വിമോചന ദൈവശാസ്ത്രത്തിന്‍റെ പ്രണേതാക്കളില്‍ പ്രമുഖനായ ഗുസ്താവോ ഗുട്ടിയേരസ് ദരിദ്രരുടെ കാഴ്ചപ്പാടില്‍ സുവിശേഷം വായിക്കാനും ജീവിക്കാനും ക്രൈസ്തവര്‍ക്ക് പ്രചോദനകേന്ദ്രമായി നിലകൊള്ളുന്നു. ഐക്യദാര്‍ഢ്യത്തിന്‍റെ സാമൂഹികഘടന കെട്ടിപ്പടുക്കുന്നതില്‍ കത്തോലിക്കാസഭ നിര്‍വഹിക്കേണ്ട പങ്കിനെപ്പറ്റി നിരന്തരം ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നു പെറുവില്‍നിന്നുള്ള ഈ ദൈവശാസ്ത്രജ്ഞന്‍. വിമോചനദൈവശാസ്ത്രം (A Theology of Liberation- Spanish 1971, English 1973) എന്ന പ്രകൃഷ്ട കൃതിയിലൂടെ ദൈവശാസ്ത്രത്തിന്‍റെ സാമൂഹികമാനം വ്യക്തമാക്കുകയും പാവങ്ങള്‍ക്കൊപ്പം പക്ഷം ചേരുകയാണ് ക്രൈസ്തവരുടെ കടമയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. ദരിദ്രരോടും സമൂഹത്തിലെ അഗണ്യകോടികളോടുമുള്ള അകൈതവമായ സ്നേഹത്തിന്‍റെ പേരില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഗുസ്താവോ ഗുട്ടിയേരസിന് നന്ദി അര്‍പ്പിക്കുന്നുണ്ട്. ദാരിദ്ര്യത്തോടും ഭ്രഷ്ടിനോടും ആര്‍ക്കും മുഖംതിരിഞ്ഞു നില്‍ക്കാനാകാത്തവിധം മാനവരാശിയുടെ മനസ്സാക്ഷിക്കു മുന്നില്‍ ഗുട്ടിയേരസ് ഉയര്‍ത്തിയ വെല്ലുവിളിക്ക് സമാനതകളില്ലെന്ന് 2018 ജൂണ്‍ എട്ടിന് 90 വയസ് തികഞ്ഞ വിമോചന ദൈവശാസ്ത്രജ്ഞന് അയച്ച ആശംസാ സന്ദേശത്തില്‍ മാര്‍പ്പാപ്പ അനുസ്മരിക്കുന്നു. ദൈവശാസ്ത്ര ചിന്തകളിലൂടെയും ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള മുന്‍ഗണനാത്മകമായ സ്നേഹത്തിലൂടെയും സഭയ്ക്കും മാനവസമൂഹത്തിനും ഗുട്ടിയേരസ് ചെയ്ത സേവനം വിലമതിക്കാനാകത്തതാണെന്ന് മാര്‍പ്പാപ്പ വിലയിരുത്തുന്നു. നോത്ര്ദാം സര്‍വകലാശാലയില്‍വച്ച് ചിക്കാഗോ ലയോള സര്‍വകലാശാലയിലെ തത്വശാസ്ത്ര അധ്യാപകന്‍ ഡാനിയല്‍ ഹാര്‍ട്ട്നെറ്റ് എസ്.ജെ., ഫാ. ഗുസ്താവോ ഗുട്ടിയേരസ് ഒ പിയുമായി നടത്തിയ അഭിമുഖം.
ഡാനിയല്‍ ഹാര്‍ട്ട്നെറ്റ്: അങ്ങയുടെ ദൈവശാസ്ത്ര ചിന്തകള്‍ എപ്പോഴും ദരിദ്രരെക്കുറിച്ചുള്ള പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. എല്ലാ ദൈവശാസ്ത്രജ്ഞരും ലോകത്തിലെ സഹനം എന്ന യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടോ? അതോ ദരിദ്ര്യം എന്ന സാഹചര്യത്തോട് മുഖാമുഖം നില്‍ക്കുന്നവരുടെ പ്രശ്നം മാത്രമാണോ അത്?
ഗുസ്താവോ ഗുട്ടിയേരസ്: ഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന ദാരിദ്ര്യം എന്ന മനുഷ്യത്വരഹിതമായ അവസ്ഥ ഒരു സാമൂഹികപ്രശ്നത്തിലും ഉപരിയാണെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ദാരിദ്ര്യം ക്രൈസ്തവ മനഃസാക്ഷിക്കുനേരെയുള്ള പ്രധാന വെല്ലുവിളിയാണ്. അതിനാല്‍തന്നെ അത് ദൈവശാസ്ത്രത്തിന്‍റെ പ്രധാന വിഷയവുമാണ്. എല്ലാവരും ഇന്ന് സാന്ദര്‍ഭിക ദൈവശാസ്ത്ര (Contextual Theology)ത്തെക്കുറിച്ച് സംസാരിക്കുന്നു. യഥാര്‍ഥത്തില്‍ ദൈവശാസ്ത്രം എപ്പോഴും സാന്ദര്‍ഭികമാണ്. ചില ദൈവശാസ്ത്ര തത്വങ്ങള്‍ സന്ദര്‍ഭത്തെയും സാഹചര്യങ്ങളെയും കുറിച്ച് കൂടുതല്‍ ബോധ്യമുള്ളതും അവയെ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായിരിക്കും എന്നത് ശരിതന്നെ. പക്ഷേ, എല്ലാ ദൈവശാസ്ത്ര അന്വേഷണങ്ങളും തീര്‍ച്ചയായും ഒരു നിശ്ചിത ചരിത്രസന്ദര്‍ഭത്തിനകത്ത് നിന്നുകൊണ്ടുതന്നെയാണ് നിര്‍വഹിക്കപ്പെടുക. ചരിത്രഗതിയുടെ ഒരു നിര്‍ണായക പരിണാമ സന്ധിയില്‍ തനിക്കും സമകാലീനര്‍ക്കും എങ്ങനെ സുവിശേഷത്തില്‍ ജീവിക്കാമെന്ന് ആരായുകയായിരുന്നു അഗസ്റ്റിന്‍, ദൈവനഗരം(City of God) എന്ന രചനയിലൂടെ എന്നോര്‍ക്കുക. ധനികരും ദരിദ്രരും തമ്മിലുള്ള അതിരൂക്ഷമായ അകലമാണ് സമകാലിക സന്ദര്‍ഭത്തിന്‍റെ സവിശേഷത. ദരിദ്രരുടെ സഹനത്തെക്കുറിച്ച് 'എനിക്കൊന്നുമറിയില്ല' എന്ന് ഇന്നാര്‍ക്കും പറയാന്‍ കഴിയില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം നമ്മുടെ കണ്‍വെട്ടത്തുതന്നെയുണ്ട്. ദരിദ്രരുടെ ദയനീയമുഖം നമ്മുടെ മുഖാമുഖം നില്‍ക്കുന്നു. ദാരിദ്ര്യത്തിന്‍റെ കാരണവും അതിനെ രൂക്ഷമാക്കിയ സാഹചര്യങ്ങളും നമുക്ക് ബോധ്യമുണ്ട്. ഒഴിവാക്കാനാവാത്ത വിധിയായി ദാരിദ്ര്യത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമുക്ക് നമ്മുടെ ഉത്തരവാദിത്തത്തില്‍നിന്ന് അങ്ങനെ ഒഴിഞ്ഞുമാറാനാവില്ല. ദാരിദ്ര്യം വെറുമൊരു ദൗര്‍ഭാഗ്യം അല്ല എന്ന് നമുക്കറിയാം.
ദാരിദ്ര്യം കടുത്ത അനീതിയാണ്: തീര്‍ച്ചയായും പ്രായോഗികമായ ആ ചോദ്യം എപ്പോഴും നമുക്ക് മുന്നില്‍ ഉയരും. ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ നാം എന്തുചെയ്യണം? ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള എല്ലാ സാങ്കേതിക പരിഹാരങ്ങളും കൈയിലുണ്ടെന്ന് ദൈവശാസ്ത്രം അവകാശപ്പെടുന്നില്ല. എന്നാല്‍ ദരിദ്രരെ മറക്കരുതെന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം ദരിദ്രരെ നമ്മുടെ കൈകളിലാണ് ഏല്‍പിച്ചിരിക്കുന്നത്. ദരിദ്രര്‍ രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല. നീതിയെയും സമത്വത്തെയും കുറിച്ചുള്ള സുവിശേഷ സന്ദേശം എല്ലാ ക്രൈസ്തവരും ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക അസമത്വം എന്ന അനീതിയെ പ്രവാചകസ്വരത്തില്‍ വിമര്‍ശിക്കുക ക്രൈസ്തവ ധര്‍മ്മമാണെന്ന് നാം മറക്കരുത്. ആഗോളവല്‍ക്കരണത്തെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നിരന്തരം പങ്കുവച്ചിരുന്ന ഉല്‍കണ്ഠ ഇതിന് ഉത്തമ ഉദാഹരണമാണ്. "ഇത് ദരിദ്രരെ എങ്ങനെ ബാധിക്കും? ഇത് നീതി നടപ്പാകാന്‍ ഉതകുമോ?" അദ്ദേഹം ആരാഞ്ഞു.
ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള എല്ലാ സാങ്കേതിക പരിഹാരങ്ങളും കൈയിലുണ്ടെന്ന് ദൈവശാസ്ത്രം അവകാശപ്പെടുന്നില്ല. എന്നാല്‍ ദരിദ്രരെ മറക്കരുതെന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവം ദരിദ്രരെ നമ്മുടെ കൈകളിലാണ് ഏല്‍പിച്ചിരിക്കുന്നത്. ദരിദ്രര്‍ രാഷ്ട്രീയക്കാരുടെ മാത്രം ഉത്തരവാദിത്തമല്ല. നീതിയെയും സമത്വത്തെയും കുറിച്ചുള്ള സുവിശേഷ സന്ദേശം എല്ലാ ക്രൈസ്തവരും ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക അസമത്വം എന്ന അനീതിയെ പ്രവാചകസ്വരത്തില്‍ വിമര്‍ശിക്കുക ക്രൈസ്തവ ധര്‍മ്മമാണെന്ന് നാം മറക്കരുത്.
ഡാനിയല്‍: 'ദരിദ്രരോടുള്ള പ്രതിബദ്ധിതമായ മുന്‍ഗണന (Preferential option for the poor) കത്തോലിക്ക സഭയുടെ സാമൂഹികപാഠങ്ങളുടെ അവിഭാജ്യ ഘടകമായെന്ന് അങ്ങ് കരുതുന്നുണ്ടോ? എവിടെനിന്നാണ് ആ പദം കടന്നുവന്നത്?
ഗുട്ടിയേരസ്: തീര്‍ച്ചയായും 'പാവങ്ങളോടുള്ള പ്രതിബദ്ധിതമായ മുന്‍ഗണന' കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതായി ഞാന്‍ കരുതുന്നു. ലാറ്റിനമേരിക്കന്‍ സഭയുടെ അനുഭവങ്ങളില്‍നിന്നാണ് ആ പ്രയോഗത്തിന്‍റെ ഉത്ഭവം. 1968ല്‍ മെഡല്ലിനിലും 1979ല്‍ പ്യൂബ്ലയിലും നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സുകള്‍ക്കിടയില്‍ എപ്പോഴോ ആണ് ആ നിശ്ചിതപ്രയോഗം രൂപംകൊണ്ടത്. ദരിദ്രര്‍ (poor), തെരഞ്ഞെടുപ്പ് (option), മുന്‍ഗണന (preference) എന്നീ മൂന്നു വാക്കുകളും അവിടെത്തന്നെയുണ്ടായിരുന്നു. മെഡല്ലിന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളിലാണ് ഞങ്ങള്‍ ഈ മൂന്നു വാക്കുകളെയും ചേര്‍ത്ത് മൂര്‍ച്ചയുള്ള ഒരു പ്രയോഗമാക്കി മാറ്റിയത്. 'ദരിദ്രരോടുള്ള പ്രതിബദ്ധിതമായ മുന്‍ഗണന' എന്ന പ്രയോഗം ലാറ്റിനമേരിക്കന്‍ സഭയില്‍നിന്നാണ് പിറവിയെടുത്തത് എന്നത് ശരിതന്നെ. എന്നാല്‍ അതിന്‍റെ ആശയം, അതിന്‍റെ പിന്നിലെ ഉള്‍വിളി, അത് തികച്ചും സുവിശേഷാല്‍മകമാണ്. സുവിശേഷത്തിന്‍റെ കാതല്‍ തന്നെയായ ഈ നിലപാടിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴപ്പെടുത്തുവാനായിരുന്നു വിമോചന ദൈവശാസ്ത്രം ശ്രമിച്ചത്. 'ദരിദ്രരെക്കുറിച്ചുള്ള പ്രത്യേക മുന്‍ഗണന', സാവകാശം സഭയുടെ പ്രബോധനങ്ങളുടെ കേന്ദ്ര പ്രമേയമായി. അതിലെ ഓരോ പദത്തിന്‍റെയും അര്‍ത്ഥം നമുക്ക് ഇപ്രകാരം വിശദീകരിക്കാം.
ദാരിദ്ര്യം എന്ന പദം അക്ഷരാര്‍ഥത്തില്‍ ദരിദ്രരായവരുടെ അവസ്ഥയെ കുറിക്കുന്നു. അത് 'ആത്മാവിലെ ദാരിദ്ര്യത്തെ'യല്ല സൂചിപ്പിക്കുന്നത്. ആത്മാവില്‍ ദരിദ്രര്‍ വളരെ കുറവായതിനാല്‍ അതിനു പരിഹാരവും എളുപ്പമാണ്. ആത്മാവില്‍ ദരിദ്രര്‍ വിശുദ്ധരാണല്ലോ. മുന്‍ഗണന അര്‍ഹിക്കുന്ന ദാരിദ്ര്യം ഭൗതികദാരിദ്ര്യം തന്നെയാണ്. ഭൗതികദാരിദ്ര്യം എന്നാല്‍ നീതീകരിക്കാനാകാത്ത, പ്രായമെത്താത്ത മരണംതന്നെ. ദരിദ്രനെ ആരും മനുഷ്യനായി പോലും പരിഗണിക്കുന്നില്ല. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കാഴ്ചപ്പാടില്‍ ദരിദ്രന്‍ തികച്ചും അപ്രസക്തനാണ്, അഗണ്യനാണ്. സ്ഥിതിവിവരപട്ടികയിലെ അക്കം മാത്രമാണ് ദരിദ്രന്‍. അവന് പേരില്ല. സമൂഹത്തിനു മുന്നില്‍ അഗണ്യനായ ദരിദ്രന്‍ പക്ഷേ, ദൈവത്തിനു മുന്നില്‍ ഗണനീയനത്രേ.
മുന്‍ഗണന എന്ന വാക്ക് ദരിദ്രരോടുള്ള നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതായി ചിലര്‍ കരുതുന്നുണ്ട്. അത് പക്ഷേ ശരിയല്ല. ദൈവസ്നേഹത്തിന് രണ്ട് മാനങ്ങളുണ്ട്. സാമാന്യവും (Universal) സവിശേഷവും (Particular). . ഇവ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ദൈവം ആരെയും ഒഴിവാക്കുന്നില്ല. അക്കാര്യത്തില്‍ വൈരുധ്യവുമില്ല. എങ്കില്‍ത്തന്നെയും ജീവിതത്തിന്‍റെ ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ദൈവം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ദൈവത്തിന്‍റെ ദാനാത്മകസ്നേഹം, അതിന്‍റെ സാര്‍വജനീന സ്വഭാവം അതിനെയാണ് മുന്‍ഗണന എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുക.
ഈ പ്രയോഗത്തിലെ ഏറ്റവും ദുര്‍ബലമായ വാക്കാണ് തെരഞ്ഞെടുപ്പ് (Choice). ഇംഗ്ലീഷില്‍ രണ്ടു കാര്യങ്ങള്‍ക്കിടയിലെ തെരഞ്ഞെടുപ്പിനെ ഈ പദം സൂചിപ്പിക്കുന്നു. പക്ഷേ, സ്പാനിഷില്‍ ഈ പദം പ്രതിബദ്ധതCommitment)യെ കുറിക്കുന്നു. ദരിദ്രരോടുള്ള ആഭിമുഖ്യം, ഒരു തെരഞ്ഞെടുപ്പല്ല. അത് ഓരോ ക്രൈസ്തവന്‍റെയും ജന്മനായുള്ള കടമയാണ്. ദരിദ്രരോടുള്ള മുന്‍ഗണന ക്രൈസ്തവന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്ന ഒന്നല്ല. അത് ദൈവദത്തമായ ഉത്തരവാദിത്തമാണ്. ദരിദ്രരോടുള്ള പ്രതിബദ്ധതക്ക് രണ്ട് മാനങ്ങളുണ്ടെന്ന് മെഡലിന്‍ പ്രഖ്യാപിക്കുന്നു. ദരിദ്രരോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലയുറപ്പിക്കുക ഒപ്പം മനുഷ്യത്വവിരുദ്ധമായ ദാരിദ്ര്യത്തിനെതിരെ നിലപാടെടുക്കുക.
ദരിദ്രരോടുള്ള പ്രതിബദ്ധതാപൂര്‍ണമായ മുന്‍ഗണന അന്തിമമായി സൗഹാര്‍ദത്തിന്‍റെ പ്രശ്നമാണ്. സൗഹാര്‍ദത്തിന്‍റെ അഭാവത്തില്‍ ദരിദ്രരോടുള്ള പ്രതിബദ്ധത വര്‍ഗം, വംശം, സമുദായം, ആശയം തുടങ്ങിയ അമൂര്‍ത്തതകളോടുള്ള പ്രതിബദ്ധതയായി മാറാം. ധാര്‍മിക ജീവിതത്തില്‍ സൗഹൃദത്തിന്‍റെ സ്ഥാനം അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നമുക്ക് പക്ഷേ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇത് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ക്രിസ്തു പറയുന്നു, "ഞാന്‍ നിങ്ങളെ ഇനി ദാസര്‍ എന്നു വിളിക്കില്ല, സ്നേഹിതര്‍ എന്നു വിളിക്കും." മറ്റുളളവരോടുള്ള നമ്മുടെ ബന്ധത്തില്‍ സൗഹൃദത്തിന്‍റെ ഈ ഊഷ്മളത പുനഃസൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ എന്ന നിലയില്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ദരിദ്രര്‍ നമ്മുടെ സ്നേഹിതര്‍ ആവുമ്പോള്‍ അവരുടെ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും നാം അവരോട് പ്രതിബദ്ധരായിരിക്കുകയും ചെയ്യും.
ദരിദ്രരോടുള്ള പ്രതിബദ്ധതാപൂര്‍ണമായ മുന്‍ഗണന അന്തിമമായി സൗഹാര്‍ദത്തിന്‍റെ പ്രശ്നമാണ്. സൗഹാര്‍ദത്തിന്‍റെ അഭാവത്തില്‍ ദരിദ്രരോടുള്ള പ്രതിബദ്ധത വര്‍ഗം, വംശം, സമുദായം, ആശയം തുടങ്ങിയ അമൂര്‍ത്തതകളോടുള്ള പ്രതിബദ്ധതയായി മാറാം. ധാര്‍മിക ജീവിതത്തില്‍ സൗഹൃദത്തിന്‍റെ സ്ഥാനം അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നമുക്ക് പക്ഷേ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇത് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ക്രിസ്തു പറയുന്നു, "ഞാന്‍ നിങ്ങളെ ഇനി ദാസര്‍ എന്നു വിളിക്കില്ല, സ്നേഹിതര്‍ എന്നു വിളിക്കും." മറ്റുളളവരോടുള്ള നമ്മുടെ ബന്ധത്തില്‍ സൗഹൃദത്തിന്‍റെ ഈ ഊഷ്മളത പുനഃസൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ എന്ന നിലയില്‍ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.
ഡാനിയല്‍: ഏറെ സംഭാവനകള്‍ ചെയ്ത വിമോചന ദൈവശാസ്ത്രം പിന്‍വാങ്ങുകയാണെന്ന് പലരും പറയുന്നു. അങ്ങ് അതിനോട് യോജിക്കുന്നുവോ? വിമോചന ദൈവശാസ്ത്രത്തിന്‍റെ ഭാവിയെക്കുറിച്ച് അങ്ങയുടെ നിഗമനം എന്താണ്?
ഗുട്ടിയേരസ്: അറിവിന്‍റെ ഏതു മേഖലയിലുമുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ തുടക്കത്തില്‍ ഏറെ ജിജ്ഞാസയോടെ സ്വീകരിക്കപ്പെടും. പിന്നീട് പരിചിതത്വം മൂലം അതിന്‍റെ പ്രാധാന്യം കുറഞ്ഞതായി തോന്നും. വിമോചനദൈവശാസ്ത്രത്തിനും ഇത് ബാധകമാണ്. ദൈവശാസ്ത്രത്തിലെ മറ്റേത് കൈവഴിയുമെന്നപോലെ വിമോചനദൈവശാസ്ത്രവും ചരിത്രത്തിലെ ഒരു പ്രത്യേക മുഹൂര്‍ത്തവുമായി ബന്ധപ്പെട്ടാണ് ഉദയംകൊണ്ടത്. ഇപ്പോള്‍ നാം നമ്മോടുതന്നെ ചോദിക്കുന്നു - ആ ചരിത്ര സാഹചര്യത്തിന് മാറ്റമുണ്ടായോ? തീര്‍ച്ചയായും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ പല നിര്‍ണായക സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അറുപതുകളില്‍നിന്നും എഴുപതുകളില്‍നിന്നും രാഷ്ട്രീയസാഹചര്യം ഏറെ മാറി. എന്നാല്‍ ദരിദ്രരുടെ അവസ്ഥ അടിസ്ഥാനപരമായി മാറിയില്ല. ഈ സാഹചര്യത്തോട് ആത്മാര്‍ഥമായി പ്രതികരിക്കാന്‍ തയ്യാറുള്ള ഒരുകൂട്ടം ക്രൈസ്തവര്‍ ഉള്ളിടത്തോളം കാലം, അവര്‍ ദരിദ്രരില്‍ ക്രിസ്തുവിനെ പിന്തുടരാന്‍ ആഗ്രഹിക്കുകയും വിമോചനദൈവശാസ്ത്രം പോലുള്ള ഏതെങ്കിലും ഒരാശയം അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും.
വിമോചന ദൈവശാസ്ത്രത്തെ ഏകവചനത്തില്‍ പരാമര്‍ശിക്കുക പതിവാണെങ്കിലും അതിന്‍റെ വൈവിധ്യപൂര്‍ണമായ പ്രയോഗങ്ങള്‍ക്ക് വടക്കേ അമേരിക്കയും മധ്യദക്ഷിണ അമേരിക്കയും ആഫ്രിക്കയും ഏഷ്യയും സാക്ഷ്യംവഹിക്കുന്നു. ഓരോ ദൈവശാസ്ത്ര പദ്ധതികള്‍ക്കും സവിശേഷ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള മുന്‍ഗണന എന്ന പൊതുസ്വഭാവം അവയെല്ലാം പങ്കുവയ്ക്കുന്നു. ദരിദ്രരുടെ സഹനത്തോടുള്ള പ്രതിബദ്ധതക്കു ചുറ്റും വിമോചനദൈവശാസ്ത്രം വലംവയ്ക്കുന്നു.
ഡാനിയല്‍: യുഎസിലെ വിമോചനദൈവശാസ്ത്രത്തിന്‍റെ സ്വഭാവം എന്താണ്? ഏറ്റം പ്രധാനമായി നാം വിമോചിക്കപ്പെടേണ്ടത് എന്തില്‍നിന്നൊക്കെയാണ്? ഉപഭോഗസംസ്കാരം, വംശീയത? യുഎസിലാണെങ്കില്‍ അങ്ങയുടെ ദൈവശാസ്ത്രം എപ്രകാരമായിരിക്കും?
ഗുട്ടിയേരസ്: ദാരിദ്ര്യം പല വഴികളില്‍ മനുഷ്യരേയും ദേശങ്ങളേയും നശിപ്പിക്കുമെന്നും തളര്‍ത്തുമെന്നും ദീര്‍ഘനാളത്തെ അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്പത്തും സുഭിക്ഷതയും നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുമെന്ന് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എല്ലാ ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും സുവിശേഷം പ്രചരിപ്പിക്കാനുള്ള പ്രചോദനങ്ങളും അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ദരിദ്രരാജ്യം ദരിദ്രരെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും നിരന്തരം ഓര്‍മ്മിച്ചുകൊണ്ടിരിക്കും. എന്നാല്‍ സമ്പന്നവും പ്രബലവുമായ രാജ്യത്തെ സംബന്ധിച്ചിടത്തോളം വംശീയ സങ്കുചിതത്വത്തെ മറികടന്ന് ദാരിദ്ര്യത്തെ ഓര്‍മിക്കുക എന്നതാണ് വെല്ലുവിളി. ഒരു പ്രത്യേക സാമൂഹിക വ്യവസ്ഥിതി പ്രവാചക വിമര്‍ശനത്തിന് പ്രചോദനമായേക്കാം. എന്നാല്‍ മറ്റു സന്ദര്‍ഭങ്ങളില്‍ സമൂഹം അതിന്‍റെ ഉദാത്തമായ മൂല്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടിവരും. പോരാടുന്ന ദരിദ്രരോടൊപ്പം നിലകൊണ്ടതിന്‍റെ ദീര്‍ഘചരിത്രം യുഎസിലെ കത്തോലിക്കാ സഭക്കുണ്ട്. ആദ്യതലമുറകുടിയേറ്റക്കാര്‍ക്കായി സഭ സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചു. എന്നാല്‍ കത്തോലിക്കര്‍ സാമൂഹിക പദവിയില്‍ മുന്നിലെത്തിയതോടെ അവരും ഉപഭോക്തൃ സംസ്കാരത്തിന്‍റെ അടിമകളായി. ദരിദ്രരെ മറക്കരുതെന്ന് പക്ഷേ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഈ നൂറ്റാണ്ടിന്‍റെ വിശ്വാസത്തില്‍ ജീവിക്കുന്നതിനും സാമൂഹിക സാംസ്കാരിക വെല്ലുവിളികള്‍ നേരിടുന്നതിനും അനുയോജ്യമായ, സാഹചര്യത്തിന് ഇണങ്ങുന്ന ദൈവശാസ്ത്രം വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ദൈവശാസ്ത്രജ്ഞര്‍ യുഎസിലുണ്ടെന്ന് ഞാന്‍ മറക്കുന്നില്ല. സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന ദൈവശാസ്ത്രം (Contextual Theology) തീര്‍ച്ചയായും ആഗോള പ്രതിസന്ധികളെക്കൂടി അഭിസംബോധന ചെയ്യുന്നതായിരിക്കണം. കാരണം ക്രൈസ്തവരുടെ ഉത്തരവാദിത്തം അതിര്‍ത്തികളില്‍ ഒതുങ്ങുന്നില്ല. ദരിദ്രരോടുള്ള ഐക്യദാര്‍ഢ്യത്തിന്, ഐക്യദാര്‍ഢ്യത്തിന്‍റെ വിശ്വാസജീവിതത്തിന് അന്താരാഷ്ട്രമാനങ്ങളുണ്ട്.
ഡാനിയല്‍: വിമര്‍ശനങ്ങളുടെ മധ്യത്തില്‍, പ്രതിസന്ധിഘട്ടങ്ങളില്‍ അങ്ങ് ആനന്ദവും പ്രത്യാശയും നിലനിര്‍ത്തുന്നതെങ്ങനെ?
ഗുട്ടിയേരസ്: ക്രിസ്തീയ ആനന്ദം ഏതെങ്കിലും പ്രത്യേക ലക്ഷ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. ദൈവത്തിന് നമ്മോടുള്ള നിരുപാധികമായ സ്നേഹത്തിന്‍റെ അനുഭവമാണ് ക്രിസ്തീയആനന്ദം. ഭൗതിക സാഹചര്യങ്ങള്‍ ഒരിക്കല്‍ മാറിയേക്കാമെന്ന അനുമാനത്തിന്‍റെ പ്രതിഫലനമാണ് ശുഭാപ്തിവിശ്വാസം. ശുഭാപ്തിവിശ്വാസത്തില്‍ തെറ്റൊന്നുമില്ല. പക്ഷേ, അതിന് എപ്പോഴും കാരണങ്ങള്‍ ആവശ്യമാണ്. ദൈവശാസ്ത്രപരമായ പ്രത്യാശയെന്നത് വെറും ശുഭാപ്തിവിശ്വാസമല്ല. ദൈവം നമ്മുടെ ജീവിതത്തിലും ലോകത്തിലും പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യമാണ് പ്രത്യാശയുടെ അടിസ്ഥാനം. പ്രതിസന്ധിവേളകളില്‍ നിലനില്‍ക്കാന്‍ ദൈവം തരുന്ന സമ്മാനമാണ് പ്രത്യാശ. വിശ്വാസം, കാരുണ്യം എന്നീ 'വലിയ സഹോദരി'മാരുടെ മധ്യേ നടക്കുന്ന 'ചെറിയ സഹോദരി'യാണ് പ്രത്യാശയെന്ന് ചാള്‍സ് പെഗ്വേ (Charles Peguy) പറഞ്ഞിരിക്കുന്നു. 'വലിയ സഹോദരി'മാര്‍ ക്ഷീണിക്കുമ്പോള്‍ 'ചെറിയ സഹോദരി' അവര്‍ക്ക് പുതുജീവനും ചൈതന്യവും പകരുന്നു. നമ്മുടെ വിശ്വാസം തളരാനും നമ്മുടെ സ്നേഹം ഇടറാനും പ്രത്യാശ ഒരിക്കലും അനുവദിക്കുന്നില്ല.
ചെറുപ്പത്തില്‍ പ്രത്യാശയെയും ആനന്ദത്തെയും കുറിച്ച് ഞാന്‍ ഏറെ അറിഞ്ഞു. പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസുവരെ ഞാന്‍ അസ്ഥിസംബന്ധമായ ഗുരുതരരോഗത്താല്‍ (Osteomyelitis) കിടക്കപ്പായയിലായിരുന്നു. നിരാശക്ക് തീര്‍ച്ചയായും കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രാര്‍ഥനയിലൂടെയും വായനയിലൂടെയും കൂട്ടുകാരിലൂടെയും കുടുംബക്കാരിലൂടെയും പ്രത്യാശ സമ്മാനമായെത്തി.
പിന്നീട് സഹനങ്ങള്‍ക്കു മധ്യേ എങ്ങനെ പ്രത്യാശ കാത്തുസൂക്ഷിക്കാമെന്നതിന്‍റെ നിരവധി പാഠങ്ങള്‍ ലിമയിലെ എന്‍റെ ഇടവകക്കാര്‍ എന്നെ പഠിപ്പിച്ചു. അതാണ് അധ്വാനത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ എനിക്ക് പ്രചോദനമായത്. പ്രതിസന്ധി മുഹൂര്‍ത്തങ്ങള്‍ പ്രത്യാശ കണ്ടെത്തും തീര്‍ച്ച.
പിന്‍കുറിപ്പ് - സ്വന്തം ദേശത്തേയും ജീവിതത്തിലെയും അനുഭവങ്ങളാണ് വിമോചനദൈവശാസ്ത്രജ്ഞരുടെ ശ്രദ്ധ ദരിദ്രരിലേക്ക് തിരിയാന്‍ കാരണമായതെന്ന് ഗുസ്താവോ ഗുട്ടിയേരസ് വിശദീകരിക്കുന്നു. ദരിദ്രര്‍ കണ്ണില്‍പ്പെട്ടതാണ് വിമോചന ദൈവശാസ്ത്രത്തിലേക്കുള്ള വഴിത്തിരിവിന് നിമിത്തമായതെന്ന് L’Osser vatore Romaro വില്‍ എഴുതിയ ലേഖനത്തില്‍ ഗുട്ടിയേരസ് പറയുന്നു. സോവിയറ്റ് യൂണിയനിലെ ചാരസംഘടനയായ കെ.ജി.ബി.യാണ് വിമോചനദൈവശാസ്ത്രം പടച്ചുണ്ടാക്കിയതെന്ന റൊമാനിയന്‍ രഹസ്യപോലീസ് മേധാവി മിഹായ് പാസെപ്പ (Michai Pacepo)യുടെ ആക്ഷേപത്തിനു മറുപടിയായി ഗുട്ടിയേരസിന്‍റെ ഈ വിശദീകരണത്തെ കണക്കാക്കുന്നു. വിമോചനദൈവശാസ്ത്രത്തിന് ലാറ്റിനമേരിക്കയില്‍ വേരുറപ്പിക്കാന്‍ സഹായം നല്‍കിയതും കെ.ജി.ബി.യാണെന്ന് മിഹായ് പാസെപ ആരോപിച്ചിരുന്നു. കാത്തലിക് ന്യൂസ് ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിലെ പരാമര്‍ശനങ്ങള്‍ വത്തിക്കാന്‍റെ അകത്തളങ്ങളില്‍ ചലനങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
"ദരിദ്രരെ നാം മനുഷ്യരായി കണക്കാക്കുന്നില്ല. ദരിദ്രര്‍ സമൂഹത്തില്‍ എണ്ണപ്പെടുന്നില്ല. അവര്‍ അദൃശ്യരാണ്. അവര്‍ക്ക് അവകാശങ്ങളില്ല. അവരുടെ അന്തസ് പരിഗണിക്കപ്പെടുന്നില്ല" ഗുട്ടിയേരസ് പറയുന്നു.
ദാരിദ്ര്യത്തെക്കുറിച്ച് രണ്ടുതരം ക്രൈസ്തവ ചിന്താധാരകളുണ്ടെന്ന് ഗുട്ടിയേരസ് ചൂണ്ടിക്കാട്ടുന്നു. ദരിദ്രരുമായി താദാത്മ്യം പ്രാപിച്ച ക്രിസ്തുവിന്‍റെ നിലപാടാണ് ഒരു ചിന്താധാരയ്ക്ക് അടിസ്ഥാനം. രണ്ടാമത്തെ ചിന്താപദ്ധതിയുടെ അടിസ്ഥാനം ദരിദ്രനായി ജീവിച്ച ക്രിസ്തുതന്നെ. ക്രിസ്തു ദരിദ്രനായി ജീവിച്ചതിനാല്‍, ക്രൈസ്തവര്‍ അവിടുത്തെ അനുയായികള്‍ എന്ന നിലയില്‍, ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ കടപ്പെട്ടവരായി അവര്‍ കരുതുന്നു.
രണ്ടുചിന്താധാരകളും ശരിതന്നെ. അതേസമയം നമ്മുടെ ചരിത്രസന്ദര്‍ഭത്തിന്‍റെയും നമ്മുടെ കാലത്തെ ജീവിതത്തിന്‍റെയും അടിസ്ഥാനത്തില്‍ രണ്ടുനിലപാടുകളെയും നാം വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും ഗുട്ടിയേരസ് പറയുന്നു.