news-details
കവർ സ്റ്റോറി
കുട്ടികള്‍ സ്വന്തമെന്നപോലെ കൂടെ കൊണ്ടുനടക്കുന്ന കളിപ്പാട്ടത്തിനോട് ചിലപ്പോള്‍ കൂട്ടുകൂടുന്നു, പ്രണയിക്കുന്നു. മറ്റു ചിലപ്പോള്‍ അവയോട് വഴക്കുണ്ടാക്കി വലിച്ചെറിയുന്നു, തല്ലിത്തകര്‍ക്കുന്നു. വീണ്ടും അവയെ സ്വന്തമെന്നപോലെ തിരിച്ചെടുക്കുന്നു. ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ഭാവനാലോകത്തെ സ്വാധീനിക്കുന്നു. അവനെ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. വളരുന്ന കുട്ടിയെ സംബന്ധിച്ച് എന്തും കളിപ്പാട്ടമാകാം, പ്രകൃതിയും മണ്ണും മനുഷ്യനും. എന്നാല്‍ ഇന്ന് കുട്ടികളുടെ കൈകളില്‍ എത്തുന്ന കളിക്കോപ്പുകള്‍ മുതിര്‍ന്നവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയവയാണ്. അവ സ്വഭാവരൂപീകരണത്തില്‍ വ്യതിയാനങ്ങള്‍ വരുത്തിയേക്കാം; നല്ലതും ചീത്തയും. കുട്ടികളുടെ ഇടയില്‍ സര്‍ഗ്ഗാത്മകത കൊണ്ടും കര്‍മ്മമേഖലകള്‍ കൊണ്ടും ഇടപെടലുകള്‍ നടത്തുന്ന വ്യത്യസ്തരായ ചില വ്യക്തികളുമായി കളിപ്പാട്ടങ്ങള്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി അസ്സീസിക്കു വേണ്ടി നടത്തിയ ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങളാണ് ചുവടെ:-
 
പൊതു ഇടങ്ങളെ തിരിച്ചുപിടിക്കുക

മനു ജോസ്: (നടന്‍, കഥപറച്ചിലുകാരന്‍, തിയേറ്ററിലൂടെ കുട്ടികളുടെ വ്യക്തിത്വവികസന പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നു)

കുട്ടികളെ സംബന്ധിച്ച് കൂടെ കൊണ്ടുപോകാന്‍ ഇഷ്ടമുള്ളതാണ് കളിപ്പാട്ടം. ഓലപ്പീപ്പിയും പമ്പരവും ഒക്കെ കൂട്ടുകാരായുള്ള ഒരു തലമുറയുടെ ബാക്കിയാണ് നാമെല്ലാം. പഴയവയെല്ലാം മാറ്റപ്പെട്ടു. പഴയതിലേക്ക് ഒരു മടക്കം അപ്രായോഗികമാണു താനും. കളികള്‍ക്ക് സാധ്യത കുറയുന്നിടത്താണ് കുട്ടികള്‍ ഒറ്റക്ക് കളിപ്പാട്ടങ്ങളിലേക്ക് തിരിയുന്നത്. ആധുനിക ലോകത്ത് തങ്ങളുടെ തിരക്കുകളുടെ ഇടയില്‍ കുട്ടികളെ ശാന്തരാക്കുന്നതിനാണ് മാതാപിതാക്കള്‍ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്കുന്നത്. ആധുനിക കളിപ്പാട്ടങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച മൊബൈല്‍ ഫോണും കാര്‍ട്ടൂണുമൊക്കെ കുട്ടികളില്‍ അമിതസ്വാധീനം ചെലുത്താന്‍ കാരണം നിവൃത്തികേടുതന്നെ. മാതാപിതാക്കള്‍ ഇരുവരും ജോലിക്കാരായപ്പോള്‍ കുടുംബസംവിധാനങ്ങള്‍ മാറി. അണുകുടുംബവ്യവസ്ഥിതികളുടെ കടന്നുകയറ്റവും മാറിയ ജീവിത ശൈലികളും രക്ഷിതാക്കളുടെ സമയം കൂടുതല്‍ ഉദ്യോഗത്തിലേക്ക് തിരിച്ചു. അതിന്‍റെ പരിണതഫലം കുട്ടികള്‍ക്ക് അര്‍ഹമായ  സമയം നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇതിന് പ്രായോഗികമായ പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. കളിപ്പാട്ടങ്ങളും കളിയും കുട്ടിക്ക് അനുഭവിക്കാനാകണമെങ്കില്‍ അവന് അവന്‍റേതായ ഒരു 'ഇടം'/കളിക്കളം ഉണ്ടാകണം. വിനോദത്തിനും ഉല്ലാസത്തിനുമായി സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും കൂടെ പരസ്പരം ഇടപഴകാന്‍ ആവശ്യമായ ഒരു പൊതു ഇടം ഓരോ കുട്ടിയുടെയും വളര്‍ച്ചയിലെ നിര്‍ണായക ഘടകമാണ്. പൊതു ഇടങ്ങള്‍ തിരിച്ചുപിടിക്കേണ്ട കാലമായി. മുന്‍പ് ആരാധനാലയങ്ങളോടും ക്ലബുകളോടും ചേര്‍ന്നുണ്ടായിരുന്ന കളിക്കളങ്ങള്‍ ഇന്ന് അപ്രത്യക്ഷമായി.. കമ്പോളവത്കരണവും വാണിജ്യരംഗത്തെ വളര്‍ച്ചയും കപട ആത്മീയവാദവും ഇതിന് കാരണമായി. പൊതു ഇടങ്ങള്‍ (ആരാധനാലയങ്ങള്‍, പൊതുവിദ്യാലയങ്ങള്‍, വായനശാലകള്‍) പലതും ഇന്ന് ഷോപ്പിംഗ് കോപ്ലക്സുകളും ധ്യാനകേന്ദ്രങ്ങളുമായി മാറി. കേരളത്തില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുമ്പോള്‍ അവിടെ നിയമപ്രകാരം കുട്ടികള്‍ക്ക് ലഭിക്കേണ്ട പൊതുകളിക്കളങ്ങള്‍ എത്രയെണ്ണം ഉണ്ട് എന്നുള്ളത് അന്വേഷിക്കേണ്ട വസ്തുതയാണ്. കുട്ടികളെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും പറഞ്ഞുവിടാന്‍ പറ്റിയ പൊതു ഇടങ്ങളെ തിരിച്ചുപിടിച്ചാല്‍ കുട്ടികളിലെ സമഗ്രവളര്‍ച്ച ഉറപ്പാക്കാം.
 
പിങ്ക് ഫ്ളോയിഡ് തന്‍റെ രചനയില്‍ പറയുന്നതുപോലെ 'ഭിത്തിയില്‍ ചേര്‍ന്നിരിക്കുന്ന ഇഷ്ടികക്കഷണം' പോലെ ഒരുപോലെയിരിക്കാനാണോ നമ്മുടെ കയ്യിലേല്‍പ്പിക്കപ്പെട്ട ബാല്യങ്ങളെ നാം വിധിക്കുന്നത് എന്ന് വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതിവിധി ഒന്നു മാത്രമേയുള്ളൂ. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സമയം നല്‍കുക. കളികള്‍ക്ക് സമയം അനുവദിക്കുക. സൗഹൃദത്തിന്‍റെ കാണാപ്പുറങ്ങളെക്കുറിച്ച് അവരും അറിയട്ടെ. പരസ്പരസ്നേഹത്തിന്‍റെ ആഴങ്ങള്‍ അവരും കണ്ട് അനുഭവിച്ചറിയട്ടെ. 
 
വരയും കളിയും

ഭാഗ്യനാഥ്: (ആര്‍ട്ടിസ്റ്റ്, കുട്ടികളുടെ വരയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷകന്‍)
 
വരകളുടെ ലോകം കളിക്കോപ്പുകളുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ്. കുട്ടികളെ വരയ്ക്കാന്‍ പഠിപ്പിക്കരുത് എന്നാണ് എന്‍റെ പക്ഷം. അവരെ അവരുടെ ഇഷ്ടത്തിന് വരയ്ക്കാന്‍ വിടുക. കുട്ടിക്കാലത്തെ വരകള്‍ ഒരിക്കലും മുതിര്‍ന്നു വരുമ്പോഴും കുട്ടികളില്‍ ഉണ്ടാകണമെന്നില്ല. കാരണം ഇത് ചെറുപ്രായത്തിലെ കുട്ടികളുടെ ആശയവിനിമയമാര്‍ഗം കൂടിയാണെന്ന് നാം മറക്കരുത്. വരയും മറ്റും നാം കുട്ടികളെ പഠിപ്പിക്കുമ്പോള്‍ നമ്മുടെ ശൈലികള്‍ അവരില്‍ അടിച്ചേല്പിക്കുന്നു. പൊതുഇടങ്ങളിലെ ഒരുമിച്ചുള്ള കളികള്‍ കുട്ടികളില്‍ ഭാവന ജ്വലിപ്പിക്കുന്ന, അതിശയം ജനിപ്പിക്കുന്ന വസ്തുതകളിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കും. വ്യക്തിത്വവികസനത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ ഇവിടെ നിന്നാണ് കുട്ടികളില്‍ രൂപപ്പെടുന്നത്. എന്നാല്‍ അടച്ചുപൂട്ടിയ മുറികള്‍ക്കുള്ളില്‍ ലഭിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ക്കു മുന്നില്‍ തളച്ചിടപ്പെട്ട കുട്ടികളില്‍ അന്തര്‍മുഖത, നിരാശ, ഉത്കണ്ഠ, മൂല്യച്യൂതി ഇവ സ്വാഭാവികമാണ്. കുട്ടികളിലെ ലിംഗവ്യത്യാസമനുസരിച്ച് നിറങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും തെരഞ്ഞെടുപ്പുരീതികള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ടെന്നാണ് എന്‍റെ പക്ഷം.
 
കിയാത്മകതകളിലേക്ക് മടങ്ങാം

സുബിദ് അഹിംസ: (പാഴ്വസ്തുക്കളില്‍ നിന്നും ക്രിയാത്മകമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന ഡിസൈനര്‍)

അടിച്ചേല്‍പ്പിക്കപ്പെടുന്ന കളിപ്പാട്ടങ്ങളാണ് ഇന്ന് കുട്ടികള്‍ക്കുള്ളത്. എന്നാല്‍ സ്വയം ഉണ്ടാക്കുന്നതിനായി പ്രേരിപ്പിക്കണം എന്നതാണ് എന്‍റെ പക്ഷം. സ്വയം നിര്‍മ്മിക്കുമ്പോള്‍ അറിയാതെ തന്നെ ചില ഗുണഗണങ്ങള്‍ കുട്ടികളില്‍ ഉറയ്ക്കുന്നു. റെഡിമെയ്ഡ് കളിപ്പാട്ടങ്ങളിലൂടെ നിര്‍മ്മാതാവിന്‍റെ ക്രിയാത്മകതയും ആത്മവിശ്വാസവും  കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് വെറും അനുകരണം മാത്രമാണ്. അപ്പോള്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകത ഒരിക്കലും വളരുകയോ വികസിക്കുകയോ ഇല്ല. ഇതാണ് എല്ലാ മേഖലകളിലും സംഭവിക്കുന്നത്. സ്വാഭാവിക വളര്‍ച്ചയില്‍ ക്രിയാത്മക കഴിവുകള്‍ വളരണം. അപ്പോള്‍ അവിടെ കുട്ടികളുടേതായ ഒരു തനിമ ഉണ്ടാകും. അവരുടേതായ ഒരു തനതുശൈലി അവയില്‍ നിഴലിക്കും.

ഇന്നത്തെ  വീഡിയോ ഗെയിമുകളെ അവജ്ഞയോടെ കാണുകയല്ല. എങ്കിലും ജീവനുള്ളതിന്‍റെ കൂടെ കളിക്കുന്നത് ഒരു വ്യത്യസ്ത അനുഭവമാണ്. കാരണം പ്രായോഗിക ജീവിതത്തില്‍ കുട്ടിക്ക് പിന്നീട് ഉതകുക സചേതന വസ്തുക്കളുമായും പ്രകൃതിയുമായും കളിക്കുന്ന നിമിഷങ്ങളാകും. വീഡിയോ ഗെയിമുകള്‍ ബുദ്ധിക്കും ആശയപരമായ മാനസികവളര്‍ച്ചയ്ക്കും സഹായിക്കുന്നുണ്ട് എങ്കിലും ഇവ ശരിക്കും നിര്‍മ്മിക്കുന്നവന്‍റെ ക്രിയാത്മകതയാണ്. ഇവിടെ സ്വതന്ത്രമായി കളിക്കാനുള്ള അവസരം കുട്ടികളില്‍ നിന്ന് നീക്കപ്പെടുന്നു. കുട്ടികള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചുവടനക്കുന്ന പാവയാകുന്നു. മാത്രവുമല്ല മത്സരബുദ്ധിയുടെ വലിയ സാഹചര്യം ഇവ രൂപപ്പെടുത്തുന്നു. ആണ്‍കുട്ടികള്‍ക്ക് കാര്‍, തോക്ക് മുതലായവയും പെണ്‍കുട്ടികള്‍ക്ക് പാവ, റ്റെഡി ബെയര്‍ എന്നിങ്ങനെ വ്യത്യസ്ത കളിപ്പാട്ടങ്ങള്‍ തരംതിരിച്ചു നല്‍കി ലിംഗവ്യത്യാസങ്ങളുടെ ചില പാരമ്പര്യചുവകള്‍ കുത്തിവയ്ക്കുന്നത് പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണതയാണ്. വ്യത്യാസങ്ങളില്ലാത്ത ഒരു സ്വാതന്ത്ര്യം കുട്ടികള്‍ക്കു വേണം. ഇഷ്ടമുള്ളതിന്‍റെ കൂടെ കളിക്കാനും ഇഷ്ടമുള്ളതിനെ കളിപ്പാട്ടമാക്കാനും തടസ്സങ്ങളില്ലാതെ അവ ഉപയോഗിക്കാനും കുട്ടികള്‍ പഠിക്കട്ടെ. 
 
കളിയുടെ ധര്‍മ്മങ്ങള്‍

കീര്‍ത്തികുമാര്‍: (കളികളുടെ നവീന ആവിഷ്കാരശൈലികളില്‍ ഗവേഷണം നടത്തുന്നു, ചികിത്സകന്‍ കൂടിയാണ്.)

കളിക്കുവാന്‍ വേണ്ടി പാട്ടത്തിനെടുത്തതാണ് കളിപ്പാട്ടം. വളരുന്ന തലമുറയുടെ മനസ്സില്‍ കൗതുകത്തെ ജനിപ്പിക്കുന്നതും കൂടുതല്‍ പ്രചോദിപ്പിക്കുന്നതുമായ കളിപ്പാട്ടങ്ങളുടെ മേഖല ഇന്ന് ലോകത്തിലെ ആറാമത്തെ വലിയ ബിസിനസ് മേഖലയാണ്. കുട്ടിക്ക് അഴിച്ചെടുക്കാനും പുനര്‍നിര്‍മ്മിക്കാനും സാധിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ കളിപ്പാട്ടങ്ങള്‍ അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്.
 
കളികളും വരകളും കളിപ്പാട്ടങ്ങളും നിര്‍വ്വഹിക്കുന്ന ദൗത്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇവയില്‍ നിന്ന് മനസ്സിലാകുന്നത്. കളിപ്പാട്ടങ്ങളുടെ ധര്‍മ്മനിര്‍വ്വഹണം കളികളിലൂടെയാണ് പൂര്‍ത്തിയാകുന്നത്. കളികള്‍ കുട്ടിയുടെ ഉള്ളിലെ കുട്ടിയെ പുറത്തുകൊണ്ടുവരികയും ആ കുട്ടിയെ വളരാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. അറിവും ആരോഗ്യവും കളികളിലൂടെ പ്രാപ്തമാകുന്നു. കളിപ്പാട്ടങ്ങള്‍ കളികളിലേക്ക് ഉത്തേജിപ്പിക്കുന്നതിനേക്കാള്‍ മത്സരത്തിനാണ് ഇന്ന് പ്രാധാന്യം നല്‍കുന്നത്. ചില കച്ചവട തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. കളികളില്‍ തോല്‍വി, ജയം എന്നിവയില്ല. ഒരിക്കലും കുട്ടികളെ അങ്ങനെ പരിശീലിപ്പിക്കാനും പാടില്ല. മത്സരബുദ്ധി അധികാര, ആധിപത്യ മനോഭാവങ്ങളില്‍ കുട്ടികളെ തളച്ചിടും. ഇതവരുടെ ഭാവിയെ ബാധിക്കും. എന്നാല്‍ പരിക്കേല്‍പ്പിക്കാതെയും നിലംപറ്റിക്കാതെയും ക്രിയാത്മകമായ കളിക്കോപ്പുകള്‍ കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്നു. ആസ്വാദനവും അറിവും ആകണം കളികളിലൂടെ ലഭിക്കേണ്ടത്. അവിടെ സാഹോദര്യവും സഹവര്‍ത്തിത്വവും ഉടലെടുക്കുന്നു. ഇതായിരിക്കണം കുട്ടികളെ പ്രചോദിപ്പിക്കേണ്ടത്. കളികള്‍ കുട്ടിയുടെ സമഗ്രവികസനത്തിന് സഹായിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ഈ കളിയിലേക്ക് കുട്ടികളെ ഉത്തേജിപ്പിക്കുന്നതാണ്.
 
ഗെയിമുകളുടെ മായാലോകം

ജിന്‍സി ജിംസണ്‍: (ഗെയിം ടെസ്റ്റര്‍:ലോകത്തിലെ നാലാമത്തെ വലിയ വീഡിയോ ഗെയിം കമ്പനിയായ ഇലക്ട്രോണിക് ആര്‍ട്സില്‍  വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നു.)
 
ആധുനിക കാലഘട്ടത്തില്‍ കളിപ്പാട്ടങ്ങളുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നത് വീഡിയോ ഗെയിമുകളാണ്. ഇവയെ വയലന്‍റ്, ജനറല്‍ എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്. ഇവയില്‍ ജനറല്‍ ഗെയിമുകളാണ് ചെറിയ കുട്ടികള്‍ക്ക് നല്കുന്നത്. വിദ്യാഭ്യാസപരവും അറിവു നല്‍കുന്നതുമായ കളികള്‍ അവരുടെ കണ്ണും കയ്യും തമ്മിലുള്ള നിയന്ത്രിതചലനങ്ങള്‍ക്ക് സഹായിക്കും.  Toddler Kids Puzzles Puzzingo, Word search, Teachers Paradise, Candy crush saga തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇവയെല്ലാം ചിന്തിപ്പിക്കുന്നതും രസം പകരുന്നതും ആയതിനാല്‍ ശരീരത്തിലെ ഉീുമാശില എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തിക്കും. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന സംപ്രേക്ഷണ സാമഗ്രിയായി പ്രവര്‍ത്തിച്ച്   നാഡിയെ ബലപ്പെടുത്തുകയും തലച്ചോറിന്‍റെ പ്ലഷര്‍ സെന്‍ററുകളെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇവ അമിതമാകുന്നതും ദോഷം ചെയ്യും എന്നത് മറക്കരുത്. ഇതൊരു അഡിക്ഷന്‍ ആയി മാറിയാല്‍ തീര്‍ച്ചയായും ആസ്വാദ്യകരമായ ഗെയിമുകള്‍ കുട്ടികളുടെ വളര്‍ച്ചയെ തെറ്റായ വഴിക്ക് നിയന്ത്രിക്കും. വിനോദത്തിനാണ് ഗെയിമുകള്‍. ഇവയ്ക്കു പിന്നില്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഖലയുണ്ട്. പണ്ട് രാജ്യങ്ങള്‍ക്ക് അനുയോജ്യമായ ഗെയിമുകള്‍ വികസിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് ഓരോ ഗെയിമിനും പ്രത്യേക വിപണന തന്ത്രമുണ്ട്. മനസ്സു തുറന്ന് സമ്മതിക്കേണ്ടി വരുന്ന കാര്യം ഇവയ്ക്കെല്ലാം ചെലവിടുന്ന പണം അവര്‍ക്ക് ലാഭമായും ലഭിക്കുന്നു എന്നതാണ്. ഇന്ന് ഗെയിമുകളുടെ ഒരു ശൃംഖലയുടെ വളര്‍ച്ച Internet Provider മുതല്‍ cellphone carrior  നു വരെ ലാഭം നേടിക്കൊടുക്കുന്ന  Multilevel വിപണനോപായമാണ്. എല്ലാ ഗെയിമുകളിലും ഒരു മത്സരബുദ്ധി ഒളിപ്പിച്ചിട്ടുണ്ട് അതിനാല്‍ ഇവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ലാഭത്തിലും കുറവില്ല. ലാഭപ്രതീക്ഷയോടെ മാത്രം ഇവയെ പ്രചരിപ്പിക്കുന്ന കമ്പനികളുടെ നേരെഴുത്തില്‍ അറിയപ്പെടാത്ത ചില അനുഗ്രഹങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. നിരാശനും നിര്‍വികാരനും ആയ വ്യക്തിക്ക് മാത്സര്യം നല്‍കുന്ന ഗെയിമുകളുടെ വിവിധ ലെവലുകള്‍ ഒരു സ്വയം പ്രചോദനം ഉണ്ടാക്കുന്നുണ്ട്. തളര്‍ന്നുകിടക്കുന്നവരില്‍പോലും ഒരു പ്രതീക്ഷയും ഊര്‍ജ്ജവും നല്‍കാന്‍ ഇവയ്ക്ക് കഴിയുന്നുണ്ട്. യുദ്ധങ്ങളും ഭീകരവാദവും ഗെയിമായി പുനര്‍ജനിക്കുമ്പോള്‍ അത് ഒരു തലമുറയെ നേരില്‍നിന്ന് അന്യവത്ക്കരിക്കുമെന്നതില്‍ തര്‍ക്കമില്ല, ഇത് ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്നതില്‍ തര്‍ക്കമുണ്ടെങ്കിലും. എന്‍റെ വ്യക്തിപരമായ അനുഭവം കൂടി പങ്കുവയ്ക്കട്ടെ. പ്രശസ്ത വീഡിയോ ഗെയിം കമ്പനിയായ ഇലക്ട്രോണിക്സ് ആര്‍ട്സിലെ ഗെയിം ടെസ്റ്റര്‍ ആയിരുന്നു ഞാന്‍.  എന്‍റെ കുട്ടിക്കുവേണ്ടി ഞാന്‍ ആ ജോലി രാജിവച്ചു. കാരണം മറ്റൊന്നുമായിരുന്നില്ല എന്‍റെ സമയം എന്‍റെ കുട്ടിക്ക് അവകാശപ്പെട്ടതാണ്. കുട്ടികള്‍ക്ക് മാതൃക മാതാപിതാക്കളാണ്. അവരില്‍ നിന്ന് കിട്ടേണ്ടത് കിട്ടിയില്ലെങ്കില്‍ അതവരെ സാരമായി ബാധിക്കും എന്നത് ഞാനും മനസ്സിലാക്കി. ഇന്ന് എനിക്കിഷ്ടം എന്‍റെ കുട്ടിയോടൊപ്പം കളിക്കാനാണ്. അവന്‍റെ കഴിവുകള്‍ ഉണര്‍ത്താനുതകുന്ന വീഡിയോ ഗെയിം മാത്രമേ ഞാന്‍ അവനു നല്‍കാറുള്ളൂ. കാരണം അവന്‍റെ സമഗ്രവളര്‍ച്ച എന്‍റെ കയ്യിലൂടെയാണെന്ന് എനിക്കറിയാം. എന്‍റെ ജോലികള്‍ക്കിടയില്‍ എന്‍റെ കുഞ്ഞിന്‍റെ ജീവിതം നഷ്ടപ്പെടാന്‍ പാടില്ല എന്നു ഞാന്‍ ചിന്തിച്ചു. ഞാനും കുട്ടിയോടൊപ്പം കളിപ്പാട്ടമായി കളിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അമ്മയെന്ന നിലയില്‍ എനിക്ക് അഭിമാനിക്കാന്‍ വക നല്കുന്നുണ്ട്. 
 
അറിയാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഡോ. ജോസഫ് സണ്ണി: (ഡയറക്ടര്‍, പ്രയത്ന സെന്‍റര്‍ ഫോര്‍ ചൈല്‍ഡ് ഡവല്പ്മെന്‍റ്, പാലാരിവട്ടം)

കഴിവുകളെ നേടാനും വളര്‍ത്താനും കുഞ്ഞുങ്ങളെ സഹായിക്കുന്ന പ്രധാനപ്പെട്ട വസ്തുക്കള്‍ കളിപ്പാട്ടങ്ങളാണ്.  ഓര്‍മ്മകളിലിന്നും ബന്ധങ്ങള്‍ക്ക് ചൂടുതന്ന കളിക്കോപ്പുകള്‍ മനസിലുണ്ട്. മാനുഷിക -ശാരീരിക-ബൗദ്ധിക വളര്‍ച്ചകളെ ഇവ സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യമാണ്.  നിയതമായ നിയന്ത്രണങ്ങള്‍ ഇല്ലാതെ ആത്മനിയന്ത്രണത്തിന്‍റെ പാഠങ്ങള്‍ പഠിക്കുന്നത്  കളിപ്പാട്ടങ്ങളുടെ പാഠപുസ്തകത്തില്‍ നിന്നാണ്. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രായമനുസരിച്ച് കളിക്കോപ്പുകളുടെ രൂപവും ഭാവവും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും.  ഇത് സമഗ്രവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രക്രിയയാണ്.
 
രണ്ടുവയസുവരെയുള്ള വളര്‍ച്ചയിലെ കളിക്കോപ്പുകള്‍ സ്പര്‍ശനേന്ദ്രിയത്തിന്‍റെ വളര്‍ച്ചയ്ക്ക് ഉപയുക്തമാകുന്നതാണ്.  അമ്മയുടെ താരാട്ടും അച്ഛന്‍റെ കയ്യിലിരിക്കുന്ന കിലുക്കവും അതിലുള്‍പ്പെടുന്ന സ്വരങ്ങളും നിറഭേദങ്ങളും മനസില്‍ പതിയുന്ന സമയം ഈ പ്രായത്തിലാണ്.  സ്വരങ്ങള്‍ക്ക് പിന്നാലെ കാതുപായിക്കുകയും സ്വയം സ്വരം ഉണ്ടാക്കാന്‍ ശ്രമിക്കുകയും കിട്ടുന്നതെല്ലാം വായില്‍ വയ്ക്കുകയും ചെയ്യുന്ന  സമയങ്ങളില്‍ സ്വന്തം വിരലും കിലുക്കവും കളിപ്പാട്ടമായി മാറുന്നു. തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് ഈ പ്രായത്തിലാണ്. സ്വരങ്ങളെക്കുറിച്ചും നിറങ്ങളെക്കുറിച്ചും ബുദ്ധിയില്‍ നിരീക്ഷണങ്ങള്‍ ഉറയ്ക്കുന്നതും ഈ സമയത്താണ്.
 
നാലു വയസു മുതല്‍ കണ്ടുകേട്ടറിവുകളില്‍ നിന്ന് ഉയര്‍ന്ന് സൂചകങ്ങളിലേക്ക് കുട്ടികള്‍ വളരുന്നു. ഇവിടെ പ്രകൃതിയാണ് കുട്ടിയുടെ കളിപ്പാട്ടമാകുന്നത്.  മണ്ണപ്പം ചുടുന്നതും മണല്‍ക്കൊട്ടാരങ്ങള്‍ തീര്‍ക്കുന്നതും മരക്കൊമ്പുകള്‍ കൊണ്ട് കളിക്കുന്നതും കളികളില്‍പെടുന്നു.  മണ്ണും മരവും ഒക്കെ ഇവിടെ സ്പര്‍ശകോദ്ദീപങ്ങളായി മാറുന്നു.  ഉറച്ച ചുവടുകളും പതം വന്ന ചലനങ്ങളും കുട്ടികള്‍ക്ക് കൈ വരുന്നത് ഇപ്പോഴാണ്. പ്രകൃതിയാകുന്ന കളിക്കോപ്പിനോട് ചേര്‍ന്ന് അവരുടെ മനസും പ്രവര്‍ത്തനക്ഷമമാകുന്നു.
ഏഴു വയസുവരെയുള്ള പ്രായമാകുമ്പോഴേക്കും നിയതമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്ന ലോകത്തേക്ക് കുട്ടികള്‍ ഉയരുന്നു.  നാടകീയമായ കളികള്‍ അവര്‍ ഇഷ്ടപ്പെടുന്നു.  ചിന്തകള്‍ കളിപ്പാട്ടമാകുന്നു.  മഞ്ചാടിക്കുരുവും പാമ്പും കോണിയും ഒക്കെ പിന്നെ കുട്ടികള്‍ക്ക് ഹരമാകുന്നു.  ഭാവനകള്‍ നിറഞ്ഞ നിയന്ത്രിതമായ കളികള്‍ അവനെ സ്വാധീനിക്കുമ്പോള്‍ ബൗദ്ധികതലത്തിന്‍റെ വളര്‍ച്ച കുട്ടികളില്‍ നടക്കുന്നുണ്ട്.  ഇപ്രകാരം ഏകദേശം 12 വയസുവരെ കുട്ടികള്‍ ചിന്താശേഷി വിപുലപ്പെടുന്ന കളികളില്‍ ഏര്‍പ്പെടും.  പിന്നീട് കുറച്ചുകൂടി രസകരമായ കാരംസ്, ചീട്ടുകളി എന്നിവ അവന് താത്പര്യമാകുന്നു. മനസും ശരീരവും ഒരുപോലെ പ്രവര്‍ത്തിക്കപ്പെടുന്ന കളിപ്പാട്ടങ്ങളായി കാരംസിലെ കോയിനുകളും ചീട്ടുകളും ഒക്കെ മാറുന്നു.  സൗഹൃദങ്ങളും മത്സരബുദ്ധിയും കലാകായിക മികവും ഈ പ്രായത്തില്‍ ഉയര്‍ന്നു വരുന്നത് നമുക്ക് കാണാം.

ആധുനിക കാലത്ത് പഴയ ടയറും മണ്ണും ചിരട്ടയും മരവും ഒക്കെ പ്രാകൃതകളിപ്പാട്ടങ്ങള്‍ എന്ന തഴയപ്പെട്ട കൂട്ടത്തിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു തുടങ്ങി.  ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറും റിമോട്ട് നിയന്ത്രിത കളിപ്പാവയും ഇന്ന് പ്രചാരത്തിലുണ്ട്.  ഫ്ളാറ്റുകളിലേക്ക് മനുഷ്യന്‍ ചുരുങ്ങിയപ്പോള്‍ ഭാവനയുടെ ലോകവും കുട്ടികള്‍ക്ക് മുന്നില്‍ ചുരുങ്ങി. അവന് ചോയിസ് ഇല്ലാതെയായി.  ടെക്നോളജി നിറച്ച കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടുന്ന കുട്ടികള്‍ സാധാരണ കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ചു. കാര്‍ട്ടൂണ്‍ താരങ്ങളും ഇഷ്ടവാഹനങ്ങളും കളിപ്പാട്ടമായി മുന്നിലെത്തിയപ്പോള്‍ അടുപ്പം തോന്നുന്നതും ഇവയോടു മാത്രമായി.  കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ മുന്നിലുള്ള പുതിയ അവസരമാണ് എന്ന് ജെഫ്രി ഗോള്‍ഡ്സ്റ്റെയിന്‍ (Toys, play & child development)  പറയുന്നുണ്ട്. എന്നാല്‍ ഇന്ന് ശാരീരിക വളര്‍ച്ചയും മനസും കൂട്ടായ പ്രവര്‍ത്തനവും ഇന്ദ്രിയ അനുഭവങ്ങളുടെ ക്രോഡീകരണവും ക്രമപ്പെടുത്തുന്നതിനേക്കാള്‍ കുട്ടികളെ അടക്കിയിരുത്തുന്നതിനാണ് കളിപ്പാട്ടങ്ങളെന്ന മിഥ്യാധാരണ എവിടെയൊക്കെയോ കടന്നു കൂടി.  പരിണത ഫലം വളരെ മോശകരമാണ് എന്ന് നാം കണ്ടും കേട്ടും ഇന്നറിയുകയും ചെയ്യുന്നു.

കുട്ടികളുടെ സന്തോഷമാണ് കളിപ്പാട്ടങ്ങള്‍.  കുട്ടികളുടെ കണ്ണുകളിലൂടെ മാതാപിതാക്കള്‍ നോക്കുമ്പോള്‍ ഭാവനയുടെ ലോകം കാണാന്‍ പറ്റണമെങ്കില്‍ പ്രകൃതിയുടെ കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കണം.  കാരണം ഈ ഭാവനാ ലോകമാണ് വായനയിലേക്കും സംഗീതത്തിലേക്കും ഒക്കെ കുട്ടികളെ വളര്‍ത്തുന്നത്.  മനസിനേയും ചിന്തയേയും ഊദ്ദീപിപ്പിക്കുമ്പോള്‍ ചെറുപ്രായത്തില്‍ തന്നെ വിപുലമായ ഗ്രഹണ ശക്തി കുട്ടികളില്‍ ഉണ്ടാകും. അത് കുട്ടി സ്വയം ചെയ്യുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി ഉയര്‍ന്ന സെല്‍ഫ് എസ്റ്റീം അവനു നല്‍കും.

ജനിക്കുന്ന കുട്ടിക്ക് ഗുരുത്വാകര്‍ഷണം ഒരു അറിവല്ല. അവര്‍ അതു മനസ്സിലാക്കുന്നത് കളികളിലൂടെയാണ്. കയ്യില്‍ ഇരിക്കുന്ന വസ്തു താഴെ വീഴുന്നത് കാണുന്ന കുട്ടി അതെടുത്ത് എത്രതവണ കയ്യില്‍ കൊടുത്താലും വീണ്ടും തറയിലിടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പിന്നീട് കിട്ടുന്നതെല്ലാം അവന്‍ താഴെയിടും. കളിപ്പാട്ടങ്ങള്‍ കൊണ്ട് ഈ വിധത്തില്‍ പരീക്ഷണങ്ങള്‍ നടത്തി അവന്‍ അറിവിന്‍റെ ലോകത്ത്  പിച്ചവയ്ക്കുന്നു.

സംശയലേശമില്ലാതെ പറയാനാകും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം കളിപ്പാട്ടങ്ങളാണെന്ന്. കളിപ്പാട്ടങ്ങള്‍ തിരയുമ്പോള്‍ ഓര്‍ക്കേണ്ടത് തിരഞ്ഞെടുക്കുന്ന കളിപ്പാട്ടം എന്‍റെ കുട്ടിയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന വിലപിടിപ്പുള്ള സ്വത്താണെന്ന്.  
കാഴ്ചയേക്കാള്‍ വലുതായ കളിപ്പാട്ടങ്ങള്‍

ഭദ്രന്‍: (സിനിമാ സംവിധായകന്‍)

കളിപ്പാട്ടങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. 11 വയസ്സുള്ളപ്പോള്‍ ആദ്യമായി ഞാന്‍ സോപ്പുപെട്ടി റേഡിയോ നിര്‍മ്മിച്ചു. അത് തട്ടിത്തെറിപ്പിച്ച സഹോദരിയോട് വഴക്കുണ്ടാക്കി എങ്കിലും അത് പുനര്‍നിര്‍മ്മിച്ചപ്പോള്‍ എനിക്ക് കിട്ടിയത് ആരു നശിപ്പിച്ചാലും വീണ്ടും ഞാനിത് ഉണ്ടാക്കിയെടുക്കും എന്ന ആത്മവിശ്വാസമാണ്. കളിപ്പാട്ടം ഒരു കൗതുകമാണ്. പലപ്പോഴും നേരിട്ടനുഭവിക്കാനാകാത്തത് അനുഭവിക്കുന്നത് കളിപ്പാട്ടങ്ങളിലൂടെയാണ്. കോഴി മുട്ടയിടുന്നത് അതിശയം ജനിപ്പിച്ച ഒന്നാണ്. അതിനു പിന്നിലെ സാംഗത്യമറിയാന്‍ ഒരുപാടു നടന്നിട്ടുമുണ്ട്. സുഹൃത്തിന്‍റെ കയ്യിലെ മുട്ടയിടുന്ന കോഴിയുടെ ഒരു ജപ്പാനീസ് കളിപ്പാട്ടമാണ് അതിനെക്കുറിച്ച് മനസ്സിലാക്കിത്തന്നത്. പ്രകൃതിയുടെ ചെറുപതിപ്പായ (miniature)) കളിപ്പാട്ടങ്ങള്‍. കാണുന്നതില്‍ നിന്നും സങ്കല്‍പ്പിക്കുന്നതില്‍ നിന്നും ഒരുപാടു വലുതാണ്. പ്രായോഗിക ജീവിതത്തില്‍ സിംഹം, കരടി മുതലായ മൃഗങ്ങള്‍ കൂട്ടുകൂടുവാനാത്ത വന്യജീവികളാണ്. എന്നാല്‍ അവ കളിപ്പാട്ടങ്ങളായി രൂപം മാറി കുട്ടികളുടെ മുന്നിലെത്തുമ്പോള്‍ അവര്‍ക്ക് കളിക്കൂട്ടുകാരാകുന്നു. കാഴ്ചകള്‍ക്കപ്പുറത്തുള്ളതിനോടു കൂട്ടുകൂടാന്‍ കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങളില്‍ നിന്ന് അവന്‍റെ സ്വഭാവരൂപീകരണത്തിന്‍റെ വഴികള്‍ മനസ്സിലാക്കാം. കളിപ്പാട്ടങ്ങളോട് വിരക്തി കാണിക്കുന്ന കുട്ടിയുടെ ജീവിതം ഓജസില്ലാത്തതായിരിക്കും. ഭുഗുരുത്വസമാനതയില്ലാതെ അടിത്തറയിട്ട മനുഷ്യനെപ്പോലെയായിരിക്കും പലപ്പോഴും കളിക്കോപ്പുകളെ അനുഭവ വസ്തുക്കളാക്കത്തവര്‍. ജീവിതത്തിന്‍റെ പ്രായോഗിക തലങ്ങളില്‍ അവരുടെ നീക്കങ്ങള്‍ക്ക് ചടുലത കുറയും. ജീവിതത്തില്‍ നിന്ന് ഞാന്‍ അറിഞ്ഞതും അനുഭവിച്ചതുമാണ് എന്‍റെ സിനിമകളിലും ആവിഷ്കരിച്ചിട്ടുള്ളത്. കളിപ്പാട്ടങ്ങളുടെ ലോകത്തെ എന്‍റെ അനുഭവങ്ങളാണ് സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഞാന്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts