I went to the woods because I wished to live deliberately, to front only the essential facts of life, and see if I could not learn what it had to teach, and not, when I came to die, discover that I had not lived.
Walden - Henry David Thoreau
ഹെന്‍റി ഡേവിഡ് തോറ രണ്ടു വര്‍ഷവും രണ്ടു മാസവും രണ്ടു ദിവസവും Walden pondനടുത്ത് ഒരു കോട്ടേജില്‍ താമസിച്ച് അവിടുത്തെ തന്നെ ജീവിതാനുഭവങ്ങളെ ചേര്‍ത്തുവച്ച് രചിച്ച പുസ്തകമാണ് Walden. ലാളിത്യത്തിന്‍റെ, മിതത്വജീവിതത്തിന്‍റെ ഏറ്റവും സാരവത്തായ കാര്യങ്ങളുടെ മഹനീയതയെക്കുറിച്ച് അദ്ദേഹം പഠിച്ചു. ആത്മീയതയിലേക്ക് വളരുവാന്‍ ആവശ്യം, അത്യാവശ്യം എന്നീ വേര്‍തിരിവുകള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും, മിതത്വത്തിന്‍റെ വഴിയിലാണ് ജീവിതത്തിന്‍റെ മനോഹാരിത എന്നും അദ്ദേഹം എഴുതിവയ്ക്കുന്നു.
നമ്മുടെ നാട്ടിലും മിനിമലിസത്തിന് പ്രാധാന്യം ഏറെയാണ്. എല്ലാ സ്വന്തമാക്കുന്ന സ്വാര്‍ത്ഥതയ്ക്ക് ബദലായി ചെറുതിലാണ് മനോഹാരിതയെന്നും, ജീവിതത്തിന്‍റെ ഒഴുക്കിന് കെട്ടിക്കിടക്കുന്നത് ഒരു ഭാരമാണെന്നും മനുഷ്യന്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
യാത്രികനായിരുന്ന ക്രിസ്തു തന്‍റെ ശിഷ്യരെ സുവിശേഷവേലക്കയക്കുമ്പോള്‍ ഓര്‍മ്മിപ്പിക്കുന്ന ജീവിതശൈലിയും മിതത്വത്തിന്‍റേതാണ്. "ഇതാ ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്" (ലൂക്കാ 10:3-4). ആവശ്യമായതല്ല അത്യാവശ്യമായത് മാത്രം യാത്രക്ക് കരുതാന്‍ നിര്‍ദ്ദേശിക്കുന്നു. അങ്കിനീളങ്ങളുടെ ബലമോ, അധികാരദണ്ഡിന്‍റെ കനമോ, മടിശീലയുടെ ഭാരമോ അല്ല മനുഷ്യനെ ആത്മീയതയിലേക്കും ആനന്ദത്തിലേക്കും നയിക്കുന്നത്, മറിച്ച് ലാളിത്യത്തിന്‍റെ വഴിയാണ്. പരിവ്രാജകനായ അസ്സീസിയിലെ ഫ്രാന്‍സിസും ഗാന്ധിജിയുള്‍പ്പെയുള്ള മഹാത്മാക്കളും ആത്മീയവഴിയിലൂടെ വിശുദ്ധിയിലെത്തിയവരുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ മിതത്വത്തിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞവരാണ്.
നല്ലതണ്ണിയെന്ന സ്ഥലത്ത് മൂന്നു ചെറുപ്പക്കാര്‍ ഒരു ഇടനാഴിയിലും ഒരു ചെറിയ അടുക്കളയിലുമായി തങ്ങളുടെ ജീവിതത്തെ ചുരുക്കി ലളിതമായി ജീവിക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ അവര്‍ തങ്ങളുടെ ഇടങ്ങളെ പരിമിതമാക്കുന്നുവെങ്കിലും ഉള്ളിലനുഭവിക്കുന്ന ആത്മീയാനന്ദവും ജീവിതത്തിന്‍റെ തെളിമയും നിസ്സീമമാണ്. സന്യാസാശ്രമത്തിലെ ചില ഗുരുക്കന്മാരെ ഓര്‍ക്കുന്നു. 'ഇത് മതി' എന്നും 'അതു വേണ്ട' എന്നും സ്വന്തം ആവശ്യങ്ങളോടുപോലും പറയാന്‍ ബലമുള്ള ആത്മീയ മനുഷ്യര്‍. കുറച്ചു പുസ്തകങ്ങള്‍ മാത്രം സ്വന്തമായുള്ളവര്‍, മറ്റൊരാശ്രമത്തിലേക്ക് പോകുമ്പോള്‍ ഒരു തുണിസഞ്ചിയുമായി ഇറങ്ങി നടക്കുന്നവര്‍, വരാന്തയിലെ ഒരു ലൈറ്റുപോലും അനാവശ്യമായി തെളിഞ്ഞുകിടക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തവര്‍.
മുകളില്‍ പറഞ്ഞതിന്‍റെയര്‍ത്ഥം കാറും ഫോണും സൗകര്യങ്ങളുമൊന്നും നല്ലതല്ല എന്നല്ല, മറിച്ച് എന്താണ് തനിക്ക് ഏറ്റവും അത്യാവശ്യം എന്ന് തിരിച്ചറിയാനുള്ള വിവേകം വളര്‍ത്തിയെടുക്കലാണ്. ഭക്ഷണമേശയില്‍ വിളമ്പുന്നതെല്ലാം നല്ലതാണെങ്കിലും രോഗിയായ ഒരാള്‍ തനിക്ക് അതില്‍ നിന്ന് ഉചിതമായതു മാത്രം തിരഞ്ഞെടുക്കുന്നതുപോലെ, ഉപഭോക്താവിന്‍റെ അത്യാവശ്യത്തിനുള്ളതു മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ എന്ന തിരിച്ചറിവിലേക്ക് വളരണം. അവസാനത്തെ മനുഷ്യന്‍റെയും ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്; എന്നാല്‍ ഒരു മനുഷ്യന്‍റെയും ആര്‍ത്തിക്കുള്ളത് ഇവിടൊട്ടില്ലതാനും.
ലളിതജീവിതത്തില്‍നിന്ന് ഒരാളെ പിന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍ - നൂറുകണക്കിന് പരസ്യങ്ങളാല്‍ ആകൃഷ്ടരായി വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന സംസ്കാരമുള്ളവര്‍, ട്രെന്‍റുകള്‍ക്ക് ഒപ്പം സഞ്ചരിച്ച് പുതിയതില്‍ മാത്രം ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍, സമൂഹത്തില്‍ തന്‍റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നത് മാര്‍ക്കറ്റിലെ മുന്തിയ ഉത്പന്നങ്ങളാണെന്ന ചിന്ത വേരുപോലെ പടര്‍ന്നു പന്തലിച്ചവര്‍, മാനസികപ്രശ്നം പോലെ എല്ലാം കൂട്ടിവയ്ക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നവര്‍. എന്നാലും ഉള്ളുകൊണ്ടിവരൊക്കെ അസംതൃപ്തരാണ്.
ഒരിക്കല്‍ ഒരു യാത്രക്കിടയില്‍, കത്തുന്ന വിശപ്പുമായെത്തിയ വൃദ്ധയാചകന്‍ നീട്ടിയ കൈയില്‍ ഭക്ഷണത്തിനുള്ള പണം കൊടുത്തു. ഉണങ്ങിയ ചുണ്ടില്‍ ആശ്വാസത്തിന്‍റെ പുഞ്ചിരിയുമായി അയാള്‍ നടന്നകന്നു. കുറേക്കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള്‍ അതേ വൃദ്ധന്‍ അടുത്തെത്തി, നീട്ടിയ കൈയില്‍ ചുരുട്ടിപ്പിടിച്ച നോട്ടും ചില്ലറയും. "ചോറു കഴിച്ച് ബാക്കി വന്ന ഈ പണം എനിക്കു വേണ്ട സാറേ..." ഒരു നേരത്തെ കഞ്ഞിക്കുള്ളത് മാത്രം എടുത്ത,് ബാക്കിയുള്ളത് തിരിച്ചുതന്ന് നടന്നുപോകുന്ന വൃദ്ധന്‍ അത്ഭുതപ്പെടുത്തുന്നു! അടുത്ത നേരത്തെ വിശപ്പ് കണ്‍മുന്നിലുണ്ടെങ്കിലും സ്വരുക്കൂട്ടിവയ്ക്കണമെന്ന മോഹമില്ലാതെ, മിതത്വത്തിന്‍റെ ശ്രേഷ്ഠതയോടെ കടന്നുപോകുന്ന മനുഷ്യന്‍. ഈ ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും എന്നാണ് നമ്മള്‍ സ്വന്തമാക്കുക.
നിറയെ കതിര്‍മണികളുള്ള പാടത്തു നിന്ന് ആവശ്യമുള്ള ഒരു കതിര്‍മണി കൊത്തി പറന്നുപോകുന്ന കിളിയും നിറയെ വെള്ളമുള്ള പുഴയില്‍നിന്നും ഒരു കൈക്കുമ്പിള്‍ ജലം മാത്രം എടുത്ത്, പാഴാക്കാതെ കുടിക്കുന്നവരും ഓര്‍മ്മിപ്പിക്കുന്ന ജീവിതപാഠം, ആവശ്യത്തിനും ആര്‍ത്തിക്കും അത്യാവശ്യത്തിനുമിടയിലുള്ള അതിര്‍ത്തി ജീവിതത്തിലെവിടെയും ഏതു സന്ദര്‍ഭത്തിലും സൂക്ഷിക്കണമെന്നാണ്...
ഈ ലക്കം അസ്സീസിയില്‍ ലാവോത്സു എന്ന ചൈനീസ് ചിന്തകന്‍റെ ആത്മീയദര്‍ശനങ്ങളെ ഷൗക്കത്ത് പരിചയപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്‍റെ വര്‍ണക്കാഴ്ചകളേക്കാള്‍ മിതത്വത്തിന്‍റെ അഴകിനെ തിരികെപ്പിടിക്കാന്‍ അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'മിനിമലിസം' മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും വരുംകാലങ്ങളില്‍ മാനവ ജന്മത്തിനു പ്രതീക്ഷയ്ക്കു വക നല്‍കുന്ന സാധ്യത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് 'മിനിമലിസ'ത്തിന്‍റെ വസ്തുതകളെ അവതരിപ്പിക്കുന്നതിലൂടെ വി.കെ. ഷിഹാബ് ഓര്‍മ്മിപ്പിക്കുന്നു.
നവോത്ഥാന കാലഘട്ടത്തിനും കല്‍ക്കട്ടയിലെ മദര്‍തെരേസക്കും ഒരു നൂറ്റാണ്ടു മുന്നേ, സ്നേഹപരിചരണങ്ങളിലൂടെ മനുഷ്യന്‍റെ അടിസ്ഥാന പ്രതിസന്ധികളെ തുലോം കുറയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു സ്ത്രീയെ കാലഘട്ടത്തിന്‍റെ അനിവാര്യതപോലെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് വി. ജി. തമ്പിയുടെ ലേഖനം വിശദമാക്കുന്നു. അതാണീദിനങ്ങളില്‍ വി. പദവിയിലേക്കുയര്‍ത്തപ്പെട്ട മറിയം ത്രേസ്യ.
പ്രിയ വായനക്കാരാ, മിതത്വത്തിന്‍റെ ആത്മീയതയും ഉള്‍ക്കാഴ്ചകളുടെ തെളിമയും ഉള്‍ക്കരുത്തും ആശംസിക്കുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷക്കാലം അസ്സീസി മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഫാ. ടോം കണ്ണന്താനം തല്‍സ്ഥാനത്തുനിന്നും വിരമിക്കുന്നു. തന്‍റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നവീനമായ ദര്‍ശനങ്ങള്‍ കൊണ്ടും അസ്സീസിയെ ധന്യമാക്കിയ അച്ചന് അസ്സീസി കുടുംബത്തിന്‍റെ പേരില്‍ നന്ദി അര്‍പ്പിക്കുന്നതോടൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് ആയി നിയമിതനായിരിക്കുന്ന ഫാ. പ്രിന്‍സ് കരോട്ടുചിറയ്ക്കലിനും മാനേജിംഗ് എഡിറ്റര്‍ ഫാ. റോണി കിഴക്കേടത്തിനും സ്വാഗതവും ഭാവുകങ്ങളും നേരുന്നു. -അസ്സീസി കുടുംബം |