ഹോസ്പിറ്റല്‍ റെസിഡന്‍സിലെ ഒറ്റമുറി ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയില്‍ വെറുതെ വെളിയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അവള്‍. സമയം ആറുമണിയോടടുക്കുന്നു. മഞ്ഞു കാലമായതിനാല്‍ ചുറ്റും ഇരുള്‍ പരന്നു കഴിഞ്ഞു. കോടമഞ്ഞിനെ തുളച്ച് വിളക്കുകാലുകളില്‍ നിന്നും താഴേക്കൊഴുകുന്ന പ്രകാശവീചികളില്‍ നിരത്തിലൂടെ നടന്നു പോകുന്നവരെ അവ്യക്തമായി കാണാം. മങ്ങിയ വെളിച്ചത്തില്‍ ഇടയ്ക്കു പ്രത്യക്ഷപ്പെടുകയും അല്പസമയത്തിനുള്ളില്‍ മറഞ്ഞു പോവുകയും ചെയ്യുന്ന രൂപങ്ങളില്‍ നിന്നും വ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു വിരസമായ വൈകുന്നേരങ്ങളിലെ അവളുടെ വിനോദം.

നിരത്തില്‍ നിന്നും മുഖം തിരിച്ച് അവള്‍ മറുവശത്തേക്കു നോക്കി. നിയോണ്‍ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ആശുപത്രി കെട്ടിടങ്ങളും അതിനപ്പുറം പരന്നു കിടക്കുന്ന തരിശു ഭൂമിയും...ഇരുട്ടില്‍ പ്രേതങ്ങളെപ്പോലെ തോന്നിക്കുന്ന ഇലകൊഴിഞ്ഞ മരങ്ങള്‍... അവള്‍ ഭീതിയോടെ കണ്ണുകള്‍ മാറ്റി.

ഹോസ്പിറ്റലിനു നേരെ മുകളില്‍ ചന്ദ്രന്‍ ചിരിച്ചു നില്‍പ്പുണ്ടെങ്കിലും ആ പുഞ്ചിരി ഭൂമിയിലേക്കെത്താതെ ആരോ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണെന്ന് അവള്‍ക്കു തോന്നി. നിലാവ് പരന്നൊഴുകുന്നില്ലെങ്കിലും തെളിഞ്ഞു നില്‍ക്കുന്ന തിങ്കള്‍ അവളുടെ മനസ്സും തെളിയിച്ചു. ഒരു മൂളിപ്പാട്ടോടെ അവള്‍ നിരത്തിലേക്ക് ദൃഷ്ടി തിരിച്ചു.

കൈയില്‍ മധുരപലഹാര പെട്ടികളും തുണിക്കടയിലെ കൂടുകളുമായി ഒരാള്‍ നിരത്തിലെ വെളിച്ചത്തില്‍ പ്രത്യക്ഷനായി. മൊബൈല്‍ ഫോണില്‍ ആരോടോ ഉറക്കെ സംസാരിക്കുന്ന അയാളുടെ മുഖത്തെ വിടര്‍ന്ന ചിരി ഏതോ വിളക്കുകാലിന്‍റെ ചുവട്ടില്‍ വച്ച് അവള്‍ വ്യക്തമായി കണ്ടു. ആ ചിരിയെ പിന്തുടര്‍ന്ന അവളുടെ കണ്ണുകള്‍ ഹോസ്പിറ്റലിന്‍റെ ഗ്ലാസ് ഡോറില്‍ തട്ടി നിന്നു.

അവിടെ നിന്നും മിഴികള്‍ പിന്‍വലിച്ച് അവള്‍ വീണ്ടും ആകാശത്തിലേക്കു നോക്കി. മേഘങ്ങള്‍ ചന്ദ്രനെ പാതി മറച്ചിരുന്നു. ചുവന്ന ഉടുപ്പിട്ട ഒരു പെണ്‍കുഞ്ഞിനെ എളിയില്‍ വച്ചുകൊണ്ട് ഒരു സ്ത്രീ വിളക്കുകാലിന്‍റെ ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ അഴിഞ്ഞുലഞ്ഞ മുടിയില്‍ മുറുകെ പിടിച്ചുകൊണ്ട് ആ കുഞ്ഞ് ഇരുട്ടിലേക്ക് ഭീതിയോടെ നോക്കിക്കൊണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം അവര്‍ ഗ്ലാസ് ഡോറിനുള്ളിലൂടെ ആശുപത്രിക്കുള്ളിലേക്കു പാഞ്ഞു.

അപ്പോഴേക്കും ചന്ദ്രന്‍ പൂര്‍ണ്ണമായും കാര്‍മേഘങ്ങള്‍ക്കുള്ളിലായിക്കഴിഞ്ഞിരുന്നു. അവള്‍ എന്തോ ഓര്‍ത്ത് വിതുമ്പിക്കരഞ്ഞു. ആ വിതുമ്പലുകള്‍ ഏതൊക്കെയോ ശബ്ദങ്ങളിലലിഞ്ഞു ചേര്‍ന്നു.

വിങ്ങുന്ന ഹൃദയവുമായി അവള്‍ അകത്തേക്കു നടന്നു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും തല നീട്ടിത്തുടങ്ങിയതും നിരത്തിലൂടെ നിറവയറുമായി ഒരു സ്ത്രീ ഭര്‍ത്താവിനൊപ്പം നടന്നു വരുന്നതും അവള്‍ കണ്ടില്ല.

You can share this post!

കാത്തിരിപ്പിന്‍റെ അവസാന മണിക്കൂറുകള്‍

ഡോ. എന്‍.പി. ജോസഫ്
അടുത്ത രചന

ദി ക്രൂസ്

ലിന്‍സി വര്‍ക്കി
Related Posts