യാത്ര, അനുഭവം, വായന
ചില പുസ്തകങ്ങള്‍ നമ്മെ ആഴത്തില്‍ തൊടുന്നു. വാക്കുകള്‍ ആത്മാവിലേക്ക് നേരിട്ട് കിനിഞ്ഞിറങ്ങുന്നു. മനസ്സില്‍നിന്ന് ഉറവെടുക്കുന്ന വാക്കുകള്‍ അര്‍ത്ഥത്തിന്‍റെ, ദര്‍ശനത്തിന്‍റെ, കവിതയുടെ സംഗീതം പൊഴിക്കുന്നു. നമ്മുടെ നിത്യജീവിതവ്യവഹാരങ്ങളെ മറ്റൊരു ദിശയിലേക്ക് നീക്കാന്‍ അവ സദാ പ്രചോദിപ്പിക്കുന്നു. വാക്കുകളുടെ ആത്മീയത നാം തിരിച്ചറിയുന്ന മുഹൂര്‍ത്തമാണിത്. വായനയുടെ സാഫല്യമെന്ന് നാം വിശേഷിപ്പിക്കുന്നത് ഈ സന്ദര്‍ങ്ങളെയാണ്. വിസ്മയം പോലെ ലഭിക്കുന്ന ചില നിമിഷങ്ങള്‍ക്ക് നാം എഴുത്തുകാരനോടു കൃതജ്ഞതയുള്ളവരാകും. വിജി തമ്പിയുടെ 'പഴയ മരുഭൂമിയും പുതിയ ആകാശവും' എന്ന ഗ്രന്ഥം ആത്മീയമായ യാത്രയുടെ, തീര്‍ത്ഥാടനത്തിന്‍റെ നനവ് നമ്മില്‍ പടര്‍ത്തും. തമ്പിമാഷിന്‍റെ ആര്‍ദ്രമായ വാക്കുകള്‍ മരുഭൂമിയില്‍പോലും തളിരുകള്‍ കിളിര്‍പ്പിക്കും. യാത്ര, അനുഭവം, വായന, ഭാഷ എന്നീ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മില്‍ നിറയുന്നതെന്തെല്ലാമെന്ന് വാക്കുകളില്‍ പകര്‍ത്താനെളുപ്പമല്ല. അഗാധമായ മൗനത്തിലേക്കാണ് ഈ എഴുത്തുകാരന്‍റെ വാക്കുകള്‍ നമ്മെ നയിക്കുക. ആ നിശ്ശബ്ദത ഭഞ്ജിക്കാന്‍ നാം ഇഷ്ടപ്പെട്ടില്ല. 'പൊള്ളുന്ന ഉള്‍സഞ്ചാരങ്ങള്‍' എന്നാണ് തമ്പിമാഷിന്‍റെ പുസ്തകത്തെ ബന്യാമിന്‍ വിശേഷിപ്പിക്കുന്നത്.
സഞ്ചാരിയായ മനുഷ്യപുത്രനോടൊപ്പം നടത്തിയ യാത്രയുടെ വിവരണമാണ് ആദ്യഭാഗം. ക്രിസ്തു നടന്ന വഴികളിലൂടെ ഗ്രന്ഥകാരന്‍ ധ്യാനാത്മകമായി സഞ്ചരിക്കുന്നു. ബൈബിളിന്‍റെ സുന്ദരശൈലിയില്‍ തമ്പിമാഷ് കുറിക്കുമ്പോള്‍ ദൈവവചനങ്ങള്‍ പുതിയ തെളിമയില്‍ കടന്നുവരുന്നു. 'യാത്രയില്‍ നാം പുറത്തന്വേഷിക്കുന്നത് ഉള്ളിലായിരിക്കും കണ്ടെത്തുക' എന്ന് തമ്പിമാഷ് പറയുന്നു. 'പ്രാര്‍ത്ഥനയുടെയും വിസ്മയത്തിന്‍റെയും ഇരുചിറകുകള്‍ തോളത്തു തുന്നിയാണ് ഞാന്‍ യേശു നടന്ന വഴികള്‍ തിരഞ്ഞുപോയത്. മുറിവേറ്റ ചുവടുകളെങ്കിലും ഈ യാത്ര ധാരാളം അത്ഭുതങ്ങളെ കൊണ്ടുവന്നു' എന്നു ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രാര്‍ത്ഥനയും വിസ്മയവും നമുക്കും പകര്‍ന്നുകിട്ടുന്നു. 'നടക്കുമ്പോള്‍ കാലുകളല്ല പാതയില്‍ പതിയുന്നത്, ഹൃദയംതന്നെയാണ്, ഓര്‍മ്മകളും സ്വപ്നങ്ങളുമാണ്. കാലുകള്‍ വഴികളെയും വഴികള്‍ കാലുകളെയും പൂരിപ്പിക്കുന്നു' എന്ന് നാം മനസ്സിലാക്കുന്നു. 'ഒരാള്‍ ദൈവത്തെ അറിയുന്നത് അയാളുടെ കാലുകളിലൂടെയാണ്' എന്ന് ഗ്രന്ഥകാരന്‍ അറിയുന്നു.
'കളഞ്ഞുപോയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ആഴങ്ങളിലും ശൂന്യതകളിലുമാണ് ഓരോ യാത്രയും പൂരിപ്പിക്കപ്പെടുന്നത്' എന്നതാണ് യാത്രയുടെ സത്യം. മരുഭൂമിയുടെ ഏകാന്തത തമ്പിമാഷ് ആസ്വദിക്കുന്നു. നിശ്ശബ്ദതയ്ക്ക് ഇത്രയേറെ ശബ്ദങ്ങളുണ്ടെന്നറിയുന്നു. ജറുസലെം തന്നോടു പറഞ്ഞതെന്തെല്ലാമെന്ന് ഗ്രന്ഥകാരന്‍ ആത്മാവുകൊണ്ട് തൊട്ടറിയുന്നു. ചരിത്രവും സംസ്കാരവും ആത്മീയതയും വിശ്വാസവും കവിതയും എല്ലാം ഇടകലരുന്ന ആഖ്യാനത്തിന്‍റെ ചാരുത നമ്മെ വിസ്മയിപ്പിക്കും.
'പ്രലോഭന'ത്തില്‍ ഗ്രന്ഥകാരന്‍ ബോബിയച്ചനെക്കുറിച്ചാണ് പറയുന്നത്. 'ഏകാകികളുടെയും വിഷാദികളുടെയും ഗുരുനാഥന്‍' എന്നാണ് തമ്പിമാഷ് ബോബിയച്ചനെ വിശേഷിപ്പിക്കുന്നത്. അധികം കണ്ടുകിട്ടാത്ത ഈ പുരോഹിതനെ ആര്‍ദ്രമായ വാക്കുകളാല്‍ അദ്ദേഹം വരച്ചുവയ്ക്കുന്നു. 'സ്വന്തം സങ്കടങ്ങളെ, ഉന്മാദങ്ങളെ, സന്ദേഹങ്ങളെ, ചെറുപ്പങ്ങളെ അദ്ദേഹം സ്നേഹിക്കുന്നവര്‍ക്കു മുമ്പില്‍ മുഴുവനായി കുടഞ്ഞിട്ടു. അത്രമേല്‍ ആര്‍ദ്രവും സൗമ്യവും വിനീതവുമായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുത്വം' എന്ന് തമ്പിമാഷ്. ഹൃദയവയലുകളില്‍ ഈര്‍പ്പമുള്ള ചില ഏകാന്തനടത്തങ്ങളുടെ ഒരു ഗുരുവിനെ ഇന്നിന് ആവശ്യമുണ്ട് എന്ന് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. 'മതാതീതവും നീതിസൗന്ദര്യവുമുള്ള ക്രിസ്തുവിനെയാണ് അദ്ദേഹം പരിചയപ്പെടുത്തിയതെന്ന്' അദ്ദേഹം നിരീക്ഷിക്കുന്നു. ബോബിയച്ചന്‍റെ സ്വത്വം തമ്പിമാഷിന്‍റെ വാക്കുകളില്‍ വാര്‍ന്നുവീഴുന്നത് അതീവഹൃദ്യമായാണ് എന്ന് നാമറിയുന്നു.
'സൗഹൃദം' എന്ന ഭാഗത്ത് കവികളായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും എ. അയ്യപ്പനെയുമാണ് തമ്പിമാഷ് തനതായ രീതിയില്‍ അവതരിപ്പിക്കുന്നത്. തന്‍റെ സൗഹൃദത്തിന്‍റെ ഭവനത്തിലേക്കെത്തിയ ഈ കവികളെ നാമിവിടെ പുതിയ ചൈതന്യത്തോടെ കണ്ടുമുട്ടുന്നു. "ദുഃഖവേളകളില്‍ ഞാന്‍ വെറുതെ ബാലനെ കൈയിലെടുക്കും. അപ്പോള്‍ സ്നേഹത്തിന്‍റെയും കരുണയുടെയും തലോടലില്‍ എനിക്കെന്താശ്വാസമാണ് കിട്ടുന്നത്" എന്ന് തമ്പിമാഷ് പ്രസ്താവിക്കുന്നു. 'ഈ തെരുവില്‍ കവിതയുടെ രക്തം കാണൂ' എന്നാണ് എ. അയ്യപ്പനെ ചൂണ്ടി ഗ്രന്ഥകാരന്‍ നമ്മോടു പറയുന്നത്. 'കവിതയില്‍ തനിക്കു നടക്കാനൊരു തെരുവും അതിലേയ്ക്കൊരു പാതയും സ്വന്തമായി വെട്ടിയുണ്ടാക്കിയ കവിയാണ് അയ്യപ്പന്‍' എന്ന് തമ്പിമാഷ് കുറിക്കുന്നു. അസാധാരണമായ സൗഹൃദത്തിന്‍റെ ചിത്രമാണ് നാമിവിടെ കാണുന്നത്.
'അനുഭവം' എന്ന ഭാഗം ഈ പുസ്തകത്തിലെ കവിതാമയമായ ആത്മവിചാരങ്ങളാണ്. മഴപ്പേനയില്‍ ഒരു ലഘുജീവചരിത്രം, വാര്‍ധക്യത്തിന്‍റെ മഹാസൗന്ദര്യങ്ങള്‍ എന്നീ കുറിപ്പുകള്‍ അസാധാരണമായ മനോജ്ഞതയാണ് ആവിഷ്കരിക്കുന്നത്. 'മഴ, ഒറ്റവരയുടെ അനന്തത' എന്നു തുടങ്ങുമ്പോള്‍തന്നെ നാം മഴ നനഞ്ഞുതുടങ്ങുന്നു. മഴയ്ക്ക് പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, സ്വപ്നത്തിന്‍റെ, മരണത്തിന്‍റെ നിറമുണ്ടെന്ന് നാം അറിയുന്നു. മഴയുടെ സംഗീതത്തിന്‍റെ എന്തെല്ലാം സ്വരഭേദങ്ങളാണ് നാം കേള്‍ക്കുക!
'നിരീക്ഷണങ്ങ'ളില്‍ രണ്ടു ലേഖനങ്ങളാണുള്ളത്. 'ആണ്‍തോട്ടത്തിനുള്ളിലെ നയനരതിയും ആത്മരതിയും', 'മതങ്ങള്‍കൊണ്ടെന്തു പ്രയോജനം' എന്നീ ലേഖനങ്ങള്‍ ആഴത്തിലുള്ള ചിന്തകള്‍കൊണ്ട് സമ്പന്നമാണ്. 'കാഴ്ചകള്‍ രാജ്യഭാരം നടത്തുന്ന ഒരു പുരുഷനാഗരികത'യാണ് നമ്മുടേതെന്ന് തമ്പിമാഷ് പറയുന്നത് ശരിയാണ്. ഒളിപ്പിച്ചുവച്ച വിഷപ്പല്ലുകള്‍ പുറത്തുകാട്ടി മതവും ശാസ്ത്രവും രാഷ്ട്രീയവും മാധ്യമങ്ങളും വിപണിയും ആണത്തപ്രകടനത്തിന്‍റെ ഹിംസരൂപങ്ങളായി മാറുന്നത് അദ്ദേഹം കാണുന്നു. നമ്മുടെ മതദൈവവിശ്വാസങ്ങളുടെ ഉറകെട്ടുപോയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും ഗ്രന്ഥകാരന്‍ കാണാതിരിക്കുന്നില്ല. തന്‍റെ ദൈവസങ്കല്പം കാവ്യാത്മകമായി അദ്ദേഹം അവതരിപ്പിക്കുന്നു. ആസുരകാലത്ത് ഈ വാക്കുകള്‍ വലിയ സാന്ത്വനമാണ്.
'വായന' എന്ന ഭാഗം നമ്മെ തൊടുന്നത് എത്ര ആര്‍ദ്രമായാണ്! ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതാവിവര്‍ത്തനവും നെരൂദയും കസാന്‍ദ്സാക്കിസും ഉത്തമഗീതവുമെല്ലാം പുതിയൊരു ലാവണ്യത്തില്‍ അണിനിരക്കുന്നു. താന്‍ സ്നേഹിക്കുന്ന പുസ്തകങ്ങളെ തമ്പിമാഷ് തൂവല്‍പോലുള്ള വാക്കുകള്‍കൊണ്ട് തലോടുന്നു. വാക്കുകള്‍ക്ക് അപ്പോള്‍ ചിറകുകള്‍ മുളയ്ക്കുന്നത് നാം കാണുന്നു. യേശുവും രാമനും എങ്ങനെ തന്നിലേക്കിറങ്ങിവന്നുവെന്ന വിവരണം അതിമനോഹരം. ഭാഷയെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങളും പുതുമയുടെ വാതില്‍ തുറക്കുന്നു. 'പുതിയ മരുഭൂമിയും പുതിയ ആകാശവും' എന്ന പുസ്തകം നമുക്കുള്ളില്‍ പ്രതിധ്വനികള്‍ സൃഷ്ടിക്കുന്നു. പുതിയ വാതായനങ്ങള്‍ തുറക്കുന്നു. ( പുതിയ മരുഭൂമിയും പുതിയ ആകാശവും - വി. ജി. തമ്പി - പ്രണത ബുക്സ്).
കൃഷിക്കാരനായി മാറിയ ടെക്കി
എന്താണ് ജീവിതത്തിന്‍റെ ലക്ഷ്യം എന്ന് ഏവരും ചോദിക്കുന്ന ചോദ്യമാണ്. സന്തോഷവും സമാധാനവും ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നതും സുപ്രധാനമായ ചോദ്യമാണ്. ഇതു നേടാനാണ് ഏവരും പായുന്നത്. എന്നാല്‍ ആരും ലക്ഷ്യത്തിലെത്തുന്നില്ല. പണം വാരിക്കൂട്ടുന്നതാണ് ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം എന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗവും. സമ്പത്ത് സന്തോഷവും സമാധാനവും എല്ലാം നല്കുമെന്നവര്‍ കരുതുന്നു. എന്നാല്‍ മരീചികപോലെ എല്ലാം അകന്നു പോകുന്നുവെന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ വെങ്കട് അയ്യര്‍ എഴുതിയ 'കൃഷിക്കാരനായി മാറിയ ടെക്കി' എന്ന പുസ്തകം ചില വെളിച്ചങ്ങള്‍ പകര്‍ന്നു നല്കുന്നുണ്ട്. വലിയ ശമ്പളം വാങ്ങി കമ്പ്യൂട്ടര്‍ രംഗത്ത് ജോലിചെയ്ത ഗ്രന്ഥകാരന്‍ ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി കൃഷി തുടങ്ങുന്നു. മെല്ലെ മെല്ലെ അദ്ദേഹം ശാന്തിയും സമാധാനവും സന്തോഷവും കണ്ടെത്തുന്നു. വെങ്കട് അയ്യര്‍ സ്വന്തം അനുഭവങ്ങള്‍ ലളിതമായി വിവരിക്കുകയാണീ പുസ്തകത്തില്‍.
'യാന്ത്രികവും നിര്‍വികാരവുമായ ജീവിതവും കൂടുതല്‍ കൂടുതല്‍ പണത്തിനുവേണ്ടിയുള്ള മനുഷ്യയത്നവും എന്‍റെ ജീവിതത്തെ നിരാശപ്പെടുത്തി.' അങ്ങനെയാണ് പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ വെങ്കിട് അയ്യര്‍ ഒരുങ്ങുന്നത്. ആദ്യത്തെ സന്ദേഹത്തിന്‍റെ ദിനങ്ങളെ അദ്ദേഹം സധൈര്യം നേരിട്ടു. വിട്ടുപോകുന്നത് എല്ലാ സൗകര്യങ്ങളും നിറഞ്ഞ ജീവിതമാണെന്നറിഞ്ഞിട്ടും അദ്ദേഹം പിന്മാറിയില്ല. തന്‍റെ ജീവിതത്തിന് അര്‍ത്ഥം പകരേണ്ടത് താനാണ് എന്ന ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. "ജീവിതം ഹ്രസ്വവും അനിശ്ചിതവുമാണ്. സമയവും മനസ്സുമുള്ളപ്പോള്‍ നാമാഗ്രഹിക്കുന്നത് ചെയ്യുകയാണ് നല്ലതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു" എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നഗരജീവിതം നല്കുന്ന സമ്മര്‍ദ്ദത്തിന്‍റെയും നിരാശയുടെയും ലോകത്തുനിന്ന് സമാധാനം തേടി ഗ്രാമത്തിലേക്ക്, കൃഷിയിലേക്ക് അദ്ദേഹം തിരിഞ്ഞു.
ബോംബെ നഗരത്തില്‍നിന്ന് ഏറെ ദൂരെയുള്ള ഗ്രാമത്തിലേയ്ക്കുള്ള പറിച്ചുനടലിന്‍റെ കഥയാണ് പുസ്തകം അവതരിപ്പിക്കുന്നത്. മണ്ണിനോട്, പ്രകൃതിയോട്, ഗ്രാമീണനിവാസികളോട്, ചേര്‍ന്നപ്പോള്‍ ജീവിതം അര്‍ത്ഥമുള്ളതായി എന്ന് വെങ്കിട് അയ്യര്‍ മനസ്സിലാക്കുന്നു. ഒരു പുതിയ ജീവിതശൈലി അദ്ദേഹം രൂപപ്പെടുത്തുന്നു. വേഗം കുറഞ്ഞ, സംഘര്‍ഷമില്ലാത്ത, ശാന്തമായ ഒരു ശൈലി. സന്തോഷത്തിന്‍റെ ലോകമാണ് അദ്ദേഹം കണ്ടെത്തിയത്. കൃഷി ആത്മീയവൃത്തിയാണ് എന്ന് അദ്ദേഹം മനസ്സിലാക്കി. സംഖ്യകളെക്കാള്‍ പ്രധാനപ്പെട്ടതു പലതും ജീവിതത്തിലുണ്ടെന്ന ബോധ്യമാണ് അദ്ദേഹത്തെ ഉറപ്പിച്ചുനിര്‍ത്തിയത്. വെങ്കിട് അയ്യര്‍ നടന്നുനീങ്ങിയ വഴികള്‍ ഓരോന്നും പുസ്തകത്തില്‍ കടന്നുവരുന്നു. വലിയൊരു മാറ്റത്തിന്‍റെ കഥയാണിത്.
'നിങ്ങള്‍ സന്തുഷ്ടനാണോ?' എന്ന ചോദ്യമാണ് വെങ്കിട് അയ്യര്‍ ചോദിക്കുന്നത്. 'സന്തോഷമെന്നത് എന്താണെന്ന് മനസ്സിലാക്കുക, നിശ്ചയമായും പ്രധാനപ്പെട്ട കാര്യമാണ്. പലരും പല അര്‍ഥങ്ങളാണതിനു കൊടുക്കുക' എന്ന് അദ്ദേഹം പറയുന്നു. 'ഞങ്ങള്‍ക്കതിപ്പോള്‍ വ്യത്യസ്തമാണ്. വിശാലമായ ആകാശം, മനോഹര ഭൂപ്രകൃതി, ഞങ്ങളുടെ ഓമനമൃഗങ്ങള്‍, പുത്തന്‍പച്ചക്കറി, കലര്‍പ്പില്ലാത്ത പഴവര്‍ഗങ്ങള്‍, ഞങ്ങളുല്പാദിപ്പിക്കുന്ന ആഹാരം എല്ലാം ഞങ്ങള്‍ക്കു സന്തോഷം നല്കുന്നു. നിങ്ങള്‍ മണ്ണില്‍ പാകിയ ഒരു വിത്ത് മുളച്ചുവരികയും ആഴ്ചകള്‍കൊണ്ടതൊരു വലിയ ചെടിയായി മാറുകയും ചെയ്യുന്നതിന്‍റെ സന്തോഷം ഒരിക്കലും നഗരത്തിലെ ഒരു മാളില്‍ കണ്ടെത്താനാവില്ല' എന്നാണ് ഗ്രന്ഥകാരന്‍റെ ബോധ്യം. 'മണ്ണില്‍ കാലുകളുറപ്പിച്ച്, കൈകള്‍കൊണ്ട് മണ്ണിലെ ജോലികള്‍ ചെയ്യുന്ന നിമിഷത്തില്‍ ആകുലതകള്‍ അകലുന്നു' എന്നാണ് അദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അടുപ്പം എനിക്ക് സന്തോഷവും ഉത്തേജനവും പകര്‍ന്നു നല്കുന്നുവെന്നും ഒരാള്‍ തനിക്കുള്ളതുകൊണ്ട് സന്തോഷമായും സംതൃപ്തമായും ആരോഗ്യത്തോടെയും കഴിയുന്നതാണ് യഥാര്‍ത്ഥസമ്പത്ത് എന്നും വെങ്കിട് അയ്യര്‍ പറയുന്നു. നമുക്ക് പുതിയൊരു വഴി നിര്‍ദ്ദേശിക്കുന്ന ഗ്രന്ഥമാണിത്.
(കൃഷിക്കാരനായി മാറിയ ടെക്കി - വെങ്കിട് അയ്യര്‍ - പരിഭാഷ : സ്മിത മീനാക്ഷി- മാതൃഭൂമി ബുക്സ്).