news-details
ഓര്‍മ്മ

യേശുവിന്‍റെ ഉപവാസവും പ്രലോഭനങ്ങളും

സംശയിക്കുന്ന തോമ്മാ
20 വര്‍ഷത്തോളം അസ്സീസിയുടെ താളുകളില്‍ 'സംശയിക്കുന്ന തോമ്മാ' എന്ന പംക്തിയിലൂടെ സ്ഥിരമായും തുടര്‍ന്നും നിരവധി ലേഖനങ്ങളിലൂടെ വായനക്കാരുടെ ദൈവോന്മുഖ അന്വേഷണത്തെ തൃപ്തിപ്പെടുത്തിയിരുന്ന ബഹു. സിപ്രിയന്‍ അച്ചനോടുള്ള ആദരസൂചകമായി 1990 ആഗസ്റ്റുമാസം അസ്സീസിയില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം ഇവിടെ പുനഃപ്രസിദ്ധികരിക്കുന്നു.
 
***************************************************************************************************************************
 
യേശു നാല്പതുരാവും നാല്പതു പകലും ഉപവസിച്ചതായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇത് അക്ഷരാര്‍ത്ഥത്തിലാണോ മനസ്സിലാക്കേണ്ടത്? ഒരു മനുഷ്യന് അതു സാധ്യമാണോ? ഈ വസ്തുതകള്‍ അസ്സീസിയിലൂടെ ഒന്നു വിശദീകരിച്ചു തന്നാല്‍ ഉപകാരമായിരുന്നു.
Thomas Karivedakam, Kasaragod
 
പ്രിയപ്പെട്ട തോമസ്,
ചോദ്യം യേശുവിന്‍റെ ഉപവാസത്തെപ്പറ്റി മാത്രമാണെങ്കിലും മരുഭൂമിയിലെ അവിടുത്തെ പ്രലോഭനങ്ങളുമായി അവഗാഢം ബന്ധപ്പെട്ട കാര്യമായതുകൊണ്ട്, രണ്ടുംകൂടി ഒരുമിച്ചു പരിഗമിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.
 
വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍
ഒന്നാമതായി (ക്രി.വ. 70 ഓടുകൂടി) സുവിശേഷം എഴുതിയ വി. മര്‍ക്കോസ് വെറും രണ്ടു വാക്യങ്ങളില്‍, പരിശുദ്ധാരൂപി യേശുവിനെ മരുഭൂമിയിലേക്കു നയിച്ചെന്നും, സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതുദിവസം യേശു മരുഭൂമിയില്‍ വസിച്ചെന്നും മാത്രമേ പറയുന്നുള്ളൂ: അവിടുത്തെ ഉപവാസത്തെപ്പറ്റി ഒന്നും പറയുന്നില്ല. അതുപോലെതന്നെ, യേശുവിന്‍റെ പ്രലോഭനങ്ങളെപ്പറ്റിയും വെറുമൊരു പരമാര്‍ശം മാത്രമേ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നാം കാണുന്നുള്ളൂ. എന്തായിരുന്നു ഈ പ്രലോഭനങ്ങളെന്നോ എങ്ങനെയാണ് യേശു പ്രലോഭിപ്പിക്കപ്പെട്ടതെന്നോ ഒന്നും നാം കാണുന്നില്ല. യേശുവിനു തന്‍റെ ജീവിതകാലത്ത്, വിശിഷ്യ, തന്‍റെ പരസ്യജീവിതത്തിന്‍റെ തുടക്കത്തില്‍, ഒരുപക്ഷേ, ജീവിതാന്ത്യംവരെ, പ്രലോഭനങ്ങള്‍ നേരിട്ടെന്ന് ശിഷ്യന്മാര്‍ക്ക് അറിയാമായിരുന്നു. അതുപോലെതന്നെ ജീവിതത്തിലെ ഓരോ നിമിഷവും പിതാവിനോടുള്ള അനുസരണത്തില്‍, അവിടുത്തെ ഇഷ്ടം ചെയ്തുകൊണ്ട് ഈ പ്രലോഭനങ്ങളെ യേശു കീഴടക്കിയെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, പ്രലോഭനം വ്യക്തിപരവും ആന്തരികവുമായ ഒരു പ്രതിഭാസമായതുകൊണ്ട്, യേശുവിന്‍റെ ഉള്ളില്‍ നടന്നതെന്ന് അവര്‍ക്കു തിട്ടമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ പ്രലോഭനങ്ങളെപ്പറ്റി കൂടുതല്‍ ഒന്നു പറയുവാന്‍ മര്‍ക്കോസ് തയ്യാറാകാത്തത്.
 
വി. മത്തായിയുടെയും വി. ലൂക്കായുടെയും സുവിശേഷങ്ങളില്‍
എന്നാല്‍, പ്രലോഭനങ്ങളുടെ നടുവില്‍ വിശ്വാസത്തിന്‍റെ ജീവിതം നയിക്കേണട ക്രൈസ്തവര്‍ക്ക് യേശുവിന്‍റെ മാതൃക പ്രചോദനമാകുമെന്നു മനസ്സിലാക്കിയ ആദിമ സഭയിലെ ചില പ്രസംഗകര്‍ യേശുവിന്‍റെ പ്രലോഭനങ്ങള്‍ക്ക് നാടകീയമായ രൂപഭാവങ്ങള്‍ പകര്‍ന്ന് ഭാവനാസമ്പന്നവും അജപാലനപരമായി പ്രയോജനകരവുമായ ഒരു കഥാകഥനമാക്കിത്തീര്‍ക്കുകയുണ്ടായി. യേശുവിന്‍റെ വാക്കുകളും ഉപമകളുമൊക്കെ പാരമ്പര്യങ്ങളായി കാത്തു സൂക്ഷിച്ച യഹൂദ ക്രൈസ്തവവൃത്തങ്ങള്‍തന്നെ പ്രലോഭനങ്ങളെപ്പറ്റിയുള്ള നാടകീയമായ ഈ വിവരണവും ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യദശകങ്ങളില്‍ പാരമ്പര്യമായി കാത്തു സൂക്ഷിച്ചുപോന്നു. ക്രി.വ. 75-നും 95-നും ഇടയ്ക്ക് സുവിശേഷങ്ങള്‍ എഴുതിയ വി. മത്തായിയും വി. ലൂക്കായും യഹൂദ ക്രൈസ്തവ വൃത്തങ്ങലില്‍ നിന്ന് പ്രലോഭനങ്ങളെപ്പറ്റിയുള്ള ഈ പാരമ്പര്യവും ഏറ്റുവാങ്ങി തങ്ങളുടെ സുവിശേഷങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. അതാണ് മത്താ. 4, 1-11 ലും ലൂക്കാ 4,1-13 ലും നാം വായിക്കുന്നത്.
 
ദൈവശാസ്ത്രപരമായ സന്ദേശങ്ങള്‍
യേശുവിന്‍റെ പ്രലോഭനങ്ങളെപ്പറ്റിയുള്ള പാരമ്പര്യം ഏറ്റുവാങ്ങി അതേപടി പകര്‍ത്തുകയല്ല സുവിശേഷകന്മാര്‍ ചെയ്തത്. ദൈവശാസ്ത്രപരമായ ചില ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് തങ്ങളുടെ വിവരണത്തിന് അവര്‍ രൂപം നല്‍കിയത്. ഉദാഹരണമായി, വി. മത്തായിയുടെ സുപ്രധാനമായ ലക്ഷ്യം ഇസ്രായേല്‍ക്കാരുടെ നിയമദാതാവായ മോശയെ അധികാരത്തിലും ശക്തിയിലും വെല്ലുന്ന പുതിയ നിയമദാതാവായി യേശുവിനെ ഹെബ്രായക്രൈസ്തവരായ തന്‍റെ വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു. ദൈവത്തില്‍നിന്നു പത്തു കല്നകള്‍ സ്വീകരിക്കുകയും അവ ഇസ്രായേല്‍ക്കാരോടു പ്രഖ്യാപിക്കുകയും ചെയ്യുന്നതിനുമുമ്പ് മോശ സീനായ് മലമുകളില്‍ നാല്പതുപകലും നാല്പതു രാവും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഒന്നും ചെയ്യാതെ കര്‍ത്താവിനോടുകൂടി ചെലവഴിച്ചെന്നു പഴയ നിയമത്തില്‍ നാം വായിക്കുന്നുണ്ടല്ലോ (പുറ. 34,28;നിയ 9,9-18). മലയിലെ പ്രസംഗത്തിലൂടെ സ്നേഹത്തിന്‍റെ പുതിയ കല്പനകള്‍ യേശു പ്രഖ്യാപിക്കുന്നതിനു മുമ്പ് ആത്മാവിനാല്‍ മരുഭൂമിയിലേക്ക് ആനയിക്കപ്പെട്ട്, അവിടെ ഏകാന്തതയില്‍ ചെലവഴിക്കയും നാല്പതു ദിനരാത്രങ്ങള്‍ ഉപവസിക്കുകയും ചെയ്തെന്നു സുവിശേഷകന്‍ പറയുമ്പോള്‍ പുതിയ ഒരു നിയമ ദാതാവായി യേശുവിനെ ചിത്രീകരിക്കുകയും ഈ നിയമം മോശയുടേതിനേക്കാള്‍ ഉല്‍കൃഷ്ടമാണെന്നു സൂചിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇസ്രായേല്‍ ജനം മരുഭൂമിയില്‍ വച്ച് ദൈവത്തിന്‍റെ ക്ഷമ പരീക്ഷിക്കയും അവിടുന്നു നല്‍കിയ 'മന്നാ'യെന്ന ഭക്ഷണത്തിനെതിരെ പിറുപിറുക്കയും സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ ആരാധിക്കയും ചെയ്ത സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട്, ദൈവേഷ്ടത്തിനു സമ്പൂര്‍ണ്ണമായി വിധേയനായി പരീക്ഷകളെ നേരിടുകയും വിശപ്പു സഹിക്കയും "ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ" എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന യേശുവിനെ ക്രൈസ്തവജീവിതത്തിനു മാതൃകയായി വി. മത്തായി നമുക്കു കാണിച്ചു തരുന്നു.
 
ഇതുപോലെതന്നെ സുപ്രധാനമായ മറ്റുചില സന്ദേശങ്ങളും യേശുവിന്‍റെ പ്രലോഭനങ്ങളെപ്പറ്റിയുള്ള വിവരണങ്ങളില്‍ സുവിശേഷകന്മാര്‍ നമുക്കു നല്‍കുന്നുണ്ട്. യേശുവിനുണ്ടായതായി പറഞ്ഞിരിക്കുന്ന പ്രലോഭനങ്ങള്‍ മനുഷ്യര്‍ക്കു സാധാരണയായി ഉണ്ടാകുന്ന പ്രലോഭനങ്ങളുടെ ഒരു സാമ്പിള്‍ ആണ്. പ്രാര്‍ത്ഥനയും ഉപവാസവും വഴി പ്രലോഭനങ്ങളെ നേരിടുവാന്‍ യേശു ഒരുങ്ങിയിരുന്നു. ക്രൈസ്തവര്‍ക്കും പ്രലോഭനങ്ങള്‍ ഉണ്ടാകും. അവയെ നേരിടുവാന്‍ പ്രാര്‍ത്ഥനയും ഉപവാസവും വഴി അവരും ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്. സ്വന്തം പുത്രരെയെന്നവണ്ണം ശിക്ഷണം നല്‍കി ദൈവം സംരക്ഷിച്ച ഇസ്രായേല്‍ജനത (നി 8,5) അവിടത്തെ പരീക്ഷിക്കയും അവിടത്തെ കല്പനകള്‍ ലംഘിക്കുകയും ചെയ്തു. യേശുവാകട്ടെ ദൈവവചനങ്ങളോടുള്ള വിധേയത്വവും പിതാവിന്‍റെ ഇഷ്ടത്തിനു ജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനുള്ള സന്നദ്ധതയു വഴി, താന്‍ യഥാര്‍ത്ഥ ദൈവപുത്രനാണെന്നു തെളിയിക്കുന്നു. അരൂപിയാല്‍ നയിക്കപ്പെട്ട്, വിശ്വാസവും അനുസരണവും വഴി തിന്മയുടെ ശക്തികളെ ജയിച്ചടക്കുന്ന പുതിയ മനുഷ്യകുലത്തിന്‍റെ ഉദാത്ത മാതൃകയായും സുവിശേഷകന്മാര്‍ യേശുവിനെ നമുക്കു ചൂണ്ടിക്കാണിക്കുന്നു.
 
കാരിസ്മാറ്റിക്കുകാരും സൂക്ഷിക്കണം
വി. ലൂക്കാ നല്‍കുന്ന ഒരു പ്രത്യേക സൂചനയും ശ്രദ്ധാര്‍ഹമാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായിട്ടാണ് യേശു ജോര്‍ദ്ദാനില്‍നിന്നും മടങ്ങുന്നത്. പരിശുദ്ധാത്മാവുതന്നെയാണ് യേശുവിനെ മരുഭൂമിയിലേക്കു നയിക്കുന്നതും. അവിടെ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം യേശു കഴിഞ്ഞുകൂടുന്നു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടവനുമായ യേശുവാണ് മൗലികമായ അര്‍ത്ഥത്തില്‍ ലോകത്തിലെ ഒന്നാമത്തെ 'കാരിസ്മാറ്റിക്കും' കാരിസ്മാറ്റിക്കുകാര്‍ക്കെല്ലാം മാതൃകയും. എന്നിട്ടും, മരുഭൂമിയില്‍ നാല്പതു ദിവസം അവിടന്നു പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നു. കാരിസ്മാറ്റിക്കുകാരും പ്രലോഭനങ്ങള്‍ക്ക് അതീതരല്ലെന്നും, അവരും ജാഗ്രതയോടെ പ്രലോഭനങ്ങളെ നേരിടാന്‍ തയ്യാറായിരിക്കേണ്ടതുണ്ടെന്നും സുവിശേഷകന്‍ ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്.
 
"നാല്പതു ദിവസത്തെ ഉപവാസം"
യേശുവിന്‍റെ നാല്പതുദിവസത്തെ ഉപവാസത്തെക്കുറിച്ച് അല്പംകൂടി വിശദീകരണം ആവശ്യമാണ്. യേശു 'നാല്പതുദിനരാത്രങ്ങള്‍ ഉപവസിച്ചു' എന്നു വി. മത്തായിയുടെ സുവിശേഷത്തില്‍ പറയുമ്പോള്‍, അവിടുന്ന് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതുദിവസം മരുഭൂമിയില്‍ കഴിഞ്ഞുകൂടിയെന്നും, "ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല" എന്നും മാത്രമേ വി. ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നുള്ളു; ഉപവസിച്ചെന്നു പറയുന്നില്ല. "നാല്പതു ദിനരാത്രങ്ങള്‍" അഥവാ "നാല്പതു ദിവസം" എന്നു പറയുന്നത് മോശ സീനായ് മലമേല്‍ നാല്പതുദിവസം ഉപവസിച്ചതിനെ അനുസ്മരിച്ചുകൊണ്ടും അതിനു സമാന്തരമായിട്ടുമാണെന്നു പറഞ്ഞു കഴിഞ്ഞു. കര്‍ത്താവിന്‍റെ ദൂതന്‍ നല്‍കിയ അപ്പം ഭക്ഷിച്ചിട്ട്, അതിന്‍റെ ശക്തിയാല്‍ ഏലിയാപ്രവാചകന്‍ നാല്പതുരാവും നാല്പതു പകലും നടന്ന് കര്‍ത്താവിന്‍റെ മലയായ ഹോറെബിലെത്തി. അവിടെ ഒരു ഗുഹയില്‍ വസിച്ചതും സുവിശേഷകന്‍ ഇവിടെ അനുസ്മരിക്കുന്നുണ്ട് (1 രാജാ 19, 8-9). ഇവിടെയും മറ്റുസ്ഥലങ്ങളിലും (ഉദാ. പുറ 24, 18; യോനാ 3, 4) നാല്പതു ദിവസമെന്നു പറയുമ്പോള്‍, നമ്മുടെ കലണ്ടറിലെ നാല്പതുദിനരാത്രങ്ങള്‍ എന്നല്ല വി. ഗ്രന്ഥം ഉദ്ദേശിക്കുന്നത്. സുദീര്‍ഘമായ ഒരു സമയം എന്നുമാത്രമേ അതിന് അര്‍ത്ഥമുള്ളൂ. 'നാല്പത്' ബൈബിളില്‍ എപ്പോഴും ഒരു 'വിശുദ്ധ സംഖ്യ' ആയിട്ടാണല്ലോ പരിഗണിക്കപ്പെടുന്നതും.
 
യേശുവിന്‍റെ ഉപവാസത്തിന്‍റെ അര്‍ത്ഥം
യേശുവിന്‍റെ ഉപവാസം അഥവാ മരുഭൂമിയിലെ ഭക്ഷണപാനീയങ്ങള്‍ കൂടാതെയുള്ള ജീവിതം പരിഹാരത്തിന്‍റെ ഒരു ഉപവാസമായിട്ടല്ല നാം മനസ്സിലാക്കേണ്ടത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായി, തീവ്രമായ ദൈവസാന്നിദ്ധ്യാവബോധത്തില്‍ ചെലവഴിച്ച ദിവസങ്ങളില്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നതിനെപ്പറ്റി അവിടന്നു ചിന്തിച്ചതേയില്ല. ഭക്ഷണപാനീയങ്ങളുടെ വര്‍ജ്ജനമെന്നതിനേക്കാള്‍ പിതാവുമായുള്ള ഐക്യവും സംഭാഷണവുമാണ് ഇവിടെ സുവിശേഷകന്മാര്‍ ഉദ്ദേശിക്കുന്നത്. മനുഷ്യനു ജീവന്‍ നല്‍കുന്നവനും അതിനെ ഔദാര്യപൂര്‍വ്വം പോറ്റുന്നവനുമായ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മുമ്പിലുള്ള നിലപാടിനേയും യേശുവിലുള്ള പരിശുദ്ധാത്മാവിന്‍റെ തികവിനെയും ഈ ഉപവാസം പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
 
“Fasting is symbolic of Jesus fullness of the spirit and of his helplessness. contingency, and humbling of self before and conipotent God who generously gives and sustains life.” Robert J. Karris, OFM , in: The New Jerome Bivlical Commentary, (ed. by Raymond E. Brown, Joseph A. Fitzmyer and Roland E. Murphy. T.P.I., Bangalore 1900) P. 688.
 
യേശു സുദീര്‍ഘമായ ഒരു സമയം, ഒരു പക്ഷേ പല ആഴ്ചകള്‍തന്നെ, പിതാവുമായുള്ള സ്നേഹസംഭാഷണത്തില്‍ ചെലവഴിക്കുകയും ആ സമയം ഭക്ഷണപാനീയങ്ങളുടെ കാര്യംതന്നെ മറന്നുപോകുകയും ചെയ്തെങ്കില്‍, അതില്‍ അവിശ്വസനീയമായി ഒന്നുമില്ലല്ലോ. ക്രൈസ്തവരായ ചില വിശുദ്ധരും ഭാരതീയരായ ചില യോഗികളുമെല്ലാം ജപതപാദികളില്‍ മുഴുകി ഭക്ഷണപാനിയങ്ങള്‍ കൂടാതെ ദിവസങ്ങളും ആഴ്ചകളും ചെലവഴിച്ചിട്ടുള്ളതായി നാം വായിക്കുന്നുണ്ടല്ലോ. മഹാത്മജിയുടെ മാതൃകയിലുള്ള സത്യാഗ്രഹസമരങ്ങളിലും ഏറെക്കൂറെ ഇതുതന്നെയാണല്ലോ സംഭവിക്കുക.
 
ഏതായാലും, യേശുവിന്‍റെ പ്രലോഭനങ്ങളുടെ കഥ വിവരിക്കുന്ന സുവിശേഷകന്മാര്‍ ഊന്നല്‍കൊടുക്കുന്നത് നാല്പതുദിവസത്തെ ഉപവാസത്തിനല്ല, സുപ്രധാനമായ മറ്റു ചില സന്ദേശങ്ങള്‍ക്കാണെന്നു നാം കണ്ടു. സര്‍വ്വോപരി, ആ സന്ദേശങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളാനായിരിക്കും നമ്മുടെ ശ്രദ്ധ.

You can share this post!

വിജ്ഞാനം സ്നേഹത്തിന്‍റെ നിര്‍ഭയത്വം, ആത്മീയത മൗനത്തിന്‍റെ വിപ്ലവം:

ജിജോ കുര്യന്‍
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts