news-details
കവർ സ്റ്റോറി

വിഷാദത്തില്‍ പ്രസാദം : ഡോ. ലിസ് മില്ലര്‍

ഇംഗ്ലണ്ടിലെ ആദ്യത്തെ വനിതാ ന്യൂറോ സര്‍ജന്‍. 1985-ല്‍ 28-ാം വയസ്സില്‍ ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വേദികളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ച് ന്യൂറോ സര്‍ജറിയിലെ ഭാവിവാഗ്ദാനമെന്ന് പ്രശംസിക്കപ്പെട്ടു. 'ന്യൂറോ സര്‍ജറിയില്‍ ഈ ദശകങ്ങളിലെ യുവപ്രതിഭ' എന്ന് മുതിര്‍ന്നവരാല്‍ വാഴ്ത്തപ്പെട്ട ലിസ് മില്ലര്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍, ഇരുപത്തൊന്‍പതാം വയസ്സില്‍ അവള്‍ ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് റോയല്‍ ഹോസ്പിറ്റലിലെ മാനസികരോഗികള്‍ക്കുള്ള വാര്‍ഡില്‍ അടയ്ക്കപ്പെട്ടു. രോഗം, അത്യന്തം വിരുദ്ധ ധ്രുവങ്ങളില്‍ ചാഞ്ചാടുന്ന മനസ്സിന്‍റെ അസ്വഭാവിക അവസ്ഥ.(Bi polar mental disorder) കടുത്ത ഉല്‍ക്കണ്ഠയും Severe anxiety) മതിഭ്രമവും (Paranoiac), മറുവശത്ത് തീവ്രവിഷാദവും. ആത്മഹത്യാപ്രവണതയും മടുപ്പും മന്ദതയും മനസ്സിനെ അമ്മാനമാടുന്ന അതിതീവ്ര മാനസിക രോഗം.
 
ഇംഗ്ലണ്ടിലെ മാനസികാരോഗ്യ നിയമപ്രകാരം ലിസിന്‍റെ തൊഴില്‍പരമായ ഭാവി അനിശ്ചിതത്വത്തിലായി. മെഡിക്കല്‍രംഗത്ത് ഉടനെ പ്രവര്‍ത്തിക്കാമെന്ന പ്രത്യാശയും ഇല്ലാതായി.  പത്തുമാസത്തിനുശേഷം രോഗം ഭേദപ്പെട്ടു. ലിസിന് മറ്റൊരു ജോലി ലഭിച്ചു. എന്നാല്‍ അവളുടെ മാനസികാവസ്ഥ അപകടകരമായി തുടര്‍ന്നു. അവള്‍ രണ്ടു തവണ കൂടി ചികിത്സയ്ക്ക് വിധേയയായി.
 
ന്യൂറോ സര്‍ജറിയില്‍ തുടരാനാകാതെ ജനറല്‍ ഫിസിഷ്യനായി. മടുപ്പ് ബാധിച്ച്, തുടരെ പുകവലിച്ച് തികഞ്ഞ ഉദാസീനതയില്‍ ലിസ് നാളുകള്‍ ചെലവിട്ടു. മനോരോഗവിദഗ്ധര്‍ 'മണ്ണിലിഴയുന്ന ജന്തുവിനെ'പോലെ അവളെ പരിഗണിച്ചു. കടുത്ത വിഷാദരോഗ (manic - depressive Psychotic illness)ത്തിന് അടിമ എന്നവര്‍ വിധിയെഴുതി. അന്യരുടെ പരിഹാസത്തിനു പാത്രമാകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യ.
 
1995 -ല്‍ വിവാഹിതയായ ലിസ് ഭര്‍ത്താവ് റിച്ചാര്‍ഡ് ആംസ്ട്രോങ്ങ് ഏറെ പ്രിയപ്പെട്ടവനായിരുന്നിട്ടും തന്‍റെ രോഗം അദ്ദേഹത്തിന് ഭാരമാകരുതെന്ന് കരുതി നാലുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 1999 -ല്‍ ഭര്‍ത്താവിനു വിവാഹമോചനം അനുവദിച്ചു. 
 
ഇക്കാലത്തും ഈ അവസ്ഥയ്ക്ക് ഒരു മറുപുറമുണ്ടാകുമെന്ന് ഉള്ളില്‍ അവള്‍ വിശ്വസിച്ചു. രണ്ട് ചലച്ചിത്രങ്ങള്‍ അവളുടെ വിശ്വാസത്തിന് ബലം നല്‍കി. അന്തരാഷ്ട്ര പ്രശസ്തനായ പിയാനിസ്റ്റ് ഡേവിഡ് ഹെല്‍ഫ്ഗോട്ടി ((David Helfgott) കഥ പറയുന്ന ഷൈനും ( Shine) അതിപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ നാഷിന്‍റെ (John Nash) ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടിഫുള്‍ മൈന്‍ഡും (Beautiful mind). സ്കീസോഫ്രേനിയ (schizophrenia) രോഗികളായ രണ്ടു ജീനിയസുകളുടെ കഥ. രോഗത്തെ സ്വയം അതിജീവിച്ച് തങ്ങളുടെ മേഖലയില്‍ മഹത്തായ സംഭാവന നല്‍കിയ അവരുടെ ശുഭപര്യവസായിയായ കഥ. 
 
ലിസിന്‍റെ അടുത്ത ചികിത്സ കെന്‍റാലെ ബത്ലേം റോയല്‍ ഹോസ്പിറ്റലിലായിരുന്നു. അപ്പോഴേയ്ക്കും താന്‍ രോഗിയാണെന്ന് അവള്‍ സ്വയം അംഗീകരിച്ചു കഴിഞ്ഞിരുന്നു. മുന്‍പ് നിഷേധിച്ച കാര്യം അവള്‍ ഇപ്പോള്‍ അംഗീകരിക്കുന്നു. ഒരു മനോരോഗിയെന്ന് സ്വയം അംഗീകരിക്കുന്നതില്‍ അല്പവും ലജ്ജിക്കേണ്ടതില്ല. ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍ (Bipolar Mood disorder) രോഗിയെന്ന യാഥാര്‍ത്ഥ്യം സ്വയം അംഗീകരിച്ചത് ലിസിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. എങ്കിലും അതൊട്ടും എളുപ്പമായിരുന്നില്ല താനും. പല ജീവിതയാഥാര്‍ത്ഥ്യങ്ങളുംപോലെ രോഗമെന്ന യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കലും കടുപ്പം തന്നെ. അവിടെനിന്ന് മുന്നോട്ടുള്ള യാത്ര അതിലേറെ ബുദ്ധിമുട്ടു നിറഞ്ഞതും. ആ ഘട്ടം അവള്‍ തരണം ചെയ്തു.
 
എന്താണ് തനിക്ക് സംഭവിച്ചതെന്ന് സ്വയം മനസിലാക്കുകയായിരുന്നു അടുത്ത ഘട്ടം. അതല്പം നീണ്ടു. അതു പക്ഷേ അവള്‍ക്ക് പ്രത്യാശ നല്‍കി. ഒരു പക്ഷേ ഇനി രോഗത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞേക്കും. അത്ര ഫലപ്രദമൊന്നുമല്ലെങ്കിലും മരുന്നൊഴിവാക്കി ശാന്തമായി ജീവിക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും രോഗം ഇനിയുമുണ്ടാകുമോ എന്ന ഭീതിയുടെ നിഴലിലായിരുന്നു അവള്‍ എപ്പോഴും. അവള്‍ നേരത്തേ കിടന്നു. അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നും കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ജെറ്റ് ലാഗ് ഉണ്ടാകുമോയെന്ന് ഭയന്ന് യൂറോപ്പിനു പുറത്ത് യാത്ര ഒഴിവാക്കി. പിന്നെ പുകവലി നിര്‍ത്തി. 
 
ബൈ പോളാര്‍ ഡിസോര്‍ഡറിനെക്കുറിച്ച് ആര്‍ക്കം അധികമൊന്നും അറിയില്ലെന്ന് ഇക്കാലത്ത് ലിസ് മനസ്സിലാക്കി. ഫലപ്രദമായ മരുന്ന് ലിഥിയം (Lithium) മാത്രമെന്ന് കരുതിപ്പോന്നു. കാര്‍ബാമെസൈപ്പിന്‍ (carbamezipine), വാള്‍പ്രൊയേറ്റ് (Valproate), ലാമൊട്രിജെന്‍(Lamotrigine) എന്നിവ മാനസിക സ്ഥിരതയ്ക്കായി നല്‍കുന്നു.  പക്ഷേ ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. സ്കീസോഫ്രേനിയയെക്കുറിച്ച് ആയിരം പുസ്തകങ്ങളുണ്ട്. ബൈ പോളാര്‍ ഡിസോര്‍ഡറിനെക്കുറിച്ച് ഒന്നുമില്ല. പുസ്തകങ്ങള്‍ പരതിയിട്ട് കാര്യമില്ലാത്തതിനാല്‍ ലിസ മറ്റു വഴികള്‍ തേടി. അവള്‍ മാനിക് ഡിപ്രെഷന്‍ ഫെല്ലോഷിപ്പ് (ഇപ്പോള്‍ ബൈപോളാര്‍ ഓര്‍ഗനൈസേഷന്‍)-ല്‍ ചേര്‍ന്നു. സംഘടനയുടെ സ്വയം കൈകാര്യം ചെയ്യല്‍ പദ്ധതി (Self Management Programme) അവള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. രോഗം സ്വയം കൈകാര്യം ചെയ്യാമെന്ന് അവള്‍ക്ക് മനസ്സിലായി. 
 

സ്വയം എന്തു തോന്നുന്നു എന്നു മനസ്സിലാക്കുകയായിരുന്നു ആദ്യപടി. അതിന്‍റെ ഭാഗമായി അവള്‍ ഡയറി എഴുത്ത് തുടങ്ങി. ഓരോ ദിവസവും സംഭവിക്കുന്നതെല്ലാം അവള്‍  രേഖപ്പെടുത്തി. നിരവധി കടലാസുകള്‍ അവള്‍ എഴുതിത്തള്ളി. ഒപ്പം സ്വന്തം അനുഭവങ്ങളെക്കുറിച്ച് കഥകളും നോവലുകളും എഴുതി. ബൈപോളാര്‍ ഓര്‍ഗനൈസേഷന്‍റെ മാഗസിന്‍, 'പെന്‍ഡുല' ത്തില്‍ 'ബൈപോളാര്‍ ഡിസോര്‍ഡറില്‍' നടക്കുന്ന പുതിയ ഗവേഷണങ്ങളെക്കുറിച്ച് സ്ഥിരം പംക്തി തുടങ്ങി. ഡോക്ടേഴസ് സപ്പോര്‍ട്ട് നെറ്റ് വര്‍ക്കിന് (Doctors Support Network) തുടക്കമിട്ടു. ധാരാളം ആര്‍ക്കാരുമായി സംസാരിച്ചു. വിരുന്നുകളില്‍ പങ്കെടുത്തു. എഴുതി. ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് അവള്‍ക്ക് മനസ്സിലായി. 

 
മെഡിക്കല്‍ രംഗത്തേക്ക് ലിസ് തിരികെ വന്നു. ജനറല്‍ പ്രാക്ടീസില്‍ തുടങ്ങി ഒക്കുപ്പേഷണല്‍ ഹെല്‍ത്തിലേക്ക് കര്‍മ്മരംഗം വ്യാപിപ്പിച്ചു. അവിടെ അവര്‍ 'മാനസികവ്യാപാരം രേഖപ്പെടുത്തല്‍' (MoodMapping) പ്രായോഗികമാക്കി. 

മാനസികവ്യാപാരങ്ങള്‍ രേഖപ്പെടുത്തിയതിലൂടെ സ്വയം മനസ്സിലാക്കാന്‍ അതിനോടകം അവള്‍ക്ക് കഴിഞ്ഞിരുന്നു. പ്രവൃത്തിയും അനുഭവവും തമ്മിലുള്ള ബന്ധം അതിലൂടെ അവള്‍ക്ക് മനസ്സിലായി. എത്രമാത്രം ഊര്‍ജ്ജം തനിക്കുണ്ട് എന്നതും എത്രമാത്രം പോസിറ്റീവായും എത്രമാത്രം നെഗറ്റീവായും തനിക്കത് അനുഭവപ്പെടുന്നു എന്നതുമാണ് മാനസിക നിലയുടെ (Mood) വ്യതിയാനത്തിന് കാരണമെന്ന് അവള്‍ക്ക് മനസ്സിലായി. അമിതമായ മദ്യപാനം, 'ഹാംഗ് ഓവറി'നു മാത്രമല്ല, കടുത്ത വിഷാദത്തിനും കാരണമാകുന്നു. ചീത്ത വാര്‍ത്തകള്‍ ഉല്‍ക്കണ്ഠയ്ക്കും നല്ല വാര്‍ത്തകള്‍ ആശ്വാസത്തിനും വഴിവെയ്ക്കുന്നു. സ്വന്തം ഫ്ളാറ്റ് ഭംഗിയായി സൂക്ഷിക്കുന്നത് മാനസിക ഉത്തേജനം നല്‍കുന്നു. വ്യായാമം  മനസ്സിന് ശാന്തത പകരുന്നു.  ഈ ഉള്‍ക്കാഴ്ചകളില്‍നിന്ന് അവള്‍ മാനസികവ്യതിയാനങ്ങള്‍ രേഖപ്പെടുത്തലിനു (Mood Mapping) രൂപം നല്‍കി. അതവള്‍ 'ഒക്യുപ്പേഷണല്‍ ഹെല്‍ത്ത്' (ജോലി സംബന്ധമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യശാഖ) സേവനത്തില്‍ ഉപയോഗിച്ചു. അത് ഫലപ്രദമെന്ന് കണ്ടു. 

ഒരു ദിവസം രാത്രി ഒരു മണിക്ക് ലിസ് ഉണര്‍ന്നു. അവള്‍ തികഞ്ഞ പ്രശാന്തി അനുഭവിച്ചു. മരുന്നുകള്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. ഫ്രിഡ്ജില്‍ നിന്നും അലമാരിയില്‍ നിന്നും മദ്യക്കുപ്പികളും. 'അനാവശ്യമായ' ഭക്ഷണസാധനങ്ങളും ഒഴിവാക്കി. അവള്‍ മദ്യപാനം ഉപേക്ഷിച്ചു. മാംസാഹാരം ഒഴിവാക്കി. പാലുല്‍പ്പന്നങ്ങളും 'ജങ്ക് ഫുഡും' വര്‍ജ്ജിച്ചു. സ്ഥിരമായി വ്യായാമം ചെയ്തു. പിന്നെ അവള്‍ക്ക് ഒരസുഖവും - മാനസികവും ശാരീരികവും -  ഉണ്ടായില്ല.

അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവള്‍ 'മാനസിക വ്യതിയാനങ്ങളുടെ രേഖ'(Mood
Mapping) എന്ന ഗ്രന്ഥമെഴുതി. ആയിരക്കണക്കിനാളുകള്‍ക്ക് അത് വിഷാദത്തില്‍നിന്ന് പ്രസാദത്തിലേക്ക് വഴികാട്ടി. 
 
 
അടിക്കുറിപ്പ്

മാനസികാരോഗ്യ രംഗത്തെ പ്രത്യേകിച്ച് തീവ്ര വിഷാദരോഗ (Manic depression/ Bipolar disorder) ചികിത്സാരംഗത്തെ ഒറ്റപ്പെട്ട ശബ്ദമാണ് ഡോക്ടര്‍ ലിസ് മില്ലര്‍. 1957 ഫെബ്രുവരി 27 - ന് ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡില്‍ ജനിച്ചു. എലിസബത്ത് സിന്‍ക്ലെയര്‍ മില്ലര്‍ ലണ്ടന്‍ സര്‍വ്വകലാശാലയിലെ കിംഗ്സ് കോളജില്‍ നിന്ന് 1979 - ല്‍ മെഡിക്കല്‍ ബിരുദമെടുത്തു. തുടര്‍ന്ന് ന്യൂറോസര്‍ജറിയില്‍ പരിശീലനവും ഗവേഷണവും പൂര്‍ത്തിയാക്കി. നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 'ബൈപ്പോളാര്‍ ഡിസോഡറി' ന് വിധേയയായി, നീണ്ട ചികിത്സകള്‍ക്കുശേഷം സ്വയം പരിശ്രമത്തിലൂടെ രോഗവിമുക്തയായി. പിന്നീട് മാനസികാരോഗ്യരംഗത്ത് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. ഡോക്ടര്‍ ലിസ് മില്ലര്‍ സ്വന്തം അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എഴുതിയ 'മൂഡ് മാപ്പിംഗ്'  2009 -ല്‍ പ്രസിദ്ധപ്പെടുത്തി. വൈകാരിക ആരോഗ്യവും ആനന്ദവും സ്വയം ആര്‍ജ്ജിക്കുന്നതിനുള്ള മാര്‍ഗം എന്ന് ഗ്രന്ഥം സ്വയം വിവരിക്കുന്നു. 14 ദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കാവുന്ന ഒരു പ്രായോഗിക പദ്ധതി ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നു.
 

You can share this post!

ദൈവം വെളിയില്‍ മഴ നനഞ്ഞുനില്‍ക്കുന്നു

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts