കാര്യങ്ങളുടെ പൊട്ടത്തരങ്ങളെ തിരിച്ചറിയുന്നതില്‍ ഏറ്റവും മിടുക്കുകാണിച്ചിട്ടുള്ളത് ജി. കെ. ചെസ്റ്റര്‍ട്ടന്‍ ആണ്. ഒട്ടും പ്രകോപിപ്പിക്കാതെയാണ് ചെസ്റ്റര്‍ട്ടണ്‍ എഴുതിയത്: തിന്മ ആത്മീയമാണ്, നന്മ ഭൗതികവും. പ്രപഞ്ചത്തെ, ഭൗതികതയെ സൃഷ്ടിച്ചിട്ട് ദൈവം പറഞ്ഞത് എല്ലാം നന്നായിരിക്കുന്നു എന്നാണ്. പിന്നെ എവിടെ നിന്നാണ് തിന്മ വന്നത്? സൃഷ്ടിക്കപ്പെട്ടതില്‍ നിന്നല്ല, സൃഷ്ടിക്കപ്പെടാത്തതില്‍നിന്നാണ് തിന്മ ഉരുത്തിരിഞ്ഞത്. ഇതിനെ ഭൗതികം എന്നു വിളിക്കാനാവുകയില്ല. ആത്മീയം എന്നേ വിളിക്കാനാവൂ. വ്യക്തമായി പറഞ്ഞാല്‍ മനുഷ്യന്‍റെ ചിന്തയിലാണ് തിന്മ വിരിഞ്ഞത്. അതുകൊണ്ടാണ് ചെസ്റ്റര്‍ട്ടന്‍ പറഞ്ഞത് തിന്മ ആത്മീയവും നന്മ ഭൗതികവുമാണ്. അമേരിക്കയുടെ ഇറാക്ക് യുദ്ധത്തെ ഭൗതികം എന്നു വിളിക്കാം. കാരണം, ഈ യുദ്ധം പ്രത്യക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെടുന്നവരുടെ എണ്ണം ലഭിക്കുന്നു. പക്ഷേ ഈ യുദ്ധത്തെ സൃഷ്ടിക്കുകയും ഇതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന എണ്ണക്കൊതിയന്മാരും ആയുധകമ്പനിക്കാരും മരുന്നു കമ്പനി ഉടമകളും എവിടെയാണ്? അവര്‍ മറഞ്ഞിരുന്നു ഗൂഢാലോചനകളും കണക്കുകൂട്ടലുകളും നടത്തുന്നു. ഇവരാണ് ഈ യുദ്ധത്തിന്‍റെ ആത്മാവ്. ഇവരുടെ ആത്മീയ സംരക്ഷണമില്ലാതെ ഒരു യുദ്ധവും നടക്കില്ല.
എല്ലാ യുദ്ധങ്ങളും മതപരമാണെന്നാണ് പറയുന്നത്. മതത്തിന്‍റെ ഏതു ദൈവമാണ് യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്? ചെസ്റ്റര്‍ട്ടനെയാണ് ഉത്തരത്തിനായി ആശ്രയിക്കുന്നതെങ്കില്‍ മറുപടി ഇപ്രകാരമായിരിക്കും: ഭൗതികതയെ മാനിക്കാത്ത തികച്ചും ആത്മീയനായ ഒരു ദൈവം. വ്യക്തമായിപ്പറഞ്ഞാല്‍ ഒരിക്കല്‍പ്പോലും മനുഷ്യനാകാത്ത ദൈവം. സര്‍വ്വശക്തന്‍, സര്‍വ്വവ്യാപി, സര്‍വ്വജ്ഞന്‍ എന്നിങ്ങനെയുള്ള സംജ്ഞകള്‍ നല്കി മനുഷ്യന്‍ ആരാധിക്കുന്ന ദൈവം. തീരെ മനുഷ്യത്വമില്ലാത്ത ഒരു ദൈവമാണ് യുദ്ധത്തിന്‍റെ കാഹളം മുഴക്കുന്നത്. യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന എല്ലാവരും ഈ ദൈവമായിത്തീരാനാണ് പരിശ്രമിക്കുന്നത്. ക്രിസ്തു കലഹിച്ചത് മനുഷ്യന്‍റെ ശത്രുവായ ഈ ദൈവത്തിനെതിരെയായിരുന്നു. ആരോപണങ്ങളുടെയും ദണ്ഡനവിധികളുടെയും ദൈവത്തെ അവന്‍റെ പരമാധികാര സിംഹാസനത്തില്‍ നിന്നും നിഷ്കാസിതനാക്കിക്കൊണ്ടാണ് ക്രിസ്തു പറഞ്ഞത്, ഇടതു ചെകിട്ടത്ത് അടിക്കുന്നവന് മറുകരണംകൂടി കാട്ടിക്കൊടുക്കുക. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ. ക്രിസ്തുവിനറിയാമായിരുന്നു മറുകരണം കാണിച്ചുകൊടുക്കുന്നവന്‍റെ മുന്‍പില്‍ ആക്രമി ഒരു ഭീരുവായി ചുരുങ്ങിപ്പോകുമെന്ന്. മനുഷ്യനായിരിക്കുക എന്ന സംഘര്‍ഷത്തെ സ്വയം ഉള്‍ക്കൊള്ളാനാവാതെ വരുമ്പോഴാണ് മനുഷ്യന്‍ മറ്റൊരുവനുമായി സംഘര്‍ഷത്തിലാവുന്നതെന്ന്.
യുദ്ധങ്ങളെല്ലാം പൊതുവേ ശാന്തമാണ്. യുദ്ധക്കളത്തില്‍ നിര്‍ബാധം വിഹരിക്കുന്ന മരണദേവതയുടെ മുന്‍പിലുള്ള നമ്മുടെ നിസ്സംഗത അംഗീകരിച്ചുകഴിയുമ്പോഴാണ് ഈ ശാന്തത വരുന്നത്. ലോകത്തിലെ ഏറ്റവും ശാന്തമായ സ്ഥലം ഒരു കൊടുങ്കാറ്റിന്‍റെ ഏറ്റവും നടുക്കുള്ള സ്ഥലമാണ് എന്നാണ് പറയുന്നത്. കൊടുങ്കാറ്റിന്‍റെ നടുക്കുള്ള ഈ ശാന്തത പുറത്തും സൃഷ്ടിക്കാനാണ് കൊടുങ്കാറ്റ് ശ്രമിക്കുന്നത്, പക്ഷേ ഈ ശാന്തത ഒരു സര്‍വ്വനാശത്തിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നു മാത്രം. എന്താണ് നമ്മുടെ സമാധാനത്തിന്‍റെ അവസ്ഥ? നമ്മുടെ സമാധാനം യുദ്ധത്തിനേക്കാള്‍ പ്രക്ഷുബ്ധമാണ്, ഒന്നാന്തരം കള്ളത്തരവുമാണ്. യുദ്ധം കൊന്നൊടുക്കുന്നതിലും അധികം ജനങ്ങളെ മുതലാളിത്ത സമാധാനം കൊന്നൊടുക്കുന്നുണ്ട്. പാക്കിസ്ഥാനെതിരെ യുദ്ധത്തിനു കളമൊരുക്കുന്ന മോദിയുടെ ചരിത്രം എന്താണ്? സ്വന്തം സംസ്ഥാനത്തിലെ ഒരു പറ്റം ആള്‍ക്കാരെ തന്ത്രപൂര്‍വ്വം കൊന്നൊടുക്കിയ ചരിത്രമുണ്ട്. പാക്കിസ്ഥാന്‍ ഇന്‍ഡ്യയെയും ഇന്‍ഡ്യ പാക്കിസ്ഥാനെയും പുറത്തുള്ള ശത്രുക്കളായി പെരുപ്പിച്ചു കാണിക്കുന്നത് തീവ്രവാദികളായ അകത്തുള്ള ശത്രുക്കളെ സംരക്ഷിക്കാനാണ്.
ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നതിനു സമാനമായ വിപത്ത് ഗോത്രം എന്ന ആശയത്തിലുമുണ്ട്. ഒരു ഗോത്രത്തിന്‍റെ നിലനില്‍പ്പ് മറ്റൊരു ഗോത്രത്തിന്‍റെ നാശത്തിലാണ്. ആഫ്രിക്കയില്‍ ഗോത്രങ്ങള്‍ തമ്മിലടിച്ചു ചാകുന്നതിതു കൊണ്ടാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍പോലെ ഭീകരമായിക്കൊണ്ടിരിക്കുകയാണ് രാജ്യം എന്ന ആശയം. ഒരു പറ്റം ജനത ദേശീയതയുടെ പേരില്‍ കൊല്ലപ്പെടുകയും രാജ്യത്തില്‍നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. തുര്‍ക്കി എന്ന ദേശീയതയെ സംരക്ഷിക്കാന്‍ വേണ്ടി പത്തുലക്ഷത്തിലധികം വരുന്ന കുര്‍ദുകളെയാണ് കൊന്നൊടുക്കിയത്. അവരുടെ ഭാഷ ഉപയോഗിക്കുന്നവരെ ജയിലിലടയ്ക്കാന്‍ നിയമമുണ്ടാക്കി. ഇതിനെ വംശഹത്യ എന്നു വിളിച്ചതിന്‍റെ പേരില്‍ തുര്‍ക്കി സാഹിത്യകാരനും നൊബേല്‍ ജേതാവുമായ ഒര്‍ഹാന്‍ പാമുക്കിന് തുര്‍ക്കിയില്‍ വിചാരണ നേരിടേണ്ടി വന്നു. ഇതേ ദേശസ്നേഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഭാരതവും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കുന്നത്. ഇന്‍ഡ്യ ഭരിക്കുന്ന ബി. ജെ.പിക്ക് യുദ്ധം അത്യന്താപേക്ഷിതമാണ്. ഈ യുദ്ധത്തിലൂടെ ഹിന്ദു ദേശീയതയെ അരക്കിട്ടുറപ്പിക്കാനും ന്യൂനപക്ഷങ്ങളെ രാജ്യത്തിന്‍റെ മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റാനും അവര്‍ക്ക് സാധിക്കും. യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളും മററു മതസ്ഥരും അവിടെ നിന്നും പലായനം ചെയ്യേണ്ടിവരും. വംശീയ വ്യക്തിത്വം ഒരു ജീവശാസ്ത്രപരമായ അബദ്ധമാണെന്നാണ് ആഫ്രിക്കന്‍ ചിന്തകനായ അന്തോണി ആപ്പിയ ഒരു സംഭാഷണത്തില്‍ ധൈര്യപൂര്‍വ്വം പറഞ്ഞത്. മാരകമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഉണ്ടാക്കിയ സാമൂഹ്യ കണ്ടുപിടുത്തങ്ങള്‍ മാത്രമാണ് ദേശീയതയും വംശീയതയും. അടിസ്ഥാനപരമായ ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ച് ഉണ്ടാക്കുന്ന കഥകള്‍, അടിസ്ഥാനപരമായ ഹിന്ദുസ്വത്വത്തെക്കുറിച്ച് ഉണ്ടാക്കുന്ന കഥകള്‍, ശുദ്ധമായ ഇസ്ലാമിക രാജ്യകഥകള്‍ ഇതെല്ലാം ചരിത്രസത്യത്തോടുള്ള അഗാധമായ അവിശ്വസ്തതയുമാണെന്ന് ആപ്പിയ പറയുന്നു. നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സ്വത്വത്തെക്കുറിച്ചുള്ള ധാര്‍മ്മികവും ബൗദ്ധികവുമായ വിഭ്രാന്തികളാണെന്ന് ആപ്പിയ പറയുന്നത് ലോകം മുഴുവന്‍ ശ്രവിച്ചിരുന്നെങ്കില്‍!
ദേശീയത രാജ്യത്തിനകത്താണ് വിഷവാതകം വമിപ്പിക്കുന്നതെങ്കില്‍ ഇന്ന് ലോകത്തെയാകമാനം ഗ്രസിച്ചുകൊണ്ടിരിക്കുന്ന തിന്മയാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥിതി. കാപ്പിറ്റലിസം പ്രദാനം ചെയ്യുന്ന ഓരോ സന്തോഷത്തിന്‍റെയും പിന്നില്‍ ആരുടെയോ കരച്ചിലുണ്ട്. അതിന്‍റെ എല്ലാ നല്‍കലിന്‍റെയും പിന്നില്‍ പിടിച്ചുപറിയുണ്ട്. അതിന്‍റെ ഓരോ സമൃദ്ധിയുടെയും പിന്നില്‍ വമ്പന്‍ ചൂഷണമുണ്ട്. ഈ ചൂഷണത്തിന്‍റെ ഏറ്റവും വലിയ ഇര പ്രകൃതിയാണ്. കാപ്പിറ്റലിസം പ്രകൃതിയില്‍ വരുത്തിവച്ചുകൊണ്ടിരിക്കുന്ന നാശം എല്ലാ ലോകമഹായുദ്ധങ്ങളും വരുത്തിവച്ചതിലും അധികമാണ്.
യുദ്ധങ്ങള്‍ അരുംകൊലചെയ്തെങ്കില്‍ കാപ്പിറ്റലിസം കൊല്ലാക്കൊലചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ. യുദ്ധങ്ങള്‍ക്കെല്ലാം ഒരു നേരുണ്ട്. അതു സംഭവിച്ചു എന്ന നേര്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതിന്‍റെ നേര്. പക്ഷേ പ്രകൃതി അനുഭവിക്കുന്ന ഭീകരതയില്‍നിന്നും ഈ നേരിനെപ്പോലും നിഷേധിച്ച് ഇല്ലാതാക്കുന്നു. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിന്‍റെ വര്‍ദ്ധനവുമൂലമുള്ള മഞ്ഞുരുകലും സംഭവിക്കുന്നില്ലെന്ന് കാപ്പിറ്റലിസ്റ്റ് ലോബികള്‍ കള്ളപ്രചരണം നടത്തുന്നു. അതുകൊണ്ടാണ് യുദ്ധത്തെക്കാള്‍ ഹീനമാണ് നമ്മള്‍ പാലിക്കുന്ന സമാധാനം എന്നു പറയേണ്ടിവരുന്നത്.