ഓരോ ചലച്ചിത്രമേളയും ഒരു ലോകസഞ്ചാരമാണ് തരുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതം, അതിജീവനശ്രമങ്ങള്‍, ഭൂപ്രകൃതി, കുടുംബം, രാഷ്ട്രീയം തുടങ്ങിയവയെ അടുത്തറിയാന്‍ ചലച്ചിത്രമേളകള്‍ സഹായിക്കുന്നുണ്ട്. ഇരുപത്തി മൂന്നാമത് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) യും പ്രേഷകര്‍ക്ക് നല്‍കിയത് ഇത്തരം അനുഭവങ്ങളാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തത്തിനുശേഷം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണ് IFFK നടത്തിയതെങ്കിലും സിനിമകളുടെ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. കരുത്തുറ്റ പ്രമേയങ്ങളും നവീനമായ ദൃശ്യപരിചരണ രീതിയുമായി ആസ്വാദകരെ വിസ്മയിപ്പിക്കുന്ന സമകാലിക ലോകസിനിമയിലെ സംവിധായകരുടെ ഏറ്റവും പുതിയ സിനിമകളെല്ലാം ചലച്ചിത്രമേളയിലുണ്ടായിരുന്നു. അതിനു പുറമേ കാന്‍, ചൈനീസ്, ടൊറന്‍റോ, റോട്ടര്‍ ഡാം തുടങ്ങിയ ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങളും ശ്രദ്ധേയമായി. ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ. യില്‍ ഉണ്ടായിരുന്ന ചില ലോകസിനിമകളെ സാമാന്യമായി പരിചയപ്പെടുത്തുകയാണിവിടെ.
ലബനീസ് നടിയും സംവിധായികയുമായ നാദിന്‍ ലബാക്കിയുടെ 'കാഫര്‍നോം' (Capernaum) എന്ന ചിത്രം ഉജ്ജ്വലമായ കാഴ്ചാനുഭവമാണ് പ്രേഷകര്‍ക്കു നല്‍കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്കാരമടക്കം പ്രദര്‍ശിപ്പിച്ച ചലച്ചിത്രമേളകളിലെല്ലാം പുരസ്കാരത്തിനര്‍ഹമായ ചിത്രമാണിത്. പന്ത്രണ്ടു വയസ്സുകാരന്‍ സെയ്ന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത സെയ്ന്‍ ദരിദ്ര ലബനീസ് കുടുംബത്തിലെ പത്തുകുട്ടികളില്‍ ഒരാളാണ്. ഒരു ജുവനൈല്‍ തടവുകാരനായി ജഡ്ജിക്കു മുന്നിലെത്തുന്ന സെയ്നില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തന്നെ ജനിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ അവന്‍ കേസ് നല്‍കിയിട്ടുണ്ട്. കോടതി മുറിക്കുള്ളില്‍ സമൂഹത്തിന്‍റെ മനുഷ്യത്വരാഹിത്യത്തെ അവന്‍ ചോദ്യം ചെയ്യുന്നു. കോടതിമുറിക്കുള്ളിലെ വിചാരണയിലാണ് സിനിമ ആരംഭിക്കുന്നതെങ്കിലും നോണ്‍ ലീനിയര്‍ ആയ നറേഷനിലൂടെ ഒരു കോര്‍ട്ട് ഡ്രൂം ഡ്രാമയിലേക്കു മാറാതെ ലെബനിലെ കുട്ടികളുടെ ദുരന്തപൂര്‍ണ്ണമായ ലോകം തുറന്നു കാട്ടുകയാണ് ഈ സിനിമ. സെയ്ന്‍ എന്ന കുട്ടിയിലൂടെ അതിരുകളുടെയും പൗരത്വത്തിന്‍റെയും മാതാപിതാക്കളുടെ കടമകളുടെയും അന്തമില്ലാത്ത പുത്രോല്പാദനങ്ങളുടെയും യഥാര്‍ത്ഥ ചിത്രം നല്‍കുന്നുണ്ട് കാഫര്‍നോം. കുടിയേറ്റത്തിന്‍റെയും അംഗീകൃതരേഖകളില്ലാത്തതിന്‍റെയും വിഷമതകള്‍ സിനിമ വിവരിക്കുന്നത് കുട്ടിക്കഥാപാത്രങ്ങളിലൂടെയാണ്. തന്‍റെ പത്തുവയസ്സുകാരി പെങ്ങളെ വിവാഹം കഴിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ സിയാന്‍ ശ്രമിക്കുന്നതും അതിലവന്‍ നിസ്സാരമായി തോറ്റുപോകുന്നതും നമ്മെ അസ്വസ്ഥരാക്കും. അതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് തെരുവിലേക്കെറിയപ്പെട്ട സെയ്ന്‍ ചെന്നെത്തുന്നത് മതിയായ പെര്‍മിറ്റുകള്‍ ഇല്ലാതെ ജോലി ചെയ്യുന്ന ഫാഹില എന്ന എത്യോപ്യന്‍ യുവതിയുടെ അടുക്കലാണ്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സ്വന്തം മകനെപ്പോലും മറ്റുള്ളവരില്‍ നിന്ന് ഒളിപ്പിച്ചു വളര്‍ത്തുന്നവളാണ് റാഹില. അവള്‍ ജയിലിലാകുന്നതോടെ അവളുടെ ഒന്നരവയസ്സുകാരന്‍ യുനാസ്, സെയ്നിന്‍റെ സംരക്ഷണയിലാകുന്നു. തുടര്‍ന്ന് കുട്ടിയുമായി സിയാന്‍ നടത്തുന്ന യാത്രകളുടെ വിവരണമാണ് ഈ സിനിമയെന്ന് ചുരുക്കിപ്പറയാം.
വിദഗ്ധമായ രചനയും ചടുലവേഗത്തിലുള്ള മേക്കിംഗും സിനിമയെ കൂടുതല്‍ ആസ്വാദ്യമാകുന്നു. അഞ്ചോളം പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സിനിമയിലുണ്ടെങ്കിലും അവര്‍ക്കെല്ലാം ഐഡന്‍റിറ്റി ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും അവര്‍ക്കെല്ലാം പ്രേഷകരെ സ്വാധീനിക്കാന്‍ കഴിയുന്നുവെന്നതും തിരക്കഥയുടെ ശക്തി തന്നെയാണ്. ബുദ്ധിപൂര്‍വ്വമുള്ള എഡിറ്റിംഗും സന്ദര്‍ഭത്തിനൊത്തുളള മ്യൂസിക്കും കാഫര്‍നോമിനെ ഒരു പെര്‍ഫെക്ട് സിനിമയാക്കുന്നു. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് ഈ സിനിമയുടെ സ്വീകാര്യതയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. പന്ത്രണ്ടു വയസ്സുകാരന്‍ സെയ്ന്‍ ആയി അഭിനയിച്ചു അമ്പരപ്പിച്ച സെയിന്‍ അല്‍ റഫീഖയും റാഹിലയുടെ മകനായ കൊച്ചുകുഞ്ഞും നമ്മളെ അത്ഭുതപ്പെടുത്തും. സിനിമയുടെ അവസാനം, ഫോട്ടോയെടുക്കുന്നത് തിരിച്ചറിയല്‍ രേഖയ്ക്കാണെന്ന് അറിയുമ്പോള്‍ സെയ്നിന്‍റെ മുഖത്തു വിടരുന്ന പുഞ്ചിരിയും അത് ഫ്രീസുചെയ്ത് സ്ക്രീനില്‍ നിലനിര്‍ത്തുന്ന സമയവും രാഷ്ട്രീയമായി നമ്മെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഇറാനിയന്‍ മാസ്റ്ററായ ജാഫര്‍ പനാഹിക്ക് പലതരം വിലക്കുകള്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുതടങ്കലിനെയും സിനിമയെടുക്കുന്നതിനുള്ള നിരോധനത്തെയും സര്‍ഗ്ഗാത്മകമായി അഭിമുഖീകരിക്കുകയാണ് അദ്ദേഹം. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബിയര്‍ നേടിയ 'ടാക്സി'ക്കു ശേഷം ജാഫര്‍ പനാഹി സംവിധാനം ചെയ്ത ചിത്രമാണ് 'ത്രീ ഫേസസ്'. ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് വീഡിയോ സന്ദേശമായി ലഭിച്ചതിനെത്തുടര്‍ന്ന് ജാഫര്‍ പനാഹിയും പ്രമുഖ ഇറാനിയന്‍ അഭിനേത്രിയായ ബെഹ്നാസ് ജാഫരിയും തെഹ്റാനില്‍ നിന്ന് അവളെത്തേടി ദൂരെയുള്ള മലയോരഗ്രാമത്തിലേക്ക് കാറില്‍ യാത്ര തിരിക്കുന്നു. സിനിമാതാരങ്ങളോട് ആഭിമുഖ്യമുളളവരാണെങ്കിലും തങ്ങളുടെ കുട്ടികള്‍ അവരുടെ കലാസ്വപ്നങ്ങളുമായി മുന്നോട്ടു പോകുന്നതിനെ നിഷ്ഠൂരമായി തടയുന്നവരാണ് ഗ്രാമവാസികള്‍.
സദാചാര പോലീസായും മതയാഥാസ്ഥിതികരായും അയല്‍ക്കാരായും നാട്ടുകാരായുമൊക്കെ നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടര്‍ തന്നെയാണ് ഇറാനിലും സര്‍ഗ്ഗാത്മകതയ്ക്കും സ്വാതന്ത്ര്യത്തിനും വിഘാതമായി സംഘടിക്കുന്നത്. സിനിമയുമായും പ്രശസ്തിയുമായും സമൂഹമനസ്സാക്ഷി സ്ഥാപിക്കുന്ന ബന്ധങ്ങളെ അനാവരണം ചെയ്യുകയാണ് ജാഫര്‍ പനാഹി.
ഈ സമൂഹം എപ്പോഴാണ് ആള്‍ക്കൂട്ടമായി സംഘടിക്കുന്നതെന്നും പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീജീവിതത്തോടെന്നപോലെ, സാമ്പത്തിക വര്‍ഗ്ഗ വിഭജനത്തോടും ഇറാനിയന്‍ പൊതുബോധം എപ്രകാരമാണ് നിലപാടുകളെടുക്കുന്നതെന്ന് ജാഫര്‍ പനാഹി ഈ സിനിമയിലൂടെ അന്വേഷിക്കുന്നുണ്ട്.
അബ്ബാസ് കിയരസ്തമി, ജാഫര്‍ പനാഹി, മക്മല്‍ ബഫ് പോലെയുള്ളവരുടെ ചലച്ചിത്രഭാവുകത്വത്തെ മറികടക്കുവാന്‍ ഇറാനിയന്‍ സംവിധായകനായ ബഹ്മാന്‍ ഫര്‍മനാരയുടെ 'ദ ടെയ്ല്‍ ഓഫ് ദ സീ' എന്ന സിനിമ ശ്രമിക്കുന്നുണ്ട്. I am a fish tired of water and I submit to the netഎന്നേ കാവ്യാത്മകമായ വരികളിലാണ് ചിത്രം ആരംഭിക്കുന്നത്. വൃദ്ധനും അശക്തനുമായ താഹെര്‍ മൊഹെബി എന്ന പ്രഫസറും അയാള്‍ക്ക് പുറംലോകവുമായുളള ബന്ധവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അയാള്‍ പ്രശസ്തനായ നോവലിസ്റ്റു കൂടിയാണ്. ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നതിനാല്‍ മനോനില തകര്‍ന്ന അദ്ദേഹത്തിന് മൂന്നുവര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവിക്കേണ്ടി വരുന്നു. അയാളുടെ നിരന്തരമായ ആശുപത്രിവാസവും മനോരോഗാവസ്ഥയും മടുത്ത ഭാര്യ അയാളെ ഉപേക്ഷിച്ചുപോവാന്‍ തീരുമാനിക്കുന്നു. പക്ഷേ, ഈ തീരുമാനം ഇപ്പോള്‍ അയാളോട് പറയരുതെന്ന് ഡോക്ടര്‍ ഉപദേശിക്കുന്നു. ഇപ്പോള്‍ അറിഞ്ഞാല്‍ അയാളുടെ ജീവന്‍ തന്നെ അപകടത്തിലാകും എന്നറിഞ്ഞ ഭാര്യ അയാളെ കുറച്ചുകാലംകൂടി സഹിക്കാന്‍ തയ്യാറാകുന്നു. ഭ്രമകല്പനകളില്‍ നിന്ന് പുറത്ത് വരാന്‍ അദ്ദേഹത്തിനാവുന്നില്ല. ഓര്‍മ്മകള്‍ അയാളെ നിരന്തരം വേട്ടയാടുന്നു. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ 'കടല്‍' ചിത്രത്തിലെ പ്രധാന ഇമേജാണ്. സ്വപ്നത്തിലും ഓര്‍മ്മകളിലും പ്രത്യക്ഷപ്പെടുന്ന കടല്‍ പക്ഷേ, വൃദ്ധമാണ്. യുവത്വമോ ബാലിശതയോ കടല്‍ ഒരിക്കലും പ്രകടിപ്പിക്കുന്നില്ല. കിഴവനും കടലും ഒരുപോലെ ഏകാന്തമാണ്. കടലിന്‍റെ കഥ അങ്ങനെ ജീവിതത്തിന്‍റെ കഥതന്നെയാകുന്നു. ഐ.എഫ്.എഫ്.കെ. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം അതിന്‍റെ കാവ്യാത്മകതകൊണ്ടും സ്വപ്നസമാനമായ ദൃശ്യങ്ങള്‍കൊണ്ടും സമ്പന്നമാണ്.