news-details
മറ്റുലേഖനങ്ങൾ

അസ്സീസിയിലെ ഫ്രാന്‍സിസ് എന്‍റെ കാഴ്ചപ്പാടില്‍

ഫ്രാന്‍സീസ് പുണ്യവാനെക്കുറിച്ച് ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ ആഹ്ലാദിച്ച് പക്ഷികള്‍ മേലേ പാറിവന്നിരിക്കുകയും മൃഗങ്ങള്‍ അരികെവന്ന് സ്നേഹം കാണിക്കുകയും ചെയ്തിരുന്നു എന്നു മാത്രമാണ് എന്‍റെ മനസ്സില്‍ തങ്ങിയത്. മുന്‍തലമുറകളിലെ കുട്ടിക്കാലത്തിന് ഇന്നത്തെപോലെ കളിക്കോപ്പുകളും കോമിക്കുകളുമില്ലല്ലോ. എനിക്കാകട്ടെ വീട്ടില്‍ വരുന്ന കളിക്കൂട്ടുകാര്‍പോലും വളരെ കുറവായിരുന്നു. കണ്ണില്‍ക്കാണുന്ന പക്ഷികളോടും മൃഗങ്ങളോടുമെല്ലാം സൗഹാര്‍ദം തോന്നുകയും ചെയ്യുമായിരുന്നു. എന്‍റെ മാനസികാവസ്ഥയില്‍ ഫ്രാന്‍സീസിനോട് വലിയ സ്നേഹം തോന്നി. അടുപ്പവും. പക്ഷേ ഫ്രാന്‍സിസിനെ മനസ്സിലാക്കാന്‍ കഴിഞ്ഞത് വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൈവത്തിന്‍റെ അപാരമായ കൃപകൊണ്ട് തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിന്‍റെ പരിചയം കിട്ടിയശേഷം.

ദൈവം മനുഷ്യനു നല്കിയ പ്രത്യേക കൃപാവരങ്ങളിലൊന്നാണ് ഗുരു/പ്രവാചക മാര്‍ഗങ്ങളെന്ന് കരുണാകരഗുരു പറഞ്ഞുതന്നു. വേറിട്ടു നില്ക്കുന്നതെന്ന് തോന്നുമെങ്കിലും കൃഷ്ണന്‍, മോസസ് എന്നിവര്‍ തുടങ്ങി ഗുരുക്കന്മാര്‍ അഥവാ പ്രവാചകര്‍ ദൈവത്തിന്‍റെ ഇച്ഛയെന്ന ഏകതന്തുവാല്‍ യോജിപ്പിക്കപ്പെട്ടവരാണെന്ന് അവിടത്തെ വാക്കുകളില്‍നിന്ന് പലപ്പോഴായി മനസ്സിലാക്കാന്‍ ഭാഗ്യമുണ്ടായി. ക്രിസ്തുവിന്‍റെ വഴിയെപ്പറ്റി ധാരണയുണ്ടായതും ഗുരുവിന്‍റെ വാക്കുകളിലൂടെയാണ്. അതില്‍പിന്നെയാണ് ഞാന്‍ സുവിശേഷം വായിച്ചത്, ക്രിസ്തു എന്‍റെ ജീവിതത്തിലും ഒരു സജീവസാന്നിധ്യമായതും. ഈശ്വരന്‍ മാര്‍ഗ്ഗദര്‍ശനത്തിനായി നിയമിക്കുന്നവരെ സമൂഹം എക്കാലത്തും തെറ്റിദ്ധരിക്കാറുണ്ട്. (കൃഷ്ണനെ അമ്മാവന്‍തന്നെ കൊല്ലാന്‍ ശ്രമിക്കുകയും അവര്‍ണനായതുകൊണ്ട് സവര്‍ണര്‍ അപമാനിക്കുകയും ചെയ്തു. മലയാളി ബ്രാഹ്മണനായിരുന്ന ശങ്കരാചാര്യരെ സ്വന്തം സമുദായം ബഹിഷ്കരിച്ചു. ഇങ്ങനെ ഇന്‍ഡ്യയില്‍ത്തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്). സമൂഹത്തിന്‍റെ നന്ദിയില്ലായ്മയും അറിവുകേടുംകൊണ്ട് വന്നുകൂടിയ പീഡനങ്ങളും അവഹേളനവും സഹിച്ച് ഈശ്വരേച്ഛ എങ്ങനെ നിറവേറ്റാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ക്രിസ്തുവിനെ പിന്‍പറ്റിയ ഫ്രാന്‍സിസിനെ വീണ്ടും കണ്ടതും കണ്ടെത്തിയതും ഏതാണ്ട് പതിനാലുവര്‍ഷം മുമ്പ് കസാന്‍ദ്സാക്കിസിന്‍റെ കൃതിയിലൂടെയാണ്. അപ്പസ്തോലന്മാന്മാര്‍ക്കുശേഷം സ്നേഹത്തിലും ത്യാഗത്തിലും ക്രിസ്തുവിനെ ഏറ്റവും പൂര്‍ണമായി അനുകരിച്ചവരുടെ കൂട്ടത്തിലാണ് ഫ്രാന്‍സിസ് എന്ന് എനിക്ക് അങ്ങനെയാണ് മനസ്സിലായത്. "സുവിശേഷത്തില്‍ പ്രതിഫലിക്കുന്ന ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു ഫ്രാന്‍സീസിന്‍റെ ലക്ഷ്യം.... പരിശുദ്ധ പിതാക്കന്മാര്‍ ഒരു രണ്ടാം ക്രിസ്തുവെന്ന് ഫ്രാന്‍സീസിനെ സംബോധന ചെയ്യാന്‍ ധൈര്യപ്പെട്ടു." (ഫ്രാന്‍സിസ്കന്‍ ആദര്‍ശം - ഫാ. മാര്‍സല്‍ ജി. പെരുമ്പിള്ളി)

ജീവജാലങ്ങളോട് സംവാദിക്കാന്‍ കഴിഞ്ഞ ഫ്രാന്‍സിസിന്‍റെ ആധ്യാത്മിക സിദ്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷകരമായ അത്ഭുതമാണ് ഇന്നും തോന്നാറ്. ആത്മജ്ഞാനത്തിന്‍റെ പടവുകള്‍ കടക്കുമ്പോള്‍ ഏതോ ഘട്ടത്തില്‍ മനുഷ്യന് കൈവരാവുന്നതാണ് ഈ കഴിവ്. (തെക്കന്‍ കേരളത്തിലെ വനപ്രദേശത്ത് ഒരു ഗുഹയില്‍ നാരായണഗുരു താമസിച്ചിരുന്നപ്പോള്‍ കൂടെ അതിനകത്തുതന്നെ ഒരു പുലിയും വലിയൊരു മൂര്‍ഖന്‍പാമ്പും ഉണ്ടായിരുന്നുപോലും. ഒരിക്കല്‍ തന്‍റെ ആശ്രമത്തില്‍ കുറെ സന്ദര്‍ശകരോട് സംസാരിച്ചുകൊണ്ടിരുന്ന രമണ മഹര്‍ഷിയുടെ മടിയില്‍ ഏതോ അക്രമയില്‍നിന്നു രക്ഷപ്പെടാനായി ഒരു കാട്ടുമുയല്‍ ഓടിക്കയറി അഭയം തേടിയതായും കേട്ടിട്ടുണ്ട്.)

സര്‍വഭൂതവുമാത്മാവില്‍
ആത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണു-
ന്നവനെന്തുള്ളു നിന്ദ്യമായ്?
(ഈശാവാസ്യോപനിഷത്ത്, നാരായണഗുരുവിന്‍റെ പരിഭാഷ)
തന്നില്‍ നിന്ന് അന്യമല്ല ഒന്നും എന്ന ധാരണ ഉറച്ചവനെ സമസൃഷ്ടങ്ങളും സ്വന്തമെന്നു കരുതുന്നു - ആധ്യാത്മികമായ ചാര്‍ച്ചയാണത്. ഈ ദര്‍ശനമാണ് ഫ്രാന്‍സിസിലും പ്രത്യക്ഷമാവുന്നത്. ഇന്നും നാം 'എന്‍വയോണ്‍മെന്‍റലിസം' എന്നുപറയുന്ന കാഴ്ചപ്പാടിന്‍റെ ഉദാത്തവും ഐശ്വര്യം തികഞ്ഞതുമായ ഒരു രൂപമല്ലേ ഈ ദര്‍ശനം? ആദരിക്കുക, സ്നേഹിക്കുക, കൊടുക്കുക, അത്യാവശ്യമുള്ളതു മാത്രം എടുക്കുക - സമൂഹത്തോടും, പ്രകൃതിയോടുമുള്ള സമീപനം. ആധ്യാത്മികമായി ഉയര്‍ന്നവര്‍ ഈ അഗാധമായ തിരിച്ചറിവ് കാണിച്ചതായി ലോകചരിത്രം പറയുന്നു. ചരിത്രത്തിന്‍റെ പലതിരിവുകളിലായി നമുക്ക് പിന്‍തുടരാനായി ദൈവം അയക്കുന്ന ഈ മാര്‍ഗദര്‍ശകരെ നാം മനസ്സിലാക്കിയിരുന്നെങ്കില്‍!

ശുദ്ധവും സഹജവുമായി സന്ന്യാസംവരിച്ചവരില്‍ - പ്രത്യേകിച്ച് ഉള്‍ക്കാഴ്ചയുടെ (കിൗശേശേീി) പ്രേരണയാല്‍ മുന്നിലുള്ള ഒരേയൊരു വഴിയായി സന്ന്യാസത്തെ കണ്ട് ലോകവ്യവഹാരത്തിന്‍റെ സാധാരണ രീതിയിലുള്ള കെട്ടുപാടുകള്‍ സകലതും പൊട്ടിക്കുന്നവരില്‍  നിന്നാണ് നന്മയുടെയും നീതിയുടെയും ആശയങ്ങളും പ്രവര്‍ത്തനമാര്‍ഗങ്ങളും, എന്തിന്, പ്രപഞ്ചതത്ത്വങ്ങളുടെ അവബോധംപോലും നമുക്ക് കിട്ടിയിട്ടുള്ളത്. ഈശ്വരേച്ഛക്കൊത്ത് അവ സ്വാംശീകരിക്കാന്‍ കഴിയാത്തതാണ് ജനസാമാന്യത്തിനുവരുന്ന അബദ്ധം.

 

ഏതോ ഉള്‍ക്കാഴ്ചയുടെ പ്രേരണയാല്‍ ഈശ്വരനെ നേടാന്‍ മറ്റെല്ലാം ഉപേക്ഷിക്കുന്നവന് ക്രമേണ 'അവനവന്‍' എന്ന ബോധം പോലും ഇല്ലാതാവുന്നു. ആത്യന്തികാര്‍ഥത്തില്‍ സാര്‍വലൗകികമാണ് ഈ പ്രതിഭാസം. (പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമി തന്‍റെ ഒരു കവിതയില്‍ ഈ അവസ്ഥ മിഴിവോടെ ചിത്രീകരിക്കുന്നുണ്ട്: കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടുകയാണ്. 'ആരാണ് പുറത്ത്?' എന്ന ചോദ്യത്തിന് സ്വാഭാവികമായും 'ഞാന്‍' എന്നാണുത്തരം. വാതില്‍ തുറക്കപ്പെട്ടില്ല. പലദിവസങ്ങളില്‍ ഈ ചോദ്യവും ഉത്തരവും ആവര്‍ത്തിച്ചു. ഒടുവില്‍ കാമുകന്‍ പറഞ്ഞു: പുറത്ത് നില്ക്കുന്നത് നീ, നീതന്നെ എന്ന്. വാതില്‍ തുറക്കപ്പെടുകയും ചെയ്തു.)
 

'ഞാന്‍ ഇല്ലാതാകുമ്പോള്‍ 'നീ' പ്രവര്‍ത്തിക്കുന്നു. 'അവനവന്‍' ഇല്ലാതായിത്തീര്‍ന്ന പരമസന്ന്യാസിമാരിലൂടെ ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നു. അദൃശ്യനും അരൂപിയുമായ ദൈവത്തിന്‍റെ സ്വരൂപം - ദൃശ്യ പ്രതിച്ഛായയെന്നപോലെ, ദൈവത്തിന്‍റെ അംശമെന്നു നാം കരുതത്തക്കനിലയില്‍, എന്നാല്‍ നമ്മെപ്പോലൊരാളായി, നമുക്കിടയില്‍ ജീവിച്ചുമറയുന്ന യുഗപരിവര്‍ത്തകരെയാണ് ദൈവത്തെ പ്രാപിക്കാന്‍ ദൈവാന്വേഷികള്‍ ആശ്രയിക്കുന്നത്. ഒരു ഗുരുവിനെ അല്ലെങ്കില്‍ പ്രവാചകനെ തീവ്രമായ ഉള്‍ക്കാഴ്ചയുടെ പ്രേരണയാല്‍ സ്നേഹിച്ച് ആ സ്നേഹത്തില്‍ സ്വയം നഷ്ടപ്പെടുകയും ആ ഒഴിവില്‍ ഈശ്വരചൈതന്യം നിറഞ്ഞ് ഈശ്വരേച്ഛയുടെ ഉപകരണമായിത്തീരുകയും ചെയ്യുന്ന വ്യക്തി ഗുരുവിന്‍റെ/ പ്രവാചകന്‍റെ വഴി വീണ്ടും വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

ക്രിസ്തുവും ശിഷ്യരും ദരിദ്രരായി ജീവിച്ചു. സമ്പന്നനായി ജീവിച്ചിരുന്ന ഫ്രാന്‍സിസ് എളിമയാര്‍ന്ന ആ ദാരിദ്ര്യം സ്വീകരിച്ചു. ഫ്രാന്‍സിസിന്‍റെ മാനസാന്തരം ഉള്‍ക്കാഴ്ചയാല്‍ പ്രേരിതമായിരുന്നു. ഉള്‍ക്കാഴ്ചയുടെ ഉദയത്തില്‍ നാടകീയമായി പലതും സംഭവിക്കുന്നതു കാണാം. ഫൊസെയ്ല്‍ എന്ന സൂഫി*, സന്ന്യാസത്തിനു മുമ്പ് ഒരുനാള്‍ തന്‍റെ നാലുവയസ്സായ കുഞ്ഞിനെ മടിയില്‍വെച്ച് കളിപ്പിക്കുകയായിരുന്നു.

കുഞ്ഞ് ചോദിച്ചു:
'അച്ഛാ, അച്ഛന്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?
ഫോസെയ്ല്‍ പറഞ്ഞു:
'തീര്‍ച്ചയായും'
കുഞ്ഞ് വീണ്ടും ചോദിച്ചു.
'അച്ഛാ, എത്ര ഹൃദയങ്ങളാണച്ഛനുള്ളത്?'
'ഒരു ഹൃദയം.'
'എന്നെയും ഈശ്വരനെയും സ്നേഹിക്കാന്‍ ഒരു ഹൃദയം മതിയോ?' ദൈവമേ, നീയി കുഞ്ഞില്‍ക്കൂടി എന്നെ ശാസിക്കുന്നു എന്നുപറഞ്ഞ് കുഞ്ഞിനെ മാറ്റി ഫൊസെയ്ല്‍ വീട്ടില്‍ നിന്നിറങ്ങി എന്നാണ് ഐതിഹ്യം.

ഫ്രാന്‍സീസിന് ഇത്തരത്തിലുള്ള സൂചന ആദ്യമായി കിട്ടുന്നത് മാര്‍പ്പാപ്പായുടെ സൈന്യത്തിന്‍റെ ഭാഗമായി ജര്‍മന്‍സേനയെ നേരിടാന്‍ പോകവേ സ്പൊലേറ്റോ എന്ന താഴ്വരയില്‍വെച്ചാണ്. ഒരു ചോദ്യമാണ് ഫ്രാന്‍സിസ് കേട്ടത് 'ആരെ സേവിക്കുന്നതാണ് ഉത്തമം? യജമാനനെയൊ ദാസനെയൊ?' യജമാനനെ എന്നുറപ്പു പറഞ്ഞ ഫ്രാന്‍സിസിന് വീട്ടില്‍ തിരിച്ചു ചെല്ലാന്‍ നിര്‍ദേശം കിട്ടി. പിന്നീട് എന്തു ചെയ്യണമെന്ന് വഴിയേ അറിയിക്കാമെന്നായിരുന്നു വാഗ്ദാനം.

ഫ്രാന്‍സീസ് പിന്‍തിരിയുകതന്നെ ചെയ്തു. ആ സംഭവത്തോടെ ഫ്രാന്‍സിസിന്‍റെ ഹൃദയം ഏകാന്തതയിലേക്കും പ്രാര്‍ത്ഥനയിലേക്കുമാണ് തിരിഞ്ഞത്. തിന്നും കുടിച്ചും പാടിയും സുഖിച്ചുനടന്ന ആ യുവാവ് കാട്ടിലെ ഗുഹയിലും ഏകാന്തമായ ദേവാലയങ്ങളിലുമിരുന്ന് പ്രാര്‍ത്ഥിക്കുക പതിവാക്കി. സാന്‍ദാമിയാനോ എന്ന ഇടിഞ്ഞുപൊളിഞ്ഞ ദേവാലയം ഫ്രാന്‍സിസിനെ പ്രത്യേകം ആകര്‍ഷിച്ചിരുന്നു. അവിടെ ക്രൂശേറ്റപ്പെട്ട ക്രിസ്തുവിന്‍റെ രൂപത്തിനു മുന്നില്‍ വെച്ച് ഫ്രാന്‍സിസിന് ഒരു നിര്‍ദേശം കിട്ടി:
'എന്‍റെ ദേവാലയത്തെ നീ പുതുക്കി പണിയുക.'

സ്ഥൂലമായ ആ ദേവാലയം പുതുക്കിപ്പണിയുന്നതിലേറെ ക്രിസ്തുവിന്‍റെ വഴി നവീകരിക്കണമെന്നും ആ നിര്‍ദേശത്തിലടങ്ങിയിരുന്നില്ലേ? ഏതായാലും ഫലത്തില്‍ സംഭവിച്ചത് അതാണ്. ദേവാലയം പുതുക്കിപ്പണിയാന്‍ തുടങ്ങിയപ്പോള്‍ വീടുപേക്ഷിക്കേണ്ട സാഹചര്യം വന്നുകൂടി. ദേവലായത്തിനു ഫ്രാന്‍സിസ് പണം കൊടുത്തത് സ്വന്തമല്ലാത്ത പണം കൊണ്ടുള്ള ധൂര്‍ത്താണെന്ന് ശഠിച്ച തന്‍റെ അച്ഛന് തന്‍റെ വസ്ത്രങ്ങളൂരികൊടുത്ത് പ്രതീകാത്മകമായി അവകാശവും ബന്ധവും വിച്ഛേദിച്ച് ('ഇനിമേല്‍ ഒരച്ഛനെ എനിക്കുള്ളൂ- ദൈവം' എന്ന പ്രഖ്യാപനത്തോടെ) ഫ്രാന്‍സിസ് ഇറങ്ങി.
അടുത്ത സൂചനക്കായി കാത്തിരുന്ന് ഒരുനാള്‍ ബൈബിള്‍ തുറന്നപ്പോള്‍ കണ്ട വാക്യങ്ങള്‍ നിര്‍ദേശങ്ങളായി കരുതി സുവിശേഷാത്മകമായ ജീവിതം അതിന്‍റെ പൂര്‍ണതയില്‍ സ്വീകരിക്കുകയാണ് ഫ്രാന്‍സിസ് ചെയ്തത്. 'നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിനക്കുള്ളതെല്ലാം സാധുക്കള്‍ക്ക് കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ സമ്പത്ത് ലഭിക്കും. എന്നിട്ടുവന്ന് എന്നെ അനുധാവനം ചെയ്യുക.' സ്പൊലേറ്റോയില്‍വെച്ച് കിട്ടിയ നിര്‍ദ്ദേശത്തിന്‍റെ തുടര്‍ച്ചയായി ഈ സൂചനയെ നമുക്ക് കാണാന്‍ കഴിയും.

ഒരാളുടെ ജീവനു ബോധ്യപ്പെടുന്ന നിലയില്‍ കിട്ടുന്ന വെളിപാടുകളാണല്ലോ - ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ ഏതവസ്ഥയിലായാലും - ലോകത്തിലെ ആധ്യാത്മിക സരണികളുടെയെല്ലാം അടിസ്ഥാനം. ഭാരതത്തിന്‍റെ വേദമന്ത്രങ്ങളുടെ കര്‍ത്താക്കളായ ഋഷികളെ മന്ത്രദ്രഷ്ടാക്കള്‍ അഥവാ മന്ത്രങ്ങള്‍ കണ്ടെത്തിയവര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സമൂഹത്തോടും പ്രകൃതിയോടും പാലിക്കേണ്ട പലവ്യവസ്ഥകളും ഈ മന്ത്രങ്ങളിലുണ്ട്, പ്രപഞ്ചതത്ത്വങ്ങളും.

അറിവാകട്ടെ, നിര്‍ദേശമാകട്ടെ - അനുഭവത്തിലൂടെ അതു കിട്ടുന്നവരിന്നും ഉണ്ട്. ഓരോ കാലത്തിനും ദേശത്തിനും അനുസരിച്ച് ദൈവം ജ്ഞാനികളെയും ഭക്തരെയും കൊണ്ടുവന്നിട്ടുണ്ടല്ലോ. ഈശ്വരേച്ഛയുടെ ഉപകരണങ്ങളായി അവര്‍ പ്രവര്‍ത്തിക്കുന്നു. ദേഹം വെടിഞ്ഞാലും അവരുടെ രൂപം ഈശ്വരന്‍റെ പ്രവര്‍ത്തനത്തിന് പ്രതീകമായി തുടരുന്നു. മനുഷ്യന് മനസ്സിലാകാന്‍വേണ്ടി മനസ്സിലാകുന്ന ഭാഷയിലൂടെ, മനസ്സിലാകുന്ന രൂപത്തിലൂടെ, ആ പരമചൈതന്യം മാര്‍ഗദര്‍ശനമരുളുന്നു.

ഫ്രാന്‍സിസിന്‍റെ മുഖ്യപ്രവര്‍ത്തനങ്ങള്‍ എല്ലാം സ്വപ്നങ്ങളും വെളിപാടുകളും നല്കിയ തിരിച്ചറിവുകളിലൂടെയായിരുന്നു. ഫ്രാന്‍സിസ്കന്‍ സന്ന്യാസസംഘത്തിന്‍റെ ഭാവിയെക്കുറിച്ച് ഫ്രാന്‍സിസ് സഹോദരന്മാരെ അറിയിച്ചത് ഇപ്രകാരമായിരുന്നു.

'വലിയ ഒരു പുരുഷാരം നമ്മുടെ പക്കലേക്ക് വരുന്നത് ഞാന്‍ കണ്ടു. നമ്മുടെ വിശുദ്ധമായ ജീവിതത്തിന് നാം തെരഞ്ഞെടുത്ത വേഷം ധരിക്കാനും അനുഗൃഹീതമായ നമ്മുടെ സഭയുടെ നിയമങ്ങള്‍ അനുസരിക്കാനും ആഗ്രഹിച്ചു കൊണ്ടാണ് അവര്‍ വന്നത്. വിശുദ്ധമായ അനുസരണത്തിന് വിധേയരായി വന്നുംപോയും കൊണ്ടിരുന്ന ആ പുരുഷാരത്തിന്‍റെ ആരവം ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. മിക്കവാറും എല്ലാ വംശങ്ങളില്‍ നിന്നും ഇങ്ങോട്ടു വന്നുകൊണ്ടിരിന്ന ആ ജനക്കൂട്ടത്തെകൊണ്ട് നമ്മുടെ പൊതുനിരത്തുകള്‍ നിറഞ്ഞിരിക്കുന്നതുപോലെ എനിക്കുതോന്നി.'

തികഞ്ഞ ഈശ്വരവിധേയത്വത്തിലൂടെ പൂര്‍ണ മനുഷ്യത്വത്തിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന അനവധി ജീവാത്മാക്കളുടെ ആത്മപ്രയാണത്തിന്‍റേതാണ് ആ ദര്‍ശനം. ഈശ്വരഹിതം അതിലുണ്ട്. ഈശ്വരഹിതം അറിയുകയും അനുസരിക്കുകയും ചെയ്യുന്നതില്‍നിന്നാണ് ലോകത്തിലെ ആധ്യാത്മികവഴികള്‍ രൂപം കൊണ്ടിട്ടുള്ളത്.

ബുദ്ധിയിലൂടെയല്ല ഹൃദയത്തിലൂടെയും ജീവനിലൂടെയും കിട്ടേണ്ടതാണ് ആ അറിവും അനുസരണവും അതിന് ഈശ്വരകൃപമുഖ്യം; അങ്ങേയറ്റത്തെ വിനയവും ലാളിത്യവും ഒഴിച്ചുകൂടാത്തതും. ക്രിസ്തു മനുഷ്യരാശിക്കുവേണ്ടി ജീവിച്ചുകാട്ടിയ ആ മാതൃക മനസ്സില്‍വെച്ചുകൊണ്ടാണ് മാനസാന്തരത്തിനുശേഷമുള്ള ഓരോ നിമിഷവും ഫ്രാന്‍സിസ് ജീവിച്ചത്.

വേദനയില്‍ മുഴുകിയ ക്രൂശിതനായ ക്രിസ്തുവിന്‍റെ രൂപത്തെയാണ് ഫ്രാന്‍സിസ് കൂടുതല്‍ ധ്യാനിച്ചത്. 'ആത്മനിയന്ത്രണം പാലിച്ച്, ആക്ഷേപവും നിന്ദയും വേദനയും അനീതിയും കഷ്ടപ്പാടും എല്ലാം സഹിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ അതായിരിക്കും മറ്റെല്ലാ സുകൃതത്തെക്കാളും വിജയകരമായിരിക്കുക' എന്നു ഉറപ്പിച്ചുപറയാന്‍ തക്കവണ്ണം യേശുവിന്‍റെ സഹനവുമായി ഐക്യപ്പെടാന്‍ അദ്ദേഹം തീവ്രമായി ശ്രമിച്ചു. 'ദൈവത്തിന്‍റെ കോമാളിയായി,' യാചകനായി, പാടിയും പറഞ്ഞും, ചിലപ്പോള്‍ മാറാരോഗികളെ ശുശ്രൂഷിച്ചും ഫ്രാന്‍സിസ് ദൈവത്തെ വാഴ്ത്തി. "ഇതിനു മുമ്പ് ആരും ഒരിടത്തും കണ്ടിട്ടില്ലാത്തവിധം വലിയ ഒരു വിഡ്ഢിയും ലളിത സ്വഭാവക്കാരനും ആയിരിക്കണം ഞാനെന്നാണ് അവിടത്തെ ആഗ്രഹം എന്ന് കര്‍ത്താവ് എന്നോടു പറഞ്ഞിരിക്കുന്നു" എന്നു ഫ്രാന്‍സീസ് പറഞ്ഞു.

ആര്‍ജവത്വത്തിനും അനുഭവത്തിനും മുന്‍തൂക്കം കൊടുക്കുകയാല്‍ പുസ്തകജ്ഞാനത്തിന് പ്രത്യേകപ്രാധാന്യം അദ്ദേഹം കല്പിച്ചില്ല. ദൈവശാസ്ത്രം പഠിക്കാനാഗ്രഹിച്ച സഹോദരന്മാരെ പഠിപ്പിക്കാന്‍ വിശുദ്ധ ആന്‍റണിക്ക് അനുമതി നല്കികൊണ്ടുള്ള കത്ത് ഇത് വ്യക്തമാക്കുന്നു.

'tI pleasse me thta you teach sacred theology to the brothser, sa long sa  in the worsd of the Rule you 'do nto extinguish the psirti of prayer and devotion " with udtsy of thsi kind".

 

ര്‍ഥനയുടെയും ഭക്തിയുടെയും അരൂപിക്ക് ഭംഗം വരാതെ ദൈവശാസ്ത്രം പഠിപ്പിക്കുക എന്ന്. ഏതു വഴിയിലും ഉള്ള ഈശ്വരാനേഷ്വിക്കും പ്രസക്തമായ ഒരുപദേശമാണിത്. ദൈവവചനങ്ങളുടെ വ്യാഖ്യാനത്തില്‍ ദൈവവചനങ്ങള്‍ കേള്‍ക്കാന്‍ പാകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. (ശ്രീരാമനെ 'വിവാഹം കഴിച്ച് കബീര്‍ദാസ് സമാനമായ ആശയം പ്രകാശിപ്പിച്ചിട്ടുണ്ട്.'പോഥിപഢീ, ജഗ്മുവാ, പണ്ഡിത് ഭയാ ന കോയ്; ഢായി അച്ഛര്‍ പ്രേമ് കാ; പഡേ സോ പാണ്ഡിത് ഹോയ്' -പുസ്തകം പഠിച്ചിട്ടു കാര്യമില്ല, പ്രേമമെന്ന രണ്ടര അക്ഷരം പഠിച്ചാലേ അറിവു കിട്ടൂ. സ്നേഹത്തില്‍ ചിന്തയും ബുദ്ധിയും അലിയുന്നു. ഉദിച്ചു പൊങ്ങിയാല്‍ 'ഞാന്‍' വളരുകയും 'നീ' മറയുകയും ചെയ്യുന്നതിനു സാധ്യതകളേറെ, ആയുസ്സ് ഒടുങ്ങി, മരണം ആസന്നമാവുമ്പോള്‍ പഠിച്ചതൊന്നും രക്ഷിക്കുകയില്ല, അതുകൊണ്ട് ഈശ്വരനെ ഭജിക്കുക എന്ന് ശ്രീ ശങ്കരനും പറയുന്നുണ്ട്.) പുസ്കജ്ഞാനത്തെ അനുകൂലിക്കാത്ത ഫ്രാന്‍സിസ് ദൈവശാസ്ത്രപണ്ഡിതന്മാരെ 'ആദരിക്കുകയും ബഹുമാനിക്കുകയും' വേണം എന്നു ഉപദേശിക്കുകയുണ്ടായി. പണ്ഡിതനിലെ മനുഷ്യനെ സ്നേഹിക്കുന്നതുകൊണ്ടാവണം അത്. വിനയത്തിന്‍റെയും ആത്മസംസ്കാരത്തിന്‍റെയും ഭാഗം. ആഴത്തില്‍ ചിന്തിച്ചാല്‍ ഈശ്വര സമ്പര്‍ക്കത്തിന്‍റെ വഴിയില്‍ വ്യക്തിയുടെ ചിന്തയെയും ബുദ്ധിയെയും കടത്തരുത് എന്ന ശാഠ്യം ഫ്രാന്‍സിസിനുണ്ട്.

ആ ശാഠ്യത്തോടെ ജീവിച്ച ഫ്രാന്‍സിസ്, സുവിശേഷത്തില്‍ ക്രിസ്തു ഉദ്ദേശിച്ച തരത്തിലുള്ള അനുയായിയായി, 'നിലത്തു വീണ് ചത്ത ഗോതമ്പുമണി'യായി തന്നെപ്പോലെയുള്ള അനേകം സദ്ഫലങ്ങള്‍ ഉണ്ടാക്കി. ഏകാന്ത സന്ന്യാസമല്ല ഇന്നത്തെ കാലത്തിനാവശ്യം എന്ന് ദൈവം ക്രിസ്തുവിന്‍റെ വഴിയിലൂടെ സംശയാതീതമായി തെളിയിച്ചു തന്നിട്ടുണ്ട്. അഴിമതിയും മൂല്യച്യുതിയുംകൊണ്ട് വലയുന്ന ലോകത്തിന് ഇന്ന് എന്നത്തേക്കാളും കൂടുതല്‍ ഫ്രാന്‍സിസിന്‍റെ മാതൃകയില്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്ന കാരുണ്യം നിറഞ്ഞ സന്ന്യാസികളെ ആവശ്യമുണ്ട്. ആധ്യാത്മികതകൊണ്ടുമാത്രമെ ലോകത്തിന്‍റെ കര്‍മരംഗങ്ങളെ ശുദ്ധീകരിക്കാനാവൂ, അവയില്‍ നവജീവന്‍ പകരാനും.

*പരുക്കന്‍ കമ്പിളി ധരിച്ചവന്‍ എന്നേ 'സൂഫി'ക്കര്‍ഥമുള്ളൂ. പേര്‍ഷ്യയില്‍ ഇസ്ലാമിനു കെട്ടുറപ്പ് വന്നു മുസ്ലീംകള്‍ സമ്പന്നരും പ്രതാപികളും ആയപ്പോള്‍ ആ ലൗകികതയില്‍ നിന്ന് മാറാന്‍ പ്രതീകാത്മകമായി പരുക്കന്‍ വസ്ത്രം ധരിച്ച് ആത്മീയത തേടിയവരാണ് സൂഫികള്‍.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts