ചലച്ചിത്രം അഥവ സിനിമ മനുഷ്യന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായി മാറിയിട്ട് 124 വര്‍ഷങ്ങള്‍ പിന്നിട്ടു. സിനിമയുടെ ആദ്യരൂപത്തില്‍നിന്നും കലാപരമായും സാങ്കേതികമായും ചലച്ചിത്രം കാതങ്ങള്‍ മുന്നോട്ടുപോയിട്ടുണ്ട്. പാരീസിലെ ഒരു കെട്ടിടമുറിയിലെ ഇരുട്ടില്‍ തിരശീലയില്‍ തെളിഞ്ഞ ആദ്യചലച്ചിത്ര പ്രദര്‍ശനം പിന്നീടിങ്ങോട്ടുള്ള സിനിമയുടെ അശ്വമേധത്തിന് തുടക്കം കുറിക്കുകയായിരുന്നു. ലൂമിയര്‍ സഹോദരന്‍മാര്‍ നിര്‍മ്മിച്ച പത്ത് ചെറുചിത്രങ്ങളുടെ പ്രദര്‍ശനം ലോകത്തിന്‍റെ സാംസ്കാരികഭൂപടത്തില്‍ കാഴ്ചയുടെ ഒരു പുതിയ ഭൂമിക നിര്‍മ്മിച്ചെടുക്കുക യായിരുന്നു ചെയ്തത്. പിന്നീട് സിനിമകളുടെ ഒരു പെരുമഴക്കാലമായിരുന്നു പ്രേഷകരെ കാത്തിരുന്നത്. ജനങ്ങള്‍ ചലച്ചിത്രത്തെ ഏറ്റെടുത്തു. പുതിയ സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും കാഴ്ചക്കാര്‍ അത് കാണുകയും ചെയ്തുകൊണ്ടിരുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കലയും സാഹിത്യവും സാംസ്കാരികജീവിത ത്തിന്‍റെ ഭാഗമായി മാറിയിട്ട് വര്‍ഷങ്ങളായി. കലാരൂപങ്ങള്‍ എല്ലാംതന്നെ മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് അവന്‍ ശാരീരികമായി പ്രദര്‍ശിപ്പിക്കുകയും ബുദ്ധിപരമായി നിര്‍മ്മിച്ചെടുക്കു കയും ചെയ്തിരുന്നതും, മനുഷ്യവികാരങ്ങളെ പെട്ടെന്നുതന്നെ കാഴ്ചക്കാരിലേക്ക് സംവദിപ്പിക്കാന്‍ കഴിയുന്നവയുമായിരുന്നു. അവയില്‍ പ്രേക്ഷകര്‍ കാണാത്തതോ, അറിയാത്തതോ ആയി ഒന്നുമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ അവയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് അവനു ധാരണ ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. മായാജാലം കാണുമ്പോള്‍ അത് മായാജാലമാണെന്ന് കരുതുകയും, അതേസമയം അതിന്‍റെ അവതരണ വൈശിഷ്ട്യത്തില്‍ മയങ്ങിപ്പോകുകയും ചെയ്തിരുന്നു അവര്‍. എല്ലാ കലാരൂപങ്ങളും തുറന്ന പുസ്തകങ്ങ ളായിരുന്നു. ഇത്തരത്തിലുള്ള കലകളുടെ തുറന്നവേദിയിലേക്കാണ് ഇരുട്ടുനിറഞ്ഞ പ്രദര്‍ശന ശാലകളും തിരശീലകളുമൊക്കെയായി ചലച്ചിത്രം എന്ന കലാരൂപം അവതരിക്കുന്നത്.
ചലച്ചിത്രം രൂപപ്പെടുന്നതിന് മുന്‍പ് പ്രദര്‍ശനക ലകളില്‍ സാങ്കേതികവിദ്യക്ക് തീരെ ചെറിയ സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. സിനിമ വ്യത്യസ്തമാകു ന്നത് ഇക്കാര്യംകൊണ്ട് കൂടിയാണ്. സിനിമ സാങ്കേതികവിദ്യയുടെ സഹായംകൊണ്ട് മാത്രം നിര്‍മ്മിച്ചെടുക്കാവുന്ന ഒന്നാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ശാസ്ത്രീയമായ കലാരൂപം എന്നൊക്കെ നിര്‍വ്വചിക്കാന്‍ കഴിയുന്നതരത്തിലുള്ളതാണത്. സൂക്ഷിച്ചുവെക്കാന്‍ കഴിയുന്ന, വീണ്ടും കാണാന്‍ കഴിയുന്ന, വിശകലനം ചെയ്യാന്‍ കഴിയുന്ന, തിരുത്തലുകള്‍ വരുത്താന്‍ കഴിയുന്ന ഏക കലാരൂപം എന്ന രീതിയില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്ത തൊലിക്കൂടുപോലെ കാലക്രമേണ ചലച്ചിത്രം മനുഷ്യജീവിതത്തിന്‍റെ ഭാഗമായി മാറുകയും, മറ്റ് കലാരൂപങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്ര ജനപ്രീതി നേടുകയും ചെയ്തു. സിനിമയുടെ കാഴ്ചാരീതിക്കും ഇക്കാലയളവില്‍ വലിയ മാറ്റം സംഭവിച്ചിരുന്നു. എന്തുകൊണ്ട് സിനിമ കാണണം, എങ്ങനെ സിനിമ കാണണം, സിനിമ കാണേണ്ട തുണ്ടോ എന്നിങ്ങനെയുള്ള വിവിധ ചോദ്യങ്ങള്‍ ഓരോ കാലത്തിലും വിവിധയളവുകളിലോ, ഉപചോദ്യങ്ങള്‍കൊണ്ട് മുറിക്കപ്പെട്ടോ കാഴ്ചക്കാര്‍ അഭിമുഖീകരിച്ചു.
ആദ്യകാലത്തെ സിനിമാ പ്രദര്‍ശനങ്ങള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായോ, സദസ്സുകള്‍ ക്കായോ വേര്‍തിരിക്കപ്പെട്ടിരുന്നു. എന്നാല്‍ 1900-കളില്‍ തന്നെ ചലച്ചിത്രം പൊതുജനങ്ങള്‍ക്കാ യുള്ള പ്രദര്‍ശനശാലകളിലേക്ക് പതിയെ മാറ്റപ്പെട്ടിരുന്നു. എങ്കിലും ഇന്ന് കാണുന്ന രീതിയി ലുള്ള സിനിമാശാലകള്‍ രൂപപ്പെടുന്നതിന് കുറച്ചുവര്‍ഷങ്ങള്‍ കൂടി വേണ്ടിവന്നു. ആളുകള്‍ സിനിമ കണ്ടുതുടങ്ങുകയും, സിനിമകള്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തുതുടങ്ങിയപ്പോള്‍ എന്തുകൊണ്ട് സിനിമ കാണണം എന്നും, എങ്ങനെ സിനിമ കാണണമെന്നുമുള്ള ചോദ്യങ്ങള്‍ കാഴ്ചക്കാരന്‍ അഭിമുഖീകരിച്ചു തുടങ്ങി.
ശാസ്ത്രീയമായ ഒരു കലാരൂപം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട സിനിമ ആസ്വദിക്കുന്നതും അപ്പോള്‍ ശാസ്ത്രീയമായി തന്നെ ആവേണ്ടതുണ്ട്. അതോടൊപ്പം അനുവാചകന്‍റെ ഹൃദയത്തോട് വൈകാരികമായി ഇടപെടുന്നതിനാല്‍ കാഴ്ചയുടെ ശൈലി അത്തരത്തിലുള്ള ആസ്വാദനവും അര്‍ഹിക്കു ന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ശാസ്ത്രീയമായും വൈകാരികമായും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തില്‍ നമ്മുടെ ആസ്വാദന ശൈലിയെ പരുവപ്പെടുത്തുകയാണ് ചെയ്യേണ്ടത്. സിനിമാകാണ ലിന്‍റെ സാങ്കേതികതയും, മാനവികതയും ഒരേപോലെ സമ്മേളിക്കുന്ന ആസ്വാദകന്‍റെ മനസ്സിലാണ് ചലച്ചിത്രം അതിന്‍റെ വിധിയെ പൂര്‍ണ്ണമാക്കുന്നത്.
സിനിമയുടെ ആസ്വാദനം എപ്പോഴും അതിന്‍റെ പ്രതിപാദനവിഷയവുമായി ബന്ധപ്പെട്ട് നമുക്കുള്ള അറിവിന്‍റെ പരീക്ഷണമാണ്. അത് കഥാപരിസരമോ, സാങ്കേതികമോ, പരിചരണശൈലികളുടെ നവരീതിക ളിലോ ആകാം. ഒരേസമയം സാംസ്കാരികമായ അറിവിന്‍റെയും, ചലച്ചിത്രപരമായ അറിവിന്‍റെയും ഒന്നിക്കലില്‍ നിന്നുളവാകുന്ന ഉല്‍പ്പന്നവും ആകാം. ഇത്തരം പരിചിത സാഹചര്യങ്ങളുമായി നമ്മുടെ ദിനേനയും, ഓര്‍മ്മത്താളിലുറങ്ങുന്നതുമായ വൈകാരിക വിചാരങ്ങളുടെയും ഇഴകീറിയുള്ള ചിന്തയാണ് ഒരു സിനിമയുടെ ആസ്വാദനമായി പ്രേക്ഷകന്‍ പുറത്തുവിടുന്നത്.
സിനിമാകാണല്‍ തികച്ചും വ്യക്തിപരമാണ്, അതിന്‍റെ ഉള്ളടക്കം എത്രതന്നെ സാമൂഹികമാ ണെങ്കിലും. ഒരു സിനിമാഹാളിലോ, മറ്റേതെങ്കിലും കാഴ്ചോപകരണത്തിലോ കാണുന്ന സിനിമ ആസ്വാദകനോട് വ്യക്തിപരമായി സംവദിക്കുന്നു. അവനെ കരയിപ്പിക്കുന്നു. ചിരിപ്പിക്കുന്നു. ചിന്തിപ്പി ക്കുന്നു. കോപാകുലനാക്കുന്നു. ആവേശം കൊള്ളിക്കുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമാകാണല്‍ ഇക്കാലയളവില്‍ ആവേശംകൊള്ളിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു എന്നത് മാത്രമാണ് നിരാശാജനകമായിട്ടുള്ളത്. ഇതിനൊരു മറുവശം കൂടിയുണ്ട്. സിനിമാ കാണുന്നത് സമയംകളയലിനും, വിനോദത്തിനും വേണ്ടിയല്ലേ, മുടക്കുന്ന പണത്തിന്‍റെ മൂല്യം ലഭിക്കണ്ടേ എന്നിങ്ങനെയുള്ള വാദമുഖങ്ങളാല്‍ നിര്‍മ്മിതമാണ് ആ മറുവശം. പക്ഷേ ആത്യന്തികമായി സിനിമയുടെ നിര്‍മ്മാണ ഉദ്ദേശ്യം വിനോദം മാത്രമല്ല എന്നും, സമൂഹത്തിന്‍റെ പരിച്ഛേദങ്ങളെ ഹൃദയാവ ര്‍ജ്ജകമായി സാങ്കേതികഗുണത്തോടെ നല്‍കുക എന്നതുകൂടിയാണ് എന്നും ബോദ്ധ്യപ്പെടുന്നയിട ത്താണ് സിനിമയുടെ വിനോദപരവും, സാമൂഹികവും, രാഷ്ട്രീയവുമായ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുന്നത്. ഇത്തരത്തില്‍ നമ്മള്‍ നമ്മുടെ കാഴ്ചകളെ വ്യക്തിപര മായി പരുവപ്പെടുത്തുന്നയി ടത്ത് മാത്രമേ സിനിമയുടെ കാഴ്ചശീലങ്ങളും ജനകീയമാവുകയുള്ളൂ