2017 ഫെബ്രുവരി മാസം 19-ാം തീയതി ഹിതയും ഐറിഷും മിലേനയും പ്രഭുവും കോഴിക്കോട് പേരാമ്പ്ര 'സമ'ത്തില്‍ വച്ച് തങ്ങളുടെ വിവാഹം മരംനട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ വിത്തുപാകിയത് ഒരു നവസംസ്കാരത്തിനു കൂടിയാണ്. അനുദിനം ആഘോഷിക്കപ്പെടുന്ന വിവാഹചടങ്ങുകളിലെ ധാരാളിത്തത്തെ ഭൂമിക്കൊരു കുട നല്‍കി ചുരുക്കിയെടുത്ത ഇവരുടെ ജീവിതത്തെ പറ്റി ഹിതയും ഐറിഷും മനസ്സു തുറക്കുന്നു. ഹിത ആയൂര്‍വ്വേദ ഡോക്ടറും ഐറിഷ് അഡ്വഞ്ചര്‍ സ്പോട്സ് പരിശീലകനുമാണ്.
സാധാരണ വിവാഹരീതികളെ മറികടന്ന് മരംനട്ട് വിവാഹിതരാകാന്‍ തീരുമാനിക്കാന്‍ കാരണം?
ആര്‍ഭാടം ഒഴിവാക്കുക എന്നുള്ളത് തന്നെ ആയിരുന്നു ആദ്യത്തെ ലക്ഷ്യം. സ്വര്‍ണം ഒഴിവാക്കി താലികെട്ട് ഒന്നും ഇല്ലാതെ പിന്നെ എങ്ങനെ എന്ന് ചിന്തിച്ചപ്പോള്‍ ആണ് ഈ ഒരാശയം വന്നത്, മരത്തൈ കുഴിച്ചിട്ടാവുമ്പോള്‍ നമ്മുടെ ജീവിതത്തിന് ഒപ്പം അതും വളരും നമ്മുടെ കൂടെ തന്നെ, എന്നും ഒരു തെളിവായി. അതിനുപരി ഒരു കല്ല്യാണം കൊണ്ട് നമ്മള്‍ പ്രകൃതിയ്ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കി പ്രകൃതിയ്ക്ക് വേണ്ടി ഒരു മരം.
നിങ്ങള്‍ വിവാഹത്തിലേക്കെത്തിച്ചേര്‍ന്ന വഴികളില്‍ പങ്കാളിയുടെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തമ്മില്‍ സമാനതകളുണ്ടായിരുന്നോ? അതായത് ഒരാളുടെ ഇഷ്ടങ്ങളാണോ അതോ ഒരുമിച്ചു കണ്ടെത്തിയ ഇഷ്ടങ്ങളാണോ കൂടുതല്‍ ഉണ്ടായത്?
നല്ലൊരു സുഹൃത്തിന് നല്ലൊരു പങ്കാളി ആവാന്‍ സാധിക്കും എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഞങ്ങള്‍ തമ്മില്‍ ജനിച്ചതും വളര്‍ന്ന സാഹചര്യങ്ങളും വളരെ വ്യത്യസ്തമായിരുന്നു എങ്കിലും അപ്പോള്‍ ജീവിക്കുന്ന സാഹചര്യം ഏകദേശം ഒന്നായിരുന്നു. ഒരേ thoughts എന്ന് പറയുന്നില്ല എങ്കിലും എവിടെയൊക്കെയോ ഒരേ ആശയങ്ങളും ആഗ്രഹിക്കുന്ന ജീവിത ശീലങ്ങളും ഒന്നായിരുന്നു.
വിവാഹസങ്കല്‍പങ്ങള്‍ ചെറുപ്പംമുതലെ പലര്‍ക്കും പലതാണ്. മുതിര്‍ന്നു കഴിയുമ്പോള്‍ വ്യത്യാസങ്ങള്‍ വരാം. നിങ്ങളുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്?
ഐറിഷ്: ഞാന്‍ ഒരിക്കലും വളര്‍ന്നതും പഠിച്ചതും ഒന്നും തന്നെ ഈ ഒരു രീതിയില്‍ അല്ല. എല്ലാവരെയും പോലെ തന്നെ ചെറുപ്പത്തില്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് കല്യാണം പള്ളിയില്‍ വെച്ച് നടത്തണം എന്നൊക്കെ. പക്ഷേ ഒറ്റയ്ക്ക് ജീവിച്ച് തുടങ്ങിയപ്പോള്‍ പലതും മാറി ചിന്തിച്ച് തുടങ്ങി. പരിചയപെടുന്ന ഓരോ വ്യക്തികളും എന്നെ സ്വാധീനിച്ചു. ഈ ഭൂമി നമുക്ക് മാത്രം ഉള്ളതല്ല നമ്മളെപോലെ തന്നെ ബാക്കി എല്ലാവര്‍ക്കും അവകാശപെടുന്നതാണ്. എന്നിട്ടും ഭൂമിയെ നശിപ്പിക്കുന്നതില്‍ നാം ഒട്ടും പിറകിലല്ല. പിന്നെ രണ്ട് പേര് ഒരുമിച്ച് ജീവിക്കുന്നതിന് എന്തിനാണ് ഇത്രേം ബഹളം എന്ന് ചിന്തിച്ച് തുടങ്ങി.
ഹിത: ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഈ സാഹചര്യത്തില്‍ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ ആഗ്രഹവും ഇങ്ങനൊക്കെ തന്നെ ആയിരുന്നു. ഒരിക്കലും ഞങ്ങള്‍ ഒറ്റയ്ക്ക് എടുത്ത ഒരു തീരുമാനം അല്ല ഇത്. അച്ഛന്‍റെ തീരുമാനം ആയിരുന്നു മരത്തൈ നടാം എന്നുള്ളത്. ഞാന്‍ ഇങ്ങനെ ഒക്കെ ആയെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ അച്ഛന്‍ എന്ന വ്യക്തി ഉള്ളതുകൊണ്ടാണ്. വീട്ടുകാരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രം ആണ് നമുക്ക് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുന്നത്. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്തതും അതുകൊണ്ട് തന്നെ ആണ്.
സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു നിങ്ങളുടെ വിവാഹം. ഒരു 'ട്രെന്‍ഡ് സെറ്റര്‍' എന്ന നിലയില്‍ മാധ്യമശ്രദ്ധ നേടി. തുടര്‍ന്നുള്ള അതിന്‍റെ Imapact, സമൂഹത്തിലും സുഹൃത്തുക്കളിലും സംഭവിച്ച മാറ്റങ്ങള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
Imapact രണ്ട് തരത്തില്‍ ആണ്, ഒന്ന് നമുക്ക് മറ്റുള്ളവരോട് കാര്യങ്ങള്‍ പറയാനും സംവദിക്കാനും ഒരു പ്ലാറ്റ്ഫോം കിട്ടി, എന്തെന്നാല്‍ കുറച്ച് പേരാണെങ്കില്‍ കൂടി നമ്മള്‍ അറിയപ്പെടാന്‍ തുടങ്ങി, നമ്മളെ ശ്രദ്ധിക്കാനും ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാനും തുടങ്ങി. ചെറിയ രീതിയില്‍ പ്രശസ്തരുമായി. ഈ അവസരത്തില്‍ നമ്മളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനും അത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഉള്ള ഒരു സാഹചര്യം ഉണ്ടായി, ഇതുപോലെ തന്നെ മറ്റൊരു വശവും ഉണ്ട്. കുറച്ച് കൂടെ ശ്രദ്ധയില്‍ ജീവിക്കേണ്ടി വന്നു. ഒത്തിരി കണ്ണുകള്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു എന്ത് ചെയ്യുന്നു എങ്ങനെ ചെയ്യുന്നു എന്നൊക്കെ നോക്കാന്‍. ചെറിയ തെറ്റുകള്‍ പോലും വിമര്‍ശിക്കപ്പെട്ടു. അത് ആരുടെയും തെറ്റല്ല. നമുക്ക് അതില്‍നിന്നും ഒരു പാട് തെറ്റുകളും ശരികളും പഠിക്കാന്‍ പറ്റിയെങ്കിലും ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ചിന്തിച്ച് ചെയ്യേണ്ടി വന്നു.
സമൂഹത്തില്‍ ഇതിനോടുണ്ടായ പ്രതികരണങ്ങള്‍?
തികച്ചും വ്യത്യസ്തങ്ങളായ പ്രതികരണങ്ങളായിരുന്നു.
1. ഇതുപോലെ ചെയ്യണം എന്ന് ആഗ്രഹിച്ചിട്ടും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വന്നിട്ടുള്ളവര്‍, അതില്‍ തന്നെ ഗതികേട് കൊണ്ടാണ് ഇഷ്ടപെട്ടവരെ കെട്ടിച്ചുതരാം എന്ന് വീട്ടുകാര്‍ പറയുകയും അതിന് വേണ്ടി വീട്ടുകാരുടെ ഡിമാന്‍ഡ് മാനിക്കേണ്ടി വരുകയും ചെയ്യുന്ന ചില ആള്‍ക്കാര്‍,
2. പിന്നൊന്നുള്ളത് ഒരു രീതിയിലും ചിലവു ചുരുക്കാന്‍ പറ്റാത്ത ആള്‍ക്കാര്‍ (വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട്, ആത്മഹത്യ ഭീഷണി, ഇമോഷണല്‍ ബ്ലാക്ക്മെയില്‍ തുടങ്ങിയവമൂലം) കല്ല്യാണത്തിന് എന്തെങ്കിലും ഒക്കെ മാറ്റം വരുത്താന്‍ ശ്രമിക്കാറുണ്ട്. (അനാവശ്യ ആചാരങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ ലളിതമാക്കും)
3. ഇതൊക്കെ കേള്‍ക്കാനും കാണാനും നല്ല രസാ, പക്ഷേ നമ്മള്‍ എങ്ങനെ ചെയ്യാനാ, നാട്ടുകാര്‍ എന്ത് വിചാരിക്കും, നമ്മള്‍ ജീവിച്ചത് അങ്ങനെയല്ലല്ലോ എന്നൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍
4. ആരുടെയും തീരുമാനങ്ങള്‍ക്ക് നില്‍ക്കാതെ രണ്ട് പേര്‍ മാത്രം തീരുമാനിച്ച് വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിക്കുന്നത്.
5. ഇങ്ങനെ ഒന്നും കല്ല്യാണം കഴിക്കാന്‍ പാടില്ല, ആചാരം ആണ് അതൊക്കെ. താലി ഒന്നും കെട്ടാതെ ജീവിക്കാനേ പാടില്ല എന്ന് വാദിക്കുന്ന ആള്‍ക്കാര്‍.
ഇതിന്‍റെ കൂടെ ഒരു കാര്യം പറയട്ടെ, ഞങ്ങള്‍ കല്ല്യാണം എന്ന ഒരു തീരുമാനത്തില്‍ എത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു. എല്ലാ അനാവശ്യ ആചാരങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കണം. ഉള്ളില്‍ ഒത്തിരി ഭയം ഉണ്ടായിരുന്നു ആദ്യം, കാരണം താലി ഇല്ല, കുങ്കുമം ഇല്ല, മോതിരം ഇല്ല (അതൊക്കെ ആണല്ലോ നാട്ടിലെ കല്ല്യാണ പ്രതീകങ്ങള്‍) ഇതൊന്നും ഇല്ലാതെ എങ്ങനെ അംഗീകരിക്കപ്പെടും എന്നതായിരുന്നു ഭയത്തിന്‍റെ കാരണം. പക്ഷേ ഇതൊന്നും ഇല്ലാതെയും ഇപ്പോഴും എല്ലാവരും ഞങ്ങളെ ഭാര്യയും ഭര്‍ത്താവും ആയി കാണുന്നു. ഇങ്ങനെ പറയാന്‍ ഒരു താല്പര്യം ഇല്ലെങ്കിലും അവര്‍ അങ്ങനെ അംഗീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഈ ആചാരങ്ങള്‍ അനിവാര്യമല്ലെന്ന് മനസ്സിലായി. ഇതൊരാശ്വാസം തന്നെ.
6. വേറെ ചില കൂട്ടര്‍ ഉണ്ട്, നമ്മള്‍ ചെയ്തതിനെ ഒക്കെ പ്രശംസിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ 'അത് കല്യണം ജീവിതത്തില്‍ ഒന്നല്ലേ ഉള്ളൂ, എന്‍റെ ചെറുപ്പം തൊട്ടുള്ള സ്വപ്നം ആണ് ചുവന്ന സാരി ഉടുത്ത് സ്വര്‍ണം ഒക്കെ അണിഞ്ഞ് മുല്ലപ്പൂ വെച്ച് താളമേളത്തോടെ കല്ല്യാണം കഴിക്കണം എന്നുള്ളത് അല്ലെങ്കില്‍ പള്ളിയില്‍ ഗൗണ്‍ ഇട്ട് ഡയമണ്ട് മാലയൊക്കെയായി വിവാഹിതരാകണം' എന്ന ആഗ്രഹങ്ങള്‍ ഉള്ളവര്‍.
വിവാഹിതരായി ഒരുമിച്ചു ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രധാനമായും തിരിച്ചറിയേണ്ട വസ്തുത?
അവര്‍ പരസ്പരം എത്രത്തോളം മനസ്സിലാക്കുന്നു എന്നത് പ്രധാനമാണ്. എത്രയൊക്കെ ശ്രമിച്ചാലും പരസ്പരം മനസ്സിലാക്കുന്നതിന് ഒരു പരിധിയുണ്ടെങ്കിലും എനിക്ക് എന്തുകൊണ്ട് എന്‍റെ പങ്കാളിയെ ഇഷ്ടമായി എന്നുള്ളത് സ്വയം ചിന്തിക്കുമ്പോള്‍ നമുക്ക് കുറെ ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടും.
ദാമ്പത്യജീവിതത്തില്‍ അനിവാര്യമായി ഞങ്ങള്‍ക്ക് തോന്നുന്നത് എപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുക എന്നതാണ്.
എന്നെപ്പോലെ എന്‍റെ പങ്കാളിയും മനുഷ്യനാണ് എല്ലാ ഇമോഷനും ഉള്ള ഒരു മനുഷ്യന്‍. ജീവിതത്തില്‍ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും, ഒരാളും എപ്പോഴും ഒരു പോലെ ആയിരിക്കില്ല. അങ്ങനെ ആയിരിക്കാന്‍ നമ്മള്‍ വാശി പിടിച്ചിട്ട് ഒരു കാര്യവും ഇല്ല. അങ്ങനെ ഒരു മാറ്റവും നമുക്ക് വരാന്‍ പാടില്ലെന്ന് വാശി പിടിക്കുകയായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോളും ഇങ്ങനെ ആവില്ലായിരുന്നു. അത് കൊണ്ട് തന്നെ മാറ്റങ്ങളില്‍ നിന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക... എന്‍റെ സന്തോഷംപോലെ തന്നെ എന്‍റെ പങ്കാളിയുടെ സന്തോഷത്തിനും വില കല്‍പ്പിക്കുക. give them respect.