കുട്ടികള്‍ ദൈവത്തിനടുത്തുനിന്നും വരുന്നവര്‍. അവരെ പഠിപ്പിക്കാനല്ല, അവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ മനുഷ്യരായി ജീവിക്കുന്നതെങ്ങനെയെന്ന് പഠിക്കാന്‍. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജീവിതത്തില്‍നിന്നും ഒരു കാര്യം കൂടി ഞാന്‍ പഠിച്ചു. കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. ശരി-തെറ്റുകള്‍ നോക്കാതെ തന്നെ. അതുകൊണ്ടുതന്നെ മുതിര്‍ന്നവരെ ഗ്രസിച്ചിരിക്കുന്ന ഉപഭോഗരോഗം കുട്ടികളെയും ബാധിച്ചിരിക്കുന്നു. ഒരു വ്യത്യാസമുള്ളത് കുട്ടികള്‍ക്ക് കാര്യം പറഞ്ഞാല്‍ മനസ്സിലാവും എന്നതാണ്! കാര്യമേ മനസ്സിലാവൂ എന്നും പറയാം (സംശയമുണ്ടെങ്കില്‍ അവരോട് നുണ പറഞ്ഞുനോക്കൂ). എങ്കിലും നിസ്സഹായതയുടെ ഒരു പരിസരമാണ് മിക്ക കുട്ടികള്‍ക്കും കാണുന്നത്. നാളെയുടെ സ്വത്തുക്കളായ മലകളും പുഴകളും വയലുകളുമെല്ലാം ഇല്ലാതാവുന്നത് കണ്ടുനില്‍ക്കാനേ അവര്‍ക്കാകുന്നുള്ളൂ. അറിവുള്ള ഒരു പറ്റം അധ്യാപകരും രക്ഷിതാക്കളും മറ്റും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കണ്ടില്ലെന്നു നടിക്കുന്നില്ല. ഒരു പക്ഷേ അതുകൊണ്ടുതന്നെയാവും ഭൂമിയില്‍ ഇന്നും പ്രതീക്ഷകള്‍ നിലനില്‍ക്കുന്നതും. അവരുടെ ലോകം അവര്‍ നിര്‍മ്മിക്കുന്നതാണെന്ന ഒരു അവബോധം സൃഷ്ടിക്കുകയും അതിനുള്ള ആത്മവിശ്വാസം നല്‍കുകയുമാണ് അക്കൂട്ടത്തില്‍ ഞാന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കടമ എന്നു തോന്നുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയമായ കളിപ്പാട്ടങ്ങളെ ഞാന്‍ ആയുധമാക്കുന്നു എന്നു മാത്രം.
ശ്രീ അരവിന്ദ് ഗുപ്തയില്‍നിന്നും ഞാന്‍ പഠിച്ച ഒരു ലളിതമായ കളിപ്പാട്ടം വായനക്കാരുമായി പങ്കുവയ്ക്കുന്നത് അധികമാവില്ലെന്നു കരുതുന്നു.
സി. ഡി. പമ്പരം: ഉപയോഗശൂന്യമായ ഒരു സി.ഡി.യും ഒരു ഗോലിയും മാത്രം മതി ഒരുഗ്രന്‍ പമ്പരമുണ്ടാക്കാന്‍. ഗോലി (വട്ട്/കോട്ടി/രാശിക്കായ) നിലത്തോ മേശപ്പുറത്തോ വയ്ക്കുക. സിഡിയുടെ നടുവിലെ ദ്വാരത്തില്‍ ആ ഗോലി വരുംവിധം സിഡിവയ്ക്കുക. പമ്പരം തയ്യാറായിക്കഴിഞ്ഞു. തിരിച്ചു നോക്കൂ. ഇനി ഒരു വെള്ളക്കടലാസില്‍ ആ സിഡി വച്ച് ഒരു പെന്‍സില്‍ കൊണ്ട് അതിന്‍റെ ഔട്ട് ലൈന്‍ വരച്ചശേഷം (രണ്ട് വൃത്തങ്ങള്‍) അതില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഡിസൈനുകളും നിറങ്ങളും നല്കൂ. കഴിഞ്ഞോ? ഇനി അത് വെട്ടിയെടുത്ത് സിഡിയില്‍ ഒട്ടിച്ചശേഷം വീണ്ടും കറക്കിനോക്കൂ. നടുവിലെ ദ്വാരം വെട്ടിയെടുക്കാന്‍ മറക്കല്ലേ. അധികം വലുതോ അധികം ചെറുതോ ആയ ഗോലി ഇതിനു പറ്റണമെന്നില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കാം.
നമ്മുടെ നാട്ടില്‍ എന്തെല്ലാം കളിപ്പാട്ടങ്ങളുണ്ടായിരുന്നു എന്ന് മുതിര്‍ന്നവരോട് ചോദിച്ചറിയാം. അവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് അവ ഇപ്പോള്‍ കാണാത്തത്...? ആലോചിക്കൂ, നിങ്ങളുടെ കൂട്ടുകാര്‍ക്കും ഒരു പക്ഷേ നിങ്ങളറിയാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാമായിരിക്കും. അതെല്ലാം ചോദിച്ചറിയുന്നതോടൊപ്പം നിങ്ങള്‍ക്കറിയാവുന്നത് അവരോട് പങ്കുവെയ്ക്കാനും മറക്കല്ലേ!
കളി കുട്ടിയുടെ ഒരു പഠനപ്രക്രിയയാണ്. ജനിച്ചു വീഴുന്ന നിമിഷം തൊട്ട് കുട്ടി ആ 'കളി' ആരംഭിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് കളിക്കാന്‍ പ്രത്യേകിച്ച് ഒരു 'കളിപ്പാട്ടം' തന്നെ ആവശ്യം വരുന്നില്ല. കയ്യില്‍ കിട്ടുന്നതെല്ലാം കുട്ടിക്ക് കളിപ്പാട്ടമാണ്. ആന കളിക്കുന്ന അച്ഛനും 'ഉപ്പുഞ്ചാക്കും' എല്ലാം മനുഷ്യര്‍ തന്നെ കളിപ്പാട്ടങ്ങളാകുന്ന കളികളത്രേ. കരയുന്ന കുട്ടിയുടെ ശ്രദ്ധ ആകര്‍ഷിക്കാനും കരച്ചില്‍ മാറാനുമാവാം 'കിലുക്ക' ഒരു പക്ഷേ ആദ്യത്തെ 'കളിപ്പാട്ട' മായി കുട്ടിയുടെ കയ്യിലെത്തുന്നത്. എന്നാല്‍ തീരെ ചെറുപ്രായത്തില്‍ എന്തും വായില്‍ കൊണ്ടുപോകുന്ന ശീലമുള്ളതുകൊണ്ട് നല്ല പഴങ്ങള്‍ - പല നിറങ്ങളിലും സ്വാദിലുമുള്ളത് - കളിപ്പാട്ടമായി നല്കുന്നതാവും നല്ലത്! നല്ല കൂട്ടുകാരും സ്വാതന്ത്ര്യവുമാണ് വളരുമ്പോള്‍ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിരുകളില്‍ തളച്ചിടപ്പെടുന്ന ആധുനിക ബാല്യങ്ങള്‍ക്ക് പലപ്പോഴും കൂട്ടായെത്തുന്നത് പലതരം കളിപ്പാട്ടങ്ങളത്രേ. അതുകൊണ്ടുതന്നെ, നല്ല കൂട്ടുകാരുടെയോ പുസ്തകങ്ങളുടെയോ തെരഞ്ഞെടുപ്പുപോലെ പ്രധാനപ്പെട്ടതാണ് നല്ല കളിപ്പാട്ടങ്ങളുടെ തെരഞ്ഞെടുപ്പും. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അവ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ എന്തെല്ലാമാണ് ഇന്ന് കുട്ടികള്‍ക്ക് ലഭ്യമായിട്ടുള്ള കളിപ്പാട്ടങ്ങള്‍?
വാങ്ങി, ഉപയോഗിച്ച്, ഉപേക്ഷിക്കാന്‍ പഠിപ്പിക്കുന്ന ഉപഭോഗസംസ്കാരം തന്നെയാണ് കളിപ്പാട്ടവിപണിയെയും നിയന്ത്രിക്കുന്നത്. ലാഭചിന്തയില്‍ പിറവിയെടുക്കുന്ന അവയില്‍ നിന്നും കുട്ടികളുടെ നന്മ പ്രതീക്ഷിക്കുന്നത് അനുചിതമായിരിക്കും. കൗതുകകരമെങ്കിലും എളുപ്പത്തില്‍ കേടുവരുന്നതും കേടുവന്നാല്‍ നന്നാക്കാന്‍ കഴിയാത്തതുമാണ് മാര്‍ക്കറ്റ് ഭരിക്കുന്ന ചൈനീസ് കളിപ്പാട്ടങ്ങള്‍. അവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളിലെ വിഷാംശവും ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളാകട്ടെ വില കൂടുതലും സാധാരണക്കാര്‍ക്ക് അപ്രാപ്യവും.
യാന്ത്രികമായ കമ്പ്യൂട്ടര്‍, മൊബൈല്‍ഗെയിമുകളാണ് ഇനിയൊന്ന്. അവയും പൊതുവേ പകരുന്ന സംസ്കാരം ഹിംസയുടേതാണെന്നു മാത്രമല്ല, കുട്ടികളെ കേവലം കാഴ്ചക്കാരുടെ റോളില്‍ ഒതുക്കിനിര്‍ത്തുന്നുമുണ്ട് അത്. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാനറിയാത്ത ജീവിതചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ നമ്മുടെ മത്സരവിദ്യാഭ്യാസ സമ്പ്രദായത്തോളം പങ്ക് ഇവയ്ക്കുമുണ്ട്.
ഈ ഒരു സാഹചര്യത്തിലാണ് കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന 'കളിപ്പാട്ട' ങ്ങളുടെ പ്രസക്തിയേറുന്നത്. വിലകൂടിയ കളിപ്പാട്ടം കളിക്കാതെ, അതു പൊതിഞ്ഞുവന്ന പെട്ടിയായിരിക്കും ഒരു കുട്ടിയുടെ കളിപ്പാട്ടം. അത് 'കേടുവന്നാലും ചീത്ത കേള്‍ക്കേണ്ട' എന്ന വികാരവും കുട്ടിയെ നയിച്ചേക്കാം. ഒരു മേശയെ ഒരു വീടായി മാറ്റാനും 'അമ്മയും അച്ഛനും കളി'ക്കാനുമെല്ലാം കുട്ടികള്‍ക്കറിയാം. അവര്‍ ചുറ്റുപാടില്‍നിന്നും പഠിക്കുന്നു. അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു. കുട്ടികളുടെ ഭാവനയുടെ ചിറകരിയാതെ അവര്‍ക്കു വളരാന്‍ വേണ്ട സാഹചര്യമൊരുക്കുകയാണ് നല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അവര്‍ പഠിക്കണമെന്ന് നാം കരുതുന്ന മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ കാണിച്ചുകൊടുക്കുകയാണ് വഴിയെന്നുകൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. മുതിര്‍ന്നവര്‍ 'പാഴ്' എന്നു കരുതി വലിച്ചെറിഞ്ഞ് ഭൂമിയെ നരകമാക്കിക്കൊണ്ടിരിക്കുന്ന പല സാധാരണവസ്തുക്കളും പ്രകൃതിതന്നെ കനിഞ്ഞനുഗ്രഹിക്കുന്ന ഇലകളും തണ്ടുകളും കായ്കളും വെള്ളവുമെല്ലാം കളിപ്പാട്ടങ്ങള്‍ തന്നെയോ, രസികന്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കളോ ആണ്. ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രമുഖനായ ശ്രീ അരവിന്ദ് ഗുപ്തയുടെ പുസ്തകങ്ങളും വെബ്പേജും കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും ഉപകാരപ്പെടും. അവ അതേപടി അനുകരിക്കുന്നതിലും നല്ലത് അതിനുമപ്പുറം പോവാന്‍ അവരെ മനസ്സിലാക്കുന്ന ഒരു സമീപനം നാം കൈക്കൊള്ളുന്നതാണെന്നും കളിപ്പാട്ടങ്ങളേക്കാള്‍ പ്രധാനം ലിംഗഭേദമില്ലാത്ത കളികളാണെന്നു കൂടി പറഞ്ഞു നിര്‍ത്താം.
(സുബിദ് അഹിംസ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി കേരളത്തിലും പുറത്തും അഹിംസാ കളിപ്പാട്ടങ്ങള്‍ എന്ന പേരില്‍ 'പാഴ്' വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന സര്‍ഗ്ഗകൂട്ടായ്മകള്‍ നടത്തിവരുന്ന ആളാണ് ലേഖകന്‍. സിവില്‍ എഞ്ചിനീയറങ്ങില്‍ ബിരുദവും ഡല്‍ഹി ഐ. ഐ. ടിയില്‍ നിന്നും പ്രൊഡക്റ്റ് ഡിസൈനില്‍ ബിരുദാനന്തരബിരുദവുമുള്ള അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ 9496523851,www.arvindguptatoys.com). ).