news-details
എഡിറ്റോറിയൽ

 വീട് എന്നത് കല്ലും മണ്ണും കട്ടയും സിമിന്‍റുംകൊണ്ട് മാത്രം രൂപം കൊടുക്കാവുന്ന ഒരു കെട്ടിടം മാത്രമല്ല. അത് ജീവനും ആത്മാവുമുള്ള എന്‍റെതന്നെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഇടംകൂടിയാണ്. എന്‍റെ കാലത്തെ അടയാളപ്പെടുത്തുകയും വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നത് വീട്ടിലൂടെ സംഭവിക്കുന്ന ഒന്നാണ്. പാമ്പുകള്‍ക്ക് മാളങ്ങളും ആകാശപറവകള്‍ക്ക് ചേക്കേറാന്‍ തണല്‍മരങ്ങളും ഉള്ളിടത്തില്‍ മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല എന്ന് ക്രിസ്തു പറഞ്ഞതിപ്പോഴും തുടരുകയാണ്. മലയാളത്തിലുള്ള അസ്സീസിയെന്ന ഈ പ്രസിദ്ധീകരണത്തിന് കേരളത്തിനു പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്ക് തലയിടേണ്ട ആവശ്യമില്ല. എങ്കിലും കഴിഞ്ഞ നാളുകളിലെ ഉത്തരേന്ത്യന്‍ യാത്രകള്‍ വീടിനെക്കുറിച്ചുള്ള എന്‍റെ  ധാരണകളെ വല്ലാതെ മാറ്റിമറിക്കുന്നുണ്ട്. ഒരു മുറിക്കുള്ളിലും തെരുവിലും ഒരു കൊതുകുവലയ്ക്കുള്ളില്‍പോലും രൂപപ്പെടുന്ന വീടുകള്‍!

തിരികെ കേരളത്തിലേക്കു വരാം. സാക്ഷരതയിലും ആളോഹരിവരുമാനത്തിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പന്തിയിലാണ് കേരളം. എങ്കിലും ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 12 ലക്ഷം കുടുംബങ്ങളെങ്കിലും ഈ കൊച്ചുകേരളമെന്ന ഇട്ടാവട്ടത്തില്‍  തലയ്ക്കു മുകളില്‍ അന്തിക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയോ വീടോ ഇല്ലാതെ അലയുന്നുണ്ട്. അടച്ചുറപ്പില്ലാത്ത, ഒന്നു തള്ളിയാല്‍ മറിഞ്ഞുവീഴാവുന്ന, ചോര്‍ന്നൊലിക്കുന്ന ഭവനങ്ങള്‍ അതിലധികം. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ഏകദേശം ഇരുപതുപേര്‍ ഭവനരഹിതരായി കേരളത്തിലുണ്ട്. കൊച്ചി പോലുള്ള നഗരത്തില്‍ അവരുടെ എണ്ണം ഒരു ചതുരശ്രകിലോമിറ്ററില്‍ 847 എന്നാണ് കണക്കുകള്‍ പറയുക. 2001 ലെ കണക്കുപ്രകാരം 7.1 ലക്ഷം പേര്‍ ഭവനരഹിതരായിരിക്കുമ്പോള്‍ കേരളത്തില്‍ 7.3 ലക്ഷം വീടുകള്‍ ആളില്ലാതെ അടഞ്ഞുകിടക്കുന്നു. അതേ, കണക്കുകള്‍ വീണ്ടും വളര്‍ന്നിട്ടുണ്ട്. മധ്യ-ഉപരിവര്‍ഗ്ഗ കുടുംബങ്ങളെല്ലാം അടങ്ങുന്ന പൊതുസമൂഹം ഈ അവസ്ഥയ്ക്കു മുന്നില്‍ തലകുനിക്കേണ്ടിവരും.

ഇവിടെ ഗോവിന്ദച്ചാമിമാരും ജിഷമാരും ഇനിയും ഉണ്ടാകും. കാരണം സ്വന്തമായി ഒരു കൂരയില്ലാത്തവന്‍ അഡ്രസ്സില്ലാത്തവനാണ്. അവനാരും ഒരു പെണ്ണു കൊടുക്കില്ല. സ്വന്തമായി ഒരു മേല്‍വിലാസം പോലുമില്ലാത്ത അവന് സെന്‍ട്രല്‍ ജയില്‍ എന്നത് ഒരു മെച്ചപ്പെട്ട 'ഓപ്ഷന്‍' മാത്രമാണ്. ഇത് ഹരീഷ് വാസുദേവന്‍ ശ്രീദേവി എന്ന ഹൈക്കോടതി വക്കീലിന്‍റെ നിരീക്ഷണമാണെങ്കിലും അതില്‍ കുറെ സത്യങ്ങള്‍ ഒളിഞ്ഞിരുന്ന് എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.

പണിതീരാത്ത വീടുകളും വീടുകളില്ലാത്തവരുടെ വേദനകളും ഇവയ്ക്കിടയില്‍ അരക്ഷിതത്വം നിറുകയിലുള്ള മനുഷ്യജീവിതങ്ങളും അടച്ചിട്ട മുറിയുടെ സുരക്ഷിതത്വത്തില്‍ ഇരുന്നുകൊണ്ട് 'പേനയുന്തുന്ന' എന്നെപ്പോലെയുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. കാരണം ഇവിടെ ഞാന്‍ എന്‍റെ സുരക്ഷിതത്വത്തിന്‍റെ തലങ്ങളെ പുനര്‍വിചിന്തനം ചെയ്യണം, ധാരണകളെ മാറ്റികുറിക്കണം. അതിനു തയ്യാറായാല്‍ മാത്രമേ വീടില്ലാത്തവര്‍ അനുഭവിക്കുന്ന അസ്തിത്വദുഃഖങ്ങളെ മനസ്സിലാകൂ. ഒരു മുറിക്കുള്ളില്‍ ആടിത്തീര്‍ക്കാവുന്നതല്ല മനുഷ്യ-കുടുംബ ജീവിതങ്ങള്‍.

കവര്‍സ്റ്റോറിയില്‍ ദളിത് ആദിവാസി ആക്ടിവിസ്റ്റായ ധന്യാ രാമന്‍ താന്‍ കണ്ട അനുഭവം ഇങ്ങനെ കുറിക്കുന്നു:

ഈ ചേരിയില്‍ കുറച്ചു വീടുകള്‍ക്ക് ചേര്‍ന്ന് ഒരു ശൗചാലയം മാത്രമാണുള്ളത്. രാത്രിയില്‍ ഒരു മൂത്രശങ്ക വന്നാല്‍ തന്നെ അഞ്ചോ ആറോ വീടുകള്‍ താണ്ടി വേണം പോകാന്‍. അതിനാല്‍ തന്നെ രാത്രിയില്‍ പെണ്‍കുട്ടികള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. മാനത്തിനേക്കാള്‍ വലുതല്ലല്ലോ ഒരു മൂത്രശങ്കയും.

ചേരിയിലെ വാസം മൂത്രശങ്കകളെപ്പോലും പിടിച്ചുനിര്‍ത്തി നിയന്ത്രിച്ചു ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഇന്നു നമ്മുടെ പെങ്ങന്മാര്‍ക്കുണ്ട്. നിരാശയുടെയും നിരാശ്രയത്വത്തിന്‍റെയും ഭയത്തിന്‍റെയും കൂടാരമായി വീടില്ലാത്തവന്‍/വള്‍ മാറുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെങ്കിലും എന്നെ പൊള്ളിക്കണം. ആ പൊള്ളലിനു മാത്രമേ എന്തെങ്കിലും ഇനി ഇവിടെ ചെയ്യാനാവൂ. ആരാധനാലയങ്ങളില്‍ ഉയരുന്ന സ്തോത്രങ്ങള്‍ക്കൊപ്പം ഈ പൊള്ളലുകള്‍ നമുക്ക് തിരിച്ചറിയാനാകണം. അല്ലാത്ത ആരാധനകളൊക്കെ നിറം പിടിപ്പിച്ച കഥകള്‍ മാത്രമായി, ആഴമില്ലാതെ സോപ്പുകുമിളയുടെ ആയുസ്സോടെ അവസാനിക്കും.

പ്രതീക്ഷകള്‍ പുതുനാമ്പുപോലെ അവിടെയും ഇവിടെയും പൊട്ടിമുളയ്ക്കുന്നുണ്ട്. ഇടവകയിലെ എല്ലാവര്‍ക്കും വീടു പണിതിട്ടേ ഇടവകപ്പള്ളി പണിയൂ എന്നു പറയുന്ന വികാരിയച്ചന്മാര്‍ നിശ്ചയമായും മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല എന്നു പറയുന്ന ക്രിസ്തുവിനു പിന്നാലെയാണ്. എല്ലാ ഇടവകാംഗങ്ങള്‍ക്കും ഗ്രാമവാസികള്‍ക്കും മികച്ച ശൗചാലയങ്ങള്‍ ഉണ്ടാക്കിയിട്ടുമതി ഇടവകവൈദികനായി പള്ളിമേട പണിയാന്‍ എന്നു ചങ്കൂറ്റത്തോടെ പറയുന്ന വൈദികരും ഇന്നു കൂടിവരുന്നുണ്ട് എന്നത് പുത്തന്‍പ്രതീക്ഷയാണ്.

ഇപ്രകാരം ചില നിലപാടുകള്‍ എടുക്കാനാകുമ്പോള്‍ ഈ കൊച്ചുകേരളം കുറച്ചുകൂടി സുന്ദരമാകുമെന്നുറപ്പ്. അല്ലാതെ ആഢംബരകാറുകളും ഷോപ്പിംഗ് വിസ്മയങ്ങളും മെട്രോ പാലങ്ങളും പടുകൂറ്റന്‍ ആരാധനാലയങ്ങളും ഒന്നുമിനി പാവപ്പെട്ടവന്‍റെ കണ്ണീരിനറുതിവരുത്താന്‍ പോകില്ല.

ഭവനത്തിന്‍റെ സുരക്ഷിതത്വമില്ലാത്തതിനാല്‍ ആഴമേറിയ ക്ഷതങ്ങളേറ്റവരെയും, അങ്ങനെയുള്ളവരുടെ മുറിവുണക്കാന്‍ കൈമെയ്യ് മറന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ 16 കാരന്‍ അഭി മുതല്‍ മുതിര്‍ന്ന ചില സന്നദ്ധപ്രവര്‍ത്തകരെ വരെ ഈ ലക്കം അസ്സീസിയില്‍ നിങ്ങള്‍ക്ക് കാണാം. നാളെ എല്ലാവര്‍ക്കും ധൈര്യത്തോടെ കിടന്നുറങ്ങാന്‍, സ്വപ്നവും പ്രണയവും പങ്കുവയ്ക്കാന്‍, ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ള ഒരു തലമുറയെ ജനിപ്പിക്കാന്‍, തലയ്ക്കു മുകളില്‍ ഏവര്‍ക്കും ഒരു കൂരയുണ്ടാകുന്ന നാള്‍ സ്വപ്നം കാണാന്‍ നമുക്കു ധൈര്യപ്പെടാം

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts