news-details
കഥപറയുന്ന അഭ്രപാളി

മുറിപ്പെടുത്തലിന്‍റെ അനുഷ്ഠാനരൂപങ്ങള്‍ (Burning)

നിങ്ങളുടെ ഈ ലോകത്തോടുള്ള വിനിമയം ഒട്ടൊക്കെ ഏകമുഖമായിരിക്കുന്നു. എന്നാല്‍ ചരിത്രത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുള്ള സ്വാധീനങ്ങള്‍കൊണ്ട് ജീവിതം കണ്‍മുന്നില്‍ കുത്തിയൊലിച്ച് പോകുന്നു. നിങ്ങളില്‍ നിശ്ശബ്ദമായി നീറിപ്പുകയുന്നതൊന്നും ഈ ലോകം കാണുകയില്ല. എങ്ങനെയാണ് നിങ്ങള്‍ ഒരേ സമയം ഈ ലോകവുമായി ബന്ധപ്പെട്ടിരിക്കുകയും അതേസമയം നിങ്ങളുടെ സ്വകാര്യതയിലേക്ക് പിന്‍വാങ്ങാന്‍ ധൃതിപ്പെടുകയും ചെയ്യുന്നത്. ഓരോ കലാകാരനും ജീവിതത്തിനുപുറകെ നിരന്തരമായ ഒരു ഓട്ടപ്പാച്ചിലിലായിരിക്കും; ഒരു ഡിക്ടറ്റീവിനെപ്പോലെ ഒരു മനശ്ശാസ്ത്രജ്ഞനെപ്പോലെ സംവിധായകന്‍ ലീ-ചാങ്-ഡോങ് തന്‍റെ കഥാപാത്രങ്ങളെ പിന്‍തുടരുന്നു. നമ്മുടെ കാഴ്ചകളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തെ മിഥ്യയെന്നും യാഥാര്‍ത്ഥ്യമെന്നും ലേബലിട്ട് നമ്മുടെ ചഷകങ്ങള്‍ നിറച്ചുതരുന്നു. ദൃശ്യങ്ങള്‍ക്കുമേല്‍ ദൃശ്യങ്ങള്‍ അടര്‍ന്നുവീഴുമ്പോള്‍ സിനിമയുടെ അര്‍ത്ഥത്തെപ്പറ്റി പലരും വ്യാകുലപ്പെട്ടു. 
 
പട്ടാളത്തില്‍നിന്ന് വിരമിച്ച് ഏകാന്തമായ ഒരു ജീവിതം നയിച്ചുപോരുന്ന ഒരു ചെറുപ്പക്കാരന്‍. അയാളുടെ ജീവിതത്തിന് സവിശേഷമായ ഒരു ആകര്‍ഷകത്വവും കല്പിക്കുവാനില്ല. ഒട്ടൊക്കെയും ഈ ലോകത്തിന് അയാള്‍ അദൃശ്യനായിരുന്നു. അയാളുടെ അമ്മ എന്നോ വീടുപേക്ഷിച്ച് പോയിരുന്നു. അപ്പന്‍ എന്തോ ക്രിമിനല്‍കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിക്കുന്നു. ഈ സൂചനകള്‍ക്കപ്പുറം ജോങ്സു എന്ന കഥാപാത്രം പ്രക്ഷേകനും കഥാപാത്രത്തിന്‍റെ ചുറ്റുപാടുകള്‍ക്കും ഒരു കടങ്കഥയാണ്. അയാളുമായി ഇടപഴകുന്ന വ്യക്തികളെല്ലാം ജോങ്സുവിന്‍റെ ഭാവിയെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുന്നു. അയാളുടെ ലക്ഷ്യം സാഹിത്യരചനയാണെന്ന് ഒരു ആത്മവിശ്വാസമില്ലാത്ത സ്വരത്തില്‍ അയാള്‍ പലരോടും ആവര്‍ത്തിക്കുന്നു. എങ്കിലും ചിത്രത്തില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലൊഴികെ അയാള്‍ എന്തെങ്കിലും എഴുതുന്നതായി നാം കാണുന്നില്ല. അയാള്‍ നേരിടുന്ന ചോദ്യങ്ങളേറെയും 'എന്താണ് എഴുതുന്നതെന്നാണ്. എങ്കിലും അതിനെപ്പറ്റി വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ അയാള്‍ക്കാവുന്നില്ല. കഥ നടക്കുന്നത് പകുതിയും ജോങ്സുവെന്ന കഥാപാത്രത്തിന്‍റെ അന്വേഷണങ്ങളിലൂടെയും അയാള്‍ക്കുള്ളിലെ എഴുത്തുകാരന്‍റെ ഭാവനയിലൂടെയുമാണ്. 
 
അപ്രതീക്ഷിതമായി അയാളുടെ ഏകാന്തതയിലേക്ക് ചില അതിഥികള്‍ കടന്നുവരുന്നു. നഗരത്തിലെ ഒരു വിപണന മേളയില്‍വച്ച് ഒരു സെയില്‍സ് ഗേള്‍ അയാളെ തിരിച്ചറിയുന്നു. ഹൈസ്കൂളില്‍ അവര്‍ സഹപാഠികളായിരുന്നുവെന്ന് അവള്‍ അയാളെ ഓര്‍മ്മപ്പെടുത്തുന്നു. എങ്കിലും ഓര്‍മ്മകളില്‍ ആ രൂപം തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ താന്‍ ചെറിയ കോസ്മറ്റിക് സര്‍ജറിക്ക് വിധേയയായെന്നും ഇപ്പോള്‍ പലരും തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നുവെന്നും അവള്‍ പറയുന്നു. ഈ സായാഹ്നം അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവള്‍ അയാളെ ക്ഷണിക്കുന്നു. അവള്‍ അയാളോട് അടുത്ത് ഇടപഴകുന്നുവെങ്കിലും അവളോട് തുറന്ന് സംസാരിക്കാന്‍ അയാള്‍ക്കാവുന്നില്ല. ആ കൂടിക്കാഴ്ചയില്‍ അവള്‍ കൂടുതലായി അവളെപ്പറ്റി സംസാരിക്കുന്നു. ചില 'പാന്‍റോമൈം' വിദ്യകള്‍ കാട്ടി അവള്‍ അയാളെ അത്ഭുതപ്പെടുത്തുന്നു. അവളുടെ യാത്രകളോടുള്ള കമ്പത്തെപ്പറ്റിയും ഉടനെ ആഫ്രിക്കയിലേക്ക് ഒരു യാത്ര പോകുന്നതിനെപ്പറ്റിയും അവള്‍ അയാളോട് പറയുന്നു. അവളുടെ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അയാളുടെ ശ്രദ്ധ ചുംബനത്തില്‍ മുഴുകിയിരുന്ന രണ്ട് കമിതാക്കളില്‍ ഉടക്കുന്നു. ആ  രാത്രി അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവള്‍ അയാളെ ക്ഷണിക്കുന്നു. അവര്‍ പരസ്പരം പങ്കിട്ട ആ ദിവസം ഒരിക്കല്‍ സഹപാഠികള്‍ക്കുമുന്‍പില്‍ തന്‍റെ വിരൂപമായ മുഖത്തെ ജോങ്സു പരിഹസിച്ചതായി അവള്‍ പറയുന്നു. എന്നാല്‍ അതിന് മറുപടി  പറയാന്‍ അയാള്‍ക്കാവുന്നില്ല. നിസ്സഹായതയോടെ അയാള്‍ അവളുടെ മുഖത്തേക്കു നോക്കുന്നു. 
പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ബാണ്‍ബേണിങ്ങ്' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 
 
1939-ല്‍ വില്യം ഫോക്നര്‍ മറ്റൊരു കഥ എഴുതിയിട്ടുണ്ട്. എടുത്തുചാട്ടക്കാരനും മുന്‍കോപിയുമായ  പിതാവ് തനിക്ക് വിരോധം തോന്നുന്ന വ്യക്തികളുടെ കളപ്പുര കത്തിച്ച് പ്രതികാരം ചെയ്യുന്നതും കുടുംബത്തോടെ തുടര്‍ച്ചയായി പലായനങ്ങള്‍ ചെയ്യുന്നതുമായ അനുഭവങ്ങള്‍ മകനായ സാര്‍ട്ടോറസിന്‍റെ വീക്ഷണത്തിലൂടെ പറയുകയാണ് ഫോക്നര്‍ ചെയ്യുന്നത്.  
 
സിനിമയില്‍ ജോങ്സു പ്രണയിനിയായ ഹാമിയുടെ കൂട്ടുകാരനായ ബെന്നിനോട് പറയുന്നത് തന്‍റെ പ്രിയ എഴുത്തുകാരന്‍ ഫോക്നര്‍ ആണെന്നാണ്. സിനിമയില്‍ അയല്‍ക്കാരുടെ കൃഷി നശിപ്പിക്കുകയും പോലീസിനെ ശാരീരികമായി നേരിടുകയും ചെയ്ത് ജയില്‍ശിക്ഷ അനുഭവിക്കുന്ന ജോങ്സുവിന്‍റെ പിതാവ് ഫോക്നറുടെ കഥയിലെ മുന്‍കോപിയായ പിതാവ് തന്നെയാണ്.
 
ഫോക്നറില്‍ നിന്ന് മുറകാമിയിലെത്തുമ്പോള്‍ സിനിമയുടെ മജ്ജയും മാംസവും മുറകാമിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാം. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഏകദേശം ഒരുപോലെ തന്നെയെങ്കിലും ചെഥുകഥയുടെ ഹൃസ്വമായ വിവരണങ്ങള്‍ക്കപ്പുറം സിനിമ ദാര്‍ശനികമായി പരിണാമം ചെയ്യുന്നു. ഏകാന്തതയില്‍നിന്ന് ഏകാന്തതയിലേക്കുള്ള ദൂരമളക്കുകയാണ് സിനിമയില്‍ കഥാപാത്രങ്ങള്‍. ആഫ്രിക്കന്‍ നാടോടിക്കഥയിലെ ചെറിയ വിശപ്പും വലിയ വിശപ്പുമുള്ള മനുഷ്യരെ തേടിപ്പോയ ഹാമി വലിയ വിശപ്പുള്ള ഒരു മനുഷ്യനായി തിരിച്ചുവരുന്നു. ജോങ്-സു അയാളെ മറ്റൊരു ഗാറ്റ്സ്ബിയായി വിലയിരുത്തുന്നു. അതിസമ്പന്നായ ഒരു ബിസിനസ്സുകാരനാണ് ബെന്‍, എന്നാല്‍ അയാളുടെ ഇടപാടുകളുടെ ദുരൂഹത അയാളുടെ മാന്യപരിവേഷവുമായി ചേര്‍ന്നുപോകുന്നില്ല.  
 
ബെന്‍ വളരെ സാധാരണ ചുറ്റുപാടുകളില്‍ വളര്‍ന്ന പെണ്‍കുട്ടികളെ തന്‍റെ കൂട്ടുകാരികളായി തിരഞ്ഞെടുക്കുന്നു. അയാള്‍ക്ക് അവരോടുളള കൗതുകം തികച്ചും നൈമിഷികം മാത്രമാണ്. ഒരു പാവകളിക്കാരന്‍റെ പാടവത്തോടെ അയാളുടെ വരേണ്യസദസ്സുകളിലേക്ക് തന്‍റെ പുതിയ കൂട്ടുകാരികളെ ആനയിക്കുന്നു. ഒരു കോമാളിയോടെന്നപോലെയോ കാഴ്ചബംഗ്ലാവിലെ ഒരു ഹിംസ്രജന്തുവിനോടെന്നപോലെയോ കാഴ്ചക്കാര്‍ അവരോട് പെരുമാറുന്നു. ഈ പ്രവൃത്തികള്‍ക്കെല്ലാം നടുവില്‍ മൂകസാക്ഷിയായി വര്‍ത്തിക്കുന്ന നായകന്‍ കാണുന്നത് ഹാമിയോടുള്ള താത്പര്യം നഷ്ടപ്പെട്ട് ഏതേതോ ആപത്തിന്‍റെ മുന്നറിയിപ്പുപോലെ ഉള്ളില്‍നിന്ന് തികട്ടി, തികട്ടി വരുന്ന കോട്ടുവായകള്‍ ഒളിപ്പിക്കാന്‍ അസ്വസ്ഥനാകുന്ന ബെന്നിനെയാണ്.
 
ഹാമിയുടെ അസാന്നിധ്യത്തില്‍ ജോങ്സു അവളോട് തനിക്കുള്ള പ്രണയത്തിന്‍റെ ആഴം തിരിച്ചറിയുന്നു. നാട്ടിന്‍പുറത്തെ ജോങ്സുവിന്‍റെ ഫാമും വീടും കാണുവാന്‍ ബെന്‍ ഹാമിയുമായി ജോങ്സുവിന്‍റെ ഗ്രാമത്തിലെത്തുന്നു. മരിജ്വാനയുടെ ഉന്മാദത്തില്‍ ബെന്‍ അയാളുടെ ചില രഹസ്യങ്ങള്‍ പരസ്യമാക്കുന്നു. കൃഷിയിടങ്ങളിലെ ഗ്രീന്‍ഹൗസുകള്‍ രാത്രിയില്‍ ചെന്ന് തീവെയ്ക്കുക തന്‍റെയൊരു ഭ്രാന്തന്‍ വിനോദമാണെന്നും ഒരു തമാശരൂപേണ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ജോങ്സുവിന്‍റെ മനസ്സിലും അണയാതെ കിടന്ന ചില കനലുകള്‍ വീണ്ടും നീറികത്തുവാന്‍ തുടങ്ങുന്നു. അവന്‍റെ കുട്ടിക്കാലത്ത് അച്ഛന്‍റെ പീഡനം സഹിക്കവയ്യാതെ അമ്മ വീടുവിട്ട് പോയതും അമ്മ മരിച്ചുപോയി എന്നര്‍ത്ഥത്തില്‍ അമ്മയുടെ വസ്ത്രങ്ങളെല്ലാം കത്തിച്ചുകളയാന്‍ അച്ഛന്‍ ഉത്തരവിട്ടപ്പോള്‍ ദുഃഖത്തോടെ അമ്മയെ ജീവിതത്തില്‍നിന്നും എരിച്ചുകളയേണ്ടിവന്ന കുറ്റബോധം ജോങ്സുവിനെ ചുട്ടുപൊളളിക്കുന്നു. പിറ്റേന്ന് അതിഥികള്‍ സ്ഥലംവിടുന്നതിനുമുന്‍പ് ഹാമിയെ താന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെന്ന് ജോങ്സു ബെന്നിനെ അറിയിക്കുന്നു. എങ്കിലും അന്നയാള്‍ക്കത് നേരിട്ടു പറയാമായിരുന്നില്ലേ എന്ന് നാം സംശയിക്കുന്നു. അച്ഛന്‍റെ വാശിയില്‍ അമ്മയെ നഷ്ടമായതുപോലെ ബെന്നിന്‍റെ ഭ്രാന്തന്‍ വിനോദങ്ങളില്‍ ഹാമിയെ തനിക്കു നഷ്ടമാകരുതെന്ന് ജോങ്സു തീരുമാനിക്കുന്നു. അതുപോലെ തന്നെ തന്‍റെ ഗ്രാമത്തില്‍ ഒരു ഗ്രീന്‍ഹൗസും കത്തിനശിച്ചിട്ടില്ലെന്ന് അയാള്‍ ഉറപ്പുവരുത്തുന്നു. ആഴ്ചകള്‍ കടന്നുപോകുന്നു. അയാള്‍ക്ക് ഹാമിയെ കണ്ടെത്താനാകുന്നില്ല. തുടര്‍ന്ന് അയാള്‍ ബെന്നിനെ രഹസ്യമായി പിന്‍തുടരാന്‍ തുടങ്ങുന്നു. മറ്റൊരുദിവസം ഒരു കഫേയില്‍വച്ച് ബെന്നിനെ കണ്ടുമുട്ടുമ്പോള്‍ അയാളുടെകൂടെ പുതിയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ജോങ്സു ഹാമിയെപ്പറ്റി തിരക്കുമ്പോള്‍ എന്തോ ക്രെഡിറ്റുകാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ കാരണം നഗരം വിട്ടുപോയി എന്ന് അറിയാന്‍ കഴിഞ്ഞു എന്ന് പറയുന്നു. ജോങ്സുവിനോട് ഒരു പ്രത്യേക ഇഷ്ടം ഹാമിക്കുണ്ടായിരുന്നുവെന്നും അവളത് പറഞ്ഞപ്പോള്‍ ജോങ്സുവിനോട് തനിക്ക് വല്ലാത്ത അസൂയ തോന്നിയെന്നും ബെന്‍ പറയുന്നു. ജോങ്സു വീണ്ടും ഹാമിയെ തേടി അലയുന്നു. അന്വേഷണം കറങ്ങിത്തിരിഞ്ഞ് ബെന്നില്‍ തന്നെയെത്തുന്നു. ബെന്നിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ മറ്റൊരു പാര്‍ട്ടി നടക്കുകയാണ്. ബെന്നിന്‍റെ പുതിയ കൂട്ടുകാരിയാണ് അതിഥി. ഹാമിയെപ്പറ്റി അന്വേഷിക്കാന്‍ അവിടെയെത്തിയ ജോങ്സു വളരെ സംശയകരമായ രീതിയില്‍ ഹാമിയുടേതിന് സമാനമായൊരു പൂച്ചയെ ബെന്നിന്‍റെ വീട്ടില്‍ കാണുന്നു. അതുപോലെ തന്നെ റെസ്റ്റ്റൂമിലെ ഡ്രോയറില്‍ സ്ത്രീകളുടെ മേക്കപ്പ് സാധനങ്ങള്‍ക്കിടയില്‍ കുറെ സ്ത്രീകളുടെ ബ്രേസ് ലെറ്റുകള്‍ കാണുന്നു. അതിനിടയില്‍ അയാള്‍ ഹാമിക്ക് സമ്മാനിച്ച വാച്ചും ഉണ്ടായിരുന്നു, അസ്വസ്ഥനായ അയാള്‍ ഉടന്‍തന്നെ വീട്ടിലേക്ക് മടങ്ങുന്നു. ഇതുവരെ തുടങ്ങാന്‍ പറ്റാതിരുന്ന നോവല്‍ അയാള്‍ ആരംഭിക്കുന്നു. അവസാനസീനില്‍ ഒരു ഗ്രീന്‍ഹൗസ് യാര്‍ഡിന് നടുവിലായി പാര്‍ക്കുചെയ്ത കാറിനുള്ളിലേക്ക് അയാളുടെ മൃതശരീരം കയറ്റിവച്ച് കാറിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീ കൊടുക്കുകയാണ് ജോങ്സു.
സിനിമയിലരിടത്ത് ബെന്‍ ജോങ്സുവിനോട് പറയുന്നതുപോലെ 'ഞാന്‍ ഒന്നിനെയും വിധിക്കുന്നില്ല. ചില കളപ്പുരകള്‍ തീപിടിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. നമുക്കതു നിഷേധിക്കാനാവില്ല. മഴ പെയ്യുന്നതുപോലെ തീര്‍ത്തും സ്വാഭാവികമാണത്. മഴപെയ്യുന്നു, പ്രളയമുണ്ടാകുന്നു. ആളുകള്‍ മരിക്കുന്നു എന്നവെച്ച് മഴ പെയ്യാതിരിക്കുന്നില്ല. മഴ ഒന്നിനേയും വിധിക്കുന്നില്ല. പ്രകൃതി ഒന്നിനെയും വിധിക്കുന്നില്ല. ഒരു തരത്തില്‍ അതാണ് പ്രപഞ്ച നീതി."
 
 
അഖില്‍ പ്രസാദ് കെ. ജോണ്‍, ഫിലിം ക്ലബ്, എസ്. ബി. കോളേജ്

You can share this post!

റണ്‍ ലോലാ റണ്‍

അജീഷ് തോമസ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts