news-details
കഥപറയുന്ന അഭ്രപാളി

ഒരു തകര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നിട്ടില്ല

മനുഷ്യജീവിതം തകര്‍ച്ചകളുടെയും, ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും ആകെത്തുകയാണ്. സ്വപ്നം കണ്ടതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയിലായിരിക്കും പലപ്പോഴും നമ്മള്‍ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടി വരുന്നത്. ചിലര്‍ വീണുപോകും, ചിലര്‍ തകര്‍ച്ചയില്‍ നിന്നും ജീവിക്കാനുള്ള ഊര്‍ജ്ജവും സാധ്യതകളും കണ്ടെത്തി കരകയറുകയും നിവിര്‍ന്നു നില്‍ക്കുകയും ചെയ്യും.  അനുഭവങ്ങളുടെ ചൂടറിയാതെ നമ്മളതിനെ അതിജീവനമെന്ന ഒറ്റവാക്കില്‍ ഒതുക്കുകയോ ചിലപ്പോള്‍ ആഘോഷിക്കുകയോ ചെയ്യും. പിന്നെ ഓര്‍മ്മിക്കാന്‍ തന്നെ താല്‍പ്പര്യപ്പെടാതെ വിസ്മരിക്കുകയും ചെയ്യും.

'ഫൈനല്‍സ്' എന്ന ചിത്രം വിശകലനം ചെയ്യുന്നതിനപ്പുറം അനുഭവിച്ചുതീര്‍ക്കേണ്ട ഒന്നാണ്. സര്‍വൈവല്‍, സ്പോര്‍ട്ട് എന്നീ വിഭാഗങ്ങളില്‍ പരിഗണിക്കപ്പെടുന്ന ചിത്രം അതിനുമപ്പുറം  നിഷ്കളങ്കമായ സ്നേഹവും കരുതലും എങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു എന്നതിന്‍റെ അഭ്രസാക്ഷ്യവും കൂടിയാണ്. 127 ഹൌര്‍സ്, എലൈവ്, ദി ബുക്ക് ഓഫ് ഏലി എന്നീ സിനിമകള്‍ പോലെയുള്ളതോ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ ഒതുക്കേണ്ടതോ അല്ല ഫൈനല്‍സ്. വേണമെങ്കില്‍ സ്പോര്‍ട്സ് സര്‍വൈവല്‍ എന്ന വിഭാഗത്തില്‍ പെടുത്താന്‍ കഴിഞ്ഞേക്കുമെങ്കിലും അത്തരം അരികുവല്‍ക്കരണം അര്‍ഹിക്കാത്ത ചിത്രമാണ് ഫൈനല്‍സ്.

കേരളത്തിന്‍റെ കായികഭൂപടത്തില്‍ നാളുകളായി അടയാളപ്പെടുത്തിയിട്ടിരിക്കുന്ന ഭൂപ്രദേശമാണ് ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശങ്ങള്‍. 1940-കള്‍ക്ക് ശേഷം നിര്‍ഭയതയുടെയും, വിശ്വാസത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഉള്‍ക്കരുത്തില്‍ വെട്ടിത്തെളിക്കപ്പെട്ട ശാരീരിക അദ്ധ്വാനത്തിന്‍റെ മാത്രമല്ല, കീഴടക്കാനും, കീഴടങ്ങാതിരിക്കാനുമുള്ള ത്വരയുടെ ഉരുക്കുകരുത്തിന്‍റെ പിന്‍ബലം കൂടിയാണ് മലയോര ജനതയെ കായികലോകത്ത് അടയാളപ്പെടുത്തിയിട്ടുള്ളതിന് കാരണം. ഒട്ടനവധി ദേശീയ-അന്തര്‍ദേശീയ താരങ്ങളെ മലമടക്കുകളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സംഭാവന ചെയ്യുന്നതിന് ഇടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. റോഡുകള്‍ തന്നെ പരിമിതമായിരുന്ന ഒരു കാലത്തുനിന്നും സൈക്ലിങ്ങ് പോലൊരു കായികവിനോദത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഒരു പെണ്‍കുട്ടിയുടെയും, അവളുടെ പരിശീലകനും, കായികാദ്ധ്യാപകനും കൂടിയായ പിതാവിന്‍റെയും, അവരുടെ ജീവിതത്തോടൊപ്പം കൈവിടാതെ നിന്ന ഒരു ചെറുപ്പക്കാരന്‍റെയും കഥയാണ് ഫൈനല്‍സ് പറയുന്നത്.

മഹിത മോഹനെപ്പോലെയുള്ള പെണ്‍കുട്ടികളാണ് ഇടുക്കിയെ സൈക്ലിങ്ങ് ഭൂപടത്തിലെത്തിച്ചത്. നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ സൈക്ലിസ്റ്റാണവര്‍. മഹിത മോഹന്‍ എന്ന സൈക്ലിസ്റ്റ് സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് ചിത്രത്തിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിട്ടില്ലാത്താത്ത കാര്യവുമാണ്. ഇടുക്കിയില്‍ നിന്നും ഒളിമ്പിക്സില്‍ പങ്കെടുക്കുക എന്ന സ്വപ്നവുമായാണ് ആലീസിന്‍റെയും, പിതാവ് വര്‍ഗ്ഗീസിന്‍റെയും ജീവിതം. ആലീസിന്‍റെ ജീവിതത്തെ അതിനായി പരുവപ്പെടുത്തുകയായിരുന്നു പിതാവായ വര്‍ഗ്ഗീസ്. എല്ലാ പെണ്‍കുട്ടികളും തിരിഞ്ഞുനടന്നേക്കാവുന്ന എല്ലാ വഴികളിലും ആലീസിനും മനസ് പതറുന്നുണ്ടെങ്കിലും പിതാവ് നടന്നുപോന്ന കനല്‍വഴികളെ ഓര്‍ക്കുമ്പോള്‍ മറ്റൊരു സങ്കടം കൂടി അയാള്‍ക്ക് നല്‍കുന്നതിന് അവള്‍ തയ്യാറല്ല. പിതാവിനെ തന്‍റെ ലക്ഷ്യപ്രാപ്തിയോളം അനുസരിക്കുക എന്നതില്‍ കുറഞ്ഞൊരു താല്‍പ്പര്യവും അവള്‍ക്കില്ല. കളിക്കൂട്ടുകാരനും, പിതാവ് കഴിഞ്ഞാല്‍ അവള്‍ക്കേറ്റവും പ്രിയപ്പെട്ടവനുമായ മാനുവലിന്‍റെ സ്നേഹത്തെയും, ചാപല്യത്തെയും അവള്‍ പുഞ്ചിരിയോടെയാണ് പരിചരിക്കുന്നത്. അവനെ വിട്ടുപോകാന്‍ അവള്‍ക്കോ അവളെ മാറ്റിനിര്‍ത്താന്‍ അവനോ കഴിയാത്തവിധം മാനസികമായ ഒരുള്‍ച്ചേരല്‍ അവര്‍ തമ്മിലുണ്ട്. എന്നാല്‍ അവളുടെ ലക്ഷ്യവും, അദ്ധ്വാനവും അവനെയും അത്തരം ഇളക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പ്രേരിപ്പിക്കുന്നു. സ്ത്രീയുടെ അദ്ധ്വാനങ്ങള്‍ക്കോ, സ്വപ്നങ്ങള്‍ക്കോ പലപ്പോഴും വിലകല്‍പ്പിക്കാത്ത നമ്മുടെ സമൂഹത്തിന് ഒരു പാഠപുസ്തകമായി മാറുകയാണ് മാനുവല്‍.

ആലീസിന്‍റെയും പിതാവിന്‍റെയും കായിക ജീവിതം കടന്നുപോകുന്നത് നിരവധി സംഘര്‍ഷങ്ങളിലൂടെയാണ്. കായികഭരണകര്‍ത്താക്കളുടെ നിഷേധാത്മക സമീപനവും, സ്വാര്‍ത്ഥതയും, സാമ്പത്തിക തിരിമറികളും, മറ്റ് താല്‍പ്പര്യങ്ങളുമെല്ലാം അതിഭാവുകത്വം കലരാത്തരീതിയിലാണ് ചിത്രം നിരീക്ഷിക്കുന്നത്. ഒരുപക്ഷേ കേരളത്തിലെ കാലാകാലങ്ങളിലുള്ള കായികഭരണകര്‍ത്താക്കളുടെ സ്വാര്‍ത്ഥതക്കു മുമ്പില്‍ കീഴടങ്ങേണ്ടിവന്നിട്ടുള്ള ധാരാളം താരങ്ങളുടെ പ്രതിനിധി കൂടിയാകാം ആലീസും, പിതാവും എന്ന് അണിയറപ്രവര്‍ത്തകര്‍ കരുതുന്നുണ്ടാകാം. അത്തരം പ്രവൃത്തികളുടെ ഫലമായിട്ടായിരുന്നു വര്‍ഗ്ഗീസിന് തന്‍റെ പരിശീലകവേഷം ഒരുവേള അഴിച്ചുമാറ്റേണ്ടി വന്നത്. എന്നാല്‍ സുഹൃത്തുക്കളുടെയും, മാനുവലിന്‍റെയും പിന്‍ബലത്തോടെ അയാള്‍ വീണ്ടും ഹൈറേഞ്ചിന്‍റെ മലമടക്കുകളെ ചൂടുപിടിപ്പിക്കുകയായിരുന്നു. മകളോടൊപ്പം ഒരുകാലത്ത് തങ്ങളുടെ കണ്ണിലെ കരടായിരുന്ന അയാളും കായികരംഗത്ത് ചുവടുറപ്പിക്കുന്നത് കായികഭരണക്കാര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പിന്നീട് ചതിയുടെയും, വീഴ്ചകളുടെയും കാലമായിരുന്നു. വീഴ്ചകളില്‍ സ്വപ്നങ്ങള്‍ നഷ്ടമായ ആലീസും, വര്‍ഗ്ഗീസും അവരോടൊപ്പം മാനുവലും ഹതാശരായി. എന്നാല്‍ മാനുവലിലൂടെ വര്‍ഗ്ഗീസ് പുതിയൊരു ജീവിതത്തെ രൂപപ്പെടുത്തുകയായിരുന്നു.

ലോകത്തൊരു മുറിവും പൊറുക്കപ്പെടാതെയിരുന്നിട്ടില്ല, ഒരു നിരാശയും ആശയുടെ രൂപമെടുക്കാതിരുന്നിട്ടില്ല. ഒരു തകര്‍ച്ചയും മുറികൂടാതെയിരുന്നിട്ടുമില്ല. ഫൈനല്‍സ് അവസാനമല്ല, തുടരാനുള്ള ജീവിതത്തിന്‍റെ ഇടവേള മാത്രമാണ്. ജീവിതം തോറ്റുകൊടുക്കാനോ, വഴിമാറി ആഗ്രഹങ്ങളെ ചാരമണിയിക്കുവാനോ ഉള്ളതല്ല. എല്ലാ ജീവിതങ്ങളുടെയും ഇടവേളകളില്‍ വെറുതെ വന്നുപോകുന്ന അതിഥിയായി മാത്രം കണ്ട് പരിചരിക്കുകയാകും തകര്‍ച്ചകള്‍ കടന്നുപോകുവാനുള്ള ഏകമാര്‍ഗ്ഗം. പൊരുതാനായി നമ്മള്‍ തീരുമാനിക്കുമ്പോള്‍ നമ്മോടൊപ്പം ഒരുപാടു ജീവിതങ്ങളും നമ്മോടൊപ്പം നില്‍ക്കും. പൊരുതുന്നവരോടുള്ള ലോകത്തിന്‍റെ കാവ്യനീതിയാണത്.

നാടക പ്രസ്ഥാനമായ ലോകധര്‍മ്മിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അരുണ്‍ പി.ആറിന്‍റെ ആദ്യ സംവിധാനസംരംഭമാണ് ഫൈനല്‍സ്. നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പല ആളുകളും സിനിമ സംവിധാനം ചെയ്യുമ്പോള്‍ വന്നിട്ടുള്ള അപാകതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിലും, ആദ്യ സംവിധാന സംരംഭം വിജയിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചുവെന്ന് പറയേണ്ടിവരും. സിനിമയുടെ താരനിര്‍ണ്ണയത്തിലും, ദൃശ്യസംവിധാനത്തിലും സംവിധാനമികവ് എടുത്തുപറയേണ്ടതാണ്.

പൊതുവേ നായികാപ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വവും, മിക്കതും സാമ്പത്തികമായി പരാജയപ്പെട്ടേക്കാവുന്നതുമാണ്. എന്നാല്‍ തന്‍റെ ആദ്യചിത്രം തന്നെ ഇത്തരത്തിലൊന്നായിരിക്കണം എന്ന് തീരുമാനിച്ചതിന്‍റെ ക്രെഡിറ്റ് സംവിധായകന്‍ അര്‍ഹിക്കുന്നുണ്ട്. നായിക കഥാപാത്രമായി തിളങ്ങിയ തജീഷ വിജയന്‍ ഒറ്റക്കൊരു സിനിമ വിജയിപ്പിച്ചെടുക്കാനാവുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ജൂണ്‍ എന്ന സിനിമയായിരുന്നു അവരുടെ ആദ്യ സ്ത്രീപക്ഷ ചിത്രം. ഭാവതീവ്രതയുള്ള വേഷങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാനാകുമെന്ന് സുരാജ് മുന്‍പുതന്നെ തെളിയിച്ചിട്ടുള്ളതാണ്. നിരഞ്ച് തനിക്കിനിയും കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുമെന്ന് തെളിയിച്ചു. ചിത്രത്തിന്‍റെ പരിചരണരീതികളോട് ചേര്‍ന്നു നില്‍ക്കുന്ന സംഗീതവും ദൃശ്യമികവും ആസ്വാദനത്തിന്‍റെ പുതുവഴിയിലേക്ക് കാണികളെ ഉണര്‍ത്തുമെന്ന് തീര്‍ച്ചയാണ്.

ചില പാക്കറ്റുകളുടെ കവറിന് പുറത്ത് കാണാറുണ്ട്, ഇതിനുള്ളില്‍ ഉടഞ്ഞുപോയേക്കാവുന്ന വസ്തുക്കളാണ് സൂക്ഷിച്ച് കൈകാര്യം ചെയ്യുക എന്ന്. ജീവിതവും അങ്ങനെതന്നെയണ്, ഒരു വ്യത്യാസം മാത്രം ഉടഞ്ഞുപോയേക്കാമെങ്കിലും സ്ഫുടം ചെയ്തെടുത്ത് മാറ്റ് കൂട്ടാന്‍ കഴിയുന്ന ലോഹസങ്കരങ്ങള്‍ പോലെയാണ് ജീവിതം. തകര്‍ച്ചകളില്‍ ഉടഞ്ഞുപോകാനുള്ളതല്ല, മുറികൂട്ടി ഉണക്കിയെടുക്കാവുന്നതുതന്നെയാണ് ജീവിതം. തകര്‍ച്ചകളും, വീഴ്ചകളും ദുരിതവുമെല്ലാം മരുന്നുകളാണ്. സ്നേഹവും കരുതലും ലേപനങ്ങളും. ആത്യന്തികമായി കരുത്താര്‍ന്ന സ്നേഹത്തിന്‍റെയും, ആര്‍ദ്രമായ കരുതലിന്‍റെയും പൊരുതാനുറച്ച ജീവിതങ്ങളുടെയും കഥയാണ് ഫൈനല്‍സ് പറഞ്ഞുവെക്കുന്നത് 

അജി ജോര്‍ജ്
9496305899

 

You can share this post!

അമ്പിളി അതിര് നിര്‍ണ്ണയിക്കാനാവാത്ത സ്നേഹത്തിന്‍റെ കഥ

അജി ജോര്‍ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts