news-details
കവർ സ്റ്റോറി

മദര്‍ തെരേസായുടെ ആദ്ധ്യാത്മികത ചില കാണാപ്പുറങ്ങള്‍

ഓരോ മതത്തിന്‍റെയും ആദ്ധ്യാത്മികത അതിന്‍റെ സ്ഥാപകന്‍റെ ജീവിതത്തേയും ഉപദേശങ്ങളേയും അവലംബിച്ചുള്ളതാണ്. ക്രൈസ്തവ ആദ്ധ്യാത്മികതയെപ്പറ്റി അന്വേഷണം നടത്തുമ്പോള്‍ ക്രിസ്തുവിലാണ് അവസാനിക്കുക. ക്രിസ്തുവിന്‍റെ ജനനത്തോടെ പഴയനിയമ ഉടമ്പടിയുടെ പ്രഭ മങ്ങുകയും പുതിയ ഉടമ്പടി ആദ്ധ്യാത്മിക രംഗത്ത് ഉജ്ജ്വലമാകുകയും ചെയ്തു. നവീനവും ആധികാരികവുമായ ആദ്ധ്യാത്മികതയുടെ കേന്ദ്രബിന്ദുവായി ക്രിസ്തു മാറി. ഇന്നലേയും ഇന്നും യുഗാന്ത്യത്തോളം ക്രൈസ്തവ ആദ്ധ്യാത്മികതയുടെ സമ്പൂര്‍ണരൂപം ക്രിസ്തുവാണ്.
 
ക്രിസ്തുവില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മികത ക്രിസ്തുരഹസ്യത്തിലുള്ള പങ്കുചേരലാണ്. ക്രിസ്തുരഹസ്യം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുക വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു, അല്ലെങ്കില്‍ ദൈവം മനുഷ്യനായി അവതരിച്ചു എന്നാണ്. മനുഷ്യാവതാരം വഴി ക്രിസ്തു പദാര്‍ത്ഥത്തെ മുഴുവന്‍ പവിത്രീകരിച്ചു എന്ന് വി. ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു. വി. അഗസ്റ്റിന്‍ എഴുതി, "ദൈവം മനുഷ്യനായത് മനുഷ്യനെ ദൈവമാക്കാനാണെന്ന്." അഥവാ എല്ലാ മനുഷ്യരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പരിപൂര്‍ണ്ണതയിലേക്ക ്- സംക്ഷിപ്തമായി പറഞ്ഞാല്‍ ദൈവദാനമായ മനുഷ്യജീവിതം കൂടുതല്‍ ഉത്തരവാദിത്വത്തോടെ എങ്ങനെ നയിക്കണമെന്ന് ക്രിസ്തു തന്‍റെ മനുഷ്യാവതാരത്തിലൂടെ നമ്മെ പഠിപ്പിച്ചു. മനുഷ്യനായി അവതരിച്ച ക്രിസ്തു നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കുന്നത് ദൈവദാനങ്ങളില്‍ ആശ്രയിക്കാനുള്ള കഴിവ് നമുക്ക് പ്രദാനം ചെയ്തുകൊണ്ടാണ്. ഈ ദൈവദാനങ്ങളില്‍ ഏറ്റവും സുപ്രധാനം വിശ്വാസവും തുടര്‍ന്ന് പ്രത്യാശയും സ്നേഹവുമാണ്. അതുകൊണ്ട് ഒന്നാമതായി ദൈവത്തേക്കുറിച്ചും യേശുവിനെ സംബന്ധിച്ചും ഗ്രഹിക്കുവാനുള്ള കഴിവ് മനുഷ്യന് ലഭിക്കുന്നത് വിശ്വാസം എന്ന അടിസ്ഥാനപുണ്യം വഴിയാണ്. ഈ വിശ്വാസം മനുഷ്യനില്‍ സുദൃഢമാകുന്നത് അത് യുക്തിയുടെ തലത്തില്‍ അടിസ്ഥാനമിട്ടിരിക്കുമ്പോഴാണ്. അതുകൊണ്ട് വിശ്വാസത്തിന്‍റെ വെളിച്ചവും യുക്തിയുടെ വെളിച്ചവും ദൈവത്തില്‍നിന്ന് വരുന്നതാകയാല്‍ അവ തമ്മില്‍ വൈരുദ്ധ്യം ഇല്ലെന്ന് തോമസ് അക്വിനാസ് പഠിപ്പിച്ചു.
 
രണ്ടാമതായി, ക്രിസ്തു മനുഷ്യരെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കുക പ്രത്യാശയുടെ ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 'പ്രത്യാശയില്‍ രക്ഷ' എന്ന ചാക്രികലേഖനത്തില്‍ "ഭാവി ക്രിയാത്മകമായ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ സുനിശ്ചിതമായിരിക്കുമ്പോള്‍ മാത്രമേ വര്‍ത്തമാനകാലം ജീവിക്കുന്നതിന് സാധിക്കുകയുള്ളൂ" എന്ന് പഠിപ്പിക്കുന്നു. ഇവിടെ പ്രത്യാശയെപ്പറ്റി ഒരു ഏകദേശരൂപം നമുക്ക് ലഭിക്കുന്നു. പ്രത്യാശയെപ്പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ എന്തുതന്നെയായാലും ചെറുതും വലുതുമായ പ്രത്യാശകളിലൂടെ മനുഷ്യജീവിതം കടന്നുപോകുന്നു എന്നുള്ളത് നമ്മുടെ ആന്തരിക ജീവിതാനുഭവമാണ്. ചുരുക്കത്തില്‍ പ്രത്യാശ രക്ഷാകരമാണ്.
 
മൂന്നാമതായി, ക്രിസ്തു മനുഷ്യനെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കി മാറ്റുക മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ചുകൊണ്ടാണ്. ഈ സ്നേഹം യേശു തന്‍റെ ജീവിതമാതൃകയിലൂടെ കാണിച്ചുതന്നു. ലോകത്തെ ആത്യന്തികമായി ഭരിക്കുന്നത് ശാസ്ത്രമോ, ഭൗതികനേട്ടങ്ങളോ അല്ല. മറിച്ച് ഈ സ്നേഹമാണ്. ചുരുക്കത്തില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും ജീവിതം മനുഷ്യന്‍ ലോകത്തില്‍ ആരംഭിക്കുകയും അതുവഴി ദൈവസ്നേഹത്തിന്‍റെ ശക്തിയിലും ആനന്ദത്തിലും ഭാഗഭാക്കുകളാവുകയും വേണം. തങ്ങള്‍ക്ക് കൈവന്നിട്ടുള്ള ഈ അനുഗ്രഹം മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുവാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. തങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള രക്ഷയുടെ സദ്വാര്‍ത്ത അവര്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയും 'വിശേഷിച്ച് വിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ച ജീവിതം വഴി ക്രിസ്തുവിന്‍റെ സജീവസാക്ഷ്യം എല്ലായിടത്തും പ്രചരിപ്പിക്കുകയും ചെയ്യണം.' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജനതകളുടെ പ്രകാശം)
 
മുകളില്‍ പ്രതിപാദിച്ച ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പൊതുപശ്ചാത്തലത്തില്‍ താന്‍ അനുഭവിച്ച ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത വിശ്വാസത്തിലും സ്നേഹത്തിലും ഊന്നി ലോകം മുഴുവന്‍ പ്രസരിപ്പിക്കുവാന്‍ പരിശ്രമിച്ച ധീരവനിതയാണ് കല്‍ക്കട്ടായിലെ മദര്‍ തെരേസ. 1946 സെപ്റ്റംബര്‍ പത്താം തീയതി കല്‍ക്കട്ടായില്‍നിന്നും ഡാര്‍ജലിങ്ങിലേക്കുള്ള  തീവണ്ടി യാത്രയില്‍ ആഴമായ ഒരു ക്രിസ്താനുഭവത്തിലൂടെ സി. ആഗ്നനസ് ഗാക്സ് ബജാസ്കിന്‍ (മദര്‍ തെരേസ 1910-1997) കടന്നുപോയി. ക്രിസ്തു അവരോട് നേരിട്ട് സംസാരിച്ചതായി പറയപ്പെടുന്നു. യേശുവിന്‍റെ ദരിദ്രരോടുള്ള സ്നേഹം കല്‍ക്കട്ടാ ചേരികളിലെ നിരക്ഷരകുക്ഷികളും ആലംബലഹീനരുമായവരോട് പങ്കുവെയ്ക്കാന്‍ 1948-ല്‍ അഗതികളുടെ അമ്മ ലൊറേറ്റോ കോണ്‍വെന്‍റ് വിട്ടിറങ്ങി. എന്നാല്‍ അടിസ്ഥാന ദൈവികപുണ്യങ്ങള്‍ പൂര്‍വാധികം ശക്തിയായി സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വെമ്പല്‍ പൂണ്ട അഗതികളുടെ അമ്മ 1953-ല്‍ ആര്‍ച്ച് ബിഷപ്പ് ഫെര്‍ഡിനാന്‍റ് പെരിയറിന് എഴുതി: "എനിക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ അവന്‍റെ നാമം ഞാന്‍ ചീത്തയാക്കിയെന്നു വരാം. കാരണം ഭയാനകമായ അന്ധകാരമാണ് എന്നില്‍ വ്യാപിച്ചിരിക്കുക. എല്ലാം മൃതമായതുപോലെ എന്‍റെ ജോലി ആരംഭിച്ചതുമുതല്‍ കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്."
ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടിരിക്കുന്ന മദര്‍ തെരേസായുടെ ആദ്ധ്യാത്മിക ജീവിതത്തിലെ വേറിട്ട ഒരനുഭവത്തിന്‍റെ തുടക്കമായിരുന്നു ഈ കത്ത്. ഈ അടുത്തകാലത്ത് കൃത്യമായി പറഞ്ഞാല്‍ അവരുടെ മരണത്തിനു പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്നിരിക്കുന്ന ചില ഔദ്യോഗിക രേഖകളില്‍ മദര്‍ ഏതാണ്ട് 50 വര്‍ഷക്കാലം കടുത്ത ആത്മീയ ശുഷ്കതയിലായിരുന്നു എന്നതാണ് വസ്തുത.Mother Theresa come be my light എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന  മരണാനന്തര ആത്മകഥ അവരുടെ നീണ്ട 66 വര്‍ഷങ്ങളിലെ ആദ്ധ്യാത്മികപിതാക്കന്മാരും തിരുസഭാധികാരികളും തമ്മിലുള്ള എഴുത്തുകുത്തുകളുടെ സമ്പൂര്‍ണ രൂപമാണ്.

ക്രൈസ്തവ ആദ്ധ്യാത്മികതയില്‍ മദറിന്‍റെ ആദ്ധ്യാത്മിക ജീവിതാനുഭവങ്ങളെ കത്തോലിക്കാ ദൈവശാസ്ത്രജ്ഞര്‍ ആത്മാവിന്‍റെ അന്ധകാരനിബിഡമായ രാത്രിയെന്ന് വിശേഷിപ്പിക്കുന്നു. കുരിശിലെ വിശുദ്ധ യോഹന്നാന്‍റെ 'കര്‍മ്മല മലയേറ്റം ഇരുണ്ടരാത്രി' എന്ന വിശ്രുത ഗ്രന്ഥത്തില്‍ ആത്മാവിന്‍റെ ഈ ഇരുണ്ടരാത്രി എന്തെന്നും അതിലൂടെ ഒരാത്മാവ് ദൈവൈക്യത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നുവെന്നും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എങ്കിലും ഇതിനൊരു മറുവശം ഉണ്ട്. 1979 ഡിസം. പതിനൊന്നാം തീയതി ആ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം വാങ്ങുവാനായി മദര്‍ തെരേസ നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലൊയിലെത്തി. നോബേല്‍ സമ്മാനം സ്വീകരിച്ച മദര്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു, ഈ ക്രിസ്തുമസ് ലോകത്തെ ഓര്‍മ്മിപ്പിക്കുക, ക്രിസ്തുമസ് പ്രസരിപ്പിക്കുന്ന സന്തോഷം അത് യഥാര്‍ത്ഥ സന്തോഷമാണെന്ന യാഥാര്‍ത്ഥ്യമാണ്. കാരണം ക്രിസ്തു നമ്മുടെ ഹൃദയത്തിലുണ്ട്. നാം കണ്ടുമുട്ടുന്ന ദരിദ്രരില്‍ ക്രിസ്തുവുണ്ട്, നമ്മള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതും നാം സ്വീകരിക്കുന്ന അപരന്‍റെ പുഞ്ചിരിയിലും ക്രിസ്തു ഒളിഞ്ഞിരിപ്പുണ്ട്."

എന്നാല്‍ കടുത്ത ആദ്ധ്യാത്മിക വൈരുദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന അവരുടെ മറ്റൊരു പ്രസ്താവന തന്‍റെ ആദ്ധ്യാത്മിക പിതാവായിരുന്ന ഫാ. മൈക്കിള്‍ വാന്‍ പിറ്റിനുള്ള കത്തില്‍ ഇങ്ങനെയാണ്, "യേശുവിന് നിങ്ങളോട് ഒരു പ്രത്യേത സ്നേഹമുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ യേശു വിദൂരത്താണ്. എന്‍റെ ആദ്ധ്യാത്മിക ജീവിതത്തില്‍ കടുത്ത നിശ്ശബ്ദതയും ആഴമായ ശൂന്യതയുമാണ്. ഞാന്‍ യേശുവിനെ അന്വേഷിക്കുന്നുണ്ട്, പക്ഷേ കണ്ടെത്തുന്നില്ല. ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു, യേശുവിന്‍റെ ഇഷ്ടം എന്നില്‍ നിറവേറുവാനായി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക."

മുകളില്‍ വിവരിച്ച രണ്ടു വിരുദ്ധപ്രസ്താവനകളും ലോകം ഏറെ സമാദരിച്ച ഒരു വിശുദ്ധ വനിതയുടെ ജീവിതത്തിലെ രണ്ട് ഏടുകളാണ് എന്ന യാഥാര്‍ത്ഥ്യം നമ്മെ സ്തബ്ധരാക്കുന്നുണ്ട്. അവരുടെ ഈ ആദ്ധ്യാത്മികജീവിതത്തിന്‍റെ ഊഷരഭൂമിയില്‍ ദൈവത്തിന്‍റെ അസ്തിത്വവും സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള പരമ്പരാഗത വിശ്വാസവും കീഴ്മേല്‍ മറിയുന്നുണ്ട്. "തന്‍റെ മുഖത്തെ പുഞ്ചിരി ഒരു മുഖംമൂടി മാത്രമാണെന്നും അല്ലെങ്കില്‍ എല്ലാം മറയ്ക്കുന്ന ഒരു മൂടുപടം ആണെന്നും അവര്‍ വിലപിക്കുന്നുണ്ട്. ദൈവസ്നേഹത്തെക്കുറിച്ചുള്ള തന്‍റെ പ്രഭാഷണങ്ങള്‍ മാനവരാശിയെ വഞ്ചിക്കുന്നതാണോ എന്നും  അവര്‍ ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ സങ്കടപ്പെടുന്നുണ്ട്.

ജീവിതശൈലിയില്‍, വസ്ത്രധാരണത്തില്‍ അതിലുപരി ചിന്താരീതിയില്‍ പോലും മുഖ്യസന്ന്യാസിനീ സഭാധാരയില്‍ അലിഞ്ഞുചേരാതെ ഒഴുക്കിനെതിരെ നീന്തിയ മദര്‍ തെരേസ കഴിഞ്ഞ നൂറ്റാണ്ടില്‍ കത്തോലിക്കാസഭയില്‍ അഭിമാനഭാജനമായിരുന്നു. ഈ വനിതയുടെ ജീവിതത്തിലുണ്ടായ ഏതാദൃശ്യമായ ഇത്തരം അനുഭവങ്ങളേപ്പറ്റി വത്തിക്കാന്‍ ഔദ്യോഗികമായി ഇങ്ങനെ വിശദീകരണം നല്കി. മദര്‍ തെരേസായുടെ ഈ അസാധാരണമായ അനുഭവങ്ങളില്‍ തിരുസഭയുടെ പഠനങ്ങള്‍ക്ക് വിരുദ്ധമായി ഒന്നുമില്ല. പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് മിസ്റ്റിക്കായ കുരിശിന്‍റെ വി. പൗലോസ് (1542-1591) പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാഷനിസ്റ്റ് സഭയുടെ സ്ഥാപകനായ കുരിശിന്‍റെ വി. പൗലോസ് (1694- 1775) എന്നിവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചുവര്‍ഷക്കാലം നീണ്ടുനിന്നു വി. പൗലോസിന്‍റെ ആദ്ധ്യാത്മിക അന്ധകാരം. ലിസ്യൂവിലെ വി. ചെറുപുഷ്പം, വി. അല്‍ഫോന്‍സ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ തുടങ്ങിയ നിരവധി പുണ്യാത്മാക്കള്‍ക്ക് ആത്മാവിന്‍റെ അന്ധകാരനിബിഡമായ രാത്രിയെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഒരു പക്ഷേ മദര്‍ തെരേസായുടേത് സഭാചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലും ഏറ്റവും ദൈര്‍ഘ്യമേറിയ ആത്മീയ വിരസതയുടെ കാലഘട്ടമാകാം. എങ്കില്‍ തന്നെയും മൈക്കിള്‍ വാന്‍ പറയുന്നു, Come be my light എന്ന ഗ്രന്ഥം അമ്മയുടെ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസത്തിന്‍റെയും ദൈവൈക്യം പ്രാപിക്കാനുള്ള നിരന്തരമായ പ്രയത്നത്തിന്‍റെയും കറകളഞ്ഞ തെളിവാണ്. ദൈവമാര്‍ഗ്ഗത്തില്‍ ഗൗരവമായി ചരിക്കാന്‍ ഒരുമ്പെടുന്ന ഒരു വ്യക്തിയുടെ ആത്മാവിനെ ദൈവം രണ്ട് വിധത്തില്‍ സഹനം നല്കിക്കൊണ്ട് ശുദ്ധീകരിക്കും. ശാരീരിക തലത്തിലും ആത്മീയതലത്തിലും. ശാരീരികതലത്തില്‍ ദൈവം സഹനം അനുവദിക്കുമ്പോള്‍ തന്നെ ബാഹ്യഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ നിന്നും ഒരു വ്യക്തി സ്വയം ഏറ്റെടുത്തു നടത്തുന്ന പാപപരിഹാരശ്രമങ്ങള്‍, കഠിനപരിശ്രമങ്ങള്‍ മുതലായവ ശാരീരിക തലത്തിലെ ശുദ്ധീകരണമാണ്. ബുദ്ധിയുടെ മേഖലയില്‍ വരുന്ന വിശ്വാസത്തിന്‍റെ തലവും ഓര്‍മ്മയുടെ തലത്തില്‍ വരുന്ന ശരണത്തിന്‍റെ മേഖലയും ഇച്ഛയുടെ അല്ലെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉപവിയുടെ തലവും ദൈവം ശുദ്ധീകരണത്തിന് വിധേയമാക്കുന്നു. കൂടാതെ ആന്തരിക ഐന്ദ്രീക വിഷയങ്ങളുടെ (ഭാവന, സങ്കല്പശക്തി) ആസ്വാദനത്തില്‍ നിന്നുള്ള മോചനവും ആത്മീയ തലത്തില്‍ ശുദ്ധീകരണത്തിന്‍റെ ഭാഗമായി വരാം. ഐന്ദ്രീക വിഷയങ്ങളില്‍ വിരക്തി പാലിക്കുവാന്‍ ദൈവം ഒരു ആത്മാവിനെ ദൈവത്തെക്കുറിച്ചു തന്നെ ചിന്തിക്കാന്‍ അനുവദിക്കാത്ത അവസ്ഥ. നിസ്സാരമായ ഒരു ദൈവ സാന്നിധ്യസ്മരണപോലും ചിലപ്പോള്‍ ദൈവം ഒരാത്മാവിന് നിഷേധിക്കും. ഇത് ആത്മാവിന്‍റെ തമോമയ രാത്രിയാണ്.
 
കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ ഈ ഇരുണ്ട രാത്രിയുടെ മൂന്ന് ലക്ഷണങ്ങളെ ഇങ്ങനെ വര്‍ണിക്കുന്നു, ഒന്ന്: ഇരുണ്ട രാത്രിയില്‍ പ്രവേശിക്കുന്ന ആത്മാക്കള്‍ക്ക് ദൈവികകാര്യങ്ങളില്‍ ആനന്ദവും സമാശ്വാസവും ലഭിക്കുന്നില്ല. ഏറ്റവും വിശിഷ്ടമായ സൃഷ്ടവസ്തുക്കള്‍പ്പോലും അരോചകമായി തോന്നുന്നു. രണ്ട്: തമോമയ അവസ്ഥയിലേക്കു പ്രവേശിച്ചിരിക്കുന്ന ഒരാത്മാവിന്‍റെ ഓര്‍മ്മശക്തി ദൈവത്തില്‍ കേന്ദ്രീകരിച്ചിരിക്കും. എന്നാല്‍ ദൈവിക കാര്യങ്ങളില്‍ അനുഭവപ്പെടുന്ന വിരസത കൊണ്ട് താന്‍ ദൈവത്തെ സ്നേഹിക്കാതെ ഒളിച്ചു നില്‍ക്കുകയാണ് എന്നുള്ള ആശങ്കയും ഉത്കണ്ഠയും ഇതോടൊപ്പം ഉണ്ടാകും. മൂന്ന്: ഇത്തരം ആത്മാക്കള്‍ക്ക് കഴിഞ്ഞകാല ആദ്ധ്യാത്മിക ജീവിതത്തെപ്പോലെ ധ്യാനിക്കുവാനും ആന്തരിക ഇന്ദ്രിയമായ ഭാവനകൊണ്ട് മനനം ചെയ്യുവാനും സാധിക്കുകയില്ല. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ആത്മാവിന്‍റെ ഈ ഇരുണ്ടരാത്രിയിലും ദൈവത്തെ സ്നേഹിക്കുന്ന  ആത്മാവിന്‍റെ ഏക ആശ്വാസം തന്നില്‍ നിന്നും മറഞ്ഞിരിക്കുന്ന ദൈവത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. 
 
ചുരുക്കത്തില്‍ മുകളില്‍ പ്രതിപാദിച്ച ഒരവസ്ഥാന്തരത്തിലൂടെ മദര്‍ തെരേസാ കടന്നുപോയി എന്നു മാത്രമേ നാം നിരൂപിക്കേണ്ടതുള്ളൂ. അവരുടെ വിശ്വാസപരീക്ഷണങ്ങളെ മൗലികമായി വ്യാഖ്യാനിച്ചാല്‍ അടിസ്ഥാന പുണ്യങ്ങള്‍ക്കെതിരായി വളരെ ശക്തമായ പ്രലോഭനങ്ങളുടെ വേലിയേറ്റം അമ്മയ്ക്കുണ്ടായി എന്ന് മദറിന്‍റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്റര്‍ ആയിരുന്ന റവ. ഗബ്രിയേല്‍ കൊളോദിയഷൂക്ക് നിരീക്ഷിക്കുന്നു. തീര്‍ച്ചയായും സമര്‍പ്പണ ജീവിതത്തിന്‍റെ തമോമയസരണികളില്‍ വ്യാപരിക്കുന്ന പലതും ഈ വര്‍ത്തമാനകാലഘട്ടത്തിലും സഭയിലുണ്ടാകാം. എങ്കില്‍ മദര്‍ തെരേസായുടെ അഗ്നിപരീക്ഷകള്‍ ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്ക് എല്ലാക്കാലത്തും നിശ്ചയമായും ഒരു മുതല്‍ക്കൂട്ടായിരിക്കും .   

You can share this post!

സിനിമ : സങ്കല്പവും യാഥാര്‍ത്ഥ്യവും

ജോസ് സുരേഷ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts