ്ങളും പുറംലോകം അറിയാതെ പോകുന്നുണ്ട്.  ഇത്തരക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിശീലനം സിദ്ധിച്ചവരുടെ കൗണ്‍സിലിങ്ങ് നിര്‍ബന്ധമായും കിട്ടിയിരിക്കണം. പീഡനം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പറയുന്നതിനേക്കാള്‍ നല്ലത് ഉടനെ തന്നെ അത്  സമൂഹത്തെ അറിയിക്കേണ്ടതാണെന്നും നമ്മളാലാവുന്ന ചെറുത്തുനില്‍പ്പുണ്ടാവണം  എന്നും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ട കടമയും നമുക്കുണ്ട്. 
 
ബോളിവുഡിലെ പ്രമുഖ നടിയും സംവിധായികയുമായ നന്ദിതാ ദാസ്, തന്‍റെ അച്ഛനായ, പ്രമുഖ ചിത്രകാരനായ ജിതിന്‍ ദാസിനെതിരെ വന്ന ലൈംഗികാരോപണത്തില്‍ ഇരയോടൊപ്പം എന്ന നിലപാട് സ്വീകരിച്ചത് ധീരമായ നടപടിയായി കാണണം. തന്‍റെ  അച്ഛനെതിരെ വന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നു, എങ്കിലും ഞാന്‍  സ്ത്രീയുടെ കൂടെയാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഉറപ്പുണ്ടാവണമെന്നും അവര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  ബോളിവുഡില്‍ ആരോപണ വിധേയരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പല സംവിധായകരും അഭിനേതാക്കളും പ്രഖ്യാപിച്ചു കഴിഞ്ഞു.  ഇത്തരം ചിന്തകള്‍ "Me Too' വിനെ ബലപ്പെടുത്തുക തന്നെ ചെയ്യും.
 
"Me Too'വിന്‍റെ വിശ്വാസ്യത 
 
ഇന്ന് നാം കാണുന്ന"Me Too' ഹാഷ് ടാഗുകള്‍ അധികവും സിനിമാക്കാരുടെതാണ്. മറ്റുള്ളവര്‍ക്കൊന്നും പ്രശ്നങ്ങള്‍ ഇല്ലെന്നല്ല, മറിച്ച് ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണ് താനും. പക്ഷെ ഇതുപോലെ പ്രതികരിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ അതിന് തുനിയുന്നില്ല. എന്നാല്‍ സിനിമാക്കാരുടെ ഇത്തരം തുറന്ന് പറച്ചിലുകള്‍ക്ക് എത്രത്തോളം വിശ്വാസ്യത ഉണ്ട് എന്നതാണ് നമ്മെ കുഴപ്പിക്കുന്നത്. സിനിമാക്കാര്‍ക്ക് വേണ്ടത് പബ്ലിസിറ്റിയാണ്. ഒരു പക്ഷെ "Me Too'വും അതിന് വേണ്ടിയാണോ എന്ന തോന്നല്‍ വന്നാല്‍ പൊതുജനം ഈ മുന്നേറ്റത്തെ അപ്പാടെ തള്ളിക്കളയും എന്നത് സംശയലേശമന്യേ പറയാം.  പിന്നൊന്ന് ഇത് പുറംലോകത്തെ അറിയിക്കാനെടുക്കുന്ന കാലതാമസമാണ്. പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു  കാര്യം  പറയുമ്പോള്‍  പലര്‍ക്കും അതൊരു അമ്മൂമ്മക്കഥയാണ്.  അടുത്ത് കണ്ട പല  ആരോപണങ്ങളിലും  ഇത് ഉന്നയിക്കുന്ന വ്യക്തി താന്‍ ആരെന്ന് പോലും പറയാതെ ഒരു ഹാഷ് ടാഗിട്ട് ആരോപണം ഉന്നയിക്കുന്നതായി കാണാം.   സമൂഹത്തില്‍ ഉന്നതരെന്ന് കരുതുന്നവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍  വന്നാല്‍ ഇത് മനപ്പൂര്‍വ്വം അവരെ  കരിതേച്ച് കാണിക്കാനല്ലേ എന്ന് ചിന്തിച്ചാലും തെറ്റ് പറയാനില്ല.  നമ്മുടെ നാട്ടിലെ ഏറ്റവും വലിയ കലാ മാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെയുടെ അമരക്കാര്‍ക്കെതിരെ "Me Too' ഹാഷ് ടാഗ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്താണ്. രാഹുല്‍ ഭട്ടാചാര്യ, റിയാസ് കോമു, വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്കെതിരെയാണ് ആരോപണം. പേരില്ലാത്ത എവിടെ വെച്ച് ലൈംഗികാതിക്രമം നടന്നു എന്ന് പോലും പറയാത്ത ഇത്തരം ആരോപണങ്ങള്‍ക്ക് എന്തു മാറ്റമാണ് സമൂഹത്തില്‍ വരുത്താനാകുക? 
 
"Me Too'വിന്‍റെ നിയമസാധുത 
 
പീഡനം രണ്ട് തരത്തിലാണ്. മാനസികമായും ശാരീരികമായും.  അശ്ലീലച്ചുവയോടെ സംസാരിക്കല്‍, ഫോണിലോ നേരിട്ടോ ആംഗ്യ ഭാഷയിലോ എന്തിന് സ്വാഭാവികമല്ലാത്ത നോട്ടം പോലും മാനസിക പീഡനത്തിന്‍റെ ഭാഗമാകുന്നു.  എന്നാല്‍ ഇത് തെളിയിക്കാന്‍ സ്ത്രീക്ക് പലപ്പോഴും തെളിവുകള്‍ ഒന്നുംതന്നെ കണ്ടെന്ന് വരില്ല.  നമ്മളെ വിശ്വസിക്കും എന്ന വിശ്വാസം മാത്രം.  അത് എത്രത്തോളം അവള്‍ക്ക് താങ്ങാവും?  വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബര്‍ തനിക്ക് നേരെ ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് വാര്‍ത്തയാണല്ലോ. വിധി എന്താവും എന്ന് കാത്തിരുന്ന് കാണാം. ദിനംപ്രതി നൂറുകണക്കിന് ദളിത് ആദിവാസി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇതൊക്കെ അറിയുന്നുണ്ടെങ്കിലും കണ്ണടച്ച് കണ്ടില്ലെന്ന് നാം നടിക്കുന്നു. കത്വാവായിലും ഉന്നാവെയിലും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്നുതള്ളിയവരെ മാലയിട്ട് സ്വീകരിച്ച മന്ത്രിമാരുള്ള നമ്മുടെ നാട്ടില്‍ ഒരു ഹാഷ് ടാഗ് കൊണ്ട് കാര്യങ്ങള്‍ ശരിയാകുമെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഒരു ചെറിയ ചലനം അതാണ് "Me Too'
 
മാറ്റങ്ങളുടെ കാലത്തെ "Me Too'
 
കാലാകാലങ്ങളായി നമ്മള്‍ മുറുകെ പിടിച്ചിരുന്ന പതിവ്രതാ സങ്കല്‍പ്പങ്ങളും വിവാഹ രീതികളുമാണ് അടുത്തിടെ വന്ന രണ്ട് സുപ്രീം കോടതി വിധികളിലൂടെ തകിടം മറിഞ്ഞത്. വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗരതിയും.  സ്വാഭാവികമായും ഇതൊക്കെ നമ്മുടെ ലൈംഗിക സങ്കല്‍പ്പങ്ങളിലും  മാറ്റങ്ങള്‍ വരുത്തും.  
 
അടുത്തിടെ ഹിന്ദു പത്രത്തില്‍  Communtiy living നെക്കുറിച്ചൊരു ലേഖനം വായിച്ചു.  കുറച്ച് ചെറുപ്പക്കാരുടെ തുറന്നുപറച്ചിലായിരുന്നു അത്. ഒരു കൂട്ടം സ്ത്രീ-പുരുഷന്‍മാര്‍ ഒരുമിച്ച് താമസിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ. ആകപ്പാടെയുള്ള ഒരു നിബന്ധന ഒന്നും ബലം പ്രയോഗിച്ചാവരുത് എന്നത് മാത്രമാണ്.  ഇത് മറ്റെവിടെയും അല്ല നമ്മുടെ തൊട്ടടുത്ത ബാംഗ്ലൂരില്‍.  എത്രയോ മലയാളിക്കുട്ടികള്‍ അവിടെ ജോലി നോക്കുന്നു.  അങ്ങനെ ഒരു ജീവിതം നയിക്കുന്ന നമ്മുടെ കുട്ടികളുടെ സാധ്യതയും തള്ളിക്കളയാനാവില്ല. 
 
ഇന്ന് ശരിയെന്ന് അവര്‍ക്ക് തോന്നുന്നത് നാളെ ശരിയല്ല എന്ന് തോന്നിയാല്‍  ഒരു "Me Too' ഹാഷ് ടാഗില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ശരിയാണോ?
 
അതു പോലെതന്നെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ അവര്‍ വെളിപ്പെടുത്തിയത് നമ്മുടെ മെട്രോപോളിറ്റന്‍ നഗരങ്ങളിലെല്ലാം " Sex for Rent ' എന്ന പദ്ധതി നടന്നു വരുന്നു എന്നതാണ്. അതായത് വീട്ടുവാടകക്ക് പകരം വീട്ടുടമസ്ഥന്‍റെയോ അല്ലെങ്കില്‍ അയാള്‍ പറയുന്ന ആളിന്‍റെ കൂടെയോ മാസത്തില്‍ നാലോ അഞ്ചോ ദിവസം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. ബ്രിട്ടന്‍ പോലുള്ള വിദേശരാജ്യങ്ങളില്‍ ഇത് സാധാരണമാണ്. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന, മാസ വാടക കൊടുക്കാന്‍ കഴിവില്ലാത്തവര്‍ ഇത്തരത്തില്‍ പെട്ടുപോകുന്നുണ്ട്. ഇവരെയൊന്നും "Me Too'വിന്‍റെ ഹാഷ് ടാഗില്‍ നമ്മള്‍ കണ്ടെന്ന് വരില്ല.
 
"Me Too' വിലെ പുരുഷന്‍മാര്‍
 
എന്തൊക്കെ പറഞ്ഞാലും ഇതരലിംഗ സമുദായത്തില്‍ എങ്ങനെ പെരുമാറണം, ആ പെരുമാറ്റത്തില്‍ പുലര്‍ത്തേണ്ടുന്ന മാന്യത, അത്തരം ഒരു സമ്മര്‍ദ്ദം"Me Too'', പുരുഷനില്‍ സൃഷ്ടിക്കുന്നുണ്ട്. പുരുഷമേല്‍ക്കോയ്മയുള്ള നമ്മുടെ സമൂഹത്തില്‍ പുരുഷനെ കൂടുതല്‍ സാമൂഹ്യവത്ക്കരിക്കാനും ജനാധിപത്യവത്ക്കരിക്കാനും   "Me Too' സഹായിക്കും. 
 
എന്നാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണന്‍ നടത്തിയ പ്രസ്താവന 'വഴിപിഴച്ച മനസ്സുള്ളവരാണ് "Me Too'' കാമ്പയിന്‍ ആരംഭിച്ചത്,  ഇത് രാജ്യത്തെ സ്ത്രീകളുടെ പ്രതിച്ഛായ നശിപ്പിക്കും എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല' എന്നായിരുന്നു.  ഉന്നതാധികാരങ്ങളില്‍ ഇരിക്കുന്ന ഒരാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണ് ഇത്. 
 
മുംബെയില്‍ കൂടെ ജോലി ചെയ്യുന്ന വനിതാ സഹപ്രവര്‍ത്തക ലൈംഗിക ബന്ധത്തിന് നിരന്തരമായി നിര്‍ബന്ധിക്കുന്നത് സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കുന്നു എന്ന് എഴുതി വെച്ച് ആത്മഹത്യ ചെയ്ത വാര്‍ത്തയും നാം കണ്ടു.  വരും കാലങ്ങളില്‍ "Me Too' എന്ന ഹാഷ് ടാഗോടെ പുരുഷന്‍മാരും രംഗത്ത് വന്നാല്‍ അത്ഭുതപ്പെടാനില്ല.
 
പ്രത്യാശ തരുന്ന "Me Too'
 
നമ്മില്‍ ഉറച്ചു പോയ അഭിപ്രായങ്ങളും ശീലങ്ങളും ഒറ്റദിവസം കൊണ്ട് മാറ്റിയെടുക്കുക എളുപ്പമല്ല. പുതിയ തലമുറ ആണ്‍-പെണ്‍ വിവേചനങ്ങളില്ലാതെ പരസ്പരം ബഹുമാനത്തോടും കരുതലോടും വളര്‍ന്നു വരണം. ശോഭനമായ ഒരു ലോകമാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. പുരുഷനും സ്ത്രീയും ഒരു പോലെ മാനിക്കപ്പെടുന്ന കാലം.  അതിന്‍റെ തുടക്കമായി,  അനീതിയെ ഞങ്ങള്‍ ചെറുക്കും ഞങ്ങളും അബലകളല്ല എന്ന് വിളിച്ചു പറയുന്ന ഒരു വലിയ മുന്നേറ്റം,  അതാണ്  "Me Too'

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts