news-details
ഇടിയും മിന്നലും

(മെയ് ലക്കം തുടര്‍ച്ച) 

വികാരിയച്ചന്‍റെ ഡൈനിങ്റൂമില്‍ എത്തിയപാടെ സിസ്റ്റര്‍ അവിടെയിരുന്ന വെള്ളപ്പാത്രത്തില്‍നിന്നും ഒന്നിനുപുറകെ ഒന്നായി മൂന്നാമത്തെ ഗ്ലാസ് വെള്ളവും കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍ പറഞ്ഞു:

"കഷ്ടം, സിസ്റ്ററു വെള്ളംകുടിച്ചു വയറുനിറയ്ക്കാന്‍ നോക്കുവാ. ഇവരു രാവിലെ ഒന്നുംകഴിച്ചിട്ടല്ല വന്നതെന്ന് ഇയാളല്പം മുമ്പ് പറഞ്ഞപ്പോളാ ഞാനറിഞ്ഞത്. അതുകൊണ്ടാണ് സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ ഡിസ്റ്റേര്‍ബ് ചെയ്യുന്നതു ശരിയല്ലെന്നറിയാമായിരുന്നെങ്കിലും വിശന്നിരിക്കേണ്ടല്ലോ എന്നോര്‍ത്ത് ഞാനിപ്പോള്‍ വന്നു വിളിച്ചത്. ഞാനിവിടെ ഒന്നുമുണ്ടാക്കാറില്ലാത്തതുകൊണ്ട് കാര്യമായിട്ടു കഴിക്കാനൊന്നുമില്ല. അത്യാവശ്യം പാല്‍പൊടി കലക്കിയ കാപ്പിയുണ്ട്. കഴിക്കാന്‍ ഈ ബിസ്ക്കറ്റെ ഉള്ളെങ്കിലും അത്യാവശ്യത്തിനൊരു തടയിടാന്‍ അതുമതിയല്ലോ."

ഫ്ളാസ്ക്കിലാക്കിയിരുന്ന കാപ്പി അച്ചന്‍തന്നെ മൂന്നു കപ്പുകളിലേയ്ക്കു പകര്‍ന്നു. രണ്ടുമൂന്നുപായ്ക്കറ്റു ബിസ്ക്കറ്റും ഒരു പ്ലേറ്റിലേയ്ക്കു പൊട്ടിച്ചിട്ടിട്ട് അച്ചന്‍ പോയി.

"എനിക്കിനീം കൂടുതലൊന്നും സംസാരിക്കാനില്ലച്ചാ. ഞാന്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞതാ." കാപ്പികുടിച്ചുകഴിഞ്ഞപ്പോള്‍ സിസ്റ്ററു പറഞ്ഞു.

"അതിനു സിസ്റ്ററൊന്നുംതന്നെ പറഞ്ഞില്ലല്ലോ, സംസാരിച്ചതു മുഴുവന്‍ ഞാനായിരുന്നല്ലോ."

"അതു ശരിയാണ്, പക്ഷേ, ഞാന്‍ പറയാനുദ്ദേശിച്ചുവന്ന കാര്യങ്ങള്‍ക്കൊക്കെയുള്ള മറുപടിയായിരുന്നു ഞാനങ്ങോട്ടു പറയാതെതന്നെ അച്ചനിങ്ങോട്ടു പറഞ്ഞത്."

"അങ്ങനെയൊരു പ്രത്യേകവരം എനിക്കുണ്ടെന്നിതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ചിലപ്പോള്‍ തമ്പുരാന്‍ ഇപ്പോളത്തെ ആവശ്യത്തിനുവേണ്ടി തല്‍ക്കാലത്തേക്കെങ്ങാനും തന്നതായിരിക്കും. അങ്ങനെയാണെങ്കില്‍ ഇനിയിപ്പോള്‍ വിശന്നിരിക്കേണ്ട കാര്യമില്ലല്ലോ, അച്ചനെക്കണ്ട് ഒരു വാക്കു നന്ദീംപറഞ്ഞിട്ടു നിങ്ങളു സ്ഥലംവിട്ടോളൂ. ഏതായാലും എല്ലാം സമാധാനമായി പരിസമാപിച്ചതിന്‍റെ ചെലവായിട്ട് ഞാന്‍ അച്ചന്‍റെ ബിസ്ക്കറ്റൊരഞ്ചാറെണ്ണം തീര്‍ത്തേക്കാം."

"എന്‍റെ ഇത്രയുംനാളത്തെ പ്രാര്‍ത്ഥനയ്ക്കിന്നു ഫലമുണ്ടായി. അച്ചനു നന്ദിയുണ്ട്." സിസ്റ്റര്‍ യാത്രപറഞ്ഞു.

"അച്ചനു സമയമുണ്ടെങ്കില്‍ എന്‍റെ ഒരു ചെറിയ സംശയംകൂടെ ചോദിച്ചോട്ടെ, ചേച്ചി ഇപ്പോള്‍ ആ പറഞ്ഞതുവച്ച് ഒരു ക്ലാരിഫിക്കേഷനുവേണ്ടിയാണ്. അച്ചനിപ്പോള്‍ ചേച്ചിപറഞ്ഞത് കേട്ടല്ലോ, എല്ലാം ചേച്ചി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമാണെന്ന്. ഞാനിതുകേട്ടു മടുത്തതുകൊണ്ടു ചോദിക്കുന്നതാണ്. കുറേനാളുമുമ്പ് ദിവസോം ചൊല്ലണമെന്നുംപറഞ്ഞ് കുറേ പ്രാര്‍ത്ഥനകളുടെ ഒരു ലിസ്റ്റു ചേച്ചിതന്നു. ഒന്നുരണ്ടു ദിവസമൊക്കെ ഞാന്‍ ചൊല്ലിനോക്കി, ഒരുപാടുണ്ടായിരുന്നതുകൊണ്ടു പിന്നെ തുടരാന്‍ പറ്റിയില്ല. അതുഞാന്‍ ചൊല്ലാത്തതുകൊണ്ടാണ് ഇത്രനാളും ചേച്ചി ഉപവസിച്ചുപ്രാര്‍ത്ഥിച്ചിട്ടും, എണ്ണമില്ലാത്ത കരുണക്കൊന്ത ചൊല്ലിയിട്ടും എനിക്കു മാനസാന്തരമുണ്ടാകാത്തതും ഞാന്‍ നന്നാകാത്തതും, എന്നോടു തമ്പുരാന്‍ കരുണ കാണിക്കാത്തതുമെന്നൊക്കെപ്പറഞ്ഞ് എത്രനാളായെന്നോ എന്നോടു വഴക്കുതുടങ്ങിയിട്ട്. ഇപ്പോളതിനൊരു തീരുമാനമാക്കീട്ടു പോകാമല്ലോ, അച്ചനൊന്നുപറ, അതൊക്കെ ചൊല്ലിയാലെ തമ്പുരാന്‍ പ്രാര്‍ത്ഥന കേള്‍ക്കത്തൊള്ളോ?"

"ഞാനിവനോടും ആരോടും ഇനി ഒരുവഴക്കിനും പോകുന്നില്ലച്ചാ."

"സിസ്റ്ററിനി വഴക്കിനില്ലെന്നു പറഞ്ഞാലും ഇയാളു ചോദിച്ച സ്ഥിതിക്ക് അതിനൊരു വിശദീകരണം കൊടുക്കണമല്ലോ. ഫ്ളാസ്ക്കില്‍ കാപ്പി ഇനിയുമുണ്ട്, വേണ്ടപ്പോള്‍ ഇടക്കിടക്ക് ഒഴിച്ചു കുടിക്കാം. ഇയാള്‍ ചോദിച്ചതിന്‍റെ ഉത്തരം ധ്യാനിപ്പിക്കുന്ന സിസ്റ്ററുംകൂടെ മനസ്സിലാക്കിക്കോളൂ, സിസ്റ്ററെന്നല്ല, മാര്‍പ്പാപ്പാ പ്രാര്‍ത്ഥിച്ചാലും മനസ്സുമാറുന്നവനല്ല ദൈവം. പ്രാര്‍ത്ഥിച്ചു ദൈവത്തിന്‍റെ മനസ്സുമാറ്റാന്‍ ആര്‍ക്കുംപറ്റത്തില്ല. അതായത് പ്രാര്‍ത്ഥിച്ചതുകൊണ്ട് ദൈവം കനിഞ്ഞു, ദൈവം കരുണകാണിച്ചു, പ്രാര്‍ത്ഥിച്ചതുകൊണ്ടു കാര്യംസാധിച്ചു എന്നൊക്കെപ്പറയുന്നത് വെറും അറിവില്ലായ്മയാണ് എന്നതാണു സത്യം. പഴയനിയമത്തില്‍ അങ്ങനെയൊരു ദൈവത്തിലായിരുന്നു ഇസ്രായേല്‍ ജനത്തിന്‍റെ വിശ്വാസം. മോശയും പ്രവാചകന്മാരുമൊക്കെ പ്രാര്‍ത്ഥിച്ച് യഹോവയായ ദൈവത്തിന്‍റെ മനസ്സുമാറ്റിയ ചരിത്രമൊക്കെ വായിച്ചിട്ടുണ്ടാകുമല്ലോ. ദൈവം തന്നെത്തന്നെ മനുഷ്യര്‍ക്കു വെളിപ്പെടുത്തിയത് അനുക്രമമായിട്ടായിരുന്നു, ഘട്ടംഘട്ടമായി സാവകാശമായിരുന്നു എന്നര്‍ത്ഥം. അതിന്‍റെ തുടക്കവും തുടര്‍ച്ചയുമാണ് പഴയനിയമചരിത്രം മുഴുവന്‍. പഴയനിയമത്തിലാണ് കോപിക്കുകയും, ശിക്ഷിക്കുകയുമൊക്കെച്ചെയ്യുന്ന ദൈവത്തെ കാണുന്നത്. എന്നാല്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമായ പുതിയനിയമത്തില്‍ അങ്ങനെയല്ലല്ലോ. പുത്രനായ ഈശോയിലൂടെ താന്‍ ആരാണെന്ന് പിതാവായദൈവം സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തിയപ്പോള്‍, താന്‍ സ്നേഹം മാത്രമാണെന്നാണു കാണിച്ചുതന്നത്. സ്നേഹം മാത്രമായ ദൈവത്തിന്‍റെ മനസ്സ് സ്നേഹത്തിലേക്കുതന്നെയല്ലാതെ പിന്നെങ്ങോട്ടു മാറാനാണ്, ആര്‍ക്കുമാറ്റാനാകും? കാരണം, ആര്‍ക്കും മാറ്റാനാകാത്ത സ്നേഹംമാത്രമാണു ദൈവം. 

ദൈവം ചിലരുടെ പ്രാര്‍ത്ഥനകേട്ടു, അത്ഭുതം പ്രവര്‍ത്തിച്ചു, പ്രാര്‍ത്ഥിച്ചതുകൊണ്ടു ദൈവം അങ്ങനെചെയ്തു, അല്ലെങ്കില്‍ ഇങ്ങനെചെയ്തില്ല എന്നൊക്കെ ചിലരൊക്കെ പറയുന്നതു നമ്മളങ്ങു വിശ്വസിക്കുന്നു എന്നുമാത്രം. സുവിശേഷത്തില്‍ കര്‍ത്താവു പറയുന്നതുനോക്കുക (മത്താ. 6:7-8): അതിഭാഷണം ചെയ്യരുതെന്ന്. അതിഭാഷണംകൊണ്ട് ചെവിതുറക്കുന്നവനല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവെന്ന്. ഒച്ചവച്ചിട്ടും അലമുറയിട്ടിട്ടും കാര്യമില്ലെന്നുതന്നെയല്ലേ അതിന്‍റെയര്‍ത്ഥം? അതിന്‍റെ കാരണവും അവിടുന്നു പറയുന്നുണ്ടല്ലോ, ചോദിക്കുന്നതിനുമുമ്പുതന്നെ അറിയുന്നവനാണ് പിതാവെന്ന്. അതായത് ചോദിക്കേണ്ട ആവശ്യംപോലുമില്ലെന്നല്ലേ അതിന്‍റെ സൂചന? എന്നിരുന്നാലും ചോദിച്ചുകൊള്ളാനും കര്‍ത്താവു പറയുന്നുണ്ട്. ചോദിക്കുവിന്‍ ലഭിക്കുമെന്ന് (മത്താ. 7:7). കര്‍ത്താവ് അപ്പറഞ്ഞതിന്‍റെയര്‍ത്ഥം മനസ്സിലാകണമെങ്കില്‍ ഇയാളുടെ വീട്ടില്‍തന്നെ ഓരോദിവസവും നടക്കുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ മതി. രണ്ടു മക്കളുണ്ടെന്നല്ലേ പറഞ്ഞത്, അവരു ചോദിക്കുന്നതു മാത്രമാണോ കൊടുക്കാറുള്ളത്, ചോദിച്ചതുകൊണ്ടു മാത്രവുമല്ലല്ലോ കൊടുക്കുന്നത്, ചോദിക്കുന്നതെല്ലാമൊട്ടു കൊടുക്കാറുമില്ലല്ലോ. സ്നേഹിക്കുന്ന അപ്പനാണെങ്കില്‍ മക്കളു ചോദിക്കാതെതന്നെ അവരുടെ എല്ലാക്കാര്യങ്ങളും സൂക്ഷ്മതയോടെ നോക്കിനടത്താറില്ലേ? എന്നാലും മക്കളു ചിന്തിക്കുന്നതെന്തായിരിക്കും? അവരു ചോദിക്കുന്നതുകൊണ്ടുമാത്രമാണ് കിട്ടിയതെന്ന്. മനുഷ്യപ്രകൃതി എപ്പോഴും അങ്ങനെയാണ്, ചോദിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് കര്‍ത്താവു പറഞ്ഞത് ചോദിച്ചോളാന്‍. പക്ഷേ, ചോദിക്കാതെതന്നെ നമുക്കു കിട്ടിക്കൊണ്ടിരിക്കുന്നവയാണ് നമ്മുടെ ജീവിതത്തില്‍ ചോദിച്ചിട്ടു കിട്ടുന്നതിനേക്കാള്‍ ഏറെയും എന്നുള്ള സത്യം നമ്മള്‍ അറിയുന്നില്ലെന്നുമാത്രം. 

ചോദിക്കുന്നതെല്ലാം കിട്ടുമെന്ന വ്യാമോഹവും വേണ്ട, ചോദിക്കുന്നതെല്ലാം അപ്പാടെ ദൈവം തരുമായിരുന്നെങ്കില്‍ ഈശോതന്നെ പിതാവിനോട് ഗദ്സെമനിയില്‍വച്ച് പാനപാത്രം മാറ്റിത്തരണമേ എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ മാറ്റിക്കൊടുക്കുമായിരുന്നല്ലോ. എല്ലാം ചോദിച്ചുകൊള്ളാന്‍ പറഞ്ഞെങ്കിലും ചോദിക്കുന്നതെല്ലാം തരാമെന്നു പറഞ്ഞില്ല, അതിനുകാരണം ദൈവം സ്നേഹമായതുകൊണ്ടുതന്നെയാണ്. രാവിലെ ഇയാളു ഷേവുചെയ്യാന്‍ ബ്ലേഡ് എടുക്കുമ്പോള്‍ അതുകണ്ടിട്ട് രണ്ടുവയസ്സുകാരന്‍ മകന്‍ അതുകിട്ടാന്‍വേണ്ടി എത്ര ശാഠ്യംപിടിച്ചാലും അതവന്‍റെ കൈയ്യില്‍ കൊടുക്കില്ലല്ലോ. കൊടുക്കാത്തതു മകനോടു സ്നേഹമുള്ളതുകൊണ്ടോ ഇല്ലാത്തതുകൊണ്ടോ? അവന്‍റെ ഇഷ്ടത്തേക്കാളും അവന്‍റെ നന്മ അറിയുന്നതുകൊണ്ടല്ലേ നിങ്ങളതു കൊടുക്കാത്തത്? അതുകൊണ്ട് നമ്മള്‍ വിശ്വാസികളാണെങ്കില്‍, വിശ്വാസപ്രമാണമാക്കേണ്ട വലിയ ഒരു സത്യമുണ്ട്, പ്രാര്‍ത്ഥനയുടെ കാര്യത്തില്‍; അതായത്, നമ്മളെപ്പോഴും നമ്മുടെ ഭൂതകാലത്തിലേക്കു നോക്കി വര്‍ത്തമാനകാലത്തെ കാര്യങ്ങള്‍ പ്ലാന്‍ചെയ്ത് ദൈവത്തോട് അതു നടത്തിത്തരണമേ എന്നു പ്രാര്‍ത്ഥിക്കുന്നു; എന്നാല്‍ ദൈവം നമ്മുടെ ഭാവി കണ്ടുകൊണ്ട്, നമ്മുടെ വര്‍ത്തമാനകാലത്തെ പ്ലാനുകള്‍ അംഗീകരിക്കുകയോ തിരുത്തുകയോ മാറ്റുകയോ ചെയ്യുന്നു. ഈ സത്യം തിരിച്ചറിയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയ്ക്ക് അര്‍ത്ഥമുണ്ടാവുക. അപ്പോള്‍ മാത്രമാണ് പ്രാര്‍ത്ഥിക്കേണ്ടതുപോലെ, എന്നുപറഞ്ഞാല്‍ ഈശോ പ്രാര്‍ത്ഥിച്ചതുപോലെ, പാനപാത്രം മാറ്റിത്തരണമേ, എന്നു പ്രാര്‍ത്ഥിച്ച് അവിടെ നിര്‍ത്താതെ, എങ്കിലും എന്‍റെ ഹിതമല്ല, നിന്‍റെ ഹിതം നിറവേറട്ടെ എന്നുകൂടി പ്രാര്‍ത്ഥിക്കാനാകുന്നത്. കാരണം എല്ലാമറിയുന്നവന്‍ അവിടുന്നുമാത്രം!

അറിയാതെയാണെങ്കിലും നമ്മള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ ഇഷ്ടത്തിനൊത്ത് ദൈവത്തിന്‍റെ മനസ്സു മാറ്റിയെടുക്കാനാണെന്നുള്ളതല്ലേ സത്യം? പക്ഷെ പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ ഇഷ്ടം ദൈവത്തിന്‍റെ ഹിതത്തോട് ഇണങ്ങിയതാക്കണമേ എന്നാണ്. മാതാവിനോടും വിശുദ്ധരോടുമൊക്കെ പ്രാര്‍ത്ഥിക്കുമ്പോഴും ഏറെപ്പേരും കഥയറിയാതെയാണ് ആട്ടംകാണുന്നതെന്നു പറയാം. മാതാവ്, കാനായിലെ കല്യാണപ്പന്തലിലെ വേലക്കാരോടുപറഞ്ഞത് ഞാനിപ്പോള്‍ കാര്യങ്ങളൊക്കെ ശരിയാക്കിത്തരാം എന്നല്ലായിരുന്നല്ലോ, 'അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍' എന്നല്ലായിരുന്നുവോ? മാതാവിന്‍റെ ജീവിതത്തിന്‍റെ തുടക്കവും 'ഇതാ അങ്ങയുടെ ദാസി അങ്ങേ ഹിതം നിറവേറട്ടെ' എന്നു വിധേയപ്പെട്ടുകൊണ്ടായിരുന്നല്ലോ. വിശുദ്ധരാരും സ്വന്തം ഇഷ്ടംപാലിച്ചു വിജയിച്ചവരല്ലായിരുന്നു, ദൈവഹിതത്തിനു മുഴുവനായി വിട്ടുകൊടുത്തവരായിരുന്നു. അവരോടു മദ്ധ്യസ്ഥം അപേക്ഷിക്കുന്നവരും അതേ മനോഭാവം ഉള്‍ക്കൊള്ളേണ്ടതാണ് എന്നര്‍ത്ഥം. 

പ്രാര്‍ത്ഥനയില്‍ അലറിവിളിക്കുന്നതും, അലമുറയിടുന്നതും, അട്ടഹസിക്കുന്നതുമൊക്കെ, ഈശോ കാണിച്ചുതന്ന എല്ലാമറിയുന്ന സ്നേഹപിതാവായ ദൈവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടുതന്നെയാണ്. ബഹളവും ആരവവുമൊക്കെ സാമാന്യജനത്തിനു ഹരംകിട്ടുന്ന അഭ്യാസങ്ങളായതുകൊണ്ട്, അവരെ ആകര്‍ഷിക്കുന്നതിനായി അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം ഇന്നു പലരും ഈ ശബ്ദകോലാഹലങ്ങള്‍ക്കു നല്കുന്നതുകൊണ്ടാണ് വിളിച്ചുകരഞ്ഞു ദൈവത്തിന്‍റെ മനസ്സുമാറ്റാമെന്ന അബദ്ധധാരണ ജനത്തിനിടയില്‍ പ്രചരിച്ചിരിക്കുന്നത്. 

വിശ്വസിക്കുന്നവര്‍ ഒന്നിച്ചുകൂടുമ്പോള്‍ ദൈവത്ത സ്തുതിക്കുവാന്‍ പാട്ടും താളവും മേളവുമൊക്കെ ഒഴിവാക്കാനാവുകയില്ലെന്നു സമ്മതിക്കാം. പക്ഷെ അതുമാത്രമാണ് ദൈവം ആഗ്രഹിക്കുന്ന സ്തുതിയെന്നും, എപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കണമെന്നും, അതാണു ദൈവത്തിന് ഏറ്റവും ഇഷ്ടമെന്നുമൊക്കെയുള്ള ധാരണ ബാലിശമാണ്. സ്തുതികേള്‍ക്കുമ്പോള്‍ മനുഷ്യനെപ്പോലെ ആവേശംകൊള്ളുന്ന ദൈവമല്ല നമ്മുടെ ദൈവം. ജോലിത്തിരക്കിനിടയില്‍ നമ്മളൊക്കെ മടുക്കുമ്പോള്‍ തളര്‍ന്ന് അല്പമൊന്നിരുന്നിട്ടോ, മനസ്സുമടുക്കുമ്പോളൊന്നു നെടുവീര്‍പ്പിട്ടിട്ടോ, വേദനയുടെ നടുവിലൊന്നു വിങ്ങിപ്പൊട്ടിയിട്ടോ, സന്തോഷംകൊണ്ട് ഉള്ളുതുടിക്കുമ്പോളൊന്നു പൊട്ടിച്ചിരിച്ചിട്ടോ, നിരാശയില്‍ വീര്‍പ്പുമുട്ടുമ്പോളൊന്നു തേങ്ങിയിട്ടോ ഒക്കെ 'എന്‍റെ ദൈവമേ'ന്നോ 'എന്‍റെ ഈശോയേ'ന്നോ 'എന്‍റെ മാതാവേ'ന്നോ ഒക്കെ വിളിക്കാറില്ലേ? അതാണ് തമ്പുരാന് ഏറ്റവും ഇഷ്ടപ്പെടുന്ന സ്തുതി. അറിയാതെയാണെങ്കിലും ആ വിളിയുടെ ശരിക്കുമുള്ള അര്‍ത്ഥം 'നീ എന്‍റെകൂടെയുണ്ട് എന്നെനിക്കറിയാം, തമ്പുരാനേ, നിനക്കുസ്തുതി' എന്നുതന്നെയല്ലേ? അതു ഹൃദയത്തിന്‍റെ ആഴത്തില്‍നിന്നുവരുന്ന ജീവനുള്ള ഉദീരണമാണ്, വിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്. അതാണ് തമ്പുരാനേറ്റവുമിഷ്ടപ്പെടുന്ന സ്തുതിയും സ്തോത്രവും, അല്ലാതെ ഭക്തിലഹരിയുടെ ആവേശത്തിലുള്ള അല്ലേലൂയയും ആര്‍പ്പുവിളികളുമല്ല, കൃത്രിമമായുണ്ടാക്കുന്ന സ്വരങ്ങളുടെ മേളവുമല്ല.

ഈശോ, താന്‍ ദൈവപുത്രനാണെന്നു പറഞ്ഞപ്പോള്‍ ജനത്തിനതു വിശ്വാസംവരാഞ്ഞതുകൊണ്ട്, അവരെ അതു ബോധ്യപ്പെടുത്തിക്കൊടുക്കുവാന്‍വേണ്ടി അവിടുന്ന് അടയാളങ്ങളായി ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതു സുവിശേഷത്തിലുണ്ട്. അതുപോലെ ഇന്നും ചിലടത്തുചെന്നാല്‍, ചിലരൊന്നു തൊട്ടാല്‍, ചില നൊവേനകള്‍ ചൊല്ലിയാല്‍, അസാധ്യകാര്യങ്ങളുപോലും സാധിച്ചുകിട്ടും എന്നൊക്കെയുള്ള ബാനറുകളും ഫോട്ടോസഹിതമുള്ള ഫ്ളെക്സുകളുമൊക്കെ വഴിവക്കുകളിലൂടെ ധാരാളം കാണുന്നുണ്ടാകും. അങ്ങനെ ചില സ്ഥലങ്ങളില്‍ ഹോള്‍സെയില്‍ വിതരണവും, ചില വ്യക്തികള്‍ക്ക് ഏജന്‍സി സംവരണവും, ചില നൊവേനകള്‍ക്കു തമ്പുരാന്‍റെ കലവറയുടെ താക്കോലും ഒന്നും തമ്പുരാന്‍ കൊടത്ത് ഏല്പിച്ചിട്ടില്ല. അടയാളങ്ങള്‍ ഇന്നും ദൈവം പ്രവര്‍ത്തിക്കുന്നു എന്നതു തര്‍ക്കമറ്റ കാര്യമാണെങ്കിലും ആയിരംപേരു കൂടുന്നിടത്ത് പത്തെണ്ണം വലിയ വാര്‍ത്തയാവുകയും, അതേസമയം നൂറുപേരുമാത്രംകൂടുന്ന നമ്മുടെ സ്വന്തം പള്ളികള്‍പോലെയുള്ള കൂട്ടായ്മകളില്‍ ഒന്നും ഒറ്റയുമൊക്കെ സംഭവിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്നുമാത്രം മനസ്സിലാക്കിയാല്‍മതി.

നാളുകളായിട്ടു സിസ്റ്റര്‍ ഇവനുവേണ്ടി ഒത്തിരി പ്രാര്‍ത്ഥനേം പരിത്യാഗോമൊക്കെ നടത്തിയിട്ടും ഇവന് ഒരുമാറ്റവും മാനസാന്തരവും വരുന്നില്ലെന്നല്ലേ സിസ്റ്ററിന്‍റെ പരാതി? സിസ്റ്ററു പ്രാര്‍ത്ഥിച്ചത് ഇവന്‍റെ മനസ്സുമാറ്റണമേന്നല്ലായിരുന്നോ? തമ്പുരാനോട് നിന്‍റെ ഇഷ്ടത്തിനൊത്ത് ഇവനെ മാറ്റണമേന്നു പ്രാര്‍ത്ഥിച്ചുനോക്ക്, അപ്പോള്‍ കാണാം മാറ്റവും മാനസാന്തരവുമൊക്കെ. പക്ഷേ അതുചിലപ്പോള്‍ ഇവനിലായിരിക്കണമെന്നുമില്ല, സിസ്റ്ററിലുമായിരിക്കാമെന്നു മാത്രം." 

"അച്ചനീ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍തന്നെ ഞാനങ്ങനെതന്നെ പ്രാര്‍ത്ഥിച്ചച്ചാ, മാറ്റവുംവന്നു."

"എന്‍റമ്മേ, ഇത്രപെട്ടെന്നോ?"

"അതേയച്ചാ, ഞാനിവന്‍റെകൂടെ ഇപ്പോള്‍തന്നെ പോകുവാ, ഇവന്‍റെ വീട്ടില്‍ചെന്നിട്ടുവേണം വല്ലതും കഴിക്കാന്‍."

"ഏ.. ?" അതു കേട്ടു ചാടിയെഴുന്നേറ്റ അയാളുടെ കൈയ്യിലിരുന്ന കപ്പുതുളുമ്പി കാപ്പി അവന്‍റെ മുണ്ടിലും നിലത്തും എന്‍റെ ഉടുപ്പിലുമെല്ലാം വീണു. 

"അച്ചാ സോറി, ചേച്ചി പറഞ്ഞതുകേട്ടു പകച്ചുപോയതാ."

"അത്ര പകച്ചുപോകാനൊന്നുമില്ല, ഞാന്‍ കാര്യമായിട്ടുതന്നെ പറഞ്ഞതാ, ഞാനിപ്പോ നിന്‍റെകൂടെ നിന്‍റെ വീട്ടിലേയ്ക്കു വരുവാ."

"എന്‍റെ ദൈവമേ, ഇതെന്തൊരു മറിമായമാണച്ചാ, ഇത്രേംനാളായിട്ടും എന്‍റെവീട്ടില്‍ കയറാത്ത ചേച്ചി, അരമണിക്കൂര്‍മുമ്പ്, അച്ചനെ ഇപ്പോത്തന്നെ പറഞ്ഞുനേരേയാക്കാനറിയാം എന്നുംപറഞ്ഞ് എന്നോടു വാശിപിടിച്ച് അച്ചന്‍റടുത്തേക്കുവന്ന ചേച്ചി, ഇപ്പോളീ പറയുന്നതു നേരോ?" 

"ഞാന്‍ പറഞ്ഞതു നേരാ. ഞാന്‍ നിന്‍റെകൂടെ വരുവാ. എനിക്കു നല്ലപോലെ വിശക്കുന്നുമുണ്ട്."

"ഈ പറഞ്ഞതു സംഭവിക്കുകയാണെങ്കില്‍, അച്ചന് ഒരു വരംകൂടെ തമ്പുരാന്‍ തല്‍ക്കാലത്തേക്കെങ്കിലും തന്നിട്ടുണ്ടെന്നുറപ്പാ. ചില സിദ്ധനച്ചന്മാരു ബാധ ഒഴിപ്പിക്കുന്നതിന് ഒരു പേരുണ്ടല്ലോ, ഭൂതോച്ചാടനം. ആ വരം അച്ചനുണ്ട്. ഞങ്ങളുരണ്ടും വന്നത് അതൊന്നും പ്രതീക്ഷിച്ചല്ലായിരുന്നെങ്കിലും അച്ചന്‍ ഞങ്ങളുടെ ഒരു വലിയ ബാധ ഒഴിപ്പിച്ചുതന്നു." 

"നീ എന്തൊക്കെപ്പറഞ്ഞു കളിയാക്കിയാലും എന്‍റെ ഇത്രയുംനാളത്തെ പ്രാര്‍ത്ഥനയുടെ ഫലം തമ്പുരാന്‍തന്നു, അതു ഞാനുദ്ദേശിച്ചതുപോലെ അല്ലെന്നുമാത്രം, അതേ എനിക്കു പറയാനുള്ളു. അച്ചനും നന്ദി." 

"അപ്പോള്‍ അസ്സീസിമാസിക വരുന്നതങ്ങു വന്നോട്ടെ ഇല്ലേ സിസ്റ്ററേ, അതിന്‍റെ കാര്യം ചോദിക്കാനായിരുന്നല്ലോ നിങ്ങളു വന്നത്." 

"നിര്‍ത്തിയതായിരുന്നു, ഇനീം വരുത്താന്‍ തുടങ്ങിയാലോ എന്നുണ്ട്." സിസ്റ്റര്‍ മനസ്സുതുറന്നൊന്നു ചിരിച്ചു.

നന്ദിപറഞ്ഞിട്ടു പോകാനായിരിക്കാം അവരു വേഗം അച്ചന്‍റെയടുത്തേയ്ക്കു പോകുന്നതുകണ്ടു.

You can share this post!

ചെകുത്താന്‍റെ മുട്ട ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts