news-details
കഥ

ഓര്‍മ്മയ്ക്കായി ഒരു 'കടം'കഥ

      ഒരു ദിവസത്തെ അവധി എടുത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത് എന്‍റെ ഇണ്ടാച്ഛനെ (വല്യപ്പനെ) കാണാനാണ്. കിഡ്നി രണ്ടും തകരാറിലായി വളരെ ക്രിട്ടിക്കല്‍ കണ്ടീഷനില്‍ ICU- വില്‍ ആണ് ഇണ്ടാച്ഛന്‍. തൃശൂരു നിന്നും ബസു കയറി കോലഞ്ചേരിയില്‍ എത്തി. ഉച്ചയ്ക്കു മാത്രമേ രോഗിയെ കാണുവാന്‍ സന്ദര്‍ശകരെ അനുവദിക്കൂ. രണ്ടു പേര്‍ക്ക് ഉള്ളില്‍ കയറി രോഗിയെ  കാണാം. അമ്മയും അപ്പായും മറ്റു ബന്ധുക്കളുമെല്ലാം ഉണ്ടായിരുന്നെങ്കിലും അമ്മ എന്നോട് ഇമ്മി(വല്യമ്മ)യോടൊപ്പം ഉള്ളില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു.
മരുന്നിന്‍റെ മണമുള്ള, മരണത്തിന്‍റെ ഗന്ധമുള്ള തണുത്ത മുറി എന്നൊക്കെ ICU-വിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ തണുപ്പും ആ അടിപൊളി സാനിട്ടയ്സിന്‍റെ മണവുമൊക്കെ എനിക്ക് ഇഷ്ടമായി. മനുഷ്യരിലെ മാലാഖമാരെയും ദൈവത്തെയുമൊക്കെ തിരിച്ചറിയുന്ന ഇടം കൂടിയാണ് ICU-. കയ്യില്‍ കുത്തിയ ട്രിപ്പിലൂടെ എന്തോ ഒരു ദ്രാവകം ഇണ്ടാച്ഛന്‍റെ ദേഹത്തേക്ക് കയറ്റിവിടുന്നുണ്ട്. മൂക്കില്‍ ഒരു ഓക്സിജന്‍ മാസ്ക്. വേറെ ടിവിയില്‍ കാണുന്നതുപോലുള്ള യന്ത്രങ്ങളും തന്ത്രങ്ങളുമൊന്നുമില്ല. ICU-ല്‍ കേറുന്നതോര്‍ത്ത് വെറുതെ പേടിച്ചു. ഇണ്ടച്ഛനെ അന്നു കാണാന്‍ നല്ല രസമായിരുന്നു. ശരിക്കും ഒരു സുന്ദരകുട്ടപ്പന്‍. ആ ചിരിക്കു നല്ല തെളിച്ചമുണ്ടായിരുന്നു. കണ്ണുകള്‍ക്ക് വല്ലാത്തൊരു തിളക്കവും. ശരിക്കും ഒരു മാലാഖയെപ്പോലെ തോന്നി എനിക്ക്. എന്നെ കണ്ടതേ ആ മുഖത്തൊരി ചിരി വിടര്‍ന്നു. ഞാന്‍ അടുത്തുപോയി ആ കൈ പിടിച്ചു. "തോമ്മിച്ചോ... ആളങ്ങു സിമ്പളന്‍ ആയല്ലോ... ഉം.. എ. സി. മുറിയില്‍ കിടന്ന് സുഖം പിടിച്ചല്ലേ. വേഗം പുറത്തേക്കു വാ... എന്നിട്ടുവേണം നമുക്കു മൂവാണ്ടന്‍ മാങ്ങാ ചെത്തി ഉപ്പും മുളകും കൂട്ടി കഴിക്കാന്‍." ആ മാസ്ക് പതിയെ മാറ്റി എന്നോട് ഇണ്ടാച്ഛന്‍ പറഞ്ഞു: "ഒന്നു പോടീ പെണ്ണേ..." പിന്നേയും എന്തൊക്കെയോ ഞങ്ങള്‍ സംസാരിച്ചു. ഇമ്മിയെ കളിയാക്കി. വീട്ടില്‍ വരുമ്പോള്‍ അമ്മയെ പറ്റിച്ചു ബീഡി വലിക്കുന്ന കാര്യം പ്ലാന്‍ ചെയ്തു. പോകുവാന്‍ ഉള്ള സമയമായപ്പോള്‍ എനിക്ക് എന്‍റെ ഇണ്ടാച്ഛനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നി. പിന്നെ അതു വേണ്ടെന്നു വച്ചു. പണ്ട് കുഞ്ഞുകുട്ടിയായിരിക്കുമ്പോള്‍ ഏഴുമണിക്കു തുടങ്ങുന്ന സന്ധ്യാപ്രാര്‍ത്ഥന തീര്‍ത്തു 7.30ന്‍റെ ചിത്രഗീതം കാണാന്‍ ഓടുന്നതിന്‍റെ ഇടയ്ക്ക് ഒരു 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന ചൊല്ലും ഒരുമ്മയും കൊടുത്ത് ഓടും. പിന്നീട് ആ സ്തുതി ചൊല്‍ത്തും ഉമ്മയുമൊക്കെ വല്യപെണ്‍കുട്ടിയായി എന്ന ഉപദേശം തീര്‍ത്ത മതില്‍കെട്ടില്‍ നഷ്ടമായി. വര്‍ഷങ്ങളായി ഒരുമ്മ കൊടുത്തിട്ട്. ഇനി ഇപ്പോ പെട്ടെന്ന് ഒരുമ്മ കൊടുത്താല്‍ ഇണ്ടാച്ഛന്‍ എന്തു വിചാരിക്കും.
അതൊന്നും വേണ്ട. അങ്ങനെ ഹോസ്പിറ്റലില്‍ നിന്നും മടങ്ങി ഞാന്‍ അടുത്ത നാള്‍ ജോലിക്കു കയറി. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അമ്മ വിളിച്ചു "ഇണ്ടാച്ഛന്‍ മരിച്ചു കേട്ടോ... നീ ഒരു 6 മണിയാകുമ്പേള്‍ ബസ് കയറിവാ." കേട്ടത് എന്താണെന്നുപോലും മനസ്സിലാകാതെ കുറച്ചുനേരം കണ്ണുമിഴിച്ച് ഇരുന്നു. കരഞ്ഞതായി ഓര്‍മ്മയില്ല. ഫ്ളാറ്റ് പൂട്ടി താക്കോല്‍ താഴെ കൊടുത്ത് ഞാന്‍ ഇറങ്ങി നടന്നു. ലക്ഷ്യം തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡാണ്. കുരിയച്ചിറയില്‍ നിന്നും കെഎസ്ആര്‍ടിസി സ്റ്റാന്‍റ് വരെ വന്നത് ഞാനറിഞ്ഞില്ല. വാഹനത്തിന്‍റെ ഹോണടിയോ ചുററുമുള്ള കാഴ്ചയോ ഒന്നും കണ്ടതുമില്ല, കേട്ടതുമില്ല. തൊടുപുഴയ്ക്കുള്ള ബസു നോക്കി സ്റ്റാന്‍ഡില്‍ നിന്നപ്പോള്‍ കാഴ്ച മങ്ങുന്നതറിഞ്ഞു. ഉരുണ്ടു കൂടിയ കണ്ണുനീര്‍ ചടുചടെ പൊഴിഞ്ഞു വീണു. ഫോണ്‍ എടുത്ത് ആരെയോ വിളിച്ച് എന്തൊക്കെയോ സംസാരിച്ചു. അപ്പോഴേക്കും ബസ് വന്നു. തൃശൂരു നിന്നും തൊടുപുഴ വരെ എത്താന്‍ ഞാന്‍ എടുത്ത ആ രണ്ടര മണിക്കൂര്‍ കൊണ്ട് ഞാനും ഇണ്ടാച്ഛനും തകര്‍ത്തഭിനയിച്ച ഞങ്ങളുടെ ജീവിതം ഒരു സിനിമാപോലെ ഓടിക്കൊണ്ടിരുന്നു. ആരും കാണാതെയുള്ള ഇണ്ടാച്ഛന്‍റെ ബീഡി വലി, അടുക്കളയില്‍ ഒളിപ്പിച്ചുവെച്ച 'ബാര്‍ലിവെള്ളം' അടിക്കാന്‍ ഓരോരോ കള്ളങ്ങള്‍ പറഞ്ഞ് അടുക്കളയിലേക്ക് ഓടുന്നത്, മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ പൂ വരുന്നതും അത് കാ ആകുന്നതും അവസാനം ചെനച്ച മാങ്ങാ ഉപ്പും മുളകും ചേര്‍ത്ത് കഴിക്കുന്നതും അടിച്ചു മിന്നി പൂസാകുമ്പോള്‍ ആകുമ്പോള്‍ പണ്ട് കണ്ടം ഉഴുതതും മീന്‍ പിടിക്കാന്‍ പോയതുമായ കഥകള്‍ പറഞ്ഞ് ഞങ്ങളെ വിസ്മയിപ്പിച്ചതും, അങ്ങനെ എന്തൊക്കെയോ മനസ്സില്‍ ഓടിക്കൊണ്ടിരുന്ന ആ ചലച്ചിത്രത്തില്‍ വന്നുകൊണ്ടേയിരുന്നു.
വീട്ടിലെത്തി പൂക്കള്‍കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ പുതിയ കുപ്പായം അണിഞ്ഞ് സുന്ദരനായി ചിരിച്ചുകൊണ്ട് കിടന്ന എന്‍റെ ഇണ്ടാച്ഛനെ കണ്ടപ്പോള്‍ സങ്കടത്തേക്കാള്‍ എനിക്കു തോന്നിയത് കുറ്റബധമാണ്. കെട്ടിപ്പിടിച്ച് ആ മുഖത്തുനോക്കി ഒരുമ്മ കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം. തണുത്തുറഞ്ഞ ആ മുഖത്ത് അതിനു പകരമായി ഞാന്‍ എത്ര ഉമ്മ നല്കിയാലും അത് എന്‍റെ ഇണ്ടാച്ഛന് അറിയാന്‍ പറ്റത്തില്ലല്ലോ. ഞാന്‍ എത്രത്തോളം  സ്നേഹിച്ചിരുന്നു എന്ന് ഇണ്ടാച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പ്രകടിപ്പിക്കാതെ മരിച്ചുകിടക്കുന്ന സമയത്ത് ആ തലയ്ക്കലിരുന്നു ഞാന്‍ എത്ര കരഞ്ഞിട്ടും അലമുറയിട്ടിട്ടും എന്താണ് കാര്യം! അന്ത്യകര്‍മ്മങ്ങള്‍ക്കിടയിലും എന്‍റെ ഇണ്ടാച്ഛനെ അവസാനമായി ഒരു നോക്ക് കണ്ടപ്പോഴും ആ മുഖത്ത് അന്ത്യചുംബനം നല്‍കുമ്പോഴുമെല്ലാം കൊടുക്കാന്‍ പറ്റാതെ പോയ ആ സ്നേഹം ഒരു കുറ്റബോധമായി തന്നെ അവശേഷിച്ചു. അത് എന്നെ ഒരു കടക്കാരിയാക്കി. സ്നേഹത്തിന്‍റെ, കരുതലിന്‍റെ, വാത്സല്യത്തിന്‍റെ ഒരു 'ഉമ്മ' യുടെ കടക്കാരി. 
2018 എന്‍റെ പാട്ടിയമ്മ
പാട്ടിയമ്മയോട് എനിക്കുള്ള സ്നേഹം എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പാട്ടിയമ്മ എന്ന് എന്‍റെ മനസ്സു പറയുമ്പോഴേ കുളിച്ചു, കുറിതൊട്ട്, പഴഞ്ചനെങ്കിലും അലക്കിവെളുപ്പിച്ച സാരിയുടുത്ത്, പല്ലില്ലാത്ത മോണകാട്ടി 'പാപ്പാ' എന്നു വിളിച്ചു പുഞ്ചിരിച്ചു നില്‍ക്കുന്ന രൂപത്തിന് എന്‍റെ ബുദ്ധി രൂപം കൊടുത്തിരിക്കും. ഇനി ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും എനിക്കു 'പാട്ടിയമ്മ' എന്ന വാക്കിനു, മുകളില്‍ കുറിച്ചിട്ട രൂപമാണ്. എന്‍റെ പാട്ടിയമ്മ... എന്‍റെ മാത്രം പാട്ടിയമ്മ. 
സേലത്തെത്തിയ നാളുകളില്‍ 'സ്റ്റിക്കര്‍' വില്‍ക്കാനായി എത്തിയ നാലുവയസ്സുകാരിയെ മടിയിലിരുത്തി ഒരു പഫ്സ് വാങ്ങി അതു മുറിച്ചു കൊടുത്തപ്പോഴും മുഖം തുടച്ചു വൃത്തിയാക്കി കുശലാന്വേഷണം നടത്തിയപ്പോഴും പേരറിയാത്തൊരു സന്തോഷം ഉള്ളിലും കാരണമറിയാത്തൊരു പുഞ്ചിരി എന്‍റെ മുഖത്തും ഉണ്ടായിരുന്നു. ആരാണ് ഈ സ്റ്റിക്കര്‍ വില്‍ക്കാന്‍ തന്നതെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നും സ്കൂളില്‍ പോകുന്നുണ്ടോ എന്ന ചോദ്യത്തിനുമെല്ലാം അവള്‍ പുഞ്ചിരി മാത്രമാണ് മറുപടി നല്കിയത്. എന്നാല്‍ പിറ്റേന്നു മുതല്‍ വഴിവക്കില്‍ കണ്ട ചില മുഖങ്ങള്‍ എന്നെ രൂക്ഷമായി  നോക്കുന്നതും അവരുടെ കണ്ണുകള്‍ എന്നെ ഓഫീസ് വരെ പിന്തുടരുന്നതും അല്പം ഭയം എന്നില്‍ ഉളവാക്കിയിരുന്നു. അത്താഴസമയത്തെ സ്ഥിരം പരദൂഷണവേളയില്‍ ഈ സംഭവം പങ്കുവച്ചപ്പോള്‍ സേലത്തും തമിഴ്നാടിന്‍റെ മറ്റു ഭാഗത്തും നടക്കുന്ന ഭിക്ഷാടനമാഫിയായെക്കുറിച്ച് വളരെ വിശദമായ ഒരു ക്ലാസ് തന്നെ എനിക്കു കിട്ടി. അവരുടെ പുതിയ തന്ത്രമാണ് കുട്ടികളെക്കൊണ്ട് ഈ സ്റ്റിക്കറും പേനയും ബുക്കും എല്ലാം വില്പിക്കുന്നത് എന്നു കൂടി അറിഞ്ഞപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന കഞ്ഞിയെല്ലാം ആവിയായിപോയി. അതായത് വഴിയില്‍ കിടന്ന വയ്യാവേലിയെ എടുത്ത് 'പഫ്സ്' കൊടുത്ത് തലയില്‍ എടുത്തു വച്ച അവസ്ഥ. ഈ ഭയത്തിനു പുറമേ ബസിനുപോകാന്‍ കാശില്ല എന്നു പറഞ്ഞ് അടുത്തു വന്ന പയ്യന്‍ കാശ കൈയില്‍ കിട്ടിയപ്പോള്‍ നിന്നനില്പില്‍ അപ്രത്യക്ഷനായതും രാവിലെ ഭിക്ഷ ചോദിച്ച അപ്പാപ്പന്‍ വൈകുന്നേരം അടിച്ചു പൂസായി റോഡുവക്കില്‍ പാമ്പായി കിടക്കുന്നത് കാണേണ്ടി വന്നതും ഭിക്ഷചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ തെറിപാട്ടു നടത്തുന്ന അമ്മായിയുമെല്ലാം ഭിക്ഷയാചിക്കുന്നവരെ കണ്ടാല്‍, മുഖം കുനിച്ച്, 'ഞാന്‍ ഒന്നും അറിഞ്ഞില്ല, എന്‍റെ രാമനാരായണാ' എന്ന ഭാവത്തില്‍ നടന്നുപോകാന്‍ എന്നെ പഠിപ്പിച്ചു. ഇതിനിടയില്‍ എപ്പോഴാണ് എന്‍റെ പാട്ടിയമ്മയോട് എനിക്ക് ഇത്രയ്ക്കും പെരുത്ത ഇഷ്ടം തോന്നിയതെന്ന് അറിയില്ല. മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ What a medical miracle??? 
ഹോസ്റ്റലില്‍ നിന്നും ഇറങ്ങി ഓഫീസിലേക്കു പോകുന്ന വഴിക്ക് റോഡു മുറിച്ച് കടക്കുമ്പോഴാണ് ആദ്യമായി ഞാന്‍ ആ ശബ്ദം കേള്‍ക്കുന്നത്, "പാപ്പാ... കണ്ണേ..." മുഖം നിറയെ തെളിഞ്ഞു നില്‍ക്കുന്ന ആ ചിരിയില്‍ ഞാന്‍ ആദ്യമേ തന്നെ flat ആയേി. ഈ Love at first sight എന്നൊക്കെ പറയുന്നതുപോലെ ആദ്യകാഴ്ചയില്‍ തന്നെ എന്‍റെ പാട്ടിയമ്മ എന്‍റെ നെഞ്ചില്‍ കൂടുകൂട്ടി. ഭിക്ഷക്കാരുടെ പല മുഖഭാവങ്ങളും കണ്ടിട്ടുണ്ടെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ ഭിക്ഷ യാചിക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ആ പുഞ്ചിരിയില്‍ മയങ്ങി വീണെങ്കിലും ഞാന്‍ എന്നോടു തന്നെ പറഞ്ഞു: "No Ankitha no, എത്ര തല്ലുകൊണ്ടാലും നീ പഠിക്കില്ല അല്ലേ. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നാ പഴഞ്ചൊല്ല്. പക്ഷേ നീ എത്ര ചൊറിഞ്ഞാലും പഠിക്കില്ല. ഉം... വേഗം സ്ഥലം വിട്ടോ." എനിക്ക് എന്നെത്തന്നെ ഭയങ്കര പേടിയായതുകൊണ്ട് തിരിഞ്ഞുപോലും നോക്കാതെ ഞാന്‍ നടന്നു നീങ്ങി. പിറ്റേന്നും കണ്ടും ഞാന്‍ എന്‍റെ പാട്ടിയമ്മയെ. "പാപ്പാ.. കണ്ണേ... പാപ്പാ ഭദ്രമാ പുകഴ്ത്തുക" ഇതു കേട്ടപ്പോള്‍ അറിയാതെ തന്നെ ഞാന്‍ ചിരിച്ചു. പറ്റിക്കപ്പെട്ടതിന്‍റെ ദേഷ്യവും ആരോ പിന്‍തുടരുന്നതിന്‍റെ ഭയവും എല്ലാം മറന്ന് ഞാന്‍ ചിരിച്ചു. നാളുകളായി ഞാന്‍ മറന്നിരുന്ന, അറിയാതെ പോയ, അനുഭവിക്കാന്‍ പറ്റാത്ത ആ ചിരിയും സന്തോഷവും വീണ്ടുമെത്തി.
ഒന്നുകില്‍ വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാവിലെ എന്‍റെ പാട്ടിയമ്മ നെറ്റിയില്‍ കുറി തൊട്ട് ചിരിച്ചോണ്ട് നടന്നുപോകുന്ന എല്ലാവരോടും ഭിക്ഷ യാചിക്കും. ഇതിനിടയില്‍ ആ പ്രദേശത്തുള്ള ചവറ്റുകൊട്ടയില്‍ നിന്നും ആക്രി പെറുക്കും. ചാക്കുകള്‍ തുന്നികെട്ടിയ വലിയ സഞ്ചി നിറയെ ആക്രിയും പെറുക്കി ഇട്ട് ചുറുചുറുക്കോടെ ചിരിച്ചോണ്ട് എന്‍റെ പാട്ടിയമ്മ നടക്കും. അതു കാണുമ്പോള്‍ എനിക്കു തോന്നും എന്‍റെ പാട്ടിയമ്മ ഒരു ക്രിസ്മസ് പപ്പായാണെന്ന്. സഞ്ചി നിറയെ സമ്മാനവുമായി ചിരിച്ചുവരുന്ന ക്രിസ്മസ് പാപ്പാ.
ഞാനും പാട്ടിയമ്മയും തമ്മിലുള്ള സംസാരം ബഹുരസമാണ്. എനിക്കാണെങ്കില്‍ തമിഴ് 'കൊഞ്ചം, കൊഞ്ചം'. പാട്ടിയമ്മയ്ക്കാണെങ്കില്‍ കാതും 'കൊഞ്ചം, കൊഞ്ചം.'  ചുരുക്കത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ചോദിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകുന്നത് 'കൊഞ്ചം, കൊഞ്ചം.' ഇന്ന് ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. ഓഫീസില്‍ നിന്നും വരുന്ന വഴിക്കാണ് എന്‍റെ പാട്ടിയമ്മയെ കണ്ടത്. പാട്ടിയമ്മ ഐസ്ക്രീം കഴിക്കുന്നോ എന്നു ചോദിച്ചപ്പോള്‍ വീണ്ടും പഴയ ചിരി. ആദ്യം ഞങ്ങള്‍ റോഡ് സൈഡില്‍ നിന്നു കഴിച്ചു. പിന്നെ ഞങ്ങള്‍ ആ വഴിവക്കില്‍ ഇരുന്നായി കഴിപ്പ്. പാട്ടിയമ്മ ഒരു കല്ലിന്‍റെ പുറത്തും ഞാന്‍ റോഡിലും. കൂട്ടിന് അടുത്തുള്ള ഓടയിലെ നല്ല സൂപ്പര്‍ നാറ്റവും. മലയാളവും തമിഴും ആംഗ്യഭാഷയും ചേര്‍ന്നുള്ള ഞങ്ങളുടെ സംസാരത്തിനിടയില്‍ ആകെ പിടികിട്ടിയ കാര്യമിതാണ്. ഇളയ മകന്‍ തഞ്ചാവൂരാണ്. ആള്‍ക്കു മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും. നാലുപേരും പഠിക്കുന്നു. അവിടേയ്ക്കു പോകാന്‍ 150 രൂപായും വരാന്‍ 150 രൂപായും വേണം. അവിടെ ചെന്നാല്‍ ചുമ്മാ ഇരുന്നാ മതി. വയറു നിറയെ ഭക്ഷണം കിട്ടും. കൊച്ചുമക്കള്‍ മിഠായിയും ഐസ്ക്രീമുമെല്ലാം ചോദിക്കും. ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം ആര്‍ക്കുവേണ്ടിയാ.... അതുകൊണ്ട് ഞാന്‍ അതെല്ലാം വാങ്ങിക്കൊടുക്കും. പല്ലില്ലാത്തതിനാല്‍ മോണ കൊണ്ട് ചപ്പി ചപ്പി ഐസ് ക്രീമിന്‍റെ കോണ്‍ കഴിക്കുന്നതിനിടയില്‍ പറഞ്ഞു. ഇതിനിടയില്‍ നായ കടിച്ചതിന്‍റെ കാര്യവും പറഞ്ഞു. കുപ്പ എടുത്തപ്പോള്‍ തെരുവു പട്ടി കടിച്ചതാണ്. അവര്‍ക്കറിയില്ലല്ലോ അവരെപ്പോലെ തന്നെ ഒരു പിടി അന്നത്തിനു വേണ്ടിയാ എന്‍റെ പാട്ടിയമ്മയും കുപ്പകളില്‍ കൈയിടുന്നതെന്ന്. തലകറങ്ങി വീണ പാട്ടിയമ്മയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലാക്കി. അവിടെ നിന്നും ഒരിഞ്ചക്ഷന്‍ കിട്ടിയതേ ആളു വീണ്ടും ഉഷാര്‍. ഞങ്ങടെ ഐസ്ക്രീം തീററയ്ക്കിടയില്‍ പാട്ടിയമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. തമിഴില്‍ ഞാന്‍ 'പുപ്പുലി' ആയതുകൊണ്ട് കാര്യമായൊന്നും പിടികിട്ടിയില്ല. എങ്കിലും എന്‍റെ പാട്ടിയമ്മയുടെ ചിരിയും സംസാരവും ആ കണ്ണിലെ തെളിച്ചവുമെല്ലാം എന്‍റെ കണ്ണടയും വരെ ഉള്ളില്‍ ഉണ്ടാകും. 
തിരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ പാട്ടിയമ്മ പറഞ്ഞു, "പാപ്പാ.. കണ്ണേ പാത്ത് ഭദ്രമാ പോ. നീ നല്ല പഠിച്ച് പെരിയ ആളാകണം, പാട്ടിയമ്മയെ പെരുമപ്പെടുത്തണം" പിന്നെ ഒന്നും നോക്കിയില്ല, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുക്കിചുളിഞ്ഞ് എല്ലുന്തിയ ആ മുഖത്ത് ഒരു കിണ്ണന്‍ ഉമ്മ അങ്ങോട്ടു കൊടുത്തു. പണ്ട് കടമായി തീര്‍ന്ന ആ ഉമ്മ. വികൊണ്ട് ഉണങ്ങിയ ആ കൈ എന്നെ ചുറ്റിപിടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. "എന്തു ചെയ്യാനാ... എനിക്കൊരല്പം വലുപ്പം ഒരല്പം കൂടിപ്പോയി. ഇല്ലെങ്കില്‍ ഞാന്‍ ആ കരവലയത്തില്‍ തന്നെ നിന്നേനെ... എന്‍റെ പാട്ടിയമ്മയുടെ ആ കൊച്ചുസ്നേഹവലയത്തില്‍. 
എനിക്ക് എന്‍റെ പാട്ടിയമ്മയുടെ പേര് അറിയില്ല. ആരൊക്കെ ഉണ്ടെന്ന് അറിയില്ല. എവിടെയാണ് അവരു താമസിക്കുന്നതെന്ന് അറിയില്ല. പക്ഷേ ഒന്നെനിക്കറിയാം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് എല്ലാം അറിയണമെന്നില്ല. 
ജീവിതം ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെയാണ്. എപ്പോള്‍ എവിടെയൊക്കെയാണ് ഒരു സസ്പെന്‍സുകളും സപ്രയിസുകളും കര്‍ത്താവ് റെഡിയാക്കി വച്ചിരിക്കുന്നതെന്ന് നമുക്കറിയില്ല. പണ്ടെങ്ങോ മരിച്ചവര്‍ നക്ഷത്രങ്ങളായി മാറുമെന്ന് കേട്ടതുവച്ച് ഇടയ്ക്കിടയ്ക്ക് നട്ടപ്പാതിരായ്ക്ക് ഹോസ്ററലിന്‍റെ ടെറസിന്‍റെ മണ്ടയില്‍ കയറി വായും പൊളിച്ച് ആകാശത്തേക്ക് നോക്കി നില്‍ക്കാറുണ്ട്. എന്നിട്ടു രണ്ടു കൈയും ഇടുപ്പില്‍ വച്ച് കലിപ്പിച്ചൊരു ചോദ്യമുണ്ട്, "എന്നാലും എന്‍റെ തൊമ്മിച്ചാ വലിയ ചതിയായിപ്പോയി, എന്‍റെ ഉമ്മ വാങ്ങാതെ അങ്ങു സ്വര്‍ഗ്ഗത്തോട്ടു വേഗം പോയത്?"എന്‍റെ ചോദ്യം കേട്ട് മടുത്തിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരന്‍ നമ്മുടെ പാട്ടിയമ്മയെ അയച്ചത്. "അമ്മേ  അതേ, ഭൂമിയില്‍ സേലത്ത് ഒരു അരക്കിറുക്കുള്ള തലതെറിച്ചൊരു കൊച്ചുമോളുണ്ട് എനിക്ക്. ഒരു ഉമ്മയുടെ കണക്കും പറഞ്ഞ് രാത്രി മുഴുവന്‍ അവളെന്നെ ഭീഷണിപ്പെടുത്തുവാ. ഒന്നുപോയി ആ കണക്കൊന്നു തീര്‍ത്തേക്കാമോ..."
ചില കടങ്ങള്‍ അങ്ങനെയാ. കൊടുക്കേണ്ട സമയത്ത് കൊടുക്കാന്‍ പറ്റാതെ വരുമ്പോള്‍ നമുക്ക് കുറ്റബോദവും സങ്കടവുമൊക്കെ തോന്നും.  പക്ഷേ മേലേ ഇരിക്കുന്ന പുള്ളിക്കാരന്‍ നമ്മുടെ സങ്കടം കണ്ടിട്ട് നമുക്കൊരു സെക്കന്‍റ് ചാന്‍സ് തരും. അപ്പോള്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നോ, ഞാന്‍ വലുതായി പോയിയെന്നോ, എനിക്കിതൊക്കെ പറ്റുമോ എന്നോ, നാണക്കേടല്ലേ എന്നോ ഒന്നും ഓര്‍ക്കാതെ ആ കടം അങ്ങു വീട്ടിയേക്കണം. ഇല്ലെങ്കില്‍ രാത്രി മുഴുവന്‍ ആകാശം നോക്കി ചീത്ത വിളിക്കേണ്ടി വരും.

You can share this post!

സ്മൃതിസാഗരം

ബ്രദര്‍ ഡിറ്റോ സെബാസ്റ്റ്യന്‍
അടുത്ത രചന

നിശാചരന്‍

ലിന്‍സി വര്‍ക്കി
Related Posts