സമുദ്രശില
സുഭാഷ് ചന്ദ്രന്‍റെ പുതിയ നോവലാണ് സമുദ്രശില. 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനുശേഷം അദ്ദേഹമെഴുതിയ കൃതിയാണിത്. അംബ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് സ്ത്രൈണതയുടെ ആന്തരലോകം അനാവരണം ചെയ്യാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ഭാഷയിലും ആഖ്യാനത്തിലും ദര്‍ശനത്തിലും സന്തോഷകരമായ ചില സന്ദര്‍ഭങ്ങള്‍ സമ്മാനിക്കുന്ന നോവലാണ് 'സമുദ്രശില.' നോവലിസ്റ്റിന്‍റെ ആത്മാനുരാഗത്തിന്‍റെ മുഹൂര്‍ത്തങ്ങള്‍ മാറ്റിവച്ചാല്‍ ജീവിതാന്വേഷണത്തിന്‍റെ മറുവശം കൂടി നമ്മെ ആകര്‍ഷിക്കും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ഭാഗങ്ങളിലായി ഇരുപത്തിയേഴ് അധ്യായങ്ങളാണ് ഈ നോവലിലുള്ളത്.
ഉപാധികളില്ലാത്ത സ്നേഹത്തിനായുള്ള അന്വേഷണമായി നോവലിനെ കാണാം. 'ഉപാധികളില്ലാത്ത സ്നേഹം എന്നതുപോലും സ്വയമൊരുപാധിയായി പരിണമിക്കുന്ന വിഷമവൃത്തത്തിലാണ് മനുഷ്യജീവിതം എന്ന കാവ്യം എഴുതപ്പെട്ടിരിക്കുന്നത്' എന്ന് കുറിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. അംബയുടെ അന്വേഷണവും ജീവിതവും സങ്കീര്‍ണമാണ്. ഒടുവില്‍ ഭിന്നശേഷിക്കാരനായ മകനോടൊപ്പം ജീവിതം അവസാനിപ്പിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ അനേകം ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കും. 'അത്യന്തം വ്യത്യസ്തമായ നിലകളില്‍ ജീവിതം എന്ന ജീവപര്യന്തശിക്ഷ അനുഭവിക്കുന്ന കോടിക്കണക്കിനു സ്ത്രീകളില്‍ ഒരുവളായി' നോവലിസ്റ്റ് അംബയെ അടയാളപ്പെടുത്തുന്നു. 'സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍' എന്ന തിരിച്ചറിവിലാണ് എഴുത്തുകാരന്‍ എത്തിച്ചേരുന്നത്. 'ചിതയുടെ ഇളയമകളാണ് ഓരോ അടുപ്പും' എന്നും 'ബലിച്ചോറോളം മുതിരുന്ന അന്നത്തിന്‍റെ ബാല്യം അവിടെ തുടങ്ങുന്നു' എന്നും കുറിക്കുമ്പോള്‍ സ്ത്രീജീവിതത്തിന്‍റെ സൂക്ഷ്മതലമാണ് ആലേഖനം ചെയ്യുന്നത്.
'തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരാള്‍ ഭൂമിയിലുണ്ടെന്ന ഉറപ്പുണ്ടെങ്കില്‍ ആത്മഹത്യ എന്ന വാക്കിനെ സ്വന്തം നിഘണ്ടുവില്‍നിന്ന് ഒരാള്‍ക്കു തൂത്തുകളയാവുന്നതേയുള്ളൂ' എന്ന സത്യം നാം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. മനുഷ്യര്‍ ദ്വീപുകളായി മാറുമ്പോള്‍ സ്വയംഹത്യയും പെരുകും. ഹൃദ്യമായ മാനുഷികബന്ധങ്ങളാണ് നമ്മെ ഭൂമിയില്‍ പിടിച്ചുനിര്‍ത്തുന്നത്. സര്‍ഗാത്മകതയുടെ അടിസ്ഥാനവും നല്ല ബന്ധങ്ങളാണ്. 'സര്‍ഗാത്മകതയാണ് യഥാര്‍ഥ പ്രാര്‍ഥന.' സര്‍ഗാത്മകതയ്ക്ക് ക്ഷതമേല്പിക്കുന്ന ജീവിതമാണ് നാം പങ്കുവയ്ക്കുന്നത്. സ്ത്രീക്കാകട്ടെ സര്‍ഗാത്മകത പലപ്പോഴും ഭാരമായിത്തീരുന്നതും നാം മനസ്സിലാക്കുന്നു. 'യാഥാര്‍ത്ഥ്യത്തിന്‍റെ വാതില്‍ ഞാന്‍ പുറത്തുനിന്ന് കൊട്ടിയടച്ചു. അങ്ങനെ എന്നില്‍ സമുദ്രശില ആവിര്‍ഭവിച്ചു' എന്നതാണ് വസ്തുത. സ്ത്രീയുടെ ഉള്ളില്‍ സമുദ്രശിലകള്‍ രൂപം കൊള്ളുന്നത് എപ്രകാരമാണെന്ന് എഴുത്തുകാരന്‍ കാണിച്ചുതരുന്നു.
'ജീവിതം: മൂന്നക്ഷരം മാത്രമുള്ള ഈ വാക്കിന്‍റെ വ്യാഖ്യാനമാകുന്നു നൂറുകണക്കിനു ഭാഷകളില്‍ ആയിരക്കണക്കിന് എഴുത്തുകാര്‍ എഴുതിക്കൊണ്ടിരിക്കുന്നത്' എന്നാണ് സുഭാഷ് ചന്ദ്രന്‍ എഴുതുന്നത്. അംബയും മറ്റുകഥാപാത്രങ്ങളും ജീവിതത്തിന്‍റെ ഭിന്ന മുഖങ്ങളാണ് കാണിച്ചുതരുന്നത്. സ്ത്രൈണ ജീവിതത്തെയാണ് ഈ എഴുത്തുകാരന്‍ ആഴത്തില്‍ പിന്തുടരുന്നത്. പലപ്പോഴും അഭയം തേടിയുള്ള സ്ത്രീയുടെ യാത്രകള്‍ അശാന്തിയിലാണ് അവസാനിക്കുന്നത്. സ്വയം തിരിച്ചറിയപ്പെടാതെ പോകുന്നതിലെ വേദനകള്‍ അവള്‍ മനസ്സില്‍ പേറുന്നു. ഉള്ളില്‍ സമുദ്രശിലകള്‍ രൂപംകൊള്ളുന്നത് അങ്ങനെയാണ്.
സങ്കല്പവും യാഥാര്‍ഥ്യവും ഇടകലരുന്ന കൃതിയാണ് സമുദ്രശില. സര്‍ഗാത്മകതയുടെ അഭാവം മനുഷ്യജീവിതത്തില്‍ നിറയ്ക്കുന്ന ശൂന്യതയും അന്വേഷണവിഷയമാണ്. സുഭാഷ്ചന്ദ്രന്‍റെ അന്വേഷണം ഭൂതകാലത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും വ്യാപിക്കുന്നു. കണ്ടെത്തപ്പെടാതെ കിടക്കുന്ന വന്‍കരകളെപ്പോലെ സ്ത്രൈണജന്മങ്ങള്‍ കടന്നുപോകുന്നു. സ്ത്രൈണതയുടെ വീണ്ടെടുപ്പിലൂടെ സര്‍ഗാത്മകത പൂവിടുമെന്ന സങ്കല്പമാണ് എഴുത്തുകാരന്‍ അവശേഷിപ്പിക്കുന്നത്. ശിഖണ്ഡി ആണും പെണ്ണും കെട്ടവനല്ല, ആണിന്‍റെയും പെണ്ണിന്‍റെയും സാധ്യത നിറഞ്ഞതാണ് എന്ന ചിന്ത അതിപ്രധാനമാണ്. വിമര്‍ശനങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുമ്പോഴും പുതിയ അന്വേഷണങ്ങള്‍ക്കുള്ള വഴികളും സമുദ്രശില തുറക്കുന്നു. (സമുദ്രശില, സുഭാഷ് ചന്ദ്രന്‍, മാതൃഭൂമി ബുക്സ്)
മായാമനുഷ്യര്‍
ആഗോളീകരണത്തിന്‍റെയും ഉപഭോഗസംസ്കാരവേലിയേറ്റത്തിന്‍റെയും ആദ്യഘട്ടത്തില്‍ എന്‍. പ്രഭാകരന്‍ എഴുതിയ കഥയാണ് 'മായാമയന്‍.' ഉപഭോഗസംസ്കാരം ഒരു സാധാരണക്കാരന്‍റെ ജീവിതത്തെ ആത്മാവില്ലാതാക്കുന്നതിന്‍റെ ചിത്രമാണ് ആ കഥയില്‍ അവതരിപ്പിക്കുന്നത്. വര്‍ത്തമാനകാലമെത്തുമ്പോള്‍ ഉപഭോഗസംസ്കാരവും വിപണിയും അപമാനവീകരണത്തിന്‍റെ ഉച്ചസ്ഥായിലെത്തിയിരിക്കുകയാണ്. മതത്തെയും രാഷ്ട്രീയത്തെയും മനുഷ്യന്‍റെ എല്ലാ വ്യാപാരങ്ങളെയും സുനാമിപോലെ ഈ സംസ്കാരം മാറ്റിമറിച്ചുകഴിഞ്ഞു. മനുഷ്യസമൂഹം തന്നെ വലിയൊരു പ്രതിസന്ധിഘട്ടത്തിലെത്തിയിരിക്കുന്ന സന്ദര്‍ഭമാണിത്. ഈ ചരിത്രസന്ദര്‍ഭത്തില്‍ എന്‍. പ്രഭാകരന്‍റെ 'മായാമനുഷ്യര്‍' എന്ന പുതിയ നോവല്‍ പ്രസക്തമാകുന്നു. 'മായാമനുഷ്യരായി മാറിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. മധ്യവര്‍ഗം പുത്തന്‍സംസ്കാരത്തിന്‍റെ വേലിയേറ്റത്തില്‍ പരിവര്‍ത്തനവിധേയമായിരിക്കുന്നു. 'മായാപരത ഒരു വ്യക്തിയുടെ മനസ്സിനും അനുഭവലോകത്തിനും മാത്രമായി പരിമിതപ്പെടാതെ രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, ആത്മീയാന്വേഷണം എന്നീ മേഖലകളിലെല്ലാം വ്യാപിക്കുകയും ചെയ്തു. അകലെക്കാഴ്ചയില്‍ അത്രയൊന്നും വ്യക്തത കൈവരിക്കാത്ത ഈ പരിണാമത്തിന്‍റെ സമീപദൃശ്യങ്ങളാണ് 'മായാമനുഷ്യ'രില്‍ സമാഹരിച്ചുവെച്ചിരിക്കുന്നത്' എന്ന് നോവലിസ്ററ് പ്രസ്താവിക്കുന്നു.
'ഗമന്‍' എന്ന കഥാപാത്രത്തിന്‍റെ യാത്രയും അന്വേഷണങ്ങളും അനുഭവങ്ങളുമാണ് 'മായാമനുഷ്യര്‍'. മാനുഷികബന്ധങ്ങളില്‍ വന്നുചേര്‍ന്നിരിക്കുന്ന ആഴക്കുറവ് നോവലില്‍ ചര്‍ച്ചാവിഷയമാകുന്നു. 'എല്ലാവരും അവനവനെക്കൊണ്ട് നിറയുകയാണ്' എന്ന് നോവലിസ്റ്റ് കുറിക്കുന്നു. അവനവന്‍റെ ജീവിതവുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുന്ന കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. വേരുകളില്ലാതെ ഒഴുകിനീങ്ങുന്ന കഥാപാത്രങ്ങള്‍. മറവിയിലാഴുന്ന ഒരു കാലത്തെ പിന്നില്‍ ഉപേക്ഷിച്ച് പലതും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് ഏവരും. അതിജീവനം മാത്രമാണ് ഏവര്‍ക്കും പ്രധാനം. അതിനിടയില്‍ മറ്റൊന്നിനും പ്രസക്തിയില്ല. അതിജീവനത്തിനായുള്ള പരക്കംപാച്ചിലില്‍ മറവിയാണ് മനുഷ്യന് അഭയം. എല്ലാ സാമൂഹ്യസ്ഥാപനങ്ങളും ഉപഭോഗാസക്തിയുടെ വേലിയേറ്റത്തില്‍ പരിവര്‍ത്തനവിധേയമാകുന്നു. മൂല്യരഹിതവും പൊള്ളയുമായ ഒരു സംസ്കാരം രൂപംകൊള്ളുന്നത് ഈ സാഹചര്യത്തിലാണ്. 'ഏതു ജനതയും അവരുടെ രാഷ്ട്രീയബോധത്തെയും രാഷ്ട്രീയപ്രവര്‍ത്തനശൈലിയെയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണം' എന്നതൊന്നും ഇവിടെ ആരും പരിഗണിക്കുന്നില്ല. ഒരുപാടു കാലം വേണ്ടിവരും സ്നേഹത്തിന്‍റെയും നന്മയുടെയും നീതിയുടെയുമൊക്കെയായ ആ സ്വപ്നഭൂമിയിലേക്കുള്ള യാത്ര ലക്ഷ്യം കാണാന്‍ എന്ന് എഴുത്തുകാരന്‍ അറിയുന്നു.
"വലിയ സ്വപ്നങ്ങളെയും ആദര്‍ശങ്ങളെയും എന്നേക്കുമായി ഉപേക്ഷിക്കുന്ന ഒരു ജനതയ്ക്ക് പിന്നെ വ്യാപരിക്കാവുന്നത് അനേകം നിസ്സാരതയുടെ ലോകത്തുമാത്രമാണ്" എന്നതാണ് സത്യം. ഈ നിസ്സാരതകളാണ് നാമിപ്പോള്‍ എവിടെയും കാണുന്നത്. എല്ലാറ്റിന്‍റെയും ആഴം കുറഞ്ഞുവരുന്നു. വല്ലാത്തൊരു ശൂന്യത പടരുന്ന കാലം. രാഷ്ട്രീയവും ആത്മീയവുമായ ശൂന്യത. 'മനസ്സിലെ ആ ശൂന്യതയാണ് ചെറിയ സാധ്യതകള്‍ തെളിഞ്ഞുവരുമ്പോള്‍തന്നെ ആത്മീയതയ്ക്കുവേണ്ടിയുള്ള വെപ്രാളമായി മാറുന്നത്' എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു. "ആളുകളുടെ ജീവിതസമീപനം, മൂല്യസങ്കല്പങ്ങള്‍, പെരുമാറ്റരീതികള്‍ എല്ലാം കാണെക്കാണെ മാറിക്കൊണ്ടിരിക്കുകയാണ്. 'പ്രത്യയശാസ്ത്രദാര്‍ഢ്യം, ആദര്‍ശനിഷ്ഠ, നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനം എല്ലാം കാലഹരണപ്പെട്ടുകഴിഞ്ഞോ?' എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു.
"എല്ലാ കാലത്തും ഓരോരോ മിഥ്യാസങ്കല്പങ്ങളും അനാവശ്യമായ ബൗദ്ധികാസക്തികളുമാണ് തന്നെ നയിച്ചത്. താന്‍ ജീവിക്കുന്ന കാലം താനെന്ന ജീവിയില്‍നിന്ന് ആവശ്യപ്പെടുന്ന അതിജീവനതന്ത്രം ഒരിക്കലും താന്‍ പഠിച്ചെടുത്തില്ല" എന്ന നിസ്സഹായതയില്‍പ്പെടുന്ന ഗമന്‍ പുതിയ കാലത്തെ തിരിച്ചറിയുന്നതാണ് നോവലിന്‍റെ യാത്ര. അകം പൊള്ളയായ കാലത്തിന്‍റെ ചിത്രീകരണമാണ് 'മായാമനുഷ്യര്‍.' (മായാ മനുഷ്യര്‍- എന്‍ പ്രഭാകരന്‍ - മാതൃഭൂമി ബുക്സ്).
രാജ്യസ്നേഹിയും രാജ്യദ്രോഹിയും
ഇന്ത്യ ഇന്ന് സഞ്ചരിക്കുന്നത് ഏതു വഴിയിലൂടെയാണ് എന്ന് ആശങ്കയോടെ ചിന്തിക്കുന്ന കാലമാണിത്. മതമൗലികവാദവും അസഹിഷ്ണുതയും ഹിംസയും അപരവല്‍ക്കരണവും പെരുകിവരികയാണ്. സത്യാനന്തരലോകത്ത് നുണകള്‍ വന്നുനിറയുന്നു. സത്യവും നുണയും വേര്‍തിരിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ കെ. അരവിന്ദാക്ഷന്‍റെ 'രാജ്യദ്രോഹി Vs രാജ്യസ്നേഹി' എന്ന പുസ്തകം ഏറെ പ്രധാനമാണ്. മതമൗലികവാദിയായ രാജ്യസ്നേഹിയും രാജ്യദ്രോഹിയും തമ്മിലുള്ള സാങ്കല്പിക സംവാദമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ രാജ്യദ്രോഹിയായാണ് സ്വയം കാണുന്നത്. ചിന്തിക്കുന്നവരും വിമര്‍ശിക്കുന്നവരും രാജ്യദ്രോഹികളായി മാറുന്നതാണല്ലോ പുതിയ കാലത്തിന്‍റെ നീതി.
'ഭൂമിയിലെ എല്ലാ കാറ്റുകള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന ഇടമായി' മനുഷ്യഹൃദയം മാറണം എന്നതാണ് ഗ്രന്ഥകാരന്‍റെ സ്വപ്നം. മനുഷ്യഹൃദയം അടഞ്ഞുവരുന്ന കാലമാണ് മതമൗലികവാദത്തിന്‍റെ കാലം. വാക്കുകള്‍ക്കിടയിലെ ജനാധിപത്യം നഷ്ടപ്പെടുന്നു. പരസ്പരമുള്ള സംഭാഷണമാണ് ജനാധിപത്യത്തിന്‍റെ ജീവവായു. ഈ സംവാദം നഷ്ടമാകുമ്പോള്‍ ഏകാധിപത്യത്തിലേക്ക് നാം നിപതിക്കും. ഏകഭാഷണം ഫാസിസമാണ്.
തീര്‍ച്ചയായും സംഭാഷണമാണ് മാനവസമൂഹത്തിന്‍റെ ജീവവായു എന്ന് ഗ്രന്ഥകാരനറിയാം. പരസ്പരം സംവദിച്ചും സംവാദത്തിലൂടെ ധാരണകള്‍ തിരുത്തിയും പുതിയവ നിര്‍മ്മിച്ചുമാണ് ഇതുവരെയെത്തിച്ചിട്ടുള്ളത്. ഭാഷകളും സംസ്കാരങ്ങളും സംവാദത്തിന്‍റെ ശരീരമാണ് എന്നതാണ് കാതലായ സത്യം. ഈ സംവാദം നഷ്ടമാകുമ്പോള്‍ സമൂഹം ഇല്ലാതാകും. ബഹുസ്വരമായ സംസ്കാരവും സംവാദവുമാണ് സമൂഹത്തെ മുന്നോട്ടുനയിക്കേണ്ടത്. സ്നേഹത്തിന്‍റെ ആലോലമാടുന്ന സംഭാഷണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് ഭൂമിയുടെ നിലനില്പിന്‍റെ ആവശ്യമാണ്. സംഭാഷണം, വിനിമയം, സംവാദം ജനാധിപത്യത്തിന്‍റെ ജീവവായുവാണ്. ഭൂമിയുടെ ജീവനാണ്." നമ്മുടെ വര്‍ത്തമാനകാലം ഇത്തരത്തിലുള്ള വഴിയിലൂടെയല്ല മുന്നോട്ടുപോകുന്നത് എന്ന തിരിച്ചറിവില്‍നിന്നാണ് പുസ്തകം മുന്നോട്ടു പോകുന്നത്. സംഭാഷണത്തിന്‍റെ ഘടികാരം നിലച്ച കാലത്ത് നാടും സമൂഹവും ഹിംസാത്മകമാകും.
അടുത്തകാലത്ത് ഭാരതത്തിലുണ്ടായ എല്ലാ സംഭവങ്ങളും സംവാദത്തിന്‍റെ ഭാഗമാകുന്നു. സംസ്കാരവും രാഷ്ട്രീയവും മതവും ഭരണഘടനയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവരുന്നു. നാം പിന്നിടുന്നത് ആപത്ഘട്ടമാണ് എന്ന് അരവിന്ദാക്ഷന്‍ വ്യക്തമാക്കുന്നു. 'സംവാദം നിലച്ചാല്‍ മനുഷ്യസംസ്കാരം മരിച്ചു എന്നാണര്‍ഥം. ചോദ്യങ്ങള്‍ ഭയപ്പെടുന്ന, മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംവാദങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍ ജനാധിപത്യത്തിന്‍റെ അന്തകരാണ്' എന്ന് നാം തിരിച്ചറിയുന്നു.
ആശയങ്ങളുടെ സര്‍ഗാത്മകസംവാദമാണ് ഈ ഗ്രന്ഥത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്. ഗാന്ധിയും അംബേദ്കറും മാര്‍ക്സും മറ്റു ചിന്തകരും ഗ്രന്ഥകാരന്മാരുമെല്ലാം ഈ സംവാദത്തിന്‍റെ ഭാഗമാകുന്നു. അഹിംസാത്മകമായ കാലത്തിനായുള്ള ആരായലാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. 'ഒരു മനുഷ്യസ്നേഹിക്ക് ചരിത്രധ്വംസനങ്ങളെ ന്യായീകരിക്കാനാവില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. നുണകള്‍കൊണ്ട് ചരിത്രത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.
'വെറുപ്പിന്‍റെ സ്ഥാനത്ത് സ്നേഹത്തെ പ്രതിഷ്ഠിക്കുന്ന സുവിശേഷമാണ്' ഇന്നിന്‍റെ ആവശ്യമെന്ന് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നുണ്ട്. ധാര്‍മ്മികതയാവണം എല്ലാറ്റിന്‍റെയും അടിസ്ഥാനത്തെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും നിയന്ത്രിക്കുന്ന ധാര്‍മ്മികതയുടെ ശക്തി നഷ്ടമായാല്‍ ലോകം ഇരുണ്ടതാകും. പുതിയൊരു മനുഷ്യനിലേയ്ക്കുള്ള പരിണാമമാണ് ഈ എഴുത്തുകാരന്‍ സ്വപ്നം കാണുന്നത്. 'ആ പരിണാമത്തിന്‍റെ ചാലകോര്‍ജം കാരുണ്യമായിരിക്കും എന്ന് എനിക്കുറപ്പിച്ച് പറയാനാവും. കാരുണ്യത്തിന് അന്ത്യമുണ്ടെന്ന് പറയാന്‍ എനിക്കാവില്ല' എന്നും നാം തിരിച്ചറിയുന്നു. വളരെ പ്രധാനപ്പെട്ട സംവാദമാണ് കെ. അരവിന്ദാക്ഷന്‍ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്. (രാജ്യദ്രോഹി Vs രാജ്യസ്നേഹി, ഡി. സി. ബുക്സ്, കോട്ടയം)