news-details
സഞ്ചാരിയുടെ നാൾ വഴി

സ്നേഹം നിനക്കെന്തു നല്‍കി
ഒരു ചെറുപൂവോളം പുഞ്ചിരി
ഒരു കടലോളം കണ്ണീര്... (സുഗതകുമാരി)

അതിഗാഢമായൊരു ആത്മസൗഹൃദത്തിന്‍റെ തിരുശേഷിപ്പുകള്‍ ഉള്ള ഈ പട്ടണത്തില്‍ വീണ്ടുമെത്തുമ്പോള്‍, പുറത്തെല്ലാം പഴയതുതന്നെ. കാലം തെറ്റി മഴപോലും പെയ്യുന്നുണ്ട്. റിസപ്ഷണിസ്റ്റ് വെച്ചുനീട്ടുന്ന താക്കോല്‍പോലും നിനക്കു പരിചയമുള്ള മുറിയുടേതെന്നുള്ളത് കോ ഇന്‍സിഡന്‍സ് ആവാന്‍ വഴിയില്ല... സൗഹൃദത്തിന്‍റെ ഒരു മഴപെയ്ത്തുകാലം കഴിഞ്ഞാലും ഓര്‍മ്മകളുടെ ചില്ലകള്‍ പിന്നെയും പെയ്തുകൊണ്ടിരിക്കുമല്ലോ. അവസാന നിശ്വാസത്തോളം... എത്ര അകന്നാലും അലഞ്ഞാലും ജീവിതവുമായി നമ്മളെ ബന്ധിപ്പിക്കുന്ന ചില പവിത്രച്ചരടുകള്‍ അത്തരത്തിലൊന്നു തീര്‍ച്ചയായും ആത്മസൗഹൃദത്തിന്‍റേതുതന്നെ. ആ ചരടുകളറ്റാല്‍ നിങ്ങളുടെ വിധിയെന്തെന്ന് ആര്‍ക്കൂഹിക്കാനാകും?

ഒരു പക്ഷേ, എല്ലാ ചിട്ടകളെയും ലംഘിക്കുന്ന അരാജകത്വം, ഒന്നും സ്പര്‍ശിക്കാത്ത നിസ്സംഗത, ചിത്തരോഗാശുപത്രിയോട് അടുത്തുനില്ക്കുന്ന വിഷാദം, സ്നേഹതാളങ്ങളുടെ ഭ്രമണപഥങ്ങളില്‍നിന്ന് പുറത്തുകടക്കുന്ന ആകാശഗോളങ്ങള്‍ ഉല്ക്കകളായി നിലത്തു കത്തിച്ചാരമായി വീഴുന്നതുപോലെ ആത്മസുഹൃത്തിനെ നഷ്ടമാവുകയോ അവനാല്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നവന്‍ ഇത്തരം ചില സ്വകാര്യദുരന്തങ്ങള്‍ക്കു വിധേയനാവുന്നു. അതുകൊണ്ടാവണം സങ്കീര്‍ത്തനങ്ങളില്‍ ദാവീദിന്‍റെ വരികള്‍ നാം ഒരു പൊള്ളലോടെ വായിക്കുന്നു. "ശത്രുവിനാലാണിത് സംഭവിച്ചതെങ്കില്‍ ഞാന്‍ താങ്ങിയേനെ, എന്നാല്‍ നീ എന്നോടൊപ്പം അപ്പം പങ്കിട്ട നീ..."

ജീവിതം ഒരുവനോടു കാട്ടുന്ന ഏറ്റവും വലിയ കനിവ് ആത്മസൗഹൃദത്തിന്‍റെ സുകൃതമാണ്. വെറുമൊരു ചങ്ങാതിയല്ല. ഇീാുമിശീി അതിന്‍റെ പൂര്‍ണഅര്‍ത്ഥത്തില്‍ ഈാ, ജമില - ലത്തീനിലെ ഈ പദങ്ങളാണ് അതിന്‍റെ മൂലം. അതിന്‍റെ സൂചന ഒരുമിച്ച് അപ്പം പങ്കിടുന്നയാള്‍ - എന്‍റെ സ്വപ്നത്തിന്‍റെ, കര്‍മ്മത്തിന്‍റെ, ഹൃദയമര്‍മ്മരങ്ങളുടെ ഊട്ടുമേശയില്‍ എന്നോടൊപ്പം വിരുന്നിരിക്കുന്ന ഒരാള്‍. നിങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ കരങ്ങള്‍ കോര്‍ത്തിരിക്കണമെന്നുപോലുമില്ല. ശരീരം ഒരു മീഡിയമാണ്. അതില്‍ വല്ലാതെ കുരുങ്ങിയ ഒരു കാലമുണ്ടായിരിക്കാം. എന്നാല്‍ പതുക്കെ പതുക്കെ ഹൃദയം ഹൃദയത്തെയറിയുകയാണ്, ആത്മാവിന്‍റെ ചെറിയ അനുരണനങ്ങള്‍ പോലും. ടീൗഹ ാമലേ സ്നേഹം കൊണ്ട് നീയൊരു കവചം പണിയുകയാണ്.

മംഗല്യത്തെക്കുറിച്ച് പറയുന്നതുപോലെ ആത്മസൗഹൃദങ്ങളും ദൈവം യോജിപ്പിക്കുന്നതാണ്. ആരും അതിനെ വേര്‍പെടുത്തിക്കൂടാ. ക്രിസ്തുവും സൗഹൃദങ്ങള്‍ക്കുവേണ്ടി എത്രമാത്രം കൊതിച്ചിട്ടുണ്ടാവും. അവനോടൊപ്പം ഉണ്ടായിരുന്ന മൂന്നുപേര്‍ - പത്രോസ്, യോഹന്നാന്‍, യാക്കോബ് - തന്‍റെ ജീവിതത്തിന്‍റെ മഹത്ത്വങ്ങള്‍ക്കും വ്യാകുലങ്ങള്‍ക്കും ഒരേപോലെ കൂടെനില്‍ക്കാന്‍ അവരുണ്ടാകണമെന്ന് ക്രിസ്തു ആശിച്ചിട്ടുണ്ടാകണം. നിദ്രാവിവശരായിരുന്നിട്ടും അവര്‍ അവനോടൊപ്പം ഉണര്‍ന്നിരുന്നു. അവിടെ എന്നുമാകാന്‍ ശഠിച്ചു. വ്യാകുലങ്ങളുടെ ഗെത്സെമനിയിലും അവരുണ്ടായിരുന്നു. ഉറങ്ങരുതെന്നു പറഞ്ഞ് ഒരു കല്ലേറുദൂരം പോയി പ്രാര്‍ത്ഥിച്ച് മടങ്ങിയെത്തുമ്പോള്‍ അവര്‍ സുഖനിദ്രയിലായിരുന്നു. എന്നോടൊപ്പം ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടാവുന്നില്ല? ഇത് പാനപാത്രങ്ങളുടെ രാവാണ്. ഏത് കയ്പ്പിക്കുന്ന പാനപാത്രവും കുടിക്കാന്‍ ഞാന്‍ മനസ്സിനെ പഠിപ്പിക്കാം. ഉണര്‍ന്നിരിക്കാന്‍ നീ കൂടെയുണ്ടെങ്കില്‍... ആത്മസുഹൃത്തേ നീ അരികിലുണ്ടാവുക, എന്‍റെ ചെറിയ നേട്ടങ്ങളുടെ താബോറിലും വലിയ ദുഃഖങ്ങളുടെ ഗെത്സെമനിയിലും. പാതിവഴിയില്‍ ആരും ആരെയും വിട്ടുപോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരു ഉടമ്പടിയാണ്. കവി മൊഴിപോലെ:

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ,
നിറമുള്ള ജീവിതപ്പീലി തന്നു.
എന്‍റെ ചിറകിനാകാശവും തന്നു.
നിന്‍ ആത്മശിഖരത്തില്‍ ഒരു കൂടു തന്നു.
പിരിയുവാന്‍ വയ്യ, എനിക്ക് പിരിയുവാന്‍ വയ്യ
നിന്‍റെ ഹൃദയത്തില്‍ നിന്ന് ഏതു സ്വര്‍ഗ്ഗം വിളിച്ചാലും.
ഏതൊരു നന്മയ്ക്കും നാം വലിയ വില കൊടുക്കേണ്ടിയിരിക്കുന്നു. സ്നേഹത്തിന്‍റെ വില ആത്മപീഡനങ്ങളുടേത്! ആദ്യമായി ഈ പട്ടണത്തിലെത്തുമ്പോള്‍ സുല്‍ത്താനു തുല്യമായ ആത്മവിശ്വാസമായിരുന്നു നിനക്ക്. ഇപ്പോള്‍ അതിനൊക്കെ ഒരു പാഠഭേദം ആവശ്യമുണ്ടെന്ന തോന്നല്‍. സ്നേഹിക്കുന്നയൊരാള്‍ കടന്നുപോകേണ്ടി വരുന്ന വ്യഥകളെക്കുറിച്ച് എന്തു ധാരണയുണ്ട് നമുക്ക്. ഉറക്കമില്ലാത്ത രാവുകളുടെ എണ്ണം, മുടക്കിയ അത്താഴങ്ങളുടെ രുചി, പ്രാര്‍ത്ഥനയില്‍ വീഴുന്ന കണ്ണീരിന്‍റെ അളവ് ആര്‍ക്കു നിര്‍ണയിക്കാനാകും ഇവയൊക്കെ. ജീവിതത്തില്‍ ആരുടെയും മുമ്പില്‍ ശിരസ്സ് കുനിക്കില്ലായെന്ന് ശഠിച്ചിരുന്ന നിങ്ങള്‍ എത്രയോ പേരുടെ മുമ്പില്‍ ഇന്ന് തലകുനിച്ചുനില്‍ക്കേണ്ടി വരുന്നു. ഒരു കല്ലുപെന്‍സില്‍പോലും ചോദിക്കാതെ വളര്‍ന്ന നിങ്ങള്‍ ആരുടെയൊക്കെ കരുണയ്ക്കായി കരയുന്നു. ധീരനായി ഒരിക്കല്‍ കരുതപ്പെട്ടിരുന്ന ഒരാള്‍ ഇന്ന് ഭീരുവിനെപ്പോലെ. ജീവിക്കുന്ന ഓരോ നിമിഷത്തിലും കപ്പം കൊടുത്തിങ്ങനെ. സുല്‍ത്താന്‍ കനിവ് അര്‍ഹിക്കുന്ന യാചകനായി മാറുകയാണ്.

ഒരു ചെറിയ ടെലിഫോണ്‍ ബൂത്ത് ക്യാബിന്‍റെ ചില്ലുകള്‍ക്കപ്പുറം വിലാപങ്ങള്‍ ഒളിപ്പിച്ചുവെച്ച വിവര്‍ണമായ മുഖം. പുറത്ത് നമ്മള്‍ അസഹിഷ്ണുവാകുകയാണ്. നമുക്ക് തിരക്കുണ്ട്. ഇയാള്‍ നമ്മുടെ സമയമെന്തിനാണ് കവര്‍ന്നെടുക്കുന്നത്. ഫോണിന്‍റെ അങ്ങേതലയ്ക്കല്‍ ആരാണോ ആവോ. ഒരുപക്ഷേ വൃദ്ധരായ മാതാപിതാക്കള്‍,  കാരണമില്ലാതെ കലഹിക്കുന്ന സഹോദരന്‍, ഒറ്റയ്ക്ക് അവനെ ഉപേക്ഷിച്ചിട്ടു പോകുന്ന കൂട്ടുകാരി.  ദാര്‍ഢ്യം നിറഞ്ഞ നോട്ടങ്ങളിലൂടെ, നിന്ദനച്ചിരികളിലൂടെ, അശ്ലീലം പോലെ വെറുപ്പിക്കുന്ന ഫലിതങ്ങള്‍ക്കിടയില്‍ പുറത്തേക്കു കടക്കുമ്പോള്‍ വാശിയേറിയ ഒരു മത്സരത്തില്‍ സെല്‍ഫ് ഗോളടിച്ച് പരിഹസിക്കപ്പെട്ട് പുറത്തു കടക്കുന്നയാളുടെ മുഖമാണവന്. ജിബ്രാന്‍റെ വരികള്‍ ഓര്‍മ്മിക്കുക. സ്നേഹം നിങ്ങളെ വിളിക്കുമ്പോള്‍ പൊയ്ക്കൊള്ളുക. അതിന്‍റെ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിച്ച വാളുകള്‍ നിങ്ങളെ മുറിപ്പെടുത്തുമെങ്കിലും, തെക്കന്‍കാറ്റുപോലെ, അത് കിനാക്കളുടെ പൂക്കളെ തല്ലിവീഴ്ത്തുമെങ്കിലും...

ഇവിടെ നിന്ന് നോക്കിയാല്‍ കാണാം പൂവിട്ടു നില്‍ക്കുന്ന ബ്ലീഡിങ്ങ് ഹാര്‍ട്ട് വള്ളികള്‍. മഴത്തുള്ളികള്‍ വീണിട്ടതിന്‍റെ ഇലകളില്‍ ചോര കിനിയുന്നതുപോലെ. തിരുഹൃദയച്ചെടികളെന്നാണ് കോണ്‍വന്‍റിലെ സിസ്റ്ററന്മാര്‍ ചെറുപ്പത്തിലതിന്‍റെ പേരു പറഞ്ഞുതന്നിട്ടുള്ളത്. ക്രിസ്തുവിന്‍റെ തിരുഹൃദയം പോലെ തന്നെ ശരിക്കും. ജൂണ്‍മാസം തിരുഹൃദയത്തെ ധ്യാനിക്കാനുള്ളതാണ്. അഗ്നിജ്വാലകള്‍ക്കിടയില്‍ നിണമാര്‍ന്നൊരു ഹൃദയം നമ്മുടെ വീടുകളുടെ ഉമ്മറങ്ങളില്‍ നാം പതിപ്പിച്ചിട്ടുള്ളതാണല്ലോ. ആദ്യമായി നാമറിഞ്ഞ ദൈവസങ്കല്പങ്ങള്‍പോലും ആ ചിത്രവുമായി ബന്ധപ്പെട്ടാണ് പിന്നീടെത്ര ദിനങ്ങളില്‍ തപിച്ചും ജപിച്ചും തിരിതെളിച്ചും നമ്മള്‍ നിന്നതും അതിനു മുമ്പിലായിരുന്നു. ഈ ഹൃദയമെന്നോട് മന്ത്രിക്കുന്നു: സ്നേഹിക്കുകയെന്നതിന്‍റെ അര്‍ത്ഥം, കെടാത്ത ഒരു കനലുള്ളില്‍ കൊണ്ടുനടക്കുകയാണെന്ന്, ഒരു മഴയ്ക്കും ശമിപ്പിക്കാനാവാത്ത ഒരു പൊള്ളല്‍. ഒപ്പം പരിഭവങ്ങളില്ലാതെ നിണം വാര്‍ക്കുകയാണെന്നും.

You can share this post!

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

ദര്‍ശനവര്‍ണ്ണങ്ങള്‍

ബോബി ജോസ് കപ്പൂച്ചിന്‍
Related Posts