അതിരാവിലെ ഒരു യാത്രക്കു തയ്യാറെടുക്കു മ്പോളായിരുന്നു ഒരു വികാരിയച്ചന് അടിയന്തരമായി എവിടെയോ പോകേണ്ടിവന്നതുകൊണ്ട് ഉടനെതന്നെ ആ പള്ളിയില്‍ കുര്‍ബ്ബാനക്കു പോകണം എന്നു നിര്‍ദ്ദേശം കിട്ടിയത്. അവിടെ കുര്‍ബ്ബാനയും ചൊല്ലി ആ വഴിതന്നെ യാത്രയാകാം എന്ന തീരുമാനത്തില്‍ ഉടനെ പുറപ്പെട്ടു. മെയിൻറോഡിനടുത്തായിരുന്നു പള്ളി. അവിടെ എത്തിയപ്പോള്‍ പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥന നടക്കുകയായിരിക്കും എന്നുറപ്പായിരുന്നതുകൊണ്ട് മുറ്റത്തേക്കു വണ്ടികയറ്റാതെ റോഡരികില്‍ത്തന്നെ പാര്‍ക്കുചെയ്ത് വേഗംനടന്നു പള്ളിയിലെത്തി. കുര്‍ബ്ബാനയും നൊവേനയും കഴിഞ്ഞു ഭക്ഷണംപോലും കഴിക്കാതെ വിട്ടുപോകാ മെന്നുകരുതി മുറ്റത്തേക്കിറങ്ങിയപ്പോള്‍ സിമിത്തേരിയില്‍ ഒരൊപ്പീസുകൂടിയുണ്ടെന്നു കപ്യാരറിയിച്ചു. അതുംകഴിഞ്ഞു വരുമ്പോളുണ്ട് ഒരു വലിയ കാലന്‍കുടയുംപിടിച്ച് ഒരാളു കാത്തുനില്ക്കുന്നു. എല്ലാമാസോം വികാരിയച്ചന്‍ അപ്പനു കുര്‍ബ്ബാന കൊടുക്കാന്‍ വീട്ടില്‍ ചെല്ലുന്നതാണ്, അന്നുരാവിലെ കുര്‍ബ്ബാനകഴിഞ്ഞുടനെ ചെല്ലാമെന്ന് അച്ചന്‍ നേരത്തെ സമ്മതിച്ചിട്ടുമുണ്ടായിരുന്നു എന്നുപറഞ്ഞു. വീട്ടിലേക്ക് എന്തു ദൂരം കാണുമെന്നു ചോദിച്ചപ്പോള്‍, പള്ളിയിരിക്കുന്ന മലയുടെ മുകളിലാണ് വീട്, റോഡേ പോയാല്‍ രണ്ടുകിലോമീറ്ററു കാണും കുറുക്കുവഴിയേ നടന്നാല്‍ ഒരു കിലോമീറ്റുമതി എന്നായിരുന്നു മറുപടി. വീട്ടില്‍വരെ വണ്ടിയെത്തുമോ എന്നു ചോദിച്ചപ്പോള്‍ മഴപെയ്തു റോഡെല്ലാം പോയതുകാരണം നടന്നു മാത്രമെ എത്താന്‍ പറ്റൂ എന്നു കപ്യാരാണു പറഞ്ഞത്. അത്രയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടും തിരക്കുണ്ടായിരുന്നതുകൊണ്ടും അല്പംമാറിനിന്നു കപ്യാരോടു ഞാന്‍ ആലോചിച്ചു. കാരണവര്‍ക്ക് പള്ളിയില്‍വരെ നടന്നുവരാന്‍ വിഷമമുള്ളതുകൊണ്ട് മാസംതോറും വിശുദ്ധ കുര്‍ബ്ബാന വീട്ടില്‍ കൊണ്ടുപോയി കൊടുക്കും എന്നല്ലാതെ ആളിനു വലിയ അസുഖമൊന്നുമില്ലെന്നു കപ്യാരു പറഞ്ഞു. അതുകൊണ്ടു ഞാനയാളോടു ചോദിച്ചു:
"വണ്ടി ചെല്ലുന്നിടത്തായിരുന്നെങ്കില്‍ ഇപ്പോള്‍ വരാമായിരുന്നു, എനിക്ക് അത്രദൂരം നടക്കാന്‍ ബുദ്ധിമുട്ടാണല്ലോ സുഹൃത്തേ. അപ്പന്, അച്ചന്‍ വന്നിട്ട് അടുത്തദിവസം കുര്‍ബ്ബാന കൊടുത്താലും പോരെ?"
"വികാരിയച്ചന്‍ വരാമെന്നു സമ്മതിച്ചിരുന്നതു കൊണ്ട് അപ്പന്‍ നന്നായി ഒരുങ്ങിയിരിക്കുന്നതാ. ഇത്രദൂരമല്ലേയുള്ളു, അച്ചന് ഉടനെ തിരിച്ചും പോരാം."
പിന്നെ ഞാനാലോചിച്ചപ്പോള്‍ ഒരു പോംവഴി കണ്ടു. അപ്പോള്‍തന്നെ ആശ്രമത്തില്‍ വിളിച്ച്, കഴിവതും നേരത്തെ ഇവിടെയെത്തി കാറുന്നോര്‍ക്കു കുര്‍ബ്ബാന കൊണ്ടുപോയി കൊടുക്കാന്‍ ഒരു കൊച്ചച്ചനെ ഏര്‍പ്പാടാക്കി, കപ്യാരുടെ ഫോണ്‍ നമ്പരും അച്ചനുകൊടുത്തു.
"കുഴപ്പമില്ല. ഞാനതു ശരിയാക്കിയിട്ടുണ്ട്. ഇയാളിപ്പോള്‍ പൊയ്ക്കോളൂ, ഉച്ചക്കുമുമ്പ് കപ്യാരെയുംകൂട്ടി വേറൊരച്ചന്‍ കുര്‍ബ്ബാനയുമായി വീട്ടിലെത്തിക്കൊളളും."
"ഇന്നലെ മുതല്‍ അപ്പനൊരുങ്ങിയിരിക്കുന്നതാ, ഉച്ചവരെ നോക്കിയിരുത്തുന്നതു കഷ്ടമാണച്ചാ. ഒരുകിലോമീറ്ററു നടക്കുന്ന കാര്യമല്ലേയുള്ളു. വീട്ടുകാരും അയിലോക്കംകാരുമൊക്കെ കാത്തിരിക്കുകേം ചെയ്യുന്നു."
അതുകേട്ടപ്പോള്‍ എന്‍റെ നാക്കു വല്ലാതെ ചൊറിഞ്ഞു.
"ഇതെന്നാ അപ്പന്‍റെ ആദ്യകുര്‍ബ്ബാന വല്ലോമാണോ, മുടീംവച്ചു തിരീംപിടിച്ച് ഇത്ര ഒരുങ്ങിയിരിക്കാന്‍. ഇയാളുചെന്ന് അപ്പനോട് അച്ചന്‍ ഉച്ചയ്ക്കുമുമ്പു കുര്‍ബ്ബാനയുമായിട്ടുവരും, വന്നു കഴിഞ്ഞിട്ട് ഒരുങ്ങിയാല്‍ മതിയെന്നുപറ. പിന്നെ, അയിലോക്കംകാരുടെ കാര്യമല്ലെ, ചെന്നാലുടനെ അവര്‍ക്കോരോ കടുംകാപ്പീം കൊടുത്ത് അവരോടു കാര്യംപറഞ്ഞാല്‍പോരേ? ഏതായാലും ഇയാളിപ്പോള്‍പോ, നടന്നുവരാന്‍ എനിക്കുവയ്യാത്തതു കൊണ്ടാ."
പറ്റാവുന്നതെല്ലാം ചെയ്തിട്ടും പിന്നെയും അയാള്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടങ്ങനെ പറഞ്ഞു പോയതാണ്. എന്തോ ഉറക്കെപ്പറഞ്ഞുകൊണ്ട് അയാള്‍ പോകുന്നതുംകണ്ടു. അച്ചന്‍റെ കാലെന്നാ വെണ്ണനെയ്യാണോന്നു പറഞ്ഞതുമാത്രമേ ഞാന്‍കേട്ടുള്ളു. വരാനുള്ള അച്ചന്‍റെ ഫോണ്‍നമ്പരും കപ്യാര്‍ക്കു കൊടുത്ത്, കാത്തുനിന്ന രണ്ടുപേരെ കുമ്പസാരിപ്പിച്ചും കഴിഞ്ഞപ്പോളേക്കും, സമയം ഒത്തിരി വൈകിയിരുന്നതിനാല്‍ പള്ളിമുറ്റത്തിനു കുറുകെ ഞാനോടുകയായിരുന്നു. രാവിലെ കാല്‍മുട്ടിനു നല്ലവേദനയുണ്ടായിരുന്നതു കൊണ്ട് മുറ്റത്തുനിന്നും റോഡിലേയ്ക്കുള്ള കുത്തിറക്കത്തില്‍ നടപ്പ് അല്‍പം സാവകാശമാക്കി. റോഡിലെ ത്തുമ്പോള്‍ കാലന്‍കുടക്കാരന്‍ അവിടെനില്പുണ്ട്. കൂട്ടത്തില്‍ പള്ളിയില്‍വന്ന നാലഞ്ചു ചേട്ടന്മാരുമുണ്ട്. കുറച്ചു മാറി പാര്‍ക്കുചെയ്തിരുന്ന വണ്ടിയുടെ അടുത്തേക്കു ഞാന്‍ നടന്നു.
"പള്ളിമുറ്റത്തൂടെ വാണംവിട്ടപോലെ ഓടുന്നതിപ്പം കണ്ടില്ലേ? നമ്മളെ കണ്ടപ്പം നടപ്പു പതുക്കെയാക്കി. ചുമ്മാപറഞ്ഞതല്ലെ നടക്കാന്‍ മേലെന്ന്. എന്നുപറഞ്ഞാല്‍ മണ്ണില്‍ തൊടാത്ത കാലല്ലേ. വണ്ടിയേലല്ലാതെ വരാന്‍ പറ്റത്തില്ലെന്ന്. വീട്ടില്‍ കഞ്ഞിക്കില്ലാത്തവന്മാരൊക്കെ അച്ചന്മാരായാലങ്ങനാ. ഇവരൊക്കെ മുറീന്നു പള്ളീലേക്കു പോകുന്നതും വണ്ടിയേലായിരിക്കും." നല്ല ഉച്ചത്തിലുള്ള സംസാരം. എന്നെ കേള്‍പ്പിക്കാന്‍ വേണ്ടിത്തന്നെയാണെന്നു മനസ്സിലായി. അറിയാതെ ഞാനൊന്നുനിന്നു. പെട്ടെന്നു പരിസരബോധം വന്നതുകൊണ്ട് കേള്‍ക്കാത്തമട്ടില്‍ മുന്നോട്ടുനടന്നു. വണ്ടിയുടെ അടുത്തെത്തുമ്പോള്‍ സങ്കീര്‍ത്തിയില്‍ മറന്നുവച്ച വണ്ടിയുടെ താക്കോലുമായി കപ്യാരു തൊട്ടുപിന്നില്‍.
"ക്ഷമിക്കണം കേട്ടോ അച്ചാ, അയാളു പറഞ്ഞതു ഞാന്‍കേട്ടു. അച്ചനും കേട്ടെന്നെനി ക്കറിയാം. അയാള് ഏതുനേരവും അച്ചന്മാരേം കന്യാസ്ത്രികളേം കുറ്റം പറഞ്ഞുനടക്കുന്ന ആളാ. ഇയാളെത്ര ചീത്ത പറഞ്ഞാലും വികാരിയച്ചന്‍ കേട്ടഭാവം നടിക്കാറില്ല."
"മിക്കവാറും ഏതെങ്കിലും സെമിനാരീന്നു പറഞ്ഞുവിട്ടയാളായിരിക്കണം. അല്ലെങ്കില്‍ അത്രയും തരംതാണ വര്‍ത്തമാനംപറയാന്‍ സാധ്യതയില്ല. പള്ളിമുറിയല്ലല്ലോ, പെരുവഴിയല്ലേ, അതുകൊണ്ടു ഞാനും ഒന്നും കേട്ടില്ല. ഏതായാലും ഞാനങ്ങുപോയിക്കഴിയുമ്പോള്‍ അയാളു ചേട്ടനോട് എന്തെങ്കിലും ചോദിച്ചോണ്ടു വന്നാല്‍, 'പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കില്ലെന്ന്' അയാളോടു പറഞ്ഞേക്കണമെന്നു പറഞ്ഞിട്ടാണു ഞാന്‍ പോയതെന്നു പറയാന്‍ മറക്കണ്ട." ഞാന്‍ വണ്ടിവിട്ടു.
വൈകുന്നേരം ഞാന്‍ തിരിച്ചുവന്നു മുറ്റത്തു വണ്ടിനിര്‍ത്തിയിറങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു കാലന്‍കുടക്കാരന്‍ നേരെമുമ്പില്‍! അയാളെന്തോ ഭാവിച്ചോണ്ടാണ് വന്നിരിക്കുന്നതെന്ന് എന്നെ കണ്ടപാടേ ഭിത്തിയില്‍ ചാരിവച്ചിരുന്ന കാലന്‍കുട കൈയ്യിലെടുക്കുന്നതു കണ്ടപ്പോള്‍ തോന്നി. അപ്പോളാണ് അല്‍പം പിന്നിലായി ഒരാളെന്നെ കൈകാണിക്കുന്നതു കണ്ടത്. അതു കപ്യാരായിരുന്നു. കപ്യാരുടെ കൈയ്യില്‍ രാവിലെ ഏല്‍പിച്ചിരുന്ന മരുന്ന് കാലന്‍കുടക്ക് ശരിക്കും ഏറ്റുകാണും എന്നു ഞാനൂഹിച്ചു. കാലന്‍കുടയെ ശ്രദ്ധിക്കാതെ ഞാന്‍ നേരെ കപ്യാരുടെ അടുത്തേക്കുചെന്നു.
"അച്ചന്‍ രാവിലെ പോന്നുകഴിഞ്ഞുടനെ അവിടെ വല്യ കോലാഹലമായിരുന്നു. അച്ചന്‍ കുര്‍ബ്ബാനേം കൊണ്ടു പോകാഞ്ഞതു ഞാനച്ചനോട് ഏതാണ്ടു പറഞ്ഞിട്ടാണെന്നും പറഞ്ഞ് ഇയാളെന്‍റെനേരെ തട്ടിക്കേറി. കപ്യാരല്ല അച്ചനാ തോന്ന്യാസം കാണിച്ചതെന്നുംപറഞ്ഞു ചായക്കടേലിരുന്ന വേറെ കൊറേപ്പേര്. അതല്ല അച്ചനുകാലു വയ്യാഞ്ഞിട്ടു തന്നെയാണു പോകാതിരുന്നതെന്നു ഞാന്‍ പറഞ്ഞു. പള്ളിച്ചെലവില്‍ കഴിയുന്ന കപ്യാര്‍ക്ക് അച്ചനെ നമ്പാതെ പറ്റത്തില്ലല്ലോന്നു പറഞ്ഞ് അവരു കളിയാക്കിയപ്പോള്‍ ഞാന്‍പറഞ്ഞു സത്യമായിട്ടും അച്ചന്‍റെ രണ്ടുമുട്ടിനും നീരാണെന്ന്. ഉടനെ ഇയാളുചോദിച്ചു ഞാനെന്നാ അച്ചന്‍റെ ഉടുപ്പുപൊക്കി നോക്കിയോന്ന്. അരിശംവന്നിട്ടു ഞാനന്നേരമിയാളോടു പറഞ്ഞു, ഇയാടെ ഈ നശിച്ച നാക്കു കാരണമാണു പട്ടികുരച്ചാല്‍ പടിതുറക്കുകേലെന്നു ഇയാളോടു പറഞ്ഞേക്കാന്‍ പറഞ്ഞിട്ട് അച്ചന്‍ രാവിലെ പോയതെന്ന്. പള്ളിമുറിയല്ല പെരുവഴിയായതുകൊണ്ടു മിണ്ടാതെ പോകുവാണെന്നച്ചന്‍ പറഞ്ഞേച്ചുപോയ ബുദ്ധി ഞാനന്നേരമങ്ങു മറന്നുപോയി. അച്ചനയാളെ പട്ടിയാക്കിയെന്നും പറഞ്ഞായിരുന്നു പിന്നെ ബഹളം. ഏതായാലും അച്ചനോടതൊന്നു ചോദിച്ചിട്ടേയുള്ളെന്നും പറഞ്ഞ് ഇയാളന്നേരംതന്നെ പോന്നു. വികാരിയച്ചന്‍ ഉച്ചകഴിഞ്ഞു വന്നപ്പോള്‍ ഞാനിതെല്ലാം പറഞ്ഞു. ഇയാളച്ചനെ ഇവിടെവന്നു ചീത്തപറയുന്നതിനുമുമ്പ് സത്യമെന്താണെന്നച്ചനോടു പറയണമെന്നും പറഞ്ഞു വികാരിയച്ചന്‍ എന്നെയിങ്ങോട്ടുവിട്ടതാ. വൈകുന്നേരമേ അച്ചന്‍ തിരച്ചെത്തൂ എന്നറിഞ്ഞതുകൊണ്ട് ഞാന്‍ കുറച്ചുമുമ്പെത്തിയതേയുള്ളു. ഇയാളു രാവിലെ അവിടുന്നു പോന്നതാ."
ഞങ്ങളു സംസാരിക്കുന്നതിനിടയില്‍ പല പ്രാവശ്യം അയാള്‍ കാലന്‍കുട എടുക്കുകേം വയ്ക്കുകേം ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്കു ചിരിവന്നു. രാവിലത്തെ അനുഭവംവച്ച് അയാള്‍ ഉച്ചത്തില്‍ സംസാരിച്ചു ബഹളം കൂട്ടിയേക്കുമെന്നുപേടിച്ച്, കപ്യാരോടല്‍പം മാറിനില്‍ക്കാന്‍ പറഞ്ഞിട്ട്, അകത്തേക്കു കയറാതെ അയാളെയും കൂട്ടി ഞാന്‍ പുറത്തേക്കു നീങ്ങി. അയാള്‍ കുടയെടുക്കാതിരുന്നതുകൊണ്ട് സംസാരത്തിന് ഒരു തുടക്കമിടാന്‍വേണ്ടി ഞാന്‍ പറഞ്ഞു:
"കുടകൂടെ എടുത്തോളൂ, ആ കാലന്‍കുട കൈയ്യിലുള്ളതാ ഇയാള്‍ക്കൊരു ചേര്‍ച്ച."
അയാളുപോയി കുടയുമെടുത്തു വന്നു. എന്തായാലും ഞാന്‍ പ്രതീക്ഷിച്ച ശൗര്യമൊന്നും കണ്ടില്ല.
"കപ്യാരു രാവിലെ വല്ലതും പറഞ്ഞാരുന്നോ?"
"ഒവ്വ, അതുകൊണ്ട് പടിപ്പുര തുറക്കുമോന്നറിയാന്‍ വന്നതാ." വളരെ സൗമ്യമായിരുന്നു മറുപടി.
"കുരച്ചാല്‍ തുറക്കാന്‍ സാധ്യതയില്ല, മുട്ടിയാല്‍ തുറന്നെന്നിരിക്കും."
"അച്ചന്‍ പറയുന്നതുപോലെ പറയാനുള്ള സാഹിത്യമൊന്നുമെനിക്കില്ല." പിന്നെയും ഒരു തോറ്റ സ്വരം.
"രാവിലെ പെരുവഴീല്‍നിന്നു കുരക്കാന്‍ നല്ല സാഹിത്യമുണ്ടായിരുന്നല്ലോ."
"അതന്നേരത്തെ വിഷമംകൊണ്ടു ഞാന്‍ പറഞ്ഞതാ. അതിന് അച്ചനെന്നെ പട്ടിയാക്കിയെന്നും കപ്യാരു പറഞ്ഞു." ഒട്ടും ഉഷാറില്ലാത്ത സംസാരം. ഞങ്ങളു പള്ളിനടയിലിരുന്നു.
"ശ്ശെ, അങ്ങനെ ഞാനാക്കുവോ, അതു പട്ടിക്കു തന്നെ മോശമല്ലെ. ഞങ്ങടെ സ്വന്തം പട്ടിയെപ്പോലും ഞാന്‍ ഒരിക്കലും പട്ടീന്നു വിളിക്കാറില്ല. അതിന്‍റെ പേരേ വിളിക്കാറുള്ളു, പിന്നെയാണോ ഏതുപട്ടിയേം വരുതിക്കു നിര്‍ത്താവുന്ന ഈ കാലന്‍കുട കൈയ്യിലുള്ള ഇയാളെ. അതല്ല, കുരക്കുന്നകാര്യം വല്ലോമാണു കപ്യാരു രാവിലെ പറഞ്ഞതെങ്കില്‍, അതു ഞാന്‍ പറഞ്ഞതുതന്നെയാ. ആ പറഞ്ഞതിന്‍റെ അര്‍ത്ഥം ഇയാള്‍ക്കു മനസ്സിലാകാഞ്ഞതു കൊണ്ടാ പട്ടിയാക്കിയെന്നു തോന്നിയത്. കാര്യം ഞാന്‍ പറഞ്ഞുതരാം. വീട്ടില്‍ മാന്യമായിട്ടു വളര്‍ത്തുന്ന പട്ടികളു കുരയ്ക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ ഇയാള്? അതുങ്ങളു കാര്യമുണ്ടെങ്കിലേ കുരക്കൂ. അതിനുവേണ്ടിയാണു വീട്ടുകാരു പട്ടിയെ വളര്‍ത്തുന്നതും. പക്ഷേ, കില്ലപ്പട്ടികളെ നോക്ക്, അതുങ്ങള്‍ക്കു കുരക്കാന്‍ കാരണമൊന്നും വേണ്ട, ചുമ്മാ കുരച്ചോണ്ടിരിക്കും. ആകാശത്തു ചന്ദ്രനെ കണ്ടാലും കുരക്കും, അടുക്കളേലിരിക്കുന്ന തേങ്ങാമുറി കണ്ടാലും കുരക്കും. കുത്തിയിരുന്നും കുരക്കും, നടന്നോണ്ടും കെടന്നോണ്ടും കുരക്കും. അതുകേള്‍ക്കുന്ന ചാവാലിപ്പട്ടികളൊക്കെ അതേറ്റു കുരക്കും, അതുങ്ങളെല്ലാം അങ്ങനെ കുരച്ചു കൊണ്ടേയിരിക്കും. അതുകൊണ്ടാണു കാരണവ ന്മാരു പണ്ടേ പറഞ്ഞുതന്നിരിക്കുന്നത് പട്ടികുരച്ചാല്‍ പടി തുറക്കണ്ടാന്ന്. അക്കാര്യം സൗകര്യം കിട്ടിയാല്‍ ഇയാളെ ഒന്നോര്‍മ്മിപ്പിച്ചേക്കണമെന്നു കപ്യാരോടു രാവിലെ ഞാന്‍ പറഞ്ഞിരുന്നതു തന്നെയാ. കാര്യമില്ലാതെയും കാര്യമറിയാതെയും കുരക്കുന്നതു പട്ടികളുമാത്രമല്ല സഹോദരാ. ഇന്നു രാവിലെ ഇയാള്‍ എന്നോടൊരാവശ്യം പറഞ്ഞു. അതു സാധിച്ചു തരാന്‍ എനിക്കു പറ്റില്ലാതിരുന്നതുകൊണ്ട്, ഞാന്‍ നോക്കേണ്ട കാര്യമല്ലാതിരുന്നിട്ടുപോലും, അതിനുള്ള വേറെ വഴിയും ശരിയാക്കിത്തന്നിട്ടു മര്യാദക്കു ഞാനെന്‍റെ വഴിക്കു പോയതാ. അപ്പഴാ ഇയാളാ പെരുവഴീല്‍ നിന്നോണ്ട്, അച്ചനെന്നുള്ളതു വേണ്ട, ഒന്നുമല്ലേലും തന്നെക്കാളും പത്തിരുപതു വയസ്സെങ്കിലും മൂത്തതാണെന്നു പോലും നോക്കാതെ എന്നെ വല്ലാതെ ആക്ഷേപിച്ച് ഏതാണ്ടൊക്കെപ്പറഞ്ഞത്. അതു ഞാന്‍ വിട്ടു കളഞ്ഞു. പക്ഷെ അതുകൊണ്ടും നിര്‍ത്താതെ പിന്നെയും താന്‍ അച്ചന്മാരെ ഒന്നടങ്കം വല്ലാതെ അവഹേളിക്കുന്നതു കേട്ടപ്പോള്‍ ഒരു ചെറിയ മരുന്നെങ്കിലും തനിക്കു തരാതെ പോരുന്നതു ശരിയല്ലല്ലോന്നു തോന്നി. അതുകൊണ്ടാണു തന്നോടു പറയാന്‍ കപ്യാരോടു പഴഞ്ചൊല്ലു പറഞ്ഞിട്ടുപോന്നത്. ഇയാളു വഴീല്‍നിന്നു വിളിച്ചുകൂവിയതുകേട്ടു ചിരിച്ചാഘോഷിച്ചത് കൂടെയുണ്ടായിരുന്നവരു മാത്രമല്ലായിരുന്നല്ലോ, ആ ചായക്കടേലും പെട്ടിക്കടേടെ മുമ്പിലുമുണ്ടായിരുന്നവരെല്ലാം ചിരിക്കുന്നതു ഞാന്‍ കണ്ടതാ. അതു കഴിഞ്ഞും അവിടെയുണ്ടായ കോലാഹലമൊക്കെ കപ്യാരു പറഞ്ഞ് ഇപ്പോള്‍ ഞാനറിഞ്ഞു. ഇയാള്, എന്നോടൊന്നു ചോദിച്ചിട്ടേയുള്ളു എന്നും പറഞ്ഞാണു പോന്നതെന്നു കപ്യാരുപറഞ്ഞു. ഇയാളുടെ കൈയ്യില്‍ ആ കാലന്‍കുടയുംകൂടെ കണ്ടപ്പം ഞാനോര്‍ത്തു, അതുംകൊണ്ട് എന്നെ നേരെ കാലപുരിക്കയക്കാനാ താന്‍ വന്നതെന്ന്."
"എന്നൊക്കെയോര്‍ത്തോണ്ടാരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ വന്നത്. പക്ഷേ, ഈ കാലന്‍കുടയാ എല്ലാം നേരെയാക്കിത്തന്നത്. ഞാനിവിടെവന്നു മണിയടിച്ചപ്പം വന്ന പയ്യനോട് അച്ചനിവിടെയുണ്ടോന്നു ചോദിച്ചപ്പം എവിടുന്നാ വരുന്നതെന്നെന്നോടു ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞയുടനെ അച്ചന്‍ വൈകുന്നേരമേ വരത്തുള്ളു, ഈ കുട തരാനാ വന്നതെങ്കില്‍ തന്നേച്ചു പൊക്കോ അച്ചന്‍റെ കൈയ്യില്‍ കൊടുത്തേക്കാമെന്നു പറഞ്ഞു. ഇതെന്‍റെ കുടയാണെന്നു പറഞ്ഞപ്പം ആ പയ്യന്‍ പറഞ്ഞു അച്ചന്‍ മുട്ടിനും നടുവിനുമൊക്കെ പ്രശ്നമുള്ളയാളാ, അതുകൊണ്ടു കുത്തിനടക്കാന്‍ ഇതുപോലെതന്നെയൊരു കാലന്‍കുട അച്ചനുമുണ്ട്. നടുവിനു ബല്‍റ്റും കോളറുമൊക്കെയിട്ടാ വണ്ടിയോടിക്കുന്നതുതന്നെ. അച്ചന്‍ മറവിക്കാരനായതുകൊണ്ട് രാവിലെ അവിടെ വന്നിട്ടു കുടയവിടെ മറന്നുവച്ചിട്ടു പോയിക്കാണും, ഞാനതുംകൊണ്ടു വന്നതാണെന്നാ ഓര്‍ത്തതെന്നു പറഞ്ഞു. അന്നേരംതന്നെ തിരിച്ചുപോയാലോന്നു ഞാനോര്‍ത്തതാ. എന്നാലും അച്ചനെകണ്ടു പറഞ്ഞിട്ടുതന്നെ പോകാമെന്നുവച്ചു നിന്നതാ."
"ഏതായാലും ആ പയ്യന്‍ ഉള്ളകാര്യം പറഞ്ഞതു കൊണ്ടു ഞാന്‍ രക്ഷപെട്ടു. അല്ലെങ്കില്‍ ഞാനിപ്പം സര്‍ക്കാരാശുപത്രീലും താന്‍ ജയിലിലും ആയിരുന്നേനേം. എന്നാലും ഇത്രേം പ്രായമുള്ള ഈ പാവം എന്നെ തല്ലണമെന്നു തനിക്കു തോന്നിയല്ലോ."
"തല്ലത്തുമൊന്നുമില്ലാരുന്നച്ചാ. എനിക്കങ്ങനെയാ, ഒന്നു തോന്നിയാല്‍പിന്നെ പിടിച്ചാല്‍ കിട്ടത്തില്ല. അതങ്ങു പറഞ്ഞേപറ്റൂ. ചെയ്യാനുള്ള മൂച്ചൊന്നുമില്ല."
"അതിനാണു കുരക്കുക എന്നുപറയുന്നത്. അതിന്‍റെ കാര്യമാണു രാവിലെ കപ്യാരുവഴി ഞാന്‍ പറഞ്ഞത്. രാവിലെ പള്ളിപ്പടിക്കല്‍ നിന്നോണ്ട് എല്ലാരോടും താന്‍ പഞ്ഞതെന്താ? വണ്ടി വീട്ടില്‍ ചെല്ലാത്തകാരണം വയ്യാതെകിടക്കുന്ന ഇയാളുടെ അപ്പന് കുര്‍ബ്ബാന കൊടുക്കാന്‍ പറ്റുകേലെന്നു ഞാന്‍ പറഞ്ഞെന്നല്ലേ? അവിടെ ഉണ്ടായിരുന്ന വരെല്ലാംകൂടെ അതൊരു വലിയ സംഭവമാക്കുകേം ചെയ്തു. എല്ലാരുംകൂടെ അന്നേരംതന്നെ അവരെക്കൊണ്ടു പറ്റിയതുപോലെയൊക്കെ അച്ചന്മാരെപ്പറ്റി പറഞ്ഞുകേട്ടതും, പറഞ്ഞുണ്ടാക്കിയതും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വാര്‍ത്താസമ്മേളനോം നടത്തിയിട്ടുണ്ടാകും. അതുകഴിഞ്ഞും അതിലെ വന്നവരോടും, പോയവരോടുമൊക്കെ അവരതെല്ലാം പറഞ്ഞിട്ടുമുണ്ടാകും. അതു കേട്ടവരു മിക്കവരും അവരുടെ വീട്ടിലും ചെന്ന് അതെല്ലാം പറഞ്ഞും കാണും. പക്ഷേ സത്യമെന്താ? തന്‍റെ അപ്പനു കുര്‍ബ്ബാന കിട്ടുകേംചെയ്തു, അച്ചന്മാരെല്ലാം നാറുകേംചെയ്തു. ഇപ്പോള്‍ ഇയാളുമാത്രം ഉള്ള സത്യമറിഞ്ഞു. തനിക്കിനി രാവിലെ പറഞ്ഞിടത്തു തന്നെ ചെന്നുനിന്നോണ്ട് താന്‍ നേരത്തെ പറഞ്ഞതുമുഴുവന്‍ കള്ളമായിരുന്നെന്ന് പറയാന്‍ പറ്റുമോ? അല്ല, പറഞ്ഞാല്‍തന്നെ അതുകൊണ്ടു വല്ലകാര്യോമൊണ്ടോ? താന്‍തന്നെ രാവിലെ പറഞ്ഞല്ലോ, എല്ലാമാസവും വികാരിയച്ചന്‍ കുര്‍ബ്ബാനയുംകൊണ്ടു തന്‍റെ വീട്ടില്‍ വരാറുള്ളതാണെന്ന്. സിസ്റ്റേഴ്സും വല്ലപ്പോഴും താന്‍ വിളിക്കാതെതന്നെ വരാറില്ലേ? എന്നിട്ടും ഈ അച്ചന്മാരെയെല്ലാം ഉള്‍പ്പെടുത്തിയല്ലെ, വീട്ടില്‍ തിന്നാനും കുടിക്കാനുമില്ലാത്തവരെന്നോ ഏതാണ്ടോക്കെ താന്‍ രാവിലെ പ്രഖ്യാപിച്ചത്. ഇതിനൊക്കെയാണു കുരയ്ക്കുക എന്നു പറയുന്നത്."
"ഞാനും സെമിനാരീല്‍ അഞ്ചാറുവര്‍ഷം പഠിച്ചതാണച്ചാ."
"അവിടെയും എന്‍റെ കണക്കുകൂട്ടലു പിഴച്ചില്ല. ഞാനങ്ങനെ ഊഹിച്ചിരുന്നു. സെമിനാരീന്നു മനസ്സായിട്ടു തിരിച്ചുപോന്ന ഒത്തിരിപ്പേരെ എനിക്കറിയാം. അവരൊക്കെ സെമിനാരീല്‍ പഠിച്ചതുകൊണ്ടു ജീവിതത്തില്‍ വലിയനേട്ടമേ ഉണ്ടായിട്ടുള്ളു എന്നു പറയാറുണ്ട്. എന്നാല്‍ സെമിനാരീന്നു പറഞ്ഞു വിട്ടവരു മിക്കവരും ഇറങ്ങിവന്നുകഴിഞ്ഞാല്‍ അവരുടെ വായില്‍നിന്ന് എപ്പോളും ഇയാളു പറയുന്നപോലത്തെ വര്‍ത്തമാനമേ വരൂ."
"ഞാന്‍ പറയാന്‍ തുടങ്ങിയതു വേറൊരു കാര്യമായിരുന്നു. ഞങ്ങളു പതിനെട്ടുപേരുള്ള ബാച്ചാരുന്നു. അതിലഞ്ചുപേര് അച്ചന്മാരായി. അവരില്‍ മൂന്നുപേരും കൂലിപ്പണിക്കാരുടെ മക്കളാരുന്നു. എന്‍റെ അമ്മേടെ അടക്കിനുപോലും ഞാനവരെ വിളിച്ചപ്പോള്‍ എന്‍റെ വീട് ഒത്തിരി ഉള്ളിലാ, വണ്ടീം എത്തത്തില്ല എന്നും പറഞ്ഞ് വന്നില്ല. ഒരാളുമാത്രം പള്ളീല്‍വരെയൊന്നു വന്നു. അവര്‍ക്കെല്ലാം ഇപ്പോള്‍ വണ്ടീമുണ്ട്, വലിയ വീടും പണിതു. സ്റ്റാറ്റസ്സായി. നമ്മളെയൊന്നും അറിയത്തു പോലുമില്ല."
"താന്‍ അച്ചനായാലും ഇതൊക്കെത്തന്നെ കാണിച്ചേനേം. തന്‍റെ മകനച്ചനായാല്‍ താനും ഇതിനപ്പുറം ചെയ്യും. കൂട്ടുകാരൊക്കെ വീട്ടില്‍ വരുമ്പം കയറിയിരിക്കാനും കിടക്കാനുമൊക്കെ അത്യാവശ്യം സൗകര്യം കുടുംബത്തു വേണമെന്ന് ഏതച്ചനായാലും താത്പര്യംകാണും. അച്ചന്മാരു മക്കളുള്ള അപ്പന്മാരാണെങ്കില്‍ കൂലിപ്പണിക്കാരാ ണെങ്കിലും, മെനയുള്ളവീടും ചുറ്റുപാടും വേണമെന്ന് അവര്‍ക്കും നിര്‍ബ്ബന്ധംകാണും. എങ്ങിനെയെങ്കിലും അതിനുള്ള വഴിയവരു നോക്കുകേം ചെയ്യും. അത്രേയുള്ളു അതിന്‍റെ കാര്യം. പിന്നെ കുത്തിപ്പറയാന്‍ എന്തെങ്കിലും വീണുകിട്ടാന്‍ നോക്കിയിരി ക്കുന്ന തന്നെപ്പോലെയുള്ളവര്‍ക്ക് അതെല്ലാം കട്ടതാ, വെട്ടിച്ചതാ, കടത്തിയതാ എന്നൊക്കെയേ തോന്നൂ. പിന്നെ താനീ പറഞ്ഞതുപോലെയുള്ള ആര്‍ഭാടക്കാരും ആര്‍ത്തിക്കാരും കൈയ്യിട്ടുവാരുന്നവരുമൊക്കെ അച്ചന്മാരുടെ ഇടയില്‍ ആരുമില്ലെന്നൊന്നും ഞാനും പറയുന്നില്ല. ജാത്യാഗുണം തൂത്തുകളയാന്‍ അച്ചനായതുകൊണ്ടുമാത്രം പറ്റത്തില്ലല്ലോ. എന്നാലുംശരി, അങ്ങനെയുള്ളവര്‍ വളരെ കുറച്ചേ കാണൂ. അതിനെയാണു താനിത്രമാത്രം പെരുപ്പിച്ചു കാട്ടിയീകളിയാക്കുന്നത്. താന്‍തന്നെ സത്യസന്ധമായിട്ടു തനിക്കറിയാവുന്ന അച്ചന്മാരുടെ മുഴുവനുമൊരു കണക്കെടുത്തുനോക്ക്. അപ്പോള്‍ കാണാം, നൂറില്‍ പത്തുപോലും കാണില്ല, താനീപറഞ്ഞ വകുപ്പില്‍പെട്ടവര്‍. ഏതായാലും തന്‍റെ കാലന്‍കുട തനിക്കു പണിതന്നു, എനിക്കതു പണിയാകുകേം ചെയ്തു. ഒരു കാര്യം, തിരിച്ചു പോകുമ്പോള്‍ ആ പാവം കപ്യാരുടെ വണ്ടിക്കൂലികൂടെ താന്‍ കൊടുത്തേക്കണം. പിന്നെ, ഇയാളിത്രേം പറഞ്ഞപ്പം എന്‍റെ കാര്യംകൂടെ മുഴുവന്‍ പറയണമല്ലോ. സത്യം പറഞ്ഞാല്‍ രാവിലെ തന്‍റെ വര്‍ത്തമാനം കേട്ടപ്പോള്‍, തന്നെ പട്ടീന്നല്ല, കില്ലപ്പട്ടീന്നു വിളിക്കണമെന്ന് എനിക്കും തോന്നിയാരുന്നു കേട്ടോ. അതു താനും എന്നോടു ക്ഷമിക്ക്." ചിരിച്ചുകൊണ്ടയാള്‍ ചാടിയെഴുന്നേറ്റു! പെട്ടെന്നെഴുന്നേല്‍ക്കാന്‍ പാടുപെട്ട എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു!!