news-details
മറ്റുലേഖനങ്ങൾ

കൂനന്‍കുരിശ് സത്യം സ്ത്രീപീഡനത്തിന്‍റെ ലൈസന്‍സ്

ഉദയംപേരൂര്‍ സൂനഹദോസിന്‍റെ അഞ്ചാം ദിവസത്തെ പതിനഞ്ചാം കാനോന കേരളത്തിലെ ക്രൈസ്തവസ്ത്രീകളുടെ മാഗ്നാകര്‍ട്ടായാണ്. കൂനന്‍കുരിശ് സത്യം അവരുടെമേലുള്ള പീഡനത്തിന്‍റെ ലൈസന്‍സുമാണ്. സൂനഹദോസിന് മുമ്പു കേരളത്തിലെ ക്രൈസ്തവസ്ത്രീകളുടെ കുടുംബത്തിലെ നില തുലോം പരിതാപകരമായിരുന്നു. പിതൃഗൃഹത്തില്‍ വെറും അടിമകളായിരുന്ന സ്ത്രീകള്‍ക്ക് സൂനഹദോസ് നല്‍കിയത് തുല്യപദവിയാണ്. പിതാവിന്‍റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് യാതൊരു അവകാശവുമില്ലാത്ത  ഒരു ദായക്രമമാണ് സൂനഹദോസിന് മുന്‍പ് നിലവിലിരുന്നത്. പിതാവ് മരിക്കുമ്പോള്‍ വിവാഹം കഴിച്ചിട്ടില്ലാത്ത പെണ്‍മക്കള്‍ക്ക് പിതാവിന്‍റെ സ്വത്തില്‍നിന്ന് സ്ത്രീധനാവകാശം പോലുമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ പിതാവിന്‍റെ വില്‍പ്പത്രത്തില്‍ അതു പ്രത്യേകം എടുത്തുകാണിച്ചിരിക്കണം. അന്ന് വില്‍പ്പത്രമെഴുതുന്ന എത്ര പിതാക്കന്മാരുണ്ടായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നേയ്ക്ക് അഞ്ചു നൂറ്റാണ്ടു മുന്‍പത്തെ കാര്യമാണ്, ആണ്‍മക്കള്‍ ആരും ഇല്ലാതെയാണ് പിതാവ് മരിക്കുന്നതെങ്കില്‍ അയാളുടെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ യാതൊരു അവകാശവുമുണ്ടായിരിക്കുകയില്ല. മരിച്ച ആളിന്‍റെ ഏറ്റവും അടുത്ത ചാര്‍ച്ചക്കാരായ ആണുങ്ങള്‍ക്കാണ് ആ സ്വത്തിന്‍റെ അവകാശം.


പല കാര്യങ്ങളിലും നമ്പൂതിരിമാരുടെ ജീവിതക്രമവും ആചാരങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതായിരുന്നു അന്നത്തെ ക്രൈസ്തവരുടെ ആചാരങ്ങളും ജീവിതക്രമങ്ങളും. നമ്പൂതിരി മാനസാന്തരപ്പെട്ടതിന്‍റെ പിന്‍തലമുറയാണ് തങ്ങളെന്ന ക്രൈസ്തവരുടെ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവിതക്രമത്തിലും ആചാരങ്ങളിലും അവര്‍ എപ്പോഴും മാതൃകയായി നോക്കിക്കൊണ്ടിരുന്നത് നമ്പൂതിരി കുടുംബങ്ങളെയായിരിക്കണം. കേരളത്തിലെ ഇതര സമുദായങ്ങളെല്ലാം തന്നെ മരുക്കത്തായം സ്വീകരിച്ചപ്പോള്‍ മലയാളബ്രാഹ്മണരും സുറിയാനി ക്രിസ്ത്യാനികളും മാത്രം മക്കത്തായ ദായക്രമം സ്വീകരിച്ചതിന്‍റെ കാരണം അതായിരിക്കണം.


എങ്കിലും ബ്രാഹ്മണസ്ത്രീകളേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതസൗകര്യം ക്രൈസ്തവ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം ക്രൈസ്തവസമുദായത്തില്‍ വിവാഹസൗകര്യമുണ്ടായിരുന്നു. നമ്പൂതിരിയുടെ മൂത്ത ആണ്‍സന്താനത്തിനു മാത്രമേ വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ബാക്കി ആണുങ്ങള്‍ നായര്‍സ്ത്രീകളുമായി സംബന്ധം നടത്തി ജീവിച്ചുകൊള്ളണം. അതിന്‍റെ ഫലമായി വളരെയധികം നമ്പൂതിരി സ്ത്രീകള്‍ക്ക് മനകളിലും ഇല്ലങ്ങളിലും കല്യാണസൗകര്യം ലഭിക്കാതെ കഴിഞ്ഞുകൂടേണ്ടി വന്നു. അതു പല അനാശാസ്യപ്രവണതകള്‍ക്കും വഴിവെച്ചു. അതിലൂടെ വളരെയധികം ബ്രാഹ്മണര്‍ - സ്ത്രീകളും പുരുഷന്മാരും - ഭ്രഷ്ട് കല്പിക്കപ്പെട്ട്, സമുദായത്തില്‍ നിന്നും പുറംതള്ളപ്പെട്ടു. അവര്‍ അധികവും വന്നടിഞ്ഞത് ക്രൈസ്തവസമുദായത്തിലാണ്. നമ്പൂതിരി ആചാരങ്ങള്‍ ക്രൈസ്തവസമുദായത്തിലേക്ക് പടരുന്നതിന് അതു കാരണമായിട്ടുണ്ട്.

 

അതില്‍ അമിതമായി സ്ത്രീധനം കൊടുക്കുന്ന രീതി മാത്രം ക്രൈസ്തവര്‍ അനുകരിക്കാതിരുന്നു. വിവാഹമെന്നത് നമ്പൂതിരി സ്ത്രീകള്‍ക്കു വീണുകിട്ടുന്ന ഒരു മഹാഭാഗ്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി വരനും കുടുംബവും ആവശ്യപ്പെടുന്നതെന്തും കൊടുക്കാന്‍ വധുവിന്‍റെ കുടുംബക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ക്രൈസ്തവര്‍ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. കുടുംബത്തില്‍നിന്നും പെണ്‍മക്കള്‍ക്ക് കഴിവതും കുറച്ചുമാത്രം നല്കിക്കൊണ്ട് കുടുംബത്തിന്‍റെ പാരമ്പര്യവും ഐശ്വര്യവും സമ്പത്തും നിലനിറുത്തുക എന്നതായിരുന്നു ക്രൈസ്തവരുടെ ലക്ഷ്യം. നമ്പൂതിരി ഇല്ലങ്ങളുടെയും ലക്ഷ്യം അതുതന്നെയായിരുന്നു. അവര്‍ ആണ്‍മക്കളെ ബലിയാടാക്കി. ക്രൈസ്തവര്‍ പെണ്‍മക്കളെ ബലിയാടാക്കി. നമ്പൂതിരി ആണ്‍മക്കളെ ബലിയാടാക്കിയപ്പോള്‍ ഫലത്തില്‍ പെണ്‍ക്കളും ബലിയാടാകേണ്ടിവന്നു.


ക്രൈസ്തവരുടെ ദായക്രമം മാറ്റി, വില്‍പ്പത്രം എഴുതാതെ മരിക്കുന്ന പിതാവിന്‍റെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും കടവും ധനവും ഒരുപോലെ വീതിക്കുന്ന ഒരു ദായക്രമം സൂനഹദോസ് ഇവിടെ ഏര്‍പ്പെടുത്തി. അങ്ങനെ തുല്യമായി വീതിക്കുമ്പോള്‍ പെണ്‍മക്കള്‍ക്കു നേരത്തെ സ്ത്രീധനമായി പിതാവ് എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അതും ആണ്‍മക്കളില്‍ ആര്‍ക്കെങ്കിലും കച്ചവടം തുടങ്ങുന്നതിനായി എന്തെങ്കിലും നല്കിയിട്ടുണ്ടെങ്കില്‍ അതുംകൂടി കണക്കിലെടുത്തുകൊണ്ടു വേണം വീതം വയ്ക്കേണ്ടത് എന്ന് സൂനഹദോസ് എടുത്തു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ ദായക്രമം 1653വരെ മാത്രമേ നിലനിന്നിരുന്നുള്ളൂ. അതായത് 53 വര്‍ഷം മാത്രം. കൂനന്‍കുരിശ് സത്യത്തോടുകൂടി അതിന് മാറ്റം വന്നു. പുരുഷമേധാവിത്വം നിലനിന്ന സമൂഹത്തില്‍ സ്ത്രീകളുടെ അധികാരാവകാശങ്ങള്‍ കുറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ വില്‍പ്പത്രം എഴുതിവയ്ക്കാതെ മരിക്കുന്ന പിതാവിന്‍റെ ആണ്‍മക്കള്‍ക്കു ലഭിക്കുന്ന പിതൃസ്വത്തിന്‍റെ അഞ്ചിലൊന്നു മാത്രമേ പെണ്‍മക്കള്‍ക്കു ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന സ്ഥിതിവരെ തിരുവിതാംകൂറിലും കൊച്ചിയിലും വന്നു. പിതാവ് നേരത്തെ സ്ത്രീധനം നല്കി കെട്ടിച്ച് അയച്ച പെണ്‍മക്കള്‍ക്കു പിന്നെ പിതാവിന്‍റെ സ്വത്തില്‍ - അത് എത്ര വലുതായിരുന്നാലും ഒരു അവകാശവും ഇല്ലാത്ത സ്ഥിതിയായിരുന്നു 18-19 നൂറ്റാണ്ടുകളില്‍ ഇവിടെ നിലനിന്നത്. അതിനൊരു മാറ്റം വരുത്താന്‍ നടത്തിയ സമരങ്ങളും മറ്റും ഈ തലമുറയിലെ കഥകളാണല്ലോ. കൂനന്‍കുരിശ് സത്യം കേരളത്തിലെ ക്രൈസ്തവസ്ത്രീകളെ സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ പൂര്‍ണമായ സ്ത്രീപീഡനത്തിന്‍റെ ലൈസന്‍സായിരുന്നു.

 

ഈ വിധത്തിലെല്ലാം സ്ത്രീകളോട് പെരുമാറണമെന്ന് കൂനന്‍കുരിശ് സത്യം നിര്‍ദ്ദേശിച്ചിട്ടില്ലാ എന്നത് ശരിയാണ്. എന്നാല്‍ ഉദയംപേരൂര്‍ സൂനഹദോസിനെ മൊത്തമായി തള്ളിപ്പറയുകയാണ് കൂനന്‍കുരിശ് സത്യത്തില്‍ നടന്നത്. ഈശോസഭാ മിഷനറിമാരുടെയും അവരുടെ നേതാവായിരുന്ന മെനേസിസ് മെത്രാപ്പോലീത്തായുടെയും നേതൃത്വത്തിലാണ് ഉദയംപേരൂര്‍ സൂനഹദോസ് നടന്നത്. ആ ഈശോസഭാ നേതൃത്വത്തെ തങ്ങള്‍ ഇനി ഒരുകാലത്തും സ്വീകരിക്കുകയില്ലാ എന്നു സത്യം ചെയ്തപ്പോള്‍ ഉപേക്ഷിച്ചത് സൂനഹദോസിന്‍റെ മുഴുവന്‍ തീരുമാനങ്ങളെയുമാണ്. സത്യം ചെയ്യാന്‍ അന്നു സ്വീകരിച്ച വാചകത്തെപ്പറ്റിപോലും ഇന്നു തര്‍ക്കം നിലനില്ക്കുന്നുണ്ട് എന്നത് ശരിയാണ്. ഈശോസഭാ മെത്രാന്മാര്‍ക്കെതിരായിരുന്നു സത്യമെന്ന് ചിലരും പോപ്പിനെതിരായിരുന്നു സത്യമെന്ന് മറ്റുചിലരും പറയുന്നു. ഏതായാലും ഉദയംപേരൂര്‍ സൂനഹദോസിനെപ്പറ്റിയോ അതിന്‍റെ കാനോനകളെപ്പറ്റിയോ കൂനന്‍കുരിശ് സത്യത്തില്‍ ഒരു പരാമര്‍ശനവുമില്ലായിരുന്നു.

 

എന്നാല്‍ സൂനഹദോസിനുശേഷം കേരളസഭയെ ഭരിച്ചത് റോസ്, ബ്രിട്ടോ, ഗാര്‍സ്യാ എന്നീ ഈശോസഭാമെത്രാന്മാരായിരുന്നു. ഭരണത്തില്‍ അവര്‍ ആധാരമായി സ്വീകരിച്ചത് സൂനഹദോസിന്‍റെ കാനോനകളായിരുന്നല്ലോ. അവരുടെ മൂന്നുപേരുടെയും ഭരണത്തില്‍ വിശ്വാസികള്‍ ആദ്യന്തം എതിരായിരുന്നുതാനും. ആ ഭരണാധികാരികളെയും അവയുടെ പിന്തുടര്‍ച്ചയേയുമാണ് കൂനന്‍കുരിശ് സത്യത്തിലൂടെ അവര്‍ തള്ളിയത്. ആ കാനോനകളില്‍ നിന്നും അവര്‍ മോചനം നേടി എന്നുതന്നെയാണ് അതിനര്‍ത്ഥം. അങ്ങനെ മോചനം നേടിയപ്പോള്‍ സ്വീകാര്യമെന്ന നിലയില്‍ ഏതെങ്കിലും കാനോനകളെ അവര്‍ ഒഴിവാക്കിയില്ല. പിന്നെ കത്തോലിക്കാസഭയെ ഭരിച്ച കര്‍മ്മലീത്താ മെത്രാനും സൂനഹദോസിലെ ഏതെങ്കിലും കാനോനയെ നടപ്പാക്കാന്‍ ഒട്ടും ശ്രമിച്ചിട്ടുമില്ല. ദായക്രമവും അതുപോലെ വിശ്വാസത്തിനും അധികാരത്തിനും ബന്ധമില്ലാത്ത കാനോനകളെ തീര്‍ത്തും അവഗണിക്കുകയാണ് കര്‍മ്മലീത്താ മെത്രാന്മാര്‍ ചെയ്തത്. അകത്തോലിക്കാ ക്രൈസ്തവരെ ഭരിച്ച നാട്ടുമെത്രാന്മാരും സൂനഹദോസിന് മുന്‍പ് നിലനിന്ന പാരമ്പര്യത്തെ പുനരുദ്ധരിക്കാനാണ് ശ്രമിച്ചത്. അങ്ങനെയാണ് പതിനേഴാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ കേരളത്തിലെ ക്രൈസ്തവസമുദായത്തിന്‍റെ സാമൂഹ്യരംഗത്ത് ഒരു തിരിച്ചുപോക്കുണ്ടായത്. ആ തിരിച്ചു പോക്കിലാണ് സ്ത്രീപീഡന സൗകര്യങ്ങളും മറ്റും പുരുഷനു ലഭിച്ചത്.  

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts