തീരെ പ്രതീക്ഷിക്കാത്ത ഒരു കത്തായിരുന്നു അയാളുടേത്. ഞാന്‍ നടത്താനിരുന്ന ഒരു ദമ്പതിധ്യാനത്തിന് അവരും വരുന്നുണ്ട് എന്നു വിളിച്ചറിയിച്ചിട്ട് വരാതിരുന്നതിന്‍റെ കാരണം വിശദീകരിച്ചുകൊണ്ടുള്ള ക്ഷമാപണമായിരുന്നു ആ നീണ്ടകത്തിന്‍റെ ഉള്ളടക്കം. എപ്പോളെങ്കിലും സമയമുണ്ടാക്കി അയാളുടെ വീട്ടിലൊന്നു ചെല്ലാമോ എന്നൊരു അപേക്ഷയും, മറുപടി പ്രതീക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെ അഡ്രസ്സും ഫോണ്‍നമ്പരും കുറിച്ചായിരുന്നു കത്ത് അവസാനിപ്പിച്ചത്. അടുത്തകാലത്തൊന്നും എനിക്കയാളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് അയാളെയും കുടുംബത്തെയും അറിയാമായിരുന്നതുകൊണ്ടും, നാലഞ്ചുപേജുള്ള കത്തില്‍ വിശദമായെഴുതിയിരുന്നതു വായിച്ചതില്‍നിന്നും എന്‍റെ റേഞ്ചിനു പുറത്തുള്ള ആപ്പാണതെന്ന് അറിയാമായിരുന്നതുകൊണ്ട് അപ്പോളേ അതു സമൂലം തള്ളി. മറുപടി കൊടുക്കാഞ്ഞതുകൊണ്ട് പിന്നീട് ആളുവിളിച്ചു. 'മീറ്റൂ'വിന്‍റെ ഈലോകത്ത്, വയസ്സാന്‍കാലത്ത് അഴിയെണ്ണേണ്ട ഗതിവരാതിരിക്കാന്‍ ഒരു കേസുകെട്ടും പിടിക്കില്ലെന്നുറപ്പിച്ചിരിക്കുകയാണെങ്കിലും, കഴിഞ്ഞതെല്ലാം പൊറുക്കണമെന്ന അയാളുടെ കത്തിലെ ഭാഗം ഓര്‍മ്മിച്ചപ്പോള്‍ മനസ്സുമാറ്റി, എന്നെങ്കിലും അതിലെ ചെല്ലാമെന്നു സമ്മതിച്ചു.
വീടുനോക്കാതെ പള്ളീലുംകയറാതെ കള്ളും കഞ്ചാവും വിറ്റുനടന്ന ആളായിരുന്നു പാര്‍ട്ടി. ഒരുവണ്ടിയപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് വഴിയില്‍കിടന്ന അയാളെ ആ വഴിയെത്തിയ എനിക്കു പരിചയമുള്ള ഒരു ഡോക്ടറാണ് എടുത്തുകൊണ്ടുപോയി രക്ഷപെടുത്തിയത്. ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ ഡോക്ടര്‍ വിളിച്ചതുകൊണ്ട് ചെന്നു സംസാരിച്ച് അയാള്‍ക്കു മാനസാന്തരമുണ്ടായി. രക്ഷപെട്ടാല്‍ ധ്യാനംകൂടുമെന്ന് അന്നയാള്‍ നേര്‍ച്ചനേര്‍ന്നു. രക്ഷപെട്ടപ്പോള്‍ ഭാര്യയെയുംകൂട്ടിവന്ന് ധ്യാനംകൂടുകയുംചെയ്തു. രണ്ടു മക്കളുള്ളത് അവരവരുടെ വഴിക്കായിരുന്നതുകൊണ്ട് അവരുവന്നില്ല. അതുംകഴിഞ്ഞു വേറെ പലേടത്തുംപോയി ധ്യാനംകൂടി പിന്നെ സാക്ഷ്യം പറയാനും, കൗണ്‍സലിങ്ങുനടത്താനും, അവസാനം ചെറിയതോതില്‍ ധ്യാനിപ്പിക്കാനും തുടങ്ങി. എന്‍റെകൂടെയും സഹായിക്കാന്‍ വരാമെന്ന് പലപ്പോഴും ഓഫര്‍ചെയ്തെങ്കിലും ഞാന്‍ താത്പര്യം കാണിച്ചില്ല. തലതെറിച്ചുനടന്ന കാലത്ത് കാട്ടിക്കൂട്ടിയ വൈകൃതങ്ങളും വണ്ടിയപകടവും രക്ഷപെടലുമെല്ലാം വാചാലമായി അവതരിപ്പിച്ച്, ഞാന്‍ നടത്തിയ ധ്യാനംകൂടിയകാര്യവും, പക്ഷെ ആ ധ്യാനത്തില്‍ അരൂപിയും അഭിഷേകവുമൊന്നും കിട്ടാഞ്ഞതുകൊണ്ട് അതൊക്കെക്കിട്ടുന്ന വേറെ ധ്യാനങ്ങള്‍ പിന്നെയുംകൂടി അഭിഷേകംകിട്ടിയ കാര്യങ്ങളൊക്കെ അയാളുടെ സാക്ഷ്യത്തിന്‍റെ കേന്ദ്രവിഷയമായിരുന്നു. അക്കൂട്ടത്തില്‍ ചിലേടത്തെങ്കിലും ആളു കണ്ടുപിടിച്ച എന്‍റെ രോഗത്തെപ്പറ്റിയും പറയാറുണ്ടായിരുന്നത് ഞാനറിഞ്ഞിരുന്നു. 'ഒറ്റമരത്തില്‍ കുരങ്ങനെ'പ്പോലെ ആരെയും കൂട്ടാതെയും ആരുടെകൂട്ടത്തിലും കൂടാതെയും ധ്യാനിപ്പിക്കുന്നതുകൊണ്ടാണത്രേ എനിക്ക് അഭിഷേകമില്ലാത്തത്!
അപ്പോഴും കഞ്ചാവുവലിയും വില്പനയുമായി പോലീസിന്‍റെയും നാട്ടുകാരുടെയും തല്ലുംകൊണ്ട് ജയിലിലും പുറത്തുമായി കഴിയുകയായിരുന്നു മകന്‍. മകള്‍ പഠിച്ചിരുന്ന കാലത്തുതന്നെ ഒന്നുരണ്ടു പ്രാവശ്യം ആരുടെയോകൂടെയൊക്കെ പോയിട്ട് പഠിത്തംനിര്‍ത്തി വീട്ടിലുണ്ടായിരുന്നു. അവളു താമസിയാതെ മാനസാന്തരപ്പെട്ട് അപ്പന്‍റെയും അമ്മയുടെയും ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച് ഒരു ധ്യാനമന്ദിരത്തിലെ സ്ഥിരംപ്രേഷിതയായി. കുറെനാളുകഴിഞ്ഞ് അവിടെ ധ്യാനിക്കാനെത്തിയ വേറൊരു മതത്തില്‍പെട്ട ഒരാളുമായി കൗണ്‍സിലിങ്ങില്‍തുടങ്ങിയ അടുപ്പംവളര്‍ന്ന് ഒടുവില്‍ അയാളുടെ കൂടെയങ്ങുപോയി. പിന്നീട് അവരാരെപ്പറ്റിയും അന്വേഷിക്കാറും കേള്‍ക്കാറുമില്ലായിരുന്നു. ദമ്പതിധ്യാനത്തിനു വരുന്നുണ്ട് എന്നുപറഞ്ഞ് ഈയിടെ വിളിച്ചു പരിചയപ്പെടുത്തിയപ്പോളാണ് പിന്നീടവരെപ്പറ്റി ഓര്‍ക്കുന്നതുതന്നെ.
നിസ്സഹായാവസ്ഥയിലാണെന്നു കത്തിലെഴുതിയിരുന്നതുകണ്ട് അലിവുതോന്നിയതുകൊണ്ടാണ് അയാളു വിളിച്ചപ്പോള്‍ ചെല്ലാമെന്നു സമ്മതിച്ചത്. ഒരു മരിച്ചടക്കിന് അതിനടുത്തുവരെ പോകേണ്ടിവന്നതുകൊണ്ട് വാക്കുപാലിക്കാന്‍ അവസരവുമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവിടെ ചെല്ലുമ്പോളുണ്ടായിരുന്നതിനേക്കാള്‍ പഴകിപ്പൊളിഞ്ഞവീട്. തൊട്ടുചേര്‍ന്ന് സാമാന്യംവലിയ ഒരു വീടിനുള്ള തറകെട്ടിയിട്ടിരിക്കുന്നതിന് വര്‍ഷങ്ങളുടെ പഴക്കംകാണണം. അറിയിക്കാതെ ചെന്നതുകൊണ്ട് അല്പനേരം മുറ്റത്തുനിന്നെങ്കിലും ആരെയും കണ്ടില്ല. വണ്ടിയുടെ ഹോണടിച്ചപ്പോള്‍ വീട്ടുകാരത്തി ഇറങ്ങിവന്നു. ഉടുപ്പുകണ്ടതുകൊണ്ട് അവര്‍ക്കുടനെ എന്നെ മനസ്സിലായി, അകത്തേക്കു ക്ഷണിച്ചു. ആകെ അലങ്കോലപ്പെട്ടുകിടന്ന പൂമുഖം. കസേരയില്‍കിടന്ന പത്രമെല്ലാം വാരിമാറ്റി എന്നെ ഇരുത്തി. ഉടന്‍ വരാമെന്നുപറഞ്ഞ് അവരു പുറത്തേയ്ക്കോടി. കാറ്റും വെളിച്ചവും അല്പം കുറവായിരുന്നതുകൊണ്ട് ഞാന്‍വീണ്ടും മുറ്റത്തിറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ വളരെ അയഞ്ഞുതൂങ്ങിയ നൈറ്റിയുമിട്ട് തീരെമെലിഞ്ഞ ഒരു യുവതി ഇറങ്ങിവന്നു. പണ്ടുകണ്ടിട്ടുള്ള മകളായിരിക്കും അതെന്നു ഞാനൂഹിച്ചു.
"ഇവിടെ വരുമെന്നു പറഞ്ഞിരുന്ന ഫാദറാണെങ്കില്‍, വന്നതു വെറുതെയാണ്. എന്‍റെ കാര്യം പറയാനാണ് അവരു വിളിച്ചത്. എന്നെ നന്നാക്കാന്‍ ആരും നോക്കണ്ട. അമ്മ, അപ്പനെ ഫോണ്‍ വിളിക്കാന്‍ അടുത്തവീട്ടില്‍ പോയതായിരിക്കും. ഇവിടൊരെണ്ണം ഉണ്ടായിരുന്നതാ. അതു ഞാന്‍ എറിഞ്ഞുപൊട്ടിച്ചുകളഞ്ഞു."
ഇതൊരു അപൂര്‍വ്വസാധനമാണല്ലോന്നോര്‍ത്തു അതിനെയൊന്നു ചൊവ്വിനൊന്നു കാണാന്‍വേണ്ടി നോക്കുമ്പോളേക്കും അടുത്തവീട്ടില്‍നിന്ന് അമ്മവരുന്നതുകണ്ട് അതകത്തേക്കു കയറിപ്പോയി.
"ഉടനെ വരുമച്ചാ, കണ്ടത്തില്‍ കുറെ പച്ചക്കറികളു നട്ടിട്ടുണ്ട്, അങ്ങോട്ടുപോയതാണ്. ഫാന്‍ കേടായിട്ടു നന്നാക്കാനും പറ്റിയില്ല. ചൂടാണെങ്കിലും മുറ്റത്തുനില്ക്കാതെ അച്ചനകത്തുകയറിയിരിക്ക്. ഞാനുടനെവരാം."
അവര് അകത്തേക്കോടി, കുടിക്കാനെന്തെങ്കിലും എടുക്കാനായിരിക്കും പോയത് എന്നു ഞാനൂഹിച്ചു. അല്പംകഴിഞ്ഞപ്പോള്‍ അവര് ഒരുഗ്ലാസ് തൈരുമായിവന്നപ്പോഴേയ്ക്കും അയാളും വിയര്‍ത്തുകുളിച്ച് എത്തി.
"അച്ചന്‍ അറിയിച്ചിട്ടേ വരൂ എന്നായിരുന്നു പ്രതീക്ഷിച്ചത്."
"ഞാനും അങ്ങനെയോര്‍ത്താണിരുന്നത്. പക്ഷേ എന്നാപറയാനാ. ഞാനിവിടടുത്തൊരു അടക്കിനുവന്നതാണ്. ആ ചേടത്തി മരിക്കുന്നതിനുമുമ്പ് അക്കാര്യം എന്നെ വിളിച്ചുപറയാന്‍ മറന്നുപോയി. അതുകൊണ്ട് എനിക്കു നിങ്ങളെയും വിളിച്ചു ഞാന്‍ വരുന്നകാര്യം പറയാന്‍ പറ്റിയില്ല. തന്നെയല്ല, ഒറ്റമരത്തേലുള്ള ഇരിപ്പല്ലേ.."
"അച്ചന്‍റെ പണ്ടേയുള്ള കൊള്ളിച്ചുള്ള ഈ വര്‍ത്തമാനത്തിന് ഒരു മാറ്റവുമില്ല."
"ഞാനന്നും ഇങ്ങേരോടു പറയുമായിരുന്നച്ചാ, അങ്ങനൊന്നും പറയരുതെന്ന്, അച്ചനതിപ്പഴും മറന്നിട്ടില്ലല്ലോ. അച്ചന്‍ ആ തൈരു കുടിക്ക്, വല്ലാതെവിയര്‍ക്കുന്നു."
"പഴയതൊന്നും മറന്നിട്ടില്ലെന്നും ഞാനാ പഴയ ആളുതന്നെയാണെന്ന് ഓര്‍മ്മിപ്പിക്കാനുംവേണ്ടിത്തന്നെയാണു ഞാനതു പറഞ്ഞതും."
അപകടംകഴിഞ്ഞ് അയാളു മാനസാന്തരപ്പെട്ടതോടെ, താന്തോന്നിയായിട്ടു നടന്നിരുന്ന അയാളുടെ മകനെയും, ആരെയും കൂസാതെ തന്നിഷ്ടപ്രകാരം പോയിരുന്ന മകളെയും അവരുവിളിച്ചാല്‍ വരത്തില്ല, ഞാന്‍ വിളിച്ചാല്‍ വരുമെന്നും, ഞാന്‍ കൈവച്ചുപ്രാര്‍ത്ഥിച്ച് അവരെ നന്നാക്കണമെന്നുംപറഞ്ഞ് എന്‍റെയടുത്തുവന്നപ്പോള്‍, അവരെ മെനഞ്ഞെടുത്ത അപ്പനെന്ന കുശവന്‍റെ കൈയ്യിലിരിപ്പുകൊണ്ടു വന്ന അവരുടെ തകരാറ് അച്ചനായ ഞാന്‍ കൈവച്ചാല്‍ മാറ്റാന്‍ പറ്റുന്നതല്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കന്നത് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടയാള്‍ പിണങ്ങി അഭിഷേകമുള്ള വേറേം അച്ചന്മാരുണ്ടന്നുംപറഞ്ഞ് അവരുടെ അടുത്തുപോയി പ്രാര്‍ത്ഥിച്ച്, അവരു പറഞ്ഞതുപോലെ വീണ്ടുംവീണ്ടും ധ്യാനവുംകൂടിക്കഴിഞ്ഞപ്പോള്‍ മകളു നേരെയായി, പ്രാര്‍ത്ഥനക്കാരിയായി, പിന്നീട് ധ്യാനമന്ദിരത്തിലെ പ്രേഷിതയായി. അതോടെ തുടങ്ങിയതായിരുന്നു അപ്പനുമമ്മയും സാക്ഷ്യംപറച്ചിലും ധ്യാനവുമൊക്കെ. ആ കാലത്തായിരുന്നു എന്നെയും സഹായിക്കാമെന്നുപറഞ്ഞ് അയാള്‍ രണ്ടുമൂന്നുപ്രാവശ്യം എന്‍റെയടുത്തുവന്നത്. ഞാനതു നിരസിച്ചതോടെ ആബന്ധം തീരെവിട്ടുപോയി. പിന്നെ കാണുന്നതിന്നാണ്.
"അച്ചന്‍റെ ധ്യാനമുണ്ടെന്നു പത്രത്തില്‍ കണ്ടപ്പോള്‍തന്നെ കൂടണമെന്നാഗ്രഹിച്ചായിരുന്നു വിളിച്ചുപറഞ്ഞത്." ഭാര്യ എന്തോ ആംഗ്യംകാണിച്ചയുടനെ പെട്ടന്ന് സ്വരം താഴത്തിയാണ് അയാള്‍ സംസാരം തുടര്‍ന്നത്. "മകന്‍റെ കാര്യമൊഴിച്ചാല്‍ എല്ലാം നന്നായിട്ടു പോയതായിരുന്നച്ചാ. അഞ്ചാറുകൊല്ലംകൊണ്ടു നല്ല വരുമാനവുമുണ്ടായി. ധ്യാനക്കാരും സഹായിച്ചു. നല്ലയൊരു വീടിനു തറയുംകെട്ടി. ആ സമയത്തായിരുന്നു മകളുവീണ്ടും കുരുട്ടുപണി കാണിച്ചത്. അതോടെ എല്ലാം തകരാന്‍തുടങ്ങി."
സൈഡിലെ വാതിലു പെട്ടെന്നുതുറന്നു.
"ഒച്ചകൊറച്ചു പറഞ്ഞാലും എനിക്കുകേക്കാം. ഞാനൊരു കുരുട്ടുപണീം കാണിച്ചില്ല. തന്തേം തള്ളേംകൂടെ ...... ക്കിയപ്പോള്‍ ഓര്‍ക്കണമാരുന്നു. എന്നെ നന്നാക്കാന്‍ ആരുമൊട്ടു മെനക്കെടുകേം വേണ്ട." വാതില്‍ക്കല്‍നിന്ന് അത്രയും പറഞ്ഞിട്ട് അവള്‍ അകത്തേക്കു വലിഞ്ഞു.
വീട്ടുകാരത്തി കണ്ണുനീരോടെ അടുക്കളയിലേയ്ക്കു പോയപ്പോള്‍ അയാള്‍ എന്നെയുംകൂട്ടി മുറ്റത്തേക്കിറങ്ങി, ഇരിക്കാന്‍ പാകത്തിനു ഉയരമുണ്ടായിരുന്ന പുരത്തറയില്‍ ഞാനിരുന്നപ്പോള്‍ അയാളും അടുത്തിരുന്നു. മകള്‍ ഒളിച്ചോടിയതോടെ ധ്യാനത്തിനും കൗണ്‍സലിങ്ങിനുമൊന്നും ആരും കൂട്ടാതെയായി. മകന്‍ ഉണ്ടാക്കിയ അടിപിടിക്കേസുകളില്‍ വന്‍തുക ചെലവായി. അതോടെ തുടങ്ങിവച്ചപുരപണി നിര്‍ത്തി. മകന്‍ തലതിരിഞ്ഞുപോയത്, പണ്ട് അവന്‍റെ വല്യവല്യപ്പന്‍ അന്നത്തെ വികാരിയച്ചനെ ചീത്തവിളിക്കുകയും അച്ചനെ കണ്ണീരുകുടിപ്പിക്കുകയും ചെയ്തതിന്‍റെ ശിക്ഷയാണെന്നായിരുന്നു അഭിഷേകമുള്ള അച്ചന്‍ ധ്യാനത്തിനുചെന്നപ്പോള്‍ കണ്ടെത്തിയത്. അതുകൊണ്ട് അതിനുപരിഹാരമായി അച്ചന്‍ നിര്‍ദ്ദേശിച്ച പത്തിരുപത് ആരാധനയും, രണ്ടു ഗ്രിഗോറിയന്‍ കുര്‍ബ്ബാനയും ചൊല്ലിച്ചു. പിന്നെ ദിവസവും മുടങ്ങാതെ പത്തു കരുണക്കൊന്തയും ചൊല്ലി. എന്നിട്ടും അവനിപ്പോഴും തല്ലുംകൊണ്ടു കഞ്ചാവുംവലിച്ചു നടക്കുന്നു.
മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഒളിച്ചോടിപ്പോയ മകള് തിരിച്ചുംവന്നു. അതോടെ സര്‍വ്വത്ര കൊളമായി. തോന്നിയതുപോലെ നടന്നകാലത്തു അവളു കാട്ടിക്കൂട്ടിയ എന്തിന്‍റെയോ ഫലമായി ഇനി മക്കളുണ്ടാകത്തില്ലെന്നു ചികിത്സിച്ചവര്‍ വിധിച്ചതോടെ കെട്ടിയോന്‍ ഉപേക്ഷിച്ചുപോലും. കൂടെ ജീവിച്ചതല്ലാതെ വിവാഹം രജിസ്റ്റര്‍പോലും ചെയ്തിട്ടില്ലാതിരുന്നതിനാല്‍ കേസിനുപോയാലും വല്യ കാര്യമില്ല. അവളു തിരിച്ചുവന്നപ്പോള്‍മുതല്‍ സര്‍വ്വത്ര അലമ്പാണ്. അരിശംകയറിയാല്‍ ഇന്നതേ ചെയ്യൂ എന്നില്ല. റ്റിവി തല്ലിപ്പൊട്ടിച്ചുകളഞ്ഞു, മൊബൈല്‍ഫോണ്‍ കണ്ടാല്‍ എറിഞ്ഞുടയ്ക്കും. പള്ളീല്‍ പോകില്ല, വീട്ടില്‍പോലും പ്രാര്‍ത്ഥിക്കാന്‍ സമ്മതിക്കത്തില്ല. ഭിത്തിയിലുണ്ടായിരുന്ന തിരുഹൃദയത്തിന്‍റെ പടവും വലിച്ചെറിഞ്ഞുപൊട്ടിച്ചു. അഭിഷേകമുള്ളവരൊക്കെ അതു പൈശാചികബന്ധനമാണെന്നു പറഞ്ഞു. അതിനു പ്രതിവിധിക്കുള്ള പ്രാര്‍ത്ഥനകളും, ആരാധനയുമൊക്കെ പലവട്ടംനടത്തി. മൂന്നാലു പ്രാവശ്യമെങ്കിലും വീടുവെഞ്ചരിച്ചു. ആരോ പറഞ്ഞതുകേട്ട് ഒരച്ചനെ വീട്ടില്‍ കൊണ്ടുവന്നു. വീടിനു തകരാറുണ്ടെന്നച്ചന്‍ പറഞ്ഞതനുസരിച്ച്, അങ്ങേരുടെ നിര്‍ദ്ദേശപ്രകാരം മുന്‍വശത്തു വരാന്തയിലേക്കു കയറാനുണ്ടായിരുന്ന നടകള്‍ പൊളിച്ച് ഒരു സൈഡിലേക്കു മാറ്റി. മുന്‍ഭാഗത്തോടുചേര്‍ന്നു വശത്തുണ്ടായിരുന്ന കക്കൂസും കുളിമുറിയും പൊളിച്ചു മുറ്റത്തിനു പുറത്തേയ്ക്കുമാറ്റി. അങ്ങേരെക്കൊണ്ടുതന്നെ വീടു വെഞ്ചരിപ്പിക്കുകയുംചെയ്തു. അതിന്‍റെ വാശിക്ക് മകളു രാത്രിയില്‍ മുറിയുടെമൂലയ്ക്കു മൂത്രമൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടുമതവിടെത്തന്നെ പണിയേണ്ടിയുംവന്നു. എന്തെല്ലാംചെയ്തിട്ടും ഒന്നിനൊന്നു വഷളായതു മിച്ചം.
കഷണങ്ങളാക്കിയ പൈനാപ്പിളും രണ്ടുഗ്ലാസ് കടുംകാപ്പിയുമായി ആ സമയത്ത് ഭാര്യയും എത്തി. മകനും മകളും കാണിച്ചുകൂട്ടുന്നതിന്‍റെ ഒരുപാടുകഥകള്‍ രണ്ടുപേര്‍ക്കും പറയാനുണ്ടായിരുന്നു. അതു കേട്ടിരുന്നപ്പോള്‍ രണ്ടുമൂന്നു പ്രേതബാധക്കഥകള്‍ ഒന്നിച്ചുവായിക്കുന്നതുപോലെതോന്നി. അകത്തിരുന്നിട്ടു ഞങ്ങളുടെ സംസാരം കേള്‍ക്കാന്‍ പറ്റാഞ്ഞിട്ടാവും, ഇടയ്ക്കിടെ മകള്‍ ഇറങ്ങിവന്നു ഞങ്ങളെ നോക്കിയിട്ടു തിരിച്ചു പോകുന്നതു ഞാന്‍ ശ്രദ്ധിച്ചു. സാധാരണ അവളങ്ങനെവന്നു നോക്കാറുള്ളതല്ലെന്നവരുപറഞ്ഞു.
ഒരിടത്തും ഗതിയില്ലാതെവന്നപ്പോള്‍ അവസാനം സഭ മാറി അവരു പെന്തക്കൊസ്തുകാരുടെ കൂട്ടത്തില്‍പോയി. അവരു പ്രാര്‍ത്ഥിക്കാന്‍ വീട്ടില്‍വന്നുതുടങ്ങിയപ്പോള്‍മുതല്‍ ജപമാലയും കരുണക്കൊന്തയുമൊക്കെ നിര്‍ത്തി. അതോടെ മകന്‍ വല്ലപ്പോഴുമെങ്കിലും വൈകുന്നേരം വീട്ടില്‍ വരാനുംതുടങ്ങി. പ്രാര്‍ത്ഥനകേട്ടാല്‍ അവന്‍ വീട്ടില്‍ കയറില്ല. പ്രാര്‍ത്ഥനക്കാരു വന്നപ്പോളൊക്കെ കൂടെപ്രാര്‍ത്ഥിക്കാന്‍ അവളെ വിളിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കലും കൂട്ടാക്കാതിരുന്ന അവളുടെ മുറിയിലേയ്ക്ക് ഒരുദിവസം കയറിച്ചെന്നു അവരങ്ങു പ്രാര്‍ത്ഥനതുടങ്ങി. അല്പംകഴിഞ്ഞപ്പോള്‍ ഭ്രാന്തിയെപ്പോലെ അലറിക്കൂവി കൈയ്യെത്തിയവരെയൊക്കെ ചറപറഅവളടിച്ചു. അവരിറങ്ങിയോടി, അവളു പുറകെയും. രണ്ടമൂന്നുപേര് മുറ്റത്തും പറമ്പിലുംവീണ് കൈയ്യുംമുട്ടുമൊക്കെപ്പൊട്ടി. ഓട്ടത്തിനിടയില്‍ വരാന്തയില്‍നിന്നു ചാടി കാലുളുക്കിയ ഒരുസ്ത്രീയെ വണ്ടിപിടിച്ച് അവരുടെ വീട്ടിലെത്തിക്കേണ്ടിയുംവന്നു. അതില്‍പിന്നെ അവരാരും ഈ വഴി വന്നിട്ടില്ല.
പിന്നെയും മകളിറങ്ങിവന്നു നോക്കുന്നതു കണ്ടപ്പോള്‍ ഞങ്ങളുടെ അടുത്തേക്കുവരാന്‍ ഞാന്‍ കൈകാണിച്ചുവിളിച്ചെങ്കിലും അല്പം മടിച്ചുനിന്നിട്ട് അവളകത്തേയ്ക്കുതന്നെ കയറിപ്പോയി. അവളെ വിളിക്കാന്‍ അവരോടു പറഞ്ഞപ്പോള്‍ വിളിച്ചാലും വരത്തില്ലെന്നവരു പറഞ്ഞു.
"എന്നാല്‍ ഞാന്‍ചെന്ന് ഒന്നുവിളിച്ചുനോക്കാം, നിങ്ങളിവിടെ ഇരുന്നാല്‍മതി. പെന്തിക്കോസുകാരെ ഓടിച്ചതുപോലെയെങ്ങാനും ഓടിച്ചാലും വണ്ടി തൊട്ടടുത്ത് ഉണ്ടല്ലോ." തമാശു പറഞ്ഞെങ്കിലും ഉള്ളില്‍ പേടിയുണ്ടായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ അവളു വാതില്ക്കല്‍തന്നെ നില്‍പുണ്ടായിരുന്നു.
"ഫാദര്‍ പോയോന്നറിയാനാണ് ഞാനിടയ്ക്കിടക്കു ഇറങ്ങിനോക്കിയത്. എനിക്കാരോടും മിണ്ടുന്നതും എന്നോടാരും മിണ്ടുന്നതും ഇഷ്ടമില്ല. പക്ഷേ, ഫാദര്‍ ആ വെറും പെരത്തറേല്‍ ഇത്രേംനേരം അവരുടെകൂടെ ഇരിക്കുന്നതു കണ്ടപ്പോള്‍ വലിയഭാവമൊന്നും ഇല്ലാത്ത ആളാണെന്നു തോന്നി. അന്നേരം തോന്നി ഫാദറിനോട് മിണ്ടിയാലോന്ന്. അവരോടെനിക്കു മിണ്ടണ്ട. അവരോട് എനിക്കു ഭയങ്കര വെറുപ്പാണു ഫാദര്‍. പ്രത്യേകിച്ച് അപ്പനോട്. കൊന്നുകളയാനുള്ള വെറുപ്പുണ്ട്, പക്ഷേ കൊല്ലാനുള്ള ധൈര്യമൊന്നുമെനിക്കില്ല. അല്ലെങ്കില്‍ ഞാന്‍ പണ്ടേ കൊന്നേനേം. വര്‍ഷങ്ങളായിട്ടു വരുന്നവരോടും പോകുന്നവരോടുമൊക്കെ ഇവരു പറഞ്ഞുകൊണ്ടിരിക്കുന്നത് എനിക്കു ബാധയാണെന്നാ. ഫാദറിനോടും അവരതുതന്നെ പറഞ്ഞുകാണും. എനിക്കു ഭ്രാന്തുമില്ല, ബാധേമില്ല. എനിക്കെല്ലാരെക്കാളും വെറുപ്പ് എന്നോടുതന്നെയാ. പക്ഷേ ചാകാനിഷ്ടോമില്ല. ഞാനീകാണിക്കുന്നതൊക്കെ അഭിനയിക്കുന്നതാ ഫാദറെ. ഇവരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അറിഞ്ഞുകൊണ്ടുതന്നെ കാണിക്കുന്നതാ. ഇന്നാളു പ്രാര്‍ത്ഥനക്കാരെ ഓടിച്ചത് അറിഞ്ഞുകൊണ്ടുതന്നെയാ. അന്നെന്നെ തടയാന്‍ നോക്കിയ അപ്പന്‍റെ പള്ളക്കിട്ടും തലക്കിട്ടുമൊക്കെ അഞ്ചാറെണ്ണം കൊടുത്തു. അത്രയേ അന്നു സാധിച്ചുള്ളു. അന്നു ഞാന്‍ സമാധാനമായിട്ടു കിടന്നൊന്നുറങ്ങി." അതു പറഞ്ഞപ്പോള്‍ അവളുടെ മുഖത്തെ വിജയഭാവം കണ്ട് പരിസരം മറന്നു ഞാന്‍ ഉറക്കെച്ചിരിച്ചുപോയി. പെട്ടന്നവളൊന്നു പരുങ്ങിയെങ്കിലും അവളുടെയും മുഖത്തു ചിരിപടര്‍ന്നു.
"ഞാന്‍ തമാശു പറഞ്ഞതല്ല ഫാദര്‍. സൗകര്യം കിട്ടിയെങ്കില്‍ പിന്നേം അന്നു ഞാന്‍ കൊടുത്തേനേം."
"നിനക്കെത്രനാളിങ്ങനെ അഭിനയിക്കാന്‍ പറ്റും? നീ ചെറുപ്പമല്ലേ, നിനക്കും ജീവിക്കേണ്ടേ?"
"എനിക്കിനി എന്തു ജീവിതം... അതിവരു തൊലച്ചു." അത്രയും പറഞ്ഞപ്പോളേയ്ക്കും അവളുടെ നിയന്ത്രണംപോയി. മുഖംപൊത്തി തേങ്ങിക്കരയാന്‍തുടങ്ങി. ആശ്വസിപ്പിക്കാന്‍ തോന്നിയെങ്കിലും പെണ്ണല്ലേ, 'മീറ്റൂ' പേടിച്ച് തൊടാന്‍ പറ്റത്തില്ലല്ലോ. കരയുന്നതകണ്ടുനില്ക്കാനും പാട്. ഞാന്‍ പോകാന്‍തിരിഞ്ഞു.
"അറിയാതെ കരഞ്ഞുപോയതാ ഫാദര്‍. എന്‍റെ ബ്രദറിന്‍റെയും എന്‍റെയും ജീവിതം തകര്‍ത്തത് ഇവരാണ് ഫാദര്‍. അതോര്‍ക്കുമ്പോഴാ എനിക്കപ്പനോട് തീരാത്ത വെറുപ്പ്. അപ്പനു കഞ്ചാവുവില്പനയുണ്ടായിരുന്നു. അവന്‍ എട്ടില്‍ പഠിക്കുമ്പോള്‍ അപ്പന്‍ ഒളിപ്പിച്ചുവയ്ക്കുന്ന കഞ്ചാവു ലേശംകട്ടെടുത്ത് അവനെക്കൊണ്ടു വില്പിച്ച് കാശുണ്ടാക്കിയാണ് അമ്മ വീട്ടുചെലവുകള്‍ നടത്തിയത്. പിന്നെപ്പിന്നെ അവന്‍തന്നെ കട്ടെടുക്കാനും വലിക്കാനും വില്ക്കാനും തുടങ്ങി. അതാരോടും പറയാതിരിക്കാന്‍ എനിക്കും അവന്‍ കാശുതന്നു. ഞാനന്നു പത്താംക്ലാസ്സിലാരുന്നു. എനിക്കു കാശിന് ആവശ്യംവന്നപ്പോള്‍ ഞാനും കട്ടു, വിറ്റു. അമ്മയ്ക്കതറിയാമായിരുന്നെങ്കിലുംകാശിനുവേറെവഴിയില്ലാതിരുന്നതുകൊണ്ട് അമ്മയത് അറിയാത്തമട്ടില്‍നടന്നു. അവന്‍ എട്ടില്‍ പഠിത്തംനിര്‍ത്തി. ഞാന്‍ പത്തില്‍ തോറ്റു. തയ്യലുപഠിക്കാന്‍ പോയി. പിന്നെ കഞ്ചാവു വില്ക്കേണ്ടിവന്നില്ല. അല്ലാതെതന്നെ എനിക്കു കാശുകിട്ടാനുള്ളപണി ഞാന്‍തുടങ്ങി. അതൊന്നും ഫാദറിനോടു പറയാന്‍ കൊള്ളുന്നകാര്യമല്ല. അങ്ങനെ മൂന്നാലുകൊല്ലം കഴിഞ്ഞപ്പോളാണ് അപ്പന്‍റെ അപകടോം മാനസാന്തരോമൊക്കെ. എനിക്കന്നും ഇന്നും ദൈവത്തില്‍ വിശ്വാസമൊന്നുമില്ല. ആങ്ങള ശുദ്ധതല്ലിപ്പൊളി. ഞാന്‍ നോക്കിയിട്ടു അപ്പന്‍റേം അമ്മേടേം കൂടെക്കൂടുകയല്ലാതെ വേറെ ഒരുവഴീം കണ്ടില്ല. ഞാനും ധ്യാനംകൂടി അവരുടെ കൂട്ടത്തിലങ്ങുകൂടി. അവരുകാണിച്ചതൊക്കെ കാണിച്ചു, അത്രതന്നെ. പിന്നെ ഒരുത്തനുമായിട്ടടുത്തപ്പോള്‍ എല്ലാംതുറന്നുപറഞ്ഞു. രക്ഷിക്കാമെന്നു വാക്കുതന്നതുകൊണ്ട് അവന്‍റെകൂടെ കൂടി. അതും പൊളിഞ്ഞു. സത്യത്തില്‍ ഞാന്‍ ഇന്നുവരെ ദൈവത്തെ വിളിച്ചിട്ടില്ല ഫാദര്‍. അമ്മ പള്ളീപ്പോകുമായിരുന്നു. അപ്പന്‍ വല്ല പെരുനാളിനുമല്ലാതെ പോയിക്കണ്ടിട്ടില്ലായിരുന്നു. വേദപഠത്തിന് ആദ്യകുര്‍ബ്ബാനവരെ പോയതേ ഓര്‍മ്മയുള്ളു."
"മനസ്സുണ്ടെങ്കിലും എനിക്ക് ഒത്തിരി കേട്ടിരിക്കാന്‍ സമയമില്ല. ഒരടക്കുണ്ട്, അതുകൂടാന്‍ പോകണം. നീ പറഞ്ഞതെല്ലാം കുറച്ചുനേരം ഞാന്‍ കേട്ടില്ലേ? ഇനി അല്പനേരം ഞാന്‍ പറയുന്നതു നീ കേള്‍ക്ക്. നീ പറഞ്ഞതല്ല ശരി, നിനക്കു കൊടുംബാധയുണ്ട്, മുഴുഭ്രാന്തുമുണ്ട്. അതുകേട്ടുനിന്‍റെ വായങ്ങുവല്ലാതെ തുറന്നുവരുന്നു, അതടച്ചുപിടിക്ക്. നിനക്ക് കടുത്തവെറുപ്പിന്‍റെ കൊടുംബാധയാണുള്ളത്, കൊടിയ നിരാശയുടെ മുഴുഭ്രാന്തുമുണ്ട്. അല്ലെങ്കില്‍ ഇത്രയും വിവരമുള്ള നീ വാശിക്ക് മുറിയുടെ മൂലയ്ക്കു മൂത്രമൊഴിക്കുമായിരുന്നോ?"
"യ്യോ, അവരതും ഫാദറിനോടു പറഞ്ഞോ." അവളു ചൂളി തലകുമ്പിട്ടു.
"ഇപ്പോള്‍ നീ ഒറിജിനലാ. അഭിനയമില്ല. നാണോം മാനോം ഒക്കെ തോന്നിത്തുടങ്ങി. മര്യാദയ്ക്കു മിണ്ടാറുമായി. തിരക്കുള്ളതുകൊണ്ട് ഒരു കഥകൂടെ പറഞ്ഞ് ഞാനവസാനിപ്പിക്കാം. മുറിയുടെമൂലക്കു കാണിച്ചതോര്‍ത്തു നാണിച്ചു തലകുനിച്ചിരിക്കണ്ടാ, മുഖത്തു നോക്ക്." ചിരിവിടര്‍ന്ന അവളുടെ മുഖത്തെന്തൊരു പ്രസാദം! 'മീറ്റൂ' ഓര്‍ത്തു ഞാന്‍ കൂടുതല്‍ കമന്‍റൊന്നും പറഞ്ഞില്ല!
"പണ്ടൊരു നല്ല അമ്മച്ചി, പ്രശസ്തനായ ഒരു ചിത്രകാരനെ അവരുടെ വീട്ടിലേയ്ക്കു ക്ഷണിച്ചു. വിരുന്നിനെത്തിയ വിശിഷ്ടാതിഥിയെ ആദരിക്കാന്‍ ഊണുമേശയില്‍ ഏറ്റവുംവിലപ്പിടിപ്പുള്ള മേശവിരിയിട്ടു. അതിഥിയെ സ്വീകരിച്ച് ഊണുമേശയിലെത്തുമ്പോള്‍ അവരുടെ പേരക്കുട്ടിയുടെ കൈയ്യിലിരുന്ന മഷിക്കുപ്പിമറിഞ്ഞ് മേശവിരിയാകെ മഷിപടര്‍ന്നു വൃത്തികേടായി. കലാകാരനായ ആ വിരുന്നുകാരന്‍, അരിശംകൊണ്ടു വിവശയായ വല്യമ്മയെ മാറ്റിനിര്‍ത്തി, പേടിച്ചുകരഞ്ഞുപോയകുട്ടിയെചേര്‍ത്തുപിടിച്ച്, അവന്‍റെ കൈയ്യില്‍നിന്നും മഷിക്കുപ്പിവാങ്ങി ശേഷിച്ചമഷിയില്‍ വിരലുമുക്കി സ്വന്തം സഞ്ചിയിലുണ്ടായിരുന്ന നിറങ്ങളുംചാലിച്ച് മേശവിരിയിലെ പടര്‍ന്ന മഷിയോടുചേര്‍ത്തു വരച്ചുവരച്ച് അത് അതിമനോഹരമായ ഒരു പൂച്ചെണ്ടാക്കി. കഥയാണെങ്കിലും അതില്‍ നിനക്കുള്ള പാഠമുണ്ട്. നിന്‍റെ ബാധയൊഴിപ്പിക്കാനും, ഭ്രാന്തു മാറ്റാനുമുള്ള മരുന്നിന്‍റെ കുറിപ്പടിയും അതിലുണ്ട്. ഇതുവരെ വിളിച്ചിട്ടില്ലെന്നു നീപറഞ്ഞ ആ ദൈവത്തെ നീയൊന്നു വിളിച്ചുനോക്ക്. അവിടുന്നു വിളികേള്‍ക്കും, അപ്പോള്‍ നീ അറിയും അഭിനയമല്ല, അഭിമുഖമാണുവേണ്ടതെന്ന്; നിന്നെ നീതന്നെ അഭിമുഖീകരിക്കണമെന്ന്. അപ്പോള്‍ ജന്മംകൊണ്ടു 'തുലഞ്ഞെ'ന്ന്, ഇപ്പോള്‍ നീ വിലപിക്കുന്ന ഈ ജീവിതം കര്‍മ്മംകൊണ്ട് പകിട്ടുള്ളതാക്കാന്‍ നിനക്കു കഴിയും എന്നു നീ തിരിച്ചറിയും. എനിക്കു പോകാറായി, സംസാരിക്കണമെന്നു തോന്നിയാല്‍ അപ്പനോടു പറഞ്ഞാല്‍മതി. ഫോണ്‍ എറിഞ്ഞുപൊട്ടിക്കാനൊന്നും പോകണ്ട." തുറന്നൊരു ചിരിയുംകണ്ടു ഞാന്‍ പുറത്തിറങ്ങി വണ്ടിക്കരികിലേക്കോടി. മുറ്റത്തോടുചേര്‍ന്നു പഴുത്തുനിന്നിരുന്ന കാപ്പിക്കുരു പറിക്കുകയായിരുന്ന അവരുരണ്ടുപേരും വണ്ടിക്കരികിലെത്തി.
"അച്ചനുപോകാന്‍ തിരക്കുണ്ടെന്നറിയാം, എന്നാലും പറഞ്ഞോണ്ടിരുന്നതിനിടക്ക് അച്ചനവളുടെയടുത്തേക്കു പോയതുകൊണ്ട് ബാക്കിപറയാന്‍ പറ്റിയില്ല. അവളു നന്നാകുമെന്നു പ്രതീക്ഷയില്ലച്ചാ. ഞങ്ങളു നടത്താത്ത പ്രാര്‍ത്ഥനയില്ലച്ചാ, കൂടാത്ത ധ്യാനങ്ങളുമില്ല. ചെല്ലുന്നിടത്തെല്ലാം ബന്ധനമാണെന്ന് എല്ലാവരും പറയുന്നു. അതിനു പ്രതിവിധിയായി അച്ചന്മാരു പറഞ്ഞ എല്ലാ പ്രാര്‍ത്ഥനയും ചൊല്ലി, എല്ലാ ആരാധനയും നടത്തി. കുര്‍ബ്ബാന ചൊല്ലിച്ചു. അന്നു ധ്യാനമന്ദിരത്തില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരൊക്കെ ഇന്നു നല്ലനിലയിലാണ്. ഞങ്ങള്‍ക്കുമാത്രം പ്രാര്‍ത്ഥിച്ചിട്ട് ഒന്നുംകിട്ടിയില്ല. ഇവളു പെന്തിക്കോസിലായിരിക്കുമ്പോളും പള്ളീപ്പോകുമായിരുന്നു. ഞാന്‍ പോയിട്ടിപ്പോള്‍ ഒത്തിരിനാളായി. പോയിട്ടും കാര്യമില്ലല്ലോന്നോര്‍ക്കുമ്പോള്‍ മടുപ്പുതോന്നും. അങ്ങനെയിരിക്കുമ്പോളാണച്ചാ അച്ചന്‍നടത്തുന്ന ദമ്പതിധ്യാനത്തെപ്പറ്റി പത്രത്തില്‍ കണ്ടത്. ഇവളാണുടനെ പറഞ്ഞത് പോയിഅതു കൂടാമെന്ന്. പണ്ടുഞാന്‍ അച്ചനെപ്പറ്റി പറഞ്ഞതിന്‍റെപേരില്‍ അച്ചനെന്തെങ്കിലും വെഷമമുണ്ടായെങ്കില്‍, ഇനി അതുകാരണമാണു പ്രശ്നങ്ങള്‍ മാറാത്തതെങ്കില്‍ അതങ്ങുപറഞ്ഞുതീര്‍ക്കുകയും ചെയ്യാമെന്ന്. അറിവില്ലായ്മകൊണ്ട് പണ്ടു ഞാന്‍ പറഞ്ഞതൊക്കെ മാപ്പാക്കണമച്ചാ. മകളെ ആക്കിയിട്ടുവരാന്‍ ഒരിടവും കിട്ടാഞ്ഞിട്ടാണച്ചാ അന്നു ധ്യാനത്തിനു വരാതിരുന്നത്."
"ഏതായാലും നിങ്ങളുവരാതിരുന്നതു നന്നായി. പത്രത്തില്‍ കൊടുത്തിട്ടും ആ ധ്യാനത്തിന് ആളുവരാഞ്ഞതുകൊണ്ട് അതു നടത്തിയില്ല. അതുപോകട്ടെ, നിങ്ങളിപ്പോള്‍ പറഞ്ഞതുപോലെ എനിക്കു ഭയങ്കര വിഷമമുണ്ട്, നിങ്ങളു പറഞ്ഞതൊന്നുമോര്‍ത്തല്ല, ഞാന്‍ പണ്ടു നിങ്ങളോടു പറഞ്ഞത് നിങ്ങള്‍ക്കിതുവരെയും മനസ്സിലായില്ലല്ലോ, എന്നോര്‍ത്തിട്ടാണെന്‍റെ വിഷമം."
"സത്യമായിട്ടും അച്ചനന്നെന്താണു പറഞ്ഞതെന്ന് ഓര്‍മ്മവരുന്നില്ലച്ചാ."
"നിങ്ങളുടെ മകനെയുംമകളെയുംഞാന്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു നന്നാക്കണമെന്നുംപറഞ്ഞ് എന്‍റെയടുത്തുവന്നപ്പോള്‍, അവരെ മെനഞ്ഞെടുത്ത അപ്പനെന്ന കുശവന്‍റെ തകരാറ് അച്ചന്‍ നോക്കിയാല്‍ മാറ്റാന്‍ പറ്റുന്നതല്ലെന്നു ഞാനന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കതിഷ്ടപ്പെടാതെ പോയത് ഒര്‍ക്കുന്നുണ്ടാവുമല്ലോ. അതുകഴിഞ്ഞ് നിങ്ങളെവിടെയൊക്കെപ്പോയി, എന്തൊക്കെചെയ്തു, എന്നിട്ടോ? ഇപ്പോഴും വഞ്ചി തിരുനക്കരെത്തന്നെയല്ലെ? കാരണവന്മാരു പറഞ്ഞുതന്ന ഭാഷയില്‍ പറഞ്ഞാല്‍ ഇരുമ്പുണ്ട വിഴുങ്ങിയിട്ട് ചുക്കുകഷായം എത്രകുടിച്ചാലും ഉണ്ട ദഹിക്കത്തില്ലെന്നു സാരം. ഇയാളു കുട്ടകളിച്ചുനടന്ന കാലത്തു ജനിച്ചുവളര്‍ന്ന മക്കളല്ലെ? അവരെ പ്രാര്‍ത്ഥിച്ചുമാത്രം എങ്ങനെ കൊണംവരുത്തും?"
"അതിന് പറ്റാവുന്ന എല്ലാപരിഹാരവും ഞങ്ങളു ചെയ്തില്ലേ അച്ചാ?"
"പരിഹാരം ചെയ്തതുകൊണ്ടുമാത്രം പ്രതിവിധി ആകില്ലല്ലോ. അച്ചിലിട്ടു വാര്‍ത്തെടുക്കുന്ന കട്ടയും, ഓടും പോലെയല്ല മക്കള്‍. കുശവന്‍ മെനയുന്ന കലംപോലെയാണ്. ചവിട്ടിക്കൂട്ടിയ കളിമണ്ണ് എങ്ങനെ വലിച്ചുവാരി അച്ചിലിട്ടാലും ഷെയ്പുള്ള കട്ടയും ഓടും നിര്‍മ്മിക്കാം. പക്ഷെ കുശവന്‍റെ കൈകളുടെ വിരുതനുസരിച്ചാണ്, കലത്തിന് ഷെയ്പും ഭംഗിയും കിട്ടുന്നത്. ചുട്ടെടുത്ത ഒരുകലത്തിന്‍റെയും ഷെയ്പ് മാറ്റാന്‍ പുറമെനിന്ന് ആര്‍ക്കും ആവുകയുമില്ല, അതിനു ശ്രമിച്ചാലോ, അതു പൊട്ടും. നിങ്ങളുടെ മക്കളുടെ കാര്യമാണു ഞാനീ പറഞ്ഞത്. കലത്തിന്‍റെ അഭംഗി മാറ്റാന്‍ അതിനുമാത്രമേ ആവൂ. നല്ല പൂക്കള്‍ അതില്‍ നിറച്ചാല്‍ അതിന്‍റെഅഭംഗി ആരു ശ്രദ്ധിക്കുന്നു! സ്വാദുള്ള ഭോജ്യം അതില്‍ പാകംചെയ്താല്‍ അതിന്‍റെ ഷെയ്പ് ആരു മൈന്‍റു ചെയ്യുന്നു! വൈകല്യമുള്ള മക്കളെ നന്നാക്കാന്‍ അച്ചനെയും സിദ്ധനെയുമല്ല ഏല്പിക്കേണ്ടത്. ഓടിനടന്നു പ്രാര്‍ത്ഥിക്കലുമല്ല പ്രതിവിധി. തെറ്റുപറ്റിയതു തിരിച്ചറിയുന്ന മാതാപിതാക്കള്‍ തങ്ങളുടെ നല്ല സമീപനത്തിലൂടെ മക്കള്‍ക്ക് അവരുടെ കുറവുകള്‍ തിരിച്ചറിയാന്‍ ഇടയാക്കണം. അങ്ങനെ ജന്മംകൊണ്ടു വന്ന അഭംഗി കര്‍മ്മംകൊണ്ട് ഭംഗിയാക്കാന്‍ അവര്‍ക്കു കഴിയണം."
ഉത്തരം കണ്ടുപിടിക്കാന്‍ കടംകഥകള്‍ ഒത്തിരി, അവരുടെ മുമ്പിലും മകളുടെ മുമ്പിലും ഇട്ടിട്ടു ഞാന്‍ വണ്ടിവിട്ടു. സുല്ലിട്ടു വന്നാല്‍ അന്നു ബാക്കിനോക്കാം!!!