news-details
കവർ സ്റ്റോറി

പുരുഷനു സ്ത്രീയെ പേടിയാണ്?

നീ വെറും പെണ്ണാണെന്നാണ് ആണത്തിന്‍റെ പെരുപ്പിച്ച മസിലും മുഷ്കുമായി നില്ക്കുന്ന നായകന്‍ പെണ്ണിനെ നോക്കി പുലമ്പുന്നത്. നീ വെറും ആണാണെന്ന് പെണ്ണിന് ആണിനോട് പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയാണ് എല്ലാം നിര്‍മ്മിതമായിരിക്കുന്നത്. ഭാഷ, കുടുംബം, സമൂഹം, സമ്പദ്വ്യവസ്ഥിതി എല്ലാം പുരുഷകേന്ദ്രീകൃതമാകുമ്പോള്‍ കാര്യങ്ങള്‍ തിരിച്ചിടാന്‍ പറ്റില്ല. ഏതെങ്കിലും തിരിച്ചിടല്‍ നടക്കണമെങ്കില്‍ ആദ്യം തിരിച്ചിടേണ്ടത് ഭാഷയെയാണ്. ഭാഷയുടെ ആദ്യ സ്വഭാവം പുരുഷ അനുകൂലമായ ഏകവചനത്തിലാണ് കിടക്കുന്നതെങ്കില്‍, സ്ത്രീക്ക് അനുകൂലമായ ബഹുവചനത്തിലേക്ക് ഭാഷയെ മാറ്റി പാര്‍പ്പിക്കണം. പുരുഷന്‍ എന്നത് ഏകവചനത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ സ്ത്രീക്ക് വളരെ പെട്ടെന്ന് ബഹുവചനമായി മാറാന്‍ സാധിക്കും. ഭാഷയുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്നത് പുരുഷ പ്രതീകങ്ങള്‍ നിറഞ്ഞ ഏകവചനങ്ങളാണ്. Woman is a work in progress, എന്ന് സൂസന്‍ സൊന്‍ടാഗ് എഴുതിയതാണ് സത്യം. പുരുഷന്‍ എല്ലാ അര്‍ത്ഥത്തിലും തീര്‍ക്കപ്പെട്ട ഉല്പന്നമാണ്. ഇനി നിഗൂഢതകളൊന്നും അവനില്‍ അവശേഷിക്കുന്നില്ല. സ്ത്രീ പരിണമിച്ചു കൊണ്ടേയിരിക്കുന്നു. സ്ത്രീയിലേക്ക് ഭാഷയെ സ്വരുപിപ്പിക്കാന്‍ സാധിച്ചാല്‍ ഭാഷ പുതിയ വിഹായസ്സിലേക്ക് വളരുകതന്നെ ചെയ്യും. എപ്പോഴൊക്കെ ഏകവചനം ഉപയോഗിക്കേണ്ടി വരുന്നോ അപ്പോഴൊക്കെ പുരുഷവചനം ഉപയോഗിക്കുന്ന രീതിയല്‍ നിന്നും വിശുദ്ധ ഗ്രന്ഥങ്ങളെപ്പോലും മോചിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ട്.

 

സ്ത്രീയുടെ ഏറ്റവും വലിയ അവകാശ ധ്വംസനം നടക്കുന്നത് പലപ്പോഴും കുടുംബങ്ങളിലാണ്. വീട്ടുപണി ചെയ്യാനുള്ള ഒരു യന്ത്രം എന്നതിനപ്പുറം ഒന്നും ലഭിക്കാത്ത സ്ത്രീ  മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരയായി മാറുന്നത് കുടുംബങ്ങളിലാണ്.

 

സ്ത്രീയുടെ ഏറ്റവും വലിയ അവകാശ ധ്വംസനം നടക്കുന്നത് പലപ്പോഴും കുടുംബങ്ങളിലാണ്. വീട്ടുപണി ചെയ്യാനുള്ള ഒരു യന്ത്രം എന്നതിനപ്പുറം ഒന്നും ലഭിക്കാത്ത സ്ത്രീ  മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരയായി മാറുന്നത് കുടുംബങ്ങളിലാണ്. "Families I hate you," എന്ന് ആന്ദ്രേ ഗീദേ പറയുന്നുണ്ട്.

പുരുഷനു സ്ത്രീയെ പേടിയാണ്. അവനറിയാം അവന്‍റെ കായികബലം അവളുടെ ആത്മബലത്തിന്‍റെ മുമ്പില്‍ ഒന്നുമല്ലെന്ന്. അതുകൊണ്ടാണ് അനവധി നിയമങ്ങളുടെ പര്‍ദ്ദയില്‍ അവളെ കുരുക്കിയിരുന്നത്. ഹൈ റൊമാന്‍റിസത്തിന്‍റെ ചുവടുപിടിച്ച് നമ്മള്‍ സ്ത്രീകള്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ അനവധിയാണ്: സ്ത്രീ അമ്മയാണ്, ദേവിയാണ്, പ്രകൃതിയാണ്, പെങ്ങളാണ്, സഖിയാണ്. പക്ഷെ, എന്നിട്ടും സ്ത്രീ സ്ത്രീയാണെന്ന് നമ്മള്‍ ഇതുവരെ പറഞ്ഞിട്ടില്ല. അവള്‍ അവളാണെന്ന സബ്ജക്റ്റിവിറ്റിയുടെ തിരിച്ചറിവ് ഇന്നും നമുക്ക് അന്യമാണ്. അവളെക്കൊണ്ട് നമുക്കു പ്രയോജനമുള്ള വിശേഷണങ്ങളില്‍ നമ്മളവളെ ഒതുക്കിക്കളഞ്ഞു. നമ്മള്‍ അവളെ സ്നേഹിച്ചതു പോലും അവളെ അവളല്ലാതാക്കാന്‍ വേണ്ടിയായിരുന്നു. മകളായി സ്നേഹിച്ചവര്‍ തന്നെ അവളെ പിതൃരഹിതയാക്കി മാറ്റി, അവളോടുള്ള സ്നേഹം കൊണ്ടു പാടിയ പാട്ടുകളെല്ലാം അവളുടെ ശബ്ദത്തെ കവര്‍ന്നെടുക്കുകയായിരുന്നു. അവളെ അവതരിപ്പിച്ച സിനിമകളെല്ലാം അവളോട് പറഞ്ഞത് അവള്‍ക്ക് പുരുഷനെ കിട്ടണമെങ്കില്‍ അവള്‍ മണ്ടിയും ചിന്താശൂന്യയും ആയിരിക്കണമെന്നാണ്. അവളുടെ സൗന്ദര്യം അവളുടെ ചിന്തയുടെ അഭാവം കൂടിയായിരിക്കണം എന്ന് നമ്മള്‍ വാശിപിടിക്കുന്നു. മൊത്തത്തില്‍, നമ്മള്‍ അവളെ ഇല്ലാതാക്കിയത് ഇങ്ങനെ സ്നേഹിച്ചുതന്നെയാണ്.

ബുദ്ധനായിരുന്നു പുരുഷമേല്‍ക്കോയ്മയുടെ നട്ടെല്ലൊടിക്കാന്‍ ആദ്യം ശ്രമിച്ചത്. പുരുഷ മേല്‍ക്കോയ്മയുടെ  ഏറ്റവും വൃത്തികെട്ട ഭാവങ്ങളുമായി നിന്ന ഹിന്ദുമതത്തിനെതിരെ ബുദ്ധന്‍ കലഹിച്ചു. കാമവും ക്രോധവുമായി നിന്നിരുന്ന ദേവപുരുഷ ബിംബങ്ങളില്‍ വിശ്വസിക്കരുതെന്ന് ബുദ്ധന്‍ പറഞ്ഞു. ആദ്യമായി സ്ത്രീകളെ ശിഷ്യഗണത്തില്‍ പെടുത്തിയ ബുദ്ധന്‍ രൂപം കൊണ്ടും ഭാവം കൊണ്ടും ലൈംഗീകത അടിച്ചേല്പിക്കുന്ന വേര്‍തിരിവുകളില്‍ നിന്നും രക്ഷപ്പെട്ടു. യാഞ്ജവാല്‍ക്യന്‍ സ്ത്രീകളെ വേദം പഠിപ്പിക്കാന്‍ ശ്രമിച്ചയാളാണ്. പക്ഷെ, ചോദ്യം ചെയ്യാന്‍ സമ്മതിച്ചില്ല. അതിപ്രശ്നം ചെയ്യരുത് ഗാര്‍ഗീ എന്നു പറഞ്ഞ് അവളെ പിന്തിരിപ്പിച്ചു. മുതലാളിത്ത വ്യവസ്ഥിതി അതിന്‍റെ തിന്മ നിറഞ്ഞ ചൂഷണങ്ങള്‍ക്ക് കൂട്ടുപിടിച്ചത് പലപ്പോഴും മതത്തെയായിരിന്നു. പുരുഷമേല്‍ക്കോയ്മയും സ്ത്രീയെ ബലിയാടാക്കാന്‍ ഉപയോഗിച്ചത് മതത്തെയായിരുന്നു.


പടപൊരുതാന്‍ ദൈവത്തില്‍ നിന്നും ലഭിച്ച വെളിപാടുമായിട്ട് വന്ന ജോവാന്‍ ഓഫ് ആര്‍ക്ക് ആണുങ്ങളുടെ വസ്ത്രം ധരിച്ചു, ആണുങ്ങളെ തന്നെ പരാജയപ്പെടുത്തി. അവസാനം പുരോഹിതന്മാര്‍ അവളെ വിധിക്കുമ്പോള്‍ ഇതു തന്നെ അവളുടെ മേല്‍ ആരോപിച്ചു. തോറ്റവരുടെ ആരോപണം ഇതായിരുന്നു: ദൈവം ഒരിക്കലും സ്ത്രീകളോട് സംസാരിക്കത്തില്ല. സ്ത്രീക്ക് പുരുഷന്‍റെ വസ്ത്രം ധരിക്കാന്‍ അവകാശമില്ല. അവര്‍ അവളെ തൂണില്‍ കെട്ടിയിട്ട് കത്തിച്ചപ്പോഴും അവള്‍ സ്ത്രീ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചു. തീ ശരീരത്തില്‍ പടര്‍ന്നു പിടിച്ചപ്പോഴും അവള്‍ പറഞ്ഞു, ദൈവം എന്നോട് സംസാരിക്കുന്നു.

വാസ്തവത്തില്‍, ദൈവം സ്ത്രീയോടു മാത്രമേ സംസാരിക്കുകയുള്ളൂ. പുരുഷന്‍ കേള്‍ക്കുന്നത് ദൈവം സ്ത്രീയോടു സംസാരിച്ചതിന്‍റെ പ്രതിബിംബനം മാത്രമാണ്. എന്നിട്ടും പുരുഷന്‍ വിചാരിക്കുന്നു ദൈവം അവനോടു മാത്രമാണ് സംസാരിച്ചതെന്ന്. ശരിയാണ് പഴയ നിയമഗ്രന്ഥത്തില്‍ ദൈവം അബ്രാഹത്തോടും മോശയോടും പ്രവാചകന്മാരോടും സംസാരിച്ചിട്ടുണ്ട്. അതെല്ലാം പിന്നീട് മറിയം എന്ന പെണ്‍കുട്ടിയോടു സംസാരിക്കാനിരുന്നതിന്‍റെ ആമുഖമോ പ്രതിബിംബനമോ മാത്രമായിരുന്നു. പ്രപഞ്ചം അപകടത്തിലായപ്പോള്‍ ദൈവം സ്ത്രീക്ക് അടയാളം നല്കി എന്ന് ഫോള്‍ക്ക് നര്‍ എഴുതുന്നത് സത്യമാകുന്നത് മറിയത്തിന്‍റെ കാര്യത്തിലാണ്. കൊല്ലാനും നശിപ്പിക്കാനും ദൈവം പറയുന്നതൊന്നും മറിയം കേട്ടില്ല. അവളുടെ അടുത്തേക്ക് വന്ന് ഭവ്യനായി നിന്ന് രക്ഷ സാധ്യമാണെന്നു പറയുന്ന മാലാഖയെ മാത്രം അവള്‍ കേട്ടു. അല്ലെങ്കില്‍ തന്നെ ദൈവത്തിനു നല്കാന്‍ എന്നെങ്കിലും സന്ദേശമോ കല്പനയോ ഉണ്ടോ? ഇല്ല എന്നാണ് മറിയത്തിന്‍റെ ജീവിതം പറയുന്നത്. ദൈവം ചെയ്യുന്നത് ആരോട് സംസാരിക്കുന്നുവോ അവരെ പരിണമിപ്പിക്കുക എന്നതാണ്. മറിയത്തിനു സംഭവിച്ച പരിണാമം ക്രിസ്തുവിന്‍റെ അമ്മ ആകുക എന്നതാണ്.

സ്ത്രീക്ക് മാത്രമേ ഇനി ഇത്തരം പരിണാമം ഉണ്ടാകുകയുള്ളു. അവളുടെ പരിണാമത്തെ സിന്ധു ബന്ധിച്ച് തടഞ്ഞുവെയ്ക്കുന്ന മതവും പുരുഷാധിപത്യവും ഒരിക്കലും ഇല്ലാതാവുമെന്ന് തോന്നുന്നില്ല. പുരുഷാധിപത്യം നിറഞ്ഞ മതം അവളെ പഠിപ്പിച്ചുവച്ചിരിക്കുന്നത് അവള്‍ ഒരു ശരീരം മാത്രമാണെന്നാണ്. അമ്മായിയമ്മപ്പോരും കുശുമ്പും കണ്ണുനീരും നിറഞ്ഞ സിരീയലുകളേക്കാള്‍ അവളുടെ ആത്മാവിനെ ചോര്‍ത്തിക്കളയുന്നത് റിയാലിറ്റി ഷോകളാണ്. സിരീയലുകള്‍ക്ക് ബുദ്ധിയില്ലെങ്കിലും കുറച്ച് വികാരമെങ്കിലും ഉണ്ടെന്നുവയ്ക്കാം. ബുദ്ധിയും വികാരവും ഏറ്റവും ഫെയ്ക്കായി അവതരിപ്പിക്കുന്ന ഷോകളാണ് റിയാലിറ്റി ഷോകള്‍. റിയാലിറ്റി ഷോകളില്‍ പാടുന്ന കഴിവുള്ള കുഞ്ഞുങ്ങള്‍ പോലും ഫെയ്ക്കാകാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ചകളാണുള്ളത്. സ്ത്രീയുടെ പ്രകൃതിപരവും ആരോഗ്യപരവുമായ നന്മയായ ആര്‍ത്തവത്തെ പോലും വാണിജ്യവത്ക്കരിച്ച് സാനിട്ടറി നാപ്കിനുകള്‍ ഉണ്ടാക്കി കുത്തക കമ്പനികള്‍ കോടിക്കണക്കിന് ലാഭമാണ് ഉണ്ടാക്കുന്നത്. ഇതു പോലെ ഭീകരമാണ് കുട്ടികളുടെ നിഷ്ക്കളങ്കതയെ അവതരിപ്പിച്ച് റിയാലിറ്റി ഷോകള്‍ വരുമാനമുണ്ടാക്കുന്നത്.

You can share this post!

തീവ്രമാണ് സഭയില്‍ സമാധാനത്തിനായുള്ള അഭിലാഷം

മാത്യു പൈകട കപ്പൂച്ചിന്‍
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts