news-details
സഞ്ചാരിയുടെ നാൾ വഴി

സഹോദരന്‍ കള്ളനോട് നിങ്ങളെന്തു ചെയ്തുവെന്ന് പറഞ്ഞാണ് ആ ആചാര്യനിപ്പോള്‍ നിലവിളിക്കുന്നത് - ബ്രദര്‍ തീഫ്. ആ വാക്ക് ഉള്ളില്‍ കിടന്ന് അനങ്ങി, നന്നായിട്ട്. ഞങ്ങളോ, അവനെ കണക്കില്ലാതെ പ്രഹരിച്ച് പുറത്താക്കിയല്ലോ എന്നുള്ളില്‍ വിതുമ്പി ഓരോരുത്തരായി അത്താഴമേശയില്‍ല്‍ നിന്ന് ശിരസ്സു കുനിച്ച് പുറത്തെ തണുപ്പിലേക്കിറങ്ങിപ്പോയി. ഇനിയും ഭക്ഷിച്ച് തുടങ്ങാത്ത അപ്പവുമായി ഇരുളിലൂടെ, പൈന്‍വൃക്ഷങ്ങളുടെ ഇടയിലൂടെ അലഞ്ഞലഞ്ഞ് ഓരോരുത്തരായി ഉറക്കെ വിളിക്കുകയാണ്: സഹോദരന്‍ കള്ളാ, സഹോദരന്‍ കള്ളാ വന്ന് അത്താഴം കഴിച്ചിട്ടു പോടാ... ഏതെങ്കിലും ഒരു മരത്തിനു പിന്നിലിരുന്ന് തന്‍റെ വിതുമ്പല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വിരലുകള്‍ കടിച്ചു പിടിച്ച് ആ വാക്കിലുലഞ്ഞും തകര്‍ന്നും അയാളുണ്ടാവണം. ദൈവമേ, എത്ര ചെറിയ പദങ്ങള്‍ കൊണ്ടാണ് നീ ലോകത്തെ ജ്ഞാനസ്നാനപ്പെടുത്തുന്നത്.

പ്രായമാകുന്നതുകൊണ്ടാവണം, ആ വാക്കില്‍ നിന്നിപ്പോള്‍ വല്ലാത്തൊരീര്‍പ്പമുണ്ടാകുന്നത്. തീരെ മമതയില്ലാത്ത ഒരു പദമായിരുന്നുവത്. ആശ്രമ ത്തിലെ സാമാന്യം ദീര്‍ഘമായ പരിശീലനകാലത്തില്‍ സ്വയം പരിചയപ്പെടുത്താനും പരസ്പരം അഭിസംബോധന ചെയ്യാനും വേണ്ടി നിഷ്കര്‍ഷിച്ചിരുന്ന പദമായിരുന്നു അത്. ഒരിക്കല്‍പ്പോലും ആ പദത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല. പിന്നിലുപേക്ഷിച്ചുവെന്ന് കരുതാവുന്ന സഹോദരന്മാര്‍ ആ ഇളംപ്രായത്തില്‍ കാര്യമായ നഷ്ടബോധം ഉണ്ടാക്കിയതുമില്ല. ഇളയവനുമായി കാര്യമില്ലാത്ത തര്‍ക്കങ്ങളില്‍ നിരന്തരമേര്‍പ്പെട്ടുമിരുന്നു. പിന്നീട് ചില മനഃശാസ്ത്ര ഗ്രന്ഥങ്ങളില്‍ കായീന്‍ കോംപ്ലക്സ്, sibling rivalry  തുടങ്ങിയ പദങ്ങള്‍ വായിച്ചപ്പോള്‍ ഉദാഹരണങ്ങള്‍ക്ക് അധികദൂരം അലയേണ്ടതില്ലല്ലോയെന്നോര്‍ത്തു നെടുവീര്‍പ്പിടുന്നതങ്ങനെയാണ്. കാര്യമായി പ്രായവ്യത്യാസമില്ലാത്ത സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന കഴമ്പില്ലാത്ത ഉരസലുകള്‍ ഇതര ജീവജാലങ്ങളില്‍പ്പോലും സാധാരണമാണെന്ന് നിരീക്ഷണമുണ്ട്. ഇപ്പോഴാവട്ടെ വല്ലപ്പോഴും ഒരു വിളി, എവിടെയാണ്, പിന്നെ കുറച്ച് നേരത്തെ നിശ്ശബ്ദത. ഒന്നോ രണ്ടോ വാക്കിന്‍റെ കുശലം. ഫോണ്‍ ഡിസ്കണക്ട് ചെയ്യുമ്പോള്‍ കരിച്ചിലു വരുന്നു. അച്ഛനമ്മമാര്‍ വയ്യാതെ ആവുകയും വയസ്സാവുകയും പിന്നെ ഇല്ലാതെയാവുകയും ചെയ്യുമ്പോള്‍ അവര്‍ക്കും വേണ്ടിക്കൂടി നമുക്ക് പരസ്പരം മുറുക്കെ പിടിക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു മേനിക്ക് വേണ്ടി, അതിലൊന്നും കഥയില്ലെന്ന് പലയാവര്‍ത്തി ആണയിട്ടിട്ടുണ്ടെങ്കിലും അത് തന്നെ കഥ - ചോര ചോരയെ തിരിച്ചറിയുന്നു..

ഒരു കുരുന്ന് ഓര്‍മ്മയുണ്ട്:  എല്ലാവരും മറന്നിട്ടുണ്ടാകും. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വലിയ വായില്‍  നിലവിളിച്ചും പുലഭ്യം പറഞ്ഞും ഇടവഴിയിലൂടെ ഒരാള്‍ ഓടിപ്പോവുകയാണ്. സമാന്യം ബന്ധുബലവും, സ്വാധീനവുമുള്ള ഒരു തറവാടിന്‍റെ ഉമ്മറത്ത് വെച്ച് അയാളുടെ അനുജന്‍റെ നേരെ കൈയേറ്റങ്ങള്‍ ഉണ്ടായത്രേ... അത്രയും ഉലഞ്ഞും തകര്‍ന്നും അയാളെ ആരും അതിന് മുന്‍പോ പിന്‍പോ കണ്ടിട്ടുണ്ടായിരുന്നില്ല. ഇടവഴികളിലൂടെ നടന്നു പോകുമ്പോള്‍ തലയുയര്‍ത്താതെ നടന്നുപോയൊരാള്‍ എന്നായിരുന്നു ഗ്രാമത്തിന് അയാളെക്കുറി ച്ചുള്ള സാക്ഷ്യം. എന്നിട്ടിപ്പോള്‍ ഇങ്ങനെ. സഹോദരന്‍റെ തോളില്‍ വീണ അടി തന്‍റെ ചുമലിലാണ് നീലിച്ച് കിടക്കുന്നതെന്ന് സാവൂളിനോട് പരിഭവം പറയുന്ന യേശുവിനെ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സത്യമായിട്ടും ഞാനയാളുടെ നിലവിളികേട്ടു.

കാലത്തിന് പരിഹരിക്കാവുന്ന പരുക്കുകളേ സഹോദരര്‍ക്കിടയില്‍ ഉള്ളൂവെന്നൊരു തോന്നല്‍  ഇപ്പോള്‍ ഉള്ളില്‍ ശക്തമാണ്. ജീവിതകാലം മുഴുവന്‍ തന്നോട് മത്സരിക്കുകയും കൊടിയ ചതിയില്‍ തന്നെ ആരുമല്ലാത്തവനുമാക്കിയ യാക്കോബിനെ ചങ്കോട് ചേര്‍ത്ത് പിടിച്ച് വാവിട്ട് കരയുന്ന യേശാവിനെ നോക്കൂ. അതിനിടയില്‍ ചേട്ടായീ, നിങ്ങളുടെ മുഖം ഇപ്പോള്‍ ദൈവത്തെ കണക്കാണ് എന്ന അനുജന്‍റെ പതറിയ സ്വരം കേള്‍ക്കാം. മറ്റ് ഏത് ബന്ധം വീണ്ടെടുക്കുന്നതിനെക്കാളും ലളിതമാണ് സഹോദരനിലേക്ക് മടങ്ങുക എന്നത്. അയാള്‍ നിങ്ങളെ അപമാനിക്കാനൊന്നും പോകുന്നില്ല. കണ്ണ് നിറഞ്ഞിങ്ങനെ ഉറ്റു നോക്കി നില്‍ക്കും. അതില്‍ സമസ്ത ലോകവും വച്ചു നീട്ടിയ കരുണയെക്കാള്‍ അഗാധമായി എന്തോ തിരയിളക്കങ്ങളാണ്. കൂടപ്പിറപ്പേ, കൂടപ്പിറപ്പേ എന്നാണവര്‍ പറയാതെ പറയുന്നത്. കുറച്ചുകാലം താന്‍ പാര്‍ത്തിരുന്ന ഹോസ്റ്റല്‍ല്‍ മുറിയില്‍ല്‍ ഉണ്ടായിരുന്ന ഒരാളെക്കുറിച്ചുള്ള അറിവില്‍ അയാളോട് അഗാധമായ ഹൃദയൈക്യം അനുഭവപ്പെട്ട ഒരു സ്നേഹിതന്‍ എനിക്കുണ്ട്. അയാള്‍ ഭിത്തിയില്‍ കോറിയിട്ട പറ്റുവരവ് കണക്കുകള്‍ വെള്ളപൂശുമ്പോള്‍ മറയരുതെന്ന് നിഷ്കര്‍ഷിക്കുന്ന വിധത്തില്‍ല്‍ അത്രയും അടുപ്പം. ഒരേ ഉദരത്തില്‍ കണ്ണുപൂട്ടി ഉറങ്ങുകയായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ വിത്തും ഭൂമിയും ഒന്നുതന്നെയായിരുന്നു. സഹഉദരം എന്ന വാക്കാണ് ലോപിച്ച് സഹോദരര്‍ ആയി മാറിയത്. ഒരു കാമുകനെപ്പോലും തന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് ക്ഷണിക്കുന്ന പാട്ടുകളുടെ പാട്ടിലെ നിത്യ പ്രണയിനിയെ ഓര്‍ക്കുക. അയാളെക്കുറിച്ച് അവളുടെ സങ്കല്പം പോലും അതാണ്. നീയെന്‍റെ സഹോദരനായിരുന്നെങ്കില്‍. അങ്ങനെയെങ്കില്‍ല്‍ ഒന്നിനെയും ഭയക്കാതെ, ആരെയും ശ്രദ്ധിക്കാതെ ഏതൊരു നിരത്തില്‍ വച്ചും എനിക്കു നിന്നെ ചുംബിക്കാനായേനെ.

പലപ്പോഴും തോന്നിയിട്ടുള്ളത് അതാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനില്‍ തിരയുന്നത് ഒരു സഹോദരനെത്തന്നെയാവണം. അവള്‍ കൈകോര്‍ത്ത് പിടിക്കുമ്പോള്‍ ഒരു അദൃശ്യ രാഖി കൈമാറാന്‍ അവളാഗ്രഹിക്കുന്നുണ്ട്. ആണ്‍ എന്ന നിലയിലെ നമ്മുടെ പണിക്കുഴപ്പം കൊണ്ടായിരിക്കണം നമുക്കതത്ര എളുപ്പത്തില്‍ പിടുത്തം കിട്ടുന്നില്ല. നമ്മള്‍ അതിനെയുഴപ്പി ഒരു വകയാക്കും! അവള്‍ക്കാവശ്യം ചങ്കൂറ്റമുള്ള ഒരാങ്ങളയെയാണെന്ന് സുഗതകുമാരി ടീച്ചറിന്‍റെ ഒരു കുറിപ്പ് കൗമാരത്തില്‍ വായിച്ച ഒരോര്‍മ്മ ഇനിയും കിടപ്പുണ്ട്. ഇപ്പോഴാണെങ്കില്‍ എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ് എന്ന ട്രോളുവന്നേനെ. അവള്‍ക്കാവശ്യം ചാഞ്ഞിരിക്കു വാന്‍ സുരക്ഷിതമായൊരു തോളാണ്. അങ്ങനെയാണ് കൈത്തണ്ടിലെ രാഖിച്ചരട് മുറുകേണ്ടതും. നോ വുമണ്‍ നോ ക്രൈ, പെണ്ണേ കരയല്ലേ  എന്നുറക്കെ പാടുന്ന ബോബ് മാര്‍ലിക്ക് അതറിയാം. ആ പാട്ടിനൊടുവില്‍ അയാള്‍ അവളെ വിളിക്കുന്നത് കണ്ടില്ലേ, ഡാര്‍ലിങ്, ലിറ്റില്‍ സിസ്റ്റര്‍ - സത്യത്തില്‍ല്‍ അയാള്‍ പാടുന്നത് അയാളുടെ പെണ്ണിനോടാണ്.

ഏകദേശം മൂവായിരം വര്‍ഷം പഴക്കമുള്ള ആ പുസ്തകത്തിലെ സാഹോദര്യത്തിനുള്ള വാഴ്ത്ത് നിനവില്‍ വരുന്നു. ഏകമനസ്സോടെ സോദരര്‍ വസിക്കുന്ന ഇടം എത്ര മനോഹരമാണ്. അത് അഹറോന്‍റെ ശിരസ്സില്‍ നിന്നിറ്റുവീഴുന്ന അഭിഷേക തൈലം പോലെയും ദൂരെ ഹെര്‍മെന്‍ മലമുകളില്‍ പെയ്യുന്ന തുഷാരം പോലെയുമാണ്. അതിന്‍റെ അര്‍ത്ഥം ഈ മണ്ണിനു മീതെയുള്ള ഏറ്റവും ആത്മപൂരിതവും അഴകുമുള്ള നിലനില്‍പ്പിന്‍റെ പേരാണ് സാഹോദര്യമെന്ന്. ബൈബിള്‍ മാത്രമല്ലല്ലോ എല്ലാ ഇതിഹാസങ്ങളും സാഹോദര്യ ത്തിന് എത്രയോ സ്തോത്രഗീതങ്ങളാണ് കരുതിവെയ്ക്കുക. സാഹോദര്യത്തിന്‍റെ സങ്കീര്‍ണ്ണ പഥങ്ങളിലൂടെയുള്ള ചെറുതും വലുതുമായ യാത്രകളായതുകൊണ്ടാവണം ഇതിഹാസങ്ങള്‍ക്കിത്രയും മൊഴിമാറ്റങ്ങള്‍ ഉണ്ടായത്. ചതി, വഞ്ചന, യുദ്ധം, അലച്ചില്‍ എന്നിവയുടെ മാത്രം കഥയായി ഇതിഹാസങ്ങളെ കാണാനാവില്ല.

ഒളിപ്പോരുകളിലൂടെ കുരുതിക്കളങ്ങള്‍ തീര്‍ക്കുന്ന സഹോദരങ്ങള്‍ പുലരുന്ന അതേ കാലം തന്നെ ബന്ധങ്ങളുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പുറപ്പാടുകളും ആരംഭിക്കുന്നുണ്ട്.

എ.കെ.രാമാനുജന്‍റെ മൂന്നുറു രാമായണങ്ങളെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത് അതാണ്. ബന്ധങ്ങളെക്കുറിച്ച് ആര്‍ദ്രവും തീക്ഷ്ണവുമായ സങ്കല്പങ്ങള്‍ കൊണ്ടു നടന്നിരുന്ന ഓരോ ദേശത്തിനും ഓരോരോ രാമായണങ്ങളുണ്ട്. ബംഗാളി രാമായണം, കമ്പരാമായണം, മാപ്പിള രാമായണം, വയനാടന്‍ രാമായണം etc. അപ്രതീക്ഷിതമായി രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ല്‍ അലയേണ്ടിവന്ന രാമന്‍റെ കാല്‍പാദവും നോക്കി അനുയാത്രയ്ക്ക് തയ്യാറായ ലക്ഷ്മണന്‍റെ കഠിനവും, ഏകാന്തവുമായ യാത്രകള്‍. ആകസ്മികമായി ലഭിച്ച കിരീടം ഉപേക്ഷിച്ച് രാമന്‍റെ മെതിയടികളെ സാക്ഷ്യമാക്കി ഭരണം നടത്തിയ ഭരതന്‍റെ ആത്മസംഘര്‍ഷങ്ങള്‍. കൊട്ടാരത്തിലല്ല അയാള്‍, നദിക്കരയില്‍ കാത്തു നില്‍ക്കുകയാണ് - ജ്യേഷ്ഠന്‍റെ വരവിനായി. ഇവര്‍ക്കെല്ലാം നീതി ലഭിച്ചോയെന്നത് മറ്റൊരു വിഷയമാണ്. രാമന്‍റെ യാത്രയില്‍ മനുഷ്യന്‍ മാത്രമല്ല തിര്യക്കുകളും ഏതൊക്കെയോ രീതികളില്‍ല്‍ സാഹോദര്യം പുലര്‍ത്തുന്നുണ്ട്. പ്രകൃതിയുടെ ഇച്ഛ അതാണ്. കൗരവരും കര്‍ണ്ണനും ഹനുമാനും രാമനും അങ്ങനെയങ്ങനെ.... രക്തബന്ധങ്ങളില്‍ല്‍ നിന്ന് പൊടിച്ച സാഹോദര്യം ഒരു ഭാഗത്ത് തകര്‍ന്ന് മുനകളടര്‍ന്നു ചീളുകളായി കിടക്കുമ്പോള്‍ മറുഭാഗത്ത് കര്‍മ്മബന്ധങ്ങളില്‍ നിന്ന് അതിലും തീവ്രമായ സാഹോദര്യം മുള പൊട്ടുന്നതറിയുന്നു. ആ പ്രകൃതിനിയമത്തെ പിന്തുടരുകയാണ് ഇതിഹാസങ്ങള്‍ ചെയ്യുന്നത്. ഒരു കൈകൊണ്ട് പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട് പ്രകൃതി തലോടുകയാണെന്ന് കുമാരനാശാന്‍റെ സീത തിരിച്ചറിയുന്ന്ത് അതുകൊണ്ടാണ്. എല്ലാ യാത്രകളും ബന്ധങ്ങളിലൂടെ പെരുക്കുന്ന മഹായാനങ്ങളായിത്തീരുന്നു.

പതിവു രീതിയനുസരിച്ച് ആ മരപ്പണിക്കാരനെ നമസ്ക്കരിച്ച് അവസാനിപ്പിക്കണം. അവന്‍റെ സഹോദരന്മാര്‍ വേദപുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നമ്മുടെ കസിന്‍സ് എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണ്  ആ പദം ഉപയോഗിക്കപ്പെടുന്നത്. ഒരിക്കല്‍ അമ്മയ്ക്കു കൂട്ടുവന്നതായിരുന്നു. മറ്റൊരിക്കല്‍ അവന് ചിത്തരോഗമുണ്ടെന്നു സംശയിച്ച് ഇടപെടാനാഗ്രഹിച്ചും. മുകളിലിരിക്കുന്നയാള്‍ മാത്രമാണ് തന്‍റെ അച്ഛനെന്ന് അഗാധമായ ബോധ്യത്തില്‍ അയാളുടെ ഗൃഹം ഇതിനകം ഭൂമിയെക്കാള്‍ വിശാലമായിരുന്നു: ആരാണ് എന്‍റെ അമ്മയും സഹോദരരും? എന്‍റെ വാക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയ നിങ്ങളൊക്കെത്തന്നെയാണെന്നു പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്കു നോക്കി കണ്ണുനിറയുന്നുണ്ട്. ഞങ്ങളെയെല്ലാം ഉപേക്ഷിച്ചല്ലോ എന്ന് ഖേദംപറഞ്ഞ കൂട്ടുകാരോട് ഈ മണ്ണില്‍ല്‍ വച്ചു തന്നെ നൂറുമടങ്ങ് സഹോദരങ്ങള്‍ നിങ്ങള്‍ക്കായി നിയതി കരുതി വയ്ക്കുന്നതു കണ്ടില്ലേ എന്നു പറഞ്ഞ് അവരെ ചേര്‍ത്തുപിടിച്ചു. അമ്മയെ നല്‍കിയതും അതുകൊണ്ടാവണം. അമ്മയെയും അച്ഛനെയും പങ്കിട്ടെടുത്താല്‍ പിന്നെ അപരനെങ്ങനെ എന്‍റെ കൂടപ്പിറപ്പാകാതിരിക്കും? ആകാശം അച്ഛനും ഭൂമി അമ്മയും! അതുകൊണ്ടായിരിക്കണം ആദിമക്രൈസ്തവര്‍ അവനെ ജ്യേഷ്ഠ സഹോദരന്‍ എന്നു വിളിച്ചതും ക്രിസ്റ്റ്യാനിറ്റിയില്‍ല്‍ സഹോദരന്‍ ഒരു സാധാരണ പദമായതും. ചിരപരിചയം കൊണ്ടും ആവര്‍ത്തനം കൊണ്ടും ആ പദത്തിന്‍റെ തിളക്കം തെല്ല് കുറഞ്ഞെങ്കിലും ഇപ്പോഴും ആ പദം നമ്മുടെ പരിസരത്തിലുണ്ട്. ഇത്തിരിയൊന്ന് ഊതിക്കാച്ചാന്‍ ശ്രദ്ധിച്ചാല്‍ മതി. ദൈവം ആണ് തന്‍റെ അച്ഛനെന്നും പട്ടു വസ്ത്രവ്യാപാരിയായ പീറ്റര്‍ ബര്‍ണദോന്‍ അല്ലെന്നും തിരിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരന്‍ പതിനാലാം നൂറ്റാണ്ടിന്‍റെ ഉത്തരകാണ്ഡത്തില്‍ ചെയ്തതുപോലെ. നമ്മള്‍ ആരംഭത്തില്‍ കണ്ടതുപോലെ എല്ലാത്തിനെയും അയാള്‍ അങ്ങനെയാണ് വിളിച്ചത്. ബ്രദര്‍ വൂള്‍ഫ്, ബ്രദര്‍ സണ്‍, സിസ്റ്റര്‍ റിവര്‍, സിസ്റ്റര്‍ ഡെത് അങ്ങനെ അങ്ങനെ.

എനിക്കും കിട്ടി വീടിനു പുറത്ത് ചില സാഹോദര്യങ്ങള്‍. അതില്‍ പ്രിയമുള്ളൊരാളെ നമ്മുടെ കുറിപ്പുകളില്‍ പലയാവര്‍ത്തി പരാമര്‍ശിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ മരുന്നും അന്നവും അറിവുമൊക്കെയായി ഒരു വ്യാഴ വട്ടത്തിലെറെയായി കൂടെ ഉണ്ട്. അടുത്തയിടെ അമ്മ മരിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ ദുഃഖവെള്ളിയാഴ്ചകളിലും വീട്ടിലുള്ളവര്‍ക്ക് പള്ളിയില്‍ പോകാനായി രാത്രിയില്‍ ഞാന്‍ ഇത്തിരി നേരം രോഗാതുരതയില്‍ വീടിനുള്ളില്‍ല്‍ കുരുങ്ങിയിരുന്ന അമ്മയ്ക്ക് തെല്ലു നേരം കൂട്ടിരുന്നു.

അന്ന് മഴയായിരുന്നു. അമ്മയുടെ മഞ്ചം പള്ളിയിലേക്കെടുക്കുമ്പോള്‍ അതിന്‍റെ ഒരു വശത്ത് അദ്ദേഹത്തോടൊപ്പം ഞാനും ചേര്‍ന്നു നടന്നു.... അത്ര കനത്തമഴയൊന്നുമായിരുന്നില്ല അപ്പോള്‍. നേരിയ മഴ. അതേതായാലും നന്നായി.
വളരെ നന്നായി.... മഴ, മഴ.

You can share this post!

ആനന്ദത്തിന്‍റെ തേന്‍കണം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts