അഴകിന്‍റെ അവസാന വാക്കായിരുന്നു ആ ഇടം. മനോഹരമായൊരു ഗാനത്തിന്‍റെ അലയൊലികള്‍ അവിടമാകെ പരക്കുന്നുണ്ടായിരുന്നു. ഏതൊരു കഠിനഹൃദയത്തെയും അലിയിപ്പിക്കാന്‍ പോന്ന മധുരഗീതം, നയനമനോഹരമായ കാഴ്ചകള്‍. വല്ലാത്തൊരു ആനന്ദ നിര്‍വൃതി തോന്നിത്തുടങ്ങിയപ്പോഴാണ് അവിടെ തലയും താങ്ങിയിരിക്കുന്ന കുറേപ്പേരെ കണ്ടത്. ഇത്രയും സുന്ദരമായ ഒരിടത്ത് ഇത്രയും ദുഃഖത്തോടെ നെടുവീര്‍പ്പുമായി നിരാശിതരായിരിക്കുന്നവരുടെയടുത്തേക്ക് കൗതുകത്തോടെ നീങ്ങി.
"വല്ലാത്ത ശോകമാണെന്നേ. ഒരിത്തിരി സന്തോഷംപോലും തോന്നുന്നില്ല. സങ്കടംകൊണ്ട് ചങ്ക് പൊട്ടിപ്പോകുന്നപോലെ". ഒരാള്‍ പറഞ്ഞപ്പോള്‍ എല്ലാവരും കോറസ്സുപോലെ ഏറ്റു പറഞ്ഞു. ഭൂമിയിലായിരുന്ന കാലത്ത് വലിയ സമ്പത്തും കുടുംബമഹിമയും പാരമ്പര്യവും സ്വാധീനവും അധികാരവുമൊക്കെ ഉണ്ടായിരുന്നവരായിരുന്നവരെല്ലാം.
കൗതുകം മൂത്ത് അവരോട് ചോദിച്ചു. "ഭൂമിയിലായിരുന്നപ്പോള്‍ സന്തോഷമുണ്ടായിരുന്നോ?"
കുറച്ചു നേരത്തേക്ക് ആരും മിണ്ടിയില്ല.
പിന്നെ ഒരാള്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
"ഞാനൊരു ക്വാറി ഉടമയായിരുന്നു. ആദ്യമൊക്കെ ജീവിക്കാനായിരുന്നു. പിന്നെ സമ്പാദിക്കാനായി... അത്യാഗ്രഹം മൂത്ത് നിരവധി മലകള്‍ ഇല്ലാതാക്കി.".
"ങാ, അപ്പോള്‍ ചേട്ടന് പുണ്യപ്രവര്‍ത്തികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല അല്ലേ?". "ഉവ്വ് അതൊക്കെ മുറപോലെ ഉണ്ടായിരുന്നു. ഒരു പള്ളിയൊക്കെ പണിയിച്ചിരുന്നു. എന്നാലും സ്നേഹമെന്തെന്ന് അനുഭവിക്കാന്‍ കഴിയാതെ പോയതിനാല്‍ സന്തോഷവും സമാധാനവും അറിയാന്‍ കഴിഞ്ഞില്ല. സമ്പാദിക്കാനുള്ള തിരക്കിനിടയില്‍ കുടുംബത്തെയും അറിയാന്‍ കഴിഞ്ഞില്ല. അത് എന്നെ ഇവിടെയും പിന്തുടരുന്നു. ഭൂമി ഉണ്ടായ കാലം മുതല്‍ ആരും തൊടാത്ത വലിയ മലനിരകളൊക്കെ ഒരു തലമുറക്കാലംകൊണ്ട് ഇല്ലാതാക്കിയില്ലേ ഞാന്‍... ഒരിക്കലും തിരികെ വയ്ക്കാനാകാത്തവിധം നഷ്ടപ്പെടുത്തിയില്ലേ". അയാളുടെ കണ്ഠമിടറി, ഒരിക്കലും പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍ ഉള്ളില്‍ തിങ്ങി നിറയുന്നതു മുഖത്ത് പ്രകടമായിരുന്നു.
"എന്‍റെ കഥയും ഇങ്ങനെ തന്നെ", വേറൊരാള്‍ പറഞ്ഞു. വേറൊരാള്‍ പറഞ്ഞു.
"സര്‍ക്കാര്‍ ഉദ്യേഗസ്ഥനായിരുന്നു. ധാരാളം ശബളം, പിന്നെ കിമ്പളം. സമ്പാദിച്ചുകൂട്ടാനുള്ള വ്യഗ്രതയില്‍ ഒരുപാട് അഴിമതി നടത്തി, കൈയ്യിട്ടുവാരി, പാവപ്പെട്ടവരെപ്പോലും ചൂഷണം ചെയ്തു. ഒടുവില്‍ ഭാര്യയും മക്കളും ചേര്‍ത്തുപിടിക്കേണ്ട എന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയി.
മറ്റൊരാള്‍ ഒറ്റനോട്ടത്തില്‍ ഒരു സന്യാസിയെന്ന് മനസ്സിലാകുമായിരുന്നു. "വളരെ കൃത്യമായി നിയമാനുഷ്ഠാനങ്ങള്‍ പാലിച്ചിരുന്നു കൂട്ടത്തിലായിരുന്നു ഞാന്‍. ആചാരാനുഷ്ഠാനങ്ങളും നിയമസംഹിതയുമൊക്കെയായിരുന്നു ചിലപ്പോഴെന്‍റെ ദൈവമെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. നിയമത്തിന്‍റെ കണ്ണടയില്‍ക്കൂടിയായിരുന്നു എല്ലാവരെയും നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ കൂടെ ജീവിച്ചവരെ അംഗീകരിക്കാനോ സ്നേഹിക്കാനോ അവര്‍ക്കൊപ്പെ സന്തോഷിക്കാനോ കഴിഞ്ഞില്ല. എന്തിനേറെ ചിരിക്കുന്നതുപോലും തെറ്റായി കരുതിയിരുന്നു. സ്നേഹിക്കാതെ ചിരിക്കാതെ, സന്തോഷിക്കാതെ വെറുതെ തീര്‍ത്ത ജീവിതം. ഇവിടെയും അങ്ങനെ തന്നെ.
മതം, ജാതി, രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് തമ്മില്‍ത്തല്ലിയും പ്രത്യേകതരം ബൈക്കുകള്‍കൊണ്ട് സമയത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ജീവിതം കൊഴിഞ്ഞുപോയ കുറെയധികം ചെറുപ്പക്കാരെയും കണ്ടു. വിലകുറഞ്ഞ ചില തോന്നലുകള്‍ക്കു പിന്നാലെ ഈയാംപാറ്റകള്‍പോലെ ജീവിതം ഹോമിച്ച അവരുടെ ദുഃഖം താങ്ങാനാവാത്തതായിരുന്നു.
വെട്ടിവിയര്‍ത്തുകൊണ്ട് ഉണര്‍ന്നപ്പോഴേക്കും ദൈവമേ... നട്ടുച്ച.