news-details
കവർ സ്റ്റോറി

അധ്യാപനം: ഒരു പുനര്‍വായന

പ്രിയപ്പെട്ട ഷെഹല.. നീ ഇന്നും പൊള്ളുന്നൊരോര്‍മ്മയാണ്.... അധ്യാപനം ഒരു ജോലി മാത്രമല്ല, ഒരു കലയും അതിനപ്പുറം ഒരു ഉത്തരവാദിത്വവുമാണ്. ഇതില്‍ ഉത്തരവാദിത്വമെന്ന വലിയ വാക്കിന്‍റെ തുറിച്ചു നോട്ടത്തില്‍ ഞങ്ങള്‍ ഇന്ന് ലജ്ജിതരാണ്. കാരണം ഞങ്ങളില്‍ ആരുടെയൊക്കെയോ ഉത്തരവാദിത്വമില്ലായ്മയാണ് നിന്നെ ഈ ലോകത്തു നിന്നും അടര്‍ത്തി മാറ്റിയത്. മാപ്പ് എന്നുപോലും നിന്നോട് പറയാന്‍ യോഗ്യതയില്ല കുഞ്ഞേ.... ഞങ്ങള്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുയരുന്ന തേങ്ങലോടെ നിന്‍റെ ഖബറിനു മുന്നില്‍ ആത്മാര്‍ത്ഥമായി നമസ്ക്കരിക്കുന്നു. പ്രിയപ്പെട്ട ഷെഹല... മാപ്പ്.

വേര്‍പാടിനപ്പുറം വിചിന്തനത്തിന്‍റെ ഒരു ദീപം കൊളുത്തിവച്ചാണ് ഷെഹല യാത്രയായിരിക്കുന്നത്. ഇന്നിന്‍റെയും നാളെയുടെയും അധ്യാപകര്‍ക്ക് വീട് കഴിഞ്ഞാല്‍ ഒരു വ്യക്തിയെ ഏറ്റവും അധികം സ്വാധീനിക്കുന്നത് വിദ്യാലയവും അധ്യാപകരുമാണ്. അതുകൊണ്ടാവണം നമ്മുടെയൊക്കെ "സെക്കന്‍റ് ഹോം" സങ്കല്‍പ്പങ്ങള്‍ക്കൊക്കെ ഒരു വിദ്യാലയത്തിന്‍റെ തണുപ്പുള്ളത്. എത്ര വളര്‍ന്നാലും അധ്യാപകരുടെ മുന്നില്‍ നമ്മളൊക്കെ ഇന്നും ആ പഴയ വികൃതികളായ ഒന്നാം ക്ലാസുകാരാണ്.

പഠിപ്പിച്ച എല്ലാ അധ്യാപകരെയും ഓര്‍ക്കാനാകുന്നില്ലെങ്കിലും ചില അധ്യാപകര്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് ഇന്നും നമ്മുടെ മനസ്സുകളില്‍ കുടിയിരുപ്പുണ്ട്. കാരണം നമ്മെ സ്വാധീനിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് അവരില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം. എനിക്കറിയാവുന്ന ഒരു അധ്യാപികയുണ്ട്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കൊണ്ട് പ്രഭാതഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികളെ കണ്ടുപിടിച്ച് സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കും. ഒരിക്കലെങ്കിലും അവരുടെ കരുണ തൊട്ടറിഞ്ഞവര്‍ കാലമെത്ര കഴിഞ്ഞാലും ഭക്ഷണസമയത്ത് അവരെ ഓര്‍ക്കാതിരിക്കില്ല തീര്‍ച്ച.

അധ്യാപനജീവിതത്തിന്‍റെ ബാല്യത്തില്‍ മാത്രം എത്തിനില്‍ക്കുമ്പോള്‍ വിദ്യാലയ അനുഭവ പരിപാടിയുടെ ഭാഗമായി പല വിദ്യാലയങ്ങളിലും പോകേണ്ടി വന്നിട്ടുണ്ട്. അതില്‍ ഒരിടത്തെ അധ്യാപിക പറഞ്ഞതിങ്ങനെയാണ്: "പുസ്തകത്തിനപ്പുറം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിഞ്ഞാല്‍ അതാണ് അധ്യാപനം" എന്ന്. പുസ്തകത്തിനപ്പുറമുള്ള അവസരങ്ങളെ തേടി നാം കൂടുതല്‍ അലയേണ്ടതില്ല. ഒരു നല്ല അധ്യാപകന്‍ ക്ലാസിലുള്ള കുട്ടികളെ ഒന്ന് ശരിക്ക് നിരീക്ഷിച്ചാല്‍ മതി. അതായത് അകക്കണ്ണ് തുറക്കണമെന്ന് സാരം.

ഒരധ്യാപകനെ സംബന്ധിച്ച് തന്‍റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും അവരുടെ സ്വന്തം കുഞ്ഞുങ്ങളാണ്. അതുകൊണ്ടാവണം പലപ്പോഴും "എന്‍റെ ക്ലാസ്, എന്‍റെ കുട്ടികള്‍" എന്നീ പദപ്രയോഗങ്ങള്‍ അവരുടെ സംസാരത്തില്‍ വരുന്നത്. എപ്പോഴൊക്കെയോ ഈ വാക്കുകള്‍ നഷ്ടപ്പെട്ടതാണ് ഇപ്പോഴുണ്ടായ ചില അപചയങ്ങള്‍ക്കെങ്കിലും കാരണം എന്ന് ഞാന്‍ കരുതുന്നു. ഒരേ സമയം അമ്മയായും അച്ഛനായും ചേട്ടനായും ചേച്ചിയായും സുഹൃത്തായും പോലീസായും ഡോക്ടറായും വക്കീലായും വേഷമിടുന്നവരാണ് അധ്യാപകര്‍. അതുകൊണ്ടാണ് ആരോടും പറയാത്ത രഹസ്യങ്ങള്‍ പോലും കുട്ടികള്‍ അധ്യാപകരോട് പറയുന്നത്.

'പള്‍സ്' എന്ന പദം ഏറ്റവും കൂടുതല്‍ ചേര്‍ത്തുവായിക്കപ്പെടേണ്ടത് അധ്യാപകരുമായാണ് എന്നെനിക്കു തോന്നുന്നു. കാരണം ഒരു ഡോക്ടര്‍ക്കേ ഒരാളുടെ ആയുസ്സിന്‍റെ പള്‍സ് അറിയാന്‍ കഴിയൂ. എന്നാല്‍ ഒരാളുടെ ജീവിതത്തിന്‍റെ പള്‍സ് മുഴുവന്‍ മാറ്റുവാന്‍/ അറിയുവാന്‍ ഒരധ്യാപകന് കഴിയും. കഴിഞ്ഞ ഇടക്ക് പരിചയപ്പെട്ട ഒരധ്യാപികയുണ്ട്. വര്‍ഷങ്ങളായി അവര്‍ ഒന്നാം ക്ലാസ്സിലെ ക്ലാസ്ടീച്ചറാണ്. മറ്റ് ക്ലാസുകളിലെ ക്ലാസ് ടീച്ചറാകാന്‍ അവസരം ലഭിച്ചിട്ടും ഏറ്റവുമധികം "റിസ്ക്" ഉള്ള ഒന്നാം ക്ലാസിലെ ടീച്ചറായാല്‍ മതി അവര്‍ക്ക്. അവരോളം ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ പള്‍സറിഞ്ഞവര്‍ വേറെ ആരുണ്ട്?

ബോബി അച്ചന്‍റെ ചില ചിന്തകള്‍ ചേര്‍ത്തു വായിച്ചാല്‍ "മുക്തി കൊടുക്കുന്ന ഭാഷ" യെന്നാണ് സുവിശേഷത്തെ അദ്ദേഹം വിളിച്ചത്. അങ്ങനെയെങ്കില്‍ "സാരമില്ല", "പോട്ടെ", "അടുത്ത തവണ ശരിയാക്കാം", "നിനക്ക് പറ്റും", "കഴിവുള്ളയാളാണ് നീ" എന്നൊക്കെ ഒരുവനോട് ഏറ്റവും കൂടുതല്‍ പറയുന്നതും പറഞ്ഞതും ഏതെങ്കിലുമൊരു അധ്യാപകനായിരിക്കും. അപ്പോള്‍ അധ്യാപനവും ഒരു  സുവിശേഷമായി മാറുകയാണ്.  

ചുരുക്കുകയാണ്... തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയും സ്വന്തം കുഞ്ഞായി കാണുവാന്‍ ഇനിയും എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ. അങ്ങനെയാകുമ്പോഴെ നമ്മെ നോക്കി നാളെ അവര്‍ "ഇതെന്‍റെ ടീച്ചറാ" എന്ന് പറയൂ. 

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts