യുദ്ധം ആര്‍ക്കുവേണ്ടിയാണ്? ആക്രമണവും പ്രത്യാക്രമണങ്ങളുമല്ലാതെ പോംവഴികളില്ലെ? ഉത്തരങ്ങള്‍ നിരവധിയാവും. ന്യായീകരണങ്ങളും. രാജ്യങ്ങളും ഉള്ളിലോ പുറത്തോ ഉള്ള രാജ്യേതരശക്തികളും തമ്മിലാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന സംഘര്‍ഷങ്ങള്‍. ദൈവത്തിന്‍റെ പേരില്‍, മതത്തിന്‍റെ പേരില്‍ വളര്‍ന്നു വരുന്ന അതിതീവ്രമായ ബോധങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍. മറ്റു ചിലത് അതിജീവനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍. വിഭവങ്ങളുടെയും വിദേശനാണ്യത്തിന്‍റെയും പേരില്‍ സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുന്ന, അലയുന്ന, ശബ്ദമില്ലാത്തവരും സ്റ്റേറ്റും തമ്മിലുള്ള, എന്നും സ്റ്റേറ്റ് മാത്രം വിജയിക്കുന്ന സംഘര്‍ഷങ്ങള്‍, ന്യായവും അന്യായവുമായ അവകാശങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍, അധികാരപ്രയോഗത്തിന്‍റെയും കരിനിയമങ്ങളുടെയും പേരിലുള്ള സംഘര്‍ഷങ്ങള്‍, വംശീയ സംഘര്‍ഷങ്ങള്‍ ഇങ്ങനെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു.
നേട്ടം കൊയ്യുന്നവര്‍
യുദ്ധങ്ങളുടെ ആകെത്തുക മരണമാണ്. മരണത്തേക്കാള്‍ ദയനീയമായ ജീവിതമാണ്, സാമൂഹ്യബന്ധങ്ങളുടെയും സാമൂഹ്യനിയന്ത്രണങ്ങളുടെയും തകര്‍ച്ചയാണ്, രോഗങ്ങളാണ്, ലൈംഗികാതിക്രമങ്ങളാണ്, ജനിതകവൈകല്യങ്ങളാണ്. അങ്ങനെ യുദ്ധം സമ്മാനിക്കുന്നത് നാശങ്ങള്‍ മാത്രമാണ്. ഒരുപക്ഷെ രാസ ജൈവന്യൂക്ലിയര്‍ ആയുധങ്ങള്‍ പരസ്പരം പ്രയോഗിക്കുന്നതിലൂടെ ജീവനില്ലാത്ത ഭൂഖണ്ഡങ്ങളുടെ അവശേഷിപ്പുകളാണ് അല്ലെങ്കില്‍ നരകജീവിതങ്ങളുടെ ശേഷിപ്പുകളാണ് മുന്‍പിലെത്തി നില്‍ക്കുന്നത്. അതില്‍നിന്ന് ആയുധകച്ചവടക്കാരോ ഏജന്‍റുമാരോ രക്ഷപ്പെടില്ല, ഭരണകൂടങ്ങളോ പിണിയാളുകളോ രക്ഷപ്പെടില്ല, മതങ്ങളോ പുരോഹിതന്മാരോ മൂലധനശക്തികളോ രക്ഷപ്പെടുകയില്ല. യുദ്ധത്തില്‍ ഒരാളുടെ നീതി എതിരാളിക്ക് അനീതിയാണ്. (സ്വന്തം ജനതയെ സംരക്ഷിക്കേണ്ട ചുമതലയുള്ള സ്റ്റേറ്റിനുപോലും അതിജീവനത്തിന്‍റെ നീതിബോധങ്ങള്‍ അനീതികളാണ്). സംഘര്‍ഷങ്ങള്‍ ഉണ്ടാകേണ്ടത് ആയുധക്കച്ചവടമേഖലയ്ക്ക് ആവശ്യമാണ്. സ്റ്റേറ്റിനും എതിരാളിക്കും ഒരേപോലെ ആയുധങ്ങള്‍ എത്തിച്ച് ആയുധവ്യാപാരത്തിലെയും വിപണനത്തിലെയും നീതി ഉറപ്പിക്കുന്നത് ആയുധക്കച്ചവടക്കാരാണ്.
യുദ്ധവും മാംസവും
എല്ലാത്തരം യുദ്ധങ്ങളുടെയും ദുരന്തങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. യുദ്ധമേഖലയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ ലൈംഗികാതിക്രമങ്ങളും സ്ത്രീകളും കുട്ടികളും കവചങ്ങളായി ഉപയോഗിക്കപ്പെടുന്നതും ആശുപത്രിക്കു നേരെയുള്ള ആക്രമണങ്ങളും മറ്റും നിറഞ്ഞുനില്‍ക്കുന്നു. യു. എന്‍. സമീപകാലത്ത് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് തന്നെ യുദ്ധകാലത്ത് സ്ത്രീകളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കാട്ടിത്തരുന്നു. ആഭ്യന്തരകലാപം കൊടുമ്പിരികൊണ്ടിരുന്ന സൗത്ത് സുഡാനില്‍ റിബലുകളെ നേരിടുവാന്‍ മിലിട്ടറിയെ സഹായിക്കുന്ന പരിശീലനം ലഭിച്ച സായുധസംഘത്തിന് സേവനവേതനമായി ലഭിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നതിനുള്ള അവകാശമാണ്. ആയിരക്കണക്കിന് സ്ത്രീകളും ചെറിയ പെണ്‍കുട്ടികളുമാണ് സുഡാനില്‍ മാത്രം ഇരയാക്കപ്പെട്ടത്. ഇത് സുഡാനിലെ മാത്രം സ്ഥിതിയോ സമീപകാലത്തെ മാത്രം പ്രതിഭാസമോ അല്ല. റുവാണ്ടയില്‍ 1994 ഏപ്രിലിനും 1995 ഏപ്രിലിനും ഇടയ്ക്ക് 15700 സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് യൂണിസെഫ് കണക്കുകള്‍ പറയുന്നു. അധികാരശക്തികളുടെ കണക്കുകളാണ് പലപ്പോഴും പുറത്തുവരുന്നത് എന്നതിനാല്‍ ഇത്തരം യുദ്ധകാല'തന്ത്ര'ങ്ങളുടെ ചെറിയരൂപങ്ങള്‍ മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ. 2004ല്‍ മണിപ്പൂരില്‍ Indian Army Rape Us എന്ന ബാനര്‍ ഉയര്‍ത്തി 12 സ്ത്രീകള്‍ നഗ്നരായി നിന്ന് സൈന്യത്തെ വെല്ലുവിളിച്ച വാര്‍ത്ത ലോകമെങ്ങും എത്തിയിരുന്നു. സംഘര്‍ഷമേഖലയില്‍ അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാഗമായി എത്തുന്ന സമാധാന സേനകള്‍ ചെയ്യുന്ന ഇത്തരം സേവനങ്ങളും കുപ്രസിദ്ധമാണ്. 1992ല്‍ തന്നെ മെസാംബിക്കില്‍ യു. എന്‍. സമാധാന സേന 12-18 വര്‍ഷം പ്രായമുള്ള പെണ്‍കുട്ടികളെ മാംസവിനിയോഗത്തിന് തിരഞ്ഞെടുത്ത വാര്‍ത്ത അന്താരാഷ്ട്ര സംഘടനകള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധകാല ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളുടെ പ്രായം കുറഞ്ഞുവരുന്നത് അത്യന്തം അപകടകരമായ സാമൂഹ്യസാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്.
അനാഥബാല്യത്തിന്‍റെ പരിണാമം
യുദ്ധക്കച്ചവടത്തില്‍ താത്പര്യമില്ലാതെ അത്തരം സാഹചര്യങ്ങളെ ഭീതിയോടെയും നിസ്സഹായമായും നോക്കിക്കാണുന്ന വലിയ സമൂഹം എല്ലായിടങ്ങളിലുമുണ്ട്. ആയിരക്കണക്കിന് നിസ്സഹായര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍, കഷ്ടപ്പെടുമ്പോള്‍ അവരില്‍ നിന്ന് നിലവിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് തീവ്രവാദനിലപാടുകളും നശീകരണ മനോഭാവങ്ങളുമുള്ള പുതിയ തലമുറ ജനിക്കുമെന്ന സിദ്ധാന്തം പല എഴുത്തുകാരും ആക്ടീവിസ്റ്റുകളും മുന്നോട്ടു വച്ചിട്ടുണ്ട്. അഫ്ഗാനുമേല്‍ മത്സരിച്ച് പെയ്തിറങ്ങിയ റഷ്യന്‍-അമേരിക്കന്‍ ആയുധങ്ങള്‍ സൃഷ്ടിച്ച അനാഥബാല്യങ്ങള്‍ക്ക് കളിക്കോപ്പായിപ്പോലും ലഭിച്ചത് ഒരുപക്ഷേ കൈത്തോക്കുകളാവാം. ഒരു സമൂഹവും രാജ്യവും മൊത്തം അരക്ഷിതാവസ്ഥയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ -അമ്മ പെങ്ങള്‍ - തണലുകള്‍ അറിയാതെ വളരുന്ന അനാഥബാല്യങ്ങള്‍ നാളെ സ്വന്തം സ്ത്രീയെ തന്നെ കൂടുതല്‍ അടിമയാക്കാനും കൂടുതല്‍ ഭോഗിക്കാനുമായി ഉപയോഗിക്കുന്ന സ്ഥിതിയാണ് കണ്ടുതുടങ്ങിയിരിക്കുന്നത്.
മതാധികാരവും തീവ്രനിലപാടുകളും
പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെയും സയന്‍സിനെയും ഒക്കെ പാടേ വിസ്മരിച്ചുകൊണ്ട് അധികാരത്തിന്‍റെ അപ്പക്കഷണം സ്വസ്ഥമായി നുണയുന്നതിനും പണം, സമ്പത്ത്, സൗകര്യങ്ങള്‍ തുടങ്ങിയവ നിലനിര്‍ത്തുന്നതിനും മതങ്ങളുടെയും ദൈവങ്ങളുടെയും ഒക്കെ പേരിലുള്ള വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന ആസൂത്രിതവും ചിട്ടയായതുമായ മതപഠനങ്ങള്‍ എല്ലാംതന്നെ, പ്രകൃതിയെന്ന ദൈവത്തിനും കരുണ, കരുതല്‍, സ്നേഹം തുടങ്ങിയ മതങ്ങള്‍ക്കും സങ്കുചിതമായ അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന ചിന്തകള്‍ കുട്ടികളുടെ തലച്ചോറില്‍ കോറിയിട്ട്, എന്‍റെ മതവും എന്‍റെ ദൈവവും എന്‍റെ മതഗ്രന്ഥങ്ങളുമാണ് വിശിഷ്ടം എന്ന ചിന്ത പേറുന്ന തലമുറയെ സൃഷ്ടിച്ച്, ഭാവി മതപോരാളികള്‍ക്ക് വഴിയൊരുക്കുന്ന ചെറുതും വലുതും തീവ്രത കുറഞ്ഞതും കൂടിയതും ഒക്കെയായ പരിശീലനങ്ങളാണെന്നു പറയേണ്ടിവരും. പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷങ്ങളെന്നു തോന്നുന്ന ഇത്തരം സമീപനങ്ങളുടെ പൂര്‍ണ്ണകായ രൂപങ്ങളാണ് ഇന്ന് ചില മതതീവ്രവാദനിലപാടുകളുള്ള സംഘടനകള്‍. ഇത്തരം സംഘടനകളാണ് ചെറിയകുട്ടികളെ റിക്രൂട്ട് ചെയ്ത് നിരന്തരവും കഠിനവുമായ മതപഠനങ്ങളിലൂടെ സ്വന്തം ജീവന്‍ അവഗണിച്ച് കലാപങ്ങളുയര്‍ത്തുന്ന മാനസിക നിലയിലേക്ക് അവരെ എത്തിക്കുന്നത്. ലോകത്താകമാനം പെണ്‍കുട്ടികളുള്‍പ്പെടെ ഏതാണ്ട് മൂന്നുലക്ഷം കുട്ടിസൈന്യങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. യുദ്ധക്കെടുതിയില്‍ ഓരോ വര്‍ഷവും മരിച്ചുവീഴുന്നത് രണ്ടരലക്ഷത്തിലധികം കുട്ടികള്‍, അംഗവൈകല്യം സംഭവിക്കുന്നവര്‍ നാലരലക്ഷത്തിലധികം, വീടുവിട്ടിറങ്ങേണ്ടി വരുന്നവര്‍ 12 ലക്ഷത്തിലധികം... ലോകമേ ഇനിയും എന്താണ് യുദ്ധത്തിലൂടെ പ്രതീക്ഷിക്കുന്നത്?
യുദ്ധവും ആരോഗ്യമേഖലയും
യുദ്ധതന്ത്രത്തിന് കോപ്പുകൂട്ടുമ്പോള്‍ അതിന്‍റെ ആരോഗ്യവിദ്യാഭ്യാസമേഖലകളിലെ വികസനങ്ങളെല്ലാം താറുമാറാകും. ആക്രമണങ്ങളില്‍ നാശം സംഭവിച്ചില്ലായെങ്കില്‍ തന്നെ അതിരുകളില്‍ ജീവിക്കുന്ന ജനസമൂഹത്തിന്‍റെ, പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യാവസ്ഥ കൂടുതല്‍ ദയനീയമാകും. മുലയൂട്ടന്ന അമ്മമാര്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും യുദ്ധച്ചെലവുകള്‍ കാരണം പോഷകാഹാരവും ആരോഗ്യസേവനങ്ങളും നഷ്ടപ്പെടും. പ്രയാണം ചെയ്യുന്നവരുടെയും അഭയാര്‍ത്ഥിക്യാമ്പുകളിലെത്തുന്നവരുടെയും ഭക്ഷണാവശ്യങ്ങള്‍ നിവര്‍ത്തീകരിക്കപ്പെടില്ല. പ്രാഥമികാവശ്യങ്ങള്‍പോലും നിവര്‍ത്തീകരിക്കപ്പെടില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കും. മരണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് എല്ലാ കാലത്തും എല്ലാ അഭയാര്‍ത്ഥി ക്യാമ്പുകളിലെയും ചിത്രങ്ങളാണ്. യുദ്ധത്തില്‍ നേരിട്ടു മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പാര്‍ശ്വഫലങ്ങളുടെ ഭാഗമായിട്ടാണ്. ഇത് കുടുതലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് സംഭവിക്കുന്നത്. യുദ്ധക്കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നവരിലും പലായനം ചെയ്യുന്നവരിലും 80% ഉം സ്ത്രീകളും കുട്ടികളുമാണ്. വെള്ളമെടുക്കുന്നതിനും വിറകൊടിക്കുന്നതിനും യുദ്ധപാടങ്ങള്‍ താണ്ടുന്ന സ്ത്രീകളും പെണ്‍കുട്ടികളും, യുദ്ധപുകയൊടുങ്ങുമ്പോള്‍ കളിക്കാനിറങ്ങുന്ന കുട്ടികളും മൈനുകളില്‍ അവസാനിക്കുന്നതോ, അംഗഭംഗം വന്നു ജീവിക്കേണ്ടിവരുന്നതോ യുദ്ധമൊഴിഞ്ഞാലും കാണേണ്ട കാഴ്ചയായി മാറിയിരിക്കുന്നു.
രാജ്യത്തെ പിന്നോക്ക സാമ്പത്തിക സാമൂഹിക കാരണങ്ങളാല്‍ രോഗാതുരത സ്വതവേ കൂടുതലുള്ള ആയുധസംഘര്‍ഷങ്ങള്‍ മരണം 24 മടക്കാക്കുമെന്ന് യൂണിസെഫ് പറയുന്നു. 1981-88 കാലയളവില്‍ മൊസാംബിക്കില്‍ യുദ്ധം കാരണം അധികമായി മരിച്ചത് 4,54,000 കുട്ടികളാണ്. മതപരവും സാംസ്കാരികവുമായ കാരണങ്ങളാല്‍ അടിയന്തര ഘട്ടങ്ങളില്‍പ്പോലും സ്ത്രീകളും പെണ്‍കുട്ടികളും ആരോഗ്യസേവനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് കുറവല്ല. പ്രത്യേകിച്ചും യുദ്ധാനന്തരം പുരുഷന്മാര്‍ ആരോഗ്യസേവനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍.
ലൈംഗികാതിക്രമങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നു. ലൈംഗികരോഗങ്ങള്‍ വ്യാപിക്കുന്നു. പ്രത്യുദ്പാദന ചികിത്സകള്‍ തേടുകയോ അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുകയോ ഇല്ല. യുദ്ധകാലത്ത് തകര്‍ന്നടിയുന്ന സാമൂഹ്യനിയന്ത്രണങ്ങള്‍ സ്ത്രീകളെ നിത്യമായ മാംസവില്‍പ്പനയിലെത്തിക്കും. യുദ്ധത്തെ വരവേല്‍ക്കുന്നതിലൂടെ ഇതാണോ നമ്മള്‍ ആഗ്രഹിക്കുന്നത്?
അതിജീവനവും വിദേശനാണ്യവും
പ്രകൃതിവിഭവങ്ങളുടെ നാശങ്ങളുമായി ബന്ധപ്പെട്ട അതിജീവനപ്രശ്നങ്ങളാണ് മറ്റൊന്ന്. യുദ്ധം നല്കുന്ന പ്രകൃതിവിഭവശോഷണം ചെറുതല്ല. മണ്ണ്, വായു, ജലം ഇവയൊക്കെ മലിനപ്പെടുന്നു. അമേരിക്കന്‍ മിലിട്ടറി നിക്ഷേപിച്ച റോക്കറ്റ് മാലിന്യം മലിനപ്പെടുത്തി ഇല്ലാതാക്കിയത് രണ്ടുകോടി ആളുകളുടെ കുടിവെള്ള സ്രോതസ്സാണ്. ജനിതകവൈകല്യം പേറുന്ന തലമുറയാണ് രാസജൈവന്യൂക്ലിയര്‍ ആയുധങ്ങളുടെ ഭാവിസൃഷ്ടി.
പ്രകൃതിവിഭവങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എന്നേ സജീവമാണ്. പെട്രോളിയം സമ്പത്ത് ലക്ഷ്യം വച്ചുള്ള എത്രയോ യുദ്ധങ്ങള്‍. ധാതുസമ്പുഷ്ടമായ മണ്ണിന്‍റെയും ജലവിഭവങ്ങളുടെയും ഒക്കെ പേരില്‍ രാജ്യം നാളെ വലിയ സംഘര്‍ഷങ്ങളിലേക്കെത്തിയേക്കാം. വെള്ളത്തിന്‍റെ പേരില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കലാപങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍ഡ്യയിലെ ധാതുസമ്പുഷ്ടമായ ജില്ലകള്‍ അധികവും ആദിവാസികളും ദളിത് സമൂഹവുമൊക്കെ അധിവസിക്കുന്ന പിന്നോക്കജില്ലകളാണ്. മൈനുകള്‍ സജീവമായ ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജില്ലകളും പിന്നോക്ക ജില്ലകളാണ്. അധികാരത്തിന്‍റെ പിന്തുണയോടെ വിദേശനാണ്യത്തിന്‍റെ പേരില്‍ സ്വന്തം ജനത സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുമ്പോള്‍, ഖനനമാലിന്യങ്ങള്‍ അവശേഷിക്കുന്ന കുടിവെള്ള സ്രോതസ്സുകളും മലിനപ്പെടുത്തുമ്പോള്‍, രോഗങ്ങള്‍ വലയ്ക്കുമ്പോള്‍, കുട്ടികള്‍ പട്ടിണിയില്‍ മരിക്കുമ്പോള്‍ പുകയുന്ന കനലുകള്‍ നാളെ വലിയ തീയായ് പടരും. വിഷപ്പുക ശ്വസിച്ചും വിഷജലം കുടിച്ചും ആരോഗ്യവും അതിജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട സമൂഹത്തിന് നാളെ തുടര്‍ച്ചയില്ലാതെ വരും. അടിച്ചമര്‍ത്തലിന്‍റെ പേരില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഇവിടെയും കുറവല്ല.
സംവരണത്തിന്‍റെ പേരില്‍ നടക്കുന്ന ജാതികലാപത്തില്‍ സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയത് സമീപകാലത്താണ്. വംശങ്ങള്‍ തമ്മിലായാലും ജാതികളുടെ അവകാശത്തിന്‍റെ പേരിലായാലും രാജ്യസുരക്ഷയുടെ പേരിലായാലും വിഭവങ്ങളുടെ പേരിലായാലും ആയുധങ്ങള്‍ പ്രയോഗിക്കപ്പെടുമ്പോഴും സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇല്ലാതാകുന്നത് വരുന്ന തലമുറയാണ്.
യുദ്ധക്കെടുതികള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്, വായിച്ചറിവില്ലാത്തവര്‍ക്ക് പക്ഷം പിടിച്ച് കാഹളം മുഴക്കാം. എത്രകാലം എന്നുമാത്രമാണ് ചോദ്യം.