യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍
2015-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ സ്വെറ്റ്ലാന അലക്സിവിച്ച പത്രപ്രവര്‍ത്തനത്തിലൂടെയാണ് അത് നേടിയെടുത്തത്. ഒരു കാലഘട്ടത്തിന്‍റെ തിളയ്ക്കുന്ന ചരിത്രമാണ് അവര്‍ വാക്കുകളിലേക്ക് ആവാഹിച്ചത്. പൊതുവേ ചരിത്രം അവഗണിച്ച ജീവിതാനുഭവങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്ക് അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു.
"War`s Unwomenly Face' എന്ന ഗ്രന്ഥത്തിന്‍റെ മലയാള വിവര്‍ത്തനമാണ് 'യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍'. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മന്‍ പട്ടാളത്തിനെതിരെ പോരാടിയ സ്ത്രീകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അലക്കുകാര്‍ മുതല്‍ മുന്നണിപ്പോരാളികള്‍വരെയുള്ള സ്ത്രീകളുടെ സമര്‍പ്പണബുദ്ധിയോടെയുള്ള മുന്നേറ്റം എഴുത്തുകാരി അടയാളപ്പെടുത്തുന്നു. ഏകദേശം നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം, പട്ടാളത്തില്‍ ജോലിചെയ്തവരെ കണ്ടെത്തി അഭിമുഖം നടത്തി തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. നാം ഇന്നുവരെ പരിചയിച്ച പുസ്തകങ്ങളില്‍നിന്ന് തികച്ചും വിഭിന്നമാണ് 'യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍'.
‘In war there are many people around you
but you are always alone,
because before death the human being is always alone.
I remember that terrible loneliness' എന്നെഴുതുന്ന സ്വെറ്റ്ലാന യുദ്ധത്തെ ഏറ്റവും ചുരുക്കി നിര്‍വ്വചിക്കുന്നു. ഈ ഭീകരമായ ഏകാന്തതയുടെ കഥകളാണ് ഈ ഗ്രന്ഥത്തിലെ ഓരോ സ്ത്രീയും വിവരിക്കുന്നത്. അവര്‍ വിദൂരഭൂതകാലത്തിലേക്ക് ഭീതിയോടെ, ദുഃഖത്തോടെ തിരിഞ്ഞുനോക്കുന്നു. "യുദ്ധത്തെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളതെല്ലാം പുരുഷശബ്ദത്തിലൂടെ കേട്ടറിഞ്ഞുള്ളതാണ്. നമ്മളെല്ലാവരും പുരുഷന്മാരുടെ യുദ്ധസങ്കല്പങ്ങളുടെയും യുദ്ധബോധത്തിന്‍റെയും തടവുകാരാണെന്നു പറയാം. ശബ്ദങ്ങള്‍ പുരുഷന്മാരുടേതാണ്. സ്ത്രീകള്‍ ഇവിടെ നിശ്ശബ്ദരാണ്" എന്നാണ് എഴുത്തുകാരി നിരീക്ഷിക്കുന്നത്. യുദ്ധംകൊണ്ട് ദുരന്തങ്ങള്‍ നേരിട്ടത് മനുഷ്യര്‍ക്കു മാത്രമല്ല. "അന്ന് ദുഃഖവും ദുരിതവും നേരിട്ടത് മനുഷ്യര്‍ക്കു മാത്രമായിരുന്നില്ല. അവര്‍ അധിവസിച്ചിരുന്ന ഭൂമിയും അതിലുണ്ടായിരുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ആ യാതനകള്‍ക്ക് ഇരയായി. ഭൂമിയില്‍ നമ്മോടൊപ്പമുള്ള എല്ലാംതന്നെ ആ ദുരിതങ്ങള്‍ അനുഭവിച്ചു. അവര്‍ എല്ലാം നിശ്ശബ്ദമായി സഹിച്ചു എന്നുമാത്രം. ഒരുപക്ഷേ അതുതന്നെയായിരിക്കും അതിനെ കൂടുതല്‍ ഭയാനകമാക്കുന്നത്." സ്ത്രീയുടെ യുദ്ധചരിത്രമാണ് താനെഴുതുന്നതെന്ന് സ്വറ്റ്ലാന എടുത്തുപറയുന്നു.
മനുഷ്യന്‍ ഭൂമിയിലുണ്ടായ കാലംമുതല്‍ യുദ്ധവും ആരംഭിച്ചു. ആധുനികമനുഷ്യന്‍റെ യുദ്ധവും ആധുനികവും കൂടുതല്‍ ഭീകരവുമായി. "ജീവിതത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന തീവ്രമായ ഒരനുഭവമാണ് യുദ്ധം. പഴയ ചരിത്രമാണെങ്കില്‍പോലും അതു ജീവിതത്തോളം തന്നെ അറ്റം കാണാത്തതുമാണ്" എന്നാണ് ഗ്രന്ഥകാരിയുടെ നിരീക്ഷണം. 'ഒരു മനുഷ്യന്‍ യുദ്ധത്തേക്കാള്‍ വലുതാണ്' എന്നാണ് ഗ്രന്ഥകാരി എഴുതുന്നത്. 'മനുഷ്യനില്‍ എത്രത്തോളം മനുഷ്യനുണ്ട്? നമ്മുടെ ഉള്ളിലുള്ള മനുഷ്യനെ നമ്മള്‍ എങ്ങനെയാണ് കാത്തുസൂക്ഷിക്കേണ്ടത്? എന്നാണ് അവര്‍ അന്വേഷിക്കുന്നത്. "മറ്റാര്‍ക്കും ഇല്ലാത്ത ഒരറിവ് ഈ മനുഷ്യന്‍റെ ഉള്ളിലുണ്ട്. ആ അറിവ് യുദ്ധഭൂമിയില്‍ നിന്നുമാത്രമേ നേടാനാവൂ. മരണത്തെ മുഖാമുഖം കണ്ടുനില്ക്കുമ്പോള്‍." യുദ്ധഭൂമിയില്‍ നിന്ന് അനേകം സ്ത്രീകള്‍ നേടിയ അനുഭവങ്ങളും അറിവുകളുമാണ് ഈ പുസ്തകത്തില്‍ വന്നുനിറയുന്നത്.
"യുദ്ധത്തെപ്പറ്റിയല്ല ഞാന്‍ എഴുതുന്നത്. യുദ്ധത്തിലുണ്ടായിരുന്ന മനുഷ്യരെപ്പറ്റിയാണ്. യുദ്ധത്തിന്‍റെ ചരിത്രമല്ല ഞാനിവിടെ കുറിക്കുന്നത്. വിചാരവികാരങ്ങളുടെ ചരിത്രമാണ്. ഞാന്‍ വികാരങ്ങളുടെ ചരിത്രകാരിയാണ്" എന്ന് സ്വെറ്റ്ലാന കുറിക്കുന്നു. അവര്‍ക്ക് വികാരങ്ങളാണ് സത്യം. ഓരോരുത്തരുടെയും ഉള്ളിലുള്ള ഒരു തുണ്ട് ചരിത്രത്തെ നമുക്കു കാണിച്ചുതരുകയാണ് എഴുത്തുകാരി. "നമ്മളെ സംബന്ധിച്ചിടത്തോളം യുദ്ധം വെറും കൂട്ടക്കൊലയാണ്" എന്നാണ് അവരുടെ അഭിപ്രായം. "സ്ത്രീകളുടെ ഓര്‍മ്മകള്‍ക്കാണ് കൂടുതല്‍ ശക്തി. പ്രത്യേകിച്ച് വേദനകളുടെയും സങ്കടങ്ങളുടെയും കാര്യത്തില്‍" എന്നു പറയുമ്പോള്‍ നാം ആ ഓര്‍മ്മകളില്‍ ഒഴുകിപ്പോകുന്നതറിയുന്നു. അറിവിന്‍റെ പരമമായ രൂപമായി ഓര്‍മ്മയെ കാണുന്നു. എഴുത്തുകാരിയെ ഈ ഓര്‍മ്മക്കുറിപ്പില്‍ നാം കാണുന്നു. "ഞാന്‍ വെറുതെ വസ്തുതകള്‍ കുറിച്ചുവയ്ക്കുകയല്ല ചെയ്യുന്നത്. ഞാന്‍ അവ സമാഹരിക്കുകയാണ്. മനുഷ്യന്‍റെ ആത്മാവിനെ തേടി കണ്ടുപിടിക്കുകയാണ്. കഠിനമായ യാതനകള്‍ നിസ്സാരനായ ഒരു വ്യക്തിയെ എങ്ങനെ മഹാപുരുഷനാക്കി മാറ്റുന്നു എന്നതാണെന്‍റെ അന്വേഷണം." മനുഷ്യയാതനകളുടെ ഇതിഹാസമായി ഒരു ഗ്രന്ഥം മാറുന്നതങ്ങനെയാണ്. കീറിപ്പറിഞ്ഞ ആത്മാവുകളെ നാം കണ്ടുമുട്ടുന്നു.
"മനുഷ്യന്‍റെ ഭാഗധേയങ്ങളുടെ ജീവന്‍ തുടിക്കുന്ന കോശങ്ങളില്‍ എല്ലാ ആര്‍ദ്രഭാവങ്ങളും അലിഞ്ഞില്ലാതാകുന്നു" എന്നാണ് ഗ്രന്ഥകാരി എഴുതുന്നത്. "ഞാന്‍ സമാഹരിക്കാന്‍ ശ്രമിക്കുന്നത് ആത്മാവിന്‍റെ അറിവുകളാണ്. അങ്ങനെയാണ് ഞാന്‍ അതിനെ വിളിക്കുന്നത്. ജീവിതത്തിന്‍റെ ഉള്‍പ്പാതകളെയാണ് നാം പിന്‍തുടരുന്നത്. ആത്മാവിന്‍റെ സ്വരങ്ങളാണ് ഞാന്‍ രേഖപ്പെടുത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിനേക്കാള്‍ പ്രധാനപ്പെട്ടതാണ് അതിന്‍റെ സഞ്ചാരപഥങ്ങള്‍" എന്ന് തന്‍റെ കാഴ്ചപ്പാട് വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരി. "ഞാന്‍ എഴുതുന്നത് തോന്നലുകളുടെ ചരിത്രമാണ്. ആത്മാവിന്‍റെ ചരിത്രം. ഇത് ഒരു രാജ്യത്തിന്‍റെയോ യുദ്ധത്തിന്‍റെയോ ചരിത്രമല്ല. വീരയോദ്ധാക്കളുടേത് തീരെയുമല്ല. ഇത് സാധാരണ മനുഷ്യരുടെ ചരിത്രമാണ്. സാധാരണ ജീവിതത്തില്‍നിന്ന് വമ്പിച്ചൊരു ചരിത്രസംഭവത്തിന്‍റെ അഗാധഗര്‍ത്തങ്ങളിലേക്കു വലിച്ചെറിയപ്പെട്ട കുറെ മനുഷ്യരുടെ ജീവിതം" എന്ന് അവര്‍ തുടരുന്നു.
"എനിക്കു ജീവിക്കണം, മരിക്കാന്‍ ആഗ്രഹമില്ല. പൗഡറു പൂശി മുഖംമിനുക്കി എനിക്ക് ജീവിതം ആസ്വദിക്കണം" എന്നാഗ്രഹിക്കുന്ന പെണ്‍കുട്ടികളാണ് യുദ്ധമുന്നണിയിലേക്ക് യാത്രയാകുന്നത്. പ്രകൃതിക്കു വിരുദ്ധമായ അനുഭവങ്ങളാണ് ജനജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കുന്നു. സ്നേഹവും വിശുദ്ധിയുമൊന്നും പടക്കളത്തില്‍ കാത്തുസൂക്ഷിക്കാനാവില്ല, അതൊരു നരകമാണ് എന്നവര്‍ തിരിച്ചറിയുന്നു. മൃതദേഹങ്ങള്‍ക്കിടയില്‍ ജീവനുള്ള ആളെ കണ്ടെത്തുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമായി മാറുന്നത് യുദ്ധഭൂമിയിലാണ്. മാതൃഭൂമി എന്ന മഹത്തായ സങ്കല്പമാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിന്‍റെ ഇരുളും നിഴലും കണ്ട് ജീവിതം തള്ളിനീക്കുന്നതിന്‍റെ ഭീകരത പെണ്‍കുട്ടിയും വിവരിക്കുന്നു.
"എങ്ങനെ സ്വന്തം നഗരത്തെ രക്ഷിക്കാം, മരിക്കുക എളുപ്പമാണ്. അതിനുമുമ്പ് എന്തെങ്കിലും ചെയ്യണം" എന്നായിരുന്നു ഓരോ സ്ത്രീപോരാളിയുടെയും ആഗ്രഹം.
'ഇനി എന്നും ലോകത്തില്‍ ശാന്തിയും സമാധാനവും മാത്രം. അതായിരുന്നു ഞങ്ങളുടെ മനസ്സില്‍. ഇനിയുമൊരു യുദ്ധം, ഒരാളും ആഗ്രഹിച്ചില്ല. എല്ലാ വെടിമരുന്നുകളും ബോംബുകളും പാടേ നശിപ്പിക്കണം. ആര്‍ക്കാണ് അതൊക്കെ ആവശ്യം. ബോംബിടലും വെടിവയ്ക്കലും ഞങ്ങള്‍ക്കാകെ മടുത്തിരിക്കുന്നു' എന്നു പറയുമ്പോള്‍ വലിയൊരു സ്വപ്നമാണ് കണ്ടത്. പലര്‍ക്കും അവരുടെ ഓര്‍മ്മകളുടെ ഭാരം താങ്ങാന്‍ കഴിഞ്ഞില്ല. ദൈവം നമ്മളെ സൃഷ്ടിച്ചത് പരസ്പരം വെടിവയ്ക്കാന്‍ വേണ്ടിയല്ല. സ്നേഹിക്കാന്‍ വേണ്ടിയാണ്" എന്നതാണ് ജീവിതത്തെപ്പറ്റി അവര്‍ കണ്ടറിഞ്ഞ പരമസത്യം. മാനുഷികമായ ഒന്നും ശേഷിക്കുന്നില്ല എന്ന തിരിച്ചറിവ് അതിഭീകരവുമാണ്.
ഒരേയൊരു വഴിയേയുള്ളൂ. അത് മനുഷ്യസ്നേഹത്തിന്‍റേതാണ്. സ്നേഹത്തിലൂടെ മനുഷ്യരെ മനസ്സിലാക്കുക. ഇതാണ് ഈ ഗ്രന്ഥത്തിന്‍റെ സന്ദേശം. 'കണ്ണുകളെപ്പോഴും തുറന്നുപിടിക്കണം. ഇത് ചരിത്രമാണ്' എന്ന് യുദ്ധം ചെയ്ത സ്ത്രീകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യുദ്ധം അവസാനിച്ചിട്ടും എനിക്ക് വളരെ കാലത്തേയ്ക്ക് ആകാശത്തേക്കു നോക്കാന്‍ പേടിയായിരുന്നു. മുകളിലേക്കു നോക്കിയാല്‍ ചവിട്ടിമെതിച്ച ഭൂമിയായിരിക്കുമോ അവിടെ കാണുക എന്ന ഭയം. ഇല്ല... പക്ഷികള്‍ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായി ആകാശത്തിലൂടെ പറന്നുപോകുന്നുണ്ട്. എത്രവേഗമാണ് അവര്‍ക്ക് യുദ്ധം മറക്കാനായത്' എന്നെഴുതി അവസാനിപ്പിക്കുമ്പോള്‍ നാം മറ്റേതോ ലോകത്തില്‍ എത്തിയതുപോലെ. തികച്ചും അസാധാരണമായ വായനാനുഭവമാണ് ഈ ഗ്രന്ഥം സമ്മാനിക്കുന്നത്.
(യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ - സ്വെറ്റ്ലാന അലക്സിവിച്ച് - ഗ്രീന്‍ബുക്സ്, തൃശൂര്‍).
നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ളിക്
ഒരു ദേശത്തിന്‍റെ കഥയിലൂടെ കാലത്തിന്‍റെയും ചരിത്രത്തിന്‍റെയും പുരോയാനത്തിന്‍റെ ഇതളുകള്‍ വിടര്‍ത്തുകയാണ് ബാബു ഭരദ്വാജ് 'നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ളിക്ക്' എന്ന നോവലിലൂടെ. പ്രവാസത്തിന്‍റെ അനേകം കഥകള്‍ നമുക്കായി സംഭാവന ചെയ്ത ബാബുഭരദ്വാജ് നമ്മെ വിട്ടുപിരിഞ്ഞതിനുശേഷം പ്രസിദ്ധീകരിച്ച കൃതിയാണിത്. നറുക്കിലക്കാട് എന്ന ദേശം നമ്മുടെ നാടായി മാറുന്നു. അവിടുത്തെ ചരിത്രവും ഐതിഹ്യങ്ങളും രാഷ്ട്രീയ പരിണാമങ്ങളുമെല്ലാം മായികമായ ആവിഷ്കാരതന്ത്രങ്ങളിലൂടെ വരച്ചിടുന്നു. നമ്മുടെ സമൂഹത്തിനും രാഷ്ട്രീയത്തിനും മതത്തിനുമെല്ലാം വന്നുചേര്‍ന്ന ജീര്‍ണതയുടെ നേര്‍ചിത്രം അവതരിപ്പിക്കുന്നുമുണ്ട്.
'ചിലരൊക്കെ മരിച്ചുകഴിഞ്ഞിട്ടാകും ശരിക്കും പിറക്കുന്നത്' എന്നാരംഭിക്കുന്ന നോവല്‍ ജീവിതവും മരണവുമെല്ലാം ചര്‍ച്ചാവിഷയമാക്കുന്നു. അമ്പൂട്ടിയുടെ കണ്ണുകള്‍ ചരിത്രത്തിന്‍റേതാകുന്നു. അയാള്‍ നറുക്കിലക്കാട്ടിലെ ജീവിതവ്യവഹാരങ്ങളുടെ സാക്ഷിയാണ്. 'നറുക്കിലക്കാട് ഒരു ബലിക്കല്ലാണ്; മനുഷ്യവിധിയുടെ ബലിക്കല്ല്' എന്നെഴുതുമ്പോള്‍ മനുഷ്യഭാഗധേയത്തിന്‍റെ പരിണാമങ്ങള്‍ സൂചിതമാകുന്നു. 'സംസ്കാരത്തിന്‍റെയും അധികാരത്തിന്‍റെയും രൂപങ്ങളെയും രൂപകങ്ങളെയും വിചാരണ ചെയ്യുന്നത് ഇവിടെയാണ്.' അമ്പൂട്ടിയിലൂടെ നോവലിസ്ററ് ഇതാണ് നിര്‍വ്വഹിക്കുന്നത്. "ആരും തിരിച്ചുപോകുന്നില്ല. ഭൂമിയിലേക്ക് ഇറങ്ങിവന്നവര്‍ക്കാര്‍ക്കും തിരിച്ചുപോകാനാവില്ല. അവര്‍ അടയാളങ്ങളും ചിഹ്നങ്ങളുമായി ഇവിടെത്തന്നെ തുടരുന്നു. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അനേകം അടരുകള്‍ക്കിടയില്‍ അവര്‍ ഉണ്മയായിരിക്കുന്നു, ഉളവായിരിക്കുന്നു എന്നാണ് നോവലിസ്റ്റ് കണ്ടെത്തുന്നത്. എല്ലാവരും എന്തൊക്കെയോ അവശേഷിപ്പിക്കുന്ന അതൊരു തുടര്‍ച്ചയാണ്.
മിത്തുകളും ഐതിഹ്യങ്ങളും നിറഞ്ഞ ഭൂമിയാണ് നറുക്കിലക്കാട്. 'എല്ലാ ദൈവക്കോലങ്ങളിലും ഉള്ളിന്‍റെയുള്ളില്‍ ഒരു മനുഷ്യനുണ്ട്' എന്നാണ് നോവലിസ്റ്റ് കണ്ടെത്തുന്നത്. മനുഷ്യന്‍ എല്ലാ ദൈവക്കോലങ്ങളിലും അവനവനെ കൊത്തിവയ്ക്കുന്നു. 'പരാജയത്തിന്‍റെയും തിരസ്കാരത്തിന്‍റെയും സ്വപ്നഭംഗങ്ങളുടെയും വിനാശത്തിന്‍റെയും പക്ഷത്തുനിന്നാണ് വിപ്ലവത്തിന്‍റെ ചരിത്രമെഴുതേണ്ടി വരുന്നത്. അവിടെ ഭൂതങ്ങളുടെ തെയ്യാട്ടമാണ് നടക്കുന്നത്. അതുകൊണ്ട് മരണത്തിന്‍റെയും ജീവിതത്തിന്‍റെയും ഇടയിലുള്ള ഈ ലോകത്തെ എനിക്ക് സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അവിടുത്തെ പ്രജാപതി എഴുത്തുകാരനാണ്. അയാള്‍ സൃഷ്ടിക്കുന്നു, ഭരിക്കുന്നു, സംഹരിക്കുന്നു എന്നാണ് നോവലിസ്റ്റ് കുറിക്കുന്നത്. ഇതില്‍ ദേശത്തിന്‍റെ ചരിത്രം കൂടിച്ചേരുന്നു.
ചരിത്രത്തില്‍ എന്തൊക്കെ കടന്നുവരും എന്ന ചോദ്യം നിര്‍ണായകമാണ്. 'ചരിത്രത്തില്‍ നിന്ന് ഐതിഹ്യങ്ങളെയും മിത്തുകളെയും വേര്‍തിരിച്ചെടുക്കാന്‍ ഭയങ്കരപാടാണ്' എന്ന തിരിച്ചറിവ് ഈ എഴുത്തുകാരനുണ്ട്. ചരിത്രം ഏറെ പ്രധാനമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചരിത്രത്തിന്‍റെ വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നാം ജീവിക്കുന്ന കാലത്തെ പലപ്പോഴും ശിഥിലമാക്കുന്നു. ചരിത്രം പ്രശ്നവത്കരിക്കുന്ന ഓരോന്നും സമൂഹത്തില്‍ അസ്വാസ്ഥ്യങ്ങളുടെ കൊടുങ്കാറ്റ് വിതയ്ക്കുന്നു. അതില്‍നിന്ന് അധികാരത്തിലേക്കുള്ള ഒരു വഴിയുണ്ട് എന്നു നാം അറിയുന്നു. 'ശവം കരിയുന്ന നാറ്റമാണ് അധികാരത്തിനുള്ളത്' എന്ന നിരീക്ഷണത്തിന് ആനുകാലികഭാരതത്തില്‍ ഏറെ സാംഗത്യമുണ്ട്. "യാത്രകളും പാചകവും രുചിയുമാണ് ചരിത്രമുണ്ടാക്കുന്നത്. സംസ്കാരം വേര്‍തിരിച്ചെടുക്കുന്നതാണ് ചരിത്രം" എന്നു കൂടി നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.
അനേകം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞതാണ് ലോകം. ഓരോന്നും ഓരോ ശരി ഉയര്‍ത്തിപ്പിടിക്കുന്നു. അതിനപ്പുറത്തുള്ള ശക്തികള്‍ പലപ്പോഴും കാണാന്‍ കഴിയുന്നുമില്ല. "രണ്ടു മതങ്ങള്‍ തമ്മില്‍ ഇണങ്ങാത്തതുപോലെ രണ്ടു പ്രത്യയശാസ്ത്രങ്ങളും പൊരുത്തപ്പെടുകയില്ല. മതദര്‍ശനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുമൊക്കെ ഭയങ്കര തീണ്ടലും തൊടീലുമാണുള്ളത് എന്ന് നോവലിസ്റ്റ് ശരിയായവിധം നിരീക്ഷിക്കുന്നു. എല്ലാ ദര്‍ശനങ്ങള്‍ക്കും ഒരു ശാഠ്യമുണ്ട്" എന്നാണ് നോവലിസ്റ്റ് തിരിച്ചറിയുന്നത്.
'ദേശരാഷ്ട്രം എന്നത് ഒരു വലിയ അജന്‍ഡയുടെ ഭാഗമാണ്' എന്ന് നോവലിസ്റ്റ് മനസ്സിലാക്കുന്നുണ്ട്. ദേശവും ദേശഭക്തിയുമെല്ലാം ചില വാക്കുകളാണെങ്കിലും ഇന്ന് അതിനെല്ലാം വിപുലമായ അര്‍ത്ഥസാധ്യതകളുണ്ട്. "ഭാഷ മനസ്സിലാവലും മനസ്സിലാവാതിരിക്കലും പലപ്പോഴും രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒരാള്‍ പറയുന്നത് അപരന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരല്‍. മനസ്സിലാവരുതെന്ന് കരുതിത്തന്നെ ഭാഷയെ ഉപയോഗിക്കാം. എന്തൊക്കെ മനസ്സിലാവണം, എന്തൊക്കെ മനസ്സിലാവരുത് അതിനൊക്കെ ചില പൂര്‍വ്വനിശ്ചയങ്ങളുണ്ട്' എന്നാണ് നാം അറിയുന്നത്. എല്ലാറ്റിനും കൃത്യമായ ഉദ്ദേശ്യങ്ങളുണ്ട് എന്ന് നാം കണ്ടറിയുന്നു. ദേശവും ദേശാഭിമാനവുമെല്ലാം കൊലക്കുരുക്കുകളായി മാറുന്നത് അങ്ങനെയാണ്. 'ലോകം ഇരുളില്‍ കിടക്കുമ്പോഴാണല്ലോ വിപ്ലവത്തിന്‍റെ വെളിച്ചം പരക്കേണ്ടത്' എന്ന് നോവലിസ്റ്റ് ആഗ്രഹിക്കുന്നു. വിപ്ലവം മനുഷ്യനും മരങ്ങളും പൂക്കുന്ന കാലമാണ് എന്നു കൂടി എഴുത്തുകാരന്‍ കുറിക്കുന്നു.
"മിക്ക ഫാഷിസ്റ്റുകളും ബ്രഹ്മചാരികളും സസ്യഭുക്കുകളുമായിരിക്കും. പേരുകേട്ടവരെല്ലാം അങ്ങനെയാണ്. അതിന്‍റെ പ്രധാന കാരണം ജൈവികമായി അവര്‍ പരിമിതമാനസരാണെന്നാണതാണ്." ഈ അഭിപ്രായം സമകാലികാനുഭവങ്ങളോടു ചേര്‍ന്നുനില്ക്കുന്നതാണ്. ഏകാധിപത്യത്തിന്‍റെ നിഴല്‍ നമ്മോടൊപ്പമുണ്ട് എന്ന സൂചന നോവലിസ്റ്റ് നല്കുന്നു.
'ഭൂമിയുടെ വിളി ആര്‍ക്കും തടുക്കാനാവില്ല' എന്നാണ് നോവലിസ്റ്റിന്‍റെ വിശ്വാസം. അത് ജൈവികമായ ഒരു വിളിയാണ്. 'ഈ ലോകം ഒരത്ഭുതമാണ്. ഇവിടെ ദൃശ്യമായതിനേക്കാള്‍ അദൃശ്യമായതാണ് കൂടുതല്‍' എന്നറിയുമ്പോള്‍ നാം കുറേക്കൂടി വിനയാന്വിതരാകും. മതത്തിലും ജാതിയിലും പ്രത്യയശാസ്ത്രത്തിലും കുടുങ്ങിക്കിടക്കുന്നവര്‍ ജീവിതത്തിന്‍റെ ചില നേര്‍സത്യങ്ങള്‍ കണ്ടെത്തുന്നില്ല എന്ന് ഈ എഴുത്തുകാരന്‍ മനസ്സിലാക്കുന്നു.
'ജീവിതവും മതവും ദര്‍ശനവും വിശ്വാസവും എല്ലാം കച്ചവടമാണ്' എന്ന് ബാബുഭരദ്വാജ് തിരിച്ചറിയുന്നു. എല്ലാവരും ചെറുതായിക്കൊണ്ടിരിക്കുന്നു. വിപണിമൂല്യമാണ് എന്തിന്‍റെയും മാനദണ്ഡം. മാനവികതയ്ക്കുവേണ്ടിയുള്ള അന്വേഷണം പ്രധാനമാണെന്ന് ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു. 'പ്രകൃതിക്ക്, സ്ത്രൈണതയ്ക്ക്, പ്രപഞ്ചത്തിന്‍റെ ഉര്‍വരതയ്ക്ക് നമ്മെ രക്ഷിക്കാനായേക്കും എന്നദ്ദേഹം മനസ്സിലാക്കുന്നു.
'ലോകത്ത് എന്തൊക്കെ മുറിഞ്ഞാലും വാഴ്വെന്ന നാടകത്തിന്‍റെ രസച്ചരട് മുറിയരുത്' എന്നാണ് ബാബുഭരദ്വാജ് നിര്‍ദേശിക്കുന്നത്. ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ കാണാനുള്ള ശ്രമമാണ് നോവലിലൂടെ അദ്ദേഹം നടത്തുന്നത്.
(നറുക്കിലക്കാട്ട് ഓട്ടോണമസ് റിപ്പബ്ളിക്ക്
- ബാബു ഭരദ്വാജ്- മാതൃഭൂമി ബുക്സ്)