news-details
കവർ സ്റ്റോറി

ഞാനും ലോകചരിത്രത്തിന്‍റെ ഭാഗമാണ്

ടെലിവിഷന്‍ സമൂഹത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് മാര്‍ഷല്‍ മാക്ലൂഹന്‍ 'മാധ്യമമാണ് സന്ദേശം' എന്ന പ്രസിദ്ധമായ നിരീക്ഷണവുമായി എത്തിയത്. 1964-ല്‍ ആയിരുന്നു അത്. (Understanding media: The extensions of man by Marshall McLuhan) വര്‍ഷങ്ങള്‍ കഴിയുംതോറും ആ നിരീക്ഷണത്തിന്‍റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല.

ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്സ്ആപ് മുതലായ സോഷ്യല്‍ മീഡിയകളുടെ ഉപയോഗം ഈ നിരീക്ഷണത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. ജനാധിപത്യത്തിന്‍റെ നാലാം സ്തംഭമായി കരുതപ്പെടുന്ന വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ ജനങ്ങള്‍ക്ക് ഇന്നേറെ പ്രിയംകരം സോഷ്യല്‍ മീഡിയകള്‍ തന്നെയാണ്.

പരസഹായമോ ഒരാളുടെയും അനുവാദമോ കൂടാതെ ഭയപ്പെടാതെ സ്വതന്ത്രമായി തങ്ങളുടെ അഭിപ്രായങ്ങളും ദൃശ്യങ്ങളും ഞൊടിയിടയില്‍ സമൂഹത്തിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്‍റെ സ്വീകാര്യത.
ചായക്കടകളിലും ചെറു ടൗണുകളിലെ മുക്കിലും മൂലയിലും മാത്രം ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന രാഷ്ട്രീയ കാര്യങ്ങള്‍ പലപ്പോഴും പൊതു സമൂഹത്തിലേക്ക് എത്തപ്പെട്ടിരുന്നില്ല.
സ്ത്രീജനങ്ങള്‍ക്ക് അപ്രാപ്യമെന്ന് കരുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇന്ന് പല സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലും സജീവമായുണ്ട്. സമൂഹത്തെയോ കുടുംബങ്ങളിലുള്ളവരെയോ ഭയക്കുന്നവര്‍ കള്ളപ്പേരുകളില്‍ വന്ന് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതും വിരളമല്ല. അത്തരം ആളുകള്‍ക്ക് ഒരു പരിധി വരെയെങ്കിലും മാനസികമായ വിടുതല്‍ സംഭവിക്കുന്നുണ്ടാവണം. മുല്ലപ്പൂവസന്തം, ഡല്‍ഹി മാനഭംഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് കിട്ടിയ പിന്തുണ, കേരളത്തെ പിടിച്ചുലച്ച ചുംബന സമരത്തിനും മൂന്നാറില്‍ തുടക്കമിട്ട പെണ്‍പിളൈഒരുമയ്ക്കും ആദിവാസികളുടെ നില്‍പ്പു സമരത്തിനുമെല്ലാം നല്‍കിയ പിന്തുണ etc. സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയ സ്വാധീനം വെളിവാക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ലോകത്തോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമാകാറുണ്ട്. സൗഹൃദ ബന്ധങ്ങള്‍ കൂട്ടിയിണക്കുക എന്നതിലുപരി അത്ഭുതാവഹമായ വിപ്ലവങ്ങള്‍ സാധ്യമാക്കിയാണ് സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ക്ക്  ഇന്നത്തെ ലോകത്തിന് പല കാര്യങ്ങളിലും മാതൃകയാകുന്നത്. ആ മൂല്യം തിരിച്ചറിയുന്നതു കൊണ്ടാണ് ഒട്ടുമിക്ക രാഷ്ട്രീയ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത്.

ഇന്നത്തെ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ക്രിയാത്മകമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരേക്കാള്‍ ഏറെയായി യുവജനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ധാരാളം കൂട്ടായ്മകള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒക്കെയായിട്ടുണ്ട്. പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹിക സേവനം, ആതുരസേവനം, സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, യാത്ര, ഇക്കോ-ടൂറിസം, ജൈവകൃഷി തുടങ്ങി മനുഷ്യനും പ്രകൃതിക്കും അവശ്യം വേണ്ട ഒരുവിധം എല്ലാ മേഖലയിലും സജീവ സാന്നിദ്ധ്യമായി ഇത്തരം ഗ്രൂപ്പുകള്‍ കയ്യൊപ്പ് ചാര്‍ത്തുന്നു.  
സാമൂഹ്യ സേവനരംഗമെടുത്താല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഒട്ടേറെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങുന്നത് കാണാം. തങ്ങളുടെ സ്വപ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഒറ്റവരിയില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കിട്ടിയ പിന്തുണ വഴിയാണ് പലപ്പോഴും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യം ആക്കുവാന്‍ അവര്‍ക്കു കഴിയുന്നത്. പല പല സാഹചര്യത്തില്‍ ജീവിക്കുന്ന യുവജനങ്ങള്‍ കൈകോര്‍ക്കുന്ന കൂട്ടായ്മകളില്‍ ജാതിയുടെയോ മതത്തിന്‍റെയോ ലിംഗത്തിന്‍റെയോ ദേശത്തിന്‍റെയോ വേര്‍തിരിവുകള്‍ കാര്യമായി ബാധിക്കാറില്ല എന്നതും ശ്രദ്ധേയമായ നേട്ടമാണ്.

ആദിവാസികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും സാമ്പത്തിക അഴിമതികള്‍ക്കും എതിരെ നിരന്തരം പ്രതികരിക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനായി അക്ഷീണം പോരാടുകയും ചെയ്യുന്ന ധന്യാരാമന്‍ വേറിട്ട ശബ്ദം തന്നെയാണ്. ആദിവാസികളും ദളിതരും മനുഷ്യരാണ്. പൊതു സമൂഹമെന്നാല്‍ തങ്ങളും കൂടി ഉള്‍പ്പെടുന്നതാണെന്ന അവകാശബോധം അവരെ പഠിപ്പിക്കുകയാണ് ധന്യ. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിക്കുവാന്‍ അവരില്‍ ഒരാളായി ജീവിക്കുന്നു എന്നതാണ് ധന്യയുടെ പ്രത്യേകത. ഓരോ വ്യക്തിക്കും പ്രചോദനം നല്‍കുന്ന ധന്യയുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കൂടുതലായും പുറംലോകം അറിയുന്നത്.

"ചുമ്മാതിരിക്കാതെ ചുമ്മാതിരിച്ചത് അമ്മൂമ്മത്തിരി"യും പ്രസ്സുകളില്‍ നിന്ന് വലിച്ചെറിയുന്ന പേപ്പറില്‍ പ്രകൃതിക്കിണങ്ങിയ വിത്തു വച്ച "O pen വിത്ത് ലൗ" എന്ന പേരില്‍ പേപ്പര്‍പെന്നും വൈക്കോല്‍ ചിത്രവുമെല്ലാം മലയാളിക്ക് പരിചയപ്പെടുത്തിയ ലക്ഷ്മി മേനോന്‍ അശരണരായ വൃദ്ധ വയോധികര്‍ക്ക്  രക്ഷകയാണ്. അവരുടെ തന്നെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രൂപം കൊണ്ട ഗാപ് ((gap -Group against pot holes) എന്ന കൂട്ടായ്മയിലൂടെ നടത്തുന്ന "ഓറഞ്ച് അലെര്‍ട്ട്" എന്തുകൊണ്ടും പുതുമ നിറഞ്ഞ ആശയമാണ്. യാത്രക്കാരുടെ നടുവൊടിക്കുന്ന ചിലപ്പോള്‍ ജീവനെടുത്തേക്കാവുന്ന കുഴികള്‍ക്ക് മുന്നിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിനു മുന്നിലും ഓറഞ്ചു നിറത്തിലുള്ള മുന്നറിയിപ്പ് ത്രികോണങ്ങള്‍ വരച്ചു വയ്ക്കും. റോഡിനെപ്പറ്റി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് "ഓറഞ്ച് അലേര്‍ട്ട്".
ഭൂമിയിലെ നികൃഷ്ട ജന്മം എന്ന പോലെ കരുതിയ ട്രാന്‍സ് ജെന്‍ഡേഴ്സിനെക്കുറിച്ചും പൊതു സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍ക്കുകഴിഞ്ഞു. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സ്വയം ശിക്ഷ ഏറ്റുവാങ്ങി, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പരിഹാസവും അവഗണനയും പേറി ഒറ്റപ്പെട്ടു  ജീവിക്കുന്ന ഇവരില്‍ നിന്നും കുറച്ചു പേരെങ്കിലും അടുത്ത കാലത്തായി സമൂഹത്തിന്‍റെ മുന്‍നിരയിലേക്കു വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ സജീവ സാന്നിദ്ധ്യമായി തിളങ്ങുന്നവരുമുണ്ട്. ഏതൊരു വ്യക്തിയേയും പോലെ ഭിന്നലിംഗക്കാര്‍ക്കും സമൂഹത്തില്‍ ബഹുമാനവും സമത്വവും അവകാശമുണ്ടെന്ന് ഉയര്‍ന്ന സ്വരത്തില്‍ പറയുന്ന അവരെ പിന്തുണയ്ക്കാന്‍ ഒരായിരം സൗഹൃദങ്ങളും. ഈ സൗഹൃദങ്ങള്‍ തന്നെയാണ് അവരുടെ കരുത്തും. "കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക്" കിട്ടിയ പിന്തുണ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ട്രാന്‍സ് ജെന്‍റേഴ്സിനും ആത്മവിശ്വാസം നേടിക്കൊടുത്തിട്ടുണ്ട്. വരും തലമുറക്കും ശുദ്ധവായു ലഭ്യമാകണം എന്ന കരുതലോടുകൂടി 21 വര്‍ഷങ്ങള്‍ കൊണ്ട് നൂറുകോടി മരങ്ങള്‍ വച്ചു പിടിപ്പിക്കുവാനാണ് പരിസ്ഥിതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന "ഗ്രീന്‍ വെയ്ന്‍" ലക്ഷ്യമിടുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ സുതാര്യമാക്കുന്നതും കൂടുതലാളുകളിലേക്ക് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്‍റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതും ഫേസ്ബുക്ക് പേജുകള്‍ വഴിയാണ്. ഈ മഹായജ്ഞത്തില്‍ പങ്കാളികളാവാന്‍ വിവാഹം, ജന്മദിനം, വീടുവക്കല്‍ എന്നു വേണ്ട ഏതൊരു ഓര്‍മ്മ ദിനവും ഒരു മരത്തൈ എങ്കിലും നട്ടുകൊണ്ട് ആഘോഷിക്കുവാനാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും ഒപ്പം കുട്ടികളെയും പങ്കാളികളാക്കുന്നതിനായി സ്കൂളുകള്‍ തോറും പരിസ്ഥിതി പഠന ക്ലാസ്സുകളും മരത്തൈ വിതരണവും നടത്താറുണ്ട്. "ഭൂമിക്കൊരുപച്ചക്കുട ഭാവിക്കൊരു ശ്വാസക്കൂട" എന്ന മുദ്രാവാക്യവുമായി തങ്ങള്‍ നടത്തുന്ന ഈ സംരംഭം വഴി കുന്നുകള്‍ ഇടിച്ചും വയലും കായലും നികത്തിയും അതിവേഗം ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്‍റെ പച്ചപ്പ് തിരികെ പിടിക്കണം എന്നതാണവരുടെ ലക്ഷ്യം. നടുന്ന ഓരോ മരത്തിന്‍റെയും ചിത്രം അടക്കമുള്ള വിവരങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതിന്‍റെ പുരോഗതിയും അവരുടെ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ബ്രസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്‍റെ 'പെഡഗോഗി ഓഫ് ദ ഒപ്രസ്സ്ഡ്' ഓസ്ട്രിയന്‍ ചിന്തകനും കത്തോലിക്കാ പുരോഹിതനുമായിരുന്ന ഐവാന്‍ ഇല്ലിച്ചിന്‍റെ 'ഡി സ്കൂളിംഗ് സൊസൈറ്റി' യുമൊക്കെ കേരളത്തിലേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത്തരം ആശയങ്ങള്‍ മുഖ്യധാരയിലേക്ക് എത്തപ്പെട്ടില്ലെന്നു മാത്രം. ഒറ്റപ്പെട്ട നീക്കങ്ങളും ഇല്ലാതില്ല. അനൗപചാരിക ബദല്‍ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളെ പരിചയപ്പെടുത്തുന്ന 'സാരംഗ്' സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങളെ മറ്റു ജനങ്ങളിലേക്കു എത്തിക്കുന്നു. പ്രകൃതിക്കിണങ്ങും വിധം അവയെ കൂടുതല്‍ ചൂഷണം ചെയ്യാതെ ഏതു രീതിയില്‍ ജീവിക്കാം എന്നാണവര്‍ ജീവിച്ചുകാണിച്ചു തരുന്നത്. ഇഷ്ടികയ്ക്ക് പകരം മണ്‍കട്ടകളും മുളയും മണ്ണും ചാണകവും ഉപയോഗിച്ചിള്ള വീട് നിര്‍മ്മാണവും കണ്ടും ചെയ്തും അനുഭവിച്ചും സ്വയം പഠിച്ചു വളരുന്ന വിദ്യാഭ്യാസ രീതിയുമാണ് അവരുടെ മുഖമുദ്ര. ഔപചാരികമായ വിദ്യാഭ്യാസ മത്സരങ്ങളുടെ ലോകത്ത് പെടാപ്പാടു പെടുന്ന നമ്മുടെ കുട്ടികളില്‍ നിന്നും വേറിട്ടു മാറി അവരവരുടെ അവസ്ഥക്കും സാഹചര്യങ്ങള്‍ക്കും ഇണങ്ങുന്ന തനതായ ശൈലിയില്‍ പഠനത്തോടുള്ള സമീപനങ്ങളും, കാഴ്ചപ്പാടുകളും മറ്റുള്ളവരിലേക്കും എത്തിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട്ടില്‍ നിന്നും  പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള ഒരു മടക്കമാണ് ഇവരുടെ 'അറിവുനിര്‍മ്മാണം' എന്നും  പറയാം.

പുതുമയുള്ള ആശയങ്ങളുമായി ആധുനികജീവിത ശൈലിയുടെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി സോഷ്യല്‍ മീഡിയ അനുദിനം കരുത്താര്‍ജ്ജിക്കുകയാണ്. പരമ്പരാഗത രീതിശാസ്ത്രങ്ങള്‍ക്കപ്പുറത്ത് കലയ്ക്കും സാഹിത്യത്തിനും കൂടുതല്‍ സര്‍ഗാത്മക സ്വാതന്ത്ര്യം ഇവിടെ ലഭിക്കുന്നു. പഠനകാലങ്ങളില്‍ തിളങ്ങി നിന്നിരുന്ന സാഹിത്യാഭിരുചികളെ പൊടിതട്ടിയെടുത്ത് വീണ്ടും സാഹിത്യ ലോകത്ത്    സജീവമാക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ചെറുതല്ല. സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി  ഫെയിസ്ബുക്ക് ഗ്രൂപ്പുകളും അവയിലെ രചയിതാക്കളും വായനക്കാരും അടങ്ങുന്ന കമ്മ്യൂണിറ്റികളുടെയും ദിനംപ്രതിയുള്ള സാഹിത്യ സംവാദവും സാഹിത്യത്തിനു ഉന്മേഷം പകരുന്ന കാര്യങ്ങളാണ്. അച്ചടി മാധ്യമങ്ങളില്‍ അവസരം ലഭിക്കാത്ത ഒരു പാടു പേര്‍ക്ക് തങ്ങളുടെ രചനകളെ പ്രസിദ്ധീകരിക്കാനുള്ള ഒരു വേദിയായി ഇത് മാറുന്നു. ഉടനടി പ്രതികരണം കിട്ടുന്നതും എഴുത്തുകാരനെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെ. തുടക്കക്കാരായ എഴുത്തുകാര്‍ക്ക് അപ്രാപ്യമെന്നു കരുതിയ പ്രിന്‍റ് മീഡിയയ്ക്കും അവസരമൊരുക്കി പല ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ അംഗങ്ങളുടെ രചനകളെ പുസ്തകമാക്കാറുണ്ട് എന്നതും വലിയൊരു മാറ്റത്തിന് വഴി തെളിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങളിലെ പല പെയിഡ് ന്യൂസുകളെയും പൊളിച്ചടുക്കിയ ക്രെഡിറ്റും സോഷ്യല്‍ മീഡിയയ്ക്ക് അവകാശപ്പെടാം. ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച 'ലാലിസം' തന്നെയാണ് ഉത്തമോദാഹരണം. പത്രമാധ്യമങ്ങള്‍ പുകഴ്ത്തിയപ്പോള്‍, സുനാമി പോലെ ആഞ്ഞടിച്ച പ്രതിരോധ പ്രതികരണങ്ങളില്‍ സര്‍ക്കാരിനും കലാകാരന്മാര്‍ക്കും അടിയറവു പറയേണ്ടി വന്നു. ഞാനുമൊരു പത്രക്കാരനാണ് എന്ന് വിളിച്ചുപറയാന്‍ ഏതൊരാള്‍ക്കും കഴിയുന്ന അവസ്ഥയിലേക്ക് ലോകം വളര്‍ന്നിരിക്കുന്നു.

വിത്തുകളും അറിവുകളും പരസ്പരം പങ്കുവച്ച് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകളുണ്ട്, ഫേസ്ബുക്കില്‍. കൃഷിയില്‍ എന്തെങ്കിലും കീടത്തിന്‍റെ ശല്യമുണ്ടായാല്‍ ഇതിന്‍റെ ചിത്രം സഹിതം അംഗം കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യും. പരിചയ സമ്പന്നരായ അംഗങ്ങള്‍ ഉടന്‍ ഇതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. കൃഷിഭൂമി, നമ്മുടെ അടുക്കളത്തോട്ടം, വയലും വീടും, കൃഷിഗ്രൂപ്പ്, കര്‍ഷക മിത്രം, ഹരിതഭൂമി, മണ്ണും മനസ്സും, വീക്കെന്‍ഡ് ഫാമിങ്, കിച്ചന്‍ ഗാര്‍ഡന്‍, കാര്‍ഷിക വിപണി തുടങ്ങിയവ എല്ലാം ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മകളാണ്. വിഷം ചേര്‍ന്ന കീടനാശിനികളും രാസവളവും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് എതിരെ യുള്ള പ്രതിരോധം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
ബ്ലഡ് ബാങ്കുകളുമായി സഹകരിക്കുന്ന ഗ്രൂപ്പുകള്‍ ഫേസ് ബുക്കിലും വാട്സ്ആപ്പിലും നിരവധിയാണ്. ഒരു മെസ്സേജ് വഴി ആവശ്യക്കാര്‍ക്ക് വേണ്ട രക്തം എത്തിക്കാന്‍ അവര്‍ക്ക് സാധിക്കും. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ഒരുപാടു ഗ്രൂപ്പുകള്‍ മുന്‍കൈ എടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ പ്രളയ ദുരന്തമുണ്ടായപ്പോള്‍ സഹായ ഹസ്തവുമായി സോഷ്യല്‍ മീഡിയയും സജീവമായി രംഗത്തെത്തി. വീണ്ടെടുക്കല്‍, പിന്നോക്കനിരയിലുള്ള കുട്ടികള്‍ക്ക് വസ്ത്രം, പഠനോപകരണങ്ങള്‍, ലൈബ്രറി തുടങ്ങി ഒരുപാട് സംരംഭങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സ്ത്രീകളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള ഗ്രൂപ്പുകളില്‍ക്കൂടി വീട്ടമ്മമാര്‍ക്കും അന്തര്‍മുഖികളായ പെണ്‍കുട്ടികള്‍ക്കും തങ്ങളുടേതായ അഭിപ്രായം പറയാന്‍ അവസരമൊരുക്കുന്നു. അടുക്കള വിശേഷങ്ങളോടൊപ്പം ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ തുറന്നു പറയുന്നവര്‍ക്ക് ആവശ്യകമായ നിര്‍ദ്ദേശവും സഹായവും കൗണ്‍സിലിങ്ങുമെല്ലാം അതാതു മേഖലകളില്‍ പ്രാവീണ്യം നേടിയവരിലൂടെ സാധ്യമാക്കുന്നുണ്ട്. ഇന്ന് സൗഹൃദമെന്നത് നമ്മള്‍ നേരിട്ടറിയുന്നവരോ, അല്ലെങ്കില്‍ ഒരേ കമ്യൂണിറ്റിയിലോ സമുദായത്തിലോ പ്രവര്‍ത്തന മേഖലയിലോ പെട്ടവര്‍ എന്നതിലുമുപരിയായി നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാനാവുന്ന ഏതൊരു മനസ്സുമായും സാധ്യമാകുന്നു.  
തനിച്ചു പോകാന്‍ പ്രയാസമുള്ളവരെ ഒരുമിച്ചുകൂട്ടി ചെറുതും വലുതുമായ യാത്രകള്‍ നടത്തുന്ന ട്രാവല്‍ ഗ്രൂപ്പുകളുടെ സേവനവും നിസ്സാരമല്ല. പൊട്ടിച്ചിരിപ്പിക്കുകയും ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലെ കാര്‍ട്ടൂണുകളാണ്. ഇലക്ഷന്‍ സമയത്തും ഈ ദിവസങ്ങളിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചം ഉള്ള ട്രോളുകള്‍ എടുത്തു പറയേണ്ടവ തന്നെ.

"നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ചെറിയൊരു സമരമോ പ്രതിരോധമോ ഒരിക്കല്‍ ലോകചരിത്രത്തിന്‍റെ ഭാഗമാകും. മലയാളം കണ്ട പ്രസിദ്ധ ചിന്തകനായ പ്രൊഫസര്‍ എം.എന്‍. വിജയന്‍റെ വാക്കുകളാണിത്. നമ്മുടെ കൊച്ചു കേരളത്തിലെ ഏതെങ്കിലും ഒരു മൂലയിലിരിക്കുന്ന ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ചൂണ്ടിക്കാണിക്കുന്ന ഒരു സംഭവം ഷെയര്‍, ടാഗ് എന്നിവ വഴി ലോകത്തിന്‍റെ വിവിധ മൂലകളിലേക്കെത്തപ്പെടുന്നതിലൂടെ അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ചയെ അന്വര്‍ത്ഥമാക്കുന്നു എന്ന് നിസ്സംശയം പറയാം. "മുഴുവന്‍ നേരവും ഫോണിലോ കമ്പ്യൂട്ടറിലോ ചുമ്മാ കുത്തിയും തോണ്ടിയും കളിക്കുന്നു" എന്നു പറയുന്നവരെ നോക്കി "ഞാനും ലോകചരിത്രത്തിന്‍റെ ഭാഗമാണ്" എന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയാന്‍ സോഷ്യല്‍ മീഡിയയിലെ ഓരോ വ്യക്തിക്കും സാധ്യമാകണം.

ഓരോ മേഖലയിലും വികസിച്ചു വന്ന പുതിയ സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍, ഇവയുടെ സാധ്യതകളും പോരായ്മകളും എല്ലാം ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിലൂടെ ഉപരിപ്ലവമായ ഉപരിതല ആഘോഷങ്ങള്‍ക്കു പകരം മനുഷ്യ മനസ്സിന്‍റെ ആഴങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്കു കഴിയും.
ലോകത്തിന്‍റെ ഏതു കോണിലിരുന്നും ആര്‍ക്കു വേണമെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ പങ്കാളികളാവാം എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ ജനാധിപത്യപരമായ അവസരസമത്വം കൊണ്ട് സോഷ്യല്‍ മീഡിയ സമൂഹത്തിന്‍റെ കണ്ണാടിയുംആത്മാവും തന്നെയാണ്. 

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts