ദൈവശാസ്ത്രത്തില്‍ നിരക്ഷരനായ ഞാന്‍ ഫ്രാന്‍സിസ് പുണ്യവാളനെക്കുറിച്ച് എഴുതുന്നതില്‍ അസാംഗത്യമുണ്ട്. പക്ഷേ ദൈവശാസ്ത്രത്തിന്‍റെ അതിരുകള്‍ക്കപ്പുറം അനുഭവമണ്ഡലം മനുഷ്യന്‍റെയും പ്രാണിയുടെയും വേദനകള്‍ ഉള്‍ക്കൊണ്ടിരക്കയാല്‍ എനിക്കും അദ്ദേഹത്തിനുമേല്‍ അവകാശം ഉള്ളതായിതോന്നുന്നു. അങ്ങിനെ ഈ പുണ്യവാളന്‍ സുഹൃത്തും സഹയാത്രികനും ആയിത്തീരുന്നു. ഞാന്‍ ഫ്രാന്‍സീസില്‍ എത്തുന്നത് എനിക്കു പ്രിയങ്കരനായ കസാന്‍ദ്സാക്കീസിന്‍റെ കഥനത്തിലൂടെയാണ്.
സ്ഥാപനവല്ക്കരിച്ച ക്രൈസ്തവസമൂഹം ദരിദ്രത എന്ന സങ്കല്പത്തെ സാക്ഷാത്ക്കരിക്കുന്നതില്‍ വിജയിച്ചു എന്നവകാശപ്പെട്ടുകൂടാ. ചിലപ്പോള്‍ തോന്നുക അപ്പവും വീഞ്ഞും അതിന്‍റെ സ്ഥൂലാവസ്ഥ വിട്ട് സൂക്ഷ്മതലത്തിലേക്കു നീങ്ങുന്നതിനു പകരം സ്ഥൂലത്തില്‍ നിന്നു കൂടുതല്‍ സ്ഥൂലത്തിലേക്കു പെരുകി, അമിതത്വത്തിലേക്കു നീങ്ങുകയാണെന്നാണ്.
കസാന്‍ദ് സാക്കീസിന്‍റെ പുസ്തകം യാഥാര്‍ത്ഥ്യത്തോടു കുറുപുലര്‍ത്തി എന്നിരിക്കില്ല. എന്നാല്‍ അതിലെ വ്യതിയാനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ അന്തര്‍മണ്ഡലം തേടുന്നു. കഥയിലൂടെ കടന്നുവരുന്നത് പുണ്യവാന്‍റെ തപസ്സും വേദനയുമാണ്. ഈ പുസ്തകം അതു നമ്മിലേക്ക് സമര്‍ത്ഥമായി പകരുന്നു.
നീണ്ട രാത്രികളില്‍ ദൈവം ഫ്രാന്‍സിസിന്‍റെ ഉറക്കംകെടുത്തി പീഡിപ്പിക്കുന്നു; വേദനകൊണ്ട് ഈ പീഡിതനെ ആവരണം ചെയ്യുന്നു.
ഇവിടെ നാം കാണുന്നത് ദൈവപീഡനത്തിന്‍റെ വേദനയും ഭീതിയും അറിഞ്ഞിട്ടും കൂടുതല്‍ വേദനയ്ക്കും ഭീതിയ്ക്കും വേണ്ടി ദാഹിക്കുന്ന ഒരു "കൊച്ചു കൊച്ചു" മനുഷ്യനെയാണ്. അയാള്‍ പരിഭവിക്കുന്നു, പിന്നെ ഭയാത്ഭുതങ്ങളുടെ ഒരു സമ്മിശ്ര അനുഭവത്തില്‍ പറയുന്നു, അവന്‍ എന്നെ വെറുതെ വിടുന്നില്ല, അവന്‍റെ ദാഹത്തിന് ഒടുക്കമില്ല, അവന്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.
ഇവിടെ സംഭവിച്ചതെന്ത്? അമൂര്‍ത്തമായ ഈശ്വരന്‍ അദൃശ്യന്‍, അവര്‍ണ്ണനീയന്‍, ഒരു കുട്ടിയുടെ സാമീപ്യതൃഷ്ണയ്ക്ക് വഴങ്ങുന്നു. ഈശ്വരന്‍ പിതാവും പ്രവാചകന്‍ മനുഷ്യരൂപം പൂണ്ട ദൈവപുത്രനും എന്ന ഒരു കുടുംബചിത്രം ക്രിസ്തീയമാണ്. ഫ്രാന്‍സിസ് അതുകൊണ്ടു തൃപ്തിപ്പെട്ടില്ല. അയാള്‍ക്ക് വേണ്ടിയിരുന്നത് ബുദ്ധിയുടെയും, യുക്തിയുടെയും മതിലുകള്‍ ഭേദിച്ച് കുട്ടിത്തം പങ്കിട്ട ഒരു കുട്ടിയെ ആയിരുന്നു.
ഭക്തി, ഈശ്വരനില്‍ ലയനം, ഈ അനുഭവം - അതു മാത്രമാണ് മനുഷ്യവിമോചനത്തിന്‍റെ മാര്‍ഗ്ഗം all religion is transcendental. അപ്പോള്‍ മതത്തിന്‍റെ ലേബലുകള്‍ നിരര്‍ത്ഥമായിത്തീരും. പൗരോഹിത്യത്തിന്‍റെ ചിഹ്നങ്ങള്‍ ഒരു ചടങ്ങിലെ വേഷവിധാനങ്ങളും.
ഹൈന്ദവ ആത്മീയതയ്ക്ക് ഈ ഭാവം അപരിചിതമല്ല. പടിഞ്ഞാറന്‍ മനുഷ്യന്‍റെ ശക്തിദാഹവും,സാമ്രാജ്യത്വവും മാറ്റിവെച്ചാല്‍ അവനും നമ്മെപ്പോലെയാണെന്ന് നമുക്ക് മനസ്സിലാക്കാം. പ്രാര്‍ത്ഥനയുടെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ വിടാതെ നമ്മെ ശല്യപ്പെടുത്തുന്ന ആ കുട്ടിയ്ക്കുവേണ്ടിയുള്ള നിരന്തരമായ തിരച്ചില്‍ ആണ് അവിടെയും.