news-details
അക്ഷരം

മനുഷ്യഭാവിയുടെ ചരിത്രം

ഹോമോ ദിയൂസ്

അടുത്തകാലത്ത് ഏറ്റവും കുടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടവയാണ് യുവാല്‍ നോവാ ഹരാരിയുടെ ഗ്രന്ഥങ്ങള്‍. 'സാപ്പിയന്‍സ്' എന്ന ഗ്രന്ഥത്തിനുശേഷം അദ്ദേഹം എഴുതിയ പുസ്തകമാണ് 'ഹോമോ ദിയൂസ്'. മനുഷ്യഭാവിയുടെ ഹ്രസ്വചരിത്രമാണ് ഇതില്‍ അദ്ദേഹം എഴുതുന്നത്. മനുഷ്യഭാവി എപ്രകാരമായിരിക്കും എന്നതാണ് അന്വേഷണവിഷയം. മനുഷ്യനു തനിയെ ഒരു ഭാവിയുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. മനുഷ്യകേന്ദ്രീതമായ സങ്കല്പനങ്ങള്‍ക്ക് എത്രകാലം മുന്നോട്ടുപോകാനാവും എന്നത് സംശയാസ്പദമാണ്. സാങ്കേതികവിദ്യ ഒരുക്കുന്ന പുതിയ കളിയരങ്ങുകള്‍ ചിലപ്പോള്‍ മനുഷ്യനെ അപ്രസക്തനാക്കാനും സാദ്ധ്യതയുണ്ട്. 'ഹോമോ ദിയൂസ്' തുറന്നിടുന്നത് പ്രതീക്ഷകളുടെയും ആശങ്കകളുടെയും ലോകമാണ്. 

'മനുഷ്യന്‍റെ പുതിയ അജണ്ട' മുതല്‍ 'ഡാറ്റാ മതം' വരെയുള്ള പതിനൊന്നധ്യായങ്ങളിലൂടെ ഹരാരി തുറന്നിടുന്ന ലോകം അതിവിപുലമാണ്. മൂന്നാം സഹസ്രാബ്ദത്തിലേക്ക് മുന്നേറുന്ന മനുഷ്യസമൂഹത്തിനു മുന്നില്‍ അവസരങ്ങളുടെയും വെല്ലുവിളികളുടെയും ഒരു ലോകം തുറന്നുകിടക്കുന്നു. 'ആഗോളസാമ്പത്തിക വ്യവസ്ഥയുടെ ആധാരം വിജ്ഞാനമായി' മാറിയ കാലത്ത് നമ്മുടെ മുന്‍ധാരണകള്‍ തിരുത്തപ്പെടുന്നു.

"പ്രധാന പദ്ധതികളില്‍ ഒരെണ്ണം, നമ്മുടെ തന്നെ ശക്തിയില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങളില്‍നിന്ന് മനുഷ്യനെയും ഭൂമിയെയും സംരക്ഷിക്കുക എന്നതാവും" എന്ന് ഹരാരി താക്കീതു നല്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു വന്‍ദുരന്തത്തിനു സാക്ഷ്യംവഹിക്കരുത് എന്നുണ്ടെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ നാം കുറച്ചുകൂടി നന്നായി ചെയ്യേണ്ടിവരും എന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ഇനിയുമിനിയും എന്ന ആഗ്രഹം നമ്മെ വിനാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഏതൊരു രാഷ്ട്രത്തിന്‍റെയും കമ്പോളത്തിന്‍റെയും ശാസ്ത്രസമൂഹത്തിന്‍റെയും പരമമായ ലക്ഷ്യം ആഗോളസന്തുഷ്ടിയുടെ നിരക്ക് ഉയര്‍ത്തുക എന്നതാണ്. 'സത്യത്തില്‍ പണത്തിനും സുഖങ്ങള്‍ക്കും പ്രശസ്തിക്കും പിറകേയുള്ള ഓട്ടം നമ്മെ കൂടുതല്‍ ദുഃഖിതരാക്കുകയേയുള്ളൂ' എന്ന് ഹരാരി എടുത്തുപറയുന്നു. 'യഥാര്‍ത്ഥ സന്തോഷം നേടുവാന്‍ മനുഷ്യന്‍ സുഖാന്വേഷണങ്ങള്‍ക്ക് വേഗത കൂട്ടുകയല്ല, കുറയ്ക്കുകയാണ് വേണ്ടത്" എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. 

"എന്‍റെ കാഴ്ചപ്പാടില്‍, മനുഷ്യജാതിയുടെ സ്വഭാവത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉള്ള ഗൗരവപൂര്‍ണമായ ഒരു ചര്‍ച്ചയ്ക്കും നമ്മുടെ മറ്റു സഹജീവികളില്‍നിന്നല്ലാതെ തുടങ്ങാനാവില്ല" എന്നാണ് ഹരാരി പറയുന്നത്. മാനവികതയുടെ യുഗം ഇനി എങ്ങോട്ടാണ് സഞ്ചരിക്കുക എന്ന് അദ്ദേഹം അന്വേഷിക്കുന്നു. 'ഉല്‍ക്കകളെക്കാള്‍ നമ്മള്‍ ഭയപ്പെടേണ്ടത് നമ്മളെത്തന്നെയാണ്' എന്ന അദ്ദേഹത്തിന്‍റെ നിരീക്ഷണം കൗതുകകരമാണ്. 'പുതിയ ഏകദൈവനാടകത്തില്‍ സാപ്പിയന്‍സ് കേന്ദ്രബിന്ദുവായ നായകനായി; മുഴുവന്‍ പ്രപഞ്ചവും അവന്‍റെ ചുറ്റും തിരിയാന്‍ തുടങ്ങി. 'സൃഷ്ടിയുടെ ഉച്ചകോടി മനുഷ്യനായി; മറ്റെല്ലാ ജീവജാലങ്ങളും ഓരങ്ങളിലേക്ക് തള്ളപ്പെട്ടു' എന്ന് പറയുമ്പോള്‍ ഹരാരി വസ്തുതയില്‍ ചെന്നെത്തുന്നു. "നമ്മുടെ ഭാവി എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജനിതകകോഡുകളെ പിരിച്ചെഴുതുകയും കണക്കുകള്‍ ചവച്ചിറക്കുകയും മാത്രം ചെയ്താല്‍ മതിയാകില്ല. ലോകത്തിന് അര്‍ത്ഥമേകുന്ന കെട്ടുകഥകളെ വായിച്ചു മനസ്സിലാക്കുകയും കൂടി വേണ്ടിവരും" എന്ന് ഹരാരി നിരീക്ഷിക്കുന്നു. 'കഥകളാണ് മനുഷ്യസമൂഹത്തിന്‍റെ അടിത്തറയും നെടുംതൂണുകളും' എന്നാണ് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത്. 

"മതവും ശാസ്ത്രവും തമ്മിലുള്ള അകലം നാം കരുതുന്നതിനേക്കാള്‍ കുറവാണ് എന്നതുപോലെതന്നെ മതവും ആത്മീയതയും തമ്മിലുള്ള അകലം നാം കരുതുന്നതിലും വളരെക്കൂടുതലാണ്" എന്ന് ഹരാരി കുറിക്കുന്നു. 'മതം ഒരുടമ്പടിയാണ്; ആത്മീയത ഒരു യാത്രയും.' "മതങ്ങള്‍ ലൗകികമായ വ്യവസ്ഥിതികളെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മീയത അതില്‍നിന്ന് പുറത്തുകടക്കാനാണ് ശ്രമിക്കുന്നത്. പലപ്പോഴും ആത്മീയത തേടിയലയുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിലവിലുള്ള മതങ്ങളുടെ വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും ചോദ്യം ചെയ്യുക എന്നതാണ്" എന്നാണ് ഹരാരിയുടെ നിരീക്ഷണം. ആത്മീയത മതങ്ങള്‍ക്ക് അപകടകരമായ ഒരു ഭീഷണിയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മതങ്ങളും ആത്മീയതയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് നാം ഓരോ നിമിഷവും മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ഹരാരിയുടെ നിരീക്ഷണം അന്വര്‍ത്ഥമാണ്. 'വിട്ടുവീഴ്ചയില്ലാത്ത സത്യാന്വേഷണം ഒരു ആത്മീയ യാത്രയാണ്. അതിന് മതത്തിന്‍റെയോ ശാസ്ത്രത്തിന്‍റെയോ പ്രസ്ഥാനങ്ങളുടെയോ പരിധിക്കുള്ളില്‍ ഒതുങ്ങാനാവില്ല' എന്ന സത്യമാണ് ഹരാരി വിളിച്ചുപറയുന്നത്. 

"പാരിസ്ഥിതികത്തകര്‍ച്ചയാണ് ആധുനിക സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥദൂഷ്യഫലം. ശാസ്ത്രത്തിന്‍റെ പുരോഗതിയും സാമ്പത്തികരംഗത്തിന്‍റെ വളര്‍ച്ചയും ലോലമായ ഒരു ജൈവമണ്ഡലത്തിനുള്ളിലാണ് നടക്കുന്നത്; അവയ്ക്ക് വേഗത കൂടുന്തോറും അതിന്‍റെ പ്രകമ്പനത്തിന്‍റെ ഓളങ്ങള്‍ പരിസ്ഥിതിയുടെ തുലനാവസ്ഥ തകിടം മറിക്കുന്നു" എന്ന് ഹരാരി മനസ്സിലാക്കുന്നുണ്ട്. ആധുനികത കൂടുതല്‍ മോഹിക്കാന്‍ മനുഷ്യരെ പ്രചോദിപ്പിക്കുകയും അങ്ങനെ അത്യാഗ്രഹത്തിനു തടയിട്ടിരുന്ന പഴയ കാലഘട്ടങ്ങളെ തുണ്ടമാക്കുകയും ചെയ്തു. അങ്ങനെയാണ് നാം പുതിയ പ്രതിസന്ധികളിലേക്ക് വലിച്ചെറിയപ്പെട്ടത്. 

'മാനവികത നമുക്കു നല്കുന്ന പ്രാഥമികമായ അനുശാസനം ഇതാണ്: അര്‍ത്ഥശൂന്യമായ ഒരു ലോകത്തിന് അര്‍ത്ഥം നല്കുവിന്‍; ഓരോ മനുഷ്യനും ലോകത്തെ സവിശേഷമായ കാഴ്ചപ്പാടിലൂടെ പ്രകാശമാനമാക്കുന്ന ഓരോ പ്രത്യേക പ്രകാശരശ്മിയാണ്; അതാണ് പ്രപഞ്ചത്തിന് നിറവും ആഴവും അര്‍ത്ഥവും നല്കുന്നത്" എന്ന് ഹരാരി പ്രസ്താവിക്കുന്നു. വ്യക്തികളുടെ സ്വതന്ത്രമായ ഇച്ഛാശക്തിക്ക് അദ്ദേഹം ഊന്നല്‍ നല്കുന്നു. 'മുന്‍പിലേക്കു നോക്കാന്‍ കഴിവുള്ള നവീകരണവിദഗ്ദ്ധരുടെ ചെറിയ സംഘങ്ങളാണ്, അല്ലാതെ പിന്നോട്ടുമാത്രം നോക്കിക്കൊണ്ടിരിക്കുന്ന ജനതതിയല്ല, ചരിത്രത്തിന്‍റെ രൂപകര്‍ത്താക്കള്‍' എന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്.

"ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാം പഴയ കാലത്തേക്കാള്‍ കൂടുതല്‍ ശക്തിയേറിയ കെട്ടുകഥകളും കൂടുതല്‍ സമഗ്രമായ മതങ്ങളും സൃഷ്ടിക്കും. ബയോടെക്നോളജിയുടെയും കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങളുടെയും സഹായത്തോടെ ഈ മതങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും നിയന്ത്രിക്കും എന്നു മാത്രമല്ല, നമ്മുടെ ശരീരത്തെയും ബുദ്ധിയെയും ബോധത്തെയും രൂപകല്പന ചെയ്യുവാനും സ്വര്‍ഗവും നരകവും അടക്കമുള്ള സമ്പൂര്‍ണമായാലോകങ്ങള്‍ സൃഷ്ടിക്കാനും കെല്പുനേടും. മിഥ്യയെ യാഥാര്‍ത്ഥ്യത്തില്‍ നിന്നു തിരിച്ചറിയാനും ശാസ്ത്രത്തെ മതത്തില്‍നിന്നു തിരിച്ചറിയാനും കൂടുതല്‍ ബുദ്ധിമുട്ടാവും. പക്ഷേ, ആ തിരിച്ചറിവ് കൂടുതല്‍ നിര്‍ണായകവുമാകും' എന്ന് ഹരാരി പ്രവചിക്കുന്നു. 

'ഹോമോ ദിയൂസ്'  പുതിയ ചിന്തകളുടെയും അന്വേഷണങ്ങളുടെയും വലിയൊരു ശേഖരമാണ്. നമ്മുടെ ആരായലുകള്‍ക്ക് ഹരാരി പിന്‍ബലമേകുന്നു. (ഹോമോ ദിയൂസ്- യുവാല്‍ നോവാ ഹരാരി- വിവ: പ്രസന്ന കെ. വര്‍മ്മ - ഡി. സി. ബുക്സ്) 

 


ആയിരം ചിറകുള്ള പക്ഷി

വി. ജി. തമ്പിയുടെ ചെറിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ആയിരം ചിറകുള്ള പക്ഷി'. സമകാലികതയെ സ്നേഹം കൊണ്ടു നിര്‍വചിക്കുന്ന നാല്പതു ഭാവിവിചാരമാതൃകകള്‍' എന്ന് നാം പുറംചട്ടയില്‍ വായിക്കുന്നു. ഹൃദയം കൊണ്ടുള്ള ആരായലുകളാണ് ഓരോ ലേഖനവും. നനവുള്ള ചിന്തകള്‍കൊണ്ട് കാലത്തെ അളക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ കാലത്തിന് നഷ്ടമാകുന്ന ആര്‍ദ്രത വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണീ ആത്മവിചാരങ്ങള്‍. സമകാലികമായ വിഷയങ്ങളെ ഭാവിയോടിണക്കി ആവിഷ്കരിക്കുന്നതുകൊണ്ട് നാളേയ്ക്കുള്ള വഴികാട്ടിയായി ഓരോ ദര്‍ശനവും മാറുന്നു. സൂക്ഷ്മദര്‍ശനത്തിന്‍റെ മാധ്യമമായി ഓരോ വാക്കും മാറുന്നതിലെ ചാരുത എടുത്തുപറയേണ്ടതാണ്. 'പാണ്ഡിത്യത്തിന്‍റെ അധികാരഭാരങ്ങളില്ലാത്ത ലളിതവിചാരങ്ങളുടെ ഒരു സമാഹാരമാണിത്. മുന്‍വിധികളോ പഴകിയ വാസനകളോ ഒരു തരത്തിലുമുള്ള ശാഠ്യങ്ങളോ കലുഷമാക്കരുത് എന്ന് ആഗ്രഹിച്ചു. ഹൃദയവും ബുദ്ധിയും പിളര്‍ക്കാതെ എഴുതാനാകുമോ എന്ന് പരീക്ഷിച്ചു' എന്ന് ഗ്രന്ഥകാരന്‍ തന്നെ വിശദമാക്കുന്നു. ഹൃദയവും ബുദ്ധിയും ചേര്‍ന്നുനില്ക്കുന്ന അനുഭവം എല്ലാ ലേഖനങ്ങളിലും നിന്നും നമുക്കു ലഭിക്കുന്നു. 'ലളിതവും പ്രബുദ്ധവും മൂല്യനിര്‍ഭരവു'മെന്ന് അവതാരികകാരന്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത് അന്വര്‍ത്ഥമാണ്. 

പ്രത്യാശയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് 'ആയിരം ചിറകുള്ള പക്ഷി' ആരംഭിക്കുന്നത്. പ്രത്യാശ അനേകം ചിറകുള്ള പക്ഷിയാണ് എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള സമരപ്രതിരോധത്തിന്‍റെ ഊര്‍ജമാണ് എന്നും നിരീക്ഷിക്കുന്നു. പ്രത്യാശയില്ലാത്തവന് വെളിച്ചമില്ല. പ്രതിസന്ധികള്‍ കനക്കുമ്പോള്‍ മനസ്സ് തുറന്നിടുന്ന ബദല്‍ സാധ്യതയാണ് പ്രത്യാശ. അതുകൊണ്ടുതന്നെ 'പ്രത്യാശകളിലേക്ക് എല്ലാ ജാലകങ്ങളും തുറന്നിടാനുള്ള ധീരതയാകണം ജീവിതം' എന്ന് തമ്പിമാഷ് പറയുന്നു.

എണ്‍പത്തിരണ്ടുകോടിയിലധികം മനുഷ്യര്‍ വിശന്നിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നതെന്നറിയുമ്പോള്‍ വിശപ്പ് എത്ര ക്രൂരമാണ് എന്നു നാം മനസ്സിലാക്കുന്നു. 'അപരന്‍റെ വിശപ്പിനെക്കുറിച്ചുള്ള കരുതലാണ് മനുഷ്യന്‍റെ ധാര്‍മ്മികത' എന്ന് വി. ജി. തമ്പി കുറിക്കുന്നതിന്‍റെ അര്‍ത്ഥം നാമറിയുന്നത് ഈ സന്ദര്‍ഭത്തിലാണ്. വിശപ്പ് മനുഷ്യവംശത്തിന്‍റെ പൊതുഭാഷയാണ്. 'ലോകത്തെങ്ങുമുള്ള ആര്‍ദ്രരായ കുഞ്ഞുങ്ങള്‍ കഞ്ഞിപ്പാത്രങ്ങള്‍ക്കുവേണ്ടി നിലവിളിക്കുമ്പോള്‍ നമ്മുടെ വാക്കുകള്‍ അവിടേക്ക് കുതിച്ചെത്തണമെന്നെഴുതിയ' വിക്ടര്‍ യൂഗോയെ ഗ്രന്ഥകാരന്‍ സ്മരിക്കുന്നു. അനാഥരെക്കുറിച്ചുള്ള വിചാരങ്ങളും വിശക്കുന്നവരോടു ചേര്‍ത്തുവയ്ക്കാവുന്നതാണ്. 

പാതകള്‍ അകത്തേക്കും പുറത്തേക്കും ഉള്ളതാണ്. പലപ്പോഴും  നാം അകത്തേക്കുള്ള പാത തുറക്കുന്നില്ല. ആന്തരികയാത്രകള്‍ തീരെയില്ലാത്ത ഉള്ളില്ലാത്ത കാലത്തെക്കുറിച്ചാണ് ഗ്രന്ഥകാരന്‍ പരിതപിക്കുന്നത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനേക്കാള്‍ സ്വന്തം ഹൃദയത്തിലേക്ക് ഒരിഞ്ചു നടക്കുന്നവനാണ് കവിയാകുന്നതെന്ന റില്‍ക്കേയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നു. ഉള്ളിലേക്കു തിരിച്ചുവച്ച വാക്കുകളിലൂടെ നമ്മെ അകത്തേയ്ക്കു സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയാണ് വി. ജി. തമ്പി.

"ലോകത്തിന്‍റെ എല്ലാ വിമോചനങ്ങള്‍ക്കും മുമ്പേ നടക്കേണ്ടതാണ് കുട്ടികളുടെ വിമോചനം. കുട്ടികളാണ് മനുഷ്യരാശിയുടെ, ഭാവിയുടെ ആരംഭം. ലോകത്തിന്‍റെ യഥാര്‍ത്ഥ അധികാരികളും അവകാശികളും അവരാണ്. മനുഷ്യാവകാശത്തിന്‍റെ മൂലസ്രോതസ്സ് ബാലാവകാശമാണ്" എന്ന് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. 'വിദ്യാഭ്യാസം: ഒരു ഹൃദയ ശുശ്രൂഷ' എന്ന ചിന്തയും ഇതിനോടു ചേര്‍ത്തുവായിക്കാം. 'കുട്ടികളുടെ വൈകാരിക ജീവിതത്തില്‍ വിരലമര്‍ത്തുന്ന വിദ്യാഭ്യാസം വേണം. ആത്യന്തികമായി വിദ്യാഭ്യാസം ഒരു ഹൃദയശുശ്രൂഷയാണ്' എന്ന് അദ്ദേഹം കുറിക്കുന്നു. 

ജീവിതത്തിന്‍റെ കുറുക്കുവഴികളെക്കുറിച്ചുള്ള അന്വേഷണമായി ഓരോ ലേഖനത്തെയും കാണാം. 'ബദലുകളെ സൃഷ്ടിക്കാനുള്ള കഴിവാണ് സര്‍ഗാത്മകത' എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ബദല്‍ ഒരു ഇല്ലാത്ത സ്ഥലമല്ല. നമുക്കുള്ളില്‍നിന്നു തന്നെ കണ്ടെത്തേണ്ട ഒരു സ്വപ്നയാഥാര്‍ത്ഥ്യം എന്നാണ് അദ്ദേഹം പറയുന്നത്. 

പരിസ്ഥിതിയും അധികാരവും സ്ത്രൈണലോകവും വിദ്യാഭ്യാസവും കുട്ടികളും സാഹിത്യവും സംസ്കാരവും എല്ലാം വി.ജി. തമ്പിയുടെ ചിന്തകള്‍ക്കു വിഷയമാകുന്നു. നമുക്കെന്തെല്ലാമോ നഷ്ടമാകുന്നത് അദ്ദേഹം അറിയുന്നു. നമ്മുടെ വികസനവും സഞ്ചാരവുമെല്ലാം ഉള്ളില്ലാത്തതായി മാറുന്നത് അദ്ദേഹം കാണുന്നു. പാരസ്പര്യത്തിന്‍റെ സംസ്കാരമാണ് വളര്‍ന്നുവരേണ്ടതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ദൈവമനുഷ്യന്‍റെ പിറവി അദ്ദേഹം സ്വപ്നം കാണുന്നു. 'നമുക്കു നമ്മുടെ ജീവിതത്തെ സാമ്പത്തികശാസ്ത്രത്തിന്‍റെ അളവുകളിലേക്ക് ചുരുക്കാനാവില്ല. സാമൂഹികനീതി പുലരാത്ത സമൂഹം ഒരു നല്ല സമൂഹമല്ല. കവിതയില്ലാത്ത സമൂഹം സ്വപ്നങ്ങളില്ലാത്തതാണ്' എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. സാമൂഹികനീതിയും കവിതയും പരസ്പരം വിനിയോഗവുമൊക്കെയുള്ള ഒരു സമൂഹം സ്വപ്നം കാണുന്ന അന്വേഷകനെയാണ് നാം കണ്ടുമുട്ടുന്നത്. ചിന്തിക്കുന്ന ഹൃദയങ്ങളെ കൂടെക്കൂട്ടാന്‍ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നു. ഓര്‍മയും മറവിയും ചെറുത്തുനില്പാകുന്നത് നാം കാണുന്നു. 'ഓര്‍മകളുടെ ഭാരം ഇറക്കിവെക്കുമ്പോഴാണ് പുതിയ ചുവടുകള്‍ക്ക് പാതയൊരുങ്ങുന്നത്.

ആശയങ്ങളുടെ, ദര്‍ശനങ്ങളുടെ, സ്വപ്നങ്ങളുടെ, വേദനകളുടെ, അന്വേഷണങ്ങളുടെ, കവിതയുടെ ആയിരം ചിറകുകള്‍ വിടര്‍ന്നുവരുന്ന പുസ്തകമാണ് 'ആയിരം ചിറകുള്ള പക്ഷി' (ആയിരം ചിറകുള്ള പക്ഷി - വി. ജി. തമ്പി - ഗ്രീന്‍ബുക്സ്).

You can share this post!

പഴയ മരുഭൂമിയും പുതിയ ആകാശവും

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts