news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസിന്‍റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും

(രണ്ടാം ഭാഗം)

ഫ്രാന്‍സിസില്‍ സ്വാഭാവാതീത ബോധതലം രൂപപ്പെട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ കൗതുകം ജനിപ്പിക്കുന്ന പല ശ്രേഷ്ഠയാഥാര്‍ത്ഥ്യങ്ങളും കണ്ടെത്താന്‍ കഴിയും. എല്ലാ സൃഷ്ടജാലങ്ങളും ദൈവത്തിന്‍റെ പ്രത്യക്ഷീകരണമാണെന്നു പൊതുവേ പറയാമല്ലോ. അവയിലെല്ലാം സ്രഷ്ടാവ് അവിടുത്തെ പ്രതിബിംബത്തെ സന്നിവേശിപ്പിച്ചിരിക്കുന്നു. ഓരോന്നും അതതിന്‍റെ അസ്തിത്വത്തിനും ആന്തരികപ്രവര്‍ത്തനത്തിനും അവിടുത്തെ അനുസ്യൂതം ആശ്രയിക്കുന്നു. നിറമുള്ള സ്ഫടികത്തിലൂടെ നാം ഒരു വസ്തുവിനെ നോക്കുമ്പോള്‍ സവിശേഷമായ ഒരു മൂല്യം അതിനു കൈവരുന്നില്ലേ? അതുപോലെ ദൈവത്തിന്‍റെ ഒരു കരവേലയെ അതു സൃഷ്ടിച്ചവന്‍റെ വെളിച്ചത്തിലൂടെ നോക്കുമ്പോള്‍ അതിനെ രൂപകല്പന ചെയ്തവന്‍റെ മഹാജ്ഞാനത്തിന്‍റെയും കരവിരുതിന്‍റെയും സവിശേഷത അതില്‍ തിളങ്ങുന്നതായി കാണാം. ഓരോന്നിന്‍റെയും അര്‍ത്ഥവും ലക്ഷ്യവും സ്പഷ്ടമായി തെളിയുന്നു.

പ്രപഞ്ചത്തിലെ ജീവജാലങ്ങളെ ഈശ്വരനിലുള്ള വിശ്വാസത്തിലൂടെ ധ്യാനിച്ചപ്പോള്‍ അവയുടെ ആന്തരീകമൂല്യവും ഓരോന്നിനും ഫ്രാന്‍സിസിനോടുള്ള ഗാഢബന്ധവും അദ്ദേഹത്തിനു കണ്ടെത്താന്‍ ഇടയായി. അവയോരോന്നും സ്രഷ്ടാവിന്‍റെ ബ്രഹ്മാണ്ഡമായ സൃഷ്ടിശക്തിയുടെ പ്രകാശനമാണ്. അവ ഓരോന്നിലും സ്രഷ്ടാവ് മിസ്റ്റിക് രീതിയില്‍ സന്നിഹിതനുമാണ്. തന്‍റെ പ്രാപഞ്ചിക പ്രഭുത്വത്താല്‍ ക്രിസ്തു നിറഞ്ഞുനില്‍ക്കുന്നു.
സ്രഷ്ടാവ് നിന്നെപ്പറ്റി രചിച്ച ചേതോഹരമായ കാവ്യമാണ് ഓരോ ജീവജാലവും. അവ നമ്മുടെ കണ്‍മുമ്പില്‍ എപ്പോഴും തുറന്നിരിക്കുന്നു എന്നത് ഉദാത്തമായ ഒരു സത്യമത്രേ. സൃഷ്ടവസ്തുക്കളില്‍ ഉള്ളതെല്ലാം സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടി ബുദ്ധിമാനായ മനുഷ്യനെ ആവേശം കൊള്ളിക്കുന്നു. ഓരോ ജീവിയുടെയും അസ്തിത്വവും പ്രവര്‍ത്തനവും, ആരംഭവും അന്ത്യവും, നാദവും മൗനവും അസ്സീസിയിലെ ഫ്രാന്‍സിസിന് ഒരു കവിതപോലെയായിരുന്നു -- കവിയായ ഈശ്വരന്‍ തന്നെക്കുറിച്ച് പാടിയ കവിത. ഈ ലോകത്തിലുള്ളതെല്ലാം സ്രഷ്ടാവിന്‍റെ മഹത്ത്വവും ശക്തിയും സ്നേഹവും നന്മയും കരുതലും മഹോന്നതനെ ഏറെനേരം സ്തുതിച്ചിരുന്നു. കലാകാരന്‍റെ എല്ലാ സൃഷ്ടികളിലും ഫ്രാന്‍സിസ് ദൈവത്തെ കണ്ടെത്തി. സുന്ദരങ്ങളായ വസ്തുക്കളില്‍ ആദിസൗന്ദര്യം കണ്ടെത്തി. അവിടുന്ന് സൃഷ്ടിച്ചവയെല്ലാം നല്ലതാണെന്നും നമ്മെ സൃഷ്ടിച്ചവന്‍ പരമനന്മയാണെന്നും ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു.

സര്‍വ്വചരാചരങ്ങളിലും ഒരു സവിശേഷസ്ഥിതിയില്‍ തന്‍റെ സത്തയെ കുടിയിരുത്തിക്കൊണ്ട്  ദൈവം തന്നിലെ നന്മയും വിശുദ്ധിയും സൗന്ദര്യവും പങ്കുവച്ചു. "ഞങ്ങള്‍ നല്ലവ തന്നെ. എന്നാല്‍ ഞങ്ങളെ സൃഷ്ടിച്ചവന്‍ നന്മയുടെ നിറകുടവും സമ്പൂര്‍ണതയുമാണ്" എന്ന് അവയെല്ലാം ഫ്രാന്‍സിസിന്‍റെ അന്തരാത്മാവിനോട് മന്ത്രിച്ചുകൊണ്ടിരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. തന്‍റെ കരവേലയായ ഓരോന്നിനെയും ദൈവം സ്നേഹിക്കുന്നു, പരിരക്ഷിക്കുന്നു. ഒന്നിനെയും സ്രഷ്ടാവ് വെറുക്കുന്നില്ല. നശിപ്പിക്കുന്നില്ല. സ്രഷ്ടപ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥത്തെയും ക്രിസ്തുസംഭവം ആശ്ലേഷിക്കുന്നതുമൂലം അവയ്ക്ക് ഒരു ദൈവികമാനം കൈവന്നു. അവയോട് ആദരവോടെ ഇടപെടാന്‍ ഫ്രാന്‍സിസിന് ആന്തരികപ്രേരണയുണ്ടായി.

സഹവാസശീലം അദ്ദേഹത്തിന്‍റെ സ്വാഭാവികവാസനയായിരുന്നു. എല്ലാവരോടും സൗഹൃദവും എല്ലാറ്റിനോടും സ്നേഹവും ആദരവും പ്രകടിപ്പിച്ചു. കുട്ടിക്കാലം മുതല്‍ ആ സുന്ദരക്കുട്ടന്‍ പൂക്കള്‍ ഇഷ്ടപ്പെട്ടു. അവയുടെ സൗരഭ്യം ആസ്വദിച്ചു. രുചിയുള്ള ഭക്ഷണം കഴിക്കുന്നതിലും പക്ഷികളുടെ സംഗീതം ശ്രവിക്കുന്നതിലും ഫ്രാന്‍സിസ് സന്തോഷിച്ചു. അദ്ദേഹം യുവാവായി വളര്‍ന്നപ്പോള്‍ ബാഹ്യലോകത്തിന്‍റെ സൗകുമാര്യത്തില്‍ ഭ്രമിച്ചുവശായി. ജീവജാലങ്ങള്‍ ആഹ്ലാദത്തിന്‍റെ സ്രോതസ്സായി ഭവിച്ചു. പരിസരമാകെ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു. പരിസരമൊന്നാകെ ആനന്ദമയമായി.

കര്‍ത്താവിന്‍റെ കടന്നുവരവ് ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ കൃപയുടെ കടന്നുവരവ് അടയാളപ്പെടുത്തി. വളരെ പെട്ടെന്നുതന്നെ താഴ്ന്നതരം ജീവികളോടു പുതിയൊരു മനോഭാവം ഉടലെടുത്തു. അവയോടുള്ള പരിചയവും സമ്പര്‍ക്കവും സൗഹൃദവും സാഹോദര്യഭാവം ആയി വികസിച്ചു. തന്നെപ്പോലെതന്നെ പിതാവിന്‍റെ ഭവനത്തില്‍നിന്നു വന്ന മക്കളെപ്പോലെ അവയെ ഫ്രാന്‍സിസ് പരിഗണിച്ചു.

തന്‍റെ വിശ്വാസവീക്ഷണം ആഴപ്പെട്ടപ്പോള്‍ ജീവജാലങ്ങളെയെല്ലാം സ്രഷ്ടാവിന്‍റെ കുഞ്ഞുമക്കളായി  പരിഗണിച്ചു. താരതമ്യേന ബുദ്ധിയില്ലാത്ത ജീവികളെപ്പോലും ഫ്രാന്‍സിസ് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഈ കാഴ്ചപ്പാടില്‍ അന്തരാത്മാവിന്‍റെ നേത്രങ്ങള്‍കൊണ്ട് പ്രപഞ്ചത്തിന്‍റെ മൂല്യനിര്‍ണയം നടത്തുകയും അതിന്‍റെ അര്‍ത്ഥത്തിന്‍റെയും ഉദ്ദേശത്തിന്‍റെയും ആഴങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുകയും ചെയ്തു. അവ ഓരോന്നിനെപ്പറ്റിയും സ്രഷ്ടാവിന്‍റെ ഉദ്ദേശം വ്യക്തമായിക്കാണുവാന്‍ ഫ്രാന്‍സിസിനു കഴിഞ്ഞു. ഓരോന്നിനും തനതായ ഒരു വ്യക്തിത്വമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 'ഞാനും നീയും' എന്ന ഭാവത്തില്‍ ഇടപെടാനും ബന്ധപ്പെടാനും തുടങ്ങി.

സൃഷ്ടജാലങ്ങള്‍ ഓരോന്നിലെയും ദൈവികമാനത്തെ ആദരിച്ച്, 'ഞാന്‍ നിന്‍റെ എളിയ സഹോദരന്‍' എന്ന നിലപാടാണ് ഫ്രാന്‍സിസ് എപ്പോഴും കൈക്കൊണ്ടത്. സ്നേഹോഷ്മളമായ പരിഗണനയില്‍ എല്ലാവരെയും എല്ലാറ്റിനെയും ആത്മനാ സഹോദരങ്ങളെപ്പോലെ ആശ്ലേഷിച്ചു. ആദരവും ആര്‍ദ്രതയും സ്നേഹവും കരുതലും പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ആകമാനഭരണം ദൈവം സ്വന്തം കൈകളില്‍ എടുത്തപ്പോള്‍, തന്‍റെ ഹൃദയത്തില്‍നിന്ന് കവിഞ്ഞൊഴുകിയ സ്നേഹം മനുഷ്യര്‍ക്കും തന്‍റെ സന്ന്യാസത്തിലെ അനുയായികള്‍ക്കും മാത്രമായി വേര്‍തിരിക്കാന്‍ കഴിഞ്ഞില്ല. പ്രപഞ്ചം മുഴുവനും ആ സ്നേഹം വാരിവിതറി എല്ലാവരുമായി പങ്കുവയ്ക്കാനാണ് തന്‍റെ നിയോഗം എന്ന് അദ്ദേഹം കണ്ടു.  സ്രഷ്ടാവില്‍ ആനന്ദിച്ചും അങ്ങേയ്ക്ക് നന്ദി പറഞ്ഞും ഫ്രാന്‍സിസിന്‍റെ ഈ ലോകത്തിലെ തീര്‍ത്ഥാടനം പുരോഗമിക്കുമ്പോള്‍ പ്രപഞ്ചത്തിലുള്ള സകലജീവജാലങ്ങളും അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ അഭയം തേടണം. മിസ്റ്റിക്ക് നേത്രങ്ങള്‍കൊണ്ട് ദൈവത്തിന്‍റെ കലാവിരുതുകാണുവാന്‍ ഇടയായപ്പോള്‍ ഫ്രാന്‍സിസ് ഒരു വസ്തുത ഗ്രഹിച്ചു: തന്‍റെ സ്നേഹവും ശുശ്രൂഷയും അവരുടെയും അവകാശമാണ്. സ്രഷ്ടാവിന്‍റെ തിരുമുമ്പില്‍ താന്‍ ആയിരിക്കുമ്പോഴെല്ലാം അവയും 'സഹോദരീസഹോദരങ്ങളെപ്പോലെ' തന്നോടൊപ്പമുണ്ട്. തന്നോടൊപ്പം സ്രഷ്ടാവിനെ പാടിസ്തുതിക്കുവാന്‍ സൃഷ്ടജാലങ്ങള്‍ക്കെല്ലാം മാനവന്‍റെ സഹായസഹകരണങ്ങളും സ്വരവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

പ്രയോജനത്തിന്‍റെ തലത്തില്‍നിന്ന് വിലയിരുത്തുമ്പോള്‍ സൃഷ്ടവസ്തുക്കള്‍ ഒരു പ്രത്യേകസ്ഥിതിയിലാണ്. അവയെ ഉപയോഗവസ്തു മാത്രമായി പരിഗണിച്ച് ചൂഷണം ചെയ്യുന്നു, വലിച്ചെറിയുന്നു. എന്നാല്‍ മിസ്റ്റിക് വൈകാരികതയില്‍ സര്‍വത്തെയും ആദരിച്ച് ആശ്ലേഷിച്ച ഫ്രാന്‍സിസ് വലിയ ആത്മീയ സമാശ്വാസത്തിലായിരുന്നു. സ്വന്തം സത്തയെ ലേശവും സ്വാര്‍ത്ഥതയില്ലാതെ ദൈവികതയില്‍ ലയിച്ചുചേരാന്‍ പൂര്‍ണമായി വിട്ടുകൊടുക്കുന്ന ആത്മസ്വരൂപിക്കു മാത്രമേ മിസ്റ്റിക് സമാശ്വാസത്തിന്‍റെ ആഴം അളക്കാന്‍ കഴിയൂ - വേദനയിലും ആനന്ദിക്കാന്‍ ശക്തി കണ്ടെത്തുന്ന മനുഷ്യര്‍.

(തുടരും) 

You can share this post!

ഫ്രാന്‍സീസിന്‍റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും

ചെറിയാന്‍ പാലൂക്കുന്നേല്‍, കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts