"ബേത്ലഹേമില്‍ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയുടെ ഓര്‍മ്മ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ പിഞ്ചുപൈതലിന്‍റെ ബാലാരിഷ്ടതകള്‍, പുല്‍ത്തൊട്ടിയിലെ അവന്‍റെ കിടപ്പ്, കാളകള്‍ക്കും കഴുതകള്‍ക്കും മധ്യേ അവന്‍റെ ഞെരുക്കം. ഒക്കെ കണ്ണാലെ കണ്ടറിയാന്‍ ഞാന്‍ കൊതിക്കുന്നു." (1 സെലാനോ 84)
പുല്‍ക്കൂട് ദാരിദ്ര്യമാണ്. പുല്‍ക്കൂട് എളിമയാണ്. പുല്‍ക്കൂട് ലാളിത്യമാണ്. ദാരിദ്ര്യത്തില്‍, ലാളിത്യത്തില്‍, എളിമയില്‍ പുല്‍ക്കൂട്ടില്‍ ദൈവം മനുഷ്യനായി പിറന്നു. ബേത്ലഹേമിലെ തിരുപ്പിറവി ഗ്രേച്ചിയോയില്‍ ചരിത്രത്തിലാദ്യമായി പുല്‍ക്കൂട് മെനഞ്ഞ് ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് അപ്പോഴേക്കും അതിന് അര്‍ഹത നേടിയിരുന്നു. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവതരിച്ചവനെ ആത്മാവിലും ശരീരത്തിലും ആവാഹിച്ച ഫ്രാന്‍സിസ് അവന്‍ തന്നെയായി മാറിക്കഴിഞ്ഞിരുന്നു. സാന്‍ഡാമിയാനോയില്‍ നിന്ന് തുടങ്ങിയ തീര്‍ഥാടനം പരിപൂര്‍ണ ദാരിദ്ര്യത്തിന്‍റെ, പരിപൂര്‍ണ ലാളിത്യത്തിന്‍റെ, പരിപൂര്‍ണ എളിമയുടെ പാതയിലൂടെ അല്‍വേര്‍ണായില്‍ അഞ്ചു മുറിവുകളില്‍ പരമപദം പൂകിയിരുന്നു. അവന്‍ ക്രൂശിതനായിക്കഴിഞ്ഞിരുന്നു. ക്രൂശിതനായ ഫ്രാന്‍സിസ് പിറവിത്തിരുനാള്‍ ആഘോഷിച്ചു. ക്രൂശിതര്‍ക്കുള്ളതത്രേ പിറവിയുടെ ആഘോഷം.
"എല്ലായിടങ്ങളില്‍നിന്നും സഹോദരര്‍ എത്തിച്ചേര്‍ന്നു. ദേശവാസികളാകെ ആനന്ദത്തില്‍ അണിചേര്‍ന്നു. ഒരുക്കങ്ങള്‍ കാണാന്‍ ദൈവത്തിന്‍റെ വിശുദ്ധനെത്തി. എല്ലാം നന്നെന്ന് അവന്‍ കണ്ടു. ആഹ്ലാദിച്ചു. പുല്‍ത്തൊട്ടില്‍ തയ്യാറായിരുന്നു. കാളകളും കഴുതകളും കാതോര്‍ത്തു നില്‍ക്കുന്നുണ്ടായിരുന്നു. കച്ചി വിരിച്ചിട്ടുണ്ടായിരുന്നു. ലാളിത്യം ബഹുമാനിക്കപ്പെട്ടിരുന്നു. ദാരിദ്ര്യം ആദരിക്കപ്പെട്ടിരുന്നു. എളിമ പ്രകടമായിരുന്നു. ഗ്രേച്ചിയോ ബേത്ലഹേമായി മാറിയിരുന്നു". (1 സെലാനോ 85)
ബേത്ലഹേം മുതല്‍ കാല്‍വരി വരെ മനുഷ്യപുത്രന്‍ ദരിദ്രനായിരുന്നു. എളിമയായിരുന്നു. ലാളിത്യമായിരുന്നു. സാന്‍ഡാമിയാനോ മുതല്‍ അല്‍വേര്‍ണ വരെ അസ്സീസിയിലെ ഫ്രാന്‍സിസ് ദാരിദ്ര്യത്തില്‍, എളിമയില്‍, ലാളിത്യത്തില്‍ ജ്യേഷ്ഠസഹോദരനെ പിന്‍പറ്റി. ദാരിദ്ര്യവും ലാിത്യവും എളിമയും അവന്‍റെ ഹൃദയവയലിനെ ഒരുക്കി. നല്ല വയലില്‍ വചനം ദൈവമായി. ദൈവപുത്രന് പുല്‍ക്കൂട് മെനയാന്‍ അവന്‍ അര്‍ഹനായി.
"ദരിദ്രരുടെ രാജാവിനെക്കുറിച്ച്, ബേത്ലഹേമിനെക്കുറിച്ച് അവന്‍ അവരോട് സംസാരിച്ചു. സ്നേഹാധിക്യത്താല്‍ പുല്‍ത്തൊട്ടിയിലെ ഉണ്ണിയെ പേരെടുത്ത് വിളിക്കാന്‍ പോലും അവനായില്ല. ബേത്ലഹേമിലെ പൈതല്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവന്‍റെ സ്വരം കുഞ്ഞാടുകളെ കണക്ക് വിറപൂണ്ടു. വാക്കുകള്‍ തേന്‍തുള്ളികളായി പൊഴിഞ്ഞു. അവന്‍റെ ചുണ്ടുകളില്‍ തേന്‍ കിനിഞ്ഞു. അവന്‍റെ നാവ് അധരങ്ങളിലെ മധുരം നുണഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അവിടെ കൂടിയിരുന്നവരില്‍ പുണ്യം ചെയ്ത ഒരാള്‍ ആ കാഴ്ച കണ്ടു. പുല്‍ത്തൊട്ടിലില്‍ ഒരു കുഞ്ഞ്. അവനില്‍ ജീവന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ല. വിശുദ്ധന്‍ അടുത്തെത്തി. കുഞ്ഞിനെ ഉയര്‍ത്തി, ഉണര്‍ത്തി".(1 സെലാനോ 86)
സാമ്രാജ്യവല്‍ക്കരിക്കപ്പെട്ട, സ്ഥാപനവല്‍ക്കരിക്കപ്പെട്ട സഭയില്‍ മൃതമായ അവതാരചൈതന്യം അവന്‍ തിരിച്ചുപിടിച്ചു. പ്രത്യാശ വീണ്ടെടുത്തു.
അവന്‍, അസ്സീസിയിലെ ഫ്രാന്‍സിസ്.
വിശുദ്ധന്‍.
വീണ്ടും പിറവിക്കാലം.
ഞങ്ങളുടെ ആചരണങ്ങള്‍,
സഹോദരാ, ആത്മാവില്ലാത്ത അനുകരണങ്ങളായല്ലോ.
ആഘോഷങ്ങള്‍ ആഡംബരത്തിന്‍റെ അസുരാവേഗങ്ങളായല്ലോ.
ഞങ്ങളുടെ പുല്‍ക്കൂടുകളില്‍ വിജാതീയ വിപണിദൈവം ചാപിള്ളയായി പിറക്കുന്നല്ലോ.
ഞങ്ങളുടെ ഹൃദയങ്ങള്‍ സ്നേഹം വറ്റി തരിശുനിലങ്ങളാകുന്നല്ലോ.
ചൈതന്യം വറ്റി ചതുപ്പുനിലങ്ങളാകുന്നല്ലോ.
അവിടെ ജീവന്‍റെ വിത്തുകള്‍ വന്ധ്യമാകുന്നല്ലോ.
സഹോദരാ,
ഞങ്ങള്‍ക്ക് ബേത്ലഹേമിലേക്ക് ഗ്രേച്ചിയോയിലേക്ക് വഴികാട്ടുക.
അവിടെ ഞങ്ങള്‍ പുല്‍ക്കൂടുകള്‍ മെനയട്ടെ.
അവിടെ ലാളിത്യം ബഹുമാനിക്കപ്പെടട്ടെ.
ദാരിദ്ര്യം (മിതത്വം) ആദരിക്കപ്പെടട്ടെ.
എളിമ പ്രകടമാകട്ടെ.
ഞങ്ങളുടെ ഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ അരുവികള്‍ ഉറപൊട്ടട്ടെ.
ചതുപ്പുനിലങ്ങള്‍ സ്നേഹതീര്‍ഥങ്ങളാകട്ടെ.
നല്ല വയല്‍ ഒരുങ്ങട്ടെ.
അവിടെ വചനത്തിന്‍റെ വിത്തു വിതയ്ക്കാന്‍ ആത്മനാഥന്‍ അവതരിക്കും.
വരിക എളിയ സഹോദരാ
വഴികാട്ടുക.